Month: ഡിസംബര് 2023

നീതി നഗരം

2000-ലെ പുതുവത്സരത്തലേന്ന് ഡിട്രോയിറ്റിലെ ഉദ്യോഗസ്ഥർ നൂറു വർഷം പഴക്കമുള്ള ഒരു ടൈം ക്യാപ്‌സ്യൂൾ ശ്രദ്ധാപൂർവ്വം തുറന്നു. സമൃദ്ധിയുടെ ദർശനങ്ങൾ പ്രകടിപ്പിക്കുന്ന ചില നഗര നേതാക്കളുടെ പ്രതീക്ഷാജനകമായ പ്രവചനങ്ങളായിരുന്നു ചെമ്പ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും, മേയറുടെ സന്ദേശം മറ്റൊരു സമീപനം വാഗ്ദാനം ചെയ്തു. അദ്ദേഹം എഴുതി, ''മറ്റെല്ലാറ്റിനെക്കാളും ശ്രേഷ്ഠമായ ഒരു പ്രത്യാശ ഞങ്ങൾ പ്രകടിപ്പിക്കട്ടെ . . . ഒരു രാജ്യമായും ജനമായും നഗരമായും നിങ്ങൾ നീതിയിൽ വളർന്നിരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കും, കാരണം ഇതാണ് ഒരു ജനതയെ ഉയർത്തുന്നത്.''

വിജയം, സന്തോഷം, സമാധാനം എന്നിവയെക്കാളും, ഭാവിയിലെ പൗരന്മാർ യഥാർത്ഥത്തിൽ നീതിയും നേരും ഉള്ളവരായിരിക്കുക എന്നതിൽ വളരണമെന്ന് മേയർ ആശംസിച്ചു. തന്റെ നീതിക്കായി കാംക്ഷിക്കുന്നവരെ അനുഗ്രഹിച്ച യേശുവിൽ നിന്നായിരിക്കാം അദ്ദേഹം തന്റെ ആശയം സ്വീകരിച്ചത് (മത്തായി 5:6). എന്നാൽ ദൈവത്തിന്റെ പൂർണ്ണതയുള്ള നിലവാരം പരിഗണിക്കുമ്പോൾ നിരുത്സാഹപ്പെടാൻ എളുപ്പമാണ്.

വളരാൻ നമ്മുടെ സ്വന്തം പ്രയത്‌നത്തിൽ ആശ്രയിക്കേണ്ടതില്ല എന്നതിന് ദൈവത്തെ സ്തുതിക്കുക. എബ്രായലേഖന കർത്താവ് ഇപ്രകാരം പറഞ്ഞു: ''സമാധാനത്തിന്റെ ദൈവം  നിങ്ങളെ അവന്റെ ഇഷ്ടം ചെയ്വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ’’ (എബ്രായർ 13:20-21). ക്രിസ്തുവിലുള്ള നാം അവനിൽ വിശ്വസിക്കുന്ന നിമിഷം അവന്റെ രക്തത്താൽ വിശുദ്ധീകരിക്കപ്പെടുന്നു (വാ. 12), എന്നാൽ ജീവിതകാലം മുഴുവൻ അവൻ നമ്മുടെ ഹൃദയങ്ങളിൽ നീതിയുടെ ഫലം സജീവമായി വളർത്തുന്നു. യാത്രയിൽ നാം പലപ്പോഴും ഇടറിപ്പോകാമെങ്കിലും ദൈവത്തിന്റെ നീതി വാഴുന്ന “വരുവാനുള്ള നഗര’’ത്തിനായി നാം കാത്തിരിക്കുന്നു (വാ. 14).

 

അസ്വസ്ഥ മനസ്സ്‌, ആത്മാർത്ഥമായ പ്രാർത്ഥനകൾ

1957 ജനുവരിയിൽ ഒരു ബോംബ് സ്‌ഫോടനം തന്റെ ഭവനത്തെ പിടിച്ചുകുലുക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനുണ്ടായ ഒരു അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഭീഷണിപ്പെടുത്തുന്ന ഒരു ഫോൺ കോൾ ലഭിച്ചതിന് ശേഷം, പൗരാവകാശ പ്രസ്ഥാനത്തിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് കിംഗ് ചിന്തിച്ചു. അപ്പോൾ അവന്റെ ആത്മാവിൽ നിന്ന് പ്രാർത്ഥനകൾ ഉയർന്നു. ''ഞാൻ ഇവിടെ ശരിയാണെന്ന് വിശ്വസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ ഇപ്പോൾ ഞാൻ ഭയപ്പെടുന്നു. എനിക്ക് ഒന്നും അവശേഷിക്കുന്നില്ല. ഒറ്റയ്ക്ക് നേരിടാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ എത്തിയിരിക്കുന്നു.'' അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ശേഷം ശാന്തമായ ഉറപ്പ് ലഭിച്ചു. കിംഗ് കുറിച്ചു, ''ഏതാണ്ട് പെട്ടെന്ന് എന്റെ ഭയം നീങ്ങിത്തുടങ്ങി. എന്റെ അനിശ്ചിതത്വം അപ്രത്യക്ഷമായി. എന്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു.''

യോഹന്നാൻ 12-ൽ, “ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു’’ (വാ. 27) എന്ന് യേശു സമ്മതിച്ചു. അവൻ തന്റെ ആന്തരിക അവസ്ഥയെക്കുറിച്ച് സുതാര്യമാംവിധം സത്യസന്ധനായിരുന്നു; അപ്പോഴും അവൻ തന്റെ പ്രാർത്ഥനയിൽ ദൈവകേന്ദ്രീകൃതനായിരുന്നു. “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ!’’ (വാ. 28). യേശുവിന്റെ പ്രാർത്ഥന ദൈവഹിതത്തിനു കീഴടങ്ങലായിരുന്നു.

ദൈവത്തെ ബഹുമാനിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പിനു മുമ്പിൽ നാം എത്തുമ്പോൾ ഭയത്തിന്റെയും അസ്വസ്ഥതയുടെയും വേദന അനുഭവപ്പെടുന്നത് തികച്ചും മനുഷ്യത്വമാണ്. ബന്ധങ്ങൾ, ശീലങ്ങൾ അല്ലെങ്കിൽ മറ്റ് മാതൃകകൾ (നല്ലതോ ചീത്തയോ) സംബന്ധിച്ച് കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ. നമുക്ക് എന്ത് നേരിടേണ്ടി വന്നാലും, ധൈര്യത്തോടെ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ഭയത്തെയും അസ്വസ്ഥതകളെയും തരണം ചെയ്യാനും അവനു മഹത്വം നൽകുന്ന കാര്യങ്ങൾ - നമ്മുടെ നന്മയ്ക്കും മറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടി - ചെയ്യാനും അവൻ നമുക്ക് ശക്തി നൽകും-.

 

ജീവ കിരീടം

5 കി.മീ. (ഏതാണ്ട് 3 മൈൽ) ഓട്ടത്തിൽ താൻ പിന്തള്ളപ്പെടുമോ എന്ന് പന്ത്രണ്ടുകാരിയായ ലീഅഡിയാൻസ് റോഡ്രിഗസ്-എസ്പാഡ ആശങ്കാകുലയായിരുന്നു. അവളുടെ ഉത്കണ്ഠ നിമിത്തം ശ്രദ്ധിക്കാതെ, തന്റെ മത്സരം ആരംഭിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ് പുറപ്പെട്ട, ഹാഫ് മാരത്തണിൽ (13 മൈലിലധികം!) പങ്കെടുക്കുന്ന ഒരു കൂട്ടം ഓട്ടക്കാരോടൊപ്പം അവൾ ഓടിത്തുടങ്ങി. ലീഅഡിയാൻസ മറ്റ് ഓട്ടക്കാർക്കൊപ്പം കാൽ നീട്ടിവലിച്ച് ഓടി. നാലു മൈൽ പിന്നിട്ടിട്ടും, ഫിനിഷിംഗ് ലൈൻ എവിടെയും കാണാത്തതിനാൽ, താൻ ദീർഘവും കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ ഓട്ടത്തിലാണെന്ന് അവൾ മനസ്സിലാക്കി. പിന്മാറുന്നതിനു പകരം അവൾ ഓടിക്കൊണ്ടേയിരുന്നു. ആകസ്മികമായ ഹാഫ് മാരത്തണർ തന്റെ 13.1 മൈൽ ഓട്ടം പൂർത്തിയാക്കി 2,111 ഫിനിഷർമാരിൽ 1,885-ആം സ്ഥാനത്തെത്തി. അതാണ് സ്ഥിരോത്സാഹം!

പീഡനത്തിനിരയായപ്പോൾ, ഒന്നാം നൂറ്റാണ്ടിലെ പല ക്രിസ്തു വിശ്വാസികളും ക്രിസ്തുവിനുവേണ്ടിയുള്ള ഓട്ടത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിച്ചു, എന്നാൽ ഓടിക്കൊണ്ടിരിക്കാൻ യാക്കോബ് അവരെ പ്രോത്സാഹിപ്പിച്ചു. അവർ ക്ഷമയോടെ പരിശോധനകൾ സഹിച്ചാൽ, ദൈവം ഇരട്ടിയായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നോർമ്മിപ്പിച്ചു (യാക്കോബ് 1:4, 12). ഒന്നാമതായി, “അവർ സ്ഥിരത ഉള്ളവരാകും’’ അങ്ങനെ അവർ “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും’’ (വാ. 4) ആകും. രണ്ടാമതായി, ദൈവം അവർക്ക് “ജീവ കിരീടം’’ നൽകും - ഭൂമിയിലെ യേശുവിലുള്ള ജീവിതവും വരാനിരിക്കുന്ന ജീവിതത്തിൽ അവന്റെ സാന്നിധ്യത്തിലായിരിക്കുമെന്ന വാഗ്ദത്തവും (വാ. 12).

ചില ദിവസങ്ങളിൽ, ക്രിസ്തീയ ഓട്ടം നാം പേരുകൊടുത്ത ഒന്നല്ലെന്ന് തോന്നിപ്പോകാറുണ്ട് - അത് നാം പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയതും കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ കാര്യമായി തോന്നും. എന്നാൽ ദൈവം നമുക്കാവശ്യമായത് പ്രദാനം ചെയ്യുന്നതിനാൽ നമുക്ക് സ്ഥിരോത്സാഹത്തോടെ ഓടാൻ കഴിയും.

 

മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുക

ഫിലിപ്പിന്റെ പിതാവ് കടുത്ത മാനസിക രോഗത്തെത്തുടർന്ന് വീട് വിട്ട് തെരുവിൽ അലഞ്ഞു നടന്നു. സിൻഡിയും അവളുടെ ഇളയ മകൻ ഫിലിപ്പും അയാളെ അന്വേഷിച്ച് ഒരു ദിവസം ചെലവഴിച്ചതിന് ശേഷം, ഫിലിപ്പ് പിതാവിന്റെ ക്ഷേമത്തിൽ ഉത്ക്കണ്ഠാകുലനായി. പിതാവും വീടില്ലാത്ത മറ്റുള്ളവരും സുരക്ഷിതരാണോ എന്ന് അവൻ അമ്മയോട് ചോദിച്ചു. പ്രതികരണമായി, പ്രദേശത്തെ ഭവനരഹിതരായ ആളുകൾക്ക് പുതപ്പുകളും മറ്റുപകരണങ്ങളും ശേഖരിക്കാനും വിതരണം ചെയ്യാനും അവർ ശ്രമം ആരംഭിച്ചു. ഒരു ദശാബ്ദത്തിലേറെയായി, സിൻഡി ഇത് തന്റെ ജീവിത ദൗത്യമായി കണക്കാക്കുന്നു, ഉറങ്ങാൻ സുരക്ഷിതമായ ഇടമില്ലാത്തതിന്റെ ബുദ്ധിമുട്ടിലേക്ക് അവളെ ഉണർത്തുന്നതിന് മകനും ദൈവത്തിലുള്ള അവളുടെ അഗാധമായ വിശ്വാസവും കാരണമായി.

മറ്റുള്ളവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ ബൈബിൾ പണ്ടേ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പുറപ്പാട് പുസ്തകത്തിൽ, ദരിദ്രരായ ആളുകളുമായി നമ്മുടെ സമൃദ്ധി പങ്കുവയ്ക്കുന്നതിന് മോശെ ഒരു കൂട്ടം തത്ത്വങ്ങൾ രേഖപ്പെടുത്തുന്നു. മറ്റൊരാളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നാം പ്രേരിപ്പിക്കപ്പെടുമ്പോൾ, നമ്മൾ “അതിനെ ഒരു ബിസിനസ്സ് ഇടപാടായി കണക്കാക്കരുത്’’ കൂടാതെ അതിൽ നിന്ന് ലാഭമോ നേട്ടമോ ഉണ്ടാക്കരുത് (പുറപ്പാട് 22:25). ഒരു വ്യക്തിയുടെ വസ്ത്രം പണയമായി എടുത്താൽ, അത് സൂര്യാസ്തമയത്തോടെ തിരികെ നൽകണം, കാരണം നിങ്ങളുടെ അയൽക്കാരന്റെ ഒരേയൊരു പുതപ്പ് ആ മേലങ്കിയാണ്. അവർക്ക് മറ്റെന്താണ് പുതച്ച് ഉറങ്ങാൻ കഴിയുക? (വാ. 27).

ദുരിതമനുഭവിക്കുന്നവരുടെ വേദന എങ്ങനെ ലഘൂകരിക്കാമെന്ന് കാണാൻ നമ്മുടെ കണ്ണും ഹൃദയവും തുറക്കാൻ നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. പലരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ നാം ആഗ്രഹിച്ചാലും - സിൻഡിയും ഫിലിപ്പയും ചെയ്തതുപോലെ - അല്ലെങ്കിൽ ഒരു വ്യക്തിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ നാം ശ്രമിച്ചാലും, അവരോട് മാന്യമായും കരുതലോടെയും പെരുമാറുന്നതിലൂടെ നാം ദൈവത്തെ ബഹുമാനിക്കുന്നു.

 

ദൈവത്തിന്റെ ജ്ഞാനം ജീവിതങ്ങളെ രക്ഷിക്കുന്നു

ഒരു തപാൽ ജീവനക്കാരി തന്റെ ഉപഭോക്താക്കളിൽ ഒരാളുടെ മെയിൽ കുമിഞ്ഞുകൂടുന്നത് കണ്ട് ആശങ്കാകുലയായി. പ്രായമായ സ്ത്രീ തനിച്ചാണ് താമസിക്കുന്നതെന്നും എല്ലാ ദിവസവും അവളുടെ തപാൽ എടുക്കാറുണ്ടെന്നും തപാൽ ജീവനക്കാരിക്ക് അറിയാമായിരുന്നു. ബുദ്ധിപൂർവ്വം പ്രവർത്തിച്ചുകൊണ്ട് ആ സ്ത്രീയുടെ അയൽക്കാരിൽ ഒരാളോട് ആ അവൾ തന്റെ ആശങ്ക പറഞ്ഞു. ഈ അയൽക്കാരൻ, സ്ത്രീയുടെ വീടിന്റെ മറ്റൊരു താക്കോൽ കൈവശം ഉണ്ടായിരുന്ന മറ്റൊരു അയൽവാസിയെ വിവരം അറിയിച്ചു, അവർ ഒരുമിച്ച് അവരുടെ സുഹൃത്തിന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ അവൾ തറയിൽ കിടക്കുന്നതായി കണ്ടു. നാല് ദിവസം മുമ്പ് അവൾ തറയിൽ വീണു, എഴുന്നേൽക്കാനോ സഹായത്തിനായി വിളിക്കാനോ കഴിഞ്ഞില്ല. തപാൽ ജീവനക്കാരിയുടെ വിവേകവും ഉത്കണ്ഠയും പ്രവർത്തിക്കാനുള്ള തീരുമാനവും അവളുടെ ജീവൻ രക്ഷിച്ചു.

സദൃശവാക്യങ്ങൾ പറയുന്നു, “ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു’’ (11:30). ശരി ചെയ്യുന്നതിൽ നിന്നും ദൈവത്തിന്റെ ജ്ഞാനത്തിനനുസരിച്ച് ജീവിക്കുന്നതിൽനിന്നും ലഭിക്കുന്ന വിവേചനബുദ്ധി നമ്മെ മാത്രമല്ല, നാം കണ്ടുമുട്ടുന്നവരെയും അനുഗ്രഹിക്കും. അവനെയും അവന്റെ വഴികളെയും ബഹുമാനിക്കുന്ന വിധത്തിൽ ജീവിക്കുന്നതിന്റെ ഫലം നല്ലതും ഉന്മേഷദായകവുമായ ഒരു ജീവിതമാണ്. ആ ഫലം മറ്റുള്ളവരെക്കുറിച്ച് കരുതാനും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു.

സദൃശവാക്യങ്ങളുടെ എഴുത്തുകാരൻ പുസ്തകത്തിലുടനീളം ഉറപ്പിച്ചുപറയുന്നതുപോലെ, ദൈവത്തിൽ ആശ്രയിക്കുന്നതാണ് ജ്ഞാനം. ജ്ഞാനം “മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല’’ (8:11). ദൈവം നൽകുന്ന ജ്ഞാനം നമ്മുടെ ജീവിതത്തിലുടനീളം നമ്മെ നയിക്കും. അത് നിത്യതയിലേക്ക് ഒരു ജീവനെ നേടും.