പൂർണ്ണമായും ക്രിസ്തുവിന് സമർപ്പിതം
1920-ൽ, ഒരു ചൈനീസ് പാസ്റ്ററുടെ ആറാമത്തെ കുട്ടിയായ ജോൺ സുങ്ങിന് അമേരിക്കയിലെ ഒരു സർവകലാശാലയിൽ പഠിക്കാൻ സ്കോളർഷിപ്പ് ലഭിച്ചു. അദ്ദേഹം ഏറ്റവും ഉയർന്ന ബഹുമതികളോടെ ബിരുദം നേടി, മാസ്റ്റേഴ്സ് പ്രോഗ്രാം പൂർത്തിയാക്കി, പിഎച്ച്ഡി നേടി. എന്നാൽ പഠനത്തിനിടയിൽ അവൻ ദൈവത്തിൽ നിന്ന് അകന്നുപോയിരുന്നു. പിന്നീട്, 1927-ലെ ഒരു രാത്രിയിൽ, തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിക്കുകയും ഒരു പ്രാസംഗികനാകാൻ വിളിക്കപ്പെടുകയും ചെയ്തു.
ഉയർന്ന പ്രതിഫലം ലഭിക്കുന്ന നിരവധി അവസരങ്ങൾ ചൈനയിൽ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു, എന്നാൽ കപ്പലിൽ വീട്ടിലേക്ക് പോകുമ്പോൾ തന്റെ അഭിലാഷങ്ങൾ മാറ്റിവയ്ക്കാൻ പരിശുദ്ധാത്മാവ് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. തന്റെ പ്രതിബദ്ധതയുടെ പ്രതീകമായി, മാതാപിതാക്കളോടുള്ള ബഹുമാനാർത്ഥം തന്റെ പിഎച്ച്ഡി സർട്ടിഫിക്കറ്റ് മാത്രം സൂക്ഷിച്ച്, തന്റെ എല്ലാ അവാർഡുകളും അദ്ദേഹം കടലിലെറിഞ്ഞു.
തന്റെ ശിഷ്യനാകുന്നത് സംബന്ധിച്ച് യേശു പറഞ്ഞത് ജോൺ സുങ്ങിനു മനസ്സിലായി: "ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?" (മർക്കോസ് 8:36). നാം നമ്മെത്തന്നെ ത്യജിക്കുകയും ക്രിസ്തുവിനെയും അവന്റെ നേതൃത്വത്തെയും അനുഗമിക്കുന്നതിനായി നമ്മുടെ പഴയ ജീവിതം ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ (വാ. 34-35), അവനെ അനുഗമിക്കുന്നതിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കുന്ന വ്യക്തിപരമായ ആഗ്രഹങ്ങളും ഭൗതിക നേട്ടങ്ങളും നാം ത്യജിക്കണം.
തുടർന്നുള്ള പന്ത്രണ്ട് വർഷക്കാലം, ചൈനയിലും, തെക്കുകിഴക്കൻ ഏഷ്യയിലും ഉള്ള ആയിരക്കണക്കിന് ആളുകളോട് സുവിശേഷം പ്രസംഗിച്ചുകൊണ്ട് ജോൺ തനിക്ക് ദൈവം നൽകിയ ദൗത്യം പൂർണ്ണഹൃദയത്തോടെ നിർവഹിച്ചു. നമ്മുടെ കാര്യം എങ്ങനെയാണ്? പ്രാസംഗികരോ മിഷനറിമാരോ ആകാൻ നാം വിളിക്കപ്പെടണമെന്നില്ല, എന്നാൽ ദൈവം നമ്മെ എവിടെ വേല ചെയ്യാൻ വിളിക്കുന്നുവോ, അവന്റെ ആത്മാവ് നമ്മിൽ പ്രവർത്തിക്കുന്നതിനാൽ, നമ്മെ പൂർണ്ണമായും അവനു സമർപ്പിക്കാം.
നമ്മുടെ രാജാവായ യേശു
ലോകത്തിലെ ഏറ്റവും സൂര്യപ്രകാശമുള്ളതും വരണ്ടതുമായ രാജ്യങ്ങളിലൊന്നിൽ എണ്ണയ്ക്കായി കുഴിക്കുന്ന സമയത്ത്, ഒരു വലിയ ഭൂഗർഭ ജലശേഖരം കണ്ടെത്തിയത് ടീമുകളെ ഞെട്ടിച്ചു. അതിനാൽ, 1983-ൽ "മനുഷ്യനിർമ്മിത മഹാനദി" പദ്ധതി ആരംഭിക്കുകയും, ഉയർന്ന നിലവാരമുള്ള ശുദ്ധജലം വളരെ ആവശ്യമുള്ള നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു പൈപ്പ് സംവിധാനം സ്ഥാപിച്ചു. പദ്ധതിയുടെ തുടക്കത്തിനടുത്തുള്ള ഒരു ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: "ഇവിടെ നിന്ന് ജീവന്റെ ധമനികൾ ഒഴുകുന്നു."
ഭാവിയിലെ നീതിമാനായ രാജാവിനെ വിവരിക്കാൻ യെശയ്യാ പ്രവാചകൻ മരുഭൂമിയിലെ വെള്ളത്തിന്റെ പ്രതീകം ഉപയോഗിച്ചു (യെശയ്യാവ് 32). രാജാക്കന്മാരും ഭരണാധികാരികളും നീതിയോടും ന്യായത്തോടും കൂടി വാഴുമ്പോൾ, അവർ "വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും." (വാക്യം 2). ചില ഭരണാധികാരികൾ, കൊടുക്കുന്നതിനു പകരം വാങ്ങാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ദൈവത്തെ ബഹുമാനിക്കുന്ന ഒരു നേതാവ്, അഭയസ്ഥാനവും, രക്ഷാസ്ഥാനവും, നവോന്മേഷവും, സംരക്ഷണവും നൽകുന്ന ഒരാളായിരിക്കും. “[ദൈവത്തിന്റെ] നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും” (വാക്യം 17) എന്നും യെശയ്യാവ് പറഞ്ഞു.
പിൽക്കാലത്ത് യേശുവിൽ പൂർത്തീകരിക്കേണ്ട പ്രത്യാശയുടെ വാക്കുകളാണ് യെശയ്യാവ് പറഞ്ഞത്. യേശു “സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരും . . . അങ്ങനെ നാം എന്നേക്കും കർത്താവിനോടുകൂടെ ഇരിക്കും” (1 തെസ്സലൊനീക്യർ 4:16-17). മനുഷ്യകരങ്ങളാൽ നിർമ്മിച്ച മഹാനദി എന്നെങ്കിലും വറ്റിപ്പോകും. എന്നാൽ നമ്മുടെ നീതിമാനായ രാജാവ് ഒരിക്കലും വറ്റിപ്പോകാത്ത നവോന്മേഷവും ജീവജലവും നൽകുന്നു.
പരിചരണത്തിലൂടെ പങ്കിടൽ
താൻ ആർക്കെങ്കിലും ഒരു അനുഗ്രഹമായിത്തീരണമെന്ന് ഒരു യുവ പാസ്റ്റർ ദിവസവും രാവിലെ പ്രാർത്ഥിക്കുമായിരുന്നു. പലപ്പോഴും, തന്നെ വിസ്മയിപ്പിച്ചുകൊണ്ട്, അങ്ങനെയുള്ള അവസരങ്ങൾ തനിക്ക് ലഭിക്കുമായിരുന്നു. ഒരു ദിവസം, ഒരു സഹപ്രവർത്തകനോടൊപ്പം വെയിലത്ത് ഇരിക്കുമ്പോൾ, അയാൾ പാസ്റ്ററോട് യേശുവിനെക്കുറിച്ച് ചോദിച്ചു. തർക്കിക്കുകയോ, ശബ്ദമുയർത്തുകയോ ചെയ്യാതെ, മറ്റെയാളുടെ ചോദ്യങ്ങൾക്ക് പാസ്റ്റർ ലളിതമായി ഉത്തരം നൽകി. അത് ഒരു സാധാരണ സംസാരമായിരുന്നെങ്കിലും, പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് മൂലം അത് സ്‌നേഹപൂർവും, ഫലപ്രദവും ആയിത്തീർന്നു എന്ന് പാസ്റ്റർ അഭിപ്രായപ്പെട്ടു. ദൈവത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹമുള്ള ഒരു പുതിയ സുഹൃത്തിനെയും അതുമൂലം ലഭിച്ചു.
പരിശുദ്ധാത്മാവ് നമ്മെ നയിക്കാൻ അനുവദിച്ചാൽ, യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് ഏറ്റവും നന്നയിട്ട് പറയാൻ സാധിക്കും. യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു, “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു ... എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (അപ്പോ. 1:8).
"ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം;" (ഗലാത്യർ 5:22-23). ആത്മാവിന്റെ നിയന്ത്രണത്തിൻ കീഴിൽ ജീവിച്ചുകൊണ്ട്, ആ യുവ പാസ്റ്റർ പത്രോസിന്റെ നിർദ്ദേശം പ്രാവർത്തികമാക്കി: “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രോസ് 3:15).
ക്രിസ്തുവിൽ വിശ്വസിച്ചതുമൂലം നാം കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും, അവന്റെ ആത്മാവ് നമ്മെ നയിക്കുന്നുണ്ടെന്ന് നമുക്ക് ലോകത്തെ കാണിക്കാൻ കഴിയും. അപ്പോൾ നമ്മുടെ ജീവിതം മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കും.
ദൈവത്തിന്റെ കൃപ എന്ന ദാനം
ഞാൻ പഠിപ്പിക്കുന്ന ഒരു കോളേജ് ക്ലാസ്സിലെ ഒരു കെട്ട് പേപ്പറുകൾക്ക് മാർക്കിടുമ്പോൾ, ഒരു പ്രത്യേക പേപ്പർ എന്നെ ആകർഷിച്ചു. അത് വളരെ നന്നായി എഴുതിയിരുന്നു! എന്നിരുന്നാലും, അത്രയും നന്നായി എഴുതുവാൻ സാധ്യമല്ല എന്ന് ഞാൻ മനസ്സിലാക്കി. തീർച്ചയായും, അത് ഒരു ഓൺലൈൻ വെബ് സൈറ്റിൽ നിന്ന് കോപ്പിയടിച്ചതാണെന്ന് അൽപ്പം ഗവേഷണത്തിലൂടെ ഞാൻ കണ്ടെത്തി.
അവളുടെ തട്ടിപ്പ് കണ്ടെത്തിയെന്ന് അറിയിക്കാൻ ഞാൻ ആ വിദ്യാർത്ഥിനിക്ക് ഒരു ഇമെയിൽ അയച്ചു. അവൾക്ക് ഈ പേപ്പറിന്റെ മാർക്ക് പൂജ്യമാണ്. പക്ഷേ ഭാഗികമായ ക്രെഡിറ്റിനായി അവൾക്ക് ഒരു പുതിയ പേപ്പർ എഴുതാം. അവളുടെ പ്രതികരണം: “ഞാൻ നാണം കെട്ടുപോയി, ക്ഷമിക്കണം. സാർ എന്നോട് കാണിക്കുന്ന കൃപയെ ഞാൻ അഭിനന്ദിക്കുന്നു. ഞാൻ അത് അർഹിക്കുന്നില്ല.” നമുക്കെല്ലാവർക്കും എല്ലാ ദിവസവും യേശുവിന്റെ കൃപ ലഭിക്കുന്നുണ്ട്, അതിനാൽ അവൾക്ക് ഞാൻ എങ്ങനെ കൃപ നിഷേധിക്കും എന്ന് ഞാൻ അവളോട് പറഞ്ഞു.
പല വിധത്തിൽ ദൈവത്തിന്റെ കൃപ നമ്മുടെ ജീവിതത്തെ നന്നാക്കുകയും, തെറ്റുകളിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. അത് രക്ഷ നൽകുന്നുവെന്ന് പത്രോസ് പറയുന്നു: "കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ ..." (പ്രവൃത്തികൾ 15:11). പാപത്തിൽ അകപ്പെടാതിരിക്കാൻ ഇത് നമ്മെ സഹായിക്കുന്നു എന്ന് പൗലോസ് പറയുന്നു: "നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ." (റോമർ 6:14). മറ്റൊരിടത്ത്, കൃപ നമ്മെ ശുശ്രൂഷിക്കാൻ അനുവദിക്കുന്നുവെന്ന് പത്രോസ് പറയുന്നു: “ഓരോരുത്തന്നു വരം ലഭിച്ചതുപോലെ ... ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ." (1 പത്രോസ് 4:10).
കൃപ. ദൈവം തികച്ചും സൗജന്യമായി നൽകിയിരിക്കുന്നു. (എഫേസ്യർ 4:7). മറ്റുള്ളവരെ സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും നമുക്ക് ഈ ദാനം ഉപയോഗിക്കാം.
ഉന്മേഷദായകമായ വാക്കുകൾ
അടുക്കളയിൽ നിന്നുകൊണ്ട് എന്റെ മകൾ വിളിച്ചുപറഞ്ഞു, "അമ്മേ, തേനിൽ ഒരു ഈച്ചയുണ്ട്!" ഞാൻ അവളെ കളിയാക്കികൊണ്ട് ഈ പഴഞ്ചൊല്ല് പറഞ്ഞു, "തേനാണ്, വിനാഗിരിയെക്കാൾ കൂടുതൽ ഈച്ചകളെ ആകർഷിക്കുന്നത്." ഇതാദ്യമായാണ് ഞാൻ (ആകസ്മികമായി) തേനിൽ ഈച്ച കിടക്കുന്നത് കാണുന്നത്. എങ്കിലും, ഈ പഴഞ്ചൊല്ലിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം കാരണം ഞാൻ അത് ഉദ്ധരിച്ചു. പരുഷമായ മനോഭാവത്തേക്കാൾ സൗമ്യമായ വാക്കുകൾ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ സാധ്യതയുണ്ട്.
ദൈവാത്മാവിനാൽ പ്രചോദിതമായ ജ്ഞാനപൂർവകമായ പഴഞ്ചൊല്ലുകളുടെയും സുഭാഷിതങ്ങളുടെയും ഒരു ശേഖരമാണ് സദൃശവാക്യങ്ങൾ. ദൈവത്തെ ബഹുമാനിക്കുന്ന വിധത്തിൽ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള പ്രധാന സത്യങ്ങൾ നമ്മെ പഠിപ്പിക്കാൻ ഈ ദൈവനിവേശിതമായ വചനങ്ങൾ സഹായിക്കുന്നു. പല സദൃശവാക്യങ്ങളും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, നമ്മുടെ വാക്കുകൾ മറ്റുള്ളവരിൽ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനം ഉൾപ്പെടെ.
ശലോമോൻ രാജാവിന്റെ പേരിലുള്ള സാദൃശ്യവാക്യങ്ങളിൽ, അയൽക്കാരനെതിരെ കള്ളം പറയുന്നതിലൂടെ ഉണ്ടാകുന്ന ദോഷത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി (സദൃശവാക്യങ്ങൾ 25:18). "ഏഷണിവാക്ക് കോപഭാവത്തെ ജനിപ്പിക്കുന്നു" എന്ന് അദ്ദേഹം ഉപദേശിച്ചു (വാക്യം 23). പരാതിയുള്ള വാക്കുകൾ നിരന്തരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഉത്സാഹക്കുറവിനെതിരെ ശലോമോൻ മുന്നറിയിപ്പ് നൽകി (വാക്യം 24). നമ്മുടെ വാക്കുകൾ സന്തോഷവാർത്ത നൽകുമ്പോൾ അനുഗ്രഹം വരുമെന്ന് രാജാവ് വായനക്കാരെ പ്രബോധിപ്പിച്ചു (വാക്യം 25).
ഈ സത്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോൾ "ശരിയായ ഉത്തരം" നൽകാൻ ദൈവത്തിന്റെ ആത്മാവ് നമ്മെ സഹായിക്കും (16:1). അവനാൽ ശക്തി പ്രാപിച്ചാൽ, നമ്മുടെ വാക്കുകൾ മധുരമുള്ളതും ഉന്മേഷദായകവുമാകും.