ഒറിജിനൽ സ്റ്റാർ ട്രെക്ക് സീരീസിൽ ലെഫ്റ്റനന്റ് ഉഹുറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് നടി നിഷേൽ നിക്കോൾസ് ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. നിക്കോൾസിന് ഈ വേഷം ലഭിച്ചത് ഒരു വ്യക്തിഗത വിജയമായിരുന്നു, ഒരു പ്രധാന ടിവി ഷോയിലെ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതകളിൽ ഒരാളായി അത് അവളെ മാറ്റി. എന്നാൽ അതിലും വലിയ വിജയം വരാനിരിക്കുകയായിരുന്നു.

നിക്കോൾസ് യഥാർത്ഥത്തിൽ സ്റ്റാർ ട്രെക്ക് -ന്റെ ആദ്യ സീസണിന് ശേഷം തന്റെ തിയേറ്റർ ജോലിയിലേക്ക് മടങ്ങാൻ അതിൽ നിന്ന് രാജിവെച്ചിരുന്നു. എന്നാൽ പിന്നീട് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ അവളെ കണ്ടപ്പോൾ, പോകരുതെന്ന് അവളെ പ്രേരിപ്പിച്ചു. എന്തും ചെയ്യാൻ കഴിയുന്ന, ബഹിരാകാശത്തേക്ക് പോലും പോകാൻ കഴിവുള്ള ബുദ്ധിയുള്ളവരായി ആഫ്രിക്കൻ അമേരിക്കക്കാരെ ടിവിയിൽ കാണുന്നത് ആദ്യമായിട്ടാണ് എന്ന് അദ്ദേഹം പറഞ്ഞു, ലെഫ്റ്റനന്റ് ഉഹുറയുടെ വേഷം ചെയ്യുന്നതിലൂടെ നിക്കോൾസ് ഒരു മികച്ച വിജയം നേടുകയായിരുന്നു—കറുത്ത സ്ത്രീകൾക്കും കുട്ടികൾക്കും എന്തായിത്തീരുവാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട്.

യാക്കോബും യോഹന്നാനും യേശുവിനോട് അവന്റെ രാജ്യത്തിലെ ഏറ്റവും മികച്ച രണ്ട് സ്ഥാനങ്ങൾ ചോദിച്ച കാര്യം ഞാൻ ഓർക്കുന്നു. (മർക്കോസ് 10:37). അത്തരം സ്ഥാനങ്ങൾ ലഭിക്കുന്നത് എത്ര വലിയ നേട്ടമായിരിക്കും! യേശു അവരുടെ അഭ്യർത്ഥനയുടെ വേദനാജനകമായ യാഥാർത്ഥ്യങ്ങൾ വിശദീകരിക്കുക മാത്രമല്ല (വാ. 38-40) “നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം;” (വാക്യം 43) എന്ന് പറഞ്ഞുകൊണ്ട് അവർക്ക് ഉന്നതമായ കാഴ്ചപ്പാടുകൾ നൽകി. അവന്റെ അനുയായികൾ വ്യക്തിപരമായ നേട്ടങ്ങൾ മാത്രം തേടുകയല്ല, അവനെപ്പോലെ, മറ്റുള്ളവരെ സേവിക്കാൻ അവരുടെ സ്ഥാനങ്ങൾ ഉപയോഗിക്കണം എന്ന് യേശു ഉപദേശിച്ചു. (വാക്യം 45).

ആഫ്രിക്കൻ അമേരിക്കക്കാർക്ക് മികച്ച വിജയം ലഭിക്കുന്നതിനായി നിഷേൽ നിക്കോൾസ് സ്റ്റാർ ട്രെക്ക് സീരീസിനൊപ്പം തുടർന്നു. നമ്മളും വ്യക്തിപരമായ വിജയത്തിൽ മാത്രം തൃപ്തരാകാതെ, നാം നേടുന്ന ഏതു സ്ഥാനവും ദൈവത്തിന്റെ നാമത്തിൽ മറ്റുള്ളവരെ സേവിക്കാൻ ഉപയോഗിക്കാൻ ഇടയാകട്ടെ.