പ്രപഞ്ചത്തിൽ ഏകദേശം 700 ക്വിന്റില്യൺ (7-നു ശേഷം  20 പൂജ്യം) ഗ്രഹങ്ങളുണ്ടെന്നും എന്നാൽ ഭൂമിയെപ്പോലെ ഒന്ന് മാത്രമേ ഉള്ളൂ എന്നും ഡിസ്കവർ മാഗസിൻ സൂചിപ്പിക്കുന്നു. ജ്യോതിശാസ്ത്രജ്ഞനായ എറിക് സാക്രിസണിന്റെ അഭിപ്രായത്തിൽ, ഒരു ഗ്രഹത്തിന് ജീവൻ നിലനിർത്തേണ്ടതിന്റെ ആവശ്യകതകളിലൊന്ന് താപനില ശരിയായിരിക്കുന്നതും, വെള്ളം നിലനിൽക്കുന്നതുമായ “ഗോൾഡിലോക്ക്സ്” (ജീവന് തികച്ചും അനുയോജ്യമായ) മേഖലയിൽ പ്രദക്ഷിണം ചെയ്യുന്നതാണ്. 700 ക്വിന്റില്യൺ ഗ്രഹങ്ങളിൽ, ഈ സ്ഥിതിഗതികൾ ശരിയായിട്ടുള്ള ഒരു ഗ്രഹമാണ് ഭൂമി എന്ന് തോന്നുന്നു. ഭൂമി എങ്ങനെയോ “വളരെ ഭാഗ്യമുള്ള കയ്യിലൂടെ” കടന്നുവന്നതാണെന്ന നിഗമനത്തിൽ സാക്രിസൺ എത്തിച്ചേർന്നു.

പ്രപഞ്ചം നിലനിന്നത് ‘ലേഡി ലക്ക്’ (ഭാഗ്യദേവത) കാരണമല്ല, മറിച്ച് യേശുവിന്റെ പ്രവർത്തനം മൂലമാണെന്ന് പൌലോസ് കൊലോസ്യയിലുള്ള  വിശ്വാസികൾക്ക് ഉറപ്പ് നൽകി. അപ്പോസ്തലൻ ക്രിസ്തുവിനെ ലോകത്തിന്റെ സ്രഷ്ടാവായി അവതരിപ്പിക്കുന്നു. “സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു” (കൊലോസ്യർ 1:16). യേശു ലോകത്തിന്റെ ശക്തനായ സ്രഷ്ടാവാണെന്ന് മാത്രമല്ല, പൌലോസ് പറയുന്നത് “സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്.” (വാക്യം 17)—വളരെ ചൂടുള്ളതോ തണുപ്പുള്ളതോ അല്ലാത്ത, മറിച്ച് മനുഷ്യ നിലനിൽപ്പിന് അനുയോജ്യമായ ഒരു ലോകം. യേശു സൃഷ്ടിച്ചത് തന്റെ പരിപൂർണ്ണ ജ്ഞാനത്തോടും അനന്തമായ ശക്തിയോടും കൂടി അവൻ നിലനിർത്തുന്നു.

സൃഷ്ടിയുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ, നമുക്ക് ‘ലേഡി ലക്കിന്റെ’ ക്രമരഹിതമായ പ്രവർത്തനത്തിലേക്കല്ല, മറിച്ച് “സർവ്വസമ്പൂർണതയും” കൈവശമുള്ള, ലക്ഷ്യബോധമുള്ള, പരമാധികാരമുള്ള, ശക്തനും സ്നേഹമുള്ളവനുമായ ഒരാളിലേക്ക് വിരൽ ചൂണ്ടാം. (വാ.19).