എന്റെ സുഹൃത്ത് റാലി തന്റെ എൺപത്തിയഞ്ചാം ജന്മദിനത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു! മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹവുമായുള്ള എന്റെ ആദ്യ സംഭാഷണം മുതൽ, അദ്ദേഹം പ്രചോദനത്തിന്റെ ഉറവിടമാണ്. ജോലിയിൽനിന്നു വിരമിച്ചതിനു ശേഷം, അദ്ദേഹം ഒരു പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി പൂർത്തിയാക്കി, മറ്റൊരു ശുശ്രൂഷാ സംരംഭം ആരംഭിച്ചുവെന്ന് അദ്ദേഹം അടുത്തിടെ പരാമർശിച്ചപ്പോൾ എനിക്ക് കൗതുകം തോന്നി, പക്ഷേ അതെന്നെ അതിശയിപ്പിച്ചില്ല.

എൺപത്തിയഞ്ചാം വയസ്സിൽ, ബൈബിളിലെ കാലേബും ജോലി നിർത്താൻ തയ്യാറായില്ല. ദൈവത്തിലുള്ള അവന്റെ വിശ്വാസവും ഭക്തിയും ദശാബ്ദങ്ങൾ നീണ്ട മരുഭൂമിയാത്ര തരണം ചെയ്യുവാനും യിസ്രായേലിന് ദൈവം വാഗ്ദത്തം ചെയ്ത അവകാശം സുരക്ഷിതമാക്കാനുള്ള യുദ്ധങ്ങൾ നയിക്കാനും അവനെ ശക്തിപ്പെടുത്തി. അവൻ പറഞ്ഞു: “മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു’’ (യോശുവ 14:11). അവൻ എങ്ങനെ അതു സാധിക്കും? “യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും’’ (വാക്യം 12) എന്ന് കാലേബ് പ്രഖ്യാപിച്ചു.

പ്രായം, ജീവിത ഘട്ടങ്ങൾ, സാഹചര്യങ്ങൾ എന്നിവ പരിഗണിക്കാതെ തന്നെ, പൂർണ്ണഹൃദയത്തോടെ തന്നെ വിശ്വസിക്കുന്ന എല്ലാവരെയും ദൈവം സഹായിക്കും. നമ്മെ സഹായിക്കുന്ന നമ്മുടെ രക്ഷകനായ യേശുവിലുടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി. ക്രിസ്തുവിൽ നാം കാണുന്ന കാര്യങ്ങളിലൂടെ സുവിശേഷങ്ങൾ ദൈവത്തിലുള്ള വിശ്വാസം നമ്മിൽ പ്രചോദിപ്പിക്കുന്നു. സഹായത്തിനായി തന്നിലേക്ക് നോക്കുന്ന എല്ലാവരോടും ദൈവത്തിന്റെ കരുതലും അനുകമ്പയും അവൻ പ്രകടമാക്കി. എബ്രായ എഴുത്തുകാരൻ അംഗീകരിച്ചതുപോലെ, ”കർത്താവ് എനിക്കു തുണ; ഞാൻ പേടിക്കയില്ല” (എബ്രായർ 13:6). ചെറുപ്പക്കാരനോ വൃദ്ധനോ, ബലഹീനനോ ശക്തനോ, ബന്ധിതനോ സ്വതന്ത്രനോ, ഓട്ടക്കാരനോ മുടന്തനോ ആരായിരുന്നാലും ഇന്ന് അവന്റെ സഹായം ചോദിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നതെന്താണ്?