നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ലിസാ എം. സമ്രാ

ദൈവത്തിന്റെ ആർദ്രസ്‌നേഹം

രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് പതിവ് വാക്‌സിനേഷൻ എടുക്കുമ്പോൾ അവന്റെ ഡാഡി അവനെ ആശ്വസിപ്പിക്കുന്നതിന്റെ 2017-ൽ ഇറങ്ങിയ വീഡിയോ, അന്താരാഷ്ട്ര ശ്രദ്ധ നേടി. തന്റെ കുഞ്ഞിനോടുള്ള പിതാവിന്റെ സ്‌നേഹം അനേകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നഴ്‌സ് വാക്‌സിനേഷൻ നൽകിക്കഴിഞ്ഞപ്പോൾ, ഡാഡി മകനെ ആർദ്രമായി കവിളിനോട് ചേർത്തുപിടിച്ചു, നിമിഷങ്ങൾക്കകം കുട്ടി കരച്ചിൽ നിർത്തി. സ്‌നേഹനിധിയായ മാതാപിതാക്കളുടെ ആർദ്രമായ പരിചരണത്തേക്കാൾ കൂടുതൽ ആശ്വാസം നൽകുന്ന മറ്റൊന്നില്ല.

തിരുവെഴുത്തിൽ, സ്‌നേഹസമ്പന്നനായ ഒരു പിതാവ് എന്ന നിലയിൽ, തന്റെ മക്കളോടുള്ള ദൈവത്തിന്റെ അഗാധമായ സ്‌നേഹത്തെ വിളിച്ചോതുന്ന നിരവധി മനോഹരമായ വിവരണങ്ങൾ ഉണ്ട്. വിഭജിത രാജ്യത്തിന്റെ കാലത്ത് വടക്കെ രാജ്യത്ത് താമസിച്ചിരുന്ന യിസ്രായേല്യർക്ക് കൈമാറാനുള്ള സന്ദേശം പഴയനിയമ പ്രവാചകനായ ഹോശേയായ്ക്ക് നൽകപ്പെട്ടു. ദൈവവുമായുള്ള ബന്ധത്തിലേക്ക് മടങ്ങാൻ അവൻ അവരെ ആഹ്വാനം ചെയ്തു. ദൈവത്തെ സൗമ്യനായ പിതാവായി ചിത്രീകരിച്ചുകൊണ്ട് യിസ്രായേല്യരോടുള്ള ദൈവസ്‌നേഹത്തെ ഹോശേയാ ഓർമ്മിപ്പിച്ചു: ''യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്‌നേഹിച്ചു'' (ഹോശേയ 11:1) കൂടാതെ ''ഞാൻ അവർക്ക് ഒരു കൊച്ചുകുഞ്ഞിനെ കവിളിലേക്ക് ചേർക്കുന്നവനെപ്പോലെയായിരുന്നു'' (വാക്യം 4, NIV).

ദൈവത്തിന്റെ സ്‌നേഹമസൃണമായ കരുതലിന്റെ അതേ ഉറപ്പുനൽകുന്ന വാഗ്ദത്തം നമ്മെ സംബന്ധിച്ചും സത്യമാണ്. അത്, അവന്റെ സ്‌നേഹം നിരസിച്ച ഒരു കാലഘട്ടത്തിനു ശേഷം നാം അവന്റെ ആർദ്രമായ കരുതൽ തേടുന്നതാകാം അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ വേദനയും കഷ്ടപ്പാടുകളും കാരണം, അവൻ നമ്മെ അവന്റെ മക്കൾ എന്ന് വിളിക്കുകയോ (1 യോഹന്നാൻ 3:1) അവന്റെ ആശ്വാസകരമായ കരങ്ങൾ നമ്മെ സ്വീകരിക്കാൻ തുറന്നിരിക്കുകയോ ആകാം (2 കൊരിന്ത്യർ 1:3-4).

സ്നേഹത്തിന്റെ അടുത്ത പടി

ഒരു എതിരാളിയെ സഹായിക്കുക എന്നത് എത്ര പ്രയാസമുള്ള കാര്യമാണ്! ഒരു റെസ്റ്റോറന്റ് ഉടമയായ, വിസ്കൊൻസിനിൽ താമസിക്കുന്ന, അഡോൾഫോ, കോവിഡ് കാലത്ത് പ്രയാസപ്പെടുന്ന മറ്റ് ചെറിയ റെസ്റ്റോറന്റ് ഉടമകളെ സഹായിക്കുന്നത് ഒരു അവസരമായി കണ്ടു. പകർച്ച വ്യാധിയുടെ കാലത്ത് ഒരു ബിസിനസ് നടത്തിക്കൊണ്ടു പോകുന്നത് എത്ര പ്രയാസകരമാണെന്ന് അഡോൾഫോ മനസ്സിലാക്കി. മറ്റൊരു സഹായ സംരംഭം കണ്ട് പ്രോത്സാഹനം പ്രാപിച്ച അഡോൾഫോ തന്റെ സ്വന്തം പണം മുടക്കി 2000 ഡോളർ വില വരുന്ന, സമീപ റെസ്റ്റോറന്റുകളിൽ ഉപയോഗിക്കാവുന്ന, ഗിഫ്റ്റ് കാർഡുകൾ വാങ്ങി തന്റെ കസ്റ്റമേഴ്സിന് വിതരണം ചെയ്തു. വാക്കിൽ അല്ല, പ്രവൃത്തിയിൽ പ്രകടമാകുന്ന സ്നേഹത്തിന് അത് ഒരു ഉദാഹരണമായി.

സ്വന്തജീവൻ മനുഷ്യനുവേണ്ടി അർപ്പിക്കാൻ മനസ്സായ യേശുവിന്റെ ആത്യന്തിക സ്നേഹത്തിന്റെ പ്രകടനം  (1 യോഹ.3:16) മാതൃകയാക്കി, സ്നേഹത്തെ അടുത്ത പടിയായ പ്രവൃത്തിയിലേക്ക് മാറ്റാൻ യോഹന്നാൻ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. "സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കുന്നത്"(വാ.16) യേശുവിന്റെ അതേ സ്നേഹത്തിന്റെ പ്രദർശനമാണെന്ന് യോഹന്നാൻ പറയുന്നു. അത് അനുദിന ജീവിതത്തിൽ ഭൗതിക നന്മകൾ പങ്കുവെക്കുന്നതുപോലെയുള്ള പ്രായോഗിക കാര്യങ്ങളിലൂടെയാണ് സാധ്യമാകുന്നത്. വാക്കുകൾ കൊണ്ട് സ്നേഹിച്ചിട്ട് കാര്യമില്ല; സ്നേഹം അർത്ഥവത്തായ ആത്മാർഥമായ പ്രവൃത്തികളിലാണ് വെളിപ്പെടേണ്ടത് (വാ.18).

സ്നേഹം പ്രാവർത്തികമാക്കുന്നത് പ്രയാസകരമായ കാര്യമാണ്. കാരണം മററുള്ളവർക്കായി വ്യക്തിപരമായ ത്യാഗവും അസൗകര്യങ്ങളും ഒക്കെ അനുഭവിക്കേണ്ടിവരും. ദൈവാത്മാവ് ബലപ്പെടുത്തുന്നതു വഴിയും ദൈവത്തിന്റെ നമ്മോടുള്ള ഔദാര്യമായ സ്നേഹം ഓർക്കുന്നത് വഴിയും നമുക്കും സ്നേഹത്തിന്റെ ഈ അടുത്ത ചുവട് വെക്കാൻ കഴിയും.

ദൈവം നമ്മുടെ സങ്കേതം

2019 ൽ ഇറങ്ങിയ ശ്രദ്ധേയമായ സിനിമ ലിറ്റിൽ വിമൻ (Little Women) കണ്ടപ്പോൾ ഞാൻ അതിന്റെ ഇതിവൃത്തമായ നോവലിന്റെ പഴയ പുസ്തകം ഒരിക്കൽ കൂടി എടുത്തു. മാർമി എന്ന അതിലെ ബുദ്ധിമതിയും സൗമ്യയുമായ അമ്മയുടെ ആശ്വസിപ്പിക്കുന്ന വാക്കുകൾ ഓർത്തു. അവരുടെ അടിയുറച്ച വിശ്വാസവും അതിൽ നിന്ന് ഉത്ഭവിച്ച, തന്റെ മക്കൾക്ക് നല്കുന്ന ശ്രദ്ധേയമായ പ്രോത്സാഹന വാക്കുകളും ഞാൻ ഓർത്തു. എന്റെ ഓർമ്മയിൽ നിൽക്കുന്ന ഒരു കാര്യം ഇതാണ്: "പ്രശ്നങ്ങളും പ്രലോഭനങ്ങളും അനവധിയുണ്ടാകാം. എന്നാൽ നിങ്ങളുടെ സ്വർഗീയ പിതാവിന്റെ ശക്തിയും ആർദ്രതയും അനുഭവിക്കാൻ പഠിച്ചാൽ നിങ്ങൾക്ക് അവയെല്ലാം അതിജീവിക്കാൻ കഴിയും." 

മാർമിയുടെ വാക്കുകൾ പ്രതിധ്വനിക്കുകയാണ് സദൃ. വാ18:10 ൽ: "യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു." പുരാതന നഗരങ്ങളിൽ ശത്രുക്കളുടെ ആക്രമണങ്ങളുണ്ടാകുമ്പോൾ അഭയം തേടാനായി ഗോപുരങ്ങൾ ഉണ്ടാക്കുമായിരുന്നു. അതുപോലെ യേശുവിൽ വിശ്വസിക്കുന്നവർക്ക് തങ്ങളുടെ "ബലവും സങ്കേതവുമായ" (സങ്കീ. 46:1) ദൈവത്തിങ്കലേക്ക് ഓടിച്ചെന്ന് ദൈവിക സംരക്ഷണത്തിൽ സമാധാനം അനുഭവിക്കാൻ കഴിയും.

സദൃ. വാ 18:10 പറയുന്നത് ദൈവത്തിന്റെ 'നാമ' ത്തിലാണ് നമ്മുടെ സംരക്ഷണം എന്നാണ്. നാമം എന്നത് ദൈവത്തെതന്നെയാണ് കാണിക്കുന്നത്. "യഹോവയായ ദൈവം കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ" (പുറ.34:6) എന്നാണ് തിരുവെഴുത്ത് ദൈവത്തെക്കുറിച്ച് പറയുന്നത്. ദൈവിക സംരക്ഷണത്തിന് ആധാരം ദൈവത്തിന്റെ അതുല്യ ബലവും അശരണർക്ക് ആലംബമാകാനുള്ള ആർദ്രഹൃദയവും ആണ്. പ്രയാസത്തിൽ ആയിരിക്കുന്ന ഏവർക്കും നമ്മുടെ സ്വർഗീയ പിതാവ് തന്റെ ബലത്തിലും കരുണയിലും അഭയം ഏകുന്നു.

ദൈവത്തിന്റെ വിശ്വസ്തത ഞാൻ കണ്ടു.

ബ്രിട്ടന്റെ ഭരണാധികാരിയെന്ന നിലയിൽ ചരിത്രപരമായ എഴുപത് വർഷങ്ങളിലുടനീളം, എലിസബത്ത് II രാജ്ഞി തന്റെ ഒരു ജീവചരിത്രം മാത്രമേ വ്യക്തിപരമായ ആമുഖമെഴുതി അംഗീകരിച്ചിട്ടുള്ളൂ, ദി സെർവന്റ് ക്വീൻ ആൻഡ് ദി കിംഗ് ഷീ സെർവ്സ്. അവരുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ പുസ്തകം, രാജ്യത്തെ സേവിക്കുമ്പോൾ അവരുടെ വിശ്വാസം അവരെ എങ്ങനെ നയിച്ചുവെന്ന് വിവരിക്കുന്നു. ആമുഖത്തിൽ, എലിസബത്ത് രാജ്ഞി തനിക്കായി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പ്രകടിപ്പിക്കുകയും ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിന് നന്ദി പറയുകയും ചെയ്തു. "ഞാൻ തീർച്ചയായും അവന്റെ വിശ്വസ്തത കണ്ടു" എന്ന് അവർ ഉപസംഹരിച്ചു.

എലിസബത്ത് രാജ്ഞിയുടെ ലളിതമായ പ്രസ്താവന അവരുടെ ജീവിതത്തിൽ ദൈവത്തിന്റെ വ്യക്തിപരവും വിശ്വസ്തവുമായ പരിചരണം അനുഭവിച്ച ചരിത്രത്തിലുടനീളമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷ്യങ്ങളെ പ്രതിധ്വനിക്കുന്നു. തന്റെ ജീവിതത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ദാവീദ് രാജാവ് എഴുതിയ മനോഹരമായ ഒരു ഗാനത്തിന്റെ അടിസ്ഥാനമാണ് ഈ പ്രമേയം. 2 ശാമുവേൽ 22-ൽ വർണ്ണിച്ചിരിക്കുന്ന ചെയ്ത ഈ ഗാനം, ദാവീദിനെ സംരക്ഷിക്കുന്നതിലും അവനെ പരിപാലിക്കുന്നതിലും അവന്റെ ജീവൻ തന്നെ അപകടത്തിലായിരുന്നപ്പോൾ അവനെ രക്ഷിക്കുന്നതിലും ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് സംസാരിക്കുന്നു. (വാ. 3–4, 44). ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ദാവീദ് എഴുതി, "നിന്റെ നാമത്തെ ഞാൻ കീർത്തിക്കും." (വാ. 50).

ജീവിതസായാഹ്നത്തിൽ തിരിഞ്ഞുനോക്കുമ്പോൾ ദൈവത്തിന്റെ വിശ്വസ്തത കൂടുതൽ മനോഹരമായി തോന്നും. എന്നാൽ അതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ഓരോ ദിവസവും നമുക്ക് അവന്റെ കരുതൽ അനുഭവിക്കാൻ കഴിയും. നമ്മെ നയിക്കുന്നത് നമ്മുടെ സ്വന്തം കഴിവുകളല്ലെന്നും, സ്നേഹവാനായ പിതാവിന്റെ കരുതലാണെന്നും  തിരിച്ചറിയുമ്പോൾ, നന്ദിയും സ്തുതിയും കൊണ്ട് ഹൃദയം നിറയുന്നു.

ഉന്മേഷദായകമായ വാക്കുകൾ

അടുക്കളയിൽ നിന്നുകൊണ്ട് എന്റെ മകൾ വിളിച്ചുപറഞ്ഞു, "അമ്മേ, തേനിൽ ഒരു ഈച്ചയുണ്ട്!" ഞാൻ അവളെ കളിയാക്കികൊണ്ട് ഈ പഴഞ്ചൊല്ല് പറഞ്ഞു, "തേനാണ്, വിനാഗിരിയെക്കാൾ കൂടുതൽ ഈച്ചകളെ ആകർഷിക്കുന്നത്." ഇതാദ്യമായാണ് ഞാൻ (ആകസ്മികമായി) തേനിൽ ഈച്ച കിടക്കുന്നത് കാണുന്നത്. എങ്കിലും, ഈ പഴഞ്ചൊല്ലിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം കാരണം ഞാൻ അത് ഉദ്ധരിച്ചു. പരുഷമായ മനോഭാവത്തേക്കാൾ സൗമ്യമായ വാക്കുകൾ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ സാധ്യതയുണ്ട്.

ദൈവാത്മാവിനാൽ പ്രചോദിതമായ ജ്ഞാനപൂർവകമായ പഴഞ്ചൊല്ലുകളുടെയും സുഭാഷിതങ്ങളുടെയും ഒരു ശേഖരമാണ് സദൃശവാക്യങ്ങൾ. ദൈവത്തെ ബഹുമാനിക്കുന്ന വിധത്തിൽ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള പ്രധാന സത്യങ്ങൾ നമ്മെ പഠിപ്പിക്കാൻ ഈ ദൈവനിവേശിതമായ വചനങ്ങൾ സഹായിക്കുന്നു. പല സദൃശവാക്യങ്ങളും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, നമ്മുടെ വാക്കുകൾ മറ്റുള്ളവരിൽ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനം ഉൾപ്പെടെ.

ശലോമോൻ രാജാവിന്റെ പേരിലുള്ള സാദൃശ്യവാക്യങ്ങളിൽ, അയൽക്കാരനെതിരെ കള്ളം പറയുന്നതിലൂടെ ഉണ്ടാകുന്ന ദോഷത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി (സദൃശവാക്യങ്ങൾ 25:18). "ഏഷണിവാക്ക് കോപഭാവത്തെ ജനിപ്പിക്കുന്നു" എന്ന് അദ്ദേഹം ഉപദേശിച്ചു (വാക്യം 23). പരാതിയുള്ള വാക്കുകൾ നിരന്തരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഉത്സാഹക്കുറവിനെതിരെ ശലോമോൻ മുന്നറിയിപ്പ് നൽകി (വാക്യം 24). നമ്മുടെ വാക്കുകൾ സന്തോഷവാർത്ത നൽകുമ്പോൾ അനുഗ്രഹം വരുമെന്ന് രാജാവ് വായനക്കാരെ പ്രബോധിപ്പിച്ചു (വാക്യം 25).

ഈ സത്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോൾ "ശരിയായ ഉത്തരം" നൽകാൻ ദൈവത്തിന്റെ ആത്മാവ് നമ്മെ സഹായിക്കും (16:1). അവനാൽ ശക്തി പ്രാപിച്ചാൽ, നമ്മുടെ വാക്കുകൾ മധുരമുള്ളതും ഉന്മേഷദായകവുമാകും.

ഒരു താങ്ക്‌സ്ഗിവിംഗ് അനുഗ്രഹം

2016-ൽ, വാൻഡ ഡെഞ്ച് തന്റെ ചെറുമകനെ താങ്ക്‌സ്ഗിവിംഗ് ഡിന്നറിന് ക്ഷണിച്ചുകൊണ്ട് ഒരു സന്ദേശം അയച്ചു, അവൻ അടുത്തിടെ തന്റെ ഫോൺ നമ്പർ മാറ്റിയതായി അവൾ അറിഞ്ഞിരുന്നില്ല. പകരം സന്ദേശം അപരിചിതനായ ജമാലിലേക്കാണ് പോയത്. ജമാലിന് പരിപാടിയൊന്നുമില്ലായിരുന്നു, അതിനാൽ, താൻ ആരാണെന്ന് വ്യക്തമാക്കിയ ശേഷം, എനിക്കും ഡിന്നറിനു വരാമോ എന്ന് ചോദിച്ചു. വാൻഡ പറഞ്ഞു, “തീർച്ചയായും നിങ്ങൾക്ക് വരാം.’’ ജമാൽ കുടുംബ അത്താഴത്തിൽ ചേർന്നു, അത് മുതൽ അത് അവന്റെ വാർഷിക പാരമ്പര്യമായി മാറി. തെറ്റായ ഒരു ക്ഷണം വാർഷിക അനുഗ്രഹമായി മാറി.

അപരിചിതനായ ഒരാളെ അത്താഴത്തിന് ക്ഷണിച്ച വാൻഡയുടെ ദയ എന്നെ ലൂക്കൊസിന്റെ സുവിശേഷത്തിലെ യേശുവിന്റെ പ്രോത്സാഹനത്തെ ഓർമ്മിപ്പിക്കുന്നു. ഒരു “പ്രമാണിയായ’’ ഒരു പരീശന്റെ വീട്ടിൽ (ലൂക്കൊസ് 14:1) ഒരു അത്താഴവിരുന്നിനിടെ, ആരെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും അതിഥികൾ മികച്ച ഇരിപ്പിടങ്ങൾക്കായി പിടിവലി കൂട്ടുന്നതും യേശു ശ്രദ്ധിച്ചു (വാ. 7). തനിക്കുവേണ്ടി എന്തുചെയ്യാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കി ആളുകളെ ക്ഷണിക്കുന്നത് (വാക്യം 12) അനുഗ്രഹം പരിമിതമാക്കും എന്ന് യേശു തന്റെ ആതിഥേയനോട് പറഞ്ഞു. പകരം, തനിക്ക് പ്രതിഫലം നൽകാനുള്ള കഴിവില്ലാത്ത ആളുകൾക്ക് ആതിഥ്യമരുളുന്നത് ഇതിലും വലിയ അനുഗ്രഹം നൽകുമെന്ന് യേശു പറഞ്ഞു (വാ. 14).

വാൻഡയെ സംബന്ധിച്ചിടത്തോളം, താങ്ക്‌സ് ഗിവിംഗ് ഡിന്നറിന് തന്റെ കുടുംബത്തോടൊപ്പം ചേരാൻ ജമാലിനെ ക്ഷണിച്ചത്, അവളുടെ ഭർത്താവിന്റെ മരണശേഷം അവൾക്ക് ഒരു വലിയ പ്രോത്സാഹനമായി, ശാശ്വത സൗഹൃദത്തിന്റെ അപ്രതീക്ഷിത അനുഗ്രഹത്തിന് കാരണമായി. നമ്മൾ മറ്റുള്ളവരിലേക്ക് എത്തുമ്പോൾ, നമുക്ക് എന്ത് ലഭിക്കുമെന്നത് കൊണ്ടല്ല, മറിച്ച് നമ്മിലൂടെ ഒഴുകുന്ന ദൈവത്തിന്റെ സ്‌നേഹം നിമിത്തം, നമുക്ക് കൂടുതൽ വലിയ അനുഗ്രഹവും പ്രോത്സാഹനവും ലഭിക്കും.

സ്വർണ്ണത്തേക്കാൾ വിലയേറിയത്

നിങ്ങൾ എപ്പോഴെങ്കിലും ഒരു ആദായ വിൽപ്പനശാലയിൽ കുറഞ്ഞ വിലയുള്ള സാധനങ്ങൾ പരിശോധിച്ച് അതീവ മൂല്യമുള്ള എന്തെങ്കിലും കണ്ടെത്തുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? ഒരു ആദായ വിൽപ്പനയിൽ വെറും 35 ഡോളറിന് (ഏകദേശം 2800 രൂപ) വാങ്ങിയ ഒരു പുരാതന ചൈനീസ് പാത്രം 2021 ലെ ലേലത്തിൽ 700,000 ഡോളറിന് (ഏതാണ്ട് 6 കോടി ഇന്ത്യൻ രൂപ) വിറ്റപ്പോൾ കണക്റ്റിക്കട്ടിൽ ഇത് സംഭവിച്ചു. പതിനഞ്ചാം നൂറ്റാണ്ടിലെ അപൂർവവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ ഒരു പുരാവസ്തുവായി ഈ പാത്രം മാറി. ചില ആളുകൾ കുറച്ച് മൂല്യമുള്ളതായി കണക്കാക്കുന്ന കാര്യത്തിന് യഥാർത്ഥത്തിൽ വലിയ മൂല്യമുണ്ടാകുമെന്നത് അതിശയിപ്പിക്കുന്ന ഒരു ഓർമ്മപ്പെടുത്തലാണ്.

അന്ന് അറിയപ്പെട്ടിരുന്ന ലോകമെമ്പാടും ചിതറിക്കിടക്കുന്ന വിശ്വാസികൾക്ക് എഴുതുമ്പോൾ, യേശുവിലുള്ള അവരുടെ വിശ്വാസം വിശാലമായ സംസ്‌കാരത്താൽ നിരസിക്കപ്പെട്ടവനിലുള്ള വിശ്വാസമാണെന്ന് പത്രൊസ് വിശദീകരിച്ചു. മിക്ക യെഹൂദ മതനേതാക്കളാലും നിന്ദിക്കപ്പെട്ട്, റോമൻ ഗവൺമെന്റിനാൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ, അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റാത്തതിനാൽ അനേകർ വിലകെട്ടവനായി കണക്കാക്കി. എന്നാൽ മറ്റുള്ളവർ യേശുവിന്റെ മൂല്യം തള്ളിക്കളഞ്ഞെങ്കിലും, അവൻ “ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും അവനു വിലയേറിയവനുമാണ്” (1 പത്രൊസ് 2:4). അവന്റെ മൂല്യം വെള്ളിയെക്കാളും സ്വർണ്ണത്തെക്കാളും എത്രയോ അനന്തമാണ് (1:18-19). യേശുവിനെ വിശ്വസിക്കാൻ തിരഞ്ഞെടുക്കുന്നവർ ഒരിക്കലും അവരുടെ തിരഞ്ഞെടുപ്പിൽ ലജ്ജിക്കില്ലെന്ന് നമുക്ക് ഉറപ്പുണ്ട് (2:6).

മറ്റുള്ളവർ യേശുവിനെ വിലകെട്ടവനായി തള്ളിക്കളയുമ്പോൾ നമുക്ക് ഒന്നുകൂടി നോക്കാം. ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാകാനുള്ള അമൂല്യമായ ക്ഷണം എല്ലാ മനുഷ്യർക്കും നൽകുന്ന ക്രിസ്തുവിന്റെ അമൂല്യമായ ദാനം കാണാൻ ദൈവത്തിന്റെ ആത്മാവിന് നമ്മെ സഹായിക്കാനാകും (വാ. 10).

മുറിവേറ്റവർക്കുള്ള പ്രത്യാശ

“മിക്ക ആളുകളും മറ്റുള്ളവർക്ക് കാണാനോ മനസ്സിലാക്കാനോ കഴിയാത്ത മുറിപ്പാടുകൾ വഹിക്കുന്നു.” മാനസികാരോഗ്യ പ്രശ്‌നങ്ങൾ കാരണം 2020 റെഗുലർ സീസണിന്റെ അവസാനം ഒഴിവാക്കപ്പെട്ട മേജർ ലീഗ് ബേസ്‌ബോൾ താരം ആന്ദ്രെൽട്ടൺ സിമ്മൺസാണ് ആഴത്തിലുള്ള സത്യസന്ധമായ ഈ വാക്കുകൾ പ്രസ്താവിച്ചത്. തന്റെ തീരുമാനത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, സമാനമായ വെല്ലുവിളികൾ നേരിടുന്ന മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരോട് അനുകമ്പ കാണിക്കാൻ മറ്റുള്ളവരെ ഓർമ്മിപ്പിക്കുന്നതിനും തന്റെ കഥ പങ്കുവെക്കേണ്ടതുണ്ടെന്ന് സിമ്മൺസിന് തോന്നി.

അദൃശ്യമായ മുറിപ്പാടുകൾ ആഴത്തിലുള്ള മുറിവുകളും പരിക്കുകളുമാണ്, അവ കാണാൻ കഴിയില്ല, പക്ഷേ ഇപ്പോഴും യഥാർത്ഥ വേദനയും കഷ്ടപ്പാടും ഉണ്ടാക്കുന്നു. 6-ാം സങ്കീർത്തനത്തിൽ, ദാവീദ് തന്റെ ആഴത്തിലുള്ള പോരാട്ടത്തെക്കുറിച്ച്, വേദനാജനകമായ അസംസ്‌കൃതവും സത്യസന്ധവുമായ വാക്കുകൾ എഴുതി. അവൻ “വേദനയിൽ” (വാ. 2) “അഗാധമായ വേദനയിൽ” (വാ. 3) ആയിരുന്നു. അവൻ ഞരക്കത്താൽ “തളർന്നു,” അവന്റെ കിടക്ക കണ്ണുനീർ കൊണ്ട് നനഞ്ഞു (വാ. 6). തന്റെ കഷ്ടപ്പാടിന്റെ കാരണം ദാവീദ് പങ്കുവെക്കുന്നില്ലെങ്കിലും, നമ്മിൽ പലർക്കും അവന്റെ വേദനയുമായി താദാത്മ്യപ്പെടാൻ കഴിയും.

ദാവീദ് തന്റെ വേദനയോട് പ്രതികരിച്ച വിധവും നമുക്ക് പ്രോത്സാഹനം നൽകാം. അതികഠിനമായ യാതനകൾക്കിടയിലും ദാവീദ് ദൈവത്തോട് നിലവിളിച്ചു. സത്യസന്ധമായി തന്റെ ഹൃദയം പകർന്നുകൊണ്ട് അവൻ സൗഖ്യം (വാ. 2), രക്ഷ (വാ. 4), കരുണ (വാ. 9) എന്നിവയ്ക്കായി പ്രാർത്ഥിച്ചു. ഈ സാഹചര്യത്തിനു മുകളിൽ “എത്രത്തോളം?” എന്ന ചോദ്യം തങ്ങിനില്ക്കുമ്പോൾ പോലും (വാ. 3) ദൈവം “കരുണയ്ക്കായുള്ള [അവന്റെ] നിലവിളി കേട്ടു'' (വാ. 9) എന്നും തന്റെ സമയത്തു പ്രവർത്തിക്കുമെന്നും ദാവീദ് ഉറച്ചുവിശ്വസിച്ചു (വാ. 10).

നമ്മുടെ ദൈവം ആരായിരിക്കുന്നു എന്നതിനാൽ, എപ്പോഴും പ്രത്യാശയുണ്ട്.

ദൈവത്തെ അറിയാൻ

അയർലൻഡ് സന്ദർശനവേളയിൽ, അലങ്കാരച്ചെടിയായ ഷാംറോക്കിന്റെ സമൃദ്ധിയിൽ ഞാൻ അത്ഭുതപ്പെട്ടു. ചെറിയ പച്ചനിറത്തിലുള്ള, മൂന്ന് ഇതൾ ഇലകളുള്ള ചെടി എല്ലാ സ്റ്റോറുകളിലും എല്ലാ സാധനങ്ങളിലും -വസ്ത്രങ്ങൾ, തൊപ്പികൾ, ആഭരണങ്ങൾ - കാണപ്പെടുന്നു!

അയർലണ്ടിലുടനീളം വളരുന്ന സമൃദ്ധമായ ഒരു ചെടി എന്നതിലുപരി, ത്രിത്വത്തെ വിശദീകരിക്കാനുള്ള ഒരു ലളിതമായ മാർഗമായി ഷാംറോക്ക് തലമുറകളായി സ്വീകരിക്കപ്പെട്ടു. ദൈവം മൂന്ന് വ്യത്യസ്ത ആളത്വങ്ങളിൽ - പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം - ശാശ്വതമായി നിലനിൽക്കുന്ന ഏക സത്തയാണെന്ന ചരിത്രപരമായ ക്രിസ്തീയ വിശ്വാസമാണ് ത്രിത്വ വിശ്വാസം. ത്രിത്വത്തെക്കുറിച്ചുള്ള എല്ലാ മാനുഷിക വിശദീകരണങ്ങളും അപര്യാപ്തമാണെങ്കിലും, ഷാംറോക്ക് ഒരു സഹായകരമായ പ്രതീകമാണ്, കാരണം ഇത് ഒരേ പദാർത്ഥത്തിൽ നിർമ്മിക്കപ്പെട്ട മൂന്ന് വ്യത്യസ്ത ഇലകളുള്ള ഒരു ചെടിയാണ്.

ത്രിത്വം എന്ന വാക്ക് തിരുവെഴുത്തുകളിൽ കാണുന്നില്ല, എന്നാൽ ത്രിത്വത്തിലെ മൂന്ന് വ്യക്തികളും ഒരേ സമയം പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങളിൽ നാം വ്യക്തമായി കാണുന്ന ദൈവശാസ്ത്ര സത്യത്തെ ഇത് സംഗ്രഹിക്കുന്നു. പുത്രനായ ദൈവമായ യേശു സ്‌നാനം സ്വീകരിക്കുമ്പോൾ, പരിശുദ്ധാത്മാവായ ദൈവം “പ്രാവുരൂപത്തിൽ’’ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുന്നതായി കാണുന്നു. “നീ എന്റെ പ്രിയപുത്രൻ’’ (മർക്കൊസ് 1:11) എന്ന് പിതാവായ ദൈവത്തിന്റെ ശബ്ദം സ്വർഗ്ഗത്തിൽ നിന്നുകേൾക്കുന്നു.

ദൈവത്തെ അറിയുന്നതിന് ആളുകളെ സഹായിക്കാൻ ആഗ്രഹിച്ച ഐറിഷ് വിശ്വാസികൾ ഷാംറോക്ക് ഉപയോഗിച്ച് അതു വിശദീകരിച്ചു. ത്രിത്വത്തിന്റെ സൗന്ദര്യം നാം കൂടുതൽ പൂർണ്ണമായി മനസ്സിലാക്കുമ്പോൾ, അത് ദൈവത്തെ അറിയാനും അവനെ “ആത്മാവിലും സത്യത്തിലും’’ ആരാധിക്കാനുള്ള നമ്മുടെ കഴിവിനെ ആഴത്തിലാക്കാനും സഹായിക്കുന്നു (യോഹന്നാൻ 4:24).

പ്രാർത്ഥനയിൽ ഓർക്കുക

ബ്രിട്ടീഷ് പൗരന്മാർക്കു നൽകുന്ന വാർഷിക സർവീസ് അവാർഡ് ആയ മോണ്ടി മണി ഹോണറീയുടെ 2021 ലെ ജേതാവായി മാൽക്കം ക്ലൗട്ടിനെ തിരഞ്ഞെടുത്തു. എലിസബേത്ത് രാജ്ഞിയാണ് അവാർഡ് നൽകിയത്. അംഗീകാരം ലഭിക്കുമ്പോൾ നൂറു വയസ്സുള്ള ക്ലൗട്ട്, തന്റെ ജീവിതകാലത്ത് ആയിരം ബൈബിളുകൾ വിതരണം ചെയ്തതിനാണ് ആദരിക്കപ്പെട്ടത്. ബൈബിൾ ലഭിച്ച എല്ലാവരുടെയും റെക്കോർഡ് ക്ലൗട്ട് സൂക്ഷിച്ചിട്ടുണ്ട്, അവർക്കായി പതിവായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പുതിയ നിയമത്തിലെ പൗലൊസിന്റെ രചനകളിൽ ഉടനീളം നാം കാണുന്ന തരത്തിലുള്ള സ്‌നേഹത്തിന്റെ ശക്തമായ ഉദാഹരണമാണ് ക്ലൗട്ടിന്റെ പ്രാർത്ഥനയിലുള്ള വിശ്വസ്തത. തന്റെ കത്തുകളുടെ സ്വീകർത്താക്കൾക്ക് വേണ്ടി താൻ പതിവായി പ്രാർത്ഥിക്കുന്നുണ്ടെന്ന് പൗലൊസ് പലപ്പോഴും ഉറപ്പുനൽകിയിരുന്നു. തന്റെ സുഹൃത്തായ ഫിലേമോന് അദ്ദേഹം എഴുതി, “എന്റെ പ്രാർത്ഥനയിൽ നിന്നെ ഔർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്‌തോത്രം ചെയ്യുന്നു” (ഫിലേമോൻ 1:4). തിമൊഥെയൊസിന് എഴുതിയ കത്തിൽ പൗലൊസ് എഴുതി, 'എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിക്കുന്നു' (2 തിമൊഥെയൊസ് 1:3). റോമിലെ സഭയോട്, “ഇടവിടാതെ” “എപ്പോഴും” പ്രാർത്ഥനയിൽ താൻ അവരെ ഓർക്കുന്നുവെന്ന് പൗലൊസ് ഊന്നിപ്പറഞ്ഞു (റോമർ 1:9-10).

മാൽക്കമിനെപ്പോലെ പ്രാർത്ഥിക്കാൻ ആയിരം ആളുകളില്ലെങ്കിലും, നമുക്കറിയാവുന്നവർക്കുവേണ്ടിയുള്ള മനഃപൂർവമായ പ്രാർത്ഥന ശക്തിയുള്ളതാണ്, കാരണം ദൈവം നമ്മുടെ പ്രാർത്ഥനകളോട് പ്രതികരിക്കുന്നു. ഒരു പ്രത്യേക വ്യക്തിക്കു വേണ്ടി പ്രാർത്ഥിക്കാൻ അവന്റെ ആത്മാവിനാൽ പ്രേരിപ്പിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുമ്പോൾ, ഒരു ലളിതമായ പ്രാർത്ഥനാ കലണ്ടർ ഉപയോഗപ്രദമായ ഒരു ഉപകരണമാണെന്ന് ഞാൻ കണ്ടെത്തി. പ്രതിദിന അല്ലെങ്കിൽ പ്രതിവാര കലണ്ടറായി പേരുകൾ വിഭജിക്കുന്നത് പ്രാർത്ഥനയിൽ വിശ്വസ്തയായിരിക്കാൻ എന്നെ സഹായിക്കുന്നു. പ്രാർത്ഥനയിൽ മറ്റുള്ളവരെ ഓർക്കുന്നത് സ്‌നേഹത്തിന്റെ എത്ര മനോഹരമായ പ്രകടനമാണ്.