ഞങ്ങളുടെ വിവാഹ ചടങ്ങിനിടെ, ഞങ്ങളുടെ ശുശ്രൂഷകൻ എന്നോടു ചോദിച്ചു, “മരണം നിങ്ങളെ വേർപിരിക്കുന്നതു വരെ നിങ്ങളുടെ ഭർത്താവിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് നിങ്ങൾ വാഗ്ദത്തം ചെയ്യുന്നുവോ?’’ എന്റെ പ്രതിശ്രുത വരനെ നോക്കി ഞാൻ മന്ത്രിച്ചു, “അനുസരിക്കുക?’’ ഞങ്ങൾ ഞങ്ങളുടെ ബന്ധം കെട്ടിപ്പടുത്തത് സ്‌നേഹത്തിലും ബഹുമാനത്തിലുമാണ്- പ്രതിജ്ഞാവാചകം സൂചിപ്പിക്കുന്നതുപോലെ അന്ധമായ അനുസരണത്തിലല്ല. ഞാൻ അനുസരിക്കുക എന്ന വാക്ക് മാറ്റി “ഞാൻ ചെയ്യുന്നു’’ എന്നു പറഞ്ഞപ്പോൾ എന്റെ ഭർത്താവിന്റെ പിതാവ് തന്റെ കണ്ണുകൾ വിടർത്തി ആ നിമിഷത്തെ ഒപ്പിയെടുത്തു.

ഭർത്താവും ഭാര്യയും തമ്മിലുള്ള അവിശ്വസനീയമാംവിധം സങ്കീർണ്ണമായ ബന്ധവുമായി, അനുസരിക്കുക എന്ന വാക്കിനോടുള്ള എന്റെ എതിർപ്പിന് യാതൊരു ബന്ധവുമില്ലെന്ന് വർഷങ്ങളായി ദൈവം എനിക്ക് കാണിച്ചുതന്നു. അനുസരണം എന്നതിനർത്ഥം ‘കീഴടക്കപ്പെടുക’ അല്ലെങ്കിൽ ‘സമർപ്പിക്കാൻ നിർബന്ധിക്കപ്പെടുക’ എന്നാണ് ഞാൻ മനസ്സിലാക്കിയത്, അതിനെ തിരുവെഴുത്ത് പിന്തുണയ്ക്കുന്നില്ല. പകരം, ബൈബിളിലെ അനുസരണം എന്ന വാക്ക് നമുക്ക് ദൈവത്തെ സ്‌നേഹിക്കാൻ കഴിയുന്ന നിരവധി വിധങ്ങളെ പ്രകടിപ്പിക്കുന്നു. ഞാനും എന്റെ ഭർത്താവും ദാമ്പത്യത്തിന്റെ മുപ്പതു വർഷങ്ങൾ ആഘോഷിക്കുമ്പോൾ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഞങ്ങൾ ഇപ്പോഴും യേശുവിനെയും പരസ്പരവും സ്‌നേഹിക്കാൻ പഠിക്കുകയാണ്.

“നിങ്ങൾ എന്നെ സ്‌നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും’’ (വാക്യം 15) എന്ന് യേശു പറഞ്ഞപ്പോൾ, തിരുവെഴുത്തുകളോടുള്ള അനുസരണം അവനുമായുള്ള നിരന്തരമായ സ്‌നേഹത്തിന്റെയും ഉറ്റ ബന്ധത്തിന്റെയും ഫലമാണെന്ന് അവൻ നമുക്ക് കാണിച്ചുതന്നു (വാ. 16-21).

യേശുവിന്റെ സ്‌നേഹം നിസ്വാർത്ഥവും നിരുപാധികവുമാണ്. അത് ഒരിക്കലും ബലപ്രയോഗമോ ദുരുപയോഗമോ അല്ല. നമ്മുടെ എല്ലാ ബന്ധങ്ങളിലും നാം അവനെ പിന്തുടരുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ, അവനോടുള്ള അനുസരണത്തെ വിശ്വാസത്തിന്റെയും ആരാധനയുടെയും ജ്ഞാനവും സ്‌നേഹവും നിറഞ്ഞ ഒരു പ്രവൃത്തിയായി കാണാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.