Month: ഒക്ടോബർ 2023

ദൈവത്തിന്റെ ചിറകിൻ കീഴിൽ

ഞങ്ങളുടെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിനടുത്തുള്ള കുളത്തിൽ വാത്തകളുടെ നിരവധി കുടുംബങ്ങളുണ്ട്; അവയിൽ കുഞ്ഞുങ്ങളുമുണ്ട്. ചെറിയ കുഞ്ഞുങ്ങൾ വളരെ മൃദുലവും മനോഹരവുമാണ്; ഞാൻ നടക്കാൻ പോകുമ്പോഴോ കുളത്തിന് ചുറ്റും ഓടുമ്പോഴോ അവയെ കാണാതിരിക്കാൻ പ്രയാസമാണ്. പക്ഷേ, നേത്ര സമ്പർക്കം ഒഴിവാക്കാനും അവയ്ക്ക് വിശാലമായ ഇടം നൽകാനും ഞാൻ പഠിച്ചു-അല്ലെങ്കിൽ, വാത്തയുടെ ഒരു സംരക്ഷകനായ രക്ഷിതാവ് ഭീഷണി സംശയിച്ച് എന്നെ പിന്തുടരാൻ സാധ്യതയുണ്ട്!

തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു പക്ഷിയുടെ ചിത്രം, തന്റെ മക്കളോടുള്ള ദൈവത്തിന്റെ ആർദ്രവും സംരക്ഷണാത്മകവുമായ സ്‌നേഹത്തെ വിവരിക്കാൻ തിരുവെഴുത്തുകൾ ഉപയോഗിക്കുന്ന ഒന്നാണ് (സങ്കീർത്തനം 91:4). 61-ാം സങ്കീർത്തനത്തിൽ, ഈ വിധത്തിൽ ദൈവത്തിന്റെ കരുതൽ അനുഭവിക്കാൻ ദാവീദ് പാടുപെടുന്നതായി തോന്നുന്നു. അവൻ ദൈവത്തെ തന്റെ “സങ്കേതമായി, ഉറപ്പുള്ള ഗോപുരമായി” അനുഭവിച്ചറിഞ്ഞു (വാ. 3), എന്നാൽ ഇപ്പോൾ അവൻ “ഭൂമിയുടെ അറ്റത്തു നിന്ന്” “എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നയിക്കേണമേ” (വാ. 2) എന്നു നിലവിളിക്കുന്നു. ഒരിക്കൽ കൂടി “[ദൈവത്തിന്റെ] ചിറകുകളുടെ അഭയകേന്ദ്രത്തിൽ ശരണം പ്രാപിക്കാൻ” അവൻ ആഗ്രഹിച്ചു (വാ. 4).

തന്റെ വേദനയും സൗഖ്യത്തിനായുള്ള വാഞ്ഛയും ദൈവസന്നിധിയിൽ എത്തിച്ചുകൊണ്ട് ദാവീദ്, ദൈവം തന്റെ വാക്കുകൾ കേട്ടു എന്നറിയുന്നതിൽ ആശ്വസിച്ചു (വാ. 5). ദൈവത്തിന്റെ വിശ്വസ്തത നിമിത്തം, താൻ '[അവന്റെ] തിരുനാമത്തെ എന്നേക്കും കീർത്തിക്കും'' എന്ന് അവനറിയാമായിരുന്നു (വാ. 8).

സങ്കീർത്തനക്കാരനെപ്പോലെ, ദൈവസ്‌നേഹത്തിൽ നിന്ന് അകന്നുപോകുന്നുവെന്ന് തോന്നുമ്പോൾ, നമ്മുടെ വേദനയിലും അവൻ നമ്മോടൊപ്പമുണ്ടെന്ന് ഉറപ്പുനൽകാൻ നമുക്ക് അവന്റെ കരങ്ങളിലേക്ക് ഓടിച്ചെല്ലാൻ കഴിയും, ഒരു അമ്മപ്പക്ഷി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ തീവ്രമായി നമ്മെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം നമ്മോടൊപ്പമുണ്ട്.

സ്മാർട്ട്‌ഫോൺ മനസ്സലിവ്

ഡ്രൈവർ ഭക്ഷണം കൊണ്ടുവരാൻ വൈകിയോ? അദ്ദേഹത്തിന് വൺ-സ്റ്റാർ റേറ്റിംഗ് നൽകാൻ നിങ്ങളുടെ ഫോൺ ഉപയോഗിക്കാം. കടയുടമ നിങ്ങളോട് പരുഷമായി പെരുമാറിയോ? നിങ്ങൾക്ക് അവളെക്കുറിച്ച് ഒരു വിമർശനാത്മക അവലോകനം എഴുതാം. സ്മാർട്ട്‌ഫോണുകൾ നമ്മളെ സാധനങ്ങൾ വാങ്ങാനും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും മറ്റും പ്രാപ്തമാക്കുമ്പോൾ, പരസ്പരം പരസ്യമായി വിലയിടുവാനുള്ള അധികാരവും അവ നമുക്ക് നൽകിയിട്ടുണ്ട്. ഇത് ഒരു പ്രശ്‌നമാകാം.

ഈ രീതിയിൽ പരസ്പരം വിലയിരുത്തുന്നത് പ്രശ്‌നമാണ്, കാരണം സാഹചര്യം വിലയിരുത്താതെ വിധിനിർണ്ണയങ്ങൾ നടത്താം. ഡ്രൈവർ, തന്റെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങൾ കാരണമാകാം ഡെലിവറി താമസിപ്പിച്ചത്. രോഗിയായ ഒരു കുട്ടിയെ രാത്രി മുഴുവനും പരിചരിച്ചതിന്റെ ക്ഷീണത്താലാകാം കടയുടമ പരുക്കനായതും നെഗറ്റീവ് റിവ്യൂ ലഭിച്ചതും. മറ്റുള്ളവരെ ഇങ്ങനെ അന്യായമായി വിലയിരുത്തുന്നത് എങ്ങനെ ഒഴിവാക്കാൻ കഴിയും?

ദൈവത്തിന്റെ സ്വഭാവം അനുകരിച്ചുകൊണ്ട്. പുറപ്പാട് 34:6-7-ൽ, ദൈവം തന്നെത്തന്നെ “കരുണയും കൃപയുമുള്ളവൻ” എന്ന് വിശേഷിപ്പിക്കുന്നു-അർത്ഥം സന്ദർഭം പരിഗണിക്കാതെ നമ്മുടെ പരാജയങ്ങളെ അവൻ വിലയിരുത്തുകയില്ല; “ദീർഘമായി ക്ഷമിക്കുന്നവൻ”-അർത്ഥം ഒരു മോശം അനുഭവത്തിന് ശേഷം അവൻ ഒരു നെഗറ്റീവ് അവലോകനം പോസ്റ്റ് ചെയ്യില്ല; “മഹാദയാലു”-അർത്ഥം അവന്റെ തിരുത്തലുകൾ നമ്മുടെ നന്മയ്ക്കാണ്, പ്രതികാരം ചെയ്യാനല്ല; കൂടാതെ “പാപം ക്ഷമിക്കുന്നവൻ”-നമ്മുടെ ജീവിതത്തെ നമ്മുടെ വൺ സ്റ്റാർ റേറ്റിംഗിനാൽ നിർവചിക്കേണ്ടതില്ല. ദൈവത്തിന്റെ സ്വഭാവം നമ്മുടെ സ്വഭാവത്തിന് അടിസ്ഥാനമായിരിക്കുന്നതിനാൽ (മത്തായി 6:33), നമ്മുടെ സ്വഭാവത്തെ അവന്റെ സ്വഭാവം പോലെ ഉപയോഗിച്ചുകൊണ്ട് നമുക്ക് സ്മാർട്ട്‌ഫോണുകളിലൂടെ മോശമായി വിലയിരുത്തന്നത് ഒഴിവാക്കാം.

ഓൺലൈൻ യുഗത്തിൽ, നമുക്കെല്ലാവർക്കും മറ്റുള്ളവരെ കഠിനമായി വിലയിരുത്താനാവും. ഇന്ന് ഒരു ചെറിയ മനസ്സലിവ് കാണിക്കാൻ പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തട്ടെ.

നിങ്ങൾക്ക് ദൈവത്തിൽ ആശ്രയിക്കാൻ കഴിയും

എന്റെ പൂച്ച മിക്കിക്ക് കണ്ണിൽ അണുബാധയുണ്ടായപ്പോൾ, ഞാൻ അവന്റെ കണ്ണുകളിൽ ദിവസവും തുള്ളിമരുന്ന് ഒഴിച്ചു. ഞാൻ അവനെ ബാത്ത്‌റൂം കൗണ്ടറിൽ വയ്ക്കുമ്പോൾ, അവൻ ഇരുന്ന്, പേടിച്ചരണ്ട കണ്ണുകളോടെ എന്നെ നോക്കി, ദ്രാവകം കണ്ണിലേക്കു വീഴാനായി സ്വയം ധൈര്യപ്പെട്ടു. ''നല്ല കുട്ടി,'' ഞാൻ പിറുപിറുക്കും. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അവന് മനസ്സിലായില്ലെങ്കിലും, അവൻ ഒരിക്കലും ചാടിയില്ല, കരയുകയോ മാന്തുകയോ ചെയ്തില്ല. പകരം, അവൻ എന്നോടു കൂടുതൽ ചേർന്നിരിക്കും-പരിശോധനയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയെപ്പോലെ. എന്നെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാമായിരുന്നു.

9-ാം സങ്കീർത്തനം എഴുതിയപ്പോൾ, ദാവീദ് ദൈവത്തിന്റെ സ്‌നേഹവും വിശ്വസ്തതയും അനുഭവിച്ചിട്ടുണ്ടാകും. ശത്രുക്കളിൽ നിന്നുള്ള സംരക്ഷണത്തിനായി അവൻ ദൈവത്തിങ്കലേക്ക് തിരിഞ്ഞു, ദൈവം അവനുവേണ്ടി പ്രവർത്തിച്ചു (വാ. 3-6). ദാവീദിന്റെ ആവശ്യസമയത്ത്, ദൈവം അവനെ നിരാശപ്പെടുത്തിയില്ല. തൽഫലമായി, അവൻ എങ്ങനെയുള്ളവനാണെന്ന് ദാവീദ് മനസ്സിലാക്കി-അവൻ ശക്തനും നീതിമാനും സ്‌നേഹവാനും വിശ്വസ്തനുമായിരുന്നു. അങ്ങനെ, ദാവീദ് അവനെ വിശ്വസിച്ചു. ദൈവം വിശ്വസ്തനാണെന്ന് അവനറിയാമായിരുന്നു.

തെരുവിൽ പട്ടിണി കിടക്കുന്ന ഒരു ചെറിയ പൂച്ചക്കുട്ടിയായി ഞാൻ മിക്കിയെ കണ്ടെത്തിയ രാത്രി മുതൽ അവനെ ഞാൻ പല രോഗങ്ങളിലും പരിചരിച്ചു. അവന് എന്നെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാം-അവന് മനസ്സിലാകാത്ത കാര്യങ്ങൾ ഞാൻ അവനോട് ചെയ്യുമ്പോൾ പോലും. സമാനമായി, ദൈവം നമ്മോടും അവന്റെ സ്വഭാവത്തോടുമുള്ള വിശ്വസ്തതയെ ഓർക്കുന്നത്, അവൻ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്തപ്പോൾ പോലും അവനിൽ വിശ്വസിക്കാൻ നമ്മെ സഹായിക്കുന്നു. ജീവിതത്തിലെ പ്രയാസകരമായ സമയങ്ങളിൽ നമുക്ക് ദൈവത്തിൽ വിശ്വസിക്കുന്നത് തുടരാം.

സ്വർണ്ണത്തേക്കാൾ വിലയേറിയത്

നിങ്ങൾ എപ്പോഴെങ്കിലും ഒരു ആദായ വിൽപ്പനശാലയിൽ കുറഞ്ഞ വിലയുള്ള സാധനങ്ങൾ പരിശോധിച്ച് അതീവ മൂല്യമുള്ള എന്തെങ്കിലും കണ്ടെത്തുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? ഒരു ആദായ വിൽപ്പനയിൽ വെറും 35 ഡോളറിന് (ഏകദേശം 2800 രൂപ) വാങ്ങിയ ഒരു പുരാതന ചൈനീസ് പാത്രം 2021 ലെ ലേലത്തിൽ 700,000 ഡോളറിന് (ഏതാണ്ട് 6 കോടി ഇന്ത്യൻ രൂപ) വിറ്റപ്പോൾ കണക്റ്റിക്കട്ടിൽ ഇത് സംഭവിച്ചു. പതിനഞ്ചാം നൂറ്റാണ്ടിലെ അപൂർവവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ ഒരു പുരാവസ്തുവായി ഈ പാത്രം മാറി. ചില ആളുകൾ കുറച്ച് മൂല്യമുള്ളതായി കണക്കാക്കുന്ന കാര്യത്തിന് യഥാർത്ഥത്തിൽ വലിയ മൂല്യമുണ്ടാകുമെന്നത് അതിശയിപ്പിക്കുന്ന ഒരു ഓർമ്മപ്പെടുത്തലാണ്.

അന്ന് അറിയപ്പെട്ടിരുന്ന ലോകമെമ്പാടും ചിതറിക്കിടക്കുന്ന വിശ്വാസികൾക്ക് എഴുതുമ്പോൾ, യേശുവിലുള്ള അവരുടെ വിശ്വാസം വിശാലമായ സംസ്‌കാരത്താൽ നിരസിക്കപ്പെട്ടവനിലുള്ള വിശ്വാസമാണെന്ന് പത്രൊസ് വിശദീകരിച്ചു. മിക്ക യെഹൂദ മതനേതാക്കളാലും നിന്ദിക്കപ്പെട്ട്, റോമൻ ഗവൺമെന്റിനാൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ, അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റാത്തതിനാൽ അനേകർ വിലകെട്ടവനായി കണക്കാക്കി. എന്നാൽ മറ്റുള്ളവർ യേശുവിന്റെ മൂല്യം തള്ളിക്കളഞ്ഞെങ്കിലും, അവൻ “ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും അവനു വിലയേറിയവനുമാണ്” (1 പത്രൊസ് 2:4). അവന്റെ മൂല്യം വെള്ളിയെക്കാളും സ്വർണ്ണത്തെക്കാളും എത്രയോ അനന്തമാണ് (1:18-19). യേശുവിനെ വിശ്വസിക്കാൻ തിരഞ്ഞെടുക്കുന്നവർ ഒരിക്കലും അവരുടെ തിരഞ്ഞെടുപ്പിൽ ലജ്ജിക്കില്ലെന്ന് നമുക്ക് ഉറപ്പുണ്ട് (2:6).

മറ്റുള്ളവർ യേശുവിനെ വിലകെട്ടവനായി തള്ളിക്കളയുമ്പോൾ നമുക്ക് ഒന്നുകൂടി നോക്കാം. ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാകാനുള്ള അമൂല്യമായ ക്ഷണം എല്ലാ മനുഷ്യർക്കും നൽകുന്ന ക്രിസ്തുവിന്റെ അമൂല്യമായ ദാനം കാണാൻ ദൈവത്തിന്റെ ആത്മാവിന് നമ്മെ സഹായിക്കാനാകും (വാ. 10).

മൂന്ന് രാജാക്കന്മാർ

പ്രസിദ്ധ സംഗീത ശില്പമായ ഹാമിൽട്ടണിൽ, ഇംഗ്ലണ്ടിലെ കിംഗ് ജോർജ്ജ് മൂന്നാമനെ ഒരു കോമാളിയും വിഭ്രാന്തിയുള്ള വില്ലനും ആയി ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, ഹാമിൽട്ടണിലോ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലോ വിവരിച്ചിരിക്കുന്നതുപോലെയുള്ള ഒരു സ്വേച്ഛാധിപതിയല്ല ജോർജ്ജ് രാജാവ് എന്ന് അദ്ദെഹത്തെക്കുറിച്ചുള്ള ഒരു പുതിയ ജീവചരിത്രം പറഞ്ഞു. ജോർജ്ജ് അമേരിക്കക്കാർ പറഞ്ഞ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നെങ്കിൽ, തീവ്രവും ക്രൂരവുമായ നടപടികളിലൂടെ സ്വാതന്ത്ര്യത്തിനായുള്ള അവരുടെ നീക്കം അദ്ദേഹം അവസാനിപ്പിക്കുമായിരുന്നു. എന്നാൽ അവന്റെ “നാഗരികവും, നല്ലതുമായ’’ സ്വഭാവം അദ്ദേഹത്തെ അതിൽനിന്നു തടഞ്ഞു.

ജോർജ്ജ് രാജാവ് ഖേദത്തോടെയാണോ മരിച്ചതെന്ന് ആർക്കറിയാം? പ്രജകളോട് കർക്കശമായി പെരുമാറിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഭരണം കൂടുതൽ വിജയകരമാകുമായിരുന്നോ?

അങ്ങനെയാകണമെന്നില്ല. “തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു” (2 ദിനവൃത്താന്തം 21:4). തന്റെ സിംഹാസനം ഉറപ്പിച്ച യെഹോരാം രാജാവിനെക്കുറിച്ച് ബൈബിളിൽ നാം വായിക്കുന്നു. യെഹോരാം “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു” (വാ. 6). അവന്റെ ക്രൂരമായ ഭരണം അവനെ ജനത്തിൽനിന്ന് അകറ്റിനിർത്തി, അവർ അവന്റെ ദാരുണമായ മരണത്തിൽ കരയുകയോ “അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം” നടത്തുകയോ ചെയ്തില്ല (വാ. 19).

ജോർജ് വളരെ മൃദുവായിരുന്നോ എന്ന് ചരിത്രകാരന്മാർ തർക്കിച്ചേക്കാം; യെഹോരാം തീർച്ചയായും വളരെ ക്രൂരനായിരുന്നു. “കൃപയും സത്യവും നിറഞ്ഞ” (യോഹന്നാൻ 1:14) രാജാവായ യേശുവിന്റേതാണ് മികച്ച മാർഗ്ഗം. ക്രിസ്തുവിന്റെ പ്രതീക്ഷകൾ ഉറച്ചതാണ് (അവൻ സത്യം ആവശ്യപ്പെടുന്നു), എങ്കിലും പരാജയപ്പെടുന്നവരെ അവൻ ആശ്ലേഷിക്കുന്നു (അവൻ കൃപ നൽകുന്നു). തന്നിൽ വിശ്വസിക്കുന്ന നമ്മെ അവന്റെ വഴി പിന്തുടരാൻ യേശു വിളിക്കുന്നു. തുടർന്ന്, തന്റെ പരിശുദ്ധാത്മാവെന്ന് വഴികാട്ടിയിലൂടെ, അവൻ അങ്ങനെ ചെയ്യാൻ നമ്മെ ശക്തിപ്പെടുത്തുന്നു.