നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഷെരിദാന്‍ വോയ്‌സി

അഞ്ചു നല്ല കാര്യങ്ങൾ

യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു. [ സങ്കീർത്തനം 107:1 ]

അഞ്ചു നല്ല കാര്യങ്ങൾ

തങ്ങൾക്കുള്ളതിൽ മനപ്പൂർവ്വം നന്ദിയുള്ളവരായിരിക്കുന്ന ആളുകൾ നല്ല ഉറക്കം കിട്ടുന്നവരും കുറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവരും കൂടുതൽ സന്തോഷ മുള്ളവരും ആണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഇതെല്ലാം നമ്മിൽ മതിപ്പുളവാക്കുന്ന നേട്ടങ്ങളാണ്. ഓരോ ആഴ്ചയും നമ്മൾ നന്ദിയുള്ളവരായിരിക്കുന്ന അഞ്ചു കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന ഒരു “കൃതജ്ഞതാ ജേണൽ’’ സൂക്ഷിക്കാൻ മനഃശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്നു.

നന്ദി പറയുന്ന ശീലത്തെ തിരുവചനം മുമ്പേതന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആഹാരത്തിനും വിവാഹജീവിതത്തിനും (1 തിമൊഥെയൊസ് 4:3-5) സൃഷ്ടിയുടെ സൗന്ദര്യത്തിനും (സങ്കീർത്തനം 104) നാം നന്ദി പറയുവാനും അവയെല്ലാം ദൈവിക ദാനമാണെന്നു മനസ്സിലാക്കി ദാതാവിനു നന്ദി പറയുവാനും ബൈബിൾ നമ്മെ ആഹ്വാനം ചെയ്യുന്നു. യിസ്രായേൽ അത്യാവശ്യമായും നന്ദിപറയേണ്ട അഞ്ചു കാര്യങ്ങൾ സങ്കീർത്തനം 107 ൽ കൊടുത്തിരിക്കുന്നു: മരുഭൂമിയിൽനിന്ന് അവരെ രക്ഷിച്ചത് (വാ. 4-9), അടിമത്വത്തിൽ നിന്നുള്ള അവരുടെ മോചനം (വാ. 10-16), രോഗസൗഖ്യം (വാ. 18-22), സമുദ്രത്തിലെ സുരക്ഷിതത്വം (വാ. 23-32), വരണ്ട ഭൂമിയിൽ അവർ അഭിവൃദ്ധി പ്രാപിച്ചത് (വാ. 33-42) എന്നിവയാണവ. “യഹോവെക്കു സ്തോത്രം ചെയ്വിൻ’’ സങ്കീർത്തനം ആവർത്തിച്ചു പറയുന്നു, കാരണം ഇവ അവന്റെ മാറിപ്പോകാത്ത “നന്മ’’യുടെ (വാ. 8, 15, 21, 31) അടയാളങ്ങളാണ്.

നിങ്ങളുടെ അടുത്ത് കുറിപ്പെഴുതാനുള്ള കടലാസുണ്ടോ? നിങ്ങൾ നന്ദിയുള്ള വനായിരിക്കുന്ന അഞ്ചു കാര്യങ്ങൾ ഇപ്പോൾ തന്നേ എഴുതാൻ കഴിയുമോ? നിങ്ങൾ ഇപ്പോൾ കഴിച്ച ഭക്ഷണമാകാം, നിങ്ങളുടെ വിവാഹമോ അല്ലെങ്കിൽ യിസ്രായേലിനെപ്പോലെ ഇന്നുവരെ നിങ്ങളെ ദൈവം രക്ഷിച്ചതോ ആകാം. വെളിയിൽ പാടുന്ന പക്ഷികൾക്കുവേണ്ടിയും അടുക്കളയിൽനിന്നു വരുന്ന സുഗന്ധത്തിനും കസേരയിലെ സുഖകരമായ ഇരിപ്പിനും പ്രിയപ്പെട്ടവരുടെ മന്ത്രണത്തിനും വേണ്ടിയും നന്ദിപറയാൻ നിങ്ങൾക്കു കഴിയും. ഓരോന്നും ഒരു ദാനവും ദൈവത്തിന്റെ മാറാത്ത സ്നേഹത്തിന്റെ അടയാളവുമാണ്. ഷെരിദാൻ വോയ്സി

നന്ദിയുള്ളവരായിരിക്കാൻ തിരുവചനം കൂടെക്കൂടെ ആഹ്വാനം ചെയ്യുന്നത് എന്തുകൊണ്ടാണെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്? ഇന്നു നിങ്ങൾക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയുന്ന അഞ്ചു കാര്യങ്ങൾ എന്തെല്ലാമാണ്?

പിതാവായ ദൈവമേ, അങ്ങ് എന്റെ ജീവിതത്തിൽ നൽകിയിട്ടുള്ള
എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദിയുള്ളവനാണ്. 
അതിലെല്ലാമുപരി അങ്ങേയ്ക്കുവേണ്ടി ഞാൻ നന്ദിയുള്ളവനാണ്.

സങ്കീർത്തനം 72 നേതാക്കൾ

ജൂലൈയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സ്ഥാനമൊഴിയേണ്ടി വന്നു. സത്യസന്ധത പുലർത്തുന്നതിൽ അദ്ദേഹം വീഴ്ചവരുത്തിയതായി പലരും ചിന്തിച്ചു തുടങ്ങിയപ്പോൾ, പുതുതായി സ്ഥാനമേറ്റ പ്രധാനമന്ത്രിക്കു മാസങ്ങൾക്കുള്ളിൽ രാജിവെക്കേണ്ടിവന്നു! ആ സംഭവത്തിനു തുടക്കം കുറിച്ചത്, രാജ്യത്തെ ആരോഗ്യമന്ത്രി വാർഷിക പാർലമെന്ററി പ്രഭാതഭക്ഷണ പ്രാർത്ഥനാ പരിപാടിയിൽ പങ്കെടുത്തതോടെയാണ്. പൊതുജീവിതത്തിലെ സത്യസന്ധതയുടെ ആവശ്യകതയെക്കുറിച്ച് ബോധ്യം വരികയും തന്റെ തെറ്റുകളെക്കുറിച്ചു കുറ്റബോധം ഉണ്ടാകുകയും ചെയ്ത അദ്ദേഹം രാജിവച്ചു. പിന്നാലെ മറ്റ് മന്ത്രിമാർ രാജിവച്ചപ്പോൾ പ്രധാനമന്ത്രിക്കും താൻ പോകണമെന്ന് മനസ്സിലായി. സമാധാനപരമായ ഒരു പ്രാർത്ഥനാ യോഗത്തിൽ നിന്ന് ഉത്ഭവിച്ച ഒരു ശ്രദ്ധേയമായ സംഭവമായിരുന്നു അത്. യേശുവിൽ വിശ്വസിക്കുന്നവർ അവരുടെ രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു (1 തിമൊഥെയൊസ് 2:1-2), അങ്ങനെ ചെയ്യുന്നതിനുള്ള ഒരു നല്ല വഴികാട്ടിയാണ് സങ്കീർത്തനം 72,

ഒരു ഭരണാധികാരിയുടെ ജോലി വിവരണവും അത് നേടാൻ അവരെ സഹായിക്കാനുള്ള പ്രാർത്ഥനയും അതിൽ ഉൾപ്പെട്ടിരിക്കുന്നു. നീതിയും സത്യ സന്ധതയും ഉള്ള ഒരു വ്യക്തി (വാ. 1-2), ദുർബലരെ സംരക്ഷിക്കുന്നവൻ (വാ. 4), ആവശ്യക്കാരെ സേവിക്കുന്നവൻ (വാ. 12-13), അടിച്ചമർത്തലിനെതിരെ നിലകൊള്ളുന്നവൻ (വാ. 14) എന്നിങ്ങനെയുള്ള ഒരു വ്യക്തിയായി ആദർശ നേതാവിനെ സങ്കീർത്തനം വിശേഷിപ്പിക്കുന്നു. അവരുടെ ഔദ്യോഗിക സമയം വളരെ ഉന്മേഷദായകമാണ്, അത് "ഭൂമിയെ നനയ്ക്കുന്ന മഴ" പോലെയാണ് (വാ. 6), അത് ദേശത്തു സമൃദ്ധി കൊണ്ടുവരുന്നു (വാ. 3, 7, 16). മശിഹായ്ക്ക് മാത്രമേ അത്തരമൊരു കാര്യം പൂർണമായി നിറവേറ്റാൻ കഴിയൂ (വാ. 11) എന്നിരിക്കിലും നേതൃത്വത്തിന് ഇതിനെക്കാൾ മികച്ച മറ്റെന്തു നിലവാരമാണ് ലക്ഷ്യമിടാനാകുന്നത്?

രാജ്യത്തിന്റെ ആരോഗ്യം ഔദ്യോഗിക ഭാരവാഹികളുടെ സത്യസന്ധതയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്രങ്ങൾക്ക് “സങ്കീർത്തനം 72 നേതാക്കളെ” ആവശ്യമായിരിക്കുന്നു. അത്തരം നേതാക്കൾക്കായി നാം അന്വേഷിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലൂടെ ഈ സങ്കീർത്തനത്തിൽ കാണുന്ന ഗുണങ്ങൾ അവർ ഉൾക്കൊള്ളുന്നതിനായി അവരെ സഹായിക്കുകയും ചെയ്യാം.

സ്രഷ്ടാവിനെ ഓർക്കുക

തനിക്ക് മരണകരമായ കാൻസർ ആണെന്ന് സമ്മതിക്കാൻ വിസമ്മതിച്ച ഒരു സ്ത്രീയെക്കുറിച്ചുള്ള ഒരു നോവൽ ഈയിടെ ഞാൻ വായിച്ചു. യാഥാർത്ഥ്യം അംഗീകരിച്ച് പ്രവർത്തിക്കാൻ നിക്കോളായുടെ സുഹൃത്തുക്കൾ അവളെ നിർബന്ധിച്ചെങ്കിലും അവൾ സമ്മതിച്ചില്ല. ധാരാളം കഴിവുകളും സമ്പത്തും ഉണ്ടായിരുന്നെങ്കിലും അവൾ പരിതപിച്ചു: “ഞാൻ എന്റെ ജീവിതം നഷ്ടമാക്കി. ഒന്നും നേടാനായില്ല. വെറുതെ സമയം പാഴാക്കി. ഒന്നും ചെയ്തില്ല” എന്നൊക്കെ. ഒന്നും നേടാനായില്ല എന്ന് തോന്നുന്നതിനാൽ ഈ ലോകം വിട്ടു പോകുന്നു എന്ന ചിന്ത അവൾക്ക് ഉൾക്കൊള്ളാനാകാത്ത വേദനയായി.

ഈ സമയത്ത് തന്നെ ഞാൻ സഭാപ്രസംഗി വായിച്ചപ്പോൾ ഇതിനെതിരായ ആഹ്വാനം കണ്ട് ഞാൻ സ്തബ്ധനായി. മരണമെന്ന യാഥാർത്ഥ്യത്തെ അത് ശക്തമായി ബോധ്യപ്പെടുത്തുന്നു. എല്ലാവരും പോകുന്ന പാതാളം എന്ന യാഥാർത്ഥ്യം (9:10) നമുക്ക് പ്രയാസകരമെങ്കിലും അഭിമുഖീകരിച്ചേ മതിയാകൂ (9:2). അതുകൊണ്ട് ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും വിലയേറിയതായി കാണണം (വാ. 4). ഭക്ഷണവും കുടുംബ സൗഹൃദവും ഒക്കെ ബോധപൂർവ്വം ആസ്വദിക്കണം (വാ. 7-9). ചെയ്യാവുന്ന പ്രവൃത്തിയൊക്കെ ചെയ്യണം (വാ. 10). പറ്റുന്ന എല്ലാ സംരംഭവും സാഹസപൂർവം ഏറ്റെടുക്കണം (11:1,6). ഒരു ദിവസം ദൈവത്തിന്റെ മുമ്പിൽ കണക്ക് കൊടുക്കേണ്ടതാണ് എന്ന ബോധ്യത്തിൽ എല്ലാം ചെയ്യണം (11:9; 12:13-14).

നിക്കോളാ വളരെ വിശ്വസ്തയും ഔദാര്യമുള്ളവളും ആയിരുന്നതുകൊണ്ട് അവളുടെ ജീവിതം ഒരിക്കലും നഷ്ടമായിരുന്നില്ല എന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചു. സഭാപ്രസംഗിയുടെ വാക്കുകൾ നമ്മുടെ ജീവിതാന്ത്യത്തിലും ഇങ്ങനെയൊരു സംഘർഷം വരാതെ സഹായിക്കും; സ്രഷ്ടാവിനെ ഓർക്കുക (12:1), അവന്റെ വഴികളെ അനുഗമിക്കുക, ജീവിക്കാനും ദൈവം നല്കുന്നതിനെയെല്ലാം സ്നേഹിക്കാനും ഉള്ള ഏത് അവസരവും ആസ്വദിക്കുക.

 

 

മതിലിന്മേലുള്ള ദൂതന്മാർ

ശോഷിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിലെ ഒരു സഭയെ നയിക്കാൻ വാലസും മേരി ബ്രൗണും ഇംഗ്ലണ്ടിന്റെ അവികസിതമായ ഒരു ഭാഗത്തേക്ക് താമസം മാറി, എന്നാൽ പള്ളി പരിസരത്തും അവരുടെ വീട്ടിലും ഗുണ്ടാസംഘങ്ങൾ നിലയുറപ്പിച്ചിരിക്കുകയായിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ അവരുടെ ജനാലകളിലൂടെ ഇഷ്ടിക എറിയുകയും അവരുടെ വേലികൾ കത്തിക്കുകയും അവരുടെ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാസങ്ങളോളം ഈ പീഡനം തുടർന്നുവെങ്കിലും പോലീസിന് അത് തടയാൻ കഴിഞ്ഞില്ല.

യെരൂശലേമിന്റെ തകർന്ന മതിലുകൾ യിസ്രായേല്യർ പുനർനിർമ്മിച്ചതിനെക്കുറിച്ചു നെഹെമ്യാവിന്റെ പുസ്തകം വിവരിക്കുന്നു. പ്രദേശവാസികൾ “കലക്കം വരുത്തേണ്ടതിന്നും” അക്രമത്തിലൂടെ ഭീഷണിപ്പെടുത്താനും തുടങ്ങിയപ്പോൾ (നെഹെ. 4:8), യിസ്രായേല്യർ “ദൈവത്തോടു പ്രാർത്ഥിച്ചു;...കാവൽക്കാരെ നിയമിച്ചു” (വാ. 9) തങ്ങളെ നയിക്കാൻ ദൈവം ഈ ഭാഗം ഉപയോഗിച്ചിരിക്കുന്നുവെന്നു തോന്നിയ ബ്രൗണും അവരുടെ കുട്ടികളും മറ്റ് ചിലരും അവരുടെ പള്ളിയുടെ മതിലുകൾക്ക് ചുറ്റും നടന്നു, അവരെ സംരക്ഷിക്കാൻ ദൂതന്മാരെ കാവൽക്കാരായി നിയോഗിക്കണമെന്ന് പ്രാർത്ഥിച്ചു. ഗുണ്ടാസംഘം പരിഹസിച്ചെങ്കിലും പിറ്റേന്ന് അവരിൽ പകുതിയോളം പേർ മാത്രമാണ് അവിടെ എത്തിയത്. പിറ്റേന്ന് അഞ്ചുപേർ മാത്രമേ അവിടെ വന്നുള്ളൂ, അതിന്റെ പിറ്റേന്ന് ആരും വന്നില്ല. ആളുകളെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് ഗുണ്ടാസംഘം പിന്തിരിഞ്ഞതായി ബ്രൗൺ കുടുംബം പിന്നീട് കേട്ടു.

പ്രാർത്ഥനയ്ക്കുള്ള ഈ അത്ഭുതകരമായ ഉത്തരം നമ്മുടെ സ്വന്തം സംരക്ഷണത്തിനുള്ള ഒരു സൂത്രവാക്യമല്ല, മറിച്ച് ദൈവത്തിന്റെ വേലയ്ക്ക് എതിർപ്പ് വരുമെന്നും, പ്രാർത്ഥനയുടെ ആയുധം ഉപയോഗിച്ച് പോരാടണമെന്നും ഇത് ഓർമ്മപ്പെടുത്തുന്നു. “വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർക്കുക,” നെഹെമ്യാവ് യിസ്രായേല്യരോട് പറഞ്ഞു. (വാ. 14). അക്രമാസക്തമായ ഹൃദയങ്ങളെ പോലും സ്വതന്ത്രമാക്കാൻ ദൈവത്തിനു കഴിയും. 

ക്രിസ്തുവിലുള്ള ആഴമായ സൗഹൃദം

പതിനേഴാം നൂറ്റാണ്ടിലെ രണ്ട് ഡോക്ടർമാരായ ജോൺ ഫിഞ്ച്, തോമസ് ബെയ്ൻ സ് എന്നിവർക്കായി നിർമ്മിച്ചിരിക്കുന്ന ഒരു സ്മാരകം ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ ക്രൈസ്റ്റ്സ് കോളേജിന്റെ ചാപ്പലിൽ ഉണ്ട്. "വേർപെടുത്താനാവാത്ത സുഹൃത്തുക്കൾ" എന്നറിയപ്പെടുന്ന ഫിഞ്ചും ബെയ്നസും മെഡിക്കൽ ഗവേഷണത്തിൽ സഹകരിക്കുകയും നയതന്ത്ര യാത്രകളിൽ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തു. 1680-ൽ ബെയ്ൻസ് മരിച്ചപ്പോൾ, മുപ്പത്തിയാറ് വർഷം നീണ്ടുനിന്ന അവരുടെ "ആത്മാക്കളുടെ ഉടയാത്ത വിവാഹത്തെക്കുറിച്ച്" ഫിഞ്ച് വിലപിച്ചു. വാത്സല്യത്തിന്റെയും, വിശ്വസ്തതയുടെയും, പ്രതിബദ്ധതയുടെയും സൗഹൃദമായിരുന്നു അവരുടേത്.

ദാവീദ് രാജാവും യോനാഥാനും തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നു. അവർ ആഴത്തിലുള്ള പരസ്പര സ്നേഹം പങ്കിട്ടു (1 ശമൂ. 20:41) ഒപ്പം പരസ്പരം പ്രതിബദ്ധത പ്രതിജ്ഞ പോലും ചെയ്തു (വാ. 8–17, 42). ദാവീദിന് രാജാവാകാൻ യോനാഥാൻ തന്റെ സിംഹാസനത്തിനുള്ള അവകാശം പോലും ത്യജിച്ചു എന്നത് (20:30–31; കാണുക 23:15–18) അവരുടെ പൂർണ്ണമായ വിശ്വസ്തതയെ കാണിക്കുന്നു (1 ശമൂ. 19:1-2; 20:13). യോനാഥാൻ മരിച്ചപ്പോൾ, തന്നോടുള്ള യോനാഥാന്റെ സ്നേഹം "കളത്രപ്രേമത്തിലും വിസ്മയമേറിയത്" എന്ന് ദാവീദ് വിലപിച്ചു (2 ശമൂ. 1:26).

സൗഹൃദത്തെ വിവാഹവുമായി ഉപമിക്കുന്നത് ഇന്ന് നമുക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം, പക്ഷേ ഫിഞ്ച്, ബെയ്ൻസ്, ദാവീദ് യോനാഥാൻ എന്നിവരുടെ സൗഹൃദങ്ങൾ നമ്മുടെ സൗഹൃദത്തെ കൂടുതൽ ആഴത്തിൽ എത്താൻ സഹായിച്ചേക്കാം. തന്നിൽ ചാരുവാൻ യേശു തന്റെ സുഹൃത്തുക്കളെ സ്വാഗതം ചെയ്തു (യോഹ. 13:23-25). അവൻ നമ്മോട് കാണിക്കുന്ന വാത്സല്യവും വിശ്വസ്തതയും പ്രതിബദ്ധതയുമാണ് നാം ഒരുമിച്ച് കെട്ടിപ്പടുക്കുന്ന ആഴത്തിലുള്ള സൗഹൃദയത്തിന്റെ അടിസ്ഥാനം.

ക്രിസ്തുമസിന് ശേഷമുള്ള ദിവസം

ക്രിസ്തുമ സ് ദിനത്തിന്റെ എല്ലാ സന്തോഷത്തിനും ശേഷം, അടുത്ത ദിവസം ഒരു നിരാശ പോലെ തോന്നി. ഞങ്ങൾ രാത്രി മുഴുവനും സുഹൃത്തുക്കളോടൊപ്പമായിരുന്നു, പക്ഷേ നന്നായി ഉറങ്ങിയിരുന്നില്ല. തുടർന്ന് വീട്ടിലേക്ക് പോകുമ്പോൾ ഞങ്ങളുടെ കാർ കേടായി. പിന്നെ മഞ്ഞു പെയ്യാൻ തുടങ്ങി. ഞങ്ങൾ കാർ ഉപേക്ഷിച്ച്, ടാക്‌സിയിൽ വീട്ടിലേക്ക് പോയി. 
ക്രിസ്തുമ സ് ദിനത്തിന് ശേഷം നമ്മൾ മാത്രമല്ല നിരാശ അനുഭവിക്കുന്നത്. അമിതമായ ഭക്ഷണം കൊണ്ടോ, റേഡിയോയിൽ നിന്ന് കരോളുകൾ പെട്ടെന്ന് അപ്രത്യക്ഷമാകുന്ന രീതിയിലോ, കഴിഞ്ഞ ആഴ്ച വാങ്ങിയ സമ്മാനങ്ങൾക്ക് ഇപ്പോൾ പകുതി വിലയായത് മനസ്സിലാക്കിയോ, ക്രിസ്തുമസ് ദിനത്തിന്റെ മാന്ത്രികത പെട്ടെന്ന് അപ്രത്യക്ഷമാകും! 
യേശുവിന്റെ ജനനത്തിനു ശേഷമുള്ള ദിവസത്തെക്കുറിച്ച് ബൈബിൾ ഒരിക്കലും പറയുന്നില്ല. പക്ഷേ, ബെത്‌ലഹേമിലേക്കുള്ള നടചപ്പും താമസസൗകര്യത്തിനായുള്ള അലച്ചിലും മറിയയുടെ പ്രസവ വേദനയും, മുൻകൂട്ടി പറയാതെയുള്ള ആട്ടിടയന്മാരുടെ സന്ദർശനവും എല്ലാം നിമിത്തം (ലൂക്കൊ. 2:4-18) മറിയയും യോസേഫും തളർന്നുപോയതായി നമുക്ക് ഊഹിക്കാം. എന്നിട്ടും മറിയ തന്റെ നവജാതശിശുവിനെ തൊട്ടിലിൽ കിടത്തുമ്പോൾ, ദൂതന്മാരുടെ സന്ദർശനം (1:30-33), എലിശബേത്തിന്റെ അനുഗ്രഹം (വാ. 42-45), അവളുടെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചുള്ള അവളുടെ സ്വന്തം തിരിച്ചറിവ് (വാ. 46-55) എന്നിവയെക്കുറിച്ച് അവൾ ചിന്തിക്കുന്നതായി എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. മറിയ അത്തരം കാര്യങ്ങൾ അവളുടെ ഹൃദയത്തിൽ “ധ്യാനിച്ചു’’ (2:19), അത് അന്നത്തെ ക്ഷീണവും ശാരീരിക വേദനയും ലഘൂകരിച്ചിരിക്കണം. 
നമുക്കെല്ലാവർക്കും “നിരാശ’’ ദിവസങ്ങൾ ഉണ്ടാകും, ഒരുപക്ഷേ ക്രിസ്തുമസിന് ശേഷമുള്ള ദിവസം പോലും അങ്ങനെയാകാം. മറിയയെപ്പോലെ, നമ്മുടെ ലോകത്തിലേക്ക് വന്നവനെ ധ്യാനിച്ചുകൊണ്ട് നമുക്ക് അവയെ അഭിമുഖീകരിക്കാം, അവന്റെ സാന്നിധ്യത്താൽ ദിവസത്തെ എന്നേക്കുമായി പ്രകാശിപ്പിക്കുക. 

ക്രിസ്തുമസ് ധർമ്മസങ്കടം

ഡേവിഡിനും ആൻഗിക്കും വിദേശത്തേക്ക് പോകാൻ തങ്ങൾ വിളിക്കപ്പെട്ടതായി തോന്നി. തുടർന്നുണ്ടായ ഫലവത്തായ ശുശ്രൂഷ അത് സ്ഥിരീകരിക്കുന്നതായി തോന്നി. എന്നാൽ അവരുടെ നീക്കത്തിന് ഒരു പോരായ്മ ഉണ്ടായിരുന്നു. ഡേവിഡിന്റെ പ്രായമായ മാതാപിതാക്കൾ ഇപ്പോൾ തനിയെയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. 
ഡേവിഡും ആൻഗിയും തന്റെ മാതാപിതാക്കളുടെ ക്രിസ്തുമസ് ദിന ഏകാന്തത ലഘൂകരിക്കാൻ കഴിയുന്നതെല്ലാം ചെയ്തു - സമ്മാനങ്ങൾ നേരത്തെ പോസ്റ്റ് ചെയ്തും ക്രിസ്തുമസ് രാവിലെ ഫോണിൽ സംസാരിച്ചും. എന്നാൽ അവന്റെ മാതാപിതാക്കൾ ശരിക്കും ആഗ്രഹിച്ചത് അവരെ ആയിരുന്നു. ഡേവിഡിന്റെ വരുമാനം ഇടയ്ക്കിടെ വീട്ടിലേക്ക് പോകാൻ അനുവദിക്കാത്തതിനാൽ, അവർക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? ഡേവിഡിന് ജ്ഞാനം ആവശ്യമായിരുന്നു. 
സദൃശവാക്യങ്ങൾ 3, ജ്ഞാനാന്വേഷണത്തിലെ ഒരു ക്രാഷ് കോഴ്‌സാണ്. നമ്മുടെ സാഹചര്യങ്ങൾ ദൈവത്തിലേക്ക് കൊണ്ടുപോകുന്നതിലൂടെ അത് എങ്ങനെ സ്വീകരിക്കാമെന്ന് കാണിക്കുന്നു (വാ. 5-6), അതിന്റെ വിവിധ ഗുണങ്ങളായ സ്‌നേഹവും വിശ്വസ്തതയും വിവരിക്കുന്നു (വാ. 3-4, 7-12), സമാധാനവും ദീർഘായുസ്സും അതിന്റെ പ്രയോജനങ്ങളാണ് (വാ. 13-18). ഹൃദയസ്പർശിയായ ഒരു കുറിപ്പിൽ, ദൈവം നമ്മെ “തന്റെ സഖ്യതയിലേക്ക്’’ അടുപ്പിക്കുന്നു (വാക്യം 32). തന്നോട് അടുപ്പമുള്ളവരോട് അവൻ തന്റെ പരിഹാരങ്ങൾ മന്ത്രിക്കുന്നു. 
ഒരു രാത്രി തന്റെ പ്രശ്‌നത്തെക്കുറിച്ച് പ്രാർത്ഥിച്ചപ്പോൾ ഡേവിഡിന് ഒരു ആശയം തോന്നി. അടുത്ത ക്രിസ്തുമസ് ദിനത്തിൽ, അവനും ആൻഗിയും അവരുടെ ഏറ്റവും മികച്ച വസ്ത്രങ്ങൾ ധരിച്ച്, മേശ അലങ്കരിച്ച്, അത്താഴം വിളമ്പി. ഡേവിഡിന്റെ മാതാപിതാക്കളും അതുതന്നെ ചെയ്തു. പിന്നെ, ഓരോ മേശയിലും ഒരു ലാപ്‌ടോപ്പ് വെച്ചുകൊണ്ട്, വീഡിയോ ലിങ്ക് വഴി അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഏതാണ്ട് ഒരേ മുറിയിലാണെന്ന് അവർക്കു തോന്നി. അന്നുമുതൽ ഇതൊരു കുടുംബ പാരമ്പര്യമായി മാറി. 
ദൈവം ദാവീദിനെ വിശ്വാസത്തിലെടുക്കുകയും അവന് ജ്ഞാനം നൽകുകയും ചെയ്തു. നമ്മുടെ പ്രശ്‌നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ മന്ത്രിക്കാൻ അവൻ ഇഷ്ടപ്പെടുന്നു. 

തിളങ്ങുന്ന നക്ഷത്രങ്ങൾ

നഗരത്തിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത് അതിന്റെ ദാരിദ്ര്യമായിരുന്നു. അടുത്തതായി, അതിലെ മദ്യക്കടകൾ, “ചേരികൾ,'' മറ്റുള്ളവരിൽ നിന്ന് പണം സമ്പാദിക്കുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഭീമൻ പരസ്യബോർഡുകൾ. ഞാൻ മുമ്പ് നിരവധി നിഴൽ നഗരങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും, ഇത് അതിനെക്കാളെല്ലാം താഴ്ന്ന നിലയിലുള്ളതായി തോന്നി. 
എന്നിരുന്നാലും, പിറ്റേന്ന് രാവിലെ ഒരു ടാക്‌സി ഡ്രൈവറോട് സംസാരിച്ചപ്പോൾ എന്റെ മാനസികാവസ്ഥ മെച്ചപ്പെട്ടു. ''എന്നെ സഹായിക്കുന്നതിനായി ആഗ്രഹിക്കുന്ന ആളുകളെ അയയ്ക്കാൻ ഞാൻ എല്ലാ ദിവസവും ദൈവത്തോട് അപേക്ഷിക്കുന്നു,'' അദ്ദേഹം പറഞ്ഞു. മയക്കുമരുന്നടിമകൾ, വേശ്യകൾ, തകർന്ന വീടുകളിൽ നിന്നുള്ള ആളുകൾ അവരുടെ പ്രശ്‌നങ്ങൾ കണ്ണീരോടെ എന്നോട് പറയുന്നു. ഞാൻ വണ്ടി നിർത്തുന്നു. ഞാൻ കേൾക്കുന്നു. അവർക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഇതാണ് എന്റെ ശുശ്രൂഷ.'' 
നമ്മുടെ വീണുപോയ ലോകത്തിലേക്കുള്ള യേശുവിന്റെ വരവ് വിവരിച്ച ശേഷം (ഫിലിപ്പിയർ 2:5-8), അപ്പൊസ്തലനായ പൗലൊസ് ക്രിസ്തുവിലുള്ള വിശ്വാസികൾക്ക് ഒരു വിളി നൽകുന്നു. നാം ദൈവഹിതം പിന്തുടരുകയും (വാ.13) “ജീവന്റെ വചനം’’-സുവിശേഷം - (വാ. 16) മുറുകെ പിടിക്കുകയും ചെയ്യുമ്പോൾ, നാം 'വക്രതയും കോട്ടവുമുള്ള തലമുറയിൽ അനിന്ദ്യരും പരമാർത്ഥികളുമായ ദൈവമക്കൾ' ആയിരിക്കും. അവർ “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു’’ (വാ. 15). ആ ടാക്‌സി ഡ്രൈവറെപ്പോലെ നമ്മൾ യേശുവിന്റെ വെളിച്ചം ഇരുട്ടിലേക്ക് കൊണ്ടുവരണം. 
ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് ലോകത്തെ മാറ്റാൻ വിശ്വസ്തതയോടെ ജീവിച്ചാൽ മതിയെന്ന് ചരിത്രകാരനായ ക്രിസ്റ്റഫർ ഡോസൺ പറഞ്ഞു, കാരണം ആ ജീവതത്തിൽ “ദൈവിക ജീവിതത്തിന്റെ എല്ലാ രഹസ്യങ്ങളും അടങ്ങിയിരിക്കുന്നു.’’ ലോകത്തിലെ ഏറ്റവും അന്ധകാരമായ സ്ഥലങ്ങളിൽ അവിടുത്തെ പ്രകാശം പരത്തിക്കൊണ്ട് യേശുവിന്റെ ജനമായി വിശ്വസ്തതയോടെ ജീവിക്കാൻ നമ്മെ ശക്തരാക്കുവാൻ ദൈവാത്മാവിനോട് നമുക്ക് അപേക്ഷിക്കാം. 

സാവധാനം രൂപപ്പെടുന്ന കൃപ

എന്ന ഹാഷ്ടാഗിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? “വേഗതയുള്ള ഫാഷനെ” - വിലകുറഞ്ഞ രീതിയിൽ നിർമ്മിച്ചതും വേഗത്തിൽ ഉപയോഗിച്ചു കളയുന്നതുമായ ഒരു വ്യവസായം - ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ചാ ഈ ഹാഷ്ടാഗ് പ്രസ്താവിക്കുന്നു. ഫാസ്റ്റ് ഫാഷനിൽ, വസ്ത്രങ്ങൾ കടയിൽ ഇരിക്കുന്നതിന്റെ തൊട്ടടുത്തനിമിഷം ഫാഷനു പുറത്താകുന്നു -ചില ബ്രാൻഡുകൾ എല്ലാ വർഷവും അവരുടെ ഉൽപ്പന്നങ്ങൾ വലിയ അളവിൽ വലിച്ചെറിയുന്നു. 
സ്ലോ ഫാഷൻ പ്രസ്ഥാനം ആളുകളെ വേഗത കുറയ്ക്കാനും വ്യത്യസ്തമായ സമീപനം സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കുന്നു. എല്ലായ്‌പ്പോഴും ഏറ്റവും പുതിയ രൂപഭാവം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയാൽ നയിക്കപ്പെടുന്നതിനുപകരം, സ്ലോ ഫാഷൻ, നന്നായി നിർമ്മിച്ചതും ധാർമ്മികമായ ഉറവിടങ്ങളുള്ളതുമായ കുറച്ച് ഇനങ്ങൾ തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. 
സ്ലോ ഫാഷനെക്കുറിച്ച് ഞാൻ ചിന്തിക്കുമ്പോൾ, “വേഗതയുള്ള ഫാഷൻ” ചിന്താരീതിയിലേക്ക് ഞാൻ വീഴുന്ന മറ്റ് വഴികളെക്കുറിച്ചും ഞാൻ ചിന്തിച്ചു-ഏറ്റവും പുതിയ പ്രവണതയിൽ പൂർത്തീകരണം തേടുന്ന മനോഭാവത്തെക്കുറിച്ച്. എന്നിരുന്നാലും, കൊലൊസ്യർ 3-ൽ, യേശുവിൽ യഥാർത്ഥ രൂപാന്തരം കണ്ടെത്തുന്നത് പെട്ടെന്നുള്ള പരിഹാരമോ ഫാഷനോ അല്ലെന്ന് പൗലൊസ് പറയുന്നു. ക്രിസ്തുവിൽ ശാന്തവും ക്രമാനുഗതവുമായ പരിവർത്തനത്തിന്റെ ആജീവനാന്ത അന്വേഷണമാണിത്. 
ലോകത്തിലെ ഏറ്റവും പുതിയ സ്റ്റാറ്റസ് ചിഹ്നങ്ങൾ ധരിക്കേണ്ട ആവശ്യമില്ലാതെ, ആത്മാവിന്റെ വസ്ത്രമായ “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ” (വാ.12) എന്നിവ നമുക്കു ധരിക്കാം. നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന ക്രിസ്തുവിന്റെ മന്ദഗതിയിലുള്ള യാത്രയിൽ -ശാശ്വത സമാധാനത്തിലേക്ക് നയിക്കുന്ന ഒരു യാത്ര - നമുക്ക് പരസ്പരം ക്ഷമ പഠിക്കാൻ കഴിയും (വാ. 15). 

പരദേശിയെ സ്വാഗതം ചെയ്യുക

യുദ്ധഭൂമിയിൽനിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ഉക്രേനിയൻ സ്ത്രീകളും കുട്ടികളും ബെർലിനിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ, അവരെ എതിരേറ്റത് ഒരു അത്ഭുതമായിരുന്നു - ജർമ്മൻ കുടുംബങ്ങൾ അവരുടെ വീടുകളിൽ അഭയം വാഗ്ദാനം ചെയ്യുന്ന കൈകൊണ്ടെഴുതി പ്ലാക്കാർഡികൾ ഏന്തി നില്ക്കുന്നു. “രണ്ട് പേരെ പാർപ്പിക്കാം!’’ ഒരു പ്ലാക്കാർഡിൽ എഴുതിയിരിക്കുന്നു. “വലിയ മുറി [ലഭ്യം],'' മറ്റൊന്ന് പറഞ്ഞു. എന്തുകൊണ്ടാണ് അപരിചിതർക്ക് അത്തരം ആതിഥ്യം വാഗ്ദാനം ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, നാസികളിൽ നിന്ന് പലായനം ചെയ്യുമ്പോൾ തന്റെ അമ്മയ്ക്ക് അഭയം ആവശ്യമായിരുന്നുവെന്നും അത്തരം ആവശ്യമുള്ള മറ്റുള്ളവരെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഒരു സ്ത്രീ പറഞ്ഞു. 
ആവർത്തനപുസ്തകത്തിൽ, തങ്ങളുടെ മാതൃരാജ്യത്തിൽ ഉൾപ്പെടാത്തവരെ പരിപാലിക്കാൻ ദൈവം യിസ്രായേല്യരെ ആഹ്വാനം ചെയ്തു. എന്തുകൊണ്ട്? കാരണം, അവൻ അനാഥരുടെയും വിധവയുടെയും പരദേശിയുടെയും സംരക്ഷകനാണ് (10:18), അത്തരം ദുർബലത എങ്ങനെ അനുഭവപ്പെടുമെന്ന് യിസ്രായേല്യർക്ക് അറിയാമായിരുന്നു: “നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ” (വാ. 19). സഹാനുഭൂതി അവരുടെ കരുതലിനെ പ്രചോദിപ്പിക്കണമായിരുന്നു. 
എന്നാൽ ഇതിനും ഒരു മറുവശമുണ്ട്. സാരെഫാത്തിലെ വിധവ അപരിചിതനായ ഏലീയാവിനെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്തപ്പോൾ, അബ്രഹാം തന്റെ മൂന്ന് അപരിചിത സന്ദർശകരാൽ അനുഗ്രഹിക്കപ്പെട്ടതുപോലെ (1 രാജാക്കന്മാർ 17:9-24) അവൾ അനുഗ്രഹിക്കപ്പെട്ടവളായിത്തീർന്നു (ഉല്പത്തി 18:1-15). അതിഥിയെ മാത്രമല്ല, ആതിഥേയനെ അനുഗ്രഹിക്കാൻ ദൈവം പലപ്പോഴും ആതിഥ്യം ഉപയോഗിക്കുന്നു. 
നിങ്ങളുടെ വീട്ടിലേക്ക് അപരിചിതരെ സ്വാഗതം ചെയ്യുന്നത് ബുദ്ധിമുട്ടാണ്, എന്നാൽ ആ ജർമ്മൻ കുടുംബങ്ങൾ ആയിരിക്കാം യഥാർത്ഥ ഗുണഭോക്താക്കൾ. ദൈവത്തിന്റെ സഹാനുഭൂതിയോടെ ദുർബലരായവരോട് നാമും പ്രതികരിക്കുമ്പോൾ, അവരിലൂടെ അവൻ നമുക്ക് നൽകുന്ന സമ്മാനങ്ങളിൽ നാം ഒരുപക്ഷേ ആശ്ചര്യപ്പെട്ടേക്കാം.