നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജെയിംസ് ബാങ്ക്സ്

കുറ്റംചുമത്തപ്പെട്ടു, മോചിതനായി

“ഞാൻ അങ്ങനെ ചെയ്തിട്ടില്ല!” അത് ഒരു നുണയായിരുന്നു. ദൈവം എന്നെ തടയുന്നതുവരെ ഞാൻ അങ്ങനെ പറഞ്ഞു രക്ഷപ്പെട്ടു. ഞാൻ മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ, ഒരു പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ വാദ്യസംഘത്തിന്റെ പുറകിൽ സ്പിറ്റ്ബോൾ (കടലാസ് ചുരുട്ടി ഉരുണ്ടരൂപത്തിലാക്കി ഒരു കുഴലിലൂടെ തുപ്പുന്ന വിനോദം) ഉപയോഗിച്ചു ശല്യം ചെയ്യുന്ന ഒരു സംഘത്തിന്റെ ഭാഗമായിരുന്നു ഞാൻ. മുൻ നാവികനും അച്ചടക്കത്തിനു പേരുകേട്ടവനുമായിരുന്നു ഞങ്ങളുടെ ഡയറക്ടർ. എനിക്ക് അദ്ദേഹത്തെ ഭയമായിരുന്നു. അതുകൊണ്ട് എന്റെ സംഘാഗംങ്ങൾ എന്നെയും പ്രതിചേർത്തപ്പോൾ, ഞാൻ അതിനെക്കുറിച്ച് അദ്ദേഹത്തോടു നുണ പറഞ്ഞു. പിന്നീടു ഞാൻ എന്റെ പിതാവിനോടും നുണ പറഞ്ഞു. എന്നാൽ ഈ നുണ തുടരാൻ ദൈവം അനുവദിച്ചില്ല. അതിനെക്കുറിച്ചു ശക്തമായ കുറ്റബോധം അവൻ എനിക്കു നൽകി. ആഴ്ചകളോളം എതിർത്തതിനു ശേഷം ഞാൻ വഴങ്ങിക്കൊടുത്തു. ഞാൻ ദൈവത്തോടും എന്റെ പിതാവിനോടും ക്ഷമ ചോദിച്ചു. പിന്നീട്, ഞാൻ എന്റെ ഡയറക്ടറുടെ ഭവനത്തിൽ ചെന്നു കണ്ണീരോടെ തെറ്റ് ഏറ്റുപറഞ്ഞു. ഭാഗ്യവശാൽ, അദ്ദേഹം ദയയും ക്ഷമയും ഉള്ളവനായിരുന്നു.

ആ ഭാരം ഒഴിഞ്ഞപ്പോൾ അനുഭവപ്പെട്ട ശാന്തി ഞാൻ ഒരിക്കലും മറക്കില്ല. ഞാൻ കുറ്റബോധത്തിന്റെ ഭാരത്തിൽ നിന്നു മോചിതനായിരിക്കുന്നു. ആഴ്ചകൾക്കു ശേഷം ഞാൻ ആദ്യമായി സന്തോഷം അനുഭവിച്ചു. തന്റെ ജീവിതത്തിലെ തെറ്റിനെക്കുറിച്ചുള്ള ബോധ്യത്തിന്റെയും ഏറ്റുപറച്ചിലിന്റെയും ഒരു കാലഘട്ടം ദാവീദ് വിവരിക്കുന്നുണ്ട്. “ഞാൻ മിണ്ടാതെയിരുന്നപ്പോൾ . . . എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു” എന്നു അവൻ ദൈവത്തോടു പറയുന്നു. “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു” എന്നു അവൻ തുടരുന്നു (സങ്കീർത്തനങ്ങൾ 32:3-5).

സത്യസന്ധത ദൈവത്തിനു പ്രധാനമാണ്. നമ്മുടെ പാപങ്ങൾ അവനോട് ഏറ്റുപറയണമെന്നും നാം തെറ്റു ചെയ്തവരോടു ക്ഷമ ചോദിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. “നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു” എന്നു ദാവീദ് പ്രഖ്യാപിക്കുന്നു (വാ. 5). ദൈവത്തിന്റെ ക്ഷമയുടെ സ്വാതന്ത്ര്യം അനുഭവിച്ചറിയുന്നത് എത്രയോ നല്ലതാണ്! 

 

പ്രാർത്ഥനയ്ക്കു സമർപ്പിതരാകുക

“അമ്പതു വർഷമായി ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു,” വൃദ്ധ പറഞ്ഞു. എന്റെ സുഹൃത്ത് ലൂ അഗാധമായ നന്ദിയോടെ അവരുടെ കണ്ണുകളിലേക്ക് നോക്കി. തന്റെ പിതാവു വളർന്നതും കൗമാരപ്രായത്തിൽ വിട്ടുപോന്നതുമായ ബൾഗേറിയൻ ഗ്രാമം സന്ദർശിക്കുകയായിരുന്നു അവൻ. യേശുവിൽ വിശ്വസിക്കുന്ന ആ സ്ത്രീ അവന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അയൽപക്കത്താണു താമസിച്ചിരുന്നത്. ഒരു ഭൂഖണ്ഡം അകലെ ലൂവിന്റെ ജനനത്തെക്കുറിച്ചു കേട്ടയുടനെ അവർ അവനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി. ഇപ്പോൾ, അരനൂറ്റാണ്ടിനുശേഷം, അവൻ ഒരു ബിസിനസ്സ് യാത്രയ്ക്കായി ഗ്രാമം സന്ദർശിക്കുകയായിരുന്നു. അവിടെ അവൻ ഒരു കൂട്ടത്തോടു തന്റെ വിശ്വാസത്തെക്കുറിച്ചു സംസാരിച്ചു. ഏകദേശം മുപ്പതു വയസ്സാകുന്നതുവരെ ലൂ യേശുവിൽ വിശ്വസിച്ചിരുന്നില്ല. അവൻ സംസാരിച്ചതിനു ശേഷം ആ സ്ത്രീ അവനെ സമീപിച്ചപ്പോൾ, വിശ്വാസത്തിലേക്കുള്ള തന്റെ വരവിൽ അവരുടെ നിരന്തരമായ പ്രാർത്ഥനകൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അവൻ ആശ്ചര്യപ്പെട്ടു.

സ്വർഗ്ഗത്തിന്റെ ഇങ്ങേ വശത്തു സംഭവിക്കുന്ന നമ്മുടെ പ്രാർത്ഥനയുടെ പൂർണ്ണമായ ഫലം നാം ഒരിക്കലും അറിയുകയില്ല. എന്നാൽ തിരുവെഴുത്ത് നമുക്ക് ഈയൊരു ഉപദേശം നൽകുന്നു: “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ” (കൊലൊസ്യർ 4:2). ചെറിയ നഗരമായ കൊലൊസ്യയിലെ വിശ്വാസികൾക്കു പൗലൊസ് ആ വാക്കുകൾ എഴുതിയപ്പോൾ, താൻ പോകുന്നിടത്തെല്ലാം ദൈവസന്ദേശത്തിനായി “വാതിൽ തുറന്നുതരാൻ” (വാ. 3) തന്നെയും പ്രാർത്ഥനയിൽ ഓർക്കാൻ അപേക്ഷിക്കുന്നു.

പ്രാർത്ഥന എന്ന ആത്മീയ വരം എനിക്കില്ല എന്നു ചിലപ്പോൾ നാം ചിന്തിച്ചേക്കാം. എന്നാൽ വേദപുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന എല്ലാ ആത്മീയ വരങ്ങളിലും പ്രാർത്ഥന ഉൾപ്പെടുന്നില്ല. അവനു മാത്രം ചെയ്യാൻ കഴിയുന്നതു നാം കാണേണ്ടതിനു നാം ഓരോരുത്തരും വിശ്വസ്തതയോടെ പ്രാർത്ഥിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കാം ഇത്. 

 

ഉദാരമായ ദാനവും പങ്കുവയ്ക്കലും

ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ ധാരാളം കടങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. കുറഞ്ഞ പലിശനിരക്കിൽ ലോണെടുത്ത് കടം വീട്ടുവാൻ ഞങ്ങൾ പ്രാദേശിക ബാങ്കിൽ ലോണിന് അപേക്ഷിച്ചു, പക്ഷേ ഞങ്ങൾ ആ നഗരത്തിൽ അധികകാലം താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്തിട്ടില്ലാത്തതിനാൽ ലോണ്‍ നിരസിക്കപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഞങ്ങളുടെ സഭയിലെ ഒരു എൽഡറായിരുന്ന എന്റെ സുഹൃത്തിനോട് ഞാൻ കാര്യം പറഞ്ഞു. “ഞാനിത് എന്റെ ഭാര്യയോട് പറയട്ടെ” എന്ന് അദ്ദേഹം പോകുന്ന സമയത്ത് പറഞ്ഞു.

ഏതാനും മണിക്കൂറുകൾക്ക് ശേഷം ഫോൺ ബെല്ലടിച്ചു. അത് എന്റെ സുഹൃത്തായിരുന്നു: “ഞാനും ഭാര്യയും നിങ്ങൾക്ക് ആവശ്യമുള്ള പണം പലിശ ഇല്ലാതെ കടം തരാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം വാഗ്ദാനം ചെയ്തു. എന്താണ് പറയേണ്ടതെന്ന് അറിയാതെ ഞാൻ പ്രതികരിച്ചു: “എനിക്ക് നിങ്ങളോട് അങ്ങനെ ചോദിക്കാൻ കഴിയില്ല.” “നിങ്ങൾ ചോദിക്കുന്നില്ല!” എന്റെ സുഹൃത്ത് സന്തോഷത്തോടെ മറുപടി പറഞ്ഞു. അവർ ദയാപൂർവം ഞങ്ങൾക്ക് കടം തന്നു, ഞാനും എന്റെ ഭാര്യയും കഴിയുന്നത്ര വേഗത്തിൽ അവർക്ക് ആ പണം തിരികെ നൽകി. ദൈവത്തോടുള്ള സ്നേഹം നിമിത്തമാണ് ഈ സുഹൃത്തുക്കൾ ഉദാരമതികളായിത്തീർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ ഗ്രന്ഥം നമ്മോട് പറയുന്നതുപോലെ, “കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും” (സങ്കീർത്തനം 112:5). ദൈവത്തിൽ ആശ്രയിക്കുന്നവർക്ക്, അവരുടെ ജീവിതത്തിലെ എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണെന്ന് മനസ്സിലാക്കുന്നതുകൊണ്ട്, “സ്ഥിരമായ,” “ഉറപ്പുള്ള” ഹൃദയങ്ങൾ ഉണ്ടായിരിക്കും (വാ. 7-8).

ദൈവം നമ്മോട് ഉദാരമനസ്കനാണ്, നമുക്ക് ജീവനും പാപക്ഷമയും നൽകുന്നു. ദൈവസ്നേഹവും, നമ്മുടെ വിഭവങ്ങളും ആവശ്യമുള്ളവരുമായി പങ്കുവെക്കുന്നതിൽ നമുക്ക് ഔദാര്യം കാണിക്കാം.

 

സ്തുതിയുടെ താഴ്വര

നാലാം ദിവസം അവർ ബെരാഖാതാഴ്വരയിൽ ഒന്നിച്ചുകൂടി. [ 2 ദിനവൃത്താന്തം 20:26 ]

സ്തുതിയുടെ താഴ്വര

കവി വില്യം കൗപ്പർ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിഷാദരോഗിയായാണ് ജീവിച്ചത്. ഒരിക്കൽ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ അദ്ദേഹത്തെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ അവിടെവെച്ച് ഒരു ക്രിസ്തീയ ഡോക്ടറുടെ പരിചരണത്തിലൂടെ കൗപ്പർ യേശുവിൽ ഊഷ്മളവും സുപ്രധാനവുമായ വിശ്വാസം കൈവരിച്ചു. താമസിയാതെ, കൗപ്പർ പാസ്റ്ററും ഗാനരചയിതാവുമായ ജോൺ ന്യൂട്ടനുമായി പരിചയപ്പെട്ടു. അവരുടെ സഭയ്ക്കുവേണ്ടി ഒരു ആരാധനാഗീതം എഴുതുന്നതിൽ സഹകരിക്കാൻ ന്യൂട്ടൺ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. കൗപ്പർ എഴുതിയ സ്തുതിഗീതങ്ങളിൽ ഒന്നായിരുന്നു “ദൈവം നിഗൂഢമായ വഴിയിൽ നീങ്ങുന്നു’’ (God Moves in a Mysterious Way) എന്ന ഗാനം. തന്റെ തീവ്രാനുഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്കുകൾ ആയിരുന്നു അവ: “ഭയചകിതരായ വിശുദ്ധന്മാരേ, ധൈര്യം ഏറ്റെടുക്കൂ; നിങ്ങൾ വളരെയധികം ഭയപ്പെടുന്ന മേഘങ്ങൾ കരുണയാൽ വിജൃംഭിതമാണ്, അവ നിങ്ങളുടെ ശരിസ്സിൽ അനുഗ്രഹമാരി ചൊരിയും.’’

കൗപ്പറിനെപ്പോലെ, യെഹൂദയിലെ ജനങ്ങളും ദൈവത്തിന്റെ ദയ അപ്രതീക്ഷിതമായി അനുഭവിച്ചു. ശത്രുക്കളുടെ സഖ്യസൈന്യം അവരുടെ രാജ്യത്തെ ആക്രമിച്ചപ്പോൾ, യെഹോശാഫാത്ത് രാജാവ് ജനങ്ങളെ പ്രാർത്ഥനയ്ക്കായി വിളിച്ചുകൂട്ടി. യെഹൂദയുടെ സൈന്യം യുദ്ധത്തിനു പുറപ്പെട്ടപ്പോൾ, മുൻനിരയിലുള്ള ആളുകൾ ദൈവത്തെ സ്തുതിക്കാനാരംഭിച്ചു (2 ദിനവൃത്താന്തം 20:21). ആക്രമിക്കാനെത്തിയ സൈന്യങ്ങൾ പരസ്പരം ആക്രമിച്ചു, “ഒരുത്തനും ചാടിപ്പോയിരുന്നില്ല. ... കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു” (വാ. 24-25).

നാലാം ദിവസം, ദൈവജനത്തിനെതിരെ ശത്രുശക്തികൾ ഒരുമിച്ചു കൂടിവന്ന സ്ഥലം ബെരാഖാ താഴ്വര (വാക്യം 26) എന്ന് വിളിക്കപ്പെട്ടു—അതിനർത്ഥം “സ്തുതിയുടെ താഴ്വര” അല്ലെങ്കിൽ “അനുഗ്രഹത്തിന്റെ താഴ്വര” എന്നാണ്. എന്തൊരു മാറ്റമാണത്! നമ്മുടെ ഏറ്റവും ദുഷ്കരമായ താഴ്വരകളെപ്പോലും നാം അവനു നൽകുമ്പോൾ സ്തുതിയുടെ സ്ഥലങ്ങളാക്കി മാറ്റാൻ ദൈവത്തിന്റെ കരുണയ്ക്കു കഴിയും. ജെയിംസ് ബാങ്ക്സ്

നിങ്ങളുടെ ജീവിതത്തിലെ പ്രയാസങ്ങളിൽ നിന്ന് ദൈവം
നന്മ ഉളവാക്കുന്നത് നിങ്ങൾ എങ്ങനെയാണ് കണ്ടിട്ടുള്ളത്?
ഇന്ന് നിങ്ങൾക്ക് അവനോട് നന്ദി പറയാൻ എന്താണുള്ളത്?

സ്നേഹമുള്ള ദൈവമേ, നിന്റെ സ്നേഹത്തേക്കാൾ ആഴമുള്ള
ഒരു താഴ്വരയും ഇല്ല എന്നതിനാൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു.

ഉടമസ്ഥനോ കാര്യസ്ഥനോ?

“ഞാൻ ഒരു ഉടമസ്ഥനാണോ അതോ കാര്യസ്ഥനാണോ?” ബില്യൺ കണക്കിന് ഡോളർ ആസ്തിയുള്ള ഒരു കമ്പനിയുടെ സി ഇ ഒ ആയ മനുഷ്യൻ തന്റെ കുടുംബത്തിന്റെ നന്മയെക്കുറിച്ച് ചിന്തിച്ചപ്പോൾ സ്വയം ചോദിച്ച ചോദ്യമാണിത്. ഒത്തിരി ധനം കുമിഞ്ഞുകൂടുമ്പോൾ ഉണ്ടാകാവുന്ന പ്രലോഭനങ്ങളെക്കുറിച്ച് വിചാരിച്ചപ്പോൾ, തന്റെ കുടുംബത്തിലെ തുടർന്നുള്ള അവകാശികൾക്ക് ഈ വെല്ലുവിളി ഉണ്ടാകരുത് എന്നദ്ദേഹം കരുതി. അതുകൊണ്ട് അദ്ദേഹം കമ്പനിയുടെ ഉടമസ്ഥാവകാശം ഉപേക്ഷിച്ച്, 100 ശതമാനം ആസ്തിയും ഒരു ട്രസ്റ്റിനെ ഏല്പിച്ചു. സകലതും ദൈവത്തിന്റെ വകയാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് അദ്ധ്വാനം കൊണ്ട് ജീവിതമാർഗ്ഗം കണ്ടെത്താനും മിച്ചമുള്ളവ സൂക്ഷിച്ചുവെക്കാതെ ക്രിസ്തീയ ശുശ്രൂഷകൾക്കായി നല്കാനും ആ കുടുംബത്തെ സ്വാധീനിക്കാൻ അദ്ദേഹത്തിനായി.

സങ്കീ. 50:10 ൽ ദൈവം തന്റെ ജനത്തോട് പറയുന്നു: “കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.” സകലത്തിന്റെയും സ്രഷ്ടാവായ ദൈവം നമ്മോട് എന്തെങ്കിലും കടപ്പെട്ടിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. “നിന്റെ വീട്ടിൽ നിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽ നിന്നു കോലാട്ടു കൊറ്റന്മാരെയോ ഞാൻ എടുക്കുകയില്ല” (വാ. 9) എന്ന് അവിടുന്ന് പറയുന്നു. നമുക്കുള്ളതും നാം ഉപയോഗിക്കുന്നതും അദ്ധ്വാനിച്ച് സമ്പാദിക്കാനുള്ള കഴിവും ശക്തിയും എല്ലാം ദൈവം ഔദാര്യമായി നല്കുന്നതാണ്. അതുകൊണ്ട്, നമ്മുടെ ഹൃദയപൂർവ്വമായ ആരാധന അവിടുത്തേക്ക് അവകാശപ്പെട്ടതാണെന്ന് സങ്കീർത്തനം കാണിച്ചുതരുന്നു. സകലത്തിന്റെയും ഉടമസ്ഥൻ ദൈവമാണ്. എന്നാൽ അവിടുത്തെ നന്മയാൽ, അവങ്കലേക്ക് തിരിയുന്ന ഏവനും അവനുമായി വ്യക്തിബന്ധം സാധ്യമാകും വിധം ദൈവം തന്നെത്തന്നെ — യേശുവിനെ — നമുക്കായി നല്കി.

യേശു “ശുശ്രൂഷ ചെയ്യിക്കുവാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും അത്രേ വന്നത്” (മർക്കൊസ് 10:45). ദാനങ്ങളേക്കാൾ അവ നല്കിയവനെ വിലമതിച്ച് സേവിക്കുമ്പോൾ അവനിൽ നിരന്തരം ആനന്ദിക്കാനുള്ള അനുഗ്രഹം നമുക്ക് ലഭിക്കും.

അളക്കാവുന്നതിലും അപ്പുറമുള്ള സ്നേഹം

“ഞാൻ നിന്നെ എങ്ങനെ സ്നേഹിക്കുന്നു? ആ വഴികൾ ഞാൻ എണ്ണട്ടെ.” എലിസബത്ത് ബാരറ്റ് ബ്രൗണിങ്ങിന്റെ സോണറ്റ്സ് ഫ്രം ദ് പോർച്ചുഗീസ് -ൽ നിന്നുള്ള ആ വരികൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പ്രശസ്തമായ കവിതകളിൽ ഒന്നാണ്. അവർ വിവാഹിതരാകുന്നതിന് മുമ്പ് റോബർട്ട് ബ്രൗണിങ്ങിന് അവൾ അവ എഴുതി. അവൻ അവളുടെ മുഴുവൻ കവിതാസമാഹാരവും പ്രസിദ്ധീകരിക്കാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ ആ ചെറുകവിതകളുടെ ഭാഷ വളരെ വൈകാരികമായതിനാൽ, വ്യക്തിപരമായ സ്വകാര്യതയ്ക്കായി ബാരറ്റ് അവ ഒരു പോർച്ചുഗീസ് എഴുത്തുകാരന്റെ വിവർത്തനം പോലെ പ്രസിദ്ധീകരിച്ചു.

മറ്റുള്ളവരോടുള്ള സ്നേഹം തുറന്നു പറയുമ്പോൾ ചിലപ്പോൾ നമുക്ക് അസ്വ സ്ഥത തോന്നാം. എന്നാൽ ബൈബിളിൽ, ദൈവസ്നേഹം പ്രകടിപ്പിക്കുന്നത് മൂടിവയ്ക്കുന്നില്ല. തന്റെ ജനത്തോടുള്ള ദൈവത്തിന്റെ വാത്സല്യം ഈ ആർദ്രമായ വാക്കുകളിലൂടെ യിരെമ്യാവ് വിവരിച്ചു: “നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.” (യിരെമ്യാവ് 31:3). അവന്റെ ജനം അവനിൽ നിന്ന് അകന്നെങ്കിലും, അവരെ പുനഃസ്ഥാപിക്കുമെന്നും വ്യക്തിപരമായി അവരെ അടുപ്പിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തു. “ഞാൻ യിസ്രായേലിന്നു വിശ്രാമം വരുത്തുവാൻ പോകുന്നു,” അവൻ അവരോട് പറഞ്ഞു (വാ. 2 ).

തന്നിലേക്ക് തിരിയുന്ന ഏവർക്കും സമാധാനവും സ്വസ്ഥതയും നൽകുന്ന ദൈവത്തിന്റെ സ്നേഹത്തിന്റെ ആത്യന്തിക പ്രകടനമാണ് യേശു—പുൽത്തൊട്ടിയിൽ നിന്ന് ക്രൂശിലേക്കും, അവിടെനിന്ന് ശൂന്യമായ കല്ലറയിലേക്കും. വഴിതെറ്റിയ ലോകത്തെ തന്നിലേക്ക് വിളിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹത്തിന്റെ ആൾരൂപമാണ് അവൻ. ബൈബിൾ ആദിയോടന്തം വായിക്കുക, നിങ്ങൾ വീണ്ടും വീണ്ടും ദൈവസ്നേഹത്തിന്റെ “വഴികൾ എണ്ണും.” എന്നാൽ അവ ശാശ്വതമായതിനാൽ, നിങ്ങൾ ഒരിക്കലും അവ എണ്ണിത്തീരുകയില്ല. 

- ജെയിംസ് ബാങ്ക്സ്

ക്രിസ്തുമസ് നക്ഷത്രം

“നീ ആ നക്ഷത്രം കണ്ടെത്തുകയാണെങ്കിൽ, നിനക്ക് എല്ലായ്‌പ്പോഴും വീട്ടിലേക്കുള്ള വഴി കണ്ടെത്താനാകും.’’ കുട്ടിക്കാലത്ത് ധ്രുവനക്ഷത്രം എങ്ങനെ കണ്ടെത്താമെന്ന് എന്നെ പഠിപ്പിച്ചപ്പോൾ പിതാവ് പറഞ്ഞ വാക്കുകളായിരുന്നു അത്. പിതാവ് യുദ്ധസമയത്ത് സായുധ സേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, രാത്രി ആകാശത്തെ നോക്കിക്കൊണ്ടു സഞ്ചരിക്കാൻ കഴിയുന്നതിനെ ആശ്രയിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അതിനാൽ, നിരവധി നക്ഷത്രസമൂഹങ്ങളുടെ പേരുകളും സ്ഥാനങ്ങളും എനിക്കറിയാമെന്ന് അദ്ദേഹം ഉറപ്പു വരുത്തി, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം പോളാരിസിനെ (ഉത്തരധ്രുവ നക്ഷത്രം) കണ്ടെത്താൻ എനിക്കു കഴിയുന്നുണ്ടോ എന്നതായിരുന്നു. ആ നക്ഷത്രത്തിന്റെ സ്ഥാനം അറിയുന്നത് അർത്ഥമാക്കുന്നത് ഞാൻ എവിടെയായിരുന്നാലും ദിശാബോധം നേടാനും ഞാൻ എത്തേണ്ട സ്ഥലം കണ്ടെത്താനും എനിക്ക് കഴിയും എന്നാണ്. 
സുപ്രധാനമായ മറ്റൊരു നക്ഷത്രത്തെക്കുറിച്ച് തിരുവെഴുത്ത് പറയുന്നു. ''കിഴക്കുനിന്നുള്ള വിദ്വാന്മാർ'' (ഇന്ന് ഇറാനും ഇറാഖും വലയം ചെയ്യുന്ന ഒരു പ്രദേശത്തു നിന്നുള്ളവർ) തന്റെ ജനത്തിന് ദൈവത്തിന്റെ രാജാവായിരിക്കേണ്ടവന്റെ ജനനത്തിന്റെ അടയാളങ്ങൾ ആകാശത്ത് നിരീക്ഷിച്ചുകൊണ്ടിരുന്നു. അവർ യെരൂശലേമിൽ വന്നു ചോദിച്ചു: “യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്‌കരിപ്പാൻ വന്നിരിക്കുന്നു'' (മത്തായി 2:1-2). 
ബെത്‌ലഹേമിലെ നക്ഷത്രം പ്രത്യക്ഷപ്പെടാൻ കാരണമെന്താണെന്ന് ജ്യോതിശാസ്ത്രജ്ഞർക്ക് അറിയില്ല, എന്നാൽ ലോകത്തിന് യേശുവിനെ –“ശുഭ്രമായ ഉദയ നക്ഷത്രം’’ - ചൂണ്ടിക്കാണിക്കാൻ അതിനെ ദൈവം സൃഷ്ടിച്ചുവെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു (വെളിപ്പാട് 22:16). നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാനും ദൈവത്തിലേക്ക് തിരികെ നയിക്കാനുമാണ് ക്രിസ്തു വന്നത്. അവനെ പിന്തുടരുക, നിങ്ങൾ വീട്ടിലേക്കുള്ള വഴി കണ്ടെത്തും. 

മുൻവിധിയും ദൈവസ്‌നേഹവും

''ഞാൻ പ്രതീക്ഷിച്ചതുപോലെയല്ല നീ. നിന്നെ വെറുക്കുമെന്ന് ഞാൻ കരുതി, പക്ഷേ ഞാൻ അങ്ങനെ ചെയ്യുന്നില്ല.'' യുവാവിന്റെ വാക്കുകൾ പരുഷമായി തോന്നിയെങ്കിലും യഥാർത്ഥത്തിൽ ദയ കാണിക്കാനുള്ള ശ്രമമായിരുന്നു അത്. പതിറ്റാണ്ടുകൾക്ക് മുമ്പ് എന്റെ സ്വന്തം രാജ്യവുമായി യുദ്ധം ചെയ്തിരുന്ന അദ്ദേഹത്തിന്റെ രാജ്യത്ത് ഞാൻ വിദേശ വിദ്യാർത്ഥിയായി പഠിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ക്ലാസ്സിൽ ഒരു ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു, അവന്റെ അകല്ച ഞാൻ ശ്രദ്ധിച്ചു. ഞാൻ അവനെ ഏതെങ്കിലും വിധത്തിൽ വ്രണപ്പെടുത്തിയോ എന്ന് ഞാൻ ചോദിച്ചപ്പോൾ, അവൻ മറുപടി പറഞ്ഞു ''ഒട്ടും ഇല്ല . . . . പിന്നെ ഇതാണ് കാര്യം. ആ യുദ്ധത്തിൽ എന്റെ മുത്തച്ഛൻ കൊല്ലപ്പെട്ടു, അതിന്റെ പേരിൽ ഞാൻ നിങ്ങളുടെ ജനങ്ങളെയും നിങ്ങളുടെ രാജ്യത്തെയും വെറുത്തു. എന്നാൽ ഇപ്പോൾ ഞാൻ കാണുന്നു, നമുക്ക് എത്രത്തോളം പൊതുവായുണ്ട്, അത് എന്നെ അത്ഭുതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് നമുക്ക് സുഹൃത്തുക്കളാകാൻ കഴിയാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.'' 
മുൻവിധികൾക്ക് മനുഷ്യരാശിയോളം പഴക്കമുണ്ട്. രണ്ട് സഹസ്രാബ്ദങ്ങൾക്കുമുമ്പ്, നസ്രേത്തിൽ ജീവിക്കുന്ന യേശുവിനെക്കുറിച്ച് നഥനയേൽ ആദ്യമായി കേട്ടപ്പോൾ, അദ്ദേഹത്തിന്റെ പക്ഷപാതം പ്രകടമായിരുന്നു: ''നസറെത്തിൽനിന്നു വല്ല നന്മയും വരുമോ?’’ അവൻ ചോദിച്ചു (യോഹന്നാൻ 1:46). നഥനയേൽ യേശുവിനെപ്പോലെ ഗലീലി പ്രദേശത്താണ് താമസിച്ചിരുന്നത്. ദൈവത്തിന്റെ മശിഹാ മറ്റൊരിടത്തുനിന്നു വരുമെന്ന് അവൻ വിചാരിച്ചിരിക്കാം; മറ്റ് ഗലീലക്കാർ പോലും നസ്രേത്തിനെ അവജ്ഞയോടെ വീക്ഷിച്ചു, കാരണം അത് ശ്രദ്ധേയമല്ലാത്ത ഒരു ചെറിയ ഗ്രാമമാണെന്ന് തോന്നി. 
ഇത് വളരെ വ്യക്തമാണ്. നഥനയേലിന്റെ പ്രതികരണം, അവനെ സ്‌നേഹിക്കുന്നതിൽ നിന്ന് യേശുവിനെ തടഞ്ഞില്ല, യേശുവിന്റെ ശിഷ്യനായിത്തീർന്നപ്പോൾ അവൻ രൂപാന്തരപ്പെട്ടു. “നീ ദൈവത്തിന്റെ പുത്രനാണ്!’’ നഥനയേൽ പിന്നീട് പ്രഖ്യാപിച്ചു (വാ. 49). ദൈവത്തിന്റെ രൂപാന്തരീകരണ സ്‌നേഹത്തിനെതിരെ നിലകൊള്ളാൻ കഴിയുന്ന ഒരു മുൻവിധിയുമില്ല. 

ദൈവത്തിന്റെ നന്മയെക്കുറിച്ച് പറയുക

ഞങ്ങളുടെ സഭാരാധനയിലെ ഒരു മുഖ്യഭാഗമായിരുന്നു സാക്ഷ്യത്തിനുള്ള സമയം. ആ സമയത്ത്, ദൈവം തങ്ങളുടെ ജീവിതത്തിൽ എങ്ങനെ പ്രവർത്തിച്ചുവെന്ന് ആളുകൾ പങ്കുവെക്കുന്നു. ആന്റി - സിസ്റ്റർ ലാങ്‌ഫോർഡ് എന്നാണ് ഞങ്ങളുടെ സഭാ കുടുംബത്തിൽ അവർ അറിയപ്പെട്ടിരുന്നത്-അവളുടെ സാക്ഷ്യങ്ങളിൽ ധാരാളം സ്തുതികൾ ഉൾക്കൊള്ളിക്കുമായിരുന്നു. അവളുടെ വ്യക്തിപരമായ രൂപാന്തര കഥ അവൾ പങ്കുവെക്കുന്ന അവസരങ്ങളിൽ, അവൾ ആരാധനയുടെ നല്ലൊരു സമയം കവർന്നെടുക്കുമെന്ന് പ്രതീക്ഷിക്കാം. അവളുടെ ജീവിതം കൃപയോടെ മാറ്റിമറിച്ച ദൈവത്തെ സ്തുതിച്ചുകൊണ്ട് അവളുടെ ഹൃദയം നിറഞ്ഞുകവിയുമായിരുന്നു! 
അതുപോലെ, 66-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന്റെ സാക്ഷ്യം, ദൈവം തന്റെ ജനത്തിനുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് സാക്ഷ്യപ്പെടുത്തുമ്പോൾ സ്തുതികൊണ്ട് നിറഞ്ഞിരിക്കുന്നു. ''വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ!'' (വാ. 5). അവന്റെ പ്രവൃത്തികളിൽ അത്ഭുതകരമായ രക്ഷാപ്രവർത്തനം (വാ. 6), സംരക്ഷണം (വാ. 9), പരിശോധനയും ശിക്ഷണവും ഉൾപ്പെടുന്നു, അത് അവന്റെ ജനത്തെ മെച്ചപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുവരുന്നതിൽ കലാശിച്ചു (വാ. 10-12). യേശുവിലുള്ള മറ്റു വിശ്വാസികളുമായി നമുക്ക് പൊതുവായുള്ള ദൈവാനുഭവങ്ങൾ ഉണ്ടെങ്കിലും, നമ്മുടെ വ്യക്തിഗത യാത്രകളിൽ അതുല്യമായ കാര്യങ്ങളും ഉണ്ട്. നിങ്ങളുടെ ജീവിതത്തിൽ ദൈവം തന്നെത്തന്നെ പ്രത്യേകമായി വെളിപ്പെടുത്തിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ അവൻ എങ്ങനെ പ്രവർത്തിച്ചുവെന്ന് കേൾക്കേണ്ട മറ്റുള്ളവരുമായി അവ പങ്കിടുന്നത് പ്രയോജനകരമാണ്. ''സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.'' (വാ. 16). 

ഉദ്യാനത്തിൽ

ക്യാമ്പിംഗ്, മീൻപിടുത്തം, മലകയറ്റം എന്നിവ ആസ്വദിച്ച് ദൈവിക സൃഷ്ടിയിൽ വെളിയിൽ കഴിയുന്നത് എന്റെ പിതാവിന്് ഇഷ്ടമായിരുന്നു. തന്റെ മുറ്റത്തും പൂന്തോട്ടത്തിലും ജോലി ചെയ്യുന്നതും അദ്ദേഹം ആസ്വദിച്ചു. എന്നാൽ ഇതിന് വളരെയധികം ജോലി വേണ്ടിവന്നു! അദ്ദേഹം മണിക്കൂറുകളോളം ചെടി കോതിയും, കിളച്ചും, വിത്തുകളും ചെടികളും നട്ടുപിടിപ്പിച്ചും, കള പറിച്ചും, പുൽത്തകിടി വെട്ടിയും, മുറ്റവും പൂന്തോട്ടവും നനച്ചും സമയം ചെലവഴിച്ചു. അതിന്റെ ഫലം വിലമതിക്കത്തക്കതായിരുന്നു - ഒരു ലാൻഡ്‌സ്‌കേപ്പ് ചെയ്ത പുൽത്തകിടി, രുചിയുള്ള തക്കാളി, മനോഹരമായ സമാധാന റോസാപ്പൂക്കൾ. എല്ലാ വർഷവും അദ്ദേഹം റോസാച്ചെടി നിലത്തോട് ചേർന്ന് വെട്ടിമാറ്റുന്നു, ഓരോ വർഷവും അവ വീണ്ടും വളർന്നു - ഇന്ദ്രിയങ്ങളെ അവയുടെ സൌരഭ്യവും സൌന്ദര്യവും കൊണ്ട് നിറച്ചു. 
ആദാമും ഹവ്വായും ജീവിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ദൈവത്തോടൊപ്പം നടക്കുകയും ചെയ്ത ഏദെൻ തോട്ടത്തെക്കുറിച്ച് ഉല്പത്തിയിൽ നാം വായിക്കുന്നു. അവിടെ, ദൈവം “കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു” (ഉല്പത്തി 2:9). പൂർണ്ണമായ പൂന്തോട്ടത്തിൽ മനോഹരവും മധുരമുള്ളതുമായ പൂക്കളും ഫലങ്ങളും ഉൾപ്പെടുന്നുവെന്ന് ഞാൻ സങ്കൽപ്പിക്കുന്നു-ഒരുപക്ഷേ മുള്ളുകളില്ലാത്ത റോസാപ്പൂക്കൾ പോലും! 
ദൈവത്തിനെതിരായ ആദാമിന്റെയും ഹവ്വായുടെയും മത്സരത്തിനു ശേഷം, അവർ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു, ഇനി അവർ അവരുടെ സ്വന്തം തോട്ടങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്, അതായത് കഠിനമായ നിലം കിളയ്ക്കുക, മുള്ളുകളോട് പോരാടുക, മറ്റ് വെല്ലുവിളികൾ നേരിടുക (3:17-19, 23-24). എന്നിട്ടും ദൈവം അവർക്കുവേണ്ടി കരുതുന്നത് തുടർന്നു (വാ. 21). നമ്മെ തന്നിലേക്ക് ആകർഷിക്കാൻ സൃഷ്ടിയുടെ സൗന്ദര്യമില്ലാതെ അവൻ മനുഷ്യരാശിയെ ഉപേക്ഷിച്ചില്ല (റോമർ 1:20). പൂന്തോട്ടത്തിലെ പൂക്കൾ, ദൈവത്തിന്റെ തുടർച്ചയായ സ്‌നേഹത്തെയും നവീകരിക്കപ്പെട്ട ഒരു സൃഷ്ടിയെക്കുറിച്ചുള്ള വാഗ്ദാനത്തെയും കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു-പ്രത്യാശയുടെയും ആശ്വാസത്തിന്റെയും പ്രതീകങ്ങൾ എന്ന നിലയിൽ!