കൊളറാഡോയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ തീപിടുത്തമായ മാർഷൽ ഫയറിന് ശേഷം, വിലപിടിപ്പുള്ള വസ്തുക്കൾക്കായി ചാരത്തിൽ തിരയുന്നതിനായി കുടുംബങ്ങളെ സഹായിക്കാമെന്ന് ഒരു സംഘടന വാഗ്ദാനം ചെയ്തു. നശിക്കാതെ കിടപ്പുണ്ടെന്ന് കുടുംബാംഗങ്ങൾ പ്രതീക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ച് അവർ പരാമർശിച്ചു. അതു വളരെ കുറവായിരുന്നു. ഒരാൾ തന്റെ വിവാഹ മോതിരത്തെക്കുറിച്ച് ആർദ്രമായി സംസാരിച്ചു. അയാൾ അത് മുകൾ നിലയിലെ കിടപ്പുമുറിയിൽ തന്റെ മേശയിലാണ് വെച്ചിരുന്നത്. വീട് ഇപ്പോൾ ഇല്ലാതായി, അതിന്റെ സാധനങ്ങൾ താഴത്തെ നിലയിൽ അവശിഷ്ടങ്ങളുടെ ഒരു പാളിയായി ഉരുകിക്കിടന്നിരുന്നു. കിടപ്പുമുറി ഉണ്ടായിരുന്ന അതേ മൂലയിൽ അവർ മോതിരത്തിനായി തിരച്ചിൽ നടത്തി-പക്ഷേ വിജയിച്ചില്ല.

യെരൂശലേമിന്റെ ആസന്നമായ നാശത്തെക്കുറിച്ച് അത് ഇടിച്ചു നിരത്തപ്പെടും എന്ന് യെശയ്യാ പ്രവാചകൻ ദുഃഖത്തോടെ എഴുതി. അതുപോലെ, നമ്മൾ കെട്ടിപ്പടുത്ത ജീവിതം ചാരമായി മാറിയതായി നമുക്ക് തോന്നുന്ന സമയങ്ങളുണ്ട്. വൈകാരികമായും ആത്മീയമായും ഒന്നും അവശേഷിക്കുന്നില്ലെന്ന് നമുക്ക് തോന്നുന്നു. എന്നാൽ യെശയ്യാവ് നമുക്കു പ്രത്യാശ നൽകുന്നു: ”ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും … അവൻ എന്നെ അയച്ചിരിക്കുന്നു” (യെശയ്യാവ് 61:1-2). ദൈവം നമ്മുടെ ദുരന്തത്തെ മഹത്വമാക്കി മാറ്റുന്നു: ‘[അവൻ] അവർക്ക് വെണ്ണീറിന്നു പകരം അലങ്കാരമാല നൽകും’ (വാ. 3). ‘അവർ പുരാതനശൂന്യങ്ങളെ പണികയും പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടു പോക്കുകയും ചെയ്യും” എന്നു ദൈവം വാഗ്ദാനം ചെയ്യുന്നു (വാ. 4).

ആ മാർഷൽ ഫയർ മേഖലയിൽൽ, ഒരു സ്ത്രീ അതിനെതിർവശത്തുള്ള ചാരക്കൂമ്പാരത്തിൽ തിരഞ്ഞു. അവിടെ, അവളുടെ ഭർത്താവിന്റെ വിവാഹ മോതിരം അതിന്റെ കേസിനകത്ത് ഭദ്രമായി കിടപ്പുണ്ടായിരുന്നു. നിങ്ങളുടെ നിരാശയിൽ, ദൈവം നിങ്ങളുടെ ചാരത്തിൽ എത്തുകയും യഥാർത്ഥത്തിൽ വിലയേറിയ ഒരു വസ്തുവിനെ പുറത്തെടുക്കുകയും ചെയ്യുന്നു – നിങ്ങളെ.