നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആര്‍തര്‍ ജാക്ക്‌സണ്‍

കടം മായ്ക്കുന്നവന്‍

ഒരു അമേരിക്കന്‍ സര്‍വകലാശാലയില്‍ 2019 ല്‍ നടന്ന ഒരു ബിരുദദാനച്ചടങ്ങില്‍ കാണികളുടെ പ്രതികരണം വിവരിക്കുന്ന ഒറ്റ് വാക്ക് സ്തബ്ധരാകുക എന്നതായിരുന്നു. മുഴുവന്‍ ബിരുദ വിദ്യാര്‍ത്ഥികളുടെയും കടം വീട്ടാന്‍ താനും കുടുംബവും ദശലക്ഷക്കണക്കിന് ഡോളര്‍ സംഭാവന ചെയ്യുന്നുന്ന് പ്രാരംഭ പ്രഭാഷകന്‍ പ്രഖ്യാപിച്ചു. കണ്ണുനീരോടും ആര്‍പ്പോടും കൂടെ സന്തോഷം പ്രകടിപ്പിച്ചവരില്‍ ഒരുവിദ്യാര്‍ത്ഥിയും - അവന്റെ കടം 100,000 ഡോളര്‍ (72 ലക്ഷം രൂപ) ആയിരുന്നു - ഉണ്ടായിരുന്നു.

നമ്മില്‍ മിക്കവരും ഏതെങ്കിലും രൂപത്തില്‍ കടബാധ്യത അനുഭവിച്ചിട്ടുണ്ട് - വീടുകള്‍, വാഹനങ്ങള്‍, വിദ്യാഭ്യാസം, ചികിത്സാ ചെലവുകള്‍ അല്ലെങ്കില്‍ മറ്റ് കാര്യങ്ങള്‍ക്കായി പണം കടപ്പെട്ടിട്ടുള്ളവര്‍. ''പെയ്ഡ്'' സ്റ്റാമ്പ് ചെയ്ത ബില്ലിന്റെ അതിശയകരമായ ആശ്വാസവും നമുക്കറിയാം!

യേശുവിനെ ''വിശ്വസ്തസാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്‍മാര്‍ക്ക് അധിപതിയും'' എന്നിങ്ങനെ പ്രഖ്യാപിച്ചശേഷം, യോഹന്നാന്‍ തന്റെ കടം മായ്ക്കുന്ന പ്രവൃത്തിയെ ആരാധനാപൂര്‍വ്വം അംഗീകരിച്ചു: ''നമ്മെ സ്‌നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താല്‍ വിടുവിച്ചവനും' (വെളിപ്പാട് 1:5). ഈ പ്രസ്താവന ലളിതമാണെങ്കിലും അതിന്റെ അര്‍ത്ഥം അഗാധമാണ്. മോര്‍ഹൗസ് ബിരുദ ക്ലാസ് കേട്ട ആശ്ചര്യകരമായ പ്രഖ്യാപനത്തേക്കാള്‍ മികച്ചതാണ് യേശുവിന്റെ മരണം (അവന്റെ ക്രൂശിലെ രക്തച്ചൊരിച്ചില്‍) നമ്മുടെ പാപപരമായ മനോഭാവങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്ന് നമ്മെ സ്വതന്ത്രമാക്കുന്നു എന്നത്. ആ കടം കൊടുത്തു തീര്‍ത്തതിനാല്‍, യേശുവില്‍ വിശ്വസിക്കുന്നവര്‍ ക്ഷമിക്കപ്പെടുകയും ദൈവരാജ്യ കുടുംബത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു (വാ. 6). ഈ സന്തോഷവാര്‍ത്ത എല്ലാറ്റിനെക്കാളും മികച്ച വാര്‍ത്തയാണ്!

ഒരുമിച്ച് ഞങ്ങള്‍ വിജയിക്കും

അര്‍ദ്ധരാത്രിയില്‍, ഒരു സഭാംഗത്തിന്റെ വീട്ടിലേക്ക് വരാന്‍ പാസ്റ്റര്‍ സാമുവലിന് ഒരു സന്ദേശം ലഭിച്ചു. അവിടെ എത്തിയപ്പോള്‍ ഒരു വീടിനെ അഗ്നി വിഴുങ്ങുന്നതു കണ്ടു. പിതാവിനു പൊള്ളലേറ്റിരുന്നുവെങ്കിലും തന്റെ മക്കളില്‍ ഒരാളെ രക്ഷപ്പെടുത്താനായി വീട്ടിലേക്കു കയറി അബോധാവസ്ഥയിലായ മകളുമായി പുറത്തുവന്നിരുന്നു. ഈ ഗ്രാമീണ മേഖലയില്‍ ആശുപത്രി 10 കിലോമീറ്റര്‍ അകലെയായിരുന്നു. ഗതാഗത സൗകര്യങ്ങളില്ലാത്തതിനാല്‍, പാസ്റ്ററും പിതാവും കുട്ടിയുമായി ആശുപത്രിയിലേക്ക് ഓടാന്‍ തുടങ്ങി. അവരില്‍ ഒരാള്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ചുമന്നു മടുക്കുമ്പോള്‍ മറ്റൊരാള്‍ ഏറ്റെടുത്തു. അവര്‍ ഒന്നിച്ച് യാത്ര നടത്തി; പിതാവിനും മകള്‍ക്കും ചികിത്സ നല്‍കി പൂര്‍ണമായി സുഖം പ്രാപിച്ചു.

പുറപ്പാട് 17:8-13 ല്‍ യഹോവ ഒരു മഹത്തായ വിജയം പ്ലാന്‍ ചെയ്തു. അതില്‍ യുദ്ധക്കളത്തില്‍ പോരാളികളെ നയിച്ച യോശുവയും; ദൈവത്തിന്റെ വടി പിടിച്ച് കൈകള്‍ ഉയര്‍ത്തിപ്പിടിച്ച മോശെയും ഉള്‍പ്പെടുന്നു. മോശെയുടെ കൈകള്‍ തളര്‍ന്നപ്പോള്‍, സൂര്യന്‍ അസ്തമിക്കുന്നതുവരെയും ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെയും അഹരോനും ഹൂരും അവന്റെ കൈകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിച്ചു.

പരസ്പരാശ്രയത്വത്തിന്റെ മൂല്യം ഒരിക്കലും കുറച്ചുകാണാന്‍ കഴിയില്ല. ദൈവം തന്റെ ദയയില്‍ പരസ്പര നന്മയ്ക്കായി തന്റെ ഏജന്റായി ആളുകളെ കൃപയോടെ നല്‍കുന്നു. കേള്‍ക്കുന്ന ചെവികളും സഹായിക്കുന്ന കൈകളും; ജ്ഞാനമുള്ളതും ആശ്വസിപ്പിക്കുന്നതും തിരുത്തുന്നതുമായ വാക്കുകള്‍ - ഇവയും മറ്റ് വിഭവങ്ങളും നമ്മിലേക്കും നമ്മിലൂടെ മറ്റുള്ളവരിലേക്കും വരുന്നു. നാം ഒരുമിച്ച് വിജയിക്കുകയും ദൈവത്തിന് മഹത്വം ലഭിക്കുകയും ചെയ്യുന്നു!

ശിശുക്കളില്‍ നിന്നു പഠിക്കുക

കെനിയയിലെ നെയ്റോബിയിലുള്ള ചേരികളിലൊന്നിലേക്ക് ഞാനും ഒരു സുഹൃത്തും പ്രവേശിച്ചപ്പോള്‍, ഞങ്ങള്‍ സാക്ഷ്യം വഹിച്ച ദാരിദ്ര്യത്താല്‍ ഞങ്ങളുടെ ഹൃദയം നടുങ്ങി. എന്നിരുന്നാലും, അതേ പശ്ചാത്തലത്തില്‍, ചെറിയ കുട്ടികള്‍ ഓടുന്നതും ''മക്ക്ചുങ്ങാജി, മക്ക്ചുങ്ങാജി!'' (സ്വഹിലി ഭാഷയില്‍ ''പാസ്റ്റര്‍'') എന്ന് വിളിച്ചുപറയുന്നതും ഞങ്ങള്‍ കണ്ടപ്പോള്‍, തെളിഞ്ഞ വെള്ളം പോലുള്ള വ്യത്യസ്ത വികാരങ്ങള്‍ ഞങ്ങളിലുളവായി. ഞങ്ങളോടൊപ്പം വാഹനത്തില്‍ അവരുടെ ആത്മീയ നേതാവിനെ കണ്ടപ്പോള്‍ അവരുടെ സന്തോഷം നിറഞ്ഞ പ്രതികരണം ഇതായിരുന്നു. ഈ ആര്‍ദ്രമായ വാക്കുകളിലൂടെ, കൊച്ചുകുട്ടികള്‍ അവരുടെ കരുതലിനും താല്പര്യത്തിനും പേരുകേട്ട ഒരാളെ സ്വാഗതം ചെയ്തു.

യേശു കഴുതപ്പുറത്തു കയറി യെരൂശലേമില്‍ എത്തിയപ്പോള്‍, അവനെ സന്തോഷത്തോടെ എതിരേറ്റവരില്‍ കുട്ടികളും ഉണ്ടായിരുന്നു. ''കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍! . . ദാവീദ് പുത്രന് ഹോശന്ന' (മത്തായി 21:9,15). എന്നാല്‍ യേശുവിനെ സ്തുതിക്കുന്ന ശബ്ദം മാത്രമായിരുന്നില്ല അന്തരീക്ഷത്തില്‍ അലയടിച്ചിരുന്നത്. യേശു പുറത്താക്കിയ പൊന്‍വാണിഭക്കാരുടെ എതിര്‍പ്പിന്റെ ശബ്ദവും അവിടെ ഉയര്‍ന്നു കേട്ടു (വാ. 12-13). കൂടാതെ, അവന്റെ കാരുണ്യ പ്രവൃത്തികള്‍ക്കു സാക്ഷ്യം വഹിച്ച ''പ്രകോപിതരായ'' മതനേതാക്കളും അവിടെയുണ്ടായിരുന്നു (വാ. 14-15). കുട്ടികളുടെ സ്തുതികളില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചു (വാ. 16) അതുവഴി അവരുടെ ഹൃദയത്തിന്റെ ദാരിദ്ര്യം തുറന്നുകാട്ടി.

യേശുവിനെ ലോകത്തിന്റെ രക്ഷകനായി അംഗീകരിക്കുന്ന എല്ലാ പ്രായത്തിലുള്ളവരും എല്ലാ സ്ഥലങ്ങളിലുള്ളവരുമായ ദൈവമക്കളുടെ വിശ്വാസത്തില്‍ നിന്ന് നമുക്ക് പഠിക്കാം. അവനാണ് നമ്മുടെ സ്തുതിയും നിലവിളിയും കേള്‍ക്കുന്നത്, ശിശുസമാനമായ വിശ്വാസത്തോടെ നാം അവനിലേക്ക് വരുമ്പോള്‍ അവിടുന്ന് നമ്മെ പരിപാലിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.

തീര്‍ച്ചയായും സൗജന്യം

1839-ല്‍ പശ്ചിമാഫ്രിക്കന്‍ അടിമകളെ കടത്തിക്കൊണ്ടുപോയ ബോട്ട് അടിമകള്‍ പിടിച്ചെടുത്ത് ക്യാപ്റ്റനെയും ചില ജോലിക്കാരെയും കൊന്ന കഥയാണ് ഇംഗ്ലീഷ് സിനിമയായ അമിസ്റ്റാഡ് പറയുന്നത്. ഒടുവില്‍ അവരെ തിരിച്ചുപിടിക്കുകയും ജയിലിലടയ്ക്കുകയും വിചാരണയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. മറക്കാനാവാത്ത ഒരു കോടതിമുറി രംഗം സ്വാതന്ത്ര്യത്തിനായി ആവേശത്തോടെ അപേക്ഷിക്കുന്ന അടിമകളുടെ നേതാവിനെ അവതരിപ്പിക്കുന്നു. ലളിതമായ മൂന്നു പദങ്ങള്‍ - മുറി ഇംഗ്ലീഷില്‍ ചങ്ങലയ്ക്കിട്ട ആ മനുഷ്യന്‍ ആവേശത്തോടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ - 'ഞങ്ങള്‍ക്കു സ്വാതന്ത്ര്യം തരൂ' കോടതിമുറിയെ നിശബ്ദമാക്കി. നീതി ലഭിക്കുകയും അവരെ മോചിപ്പിക്കുകയും ചെയ്തു.
ഇന്നത്തെ മിക്ക ആളുകളും ശാരീരികമായ ബന്ധനത്തിന്റെ അപകടത്തിലല്ല, എന്നിട്ടും പാപത്തിന്റെ ആത്മീയ അടിമത്തത്തില്‍ നിന്നുള്ള യഥാര്‍ത്ഥ മോചനം അവ്യക്തമാണ്. യോഹന്നാന്‍ 8:36-ലെ യേശുവിന്റെ വാക്കുകള്‍ മധുരമുള്ള ആശ്വാസം നല്‍കുന്നു: ''പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍, നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും.'' യഥാര്‍ത്ഥ വിമോചനത്തിന്റെ ഉറവിടമായി യേശു തന്നെത്തന്നെ ചൂണ്ടിക്കാണിച്ചു, കാരണം തന്നില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും അവന്‍ പാപമോചനം നല്‍കുന്നു. ക്രിസ്തുവിന്റെ കേള്‍വിക്കാരില്‍ ചിലര്‍ സ്വാതന്ത്ര്യം അവകാശപ്പെട്ടിരുന്നുവെങ്കിലും (വാ. 33) യേശുവിനെക്കുറിച്ചുള്ള അവരുടെ വാക്കുകളും മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും അവരുടെ അവകാശവാദത്തെ നിഷേധിക്കുന്നതായിരുന്നു.
ആ അപേക്ഷ പ്രതിധ്വനിപ്പിക്കുകയും ''എനിക്ക് സ്വാതന്ത്ര്യം തരൂ'' എന്ന് പറയുകയും ചെയ്യുന്നവരെ കേള്‍ക്കാന്‍ യേശു ആഗ്രഹിക്കുന്നു. അവിശ്വാസത്താലോ ഭയത്താലോ പരാജയത്താലോ ബന്ധിക്കപ്പെടുന്നവരുടെ നിലവിളികള്‍ക്കായി അനുകമ്പയോടെ അവന്‍ കാത്തിരിക്കുന്നു. സ്വാതന്ത്ര്യം എന്നത് ഹൃദയത്തിന്റെ കാര്യമാണ്.അവന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും നമ്മെ ബന്ധിച്ചിരിക്കുന്ന പാപത്തിന്റെ ശക്തിയെ തകര്‍ക്കാന്‍ ലോകത്തിലേക്ക് അയയ്ക്കപ്പെട്ട ദൈവപുത്രനാണ് യേശു എന്നു വിശ്വസിക്കുന്നവര്‍ക്കാണ് അത്തരം സ്വാതന്ത്ര്യം നീക്കിവച്ചിരിക്കുന്നത്.

സഹായിക്കാന്‍ കഴിവുള്ളവന്‍

ജോ ജോലിയില്‍ നിന്ന് എട്ട് ആഴ്ചത്തെ ''അവധി'' എടുത്തത് ആഘോഷിക്കാനായിരുന്നില്ല, പ്രകൃതിദുരന്തത്തിന് ഇരയായവരെ സഹായിക്കാനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ''ഭവനരഹിതരുടെ ഇടയില്‍ വീണ്ടും ജീവിക്കുക, അവരില്‍ ഒരാളാകുക, വിശപ്പും ക്ഷീണവും മറ്റുള്ളവരാല്‍ വിസ്മരിക്കപ്പെടുന്നതും എന്താണെന്ന് ഓര്‍മിക്കുക'' എന്നതായിരുന്നു ആ ഇടവേള. ജോയുടെ തെരുവുകളുമായുള്ള പരിചയം ഒന്‍പത് വര്‍ഷം മുമ്പ് ആദ്യമായി നഗരത്തിലെത്തിയപ്പോള്‍ ജോലിയോ താമസിക്കാനുള്ള സ്ഥലമോ ഇല്ലാതെ ജീവിച്ചതാണ്. പതിമൂന്ന് ദിവസം അദ്ദേഹം തെരുവുകളില്‍ കാര്യമായ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ താമസിച്ചു. അങ്ങനെയാണ് ദരിദ്രരായ ആളുകളുടെ ഇടയില്‍ പതിറ്റാണ്ടുകളുടെ ശുശ്രൂഷയ്ക്കായി ദൈവം അവനെ ഒരുക്കിയത്.
യേശു ഭൂമിയില്‍ വന്നപ്പോള്‍, താന്‍ രക്ഷിക്കാനെത്തിയവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതും തിരഞ്ഞെടുത്തു. ''മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു
കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു'' (എബ്രായര്‍ 2:14,15). ജനനം മുതല്‍ മരണം വരെ, ക്രിസ്തുവിന്റെ മാനുഷിക അനുഭവത്തില്‍ നിന്ന് പാപം മാത്രമേ മാറിനിന്നുള്ളു (4:15). അവന്‍ പാപത്തെ ജയിച്ചതിനാല്‍, നാം പാപം ചെയ്യാന്‍ പ്രലോഭിപ്പിക്കപ്പെടുമ്പോള്‍ അവന് നമ്മെ സഹായിക്കാന്‍ കഴിയും.
നമ്മുടെ ഭൗമിക ഉത്ക്കണ്ഠകളെ യേശുവിന് വീണ്ടും പരിചയപ്പെടേണ്ടതില്ല. നമ്മെ രക്ഷിക്കുന്നവന്‍ നാമുമായി ആഴമായി ബന്ധപ്പെട്ടിരിക്കുന്നു; അവനു നമ്മില്‍ ആഴത്തിലുള്ള താത്പര്യവുമുണ്ട്. നാം ജീവിതത്തില്‍ എന്തുതന്നെ നേരിട്ടാലും, നമ്മുടെ ഏറ്റവും വലിയ ശത്രുവായ പിശാചില്‍ നിന്ന് നമ്മെ രക്ഷിച്ചവന്‍ (2:14), നമ്മുടെ ഏറ്റവും വലിയ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കാന്‍ തയ്യാറാണെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം.

ജീവനെക്കാള്‍ നല്ലത്

മേരി യേശുവിനെ സ്‌നേഹിച്ചുവെങ്കിലും ജീവിതം കഠിനമായിരുന്നു, അതികഠിനം. വെടിവയ്പിന് ഇരകളായി രണ്ട് ആണ്‍മക്കളും രണ്ടു പേരക്കുട്ടികളും അവള്‍ക്കു മുമ്പേ മരണമടഞ്ഞു. മേരിക്ക് ഒരു പക്ഷാഘാതം ഉണ്ടായതു നിമിത്തം ഒരു വശം തളര്‍ന്നുപോയി. എന്നിട്ടും, അവള്‍ക്ക് നടക്കാന്‍ സാധിച്ചയുടനെ അവള്‍ പള്ളിയില്‍ പോയി തന്റെ ഇടറിയതും അവ്യക്തവുമായ വാക്കുകളില്‍ സാക്ഷ്യം പ്രസ്താവിച്ചു, ''എന്റെ ഉള്ളം യേശുവിനെ സ്‌നേഹിക്കുന്നു; അവന്റെ നാമത്തെ സ്തുതിക്കുന്നു!''

മേരി ദൈവത്തോടുള്ള തന്റെ സ്തുതി പ്രസ്താവിക്കുന്നതിന് വളരെ മുമ്പുതന്നെ, 63-ാം സങ്കീര്‍ത്തനത്തിലെ വാക്കുകള്‍ ദാവീദ് എഴുതി. സങ്കീര്‍ത്തനത്തിന്റെ തലക്കെട്ട് ''യെഹൂദാ മരുഭൂമിയിലായിരുന്നപ്പോള്‍'' ദാവീദ് ഇത് എഴുതിയതായി രേഖപ്പെടുത്തുന്നു. അനഭിലഷണീയമായ, നിരാശാജനകമായ സാഹചര്യങ്ങളില്‍ പോലും, അവന്‍ ദൈവത്തില്‍ പ്രത്യാശിച്ചതിനാല്‍ നിരാശനായില്ല. ''ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാന്‍ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു' (വാ. 1).

വ്യക്തമായ ദിശാസൂചനയോ മതിയായ വിഭവങ്ങളോ ഇല്ലാത്ത ഒരു സ്ഥലത്തായിരിക്കാം ഒരുപക്ഷേ നിങ്ങള്‍. അസുഖകരമായ സാഹചര്യങ്ങള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കാം, പക്ഷേ നമ്മെ സ്‌നേഹിക്കുന്നവനും (വാ. 3), തൃപ്തിപ്പെടുത്തുന്നവനും (വാ. 5), സഹായിക്കുന്നവനും (വാ. 7) തന്റെ വലങ്കൈ നമ്മെ താങ്ങുന്നവനും (വാ. 8) ആയവനോട് നാം പറ്റിനില്‍ക്കുമ്പോള്‍ അവ നമ്മെ വഴിതെറ്റിക്കേണ്ടതില്ല. കാരണം അവന്റെ ദയ ജീവനേക്കാള്‍ നല്ലതാകുന്നു. മേരിയെയും ദാവീദിനെയും പോലെ, ദൈവത്തെ സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അധരങ്ങളിലൂടെ നമുക്ക് സംതൃപ്തി പ്രകടിപ്പിക്കാന്‍ കഴിയും (വാ. 3-5).

യേശുവിനാല്‍ സ്വതന്ത്രമാക്കപ്പെട്ടവര്‍

'ഞാന്‍ എന്റെ അമ്മയോടൊപ്പം ഇത്രയും കാലം ജീവിച്ചു, ഒടുവില്‍ അവര്‍ എന്നെ വിട്ടു പോകേണ്ടിവന്നു!'' പീറ്ററിന്റെ വാക്കുകളായിരുന്നു അവ. സുബോധത്തിനും യേശുവിനു കീഴടങ്ങുന്നതിനും മുമ്പുള്ള അവന്റെ ജീവിതം മനോഹരമായിരുന്നില്ല. മയക്കുമരുന്നിനുവേണ്ടി പ്രിയപ്പെട്ടവരില്‍ നിന്ന് പോലും പണം മോഷ്ടിക്കുമായിരുന്നു എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി സമ്മതിക്കുന്നു. ആ ജീവിതം ഇപ്പോള്‍ അവന്റെ പിന്നിലാണ്. എങ്കിലും അതില്‍നിന്നെല്ലാം മോചനം പ്രാപിച്ച വര്‍ഷങ്ങളും മാസങ്ങളും ദിവസങ്ങളും ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം അത് ഓര്‍മ്മിക്കുന്നു. പീറ്ററും ഞാനും പതിവായി ദൈവവചനം പഠിക്കാന്‍ ഇരിക്കുമ്പോള്‍, ഞാന്‍ ഒരു മാറിയ മനുഷ്യനെയാണ് കാണുന്നത്്.

മര്‍ക്കോസ് 5:15-ല്‍ ഭൂതബാധിതനായിരുന്നവനും എന്നാല്‍ രൂപാന്തരം സംഭവിച്ചവനുമായ ഒരു വ്യക്തിയെക്കുറിച്ച് പറയുന്നു. അവന്റെ രോഗശാന്തിക്ക് മുമ്പ്, നിസ്സഹായന്‍, നിരാശന്‍, ഭവനരഹിതന്‍, നിരാശന്‍ എന്നീ വാക്കുകളായിരുന്നു ആ മനുഷ്യന് യോജിക്കുന്ന വിശേഷണങ്ങള്‍ (വാ. 3-5). എന്നാല്‍ യേശു അവനെ മോചിപ്പിച്ചതിനുശേഷം അതെല്ലാം മാറി (വാ. 13). പക്ഷേ, പീറ്ററിനെപ്പോലെ, യേശുവിനു മുമ്പുള്ള അവന്റെ ജീവിതം സാധാരണ നിലയിലായിരുന്നില്ല. അവന്‍ ബാഹ്യമായി പ്രകടിപ്പിച്ച ആന്തരിക സംഘര്‍ഷം ഇന്നത്തെ ആളുകള്‍ അനുഭവിക്കുന്നതില്‍ നിന്ന് വ്യത്യസ്തമല്ല. വേദനിപ്പിക്കുന്ന ചില മുറിവേറ്റ ആളുകള്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലോ വാഹനങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ താമസിക്കുന്നു; ചിലര്‍ സ്വന്തം വീടുകളില്‍ താമസിക്കുന്നുണ്ടെങ്കിലും വൈകാരികമായി ഒറ്റയ്ക്കാണ്. അദൃശ്യമായ ചങ്ങലകള്‍ മറ്റുള്ളവരെ അകറ്റുന്നിടത്തോളം ഹൃദയങ്ങളെയും മനസ്സിനെയും ബന്ധിക്കുന്നു.

നമ്മുടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും വേദനയും ലജ്ജയുമായി നമുക്കാശ്രയിക്കാന്‍ കഴിയുന്നവനാണ് യേശു. ലെഗ്യോനെയും പീറ്ററിനെയും പോലെ, തന്നിലേക്ക് ഓടിയെത്തുന്ന എല്ലാവരെയും അവന്‍ കരുണയുടെ തുറന്ന കൈകളോടെ കാത്തിരിക്കുന്നു (വാ. 19).

അതില്‍ ഒരുമിച്ച്

1994-ലെ രണ്ടു മാസ കാലയളവില്‍, റുവാണ്ടയില്‍ ഒരു ദശലക്ഷം ടുട്സികളെ ഹുട്ടു ഗോത്രക്കാര്‍ വധിച്ചു. ഈ ഭയാനകമായ വംശഹത്യയുടെ പശ്ചാത്തലത്തില്‍, ബിഷപ്പ് ജെഫ്രി റുബുസിസി തങ്ങളുടെ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട സ്ത്രീകളെ സന്ധിക്കുന്നതിനെക്കുറിച്ച് തന്റെ ഭാര്യയുമായി ആലോചിച്ചു. ''എനിക്ക് ചെയ്യേണ്ടത് കരയുക മാത്രമാണ്'' എന്നായിരുന്നു മേരിയുടെ മറുപടി. അവള്‍ക്കും അവളുടെ കുടുംബത്തിലെ അംഗങ്ങളെ നഷ്ടപ്പെട്ടു. ബുദ്ധിമാനായ ഒരു നേതാവും കരുതലുള്ള ഭര്‍ത്താവും എന്ന നിലയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം: ''മേരീ, സ്ത്രീകളെ ഒരുമിച്ചുകൂട്ടി അവരോടൊപ്പം കരയുക.'' ഭാര്യയുടെ വേദന മറ്റുള്ളവരുടെ വേദനയില്‍ അതുല്യമായി പങ്കുചേരാന്‍ അവളെ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

ദൈവത്തിന്റെ കുടുംബമായ സഭ, ജീവിതത്തിലെ എല്ലാക്കാര്യങ്ങളും പങ്കിടാന്‍ കഴിയുന്ന ഇടമാണ് - നല്ല കാര്യങ്ങളും അത്ര നല്ലതല്ലാത്ത കാര്യങ്ങളും. നമ്മുടെ പരസ്പര ആശ്രയത്വം മനസ്സിലാക്കാന്‍ പുതിയ നിയമത്തില്‍ 'അന്യോന്യം'' എന്ന വാക്കുകള്‍ ഉപയോഗിക്കുന്നു. ''സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം
മുന്നിട്ടുകൊള്ളുവിന്‍...തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നുകൊള്‍വിന്‍'' (റോമര്‍ 12:10, 16). നമ്മുടെ ബന്ധത്തിന്റെ വ്യാപ്തി 15-ാം വാക്യത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നു: ''സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുകയും കരയുന്നവരോടുകൂടെ കരയുകയും ചെയ്യുവിന്‍.'

വംശഹത്യക്കിരയായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ വേദനയുടെ ആഴവും വ്യാപ്തിയും നിസ്സാരമായിരുന്നേക്കാം, എന്നിരുന്നാലും ഇത് വ്യക്തിപരവും യഥാര്‍ത്ഥവുമാണ്. മേരിയുടെ വേദനയില്‍ അവള്‍ ചെയ്്തതു പോലെ, ദൈവം നമുക്കുവേണ്ടി ചെയ്തതുകൊണ്ട് മറ്റുള്ളവരുടെ സുഖത്തിനും നന്മയ്ക്കും വേണ്ടി അത് സ്വീകരിക്കാനും പങ്കിടാനും നമുക്കു കഴിയും.

അവസാനം ലഭിക്കുന്ന കൃപ

ആര്‍ട്ടിസ്റ്റ് ഡഫ് മെര്‍ക്കിയുടെ 'റൂത്ത്ലെസ് ട്രസ്റ്റ്'' (നിഷ്‌കരുണമായ ആശ്രയം) എന്ന മാസ്റ്റര്‍പീസ് ശില്പം, വാല്‍നട്ട് മരംകൊണ്ടുള്ള കുരിശിനെ ആശയറ്റ നിലയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു മനുഷ്യന്റെ പിത്തള രൂപമാണ്. അദ്ദേഹം എഴുതുന്നു, ജീവിതത്തിനുവേണ്ടിയുള്ള നമ്മുടെ നിരന്തരവും അനുയോജ്യവുമായ ശാരീരിക നിലയുടെ ലളിതമായ ആവിഷ്‌കാരമാണിത് - മൊത്തത്തില്‍, ക്രിസ്തുവിലും സുവിശേഷത്തിലും ഉള്ള വിലങ്ങുകളില്ലാത്ത ദൃഢമൈത്രിയും ആശ്രയത്വവും ആണത്.''

അത്തരത്തിലുള്ള ആശ്രയമാണ് മര്‍ക്കൊസ് 5:25-34 ല്‍ കാണുന്ന പേരുപറയാത്ത സ്ത്രീയുടെ പ്രവൃത്തികളിലും വാക്കുകളിലും വെളിപ്പെടുന്നത്. പന്ത്രണ്ടു വര്‍ഷമായി അവളുടെ ജീവിതം തകര്‍ച്ചയിലായിരുന്നു (വാ. 25). 'പല വൈദ്യന്‍മാരാലും ഏറിയൊന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീര്‍ന്നിരുന്നു'' (വാ. 26). എന്നാല്‍ യേശുവിനെക്കുറിച്ചു കേട്ടപ്പോള്‍, അവള്‍ അവന്റെയടുത്തേക്ക് തിക്കിത്തിരക്കിച്ചെന്നു അവനെ തൊട്ടു 'ബാധ മാറി സ്വസ്ഥയായി'' വാ. 27-29).

നിങ്ങളുടെ ജീവിതത്തില്‍ അന്ത്യത്തില്‍ നിങ്ങള്‍ എത്തിയിട്ടുണ്ടോ? നിങ്ങളുടെ സ്രോതസ്സുകള്‍ മുഴുവനും വറ്റിയിരിക്കുന്നുവോ? ഉത്ക്കണ്ഠാകുലരും നിരാശരും നഷ്ടപ്പട്ടവരും നിരാശ്രയരും ആയ ആളുകള്‍ ഹതാശയരാകേണ്ട കാര്യമില്ല. മെര്‍ക്കിയുടെ ശില്പത്തില്‍ ചിത്രീകരിച്ചിരിക്കുന്ന നിലയിലുള്ളതും ഇവിടെ കാണുന്ന സ്ത്രീയുടെ കാര്യത്തിലും കാണുന്നതുപോലെ ആശയറ്റ വിശ്വാസത്തോട് കര്‍ത്താവായ യേശു ഇന്നും പ്രതികരിക്കുന്നു. ഗാനരചയിതാവായ ചാള്‍സ് വെസ്ലിയുടെ വാക്കുകളില്‍ ഈ വിശ്വാസം പ്രകടിപ്പിക്കുന്നു: 'പിതാവേ, ഞാന്‍ എന്റെ കരം അങ്ങയിലേക്കു നീട്ടുന്നു; മറ്റൊരു സഹായത്തെക്കുറിച്ചും എനിക്കറിയില്ല.' അത്തരത്തിലുള്ള വിശ്വാസം ഇല്ലേ? അവനെ ആശ്രയിക്കുന്നതിനു നിങ്ങളെ സഹായിക്കാന്‍ ദൈവത്തോടപേക്ഷിക്കുക. ഈ പ്രാര്‍ത്ഥനയോടെയാണ് വെസ്ലിയുടെ ഗാനം ഉപസംഹരിക്കുന്നത്: വിശ്വാസത്തിന്റെ നായകനേ, അങ്ങയിലേക്കു ഞാനെന്റെ തളര്‍ന്ന കണ്ണുകളാല്‍ വാഞ്ഛയോടെ നോക്കുന്നു; ഇപ്പോള്‍ എനിക്കാ ദാനം ലഭിച്ചെങ്കില്‍, അതില്ലാതെ എന്റെ ആത്മാവ് മരിക്കുന്നു.''

അന്ത്യംവരെ ഫലദായകം

ലെനോര്‍ ഡണ്‍ലപ്പ് 94 വയസ്സിന്റെ പെറുപ്പമായിരുന്നെങ്കിലും, അവളുടെ മനസ്സ് കൂര്‍മ്മവും, ചിരി തെളിഞ്ഞതും യേശുവിനോടുള്ള അടങ്ങാത്ത സ്‌നേഹം അനേകര്‍ എളുപ്പം മനസ്സിലാക്കുന്നതും ആയിരുന്നു. ഞങ്ങളുടെ സഭയിലെ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ അവളെ കാണുന്നത് അസാധാരണമായിരുന്നില്ല; അവളുടെ സാന്നിധ്യവും പങ്കാളിത്തവും സന്തോഷത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഉറവിടമായിരുന്നു. ലെനോറിന്റെ ജീവിതം വളരെ ജീവദായകമായിരുന്നതിനാല്‍ അവളുടെ മരണം ഞങ്ങളെ അരക്ഷിതാവസ്ഥയിലാക്കിക്കളഞ്ഞു. ശക്തയായ ഒരു ഓട്ടക്കാരിയെപ്പോലെ അവളുടെ ജീവിതത്തിന്റെ ഫിനീഷ് ലൈനിലേക്ക് ഓടി. അവളുടെ ഊര്‍ജ്ജവും തീക്ഷ്ണതയും അത്രയധികമായിരുന്നതിനാല്‍ അവളുടെ മരണത്തിന് ചില ദിവസങ്ങള്‍ക്കു മുമ്പ്, ലോകത്തിലെ ജനങ്ങള്‍ക്ക് യേശുവിന്റെ സന്ദേശം എത്തിക്കുന്നതിനെക്കുറിച്ചുള്ള 16 ആഴ്ച ദൈര്‍ഘ്യമുള്ള ഒരു പഠന കോഴ്‌സ് അവള്‍ പൂര്‍ത്തീകരിച്ചു.

ലെനോറിന്റെ ഫലകരവും ദൈവം മാനിക്കുന്നതുമായ ജീവിതം, സങ്കീര്‍ത്തനം 92:12-15 ല്‍ പറഞ്ഞിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്. ദൈവവുമായുള്ള ശരിയായ ബന്ധത്തില്‍ വേരൂന്നിയിരിക്കുന്ന ജീവിതങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ഫലം കായിക്കുകയും ചെയ്യുന്നതിനെയാണ് ഈ സങ്കീര്‍ത്തനം വിവരിക്കുന്നത് (വാ. 12-13). ചിത്രീകരിച്ചിരിക്കുന്ന രണ്ടു വൃക്ഷങ്ങള്‍ യഥാക്രമം ഫലത്തിനും തടിക്കുമായി വിലമതിക്കുന്നവയാണ്. ഇവയുപയോഗിച്ച് ചൈതന്യം, അഭിവൃദ്ധി, ഉപയോഗക്ഷമത എന്നിവയെ സങ്കീര്‍ത്തനക്കാരന്‍ ചിത്രീകരിക്കുന്നു. നാം നമ്മുടെ ജീവിതത്തില്‍ സ്‌നേഹം, പങ്കുവയ്ക്കല്‍, മറ്റുള്ളവരെ ക്രിസ്തുവിങ്കലേക്കു നയിക്കല്‍ എന്നിവ തളിര്‍ത്തു പൂത്തു കായിക്കുമ്പോള്‍ നാം സന്തോഷിക്കണം.

പ്രായമുള്ളവര്‍ എന്നും അനുഭവസമ്പന്നര്‍ എന്നും വിളിക്കപ്പെടുന്നവര്‍പോലും വേരൂന്നി ഫലം കായിക്കുവാന്‍ താമസിച്ചുപോയിട്ടില്ല. യേശുവിലൂടെ ദൈവത്തില്‍ ആഴത്തില്‍ വേരൂന്നിയിരുന്ന ലെനോറിന്റെ ജീവിതം ഇതിനെയും ദൈവത്തിന്റെ നന്മയെയും സാക്ഷീകരിക്കുന്നു (വാ. 15). നമ്മുടെ ജീവിതത്തിനും അതിനു കഴിയും.