ഹിഡൻ ഫിഗേഴ്‌സ് എന്ന പുസ്തകം ജോൺ ഗ്ലെൻ ബഹിരാകാശത്തേക്ക് പറക്കാൻ നടത്തിയ തയ്യാറെടുപ്പുകൾ വിവരിക്കുന്നു. 1962-ൽ കംപ്യൂട്ടറുകൾ പുതിയ കണ്ടുപിടുത്തമായിരുന്നു, അവ തകരാറുകൾക്ക് വിധേയവുമായിരുന്നു. ഗ്ലെൻ അവയെ വിശ്വസിച്ചില്ല, വിക്ഷേപണത്തിനായി അവ നടത്തുന്ന കണക്കുകൂട്ടലുകളെക്കുറിച്ച് ഗ്ലെൻ ആശങ്കപ്പെട്ടു. പിന്നിലെ മുറിയിലുള്ള തലച്ചോറുള്ള ഒരു സ്ത്രീക്ക് നമ്പറുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം അവളെ വിശ്വസിച്ചു. “നമ്പറുകൾ നല്ലതാണെന്ന് അവൾ പറഞ്ഞാൽ ഞാൻ പോകാൻ തയ്യാറാണ്’’ എന്നു ഗ്ലെൻ പറഞ്ഞു.

കാതറിൻ ജോൺസൺ അദ്ധ്യാപികയും മൂന്നു കുട്ടികളുടെ അമ്മയുമായിരുന്നു. അവൾ യേശുവിനെ സ്‌നേഹിക്കുകയും തന്റെ സഭയിൽ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. കൂർമ്മ ബുദ്ധി നൽകി ദൈവം കാതറിനെ അനുഗ്രഹിച്ചിരുന്നതിനാൽ, 1950-കളുടെ അവസാനത്തിൽ ബഹിരാകാശ പദ്ധതിയിൽ സഹായിക്കാൻ നാസ അവളെ സമീപിച്ചു. അക്കാലത്ത് നാസ വാടകയ്‌ക്കെടുത്ത “മനുഷ്യ കമ്പ്യൂട്ടറുകളിൽ’’ ഒരുവളായിരുന്നു കാതറിൻ. അവളെയാണ് ഗ്ലെൻ “തലച്ചോറുള്ള സ്ത്രീ’’ എന്നു വിളിച്ചത്.

മിടുക്കരായ ഗണിതശാസ്ത്രജ്ഞരാകാൻ നാം വിളിക്കപ്പെട്ടിട്ടില്ലായിരിക്കാം, എന്നാൽ ദൈവം നമ്മെ മറ്റു കാര്യങ്ങൾക്കായി വിളിക്കുന്നു: “എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു’’ (എഫെസ്യർ 4:7). നമുക്ക് ലഭിച്ച “വിളിക്ക് യോഗ്യമായി’’ നാം ജീവിക്കണം (വാക്യം 1). നമ്മൾ ഒരു ശരീരത്തിന്റെ ഭാഗമാണ്, അതിൽ “ഓരോ അവയവവും അതതിന്റെ പ്രവൃത്തി ചെയ്യുന്നു’’ (വാക്യം 16).

കാതറിൻ ജോൺസന്റെ കണക്കുകൂട്ടലുകൾ സഞ്ചാരപഥം സ്ഥിരീകരിച്ചു. ഭ്രമണപഥത്തിലേക്കുള്ള ഗ്ലെന്നിന്റെ വിക്ഷേപണം “ഒരു പോയിന്റിൽ കൃത്യതയോടെ അമ്പെയ്യുന്നതുപോലെ’’ ആയിരുന്നു. എന്നാൽ ഇത് കാതറിന്റെ വിളിയിൽ ഒന്നു മാത്രമായിരുന്നു. ഓർക്കുക, അമ്മയും അദ്ധ്യാപികയും സഭാ പ്രവർത്തകയും ആകാനും കൂടിയാണ് അവളെ വിളിച്ചത്. ചെറുതായാലും വലുതായാലും ദൈവം നമ്മെ എന്തിനായിട്ടാണ് വിളിച്ചിരിക്കുന്നതെന്ന് നമുക്ക് സ്വയം ചോദിക്കാം. നാം “പോകാൻ തയ്യാറാണോ?’’ അവൻ നൽകിയ കൃപവരങ്ങൾ നാം വിനിയോഗിക്കുകയും “[നമ്മുടെ] വിളിക്ക് യോഗ്യമായ ഒരു ജീവിതം’’ (വാക്യം 1) നയിക്കുകയും ചെയ്യുന്നുണ്ടോ?