ഒരു ഫോട്ടോഗ്രാഫർ വർഷങ്ങളോളം സ്റ്റാർലിങ്ങുകളുടെയും (ഇരുണ്ട നിറമുള്ള ഒരു ചെറിയ പക്ഷി), അവയുടെ ‘മർമറേഷൻസ്’ എന്ന് വിളിക്കപ്പെടുന്ന, ആകാശത്ത് ഒരുമിച്ചുള്ള പറക്കലിന്റെയും ദൃശ്യവിസ്മയങ്ങൾ ക്യാമറയിൽ പകർത്തി. അതിൽ ആയിരക്കണക്കിന് സ്റ്റാർലിങ്ങുകൾ ഒരുമിച്ച് ആകാശത്ത് ഒഴുകിനീങ്ങുന്നതുപോലെ പറക്കുന്നു. ഈ അത്ഭുതം വീക്ഷിക്കുന്നത് ഒരു ചിട്ടപ്പെടുത്തിയ ചുഴലിക്കാറ്റിന്റെയോ, തിരമാലയുടെയോ അടിയിൽ ഇരിക്കുന്നതുപോലെയാണ് അല്ലെങ്കിൽ, കാലിഡോസ്കോപ്പിലേക്ക് ഒഴുകുന്ന കൂറ്റൻ ഇരുണ്ട പെയിന്റ് ബ്രഷ് ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ഡിസൈൻ പോലെയാണ്. ഡെന്മാർക്കിൽ, അവർ ഈ സ്റ്റാർലിങ് അനുഭവത്തെ ‘ബ്ലാക്ക് സൺ’ എന്ന് വിളിക്കുന്നു. ഏറ്റവും ശ്രദ്ധേയമായത്, സ്റ്റാർലിങ്ങുകൾ അവയുടെ ഏറ്റവും അടുത്ത സഹചാരിയെ എങ്ങനെ നൈസർഗ്ഗികമായി പിന്തുടരുകയും, തൊട്ടുരുമ്മി പറക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.  ഒരു പക്ഷിക്ക് പിഴവ് പറ്റിയാൽ, അവയ്ക്ക് വലിയ ദുരന്തം സംഭവിക്കും. ഏതുവിധമായാലും പരസ്പരം സംരക്ഷിക്കാൻ സ്റ്റാർലിംഗുകൾ ഒരുമിച്ചു പറക്കുന്നു. ഒരു പരുന്ത് താഴേക്കിറങ്ങുമ്പോൾ, ഒറ്റയ്ക്കായാൽ അവയെ എളുപ്പത്തിൽ പിടിച്ചു കൊണ്ടുപോകാൻ കഴിവുള്ള ആ പരുന്തിനെ തോൽപ്പിച്ചുകൊണ്ട്, ഈ ചെറിയ പക്ഷികൾ ഇടതിങ്ങിയ ആകൃതിയിലേക്ക് വന്നു കൂട്ടമായി പറക്കുന്നു.

നമ്മൾ ഒറ്റയ്ക്കിരിക്കുന്നതിനേക്കാൾ മികച്ചതാണ് ഒരുമിച്ച് കഴിയുന്നത്. സഭാപ്രസംഗി പറയുന്നു, “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു;…വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും;…രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും;” (4:9-11). ഒറ്റതിരിഞ്ഞാൽ, നമ്മൾ ഒറ്റപ്പെട്ടവരും എളുപ്പത്തിൽ വേട്ടക്കാരന് ഇരയായിടുകയും ചെയ്യും. തനിച്ചായിരിക്കുമ്പോൾ, നാം  എളുപ്പത്തിൽ ഇരകളായിപ്പോകും. മറ്റുള്ളവരുടെ സാന്ത്വനമൊ സംരക്ഷണമോ ഇല്ലെങ്കിൽ നമ്മൾ ദുർബലരാണ്.

എന്നാൽ സഹജീവികളോടൊപ്പമാണെങ്കിൽ, നാം സഹായം കൊടുക്കുകയും  സ്വീകരിക്കുകയും ചെയ്യുന്നു. സഭാപ്രസംഗി പറയുന്നു, “ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനിൽക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല.” (വാക്യം 12). ദൈവം നമ്മെ നയിക്കുന്നതുപോലെ നമ്മൾ ഒരുമിച്ചുള്ളതാണ് നല്ലത്.