Month: ഫെബ്രുവരി 2024

ലേവ്യയുടെ പുസ്തകത്തിൽ പോലും

വിഷയം ലേവ്യപുസ്തകമായിരുന്നു, എനിക്ക് ഒരു കുമ്പസാരം നടത്താനുണ്ടായിരുന്നു. “ഞാൻ ധാരാളം വായന ഒഴിവാക്കി,” ഞാൻ എന്റെ ബൈബിൾ പഠന ഗ്രൂപ്പിനോട് പറഞ്ഞു. "ഞാൻ ത്വക്ക് രോഗങ്ങളെക്കുറിച്ച് വീണ്ടും വായിക്കുന്നില്ല."

അപ്പോഴാണ് എന്റെ സുഹൃത്ത് ഡേവ് സംസാരിച്ചത്. “ആ ഭാഗം കാരണം യേശുവിൽ വിശ്വസിച്ച ഒരാളെ എനിക്കറിയാം,” അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്ത്-ഡോക്ടർ-ഒരു നിരീശ്വരവാദിയായിരുന്നുവെന്ന് ഡേവ് വിശദീകരിച്ചു. ബൈബിളിനെ പൂർണമായി നിരസിക്കുന്നതിനുമുമ്പ്, അത് സ്വയം വായിക്കുന്നതാണ് നല്ലത് എന്ന് അദ്ദേഹം തീരുമാനിച്ചു. ലേവ്യപുസ്തകത്തിലെ ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള ഭാഗം അദ്ദേഹത്തെ ആകർഷിച്ചു. അതിൽ പകരുന്നതും പകരാത്തതുമായ വ്രണങ്ങളെക്കുറിച്ചും, (13:1–46) അവയെ എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ചും (14:8–9) അതിശയിപ്പിക്കുന്ന വിശദാംശങ്ങൾ അടങ്ങിയിരുന്നു. അന്നത്തെ വൈദ്യശാസ്‌ത്ര പരിജ്ഞാനത്തേക്കാൾ എത്രയോ മുന്നിലാണെന്ന് അയാൾക്കറിയാമായിരുന്നു—പക്ഷെ അത് പഴയനിയമകാലത്തെ ലേവ്യ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. മോശെയ്ക്ക് ഇതെല്ലാം അറിയാൻ ഒരു വഴിയുമില്ല എന്നും, മോശെയ്ക്കു ഈ വിവരങ്ങളെല്ലാം യഥാർത്ഥത്തിൽ ദൈവത്തിൽ നിന്നാണ് ലഭിച്ചിരിക്കുന്നതെന്നും ഡേവ് മനസ്സിലാക്കി. ഒടുവിൽ അയാൾ യേശുവിൽ വിശ്വാസം അർപ്പിച്ചു. 

ബൈബിളിന്റെ ചില ഭാഗങ്ങൾ നിങ്ങളെ ബോറടിപ്പിക്കുന്നുവെങ്കിൽ, അതിൽ ഞാനും നിങ്ങളോടൊപ്പമുണ്ട്. എന്നാൽ എല്ലാ കാര്യങ്ങൾക്കും ഒരു കാരണമുണ്ട്. ദൈവത്തിനുവേണ്ടിയും അവനോടൊപ്പവും എങ്ങനെ ജീവിക്കണമെന്ന് ഇസ്രായേല്യർക്ക് അറിയാൻ വേണ്ടിയാണ് ലേവ്യപുസ്തകം എഴുതപ്പെട്ടത്. ദൈവവും അവന്റെ ജനവും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ നാം ദൈവത്തെക്കുറിച്ച് തന്നെ പഠിക്കുന്നു.

പൌലോസ് അപ്പൊസ്തലൻ എഴുതി "എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു....പ്രയോജനമുള്ളതു ആകുന്നു. (2 തിമൊഥെയൊസ് 3:16-17). നമുക്ക് വായിക്കാം…ലേവ്യ പുസ്തകം പോലും.

"എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ!"

"എന്റെ വിശ്വാസം എവിടെ? അവിടെ അന്ധകാരവും ശൂന്യതയും അല്ലാതെ മറ്റൊന്നും ഇല്ല.... ദൈവമുണ്ടെങ്കിൽ എന്നോട് ക്ഷമിക്കേണമേ.”

ആ വാക്കുകളുടെ രചയിതാവ് ആരെന്നറിഞ്ഞാൽ നിങ്ങൾ  അത്ഭുതപ്പെട്ടേക്കാം: മദർ തെരേസ. പ്രിയപ്പെട്ടവളും, ഇന്ത്യയിലെ കൽക്കത്തയിലെ പാവപ്പെട്ടവരുടെ  അശ്രാന്തസേവക എന്ന നിലയിൽ  പ്രശസ്തയുമായ മദർ തെരേസ അഞ്ച് പതിറ്റാണ്ടുകൾ തന്റെ വിശ്വാസത്തിനുവേണ്ടി നിശബ്ദമായി ഒരു തീവ്രമായ യുദ്ധം നടത്തി. 1997-ൽ അവരുടെ മരണശേഷം, അവരുടെ ഡയറിയിലെ ചില ഭാഗങ്ങൾ കം ബി മൈ ലൈറ്റ് എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചതോടെയാണ് ആ പോരാട്ടം   വെളിച്ചത്തു വന്നത്.

നമുക്ക് സംശയങ്ങൾ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ദൈവം അവിടെ ഇല്ലെന്ന് തോന്നുമ്പോൾ നമ്മൾ എന്തു ചെയ്യണം? ചില വിശ്വാസികൾ ആ സമയങ്ങളിൽ മറ്റുള്ളവരെക്കാൾ കൂടുതൽ വിഷമിച്ചേക്കാം. എന്നാൽ, വിശ്വസ്തരായ പല ക്രിസ്തീയ വിശ്വാസികളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ അത്തരം സംശയങ്ങളിലൂടെ കടന്നു പോകാൻ ഇടയുണ്ട്.

വിശ്വാസവും, വിശ്വാസമില്ലായ്മയും പ്രകടിപ്പിക്കുന്ന മനോഹരവും വിരോധാഭാസരൂപത്തിലുള്ളതുമായ ഒരു പ്രാർത്ഥന തിരുവെഴുത്ത് നമുക്ക് നൽകിയതിൽ ഞാൻ നന്ദിയുള്ളവനാണ്. മർക്കൊസ് 9-ൽ, കുട്ടിക്കാലം മുതൽ ദുരാത്മാവിനാൽ പീഢിപ്പിക്കപ്പെട്ടിരുന്ന ഒരു ബാലന്റെ പിതാവിനെ യേശു കണ്ടുമുട്ടുന്നു. (വാ 21). മനുഷ്യന് വിശ്വാസം ഉണ്ടായിരിക്കണമെന്ന് യേശു പറഞ്ഞു. "വിശ്വസിക്കുന്നവനു സകലതും കഴിയും" (വാക്യം 23). ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ!" എന്നു നിലവിളിച്ചു പറഞ്ഞു.(വാ. 24).

ഈ സത്യസന്ധവും ഹൃദയംഗമവുമായ അപേക്ഷ, നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും നാം കടന്നുപോകുന്ന ഏറ്റവും ആഴമേറിയതും ഇരുണ്ടതുമായ താഴ്വരകൾക്കിടയിൽ നമ്മെ ഉറച്ചുനിർത്താനും കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട്, സംശയത്തോടെ പോരാടുന്ന നമ്മെ ദൈവത്തിന് സമർപ്പിക്കാൻ ക്ഷണിക്കുന്നു.

യേശു നിൽക്കുമ്പോൾ

രോഗിയായ ആ പൂച്ച, എന്റെ ഓഫീസിന് അടുത്തുള്ള പെട്ടിയിൽ ചുരുണ്ടുകൂടി കിടന്ന്, ദിവസങ്ങളോളം കരഞ്ഞു. ജൂൺ അവിടെ വരുന്നതുവരെ, തെരുവിൽ ഉപേക്ഷിക്കപ്പെട്ട പൂച്ചയെ പലരും ശ്രദ്ധിക്കാതെ കടന്നുപോയി. തെരുവ് ശുചീകരണ തൊഴിലാളിയായ അയാൾ  ആ മിണ്ടാപ്രാണിയെ വീട്ടിലേക്ക് കൊണ്ടുപോയി, അവിടെ അയാൾക്ക് രണ്ടു നായ്ക്കളും കൂടി ഉണ്ടായിരുന്നു, അവ മുൻപ് തെരുവ് നായ്ക്കൾ ആയിരുന്നു.

ജൂൺ പറഞ്ഞു, "ഞാൻ അവയെ പരിപാലിക്കുന്നു, കാരണം അവ ആരും ശ്രദ്ധിക്കാത്ത ജീവികളാണ്, അവയിൽ ഞാൻ എന്നെത്തന്നെ കാണുന്നു, ഒരു തെരുവ് ശുചീകരണ തൊഴിലാളിയെ  ആരും ശ്രദ്ധിക്കാത്തതു പോലെ".

യേശു യെരൂശലേമിലേക്കുള്ള യാത്രാമധ്യേ യെരീഹോയിലേക്ക് നടക്കുമ്പോൾ ഒരു അന്ധൻ വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നു. തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് അവനും തോന്നി. ജനക്കൂട്ടം കടന്നുപോകുമ്പോൾ, എല്ലാവരുടെയും കണ്ണുകൾ ക്രിസ്തുവിലേക്ക് കേന്ദ്രീകരിക്കപ്പെട്ടപ്പോൾ, ആരും യാചകനെ സഹായിക്കാൻ നിന്നില്ല.

എന്നാൽ യേശു അങ്ങനെയായിരുന്നില്ല. ആളുകളുടെ ആരവത്തിനിടയിൽ മറഞ്ഞുപോയ ആ മനുഷ്യന്റെ നിലവിളി അവൻ കേട്ടു. അവൻ അടുക്കെ വന്നപ്പോൾ: “ഞാൻ നിനക്കു എന്തു ചെയ്യേണം” എന്നു ചോദിച്ചു. “കർത്താവേ, എനിക്കു കാഴ്ച കിട്ടേണം” എന്നു അവൻ പറഞ്ഞു. യേശു അവനോടു: “കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു. (ലൂക്കോസ് 18:41–42).

ചില സമയങ്ങളിൽ നമ്മൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതായി തോന്നുന്നുണ്ടോ? നമ്മളേക്കാൾ പ്രാധാന്യമുള്ള ആളുകൾ മൂലം നമ്മുടെ നിലവിളി കേൾക്കാതെ പോകുന്നുണ്ടോ? ലോകം ശ്രദ്ധിക്കാൻ ആഗ്രഹിക്കാത്തവരെ നമ്മുടെ രക്ഷകൻ ശ്രദ്ധിക്കുന്നു. സഹായത്തിനായി അവനെ വിളിക്കുക! മറ്റുള്ളവർ നമ്മെ കടന്നുപോകുമ്പോൾ, അവൻ നമുക്ക് വേണ്ടി നിൽക്കും.

സുഖനിദ്ര

മോശം ഓർമ്മകളും കുറ്റപ്പെടുത്തുന്ന സന്ദേശങ്ങളും സാലിന്റെ മനസ്സിൽ നിറഞ്ഞു. ഭയം ഹൃദയത്തിൽ നിറയുകയും, വിയർപ്പിൽ മുങ്ങുകയും ചെയ്തപ്പോൾ ഉറക്കം അവനെ വിട്ടുപോയി. അവന്റെ സ്നാനത്തിന്റെ തലേ രാത്രിയായിരുന്നു അത്. ദുശ്ചിന്തകളുടെ കടന്നാക്രമണം തടയാൻ അവനു കഴിഞ്ഞില്ല. സാൽ യേശുവിൽ രക്ഷ പ്രാപിക്കുകയും തന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടതായി അറിയുകയും ചെയ്ത വ്യക്തിയായിരുന്നു, എന്നാൽ ആത്മീയ യുദ്ധം തുടർന്നു. അപ്പോഴാണ് ഭാര്യ അവന്റെ കൈപിടിച്ച് അവനുവേണ്ടി പ്രാർത്ഥിച്ചത്. നിമിഷങ്ങൾക്കുശേഷം, സാലിന്റെ ഹൃദയത്തിലെ ഭയത്തിന് പകരം സമാധാനം വന്നു. അവൻ എഴുന്നേറ്റ് സ്നാനമേൽക്കുന്നതിനു മുമ്പ് താൻ പങ്കുവയ്ക്കാനിരുന്ന വാക്കുകൾ എഴുതി—തനിക്ക് ചെയ്യാൻ കഴിയാതിരുന്ന ഒരു കാര്യം. അതിനുശേഷം അവൻ സുഖമായി ഉറങ്ങി.

അസ്വസ്ഥമായ ഒരു രാത്രി എങ്ങനെയായിരിക്കുമെന്ന് ദാവീദ് രാജാവിനും അറിയാമായിരുന്നു. തന്റെ സിംഹാസനം (2 ശമൂവേൽ 15-17) അപഹരിക്കാൻ ആഗ്രഹിച്ച തന്റെ മകൻ അബ്ശാലോമിൽ നിന്ന് പലായനം ചെയ്ത അദ്ദേഹം "ആയിരം ആയിരം ജനങ്ങൾ” എല്ലാ വശത്തും അവനെ ആക്രമിച്ചു എന്ന് അറിഞ്ഞു. (സങ്കീർത്തനങ്ങൾ 3:6). ദാവീദ് നെടുവീർപ്പിട്ടു, "എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!" (വാ.1). ഭയവും സംശയവും അതിജീവിക്കാൻ കരുത്തുള്ളവനാണെങ്കിലും അദ്ദേഹം തന്റെ "പരിചയായ” ദൈവത്തെ വിളിച്ചു. (വാ. 3). പിന്നീട്, തനിക്ക് “കിടന്നുറങ്ങാൻ” കഴിയുമെന്ന് അദ്ദേഹം കണ്ടെത്തി. . .  .  കാരണം യഹോവ അവനെ താങ്ങുന്നു (വാക്യം 5).

ഭയവും പോരാട്ടങ്ങളും നമ്മുടെ മനസ്സിൽ പിടിമുറുക്കുമ്പോൾ, ആശ്വാസത്തിനു പകരം അസ്വസ്ഥത ഉണ്ടാകുകയും ചെയ്യുമ്പോൾ, ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ പ്രത്യാശ കണ്ടെത്തുന്നു. സാലിനെയും ദാവീദിനെയും പോലെ നമുക്ക് വേഗത്തിൽ സുഖനിദ്ര ലഭിച്ചില്ലെങ്കിലും, നാം "സമാധാനത്തോടെ കിടന്നുറങ്ങും; ... നിർഭയം വസിക്കുമാറാക്കുന്നതു. (4:8).” കാരണം ദൈവം നമ്മോടൊപ്പമുണ്ട്, അവൻ നമ്മുടെ ആശ്വാസമായിരിക്കും.

ഭാഗ്യമല്ല, പക്ഷെ ക്രിസ്തുവാണ്

പ്രപഞ്ചത്തിൽ ഏകദേശം 700 ക്വിന്റില്യൺ (7-നു ശേഷം  20 പൂജ്യം) ഗ്രഹങ്ങളുണ്ടെന്നും എന്നാൽ ഭൂമിയെപ്പോലെ ഒന്ന് മാത്രമേ ഉള്ളൂ എന്നും ഡിസ്കവർ മാഗസിൻ സൂചിപ്പിക്കുന്നു. ജ്യോതിശാസ്ത്രജ്ഞനായ എറിക് സാക്രിസണിന്റെ അഭിപ്രായത്തിൽ, ഒരു ഗ്രഹത്തിന് ജീവൻ നിലനിർത്തേണ്ടതിന്റെ ആവശ്യകതകളിലൊന്ന് താപനില ശരിയായിരിക്കുന്നതും, വെള്ളം നിലനിൽക്കുന്നതുമായ "ഗോൾഡിലോക്ക്സ്" (ജീവന് തികച്ചും അനുയോജ്യമായ) മേഖലയിൽ പ്രദക്ഷിണം ചെയ്യുന്നതാണ്. 700 ക്വിന്റില്യൺ ഗ്രഹങ്ങളിൽ, ഈ സ്ഥിതിഗതികൾ ശരിയായിട്ടുള്ള ഒരു ഗ്രഹമാണ് ഭൂമി എന്ന് തോന്നുന്നു. ഭൂമി എങ്ങനെയോ "വളരെ ഭാഗ്യമുള്ള കയ്യിലൂടെ" കടന്നുവന്നതാണെന്ന നിഗമനത്തിൽ സാക്രിസൺ എത്തിച്ചേർന്നു.

പ്രപഞ്ചം നിലനിന്നത് ‘ലേഡി ലക്ക്’ (ഭാഗ്യദേവത) കാരണമല്ല, മറിച്ച് യേശുവിന്റെ പ്രവർത്തനം മൂലമാണെന്ന് പൌലോസ് കൊലോസ്യയിലുള്ള  വിശ്വാസികൾക്ക് ഉറപ്പ് നൽകി. അപ്പോസ്തലൻ ക്രിസ്തുവിനെ ലോകത്തിന്റെ സ്രഷ്ടാവായി അവതരിപ്പിക്കുന്നു. "സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു" (കൊലോസ്യർ 1:16). യേശു ലോകത്തിന്റെ ശക്തനായ സ്രഷ്ടാവാണെന്ന് മാത്രമല്ല, പൌലോസ് പറയുന്നത് "സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്." (വാക്യം 17)—വളരെ ചൂടുള്ളതോ തണുപ്പുള്ളതോ അല്ലാത്ത, മറിച്ച് മനുഷ്യ നിലനിൽപ്പിന് അനുയോജ്യമായ ഒരു ലോകം. യേശു സൃഷ്ടിച്ചത് തന്റെ പരിപൂർണ്ണ ജ്ഞാനത്തോടും അനന്തമായ ശക്തിയോടും കൂടി അവൻ നിലനിർത്തുന്നു.

സൃഷ്ടിയുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ, നമുക്ക് ‘ലേഡി ലക്കിന്റെ’ ക്രമരഹിതമായ പ്രവർത്തനത്തിലേക്കല്ല, മറിച്ച് "സർവ്വസമ്പൂർണതയും" കൈവശമുള്ള, ലക്ഷ്യബോധമുള്ള, പരമാധികാരമുള്ള, ശക്തനും സ്നേഹമുള്ളവനുമായ ഒരാളിലേക്ക് വിരൽ ചൂണ്ടാം. (വാ.19).