ഞങ്ങളുടെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിനടുത്തുള്ള കുളത്തിൽ വാത്തകളുടെ നിരവധി കുടുംബങ്ങളുണ്ട്; അവയിൽ കുഞ്ഞുങ്ങളുമുണ്ട്. ചെറിയ കുഞ്ഞുങ്ങൾ വളരെ മൃദുലവും മനോഹരവുമാണ്; ഞാൻ നടക്കാൻ പോകുമ്പോഴോ കുളത്തിന് ചുറ്റും ഓടുമ്പോഴോ അവയെ കാണാതിരിക്കാൻ പ്രയാസമാണ്. പക്ഷേ, നേത്ര സമ്പർക്കം ഒഴിവാക്കാനും അവയ്ക്ക് വിശാലമായ ഇടം നൽകാനും ഞാൻ പഠിച്ചു-അല്ലെങ്കിൽ, വാത്തയുടെ ഒരു സംരക്ഷകനായ രക്ഷിതാവ് ഭീഷണി സംശയിച്ച് എന്നെ പിന്തുടരാൻ സാധ്യതയുണ്ട്!

തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു പക്ഷിയുടെ ചിത്രം, തന്റെ മക്കളോടുള്ള ദൈവത്തിന്റെ ആർദ്രവും സംരക്ഷണാത്മകവുമായ സ്‌നേഹത്തെ വിവരിക്കാൻ തിരുവെഴുത്തുകൾ ഉപയോഗിക്കുന്ന ഒന്നാണ് (സങ്കീർത്തനം 91:4). 61-ാം സങ്കീർത്തനത്തിൽ, ഈ വിധത്തിൽ ദൈവത്തിന്റെ കരുതൽ അനുഭവിക്കാൻ ദാവീദ് പാടുപെടുന്നതായി തോന്നുന്നു. അവൻ ദൈവത്തെ തന്റെ “സങ്കേതമായി, ഉറപ്പുള്ള ഗോപുരമായി” അനുഭവിച്ചറിഞ്ഞു (വാ. 3), എന്നാൽ ഇപ്പോൾ അവൻ “ഭൂമിയുടെ അറ്റത്തു നിന്ന്” “എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നയിക്കേണമേ” (വാ. 2) എന്നു നിലവിളിക്കുന്നു. ഒരിക്കൽ കൂടി “[ദൈവത്തിന്റെ] ചിറകുകളുടെ അഭയകേന്ദ്രത്തിൽ ശരണം പ്രാപിക്കാൻ” അവൻ ആഗ്രഹിച്ചു (വാ. 4).

തന്റെ വേദനയും സൗഖ്യത്തിനായുള്ള വാഞ്ഛയും ദൈവസന്നിധിയിൽ എത്തിച്ചുകൊണ്ട് ദാവീദ്, ദൈവം തന്റെ വാക്കുകൾ കേട്ടു എന്നറിയുന്നതിൽ ആശ്വസിച്ചു (വാ. 5). ദൈവത്തിന്റെ വിശ്വസ്തത നിമിത്തം, താൻ ‘[അവന്റെ] തിരുനാമത്തെ എന്നേക്കും കീർത്തിക്കും” എന്ന് അവനറിയാമായിരുന്നു (വാ. 8).

സങ്കീർത്തനക്കാരനെപ്പോലെ, ദൈവസ്‌നേഹത്തിൽ നിന്ന് അകന്നുപോകുന്നുവെന്ന് തോന്നുമ്പോൾ, നമ്മുടെ വേദനയിലും അവൻ നമ്മോടൊപ്പമുണ്ടെന്ന് ഉറപ്പുനൽകാൻ നമുക്ക് അവന്റെ കരങ്ങളിലേക്ക് ഓടിച്ചെല്ലാൻ കഴിയും, ഒരു അമ്മപ്പക്ഷി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ തീവ്രമായി നമ്മെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം നമ്മോടൊപ്പമുണ്ട്.