പ്രസിദ്ധ സംഗീത ശില്പമായ ഹാമിൽട്ടണിൽ, ഇംഗ്ലണ്ടിലെ കിംഗ് ജോർജ്ജ് മൂന്നാമനെ ഒരു കോമാളിയും വിഭ്രാന്തിയുള്ള വില്ലനും ആയി ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, ഹാമിൽട്ടണിലോ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലോ വിവരിച്ചിരിക്കുന്നതുപോലെയുള്ള ഒരു സ്വേച്ഛാധിപതിയല്ല ജോർജ്ജ് രാജാവ് എന്ന് അദ്ദെഹത്തെക്കുറിച്ചുള്ള ഒരു പുതിയ ജീവചരിത്രം പറഞ്ഞു. ജോർജ്ജ് അമേരിക്കക്കാർ പറഞ്ഞ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നെങ്കിൽ, തീവ്രവും ക്രൂരവുമായ നടപടികളിലൂടെ സ്വാതന്ത്ര്യത്തിനായുള്ള അവരുടെ നീക്കം അദ്ദേഹം അവസാനിപ്പിക്കുമായിരുന്നു. എന്നാൽ അവന്റെ “നാഗരികവും, നല്ലതുമായ’’ സ്വഭാവം അദ്ദേഹത്തെ അതിൽനിന്നു തടഞ്ഞു.

ജോർജ്ജ് രാജാവ് ഖേദത്തോടെയാണോ മരിച്ചതെന്ന് ആർക്കറിയാം? പ്രജകളോട് കർക്കശമായി പെരുമാറിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഭരണം കൂടുതൽ വിജയകരമാകുമായിരുന്നോ?

അങ്ങനെയാകണമെന്നില്ല. “തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു” (2 ദിനവൃത്താന്തം 21:4). തന്റെ സിംഹാസനം ഉറപ്പിച്ച യെഹോരാം രാജാവിനെക്കുറിച്ച് ബൈബിളിൽ നാം വായിക്കുന്നു. യെഹോരാം “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു” (വാ. 6). അവന്റെ ക്രൂരമായ ഭരണം അവനെ ജനത്തിൽനിന്ന് അകറ്റിനിർത്തി, അവർ അവന്റെ ദാരുണമായ മരണത്തിൽ കരയുകയോ “അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം” നടത്തുകയോ ചെയ്തില്ല (വാ. 19).

ജോർജ് വളരെ മൃദുവായിരുന്നോ എന്ന് ചരിത്രകാരന്മാർ തർക്കിച്ചേക്കാം; യെഹോരാം തീർച്ചയായും വളരെ ക്രൂരനായിരുന്നു. “കൃപയും സത്യവും നിറഞ്ഞ” (യോഹന്നാൻ 1:14) രാജാവായ യേശുവിന്റേതാണ് മികച്ച മാർഗ്ഗം. ക്രിസ്തുവിന്റെ പ്രതീക്ഷകൾ ഉറച്ചതാണ് (അവൻ സത്യം ആവശ്യപ്പെടുന്നു), എങ്കിലും പരാജയപ്പെടുന്നവരെ അവൻ ആശ്ലേഷിക്കുന്നു (അവൻ കൃപ നൽകുന്നു). തന്നിൽ വിശ്വസിക്കുന്ന നമ്മെ അവന്റെ വഴി പിന്തുടരാൻ യേശു വിളിക്കുന്നു. തുടർന്ന്, തന്റെ പരിശുദ്ധാത്മാവെന്ന് വഴികാട്ടിയിലൂടെ, അവൻ അങ്ങനെ ചെയ്യാൻ നമ്മെ ശക്തിപ്പെടുത്തുന്നു.