നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പാട്രീഷ്യ റെയ്ബന്‍

നിങ്ങളുടെ അയല്‍പക്കത്തെ ക്രിസ്തു

സഭയുടെ അടുത്തുള്ള താഴ്ന്ന വരുമാനക്കാര്‍ പാര്‍ക്കുന്ന ഒരു പ്രദേശത്തുകൂടെ കാറോടിച്ചുകൊണ്ടിരുന്ന ഒരു പാസ്റ്റര്‍ തന്റെ ''അയല്‍ക്കാര്‍''ക്കായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒരു ദിവസം തെരുവില്‍ ഒരാള്‍ കിടക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. കാര്യം അന്വേഷിക്കുന്നതിനും അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമായി പാസ്റ്റര്‍ കാര്‍ നിര്‍ത്തി. അപ്പോഴാണ് അയാള്‍ ചില ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അറിഞ്ഞത്. ഈ മനുഷ്യന്‍ പാസ്റ്ററോട് ഭക്ഷണത്തിനായി കുറച്ച് രൂപ ആവശ്യപ്പെട്ടു, ഇത് ഭവനരഹിതരുടെ ഇടയില്‍ ഒരു ഔട്ട്റീച്ച് പ്രോഗ്രാമിന് തുടക്കമിട്ടു. സഭ സ്‌പോണ്‍സര്‍ ചെയ്യുകയും, അംഗങ്ങള്‍ ഭക്ഷണം പാകം ചെയ്ത് ദിവസം രണ്ടു നേരം തങ്ങള്‍ക്കു ചുറ്റുമുള്ള വീടുകളിലെ ഭക്ഷണമില്ലാത്തവര്‍ക്കു നല്‍കുകയും ചെയ്തു തുടങ്ങി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ജോലി നല്‍കി സഹായിക്കാനുമായി അവര്‍ കാലാകാലങ്ങളിലായി അവരെ സഭയിലേക്ക് കൊണ്ടുവന്നു.

ഭവനരഹിതരെ സഹായിക്കാനായി അയല്‍പക്കം കേന്ദ്രീകരിച്ചുള്ള ആ സഭയുടെ പ്രവര്‍ത്തനം കര്‍ത്താവിന്റെ മഹാനിയോഗത്തെ പ്രതിഫലിപ്പിക്കുന്നു. അവിടുന്ന് പറഞ്ഞതുപോലെ, ''സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിക്കുവാന്‍ തക്കവണ്ണം ഉപദേശിച്ചു കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍' (മത്തായി 28:18-19).

അവന്റെ പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യം ഭവനരഹിതര്‍ ഉള്‍പ്പെടെ 'എല്ലായിടത്തും' എത്തുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു. തീര്‍ച്ചയായും, നാം ഒറ്റക്ക് പോകുന്നില്ല. യേശു വാഗ്ദാനം ചെയ്തതുപോലെ, ''ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്്്'' (വാ. 20).

വീടില്ലാത്ത ഒരാളോടൊപ്പം തെരുവില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ഈ പാസ്റ്റര്‍ ആ സത്യം അനുഭവിച്ചത്. പാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ, 'ഞങ്ങള്‍ ഞങ്ങളുടെ ഹൃദയം തുറന്നു, സഭയിലെ എല്ലാ അംഗങ്ങളും ഞങ്ങളോടൊപ്പം ചേര്‍ന്നു.' ഈ ജനത്തിന്റെ മേല്‍ തങ്ങള്‍ ചെലുത്തിയ സ്വാധീനമാണ് ഒരു പാസ്റ്റര്‍ എന്ന നിലയില്‍ താന്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും പവിത്രമായ നിമിഷങ്ങളിലൊന്ന് എന്ന് പാസ്റ്റര്‍ പറഞ്ഞു.

പാഠം? ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ നമുക്ക് എല്ലായിടത്തും പോകാം.

ഒരാണ്ടത്തെ ബൈബിള്‍ വായന

കഠിനമായ വാക്കുകള്‍ വേദനിപ്പിക്കുന്നു. അതിനാല്‍ എന്റെ സുഹൃത്ത് - ഒരു അവാര്‍ഡ് നേടിയ എഴുത്തുകാരന്‍ - അദ്ദേഹത്തിന് ലഭിച്ച വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ വിഷമിച്ചു. അദ്ദേഹത്തിന്റെ പുതിയ പുസ്തകം പഞ്ചനക്ഷത്ര അവലോകനങ്ങളും ഒരു മുഖ്യ അവാര്‍ഡും കരസ്ഥമാക്കി. എല്ലാവരും ബഹുമാനിക്കുന്ന ഒരു മാസിക നിരൂപകന്‍, അദ്ദേഹത്തിന്റെ പുസ്തകം നന്നായി എഴുതിയതാണെന്ന് അഭിനന്ദിച്ചശേഷം അതിനെ നിശിതമായി വിമര്‍ശിച്ചു. സുഹൃത്തുക്കളിലേക്ക് തിരിഞ്ഞ് അദ്ദേഹം ചോദിച്ചു, ''ഞാന്‍ എങ്ങനെ മറുപടി നല്‍കണം?''

ഒരു സുഹൃത്ത് ഉപദേശിച്ചു, ''അത് വിട്ടുകളയുക.'' ജോലി ചെയ്യുന്നതിലും എഴുതുന്നതിലും തുടരുമ്പോഴും അത്തരം വിമര്‍ശനങ്ങള്‍ അവഗണിക്കാനോ അതില്‍ നിന്ന് പഠിക്കാനോ ഉള്ള നുറുങ്ങുകള്‍ ഉള്‍പ്പെടെ മാസികകള്‍ എഴുതുന്നതില്‍ നിന്നുള്ള ഉപദേശം ഞാനും പങ്കിട്ടു.

എന്നിരുന്നാലും, അവസാനമായി, ശക്തമായ വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് തിരുവെഴുത്തിന് -അതിലാണ് ഏറ്റവും മികച്ച ഉപദേശമുള്ളത് - എന്താണ് പറയാനുള്ളതെന്ന് കാണാന്‍ ഞാന്‍ തീരുമാനിച്ചു. യാക്കോബിന്റെ ലേഖനം ഉപദേശിക്കുന്നത്, ''ഏതു മനുഷ്യനും കേള്‍ക്കുവാന്‍ വേഗതയും പറയുവാന്‍ താമസവും കോപത്തിനു താമസവുമുള്ളവന്‍ ആയിരിക്കട്ടെ'' (1:19). 'പരസ്പരം ഐക്യത്തോടെ ജീവിക്കാന്‍'' അപ്പോസ്തലനായ പൗലൊസ് നമ്മെ ഉപദേശിക്കുന്നു (റോമര്‍ 12:16).

സദൃശവാക്യങ്ങളുടെ ഒരു മുഴുവന്‍ അധ്യായവും തര്‍ക്കങ്ങളോട് പ്രതികരിക്കുന്നതിനുള്ള വിപുലമായ ജ്ഞാനം നല്‍കുന്നു. സദൃശവാക്യങ്ങള്‍ 15:1 പറയുന്നു: ''മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു.' ''ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു'' (വാക്യം 18). കൂടാതെ, ''ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു'' (വാ. 32). അത്തരം ജ്ഞാനം കണക്കിലെടുക്കുമ്പോള്‍, എന്റെ സുഹൃത്ത് ചെയ്തതുപോലെ, നമ്മുടെ നാവിനെ നിയന്ത്രിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. എന്നിരുന്നാലും, എല്ലാറ്റിനുമുപരിയായി, 'കര്‍ത്താവിനെ ഭയപ്പെടുവാന്‍'' ജ്ഞാനം നമ്മെ ഉപദേശിക്കുന്നു, കാരണം ''മാനത്തിന് വിനയം മുന്നോടിയാകുന്നു'' (വാ. 33).

ശ്രദ്ധ കേന്ദ്രീകരിക്കുക

ജീവിതത്തില്‍ നാം നോക്കുന്നതെന്തും - നാം അത് എങ്ങനെ കാണുന്നു എന്നതും - നമ്മുടെ അടുത്ത ചുവടുകളെ, നമ്മുടെ വിധിയെപ്പോലും സ്വാധീനിക്കുമെന്ന് എഴുത്തുകാരന്‍ മാര്‍ക്ക് ട്വെയ്ന്‍ അഭിപ്രായപ്പെട്ടു. ട്വെയ്ന്‍ പറഞ്ഞതുപോലെ, ''നിങ്ങളുടെ ഭാവനകള്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തപ്പോള്‍ നിങ്ങളുടെ കണ്ണുകളെ ആശ്രയിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല.''

സുന്ദരം എന്ന തിരക്കേറിയ ദൈവാലയഗോപുരത്തിങ്കല്‍ വെച്ചു ഭിക്ഷയാചിച്ച മുടന്തനായ ഒരു ഭിക്ഷക്കാരനോട് മറുപടി പറഞ്ഞപ്പോള്‍ പത്രൊസും നോട്ടത്തെക്കുറിച്ച് സംസാരിച്ചു (പ്രവൃത്തികള്‍ 3:2). ആ മനുഷ്യന്‍ അവരോട് പണം ചോദിച്ചപ്പോള്‍ പത്രൊസും യോഹന്നാനും ആ മനുഷ്യനെ ഉറ്റു നോക്കി. എന്നിട്ട് പത്രൊസ് പറഞ്ഞു: 'ഞങ്ങളെ നോക്കൂ'' (വാ. 4).

എന്തുകൊണ്ടാണ് അവന്‍ അങ്ങനെ പറഞ്ഞത്? ക്രിസ്തുവിന്റെ സ്ഥാനപതിയെന്ന നിലയില്‍, യാചകന്‍ സ്വന്തം പരിമിതികള്‍ നോക്കുന്നത് അവസാനിപ്പിക്കണമെന്ന് - അതെ, പണത്തിന്റെ ആവശ്യകത നോക്കാതിരിക്കാനും - പത്രൊസ് ആഗ്രഹിച്ചിരിക്കാം. അവന്‍ അപ്പൊസ്തലന്മാരെ നോക്കിയാല്‍, ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം അവന്‍ കാണുമായിരുന്നു.

''വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ നടക്കുക'' എന്നു പത്രൊസ് അവനോടു പറഞ്ഞു (വാ. 6). തുടര്‍ന്നു പത്രൊസ് ''അവനെ വലം കൈയ്ക്കു പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തില്‍ അവന്റെ കാലും നരിയാണിയും ഉറച്ചു അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ട് അവരോടുകൂടെ ദൈവാലയത്തില്‍ കടന്നു'' (വാ. 7-8).

എന്താണ് സംഭവിച്ചത്? ആ മനുഷ്യന് ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു (വാ. 16). സുവിശേഷകനായ ചാള്‍സ് സ്പര്‍ജന്‍ ആവശ്യപ്പെട്ടതുപോലെ, ''നിങ്ങളുടെ നോട്ടം അവനില്‍ വയ്ക്കുക.'' അങ്ങനെ ചെയ്യുമ്പോള്‍, നാം തടസ്സങ്ങള്‍ കാണുകയില്ല. നമ്മുടെ വഴി തെളിയിച്ചു തരുന്ന ദൈവത്തെ നാം കാണും.

അവന്റെ സംഗീതം സൃഷ്ടിക്കുക

ക്വയര്‍ ഡയറക്ടര്‍ അരിയാനെ അബെല തന്റെ കൈകള്‍ മറയ്ക്കുന്നതിനായി കുട്ടിക്കാലത്ത് അവയുടെമേല്‍ ഇരിക്കുമായിരുന്നു. ജന്മനാ രണ്ട് കൈകളിലും വിരലുകള്‍ ഇല്ലാതെയോ അല്ലെങ്കില്‍ വിരലുകള്‍ കൂടിച്ചേര്‍ന്നതോ ആയ അവസ്ഥയുള്ള അവള്‍ക്ക്, ഇടതു കാല്‍ ഇല്ലായിരുന്നു എന്നു മാത്രമല്ല വലതു കാലില്‍ കാല്‍വിരലുകളും ഇല്ലായിരുന്നു. ഒരു സംഗീത പ്രേമിയും ഗാനരചയിതാവുമായ അവള്‍ സ്മിത്ത് കോളേജില്‍ ഗവണ്‍മെന്റില്‍ മേജര്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒരു ദിവസം അവളുടെ സംഗീതാധ്യാപിക അവളോട് ക്വയര്‍ നടത്താന്‍ ആവശ്യപ്പെട്ടു, അത് അവളുടെ കൈകള്‍ തികച്ചും അനാവൃതമാക്കി. ആ നിമിഷം മുതല്‍, അവള്‍ തന്റെ കരിയര്‍ കണ്ടെത്തി. പള്ളിയിലെ ഗായകസംഘങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും ഇപ്പോള്‍ മറ്റൊരു സര്‍വകലാശാലയില്‍ ഗായകസംഘത്തിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു. ''എന്റെ അധ്യാപകര്‍ എന്നില്‍ എന്തോ കണ്ടു,'' അബെല വിശദീകരിക്കുന്നു.

അവളുടെ പ്രചോദനാത്മകമായ കഥ നമ്മുടെ പരിശുദ്ധ ഗുരുവായ ദൈവം നമ്മുടെ ''പരിമിതികള്‍'' കണക്കിലെടുക്കാതെ നമ്മില്‍ എന്താണ് കാണുന്നത്? എന്നു ചോദിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. മറ്റെന്തിനെക്കാളുമുപരിയായി, അവന്‍ തന്നെത്തന്നെ കാണുന്നു. ''ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു' (ഉല്പത്തി 1:27).

അവിടുത്തെ മഹത്വമുള്ള ''സ്വരൂപ വാഹകര്‍'' എന്ന നിലയില്‍ മറ്റുള്ളവര്‍ നമ്മെ കാണുമ്പോള്‍ നാം അവനെ പ്രതിഫലിപ്പിക്കണം. അബെലയെ സംബന്ധിച്ച്, അത് തന്റെ കൈകള്‍ -അല്ലെങ്കില്‍ അവളുടെ വിരലുകള്‍ ഇല്ലാത്ത അവസ്ഥ - അല്ല മറിച്ച് യേശു ആണ്. എല്ലാ വിശ്വാസികളെ സംബന്ധിച്ചും ഇത് ശരിയാണ്. ''എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും, ആത്മാവാകുന്ന കര്‍ത്താവിന്റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു'' എന്ന് 2 കൊരിന്ത്യര്‍ 3:18 പറയുന്നു.

അബെലയ്ക്കു സമാനമായി, ക്രിസ്തുവിന്റെ രൂപാന്തരീകരണ ശക്തിയാല്‍ (വാ. 18), ദൈവിക മഹത്വത്തിനായി മുഴങ്ങിക്കേള്‍ക്കുന്ന ഒരു ജീവിത സംഗീതം പുറപ്പെടുവിച്ചുകൊണ്ട് നമുക്കു നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുവാന്‍ കഴിയും.

ദൈവം നമ്മുടെ രക്ഷകന്‍

വിശാലമായ കടലില്‍, ഒരു ട്രയാത്ത്ലോണില്‍ മത്സരിക്കുന്നവരില്‍ പരിഭ്രാന്തരായ നീന്തല്‍ക്കാരെ സഹായിക്കാന്‍ ഒരു രക്ഷാപ്രവര്‍ത്തക അവളുടെ ബോട്ട് തയ്യാറാക്കി നിലയുറപ്പിച്ചു. ''ബോട്ടിന്റെ നടുവില്‍ പിടിക്കരുത്!'' അവള്‍ നീന്തല്‍ക്കാരോടു വിളിച്ചു പറഞ്ഞു; അത്തരമൊരു നീക്കം തന്റെ വാഹനത്തെ തകിടംമറിക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു. പകരം, തളര്‍ന്ന നീന്തല്‍ക്കാരെ അവള്‍ ബോട്ടിന്റെ അമരത്തേക്കോ അണിയത്തേക്കോ നയിച്ചു. അവിടെ അവര്‍ക്ക് ഒരു വളയത്തില്‍ പിടിച്ചു കിടക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് അവരെ എളുപ്പത്തില്‍ രക്ഷപ്പെടുത്താനും കഴിയും.

യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍ ജീവിതമോ ആളുകളോ നമ്മെ ആഴത്തിലേക്കു വലിച്ചുതാഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തുമ്പോഴെല്ലാം, നമുക്ക് ഒരു രക്ഷകനുണ്ടെന്ന് നമുക്കറിയാം. പരമാധികാരിയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 'ഞാന്‍ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും. . . ചിതറിപ്പോയ സകല സ്ഥലങ്ങളിലും നിന്ന് അവയെ വിടുവിക്കും' (യെഹെസ്‌കേല്‍ 34:11-12).

ദൈവജനം പ്രവാസികളായിരിക്കുമ്പോള്‍ യെഹെസ്‌കേല്‍ പ്രവാചകന്‍ അവര്‍ക്കു നല്‍കിയ ഉറപ്പാണിത്. അവരുടെ നേതാക്കള്‍ അവരെ അവഗണിക്കുകയും ചൂഷണം ചെയ്യുകയും അവരുടെ ജീവന്‍ കൊള്ളയടിക്കുകയും ദൈവത്തിന്റെ 'ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയ്ക്കുകയും' ചെയ്തു (വാ. 8). തല്‍ഫലമായി, ''ഭൂതലത്തില്‍ ഒക്കെയും എന്റെ ആടുകള്‍ ചിതറിപ്പോയി; ആരും അവയെ തിരയുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല'' (വാ. 6).

എന്നാല്‍ ''ഞാന്‍ എന്റെ ആട്ടിന്‍കൂട്ടത്തെ രക്ഷിക്കും' എന്ന് കര്‍ത്താവ് പ്രഖ്യാപിച്ചു (വാ. 10), അവന്റെ വാഗ്ദത്തം ഇപ്പോഴും നിലനില്‍ക്കുന്നു.

നമ്മള്‍ എന്താണ് ചെയ്യേണ്ടത്? സര്‍വശക്തനായ ദൈവത്തെയും അവന്റെ വാഗ്ദാനങ്ങളെയും മുറുകെ പിടിക്കുക. ''ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ച് അവയെ പരിപാലിക്കും'' (വാ. 11) ദൈവം പറയുന്നു. അത് മുറുകെ പിടിക്കേണ്ട ഒരു രക്ഷാവാഗ്ദാനമാണ്.

പ്രത്യാശാ പുഷ്പങ്ങള്‍

അടുത്തിടെ അമേരിക്കയിലെ ഒരു നഗരത്തില്‍ തരിശായി കിടന്ന ചില പ്രദേശങ്ങളിലെ കളകള്‍ നീക്കം ചെയ്ത് മനോഹരമായ പൂക്കളും പച്ച ചെടികളും ഞങ്ങള്‍ അവിടെ നട്ടുപിടിപ്പിച്ചു. ഇത് ഈ സമീപ പ്രദേശങ്ങളിലെ താമസക്കാരുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ സ്വാധീനിക്കുകയും ജീവിതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മെച്ചപ്പെടുത്തുകയും ചെയ്തു.

അമേരിക്കയിലെ ഒരു പ്രസിദ്ധമായ കോളേജിലെ ഒരു പ്രൊഫസര്‍ പറഞ്ഞു, ''ഹരിത ഇടം മാനസികാരോഗ്യത്തെ സ്വാധീനിക്കുമെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ വര്‍ദ്ധിച്ചുവരികയാണ്, ഇത് ദരിദ്രമായ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് പ്രത്യേകിച്ചും പ്രധാനമാണ്.''

യിസ്രായേലിലെയും യെഹൂദയിലെയും അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളും തങ്ങളുടെ മനോഹരമായ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള യെശയ്യാ പ്രവാചകന്റെ ദര്‍ശനത്തില്‍ പുതിയ പ്രതീക്ഷ കണ്ടെത്തി. യെശയ്യാവ് മുന്‍കൂട്ടിപ്പറഞ്ഞ എല്ലാ നാശങ്ങള്‍ക്കും ന്യായവിധികള്‍ക്കുമിടയില്‍, ശോഭനമായ ഈ വാഗ്ദാനം വേരുറപ്പിച്ചു: ''മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിര്‍ജ്ജനപ്രദേശം ഉല്ലസിച്ചു പനിനീര്‍പുഷ്പംപോലെ പൂക്കും. അതു മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടുംകൂടെ ഉല്ലസിക്കും' (യെശയ്യാവ് 35:1-2).

ഇന്നത്തെ നമ്മുടെ അവസ്ഥ എന്തുതന്നെയായാലും, നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് തന്റെ സൃഷ്ടിയിലൂടെ ചെയ്യുന്നതുപോലെ പുതിയ പ്രത്യാശയോടെ നമ്മെ പുനഃസ്ഥാപിക്കുന്ന മനോഹരമായ വഴികളില്‍ സന്തോഷിക്കാം. നാം തകര്‍ന്നിരിക്കുന്നതായി നമുക്കു തോന്നുമ്പോള്‍, അവന്റെ മഹത്വത്തെയും തേജസ്സിനെയും കുറിച്ചു ചിന്തിക്കുന്നത് നമ്മെ ശക്തിപ്പെടുത്തും. ''തളര്‍ന്ന കൈകളെ ബലപ്പെടുത്തുവിന്‍; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിന്‍'' എന്ന് യെശയ്യാവ് പ്രോത്സാഹിപ്പിച്ചു (വാ. 3).

കുറച്ച് പൂക്കള്‍ക്ക് നമ്മുടെ പ്രതീക്ഷയെ ആളിക്കത്തിക്കാന്‍ കഴിയുമോ? കഴിയും എന്ന് ഒരു പ്രവാചകന്‍ പറഞ്ഞു. പ്രത്യാശ നല്‍കുന്ന നമ്മുടെ ദൈവവും അങ്ങനെതന്നെ പറയുന്നു.

തിളങ്ങുന്ന പ്രകാശം

ഒരു പ്രാദേശിക സഭയില്‍ പഠിപ്പിക്കാമെന്നു ഞാന്‍ സമ്മതിച്ച അഞ്ച് ആഴ്ചത്തെ ബൈബിള്‍ ക്ലാസ്സിനെക്കുറിച്ച് എനിക്ക് ഉള്‍ക്കിടിലം തോന്നി. വിദ്യാര്‍ത്ഥികള്‍ക്ക് അത് ഇഷ്ടപ്പെടുമോ? അവര്‍ എന്നെ ഇഷ്ടപ്പെടുമോ? എന്റെ ഉത്കണ്ഠ തെറ്റായ കേന്ദ്രത്തിലേക്കായിരുന്നു. അതെന്നെ പാഠ പദ്ധതിയും പ്രദര്‍ശന സാമഗ്രികളും വിതരണത്തിനുള്ള നോട്ടുകളും അമിതമായി തയ്യാറാക്കുന്നതിലേക്കു നയിച്ചു. ഒരാഴ്ച കൂടി ബാക്കിയുണ്ടായിട്ടും, പങ്കെടുക്കാന്‍ ഞാന്‍ അനേകരെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

എന്നിരുന്നാലും, എന്റെ പ്രാര്‍ത്ഥനയില്‍, ദൈവത്തിങ്കലേക്കു വെളിച്ചം വീശുന്ന ഒരു ശുശ്രൂഷയാണ് എന്റെ ക്ലാസ് എന്ന് ദൈവം എന്നെ ഓര്‍മ്മപ്പെടുത്തി. നമ്മുടെ സ്വര്‍ഗ്ഗീയപിതാവിലേക്ക് ആളുകളെ നയിക്കാന്‍ പരിശുദ്ധാത്മാവ് ക്ലാസിനെ ഉപയോഗിക്കുന്നതിനാല്‍, പരസ്യമായി സംസാരിക്കുന്നതിനെക്കുറിച്ചുള്ള എന്റെ ഉത്കണ്ഠയെ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞു. യേശു തന്റെ ശിഷ്യന്മാരെ പര്‍വതപ്രസംഗത്തില്‍ പഠിപ്പിച്ചപ്പോള്‍ അവരോടു പറഞ്ഞു, ''നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കുവാന്‍ പാടില്ല. വിളക്ക് കത്തിച്ച് പറയിന്‍കീഴല്ല തണ്ടിന്മേലത്രെ വയ്ക്കുന്നത്; അപ്പോള്‍ അത് വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു' (മത്തായി 5:14-15).

ആ വാക്കുകള്‍ വായിച്ച ഞാന്‍ അവസാനം സോഷ്യല്‍ മീഡിയയില്‍ ക്ലാസിനെക്കുറിച്ചുള്ള ഒരു അറിയിപ്പ് ഇട്ടു. ഉടന്‍ തന്നെ ആളുകള്‍ നന്ദിയും ആവേശവും പ്രകടിപ്പിച്ചുകൊണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി. അവരുടെ പ്രതികരണങ്ങള്‍ കണ്ട് ഞാന്‍ യേശുവിന്റെ പഠിപ്പിക്കലിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു: 'മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ' (വാ. 16).

അങ്ങനെ ശരിയായ കാഴ്ചപ്പാടു ലഭിച്ച ഞാന്‍ സന്തോഷത്തോടെ ക്ലാസ്സ് പഠിപ്പിച്ചു. എന്റെ ലളിതമായ പ്രവൃത്തി, ദൈവത്തിനുവേണ്ടി തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രകാശകിരണമായിത്തീരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

-പട്രീഷ്യ റെയ്ബന്‍

അന്വേഷണം!

ചലച്ചിത്ര നിര്‍മ്മാതാവ് വൈലി ഓവര്‍സ്ട്രീറ്റ് അപരിചിതര്‍ക്ക് തന്റെ ശക്തമായ ദൂരദര്‍ശിനിയിലൂടെ ചന്ദ്രന്റെ ഒരു തത്സമയ ചിത്രം കാണിച്ചുകൊടുത്തപ്പോള്‍, അവര്‍ അടുത്തുകണ്ട കാഴ്ചയില്‍ അമ്പരന്നുപോയി; അവര്‍ പരസ്പരം മന്ത്രിക്കുകയും വിസ്മയം പ്രകടിപ്പിക്കുകയും ചെയ്തു. 'അത്തരം മഹത്തായ ഒരു കാഴ്ച കാണുമ്പോള്‍' അദ്ദേഹം വിശദീകരിച്ചു, ''നമ്മെക്കാള്‍ വലുതായി എന്തെങ്കിലുമുണ്ടെന്ന ഒരു അത്ഭുതബോധം നമ്മില്‍ നിറയുന്നു.''

സങ്കീര്‍ത്തനക്കാരനായ ദാവീദ് ദൈവത്തിന്റെ സ്വര്‍ഗ്ഗീയ വെളിച്ചത്തില്‍ അത്ഭുതപ്പെട്ടു. ''നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍ മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തുമാത്രം?'' (സങ്കീര്‍ത്തനം 8:3-4).

ദൈവം പുതിയ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചുകഴിയുമ്പോള്‍ നമുക്ക് ഇനി ചന്ദ്രനോ സൂര്യനോ ആവശ്യമില്ലെന്ന് മനസ്സിലാക്കുമ്പോഴാണ് ദാവീദിന്റെ വിനീതമായ ചോദ്യം നമ്മുടെ വിസ്മയത്തെ ശരിയായ വീക്ഷണകോണിലാക്കുന്നത്. അതിനു പകരം, ദൈവതേജസ്സ് നഗരത്തെ പ്രകാശിപ്പിക്കുമെന്ന് അപ്പൊസ്തലനായ യോഹന്നാന്‍ പറയുന്നു. 'നഗരത്തില്‍ പ്രകാശിക്കുവാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു. ... രാത്രി അവിടെ ഇല്ലല്ലോ. (വെളിപ്പാട് 21:23-25).

എന്തൊരു അത്ഭുതകരമായ ചിന്ത! എന്നിരുന്നാലും ലോകത്തിന്റെ വെളിച്ചമായ ക്രിസ്തുവിനെ അന്വേഷിക്കുന്നതിലൂടെ നമുക്ക് ഇപ്പോള്‍ അവന്റെ സ്വര്‍ഗ്ഗീയ വെളിച്ചം അനുഭവിക്കാന്‍ കഴിയും. ഓവര്‍സ്ട്രീറ്റിന്റെ വീക്ഷണത്തില്‍, ''നാം കൂടുതല്‍ തവണ നോക്കണം.'' അപ്രകാരം ചെയ്യുമ്പോള്‍ നാം ദൈവത്തെ കാണാന്‍ ഇടയാകട്ടെ.

ലളിതമായി ചോദിക്കുക

അവളുടെ വേര്‍പെട്ട റെറ്റിനകള്‍ നന്നാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ, പതിനഞ്ച് വര്‍ഷത്തോളം കാഴ്ചയില്ലാതെ ജീവിച്ച ശേഷം - ബ്രെയ്ലി പഠിക്കുകയും വടിയും സേവന നായയെയും ഉപയോഗിക്കുകയും ചെയ്തതിന് ശേഷം - ഭര്‍ത്താവ് മറ്റൊരു നേത്രരോഗ ഡോക്ടറോട് 'അവളെ സഹായിക്കാമോ?' എന്ന ലളിതമായ ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഒരു സ്ത്രീയുടെ ജീവിതം മാറി. 'സഹായിക്കാം' എന്നായിരുന്നു ഉത്തരം. ഡോക്ടര്‍ കണ്ടെത്തിയതുപോലെ, സ്ത്രീക്ക് ഒരു സാധാരണ നേത്രരോഗമായ തിമിരം ആയിരുന്നു. വലത് കണ്ണില്‍ നിന്ന് ഡോക്ടര്‍ അതു നീക്കം ചെയ്തു. അടുത്ത ദിവസം കണ്ണ് മൂടിയിരുന്ന ബാന്‍ഡേജ് നീക്കം ചെയ്തപ്പോള്‍ അവളുടെ കാഴ്ച 20/20 ആയിരുന്നു. അവളുടെ ഇടത് കണ്ണിന് നടത്തിയ രണ്ടാമത്തെ ശസ്ത്രക്രിയ തുല്യ വിജയം നേടി.

ലളിതമായ ഒരു ചോദ്യം, കുഷ്ഠരോഗമുള്ള ശക്തനായ സൈനികനായ നയമാന്റെ ജീവിതത്തെയും മാറ്റിമറിച്ചു. ''യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്കുക; അപ്പോള്‍ നിന്റെ ദേഹം
മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും'' (2 രാജാക്കന്മാര്‍ 5:10) എന്ന എലീശാ പ്രവാചകന്റെ നിര്‍ദേശം നയമാനെ കോപിഷ്ഠനാക്കി. എന്നിരുന്നാലും, നയമാന്റെ ദാസന്മാര്‍ സൈനിക നേതാവിനോട് ഒരു ലളിതമായ ചോദ്യം ചോദിച്ചു: ''പ്രവാചകന്‍ വലിയൊരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കില്‍ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവന്‍: കുളിച്ചു ശുദ്ധനാകുക എന്നു നിന്നോടു കല്പിച്ചാല്‍ എത്ര അധികം?'' (വാ. 13). അനുനയിച്ച നയമാന്‍ ''യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവന്‍ ശുദ്ധനായിത്തീര്‍ന്നു'' (വാ. 14).

നമ്മുടെ ജീവിതത്തില്‍, നാം ദൈവത്തോട് ചോദിക്കാത്തതിനാല്‍ ഒരു പ്രശ്‌നവുമായി പൊരുതുന്നു: അങ്ങു സഹായിക്കുമോ? ഞാന്‍ പോകണമോ? അങ്ങു നയിക്കുമോ? നമ്മെ സഹായിക്കാന്‍ അവന് നമ്മില്‍ നിന്ന് സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ ആവശ്യമില്ല. ''അവര്‍ വിളിക്കുന്നതിനുമുമ്പെ ഞാന്‍ ഉത്തരം നല്‍കും,'' ദൈവം തന്റെ ജനത്തിന് വാഗ്ദാനം ചെയ്തു (യെശയ്യാവ് 65:24). അതിനാല്‍ ഇന്നുതന്നെ അവനോട് ചോദിക്കുക.

തേനിനേക്കാള്‍ മധുരം

വംശീയ സംഘര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. എന്നിട്ടും പ്രസംഗകന്‍ ശാന്തനും പരിസരബോധമുള്ളവനുമായിരുന്നു. ഒരു വലിയ സദസ്സിനു മുന്നിലെ വേദിയില്‍ നിന്ന അദ്ദേഹം ധൈര്യത്തോടെ സംസാരിച്ചു - എന്നാല്‍ കൃപയോടും വിനയത്തോടും ദയയോടും നര്‍മ്മത്തോടും കൂടി. പെട്ടെന്നുതന്നെ സദസ്സിന്റെ പിരിമുറുക്കം അയയുകയും തങ്ങളെല്ലാവരും അഭിമുഖീകരിച്ച പ്രതിസന്ധിയെക്കുറിച്ച് - ശാന്തമായ വികാരത്തോടും വാക്കുകളോടും കൂടെ തങ്ങളുടെ വിഷയം എങ്ങനെ പരിഹരിക്കാം എന്നത് - പ്രസംഗകനോടൊപ്പം അവര്‍ ചിരിക്കുകയും ചിന്തിക്കുകയും ചെയ്തു. പക്ഷേ അവരുടെ വികാരങ്ങളും വാക്കുകളും തണുപ്പിക്കുക. അതെ, മധുരമുള്ള മനോഭാവത്തോടെ ഒരു കൈപ്പേറിയ വിഷയം എങ്ങനെ കൈകാര്യം ചെയ്യാം.

ശലോമോന്‍ രാജാവ് നമ്മോടെല്ലാവരോടും ഇതേ സമീപനമാണ് ഉപദേശിച്ചത്: ''ഇമ്പമുള്ള വാക്കു തേന്‍കട്ടയാകുന്നു; മനസ്സിനു മധുരവും അസ്ഥികള്‍ക്ക് ഔഷധവും തന്നേ'' (സദൃശവാക്യങ്ങള്‍ 16:24). ഈ വിധത്തില്‍, ''ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ക്കു വിദ്യ
വര്‍ദ്ധിപ്പിക്കുന്നു'' (വാ. 23).

ശലോമോനെപ്പോലുള്ള ശക്തനായ ഒരു രാജാവ് നാം എങ്ങനെ സംസാരിക്കണം എന്ന വിഷയത്തെ അഭിസംബോധന ചെയ്യാന്‍ സമയം ചെലവഴിക്കുന്നത് എന്തുകൊണ്ടാണ്? കാരണം വാക്കുകള്‍ നശീകരണശക്തിയുള്ളവയാണ്. ശലോമോന്റെ കാലത്ത്, രാജാക്കന്മാര്‍ തങ്ങളുടെ ജനതയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ദൂതന്മാരെ ആശ്രയിച്ചിരുന്നു, ശാന്തരും വിശ്വസനീയരുമായ ദൂതന്മാര്‍ വളരെയധികം വിലമതിക്കപ്പെട്ടു. അവര്‍ വിവേകപൂര്‍ണ്ണമായ വാക്കുകളും യുക്തിസഹമായ നാവുകളും ഉപയോഗിച്ചു, വിഷയം എന്തുതന്നെയായിരുന്നാലും അമിതമായി പ്രതികരിക്കുകയോ പരുഷമായി സംസാരിക്കുകയോ ചെയ്തില്ല.

നമ്മുടെ അഭിപ്രായങ്ങളും ചിന്തകളും ദൈവികവും വിവേകപൂര്‍ണ്ണവുമായ മാധുര്യം ഉള്‍ക്കൊള്ളുന്നതിലൂടെ നമുക്കെല്ലാവര്‍ക്കും പ്രയോജനം നേടാം. ശലോമോന്റെ വാക്കുകളില്‍, ''ഹൃദയത്തിലെ നിരൂപണങ്ങള്‍ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാല്‍ വരുന്നു'' (വാ. 1).