കവി വില്യം കൗപ്പർ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിഷാദരോഗിയായാണ് ജീവിച്ചത്. ഒരിക്കൽ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ അദ്ദേഹത്തെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ അവിടെവെച്ച് ഒരു ക്രിസ്തീയ ഡോക്ടറുടെ പരിചരണത്തിലൂടെ കൗപ്പർ യേശുവിൽ ഊഷ്മളവും സുപ്രധാനവുമായ വിശ്വാസം കൈവരിച്ചു. താമസിയാതെ, കൗപ്പർ പാസ്റ്ററും ഗാനരചയിതാവുമായ ജോൺ ന്യൂട്ടനുമായി പരിചയപ്പെട്ടു. അവരുടെ സഭയ്ക്കുവേണ്ടി ഒരു ആരാധനാഗീതം എഴുതുന്നതിൽ സഹകരിക്കാൻ ന്യൂട്ടൺ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. കൗപ്പർ എഴുതിയ സ്തുതിഗീതങ്ങളിൽ ഒന്നായിരുന്നു “ദൈവം നിഗൂഢമായ വഴിയിൽ നീങ്ങുന്നു’’ (God Moves in a Mysterious Way) എന്ന ഗാനം. തന്റെ തീവ്രാനുഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്കുകൾ ആയിരുന്നു അവ: “ഭയചകിതരായ വിശുദ്ധന്മാരേ, ധൈര്യം ഏറ്റെടുക്കൂ; നിങ്ങൾ വളരെയധികം ഭയപ്പെടുന്ന മേഘങ്ങൾ കരുണയാൽ വിജൃംഭിതമാണ്, അവ നിങ്ങളുടെ ശരിസ്സിൽ അനുഗ്രഹ മാരി ചൊരിയും.”

കൗപ്പറിനെപ്പോലെ, യെഹൂദയിലെ ജനങ്ങളും ദൈവത്തിന്റെ ദയ അപ്രതീക്ഷിതമായി അനുഭവിച്ചു. ശത്രുക്കളുടെ സഖ്യസൈന്യം അവരുടെ രാജ്യത്തെ ആക്രമിച്ചപ്പോൾ, യെഹോശാഫാത്ത് രാജാവ് ജനങ്ങളെ പ്രാർത്ഥനയ്ക്കായി വിളിച്ചുകൂട്ടി. യെഹൂദയുടെ സൈന്യം യുദ്ധത്തിനു പുറപ്പെട്ടപ്പോൾ, മുൻനിരയിലുള്ള ആളുകൾ ദൈവത്തെ സ്തുതിക്കാനാരംഭിച്ചു (2 ദിനവൃത്താന്തം 20:21). ആക്രമിക്കാനെത്തിയ സൈന്യങ്ങൾ പരസ്പരം ആക്രമിച്ചു, ”ഒരുത്തനും ചാടിപ്പോയിരുന്നില്ല. … കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു” (വാ. 24-25).

നാലാം ദിവസം, ദൈവജനത്തിനെതിരെ ശത്രുശക്തികൾ ഒരുമിച്ചു കൂടിവന്ന സ്ഥലം ബെരാഖാ താഴ്‌വര (വാക്യം 26) എന്ന് വിളിക്കപ്പെട്ടു-അതിനർത്ഥം ”സ്തുതിയുടെ താഴ്‌വര” അല്ലെങ്കിൽ ”അനുഗ്രഹത്തിന്റെ താഴ്‌വര” എന്നാണ്. എന്തൊരു മാറ്റമാണത്! നമ്മുടെ ഏറ്റവും ദുഷ്‌കരമായ താഴ്‌വരകളെപ്പോലും നാം അവനു നൽകുമ്പോൾ സ്തുതിയുടെ സ്ഥലങ്ങളാക്കി മാറ്റാൻ ദൈവത്തിന്റെ കരുണയ്ക്കു കഴിയും.