വിഷയം ലേവ്യപുസ്തകമായിരുന്നു, എനിക്ക് ഒരു കുമ്പസാരം നടത്താനുണ്ടായിരുന്നു. “ഞാൻ ധാരാളം വായന ഒഴിവാക്കി,” ഞാൻ എന്റെ ബൈബിൾ പഠന ഗ്രൂപ്പിനോട് പറഞ്ഞു. “ഞാൻ ത്വക്ക് രോഗങ്ങളെക്കുറിച്ച് വീണ്ടും വായിക്കുന്നില്ല.”

അപ്പോഴാണ് എന്റെ സുഹൃത്ത് ഡേവ് സംസാരിച്ചത്. “ആ ഭാഗം കാരണം യേശുവിൽ വിശ്വസിച്ച ഒരാളെ എനിക്കറിയാം,” അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്ത്-ഡോക്ടർ-ഒരു നിരീശ്വരവാദിയായിരുന്നുവെന്ന് ഡേവ് വിശദീകരിച്ചു. ബൈബിളിനെ പൂർണമായി നിരസിക്കുന്നതിനുമുമ്പ്, അത് സ്വയം വായിക്കുന്നതാണ് നല്ലത് എന്ന് അദ്ദേഹം തീരുമാനിച്ചു. ലേവ്യപുസ്തകത്തിലെ ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള ഭാഗം അദ്ദേഹത്തെ ആകർഷിച്ചു. അതിൽ പകരുന്നതും പകരാത്തതുമായ വ്രണങ്ങളെക്കുറിച്ചും, (13:1–46) അവയെ എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ചും (14:8–9) അതിശയിപ്പിക്കുന്ന വിശദാംശങ്ങൾ അടങ്ങിയിരുന്നു. അന്നത്തെ വൈദ്യശാസ്‌ത്ര പരിജ്ഞാനത്തേക്കാൾ എത്രയോ മുന്നിലാണെന്ന് അയാൾക്കറിയാമായിരുന്നു—പക്ഷെ അത് പഴയനിയമകാലത്തെ ലേവ്യ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. മോശെയ്ക്ക് ഇതെല്ലാം അറിയാൻ ഒരു വഴിയുമില്ല എന്നും, മോശെയ്ക്കു ഈ വിവരങ്ങളെല്ലാം യഥാർത്ഥത്തിൽ ദൈവത്തിൽ നിന്നാണ് ലഭിച്ചിരിക്കുന്നതെന്നും ഡേവ് മനസ്സിലാക്കി. ഒടുവിൽ അയാൾ യേശുവിൽ വിശ്വാസം അർപ്പിച്ചു. 

ബൈബിളിന്റെ ചില ഭാഗങ്ങൾ നിങ്ങളെ ബോറടിപ്പിക്കുന്നുവെങ്കിൽ, അതിൽ ഞാനും നിങ്ങളോടൊപ്പമുണ്ട്. എന്നാൽ എല്ലാ കാര്യങ്ങൾക്കും ഒരു കാരണമുണ്ട്. ദൈവത്തിനുവേണ്ടിയും അവനോടൊപ്പവും എങ്ങനെ ജീവിക്കണമെന്ന് ഇസ്രായേല്യർക്ക് അറിയാൻ വേണ്ടിയാണ് ലേവ്യപുസ്തകം എഴുതപ്പെട്ടത്. ദൈവവും അവന്റെ ജനവും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ നാം ദൈവത്തെക്കുറിച്ച് തന്നെ പഠിക്കുന്നു.

പൌലോസ് അപ്പൊസ്തലൻ എഴുതി “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു….പ്രയോജനമുള്ളതു ആകുന്നു. (2 തിമൊഥെയൊസ് 3:16-17). നമുക്ക് വായിക്കാം…ലേവ്യ പുസ്തകം പോലും.