ബ്രിട്ടന്റെ ഭരണാധികാരിയെന്ന നിലയിൽ ചരിത്രപരമായ എഴുപത് വർഷങ്ങളിലുടനീളം, എലിസബത്ത് II രാജ്ഞി തന്റെ ഒരു ജീവചരിത്രം മാത്രമേ വ്യക്തിപരമായ ആമുഖമെഴുതി അംഗീകരിച്ചിട്ടുള്ളൂ, ദി സെർവന്റ് ക്വീൻ ആൻഡ് ദി കിംഗ് ഷീ സെർവ്സ്. അവരുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ പുസ്തകം, രാജ്യത്തെ സേവിക്കുമ്പോൾ അവരുടെ വിശ്വാസം അവരെ എങ്ങനെ നയിച്ചുവെന്ന് വിവരിക്കുന്നു. ആമുഖത്തിൽ, എലിസബത്ത് രാജ്ഞി തനിക്കായി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പ്രകടിപ്പിക്കുകയും ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിന് നന്ദി പറയുകയും ചെയ്തു. “ഞാൻ തീർച്ചയായും അവന്റെ വിശ്വസ്തത കണ്ടു” എന്ന് അവർ ഉപസംഹരിച്ചു.

എലിസബത്ത് രാജ്ഞിയുടെ ലളിതമായ പ്രസ്താവന അവരുടെ ജീവിതത്തിൽ ദൈവത്തിന്റെ വ്യക്തിപരവും വിശ്വസ്തവുമായ പരിചരണം അനുഭവിച്ച ചരിത്രത്തിലുടനീളമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷ്യങ്ങളെ പ്രതിധ്വനിക്കുന്നു. തന്റെ ജീവിതത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ദാവീദ് രാജാവ് എഴുതിയ മനോഹരമായ ഒരു ഗാനത്തിന്റെ അടിസ്ഥാനമാണ് ഈ പ്രമേയം. 2 ശാമുവേൽ 22-ൽ വർണ്ണിച്ചിരിക്കുന്ന ചെയ്ത ഈ ഗാനം, ദാവീദിനെ സംരക്ഷിക്കുന്നതിലും അവനെ പരിപാലിക്കുന്നതിലും അവന്റെ ജീവൻ തന്നെ അപകടത്തിലായിരുന്നപ്പോൾ അവനെ രക്ഷിക്കുന്നതിലും ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് സംസാരിക്കുന്നു. (വാ. 3–4, 44). ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ദാവീദ് എഴുതി, “നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.” (വാ. 50).

ജീവിതസായാഹ്നത്തിൽ തിരിഞ്ഞുനോക്കുമ്പോൾ ദൈവത്തിന്റെ വിശ്വസ്തത കൂടുതൽ മനോഹരമായി തോന്നും. എന്നാൽ അതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ഓരോ ദിവസവും നമുക്ക് അവന്റെ കരുതൽ അനുഭവിക്കാൻ കഴിയും. നമ്മെ നയിക്കുന്നത് നമ്മുടെ സ്വന്തം കഴിവുകളല്ലെന്നും, സ്നേഹവാനായ പിതാവിന്റെ കരുതലാണെന്നും  തിരിച്ചറിയുമ്പോൾ, നന്ദിയും സ്തുതിയും കൊണ്ട് ഹൃദയം നിറയുന്നു.