2000-ലെ പുതുവത്സരത്തലേന്ന് ഡിട്രോയിറ്റിലെ ഉദ്യോഗസ്ഥർ നൂറു വർഷം പഴക്കമുള്ള ഒരു ടൈം ക്യാപ്‌സ്യൂൾ ശ്രദ്ധാപൂർവ്വം തുറന്നു. സമൃദ്ധിയുടെ ദർശനങ്ങൾ പ്രകടിപ്പിക്കുന്ന ചില നഗര നേതാക്കളുടെ പ്രതീക്ഷാജനകമായ പ്രവചനങ്ങളായിരുന്നു ചെമ്പ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും, മേയറുടെ സന്ദേശം മറ്റൊരു സമീപനം വാഗ്ദാനം ചെയ്തു. അദ്ദേഹം എഴുതി, ”മറ്റെല്ലാറ്റിനെക്കാളും ശ്രേഷ്ഠമായ ഒരു പ്രത്യാശ ഞങ്ങൾ പ്രകടിപ്പിക്കട്ടെ . . . ഒരു രാജ്യമായും ജനമായും നഗരമായും നിങ്ങൾ നീതിയിൽ വളർന്നിരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കും, കാരണം ഇതാണ് ഒരു ജനതയെ ഉയർത്തുന്നത്.”

വിജയം, സന്തോഷം, സമാധാനം എന്നിവയെക്കാളും, ഭാവിയിലെ പൗരന്മാർ യഥാർത്ഥത്തിൽ നീതിയും നേരും ഉള്ളവരായിരിക്കുക എന്നതിൽ വളരണമെന്ന് മേയർ ആശംസിച്ചു. തന്റെ നീതിക്കായി കാംക്ഷിക്കുന്നവരെ അനുഗ്രഹിച്ച യേശുവിൽ നിന്നായിരിക്കാം അദ്ദേഹം തന്റെ ആശയം സ്വീകരിച്ചത് (മത്തായി 5:6). എന്നാൽ ദൈവത്തിന്റെ പൂർണ്ണതയുള്ള നിലവാരം പരിഗണിക്കുമ്പോൾ നിരുത്സാഹപ്പെടാൻ എളുപ്പമാണ്.

വളരാൻ നമ്മുടെ സ്വന്തം പ്രയത്‌നത്തിൽ ആശ്രയിക്കേണ്ടതില്ല എന്നതിന് ദൈവത്തെ സ്തുതിക്കുക. എബ്രായലേഖന കർത്താവ് ഇപ്രകാരം പറഞ്ഞു: ”സമാധാനത്തിന്റെ ദൈവം  നിങ്ങളെ അവന്റെ ഇഷ്ടം ചെയ്വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ’’ (എബ്രായർ 13:20-21). ക്രിസ്തുവിലുള്ള നാം അവനിൽ വിശ്വസിക്കുന്ന നിമിഷം അവന്റെ രക്തത്താൽ വിശുദ്ധീകരിക്കപ്പെടുന്നു (വാ. 12), എന്നാൽ ജീവിതകാലം മുഴുവൻ അവൻ നമ്മുടെ ഹൃദയങ്ങളിൽ നീതിയുടെ ഫലം സജീവമായി വളർത്തുന്നു. യാത്രയിൽ നാം പലപ്പോഴും ഇടറിപ്പോകാമെങ്കിലും ദൈവത്തിന്റെ നീതി വാഴുന്ന “വരുവാനുള്ള നഗര’’ത്തിനായി നാം കാത്തിരിക്കുന്നു (വാ. 14).