ഒരു ദിവസം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഡീൻ ബലൂണുകളുമായി കാത്തിരിക്കുന്ന ചില സുഹൃത്തുക്കളെ കണ്ടു. സുഹൃത്ത് ജോഷ് മുന്നോട്ട് വന്നു. “ഞങ്ങൾ താങ്കളുടെ കവിതകൾ ഒരു മത്സരത്തിന് അയച്ചു,’’ ഡീനിന് ഒരു കവർ അദ്ദേഹം നൽകി. അതിനുള്ളിൽ “ഒന്നാം സമ്മാനം’’ എന്ന് എഴുതിയ ഒരു കാർഡ് ഉണ്ടായിരുന്നു, താമസിയാതെ എല്ലാവരും സന്തോഷാശ്രുക്കൾ പൊഴിച്ചു. ഡീനിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ കവിതാവാസന തിരിച്ചറിഞ്ഞ് മനോഹരമായ ഒരു കാര്യം ചെയ്തു.

സന്തോഷത്തിന്റെ കരച്ചിൽ ഒരു വൈരുദ്ധ്യമായ അനുഭവമാണ്. കണ്ണുനീർ സാധാരണയായി വേദനയുടെ പ്രതികരണമാണ്, സന്തോഷത്തിന്റേതല്ല. സന്തോഷം സാധാരണയായി കരച്ചിലിലൂടെയല്ല, ചിരിയിലൂടെയാണ് പ്രകടിപ്പിക്കുന്നത്. ഇറ്റാലിയൻ മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്, ആഴത്തിലുള്ളതും വ്യക്തിപരവുമായ അർത്ഥവത്തായ സമയങ്ങളിൽ സന്തോഷത്തിന്റെ കണ്ണുനീർ വരുന്നു – നമ്മൾ ആഴമായി സ്‌നേഹിക്കപ്പെടുകയോ അല്ലെങ്കിൽ ഒരു പ്രധാന ലക്ഷ്യം നേടുകയോ ചെയ്യുമ്പോൾ – എന്നാണ്. സന്തോഷത്തിന്റെ കണ്ണുനീർ നമ്മുടെ ജീവിതത്തിന്റെ അർത്ഥത്തിലേക്കുള്ള ചൂണ്ടുപലകയാണെന്ന നിഗമനത്തിലേക്ക് ഇത് അവരെ നയിച്ചു.

യേശു പോകുന്നിടത്തെല്ലാം സന്തോഷത്തിന്റെ കണ്ണുനീർ ഉതിർന്നതായി ഞാൻ സങ്കൽപ്പിക്കുന്നു. ജന്മനാ അന്ധനായ മനുഷ്യനെ യേശു സുഖപ്പെടുത്തിയപ്പോൾ (യോഹന്നാൻ 9:1-9), അല്ലെങ്കിൽ മറിയയ്ക്കും മാർത്തയ്ക്കും മരിച്ചുപോയ അവരുടെ സഹോദരനെ തിരികെ ലഭിച്ചപ്പോൾ (11:38-44) സന്തോഷത്താൽ അവർ കരയാതിരിക്കുന്നതെങ്ങനെ? ദൈവജനത്തെ തങ്ങളുടെ സ്വദേശത്തേക്കു മടക്കിക്കൊണ്ടുവരുമ്പോൾ, “സന്തോഷത്തിന്റെ കണ്ണുനീർ അവരുടെ മുഖത്ത് ഒഴുകും, ഞാൻ അവരെ വളരെ ശ്രദ്ധയോടെ വീട്ടിലേക്ക് നയിക്കും’’ (യിരെമ്യാവ് 31:9 NLT ) എന്നു ദൈവം പറയുന്നു.

സന്തോഷത്തിന്റെ കണ്ണുനീർ നമ്മുടെ ജീവിതത്തിന്റെ അർത്ഥം കാണിക്കുന്നുവെങ്കിൽ, വരാനിരിക്കുന്ന ആ മഹത്തായ ദിവസത്തെ സങ്കൽപ്പിക്കുക. നമ്മുടെ മുഖത്ത് കണ്ണുനീർ ഒഴുകുമ്പോൾ, ജീവിതത്തിന്റെ അർത്ഥം എപ്പോഴും അവനുമായി അടുത്തുവസിക്കുക എന്നതാണെന്ന് സംശയലേശമെന്യേ നാം മനസ്സിലാക്കും.