അടുത്തിടെ വിധവയായ സ്ത്രീ ആശങ്കാകുലയായി. ഒരു ഇൻഷുറൻസ് പോളിസിയിൽ നിന്ന് പണം ലഭിക്കാൻ, ഭർത്താവിന്റെ ജീവൻ അപഹരിച്ച അപകടത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ അവൾക്ക് ആവശ്യമായിരുന്നു. ഒരു പോലീസ് ഓഫീസറുമായി അവൾ സംസാരിക്കുകയും അവളെ സഹായിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ബിസിനസ് കാർഡ് അവളുടെ കൈയിൽനിന്നു നഷ്ടപ്പെട്ടു. അതുകൊണ്ട് അവൾ പ്രാർത്ഥിച്ചു, സഹായത്തിനായി ദൈവത്തോട് അപേക്ഷിച്ചു. കുറെ സമയത്തിനു ശേഷം, അവൾ അവളുടെ പള്ളിയിലെത്തുകയും ഒരു ജനാലയ്ക്കരികിലൂടെ നടന്നപ്പോൾ ഒരു ജനാലപ്പടിയിൽ ഒരു കാർഡ് ഇരിക്കുന്നതു കാണുകയും ചെയ്തു – അത് ആ പോലീസുകാരന്റെ കാർഡ് ആയിരുന്നു. അത് എങ്ങനെ അവിടെയെത്തിയെന്ന് അവൾക്ക് അറിയില്ലായിരുന്നു, പക്ഷേ എന്തുകൊണ്ട് എന്നവൾക്കറിയാമായിരുന്നു. 

അവൾ പ്രാർത്ഥനയെ ഗൗരവമായി എടുത്തു. എന്തുകൊണ്ട് പാടില്ല? ദൈവം നമ്മുടെ അപേക്ഷകൾ കേൾക്കുന്നു എന്ന് തിരുവെഴുത്ത് പറയുന്നു. “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു” പത്രൊസ് എഴുതി (1 പത്രൊസ് 3:12).

ദൈവം പ്രാർത്ഥനയോട് പ്രതികരിച്ചതിന്റെ ധാരാളം ഉദാഹരണങ്ങൾ ബൈബിൾ നൽകുന്നു. ഒരാൾ യെഹൂദാ രാജാവായ ഹിസ്‌കീയാവാണ്, അവൻ രോഗിയായി. താൻ മരിക്കാൻ പോകുകയാണെന്ന് യെശയ്യാവ് എന്ന പ്രവാചകനിൽ നിന്ന് അവന് സന്ദേശം ലഭിച്ചിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് രാജാവിന് അറിയാമായിരുന്നു: അവൻ “യഹോവയോടു പ്രാർത്ഥിച്ചു” (2 രാജാക്കന്മാർ 20:2). ഉടനെ, ദൈവം യെശയ്യാവിനോട് രാജാവിന് തന്നിൽ നിന്നുള്ള ഈ സന്ദേശം നൽകാൻ പറഞ്ഞു: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു” (വാ. 5). ഹിസ്‌കീയാവിനു പതിനഞ്ചു വർഷം കൂടി ആയുസ്സ് നീട്ടിക്കിട്ടി.

ദൈവം എല്ലായ്‌പ്പോഴും പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നത് ഒരു ജാലകപ്പടിയിലെ കാർഡ് പോലെയല്ല. എന്നാൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, നമ്മൾ ഒറ്റയ്ക്ക് അവയെ അഭിമുഖീകരിക്കേണ്ടതില്ലെന്ന് അവൻ ഉറപ്പുനൽകുന്നു. ദൈവം നമ്മെ കാണുന്നു, അവൻ നമ്മോടൊപ്പമുണ്ട് – നമ്മുടെ പ്രാർത്ഥനകളിൽ ശ്രദ്ധാലുവാണ്.