“ഞാൻ പഴയ ആളല്ല. ഞാൻ ഒരു പുതിയ ആളാണ്.” ഒരു സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളോട് സംസാരിച്ച എന്റെ മകന്റെ ആ ലളിതമായ വാക്കുകൾ ദൈവം അവന്റെ ജീവിതത്തിൽ എത്രമാത്രം മാറ്റം വരുത്തിയെന്ന് കാണിക്കുന്നു. ഒരിക്കൽ ഹെറോയിന് അടിമയായിരുന്ന ജെഫ്രി സ്വയം ഒരു പാപിയായിട്ടാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അവൻ തന്നെത്തന്നെ ദൈവമകനായാണ് കാണുന്നത്.

ബൈബിൾ പറയുന്നു: “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.” (2 കൊരിന്ത്യർ 5:17). നമ്മുടെ ഭൂതകാലത്തിൽ നാം ആരായിരുന്നാലും എന്തെല്ലാം ചെയ്തിട്ടുണ്ടെങ്കിലും, നമ്മുടെ രക്ഷയ്ക്കായി യേശുവിൽ വിശ്വസിക്കുകയും അവന്റെ കുരിശിലൂടെയുള്ള പാപമോചനം സ്വീകരിക്കുകയും ചെയ്യുമ്പോൾ, നാം പുതിയ ഒരാളായി മാറുന്നു. ഏദെൻ തോട്ടം മുതൽ, നമ്മുടെ പാപങ്ങളുടെ കുറ്റബോധം നമ്മെ ദൈവത്തിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു, എന്നാൽ അവൻ ഇപ്പോൾ നമുക്കെതിരായ നമ്മുടെ പാപങ്ങൾ “കണക്കിടാതെ,” “അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു,”  (വാ. 18-19). നാം അവന്റെ പ്രിയപ്പെട്ട മക്കളാണ് (1 യോഹന്നാൻ 3:1-2). അവൻ നമ്മെ കഴുകി വൃത്തിയാക്കി അവന്റെ പുത്രന്റെ സാദൃശ്യത്തിൽ ആക്കിയിരിക്കുന്നു.

യേശു നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും, ദൈവവുമായുള്ള ഒരു പുതിയ ബന്ധത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. നാം ഇനി സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുവാനല്ല, മറിച്ച്, നമുക്ക് വേണ്ടി “മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു” വേണ്ടിയാണ്. (2 കൊരിന്ത്യർ 5: 15). ഈ പുതുവത്സര ദിനത്തിൽ, അവന്റെ രൂപാന്തരപ്പെടുത്തുന്ന സ്നേഹം പുതിയ വ്യക്തിത്വത്തോടും ലക്ഷ്യത്തോടും കൂടി ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് ഓർക്കുക. മറ്റുള്ളവരെ പുതിയ മനുഷ്യരാക്കുവാൻ കഴിവുള്ള നമ്മുടെ രക്ഷകനെ അവർക്ക് കാണിച്ചുകൊടുക്കുവാൻ നമുക്ക് ഇടയാകട്ടെ.