അടുക്കളയിൽ നിന്നുകൊണ്ട് എന്റെ മകൾ വിളിച്ചുപറഞ്ഞു, “അമ്മേ, തേനിൽ ഒരു ഈച്ചയുണ്ട്!” ഞാൻ അവളെ കളിയാക്കികൊണ്ട് ഈ പഴഞ്ചൊല്ല് പറഞ്ഞു, “തേനാണ്, വിനാഗിരിയെക്കാൾ കൂടുതൽ ഈച്ചകളെ ആകർഷിക്കുന്നത്.” ഇതാദ്യമായാണ് ഞാൻ (ആകസ്മികമായി) തേനിൽ ഈച്ച കിടക്കുന്നത് കാണുന്നത്. എങ്കിലും, ഈ പഴഞ്ചൊല്ലിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം കാരണം ഞാൻ അത് ഉദ്ധരിച്ചു. പരുഷമായ മനോഭാവത്തേക്കാൾ സൗമ്യമായ വാക്കുകൾ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ സാധ്യതയുണ്ട്.

ദൈവാത്മാവിനാൽ പ്രചോദിതമായ ജ്ഞാനപൂർവകമായ പഴഞ്ചൊല്ലുകളുടെയും സുഭാഷിതങ്ങളുടെയും ഒരു ശേഖരമാണ് സദൃശവാക്യങ്ങൾ. ദൈവത്തെ ബഹുമാനിക്കുന്ന വിധത്തിൽ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള പ്രധാന സത്യങ്ങൾ നമ്മെ പഠിപ്പിക്കാൻ ഈ ദൈവനിവേശിതമായ വചനങ്ങൾ സഹായിക്കുന്നു. പല സദൃശവാക്യങ്ങളും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, നമ്മുടെ വാക്കുകൾ മറ്റുള്ളവരിൽ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനം ഉൾപ്പെടെ.

ശലോമോൻ രാജാവിന്റെ പേരിലുള്ള സാദൃശ്യവാക്യങ്ങളിൽ, അയൽക്കാരനെതിരെ കള്ളം പറയുന്നതിലൂടെ ഉണ്ടാകുന്ന ദോഷത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി (സദൃശവാക്യങ്ങൾ 25:18). “ഏഷണിവാക്ക് കോപഭാവത്തെ ജനിപ്പിക്കുന്നു” എന്ന് അദ്ദേഹം ഉപദേശിച്ചു (വാക്യം 23). പരാതിയുള്ള വാക്കുകൾ നിരന്തരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഉത്സാഹക്കുറവിനെതിരെ ശലോമോൻ മുന്നറിയിപ്പ് നൽകി (വാക്യം 24). നമ്മുടെ വാക്കുകൾ സന്തോഷവാർത്ത നൽകുമ്പോൾ അനുഗ്രഹം വരുമെന്ന് രാജാവ് വായനക്കാരെ പ്രബോധിപ്പിച്ചു (വാക്യം 25).

ഈ സത്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോൾ “ശരിയായ ഉത്തരം” നൽകാൻ ദൈവത്തിന്റെ ആത്മാവ് നമ്മെ സഹായിക്കും (16:1). അവനാൽ ശക്തി പ്രാപിച്ചാൽ, നമ്മുടെ വാക്കുകൾ മധുരമുള്ളതും ഉന്മേഷദായകവുമാകും.