ഞങ്ങളുടെ പഴയവീട്ടിലെ അവസാന ദിവസം, യാത്ര പറയാനായി എന്റെ സുഹൃത്ത് അവളുടെ നാല് വയസ്സുള്ള മകൾ കിൻസ് ലിയെ കൊണ്ടുവന്നു. ”നിങ്ങൾ പോകണമെന്നു ഞാനാഗ്രഹിക്കുന്നില്ല,” കിൻസ്ലി പറഞ്ഞു. ഞാൻ അവളെ ആലിംഗനം ചെയ്തശേഷം എന്റെ ശേഖരത്തിൽ നിന്ന് കൈകൊണ്ട് പെയിന്റു ചെയ്ത ഒരു വിശറി അവൾക്ക് നൽകി. “നിനക്ക് എന്നെ മിസ്സ് ചെയ്യുമ്പോൾ, ഈ വിശറി ഉപയോഗിക്കുക, ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്ന് ഓർക്കുക.” അവൾക്ക് മറ്റൊരു ഉപഹാരം ലഭിക്കുമോ എന്നു കിൻസ് ലി ചോദിച്ചു- എന്റെ ബാഗിലിരിക്കുന്ന കടലാസ് വിശറി. “അത് തകർന്നതാണ്,” ഞാൻ പറഞ്ഞു. “നിനക്ക് എന്റെ ഏറ്റവും മികച്ച വിശറി ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” എന്റെ പ്രിയപ്പെട്ട വിശറി കിൻസ്‌ലിക്ക് നൽകിയതിൽ ഞാൻ ഖേദിച്ചില്ല. അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് കൂടുതൽ സന്തോഷം തോന്നി. പിന്നീട്, തകർന്ന വിശറി ഞാൻ സൂക്ഷിച്ചതിൽ തനിക്ക് സങ്കടമുണ്ടെന്ന് കിൻസ് ലി അമ്മയോട് പറഞ്ഞു. അവർ എനിക്ക് ഒരു പുതിയ, ഫാൻസി പർപ്പിൾ വിശറി അയച്ചുതന്നു. എനിക്ക് ഉദാരമായി തന്നതിന് ശേഷം കിൻസ് ലിക്ക് വീണ്ടും സന്തോഷം തോന്നി. അതുപോലെ എനിക്കും.

ആത്മസംതൃപ്തിയും സ്വയരക്ഷയും പ്രോത്സാഹിപ്പിക്കുന്ന ഒരു ലോകത്ത്, ഹൃദയങ്ങൾ നൽകിക്കൊണ്ട് ജീവിക്കുന്നതിനുപകരം പൂഴ്ത്തിവെക്കാൻ നമുക്ക് പ്രലോഭനമുണ്ടാകും. എന്നിരുന്നാലും, ”ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു” (സദൃശവാക്യങ്ങൾ 11:24). നമ്മുടെ സംസ്‌കാരം അഭിവൃദ്ധിയെ നിർവചിക്കുന്നത് കൂടുതൽ കൂടുതൽ ഉള്ളതായിട്ടാണ്, എന്നാൽ ബൈബിൾ പറയുന്നത് “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും” (വാ. 25) എന്നാണ്. 

ദൈവത്തിന്റെ പരിമിതികളില്ലാത്തതും നിരുപാധികവുമായ സ്‌നേഹവും ഔദാര്യവും നമുക്കു നിരന്തരം നവചൈതന്യം പകരുന്നു. നമുക്ക് ഓരോരുത്തർക്കും ഒരു ദാതാവിന്റെ ഹൃദയം ഉണ്ടായിരിക്കാനും അനന്തമായ ദാനചക്രങ്ങൾ സൃഷ്ടിക്കാനും കഴിയും, കാരണം എല്ലാ നല്ല കാര്യങ്ങളുടെയും ദാതാവും സമൃദ്ധമായി നൽകുന്നതിൽ ഒരിക്കലും മടുക്കാത്തവനുമായ ദൈവത്തെ നമുക്കറിയാം.