പാസ്റ്റർ ഡാമിയന്റെ ദിനചര്യകളിൽ ഒന്ന്, രണ്ട് വ്യത്യസ്ത ജീവിത പാതകൾ തിരഞ്ഞെടുത്തവരും മരണത്തോട് അടുക്കുന്നവരുമായ രണ്ട് വ്യക്തികളെ ആശുപത്രിയിൽ സന്ദർശിക്കുന്നതായിരുന്നു. ഒരു ആശുപത്രിയിൽ അവളുടെ വീട്ടുകാർക്ക് പ്രിയപ്പെട്ടവളായ ഒരു സ്ത്രീയായിരുന്നു ഉണ്ടായിരുന്നത്. അവളുടെ നിസ്വാർത്ഥമായ പൊതുസേവനം അവളെ പലർക്കും പ്രിയങ്കരിയാക്കി. യേശുവിലുള്ള മറ്റു വിശ്വാസികൾ അവളെ സന്ദർശിക്കുമായിരുന്നു. ആരാധനയും പ്രാർത്ഥനയും പ്രത്യാശയും കൊണ്ടു മുറി നിറഞ്ഞു. മറ്റൊരു ആശുപത്രിയിൽ, പാസ്റ്റർ ഡാമിയന്റെ പള്ളിയിലെ അംഗത്തിന്റെ ബന്ധുവും മരണത്തോടടുക്കുകയായിരുന്നു. അയാളുടെ കഠിനമായ ഹൃദയം ജീവിതത്തെ കൂടുതൽ കഠിനമാക്കി. അയാളുടെ മോശം തീരുമാനങ്ങളുടെയും ദുഷ്പ്രവൃത്തികളുടെയും ഫലമായി അയാളുടെ കുടുംബം ശിഥിലമായി. രണ്ട് അന്തരീക്ഷത്തിലെ വ്യത്യാസങ്ങൾ ഓരോരുത്തരും എങ്ങനെ ജീവിച്ചു എന്നതിലെ വൈരുദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ജീവിതത്തിൽ തങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ചിന്തിക്കുന്നതിൽ പരാജയപ്പെടുന്നവർ പലപ്പോഴും അസുഖകരവും അഭികാമ്യമല്ലാത്തതുമായ ഏകാന്തമായ സ്ഥലങ്ങളിൽ ചെന്നെത്തും. സദൃശവാക്യങ്ങൾ 14:12 സൂചിപ്പിക്കുന്നത് “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ’’ എന്നാണ്. നാം യുവാവോ വൃദ്ധനോ, രോഗിയോ ആരോഗ്യവാനോ, ധനികനോ ദരിദ്രനോ ആരായിരുന്നാലും നമ്മുടെ പാത പുനഃപരിശോധിക്കാൻ ഇനിയും വൈകിയിട്ടില്ല. ആ പാത നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? അത് ദൈവത്തെ ബഹുമാനിക്കുന്നതാണോ? അത് മറ്റുള്ളവരെ സഹായിക്കുകയാണോ തടസ്സപ്പെടുത്തുകയാണോ ചെയ്യുന്നത്? യേശുവിൽ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച് ഇത് ഏറ്റവും നല്ല പാതയാണോ?

തിരഞ്ഞെടുപ്പുകൾ പ്രാധാന്യമുള്ളതാണ്. “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും’’ (മത്തായി 11:28) എന്നരുളിച്ചെയ്ത ദൈവപുത്രനായ യേശുവിലൂടെ നാം സ്വർഗ്ഗത്തിലെ ദൈവത്തിങ്കലേക്കു തിരിയുമ്പോൾ മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ അവൻ നമ്മെ സഹായിക്കും.