രോഗിയായ ആ പൂച്ച, എന്റെ ഓഫീസിന് അടുത്തുള്ള പെട്ടിയിൽ ചുരുണ്ടുകൂടി കിടന്ന്, ദിവസങ്ങളോളം കരഞ്ഞു. ജൂൺ അവിടെ വരുന്നതുവരെ, തെരുവിൽ ഉപേക്ഷിക്കപ്പെട്ട പൂച്ചയെ പലരും ശ്രദ്ധിക്കാതെ കടന്നുപോയി. തെരുവ് ശുചീകരണ തൊഴിലാളിയായ അയാൾ  ആ മിണ്ടാപ്രാണിയെ വീട്ടിലേക്ക് കൊണ്ടുപോയി, അവിടെ അയാൾക്ക് രണ്ടു നായ്ക്കളും കൂടി ഉണ്ടായിരുന്നു, അവ മുൻപ് തെരുവ് നായ്ക്കൾ ആയിരുന്നു.

ജൂൺ പറഞ്ഞു, “ഞാൻ അവയെ പരിപാലിക്കുന്നു, കാരണം അവ ആരും ശ്രദ്ധിക്കാത്ത ജീവികളാണ്, അവയിൽ ഞാൻ എന്നെത്തന്നെ കാണുന്നു, ഒരു തെരുവ് ശുചീകരണ തൊഴിലാളിയെ  ആരും ശ്രദ്ധിക്കാത്തതു പോലെ”.

യേശു യെരൂശലേമിലേക്കുള്ള യാത്രാമധ്യേ യെരീഹോയിലേക്ക് നടക്കുമ്പോൾ ഒരു അന്ധൻ വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നു. തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് അവനും തോന്നി. ജനക്കൂട്ടം കടന്നുപോകുമ്പോൾ, എല്ലാവരുടെയും കണ്ണുകൾ ക്രിസ്തുവിലേക്ക് കേന്ദ്രീകരിക്കപ്പെട്ടപ്പോൾ, ആരും യാചകനെ സഹായിക്കാൻ നിന്നില്ല.

എന്നാൽ യേശു അങ്ങനെയായിരുന്നില്ല. ആളുകളുടെ ആരവത്തിനിടയിൽ മറഞ്ഞുപോയ ആ മനുഷ്യന്റെ നിലവിളി അവൻ കേട്ടു. അവൻ അടുക്കെ വന്നപ്പോൾ: “ഞാൻ നിനക്കു എന്തു ചെയ്യേണം” എന്നു ചോദിച്ചു. “കർത്താവേ, എനിക്കു കാഴ്ച കിട്ടേണം” എന്നു അവൻ പറഞ്ഞു. യേശു അവനോടു: “കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു. (ലൂക്കോസ് 18:41–42).

ചില സമയങ്ങളിൽ നമ്മൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതായി തോന്നുന്നുണ്ടോ? നമ്മളേക്കാൾ പ്രാധാന്യമുള്ള ആളുകൾ മൂലം നമ്മുടെ നിലവിളി കേൾക്കാതെ പോകുന്നുണ്ടോ? ലോകം ശ്രദ്ധിക്കാൻ ആഗ്രഹിക്കാത്തവരെ നമ്മുടെ രക്ഷകൻ ശ്രദ്ധിക്കുന്നു. സഹായത്തിനായി അവനെ വിളിക്കുക! മറ്റുള്ളവർ നമ്മെ കടന്നുപോകുമ്പോൾ, അവൻ നമുക്ക് വേണ്ടി നിൽക്കും.