അതിന് നിനക്ക് എന്ത്?
"എനിക്കെന്താ സ്ട്രോബെറി ലോലിപോപ്പ് തന്നത്? അവൾക്ക് മുന്തിരി ലോലിപോപ്പാണല്ലോ കൊടുത്തത്? എന്റെ ആറുവയസ്സുള്ള അനന്തരവൾ ചോദിച്ചു. കുട്ടികൾ പലപ്പോഴും തങ്ങൾക്കു ലഭിക്കുന്നത് മറ്റുള്ളവർക്ക് ലഭിക്കുന്നതുമായി താരതമ്യം ചെയ്യുമെന്ന് എന്റെ അനന്തരവളും അനന്തരവനും എന്നെ നേരത്തെ പഠിപ്പിച്ചിരുന്നു. ഇതിനർത്ഥം, ഒരു അമ്മായി എന്ന നിലയിൽ, ഞാൻ നീതിയോടെ പ്രവർത്തിക്കണം എന്നാണ്!
ഞാനും ചിലപ്പോൾ ദൈവം എനിക്ക് നൽകുന്ന കാര്യങ്ങളെ അവൻ മറ്റുള്ളവർക്ക് നൽകിയവയുമായി താരതമ്യം ചെയ്യുന്നു. "എനിക്ക് എന്തുകൊണ്ടാണ് ഇതും, അവൾക്ക് അതും കിട്ടിയത്?" ഞാൻ ദൈവത്തോട് ചോദിക്കുന്നു. എന്റെ ചോദ്യം ഗലീല കടൽത്തീരത്തുവച്ച് ശിമോൻ പത്രോസ് യേശുവിനോട് ചോദിച്ചത് എന്നെ ഓർമ്മിപ്പിക്കുന്നു. പത്രോസ് തന്നെ തള്ളിപ്പറഞ്ഞതിനു ശേഷം യേശു അവനോട് ക്ഷമിക്കുകയും അവനെ യഥാസ്ഥാനപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു രക്തസാക്ഷിയുടെ മരണത്തിലൂടെ താൻ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് ഇപ്പോൾ അവനോട് പറയുകയായിരുന്നു (യോഹന്നാൻ 21:15-19). എന്നിരുന്നാലും, തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തിന് "അങ്ങനെയാകട്ടെ" എന്ന് മറുപടി പറയുന്നതിനുപകരം, “കർത്താവേ, ഇവന്നു [യോഹന്നാന് ] എന്തു ഭവിക്കും?” എന്ന് പത്രോസ് ചോദിച്ചു. (വാ. 21).
യേശു മറുപടി പറഞ്ഞു, “അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക" (വാക്യം 22). യേശു നമ്മോടും ഇതുതന്നെ പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഒരു മേഖലയിൽ ദൈവം നമുക്ക് വഴികാണിച്ചു തരുമ്പോൾ നാം അവനിൽ ആശ്രയിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. നാം നമ്മുടെ ജീവിതയാത്രയെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തേണ്ടതില്ല. മറിച്ച്, നാം അവനെ അനുഗമിക്ക മാത്രമാണ് വേണ്ടത്.
മുപ്പതിലധികം വർഷം ആദിമ സഭയുടെ ഒരു ധീരനായ നേതാവായി അപ്പസ്തോലനായ പത്രോസ് ദൈവത്തെ അനുഗമിച്ചു. ചരിത്രരേഖകൾ കാണിക്കുന്നത് അദ്ദേഹം നീറോ ചക്രവർത്തിയുടെ കാലത്ത് ഭയമില്ലാതെ രക്തസാക്ഷിയായി മരണം വരിച്ചു എന്നാണ്. നമുക്കും ചോദ്യം ചെയ്യപ്പെടാനാകാത്ത സ്ഥിരതയോടെ ദൈവത്തെ അനുകരിക്കാം, അവിടുത്തെ സ്നേഹത്തെയും മാർഗനിർദ്ദേശങ്ങളെയും അംഗീകരിച്ചു കൊണ്ട്.
നിങ്ങൾ പ്രിയപ്പെട്ടവരാണ്
തന്റെ സങ്കടം പ്രകടിപ്പിക്കാൻ, ആലി എന്ന പെൺകുട്ടി ഒരു മരക്കഷണത്തിൽ ഇങ്ങനെ എഴുതി ഒരു പാർക്കിൽ കൊണ്ടുപോയി വച്ചു: “സത്യം പറഞ്ഞാൽ, എനിക്ക് സങ്കടമുണ്ട്. ആരും ഒരിക്കലും എന്നോടൊപ്പം നടക്കാൻ പോകാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പറയുന്നത് ശ്രദ്ധിക്കുന്ന ഒരേയൊരു വ്യക്തിയെ എനിക്ക് നഷ്ടപ്പെട്ടു. ഞാൻ എല്ലാ ദിവസവും കരയുന്നു.”
ആ കുറിപ്പ് കണ്ട ഒരു പെൺകുട്ടി, റോഡിൽ എഴുതുന്ന, കട്ടിയുള്ള ഒരു ചോക്ക് പാർക്കിലേക്ക് കൊണ്ടുവന്ന് ആലിയോട് അവർക്ക് പറയാനുള്ള കാര്യങ്ങൾ എഴുതാൻ അഭ്യർത്ഥിച്ചു. അടുത്തുള്ള സ്കൂളിലെ കുട്ടികൾ ആലിയെ പിന്തുണയ്ക്കുന്ന ഡസൻ കണക്കിന് വാക്കുകൾ എഴുതി: "ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു." "ദൈവം നിന്നെ സ്നേഹിക്കുന്നു." "നീ പ്രിയപ്പെട്ടവളാണ്." സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു, " അവളോട് അടുക്കാനും, അവളുടെ ശൂന്യത നികത്താനുമുള്ള ഒരു എളിയ മാർഗ്ഗമാണ് ഇത്. അവൾ നമ്മളെ എല്ലാവരെയും പ്രതിനിധീകരിക്കുന്നു, കാരണം ചില സമയങ്ങളിൽ നമുക്കെല്ലാവർക്കും സങ്കടവും കഷ്ടപ്പാടും ഉണ്ടാകും.”
"നിങ്ങൾ പ്രിയപ്പെട്ടവരാണ്" എന്ന വാചകം, മരിക്കുന്നതിന് തൊട്ടുമുമ്പ് ബെന്യാമിൻ എന്ന ഇസ്രായേല്യ ഗോത്രത്തിന് മോശെ നൽകിയ മനോഹരമായ ഒരു അനുഗ്രഹത്തെ ഓർമ്മിപ്പിക്കുന്നു: "അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും" (ആവർത്തനം 33:12). ശത്രു രാഷ്ട്രങ്ങളെ പരാജയപ്പെടുത്തുകയും, പത്തു കൽപ്പനകൾ സ്വീകരിക്കുകയും, ദൈവത്തെ അനുഗമിക്കാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ട് മോശെ ദൈവജനത്തെ നയിച്ചു. ദൈവത്തിന് തന്റെ ജനത്തെക്കുറിച്ച് ഉണ്ടായിരുന്ന വീക്ഷണം മോശെയ്ക്കും ഉണ്ടായിരുന്നു. നമ്മളും പ്രിയപ്പെട്ടവർ ആണ്, കാരണം, "...ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു." (യോഹന്നാൻ 3:16).
യേശുവിൽ വിശ്വസിക്കുന്ന ഓരോരുത്തരും "പ്രിയപ്പെട്ടവരാണ്" എന്ന സത്യത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ ദൈവം നമ്മെ സഹായിക്കുന്നതിനാൽ, ആലിയുടെ പുതിയ സുഹൃത്തുക്കൾ ചെയ്തതുപോലെ മറ്റുള്ളവരോട് അടുക്കാനും അവരെ സ്നേഹിക്കാനും നമുക്കു കഴിയും.
പ്രത്യാശയുള്ള ഒരു ഭാവി കാണുക
2005 ലെ കത്രീന ചുഴലിക്കാറ്റിന്റെ നാശത്തിനുശേഷം, ന്യൂ ഓർലിയൻസ് സാവധാനം പുനർനിർമ്മാണം ആരംഭിച്ചു. കത്രീനയ്ക്ക് ശേഷം വർഷങ്ങളോളം താമസക്കാർക്ക് അടിസ്ഥാന വിഭവങ്ങൾ ലഭ്യമല്ലാത്ത ലോവർ നയൻത്ത് വാർഡാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്ന്. ആ അവസ്ഥ മാറ്റാൻ ബേണൽ കോട്ട്‌ലൺ എന്നയാൾ പ്രവർത്തിച്ചു. 2014 നവംബറിൽ, കത്രീനയ്ക്ക് ശേഷം ലോവർ നയൻത്ത് വാർഡിൽ അദ്ദേഹം ആദ്യത്തെ പലചരക്ക് കട ആരംഭിച്ചു. കോട്ട്ലൺ അനുസ്മരിച്ചു, "ഞാൻ കെട്ടിടം വാങ്ങിയപ്പോൾ, എല്ലാവരും കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്, പക്ഷേ, എന്റെ “ആദ്യത്തെ ഉപഭോക്താവ് കരഞ്ഞു, കാരണം അടിസ്ഥാന സൗകര്യങ്ങൾ തിരിച്ചുവരുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല." അവന്റെ അമ്മ പറഞ്ഞു, തന്റെ മകൻ “ഞാൻ കാണാത്ത ഒന്ന് കണ്ടു. എനിക്ക് സന്തോഷമുണ്ട് അവൻ. . . ആ അവസരം ഉപയോഗിച്ചു.”
നാശത്തിന്റെ മുഖത്ത് പ്രത്യാശയുടെ ഒരു അപ്രതീക്ഷിത ഭാവി കാണാൻ ദൈവം യെശയ്യാ പ്രവാചകനെ പ്രാപ്തനാക്കി. "എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടുന്നില്ല ..." (യെശയ്യാവ് 41:17), ദൈവം "മരുഭൂമിയെ ഞാൻ നീർപൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും." (വാക്യം 18) എന്ന് വാഗ്ദാനം ചെയ്തു. വിശപ്പിനും ദാഹത്തിനും പകരം, അവന്റെ ജനം ഒരിക്കൽ കൂടി തഴച്ചുവളരുമ്പോൾ, "യഹോവയുടെ കൈ അതു ചെയ്തു" (വാക്യം 20) എന്ന് അവർ അറിയും.
അവൻ ഇപ്പോഴും പുനരുദ്ധാരണത്തിന്റെ ദൈവമാണ്. അവൻ ഒരു നല്ല ഭാവി കൊണ്ടുവരുന്നതിനുള്ള പ്രവർത്തനത്തിലാണ്. "സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും...പ്രാപിക്കും" (റോമർ 8:20). നാം അവന്റെ നന്മയിൽ ആശ്രയിക്കുമ്പോൾ, പ്രത്യാശയുള്ള ഒരു ഭാവിയിലേക്ക് അവൻ നമ്മെ നയിക്കുന്നു.
ജീവിതമാകുന്ന തീർത്ഥാടനം
വിവിധ മതങ്ങളിൽ നിന്നുള്ള ഇരുപത് കോടിയിലധികം ആളുകൾ ഓരോ വർഷവും തീർത്ഥാടനം നടത്തുന്നു. ഏതെങ്കിലും ഒരു പുണ്യസ്ഥലത്തേക്ക് യാത്ര ചെയ്ത് അവിടെനിന്ന് അനുഗ്രഹം പ്രാപിക്കുന്നതിനു വേണ്ടിയാണ് പണ്ടുകാലം മുതൽ ആളുകൾ തീർത്ഥാടനത്തിന് പോകുന്നത്. ക്ഷേത്രം, കത്തീഡ്രൽ, പൂജ്യസ്ഥാനം അല്ലെങ്കിൽ, അനുഗ്രഹം ലഭിക്കാവുന്ന മറ്റ് ഉദ്ദിഷ്ടസ്ഥാനങ്ങൾ എന്നിവയിൽ എത്തിച്ചേരുക എന്നതാണ് തീർത്ഥാടനത്തിന്റെ ലക്‌ഷ്യം.
എന്നാൽ, ബ്രിട്ടനിലെ കെൽറ്റിക് ക്രിസ്ത്യാനികളുടെ തീർത്ഥാടനം വ്യത്യസ്തമായിരുന്നു. അവർ ഒരു പ്രത്യേക ലക്ഷ്യമില്ലാതെ ഏതെങ്കിലും കാട്ടിലേക്ക് പുറപ്പെടുന്നു. അല്ലെങ്കിൽ, ഒരു ബോട്ടിൽ കയറി, സമുദ്രം അവരെ എവിടെ കൊണ്ടുപോകുന്നുവോ അവിടേക്ക് ഒഴുകിപ്പോകുന്നു. അവർക്ക് തീർത്ഥാടനമെന്നാൽ, അപരിചിതമായ പ്രദേശത്ത് ദൈവത്തെ ആശ്രയിക്കുന്നതാണ്; അനുഗ്രഹം ലഭിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തല്ല, യാത്രയ്ക്കിടയിലാണ്.
കെൽറ്റുകളെ സംബന്ധിച്ചിടത്തോളം എബ്രായർ 11 ഒരു പ്രധാന വേദഭാഗമായിരുന്നു. ക്രിസ്തുവിലുള്ള ജീവിതം, ലോകത്തിന്റെ വഴികൾ ഉപേക്ഷിച്ച് പരദേശികളെപ്പോലെ ദൈവത്തിന്റെ നഗരത്തിലേക്കുള്ള യാത്രയായതുകൊണ്ട്, ഒരു തീർത്ഥാടനം അവരുടെ ജീവിതയാത്രയുടെ പ്രതിഫലനമായിരുന്നു (വാ. 13-16). തങ്ങളുടെ, ബുദ്ധിമുട്ടുള്ളതും, അപരിചിതവുമായ പാതയിലൂടെ ദൈവത്തിന്റെ കരുതലിൽ ആശ്രയിച്ചുകൊണ്ട്, ആ തീർത്ഥാടകർ പഴയകാല വിശ്വാസവീരന്മാർ ജീവിച്ചിരുന്ന തരത്തിലുള്ള വിശ്വാസം വളർത്തിയെടുത്തു (വാക്യം 1-12).
നാം ശാരീരികമായി യാത്രചെയ്താലും ഇല്ലെങ്കിലും പഠിക്കേണ്ട ഒരു പാഠം: യേശുവിൽ വിശ്വസിച്ചവർക്ക് ജീവിതം, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തേക്കുള്ള ഒരു തീർത്ഥാടനമാണ്. അത് ഇരുണ്ട വനങ്ങളും, അടഞ്ഞ വഴികളും, പരീക്ഷണങ്ങളും നിറഞ്ഞതാണ്. അതിലൂടെ നാം യാത്ര ചെയ്യുമ്പോൾ, വഴിയിൽ ദൈവത്തിന്റെ കരുതൽ അനുഭവിക്കുന്നതിനുള്ള അനുഗ്രഹം നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം.
അന്യോന്യമുള്ള പഠനം
സൂം മീറ്റിംഗ് പ്രചാരത്തിലാകുന്നതിന് വളരെ മുമ്പ്, ഒരു പ്രോജക്റ്റ് ചർച്ച ചെയ്യുന്നതിനായി ഒരു സുഹൃത്ത് അവളുടെ ഒരു വീഡിയോ കോളിൽ ചേരാൻ എന്നോട് ആവശ്യപ്പെട്ടു. എന്നാൽ, എനിക്ക് അതിനെക്കുറിച്ച് നല്ല ഗ്രാഹ്യമില്ലെന്ന് എന്റെ ഇമെയിലുകളിൽ നിന്ന് അവൾക്ക് മനസ്സിലായി. അതിനാൽ വീഡിയോ കോൾ വിളിക്കാൻ എന്നെ സഹായിക്കാൻ ഒരു കൗമാരക്കാരന്റെ സഹായം തേടാൻ അവൾ നിർദ്ദേശിച്ചു.
ഈ നിർദ്ദേശം, തലമുറകൾ തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.
രൂത്തിന്റെയും നവോമിയുടെയും കഥയിൽ കാണുന്ന ഒരു കാര്യമാണത്. രൂത്ത് വിശ്വസ്തയായ മരുമകളായി പ്രകീർത്തിക്കപ്പെടുന്നു. തന്റെ സ്വദേശം വിട്ട് നവോമിയുടെ കൂടെ ബേത്ത്ലേഹെമിലേക്ക് പോകാൻ രൂത്ത് തീരുമാനിച്ചു (രൂത്ത് 1:16-17). അവർ പട്ടണത്തിൽ എത്തിയപ്പോൾ യുവതി നവോമിയോട്, “ഞാൻ വയലിൽ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ" എന്നു ചോദിച്ചു (2:2). അവൾ പ്രായമായ സ്ത്രീയെ സഹായിച്ചു, അവൾ ബോവസിനെ വിവാഹം കഴിക്കാൻ യുവതിയെ സഹായിച്ചു. രൂത്തിന്റെ ഭർതൃപിതാവിന്റെ സ്വത്ത് വാങ്ങുന്നതിനും രൂത്തിനെ "ഭാര്യയായി" സ്വീകരിക്കുന്നതിനും നടപടിയെടുക്കാൻ രൂത്തിനോടുള്ള നവോമിയുടെ ഉപദേശം ബോവസിന് പ്രേരകമായിത്തീർന്നു (4:9-10).
തങ്ങളുടെ അനുഭവജ്ഞാനം യുവതലമുറയുമായി പങ്കിടുന്നവരുടെ ഉപദേശം നാം തീർച്ചയായും മാനിക്കുന്നു. എന്നാൽ, നമ്മെക്കാൾ മുതിർന്നവരിൽ നിന്നും നാം പഠിക്കുന്നതുപോലെ, പ്രായം കുറഞ്ഞവരിൽ നിന്നും നമുക്ക് ചിലത് പഠിക്കാനുണ്ട്. തലമുറകൾ തമ്മിലുള്ള ഗാഢമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ നമുക്ക് ശ്രമിക്കാം. അത് നമ്മെ അനുഗ്രഹിക്കുകയും നമുക്ക് അറിയാത്ത പലതും പഠിക്കാൻ സഹായിക്കുകയും ചെയ്യും.