എന്റെ പൂച്ച മിക്കിക്ക് കണ്ണിൽ അണുബാധയുണ്ടായപ്പോൾ, ഞാൻ അവന്റെ കണ്ണുകളിൽ ദിവസവും തുള്ളിമരുന്ന് ഒഴിച്ചു. ഞാൻ അവനെ ബാത്ത്‌റൂം കൗണ്ടറിൽ വയ്ക്കുമ്പോൾ, അവൻ ഇരുന്ന്, പേടിച്ചരണ്ട കണ്ണുകളോടെ എന്നെ നോക്കി, ദ്രാവകം കണ്ണിലേക്കു വീഴാനായി സ്വയം ധൈര്യപ്പെട്ടു. ”നല്ല കുട്ടി,” ഞാൻ പിറുപിറുക്കും. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അവന് മനസ്സിലായില്ലെങ്കിലും, അവൻ ഒരിക്കലും ചാടിയില്ല, കരയുകയോ മാന്തുകയോ ചെയ്തില്ല. പകരം, അവൻ എന്നോടു കൂടുതൽ ചേർന്നിരിക്കും-പരിശോധനയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയെപ്പോലെ. എന്നെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാമായിരുന്നു.

9-ാം സങ്കീർത്തനം എഴുതിയപ്പോൾ, ദാവീദ് ദൈവത്തിന്റെ സ്‌നേഹവും വിശ്വസ്തതയും അനുഭവിച്ചിട്ടുണ്ടാകും. ശത്രുക്കളിൽ നിന്നുള്ള സംരക്ഷണത്തിനായി അവൻ ദൈവത്തിങ്കലേക്ക് തിരിഞ്ഞു, ദൈവം അവനുവേണ്ടി പ്രവർത്തിച്ചു (വാ. 3-6). ദാവീദിന്റെ ആവശ്യസമയത്ത്, ദൈവം അവനെ നിരാശപ്പെടുത്തിയില്ല. തൽഫലമായി, അവൻ എങ്ങനെയുള്ളവനാണെന്ന് ദാവീദ് മനസ്സിലാക്കി-അവൻ ശക്തനും നീതിമാനും സ്‌നേഹവാനും വിശ്വസ്തനുമായിരുന്നു. അങ്ങനെ, ദാവീദ് അവനെ വിശ്വസിച്ചു. ദൈവം വിശ്വസ്തനാണെന്ന് അവനറിയാമായിരുന്നു.

തെരുവിൽ പട്ടിണി കിടക്കുന്ന ഒരു ചെറിയ പൂച്ചക്കുട്ടിയായി ഞാൻ മിക്കിയെ കണ്ടെത്തിയ രാത്രി മുതൽ അവനെ ഞാൻ പല രോഗങ്ങളിലും പരിചരിച്ചു. അവന് എന്നെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാം-അവന് മനസ്സിലാകാത്ത കാര്യങ്ങൾ ഞാൻ അവനോട് ചെയ്യുമ്പോൾ പോലും. സമാനമായി, ദൈവം നമ്മോടും അവന്റെ സ്വഭാവത്തോടുമുള്ള വിശ്വസ്തതയെ ഓർക്കുന്നത്, അവൻ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്തപ്പോൾ പോലും അവനിൽ വിശ്വസിക്കാൻ നമ്മെ സഹായിക്കുന്നു. ജീവിതത്തിലെ പ്രയാസകരമായ സമയങ്ങളിൽ നമുക്ക് ദൈവത്തിൽ വിശ്വസിക്കുന്നത് തുടരാം.