ഒരു കുഞ്ഞ് കരയുമ്പോൾ, അവൾ ക്ഷീണിതനാണെന്നോ അല്ലെങ്കിൽ അവൾക്കു വിശക്കുന്നു എന്നോ ഉള്ളതിന്റെ സൂചനയാണ്, അല്ലേ? ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ, നവജാത ശിശുവിന്റെ കരച്ചിലിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ മറ്റ് പ്രശ്‌നങ്ങൾക്കുള്ള സുപ്രധാന സൂചനകളും നൽകും. കുഞ്ഞിന്റെ കേന്ദ്ര നാഡീവ്യൂഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് നിർണ്ണയിക്കാൻ, കരച്ചിൽ ഘടകങ്ങൾ, ശബ്ദം, കരച്ചിൽ ശബ്ദം എത്ര വ്യക്തമാണ് എന്നിവ അളക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ഡോക്ടർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ദൈവം തന്റെ ജനത്തിന്റെ വ്യത്യസ്ത നിലവിളി കേൾക്കുമെന്നും അവരുടെ ഹൃദയത്തിന്റെ അവസ്ഥ നിർണ്ണയിക്കുമെന്നും കൃപയോടെ പ്രതികരിക്കുമെന്നും യെശയ്യാവ് പ്രവചിച്ചു. യെഹൂദാ, ദൈവത്തോട് ആലോചിക്കുന്നതിനുപകരം, അവന്റെ പ്രവാചകനെ അവഗണിക്കുകയും ഈജിപ്തുമായുള്ള സഖ്യത്തിൽ സഹായം തേടുകയും ചെയ്തു (യെശയ്യാവ് 30:1-7). അവർ തങ്ങളുടെ മത്സരത്തിൽ തുടരാൻ തീരുമാനിച്ചാൽ, അവൻ അവർക്ക് പരാജയവും അപമാനവും വരുത്തുമെന്ന് ദൈവം അവരോട് പറഞ്ഞു. എന്നിരുന്നാലും, “[അവരോട്] കൃപ കാണിക്കാനും  . . . കരുണ കാണിക്കാനും” അവൻ ആഗ്രഹിച്ചു (വാ. 18). അവൻ അവരെ രക്ഷിക്കും. പക്ഷേ അവരുടെ മാനസാന്തരത്തിന്റെയും വിശ്വാസത്തിന്റെയും നിലവിളിയിലൂടെ മാത്രമാണതു സംഭവിക്കുക. ദൈവജനം അവനോട് നിലവിളിച്ചാൽ, അവൻ അവരുടെ പാപങ്ങൾ ക്ഷമിക്കുകയും അവർക്ക് ആത്മീയ ശക്തിയും ചൈതന്യവും പുതുക്കിനൽകുകയും ചെയ്യും (വാ. 8-26).

യേശുവിൽ വിശ്വസിക്കുന്ന ഇന്നത്തെ വിശ്വാസികൾക്കും ഇത് ബാധകമാണ്. നമ്മുടെ മാനസാന്തരത്തിന്റെയും വിശ്വാസത്തിന്റെയും വ്യതിരിക്തമായ നിലവിളികൾ നമ്മുടെ സ്വർഗീയ പിതാവിന്റെ ചെവികളിൽ എത്തുമ്പോൾ, അവൻ അത് കേൾക്കുകയും നമ്മോട് ക്ഷമിക്കുകയും അവനിലുള്ള നമ്മുടെ സന്തോഷവും പ്രത്യാശയും പുതുക്കുകയും ചെയ്യുന്നു.