സ്‌നേഹത്തിൽ ദൈവത്തെ തോല്പിക്കാൻ കഴിയുകയില്ല
ഇപ്പോൾ പ്രായപൂർത്തിയായ എന്റെ മകൻ സേവ്യർ കിന്റർഗാർട്ടനിൽ ആയിരിക്കുമ്പോൾ, അവൻ തന്റെ കൈകൾ വിടർത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു, “ഞാൻ മമ്മിയെ ഇത്രമാത്രം സ്‌നേഹിക്കുന്നു.’’ ഞാൻ എന്റെ നീണ്ട കൈകൾ വിടർത്തി പറഞ്ഞു, “ഞാൻ നിന്നെ ഇത്രമാത്രം സ്‌നേഹിക്കുന്നു.’’ അരക്കെട്ടിൽ മുഷ്ടി ചുരുട്ടിവെച്ച് അവൻ പറഞ്ഞു, “ഞാനാണ് ആദ്യം സ്‌നേഹിച്ചത്.’’ ഞാൻ തലയാട്ടി. “ദൈവം നിന്നെ ആദ്യമായി എന്റെ വയറ്റിൽ വെച്ചപ്പോൾ ഞാൻ നിന്നെ സ്‌നേഹിച്ചു.’’ സേവ്യറിന്റെ കണ്ണുകൾ വിടർന്നു. “മമ്മി ജയിച്ചു.’’ “നമ്മൾ രണ്ടുപേരും വിജയിക്കുന്നു,’’ ഞാൻ പറഞ്ഞു, ''കാരണം യേശുവാണ് നമ്മെ രണ്ടുപേരെയും ആദ്യം സ്‌നേഹിച്ചത്.''
സേവ്യർ തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിനായി തയ്യാറെടുക്കുമ്പോൾ, അവർ മധുരമുള്ള ഓർമ്മകൾ സൃഷ്ടിക്കുമ്പോൾ അവനെ അധികം സ്‌നേഹിക്കാൻ ശ്രമിക്കുന്നത് അവൻ ആസ്വദിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു. എന്നാൽ ഞാൻ ഒരു മുത്തശ്ശിയാകാൻ തയ്യാറെടുക്കുമ്പോൾ, സേവ്യറും ഭാര്യയും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന് ഞങ്ങളോട് പറഞ്ഞ നിമിഷം മുതൽ എന്റെ ചെറുമകനെ ഞാൻ എത്രമാത്രം സ്‌നേഹിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
യേശുവിന് നമ്മോടുള്ള സ്‌നേഹം അവനെയും മറ്റുള്ളവരെയും സ്‌നേഹിക്കാനുള്ള കഴിവ് നൽകുന്നുവെന്ന് അപ്പൊസ്തലനായ യോഹന്നാൻ സ്ഥിരീകരിച്ചു (1 യോഹന്നാൻ 4:19). അവൻ നമ്മെ സ്‌നേഹിക്കുന്നുവെന്ന് അറിയുന്നത് അവനുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തെ ആഴത്തിലാക്കുന്ന ഒരു സുരക്ഷിതത്വബോധം നമുക്ക് നൽകുന്നു (വാ. 15-17). നമ്മോടുള്ള അവന്റെ സ്‌നേഹത്തിന്റെ ആഴം നാം തിരിച്ചറിയുമ്പോൾ (വാക്യം 19), നമുക്ക് അവനോടുള്ള നമ്മുടെ സ്‌നേഹത്തിൽ വളരാനും മറ്റ് ബന്ധങ്ങളിൽ സ്‌നേഹം പ്രകടിപ്പിക്കാനും കഴിയും (വാ. 20). സ്‌നേഹിക്കാൻ യേശു നമ്മെ ശക്തീകരിക്കുന്നതോടൊപ്പം, സ്‌നേഹിക്കാൻ അവൻ നമ്മോട് കൽപ്പിക്കുകയും ചെയ്യുന്നു: “ദൈവത്തെ സ്‌നേഹിക്കുന്നവൻ സഹോദരനെയും സ്‌നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു’’ (വാക്യം 21). നന്നായി സ്‌നേഹിക്കുന്ന കാര്യം വരുമ്പോൾ, ദൈവം എപ്പോഴും വിജയിക്കും. എത്ര ശ്രമിച്ചാലും സ്‌നേഹത്തിൽ ദൈവത്തെ തോല്പിക്കാൻ നമുക്ക് കഴികയില്ല!
പ്രാർത്ഥിക്കുക ജാഗരിക്കുക
ആത്മീയ പോരാട്ടങ്ങൾ നടത്തുമ്പോൾ, യേശുവിലുള്ള വിശ്വാസികൾ പ്രാർത്ഥനയെ ഗൗരവമായി കാണണം. എന്നിരുന്നാലും, വിവേകശൂന്യമായി അത് പരിശീലിക്കുന്നത് എത്ര അപകടകരമാണെന്ന് ഫ്‌ളോറിഡയിലെ ഒരു സ്ത്രീ മനസ്സിലാക്കി. പ്രാർത്ഥിക്കുമ്പോൾ അവൾ കണ്ണുകളടയ്ക്കാറുണ്ട്. എന്നാൽ ഒരു ദിവസം ഡ്രൈവ് ചെയ്ത് പ്രാർത്ഥിക്കുമ്പോൾ അവൾ കണ്ണുകളടയ്ക്കുകയും ഒരു സ്റ്റോപ്പ് സിഗ്നൽ അവഗണിച്ച് മുമ്പോട്ടു പോകുകയും ചെയ്തു. നാല്ക്കവലയിൽവെച്ച്് കാർ റോഡിൽനിന്നു നീങ്ങി ഒരു വീട്ടുടമയുടെ മുറ്റത്തേക്ക് പോയി. കാർ പുൽത്തകിടിയിൽ നിന്ന് പുറകോട്ടെടുക്കാൻ അവൾ ശ്രമിച്ചു പരാജയപ്പെട്ടു. പരിക്കേറ്റില്ലെങ്കിലും, അശ്രദ്ധമായി വാഹനമോടിച്ചതിനും സ്വകാര്യസ്വത്ത് നശിപ്പിച്ചതിനും അവൾക്ക് പോലീസ് നോട്ടീസ് നൽകി. ഈ പ്രാർത്ഥനാ പോരാളി എഫെസ്യർ 6:18-ന്റെ ഒരു പ്രധാന ഭാഗം അവഗണിച്ചു: ജാഗരിക്കുക എന്നത്.
എഫെസ്യർ 6-ലെ ദൈവത്തിന്റെ സർവ്വായുധവർഗ്ഗത്തിന്റെ ഭാഗമായി, അപ്പൊസ്തലനായ പൗലൊസ് അവസാനത്തെ രണ്ട് ഭാഗങ്ങൾ ഉൾപ്പെടുത്തുന്നു. ഒന്നാമതായി, നാം പ്രാർത്ഥനയോടെ ആത്മീയ പോരാട്ടങ്ങൾ നടത്തണം. ആത്മാവിൽ പ്രാർത്ഥിക്കുക-അവന്റെ ശക്തിയിൽ ആശ്രയിക്കുക - എന്നാണ് ഇതിനർത്ഥം. കൂടാതെ, അവന്റെ മാർഗ്ഗനിർദ്ദേശത്തിൽ ആശ്രയിക്കുകയും അവന്റെ പ്രേരണകളോട് പ്രതികരിക്കുകയും ചെയ്യുക-സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും പ്രാർത്ഥിക്കുക (വാക്യം 18). രണ്ടാമതായി, ''ജാഗ്രതയുള്ളവരായിരിക്കാൻ'' പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. യേശുവിന്റെ മടങ്ങിവരവിനായി തയ്യാറെടുക്കുന്നതിനും (മർക്കൊസ് 13:33), പ്രലോഭനങ്ങളിൽ വിജയം നേടുന്നതിനും (14:38), മറ്റ് വിശ്വാസികൾക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നതിനും ആത്മീയ ജാഗ്രത നമ്മെ സഹായിക്കും (എഫെസ്യർ 6:18).
ദിവസേന ആത്മീയ പോരാട്ടങ്ങൾ നടത്തുമ്പോൾ, “പ്രാർത്ഥിക്കുക, ജാഗരിക്കുക’’ എന്ന സമീപനത്തിലൂടെ നമുക്ക് നമ്മുടെ ജീവിതത്തിൽ മുന്നേറാം - ദുഷ്ടശക്തികളോട് പോരാടുകയും ക്രിസ്തുവിന്റെ വെളിച്ചത്താൽ ഇരുട്ടിനെ തകർക്കുകയും ചെയ്യുക.
ദൂതസഹായികൾ
തുടർമാനമായ വൈദ്യപരിശോധന ബിനുവിന്റെ പ്രതിദിന സമയത്തെ കവർന്നപ്പോൾ, അവൾ വല്ലാതെ തളർന്നു. ശരീരത്തിലെവിടെയോ കാൻസർ ഉണ്ടോയെന്ന് ഡോക്ടർമാർ സംശയം പറഞ്ഞപ്പോൾ അവൾ പരിഭ്രാന്തയായി. ഓരോ ദിവസവും അവൾ ദൈവത്തിങ്ങിലേക്ക് തിരിയുമ്പോഴോ ബൈബിൾ വായിക്കുമ്പോഴോ, ദൈവം തന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വാഗ്ദത്തങ്ങളാൽ സ്ഥിരമായ സമാധാനം നൽകി അവളെ വിശ്വസ്തതയോടെ ധൈര്യപ്പെടുത്തി. അവൾ അനിശ്ചിതത്വങ്ങളുമായി പോരാടി, എന്തുവന്നാലും ദൈവത്തിന്റെ ചുമലിൽ ചാരാൻ ഇടയ്ക്കിടെ പഠിച്ചു. ഒരു സുപ്രഭാതത്തിൽ, പുറപ്പാട് 23-ലെ ഒരു വാക്യം ബിനു കാണാനിടയായി, അത് ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് മുമ്പ് അവളുടെ ഹൃദയത്തിൽ ഉയർന്നുവന്നു: “ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ... ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയയ്ക്കുന്നു’’ (വാക്യം 20).
ആ വാക്കുകൾ മോശയിലൂടെ ദൈവം തന്റെ ജനമായ യിസ്രായേല്യരോട് പറഞ്ഞതാണ്. അവൻ തന്റെ ജനത്തിന് പിന്തുടരാൻ തന്റെ നിയമങ്ങൾ നൽകുകയും അവരെ പുതിയ ദേശത്തേക്ക് നയിക്കുകയും ചെയ്യുകയായിരുന്നു (വാ. 14-19). എന്നാൽ ആ നിർദ്ദേശങ്ങൾക്കിടയിൽ, ''വഴിയിൽ [അവരെ] കാക്കേണ്ടതിന്'' അവർക്കു മുമ്പായി ഒരു ദൂതനെ അയയ്ക്കുമെന്ന് അവൻ അവരോട് പറഞ്ഞു. ബിനുവിന്റെ ജീവിതസാഹചര്യം ഇതായിരുന്നില്ലെങ്കിലും, ദൂതന്മാരുടെ പരിപാലനത്തെക്കുറിച്ച് തിരുവെഴുത്തിൽ മറ്റൊരിടത്ത് പരാമർശിച്ചിട്ടുണ്ടെന്ന് അവൾ ഓർത്തു. സങ്കീർത്തനം 91:11 പറയുന്നു, ''നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും.'' എബ്രായർ 1:14 നമ്മോട് പറയുന്നത്, യേശുവിൽ വിശ്വസിക്കുന്നവരെ സേവിക്കാൻ ദൈവം ദൂതന്മാരെ “സേവകാത്മാക്കൾ’’ ആയി അയയ്ക്കുന്നു എന്നാണ്.
നാം ക്രിസ്തുവിനെ അറിഞ്ഞവരെങ്കിൽ, നമ്മെയും ശുശ്രൂഷിക്കാൻ ഒരു ദൂതനോ ദൂതന്മാരോ നമ്മുടെ അടുത്തുണ്ട്.
ആകുലചിന്തയുടെ കളകൾ പിഴുതുകളയുക
എന്റെ വീടിന്റെ പിൻമുറ്റത്തെ പ്ലാന്ററിൽ കുറച്ച് വിത്തുകൾ കുഴിച്ചിട്ട ശേഷം, ഫലം കാണാൻ ഞാൻ കാത്തിരുന്നു. പത്തോ പതിനാലോ ദിവസങ്ങൾക്കുള്ളിൽ വിത്ത് മുളയ്ക്കുമെന്ന് വായിച്ചിരുന്നതുകൊണ്ട്, ഞാൻ ഇടയ്ക്കിടെ പരിശോധിക്കുകയും മണ്ണു നനയ്ക്കുകയും ചെയ്തു. താമസിയാതെ കുറച്ച് പച്ച ഇലകൾ മണ്ണിനു പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു. പക്ഷേ, അത് കളകളാണെന്ന് ഭർത്താവ് പറഞ്ഞപ്പോൾ എനിക്കു നിരാശ തോന്നി. ഞാൻ വളർത്താൻ ശ്രമിക്കുന്ന ചെടികളെ അവ ഞെരുക്കാതിരിക്കാൻ വേഗത്തിൽ അവയെ പറിച്ചുകളയാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു.
നമ്മുടെ ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തുന്ന നുഴഞ്ഞുകയറ്റക്കാരെ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു പറഞ്ഞു. അവൻ തന്റെ ഉപമയുടെ ഒരു ഭാഗം ഇങ്ങനെ വിശദീകരിച്ചു: ഒരു വിതക്കാരൻ തന്റെ വിത്ത് വിതച്ചപ്പോൾ ചിലത് ''മുള്ളിനിടയിൽ വീണു . . . മുള്ളു മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു'' (മത്തായി 13:7). മുള്ളുകൾ, അല്ലെങ്കിൽ കളകൾ, ചെടികളുടെ വളർച്ചയെ തടയും (വാ. 22). ആകുലചിന്ത തീർച്ചയായും നമ്മുടെ ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തും. തിരുവചനം വായിക്കുന്നതും പ്രാർത്ഥിക്കുന്നതും നമ്മുടെ വിശ്വാസം വളർത്തിയെടുക്കുന്നതിനുള്ള മികച്ച വഴികളാണ്, എന്നാൽ ആകുലചിന്തയുടെ മുള്ളുകൾ വളരുന്നോ എന്നു ഞാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അവൻ എന്നിൽ നട്ട നല്ല വചനത്തെ അവ “ഞെരുക്കിക്കളയുകയും,’’ തെറ്റായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ നയിക്കുകയും ചെയ്യും.
തിരുവെഴുത്തിൽ കാണുന്ന ആത്മാവിന്റെ ഫലത്തിൽ സ്‌നേഹം, സന്തോഷം, സമാധാനം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നു (ഗലാത്യർ 5:22). എന്നാൽ ആ ഫലം കായ്ക്കാൻ, ദൈവത്തിന്റെ ശക്തിയാൽ, നമ്മുടെ ശ്രദ്ധ തിരിക്കുന്നതിനും അവനെയല്ലാതെ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇടയാക്കുന്ന സംശയത്തിന്റെയോ ആകുലചിന്തയുടെയോ കളകളെ നാം പിഴുതു മാറ്റേണ്ടതുണ്ട്.
യേശുവിൽ ഒരുമിച്ചു സേവിക്കുക
മൈക്രോനേഷ്യയിലെ ഒരു ദ്വീപിൽ ഒറ്റപ്പെട്ടുപോയ രണ്ടുപേരെ സഹായിക്കാൻ രക്ഷാപ്രവർത്തകർ സഹകരിച്ചു പ്രവർത്തിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി അവർക്ക് പരസ്പരം ചേർന്നു നിന്നു പ്രവർത്തിക്കുന്നതിനെ പരിമിതപ്പെടുത്തിയതിനാൽ ടീം വർക്ക് ആവശ്യമായിരുന്നു. അപകടത്തിൽപ്പെട്ടവരെ ആദ്യം കണ്ട പൈലറ്റ് അടുത്തുള്ള ഓസ്‌ട്രേലിയൻ നാവികസേനയുടെ കപ്പലിനെ വിവരമറിയിച്ചു. കപ്പൽ രണ്ട് ഹെലികോപ്റ്ററുകളെ ഭക്ഷണവും വെള്ളവും വൈദ്യസഹായവുമായി അയച്ചു. പിന്നീട്, യുഎസ് കോസ്റ്റ് ഗാർഡ് എത്തി അവരെ പരിശോധിക്കുകയും ഒരു റേഡിയോ നൽകുകയും ചെയ്തു. ഒടുവിൽ, ഒരു മൈക്രോനേഷ്യൻ പട്രോളിംഗ് ബോട്ട് അവരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.
ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നമുക്ക് പലതും ചെയ്യാൻ കഴിയും. ഫിലിപ്പിയയിലെ വിശ്വാസികൾ അപ്പൊസ്തലനായ പൗലൊസിനെ പിന്തുണയ്ക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾ സമാഹരിച്ചു. ലുദിയായും അവളുടെ കുടുംബവും അവനെ അവരുടെ വീട്ടിലേക്ക് സ്വാഗതം ചെയ്തു (പ്രവൃത്തികൾ 16:13-15). ക്ലെമന്റും യൂവോദ്യയും സുന്തുകയും (ഇവർ ഒത്തുപോകാത്തവരാണെങ്കിലും) സുവിശേഷം പ്രചരിപ്പിക്കാൻ അപ്പൊസ്തലനോടൊപ്പം നേരിട്ട് പ്രവർത്തിച്ചു (ഫിലിപ്പിയർ 4:2-3). പിന്നീട്, പൗലൊസ് റോമിൽ തടവിലായപ്പോൾ, സഭ അവശ്യവസ്തുക്കൾ ശേഖരിക്കുകയും എപ്പഫ്രോദിത്തൊസ് മുഖേന അത് എത്തിക്കുകയും ചെയ്തു (വാ. 14-18). ഒരുപക്ഷേ ഏറ്റവും പ്രധാനമായി, ഫിലിപ്പിയക്കാർ അവന്റെ ശുശ്രൂഷയിലുടനീളം അവനുവേണ്ടി പ്രാർത്ഥിച്ചു (1:19).
ഈ പുരാതന സഭയിൽ വിശ്വാസികൾ ഒരുമിച്ചു ശുശ്രൂഷ ചെയ്യുന്നതിന്റെ മാതൃക ഇന്ന് നമ്മെ പ്രചോദിപ്പിക്കും. ദൈവം നമ്മെ നയിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതുപോലെ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും സഹവിശ്വാസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്, നമുക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്നതിനെക്കാൾ കാര്യങ്ങൾ പൂർത്തീകരിക്കും. “ഒറ്റയ്ക്ക്, നാം ഒരു തുള്ളി മാത്രമാണ്. ഒരുമിച്ച് നാം ഒരു സമുദ്രമാണ്.’’