വിളവെടുപ്പു കാലം പ്രതിഫലത്തിന്റെ സമയമാണ്. നമ്മുടെ പൂന്തോട്ടങ്ങളും കൃഷിത്തോട്ടങ്ങളും മുന്തിരിത്തോപ്പുകളും അവയുടെ ഫലങ്ങൾ ഉൽപ്പാദിപ്പിക്കുമ്പോൾ, നമ്മുടെ എണ്ണമറ്റ മണിക്കൂറുകളിലെ അധ്വാനം, വിയർപ്പ്, നിരന്തരമായ നനയ്ക്കൽ, ഭീഷണികൾക്കെതിരെ ജാഗ്രതയോടെയുള്ള കാവൽ, നഖങ്ങൾക്കടിയിലെ അഴുക്ക് എന്നിവയ്‌ക്കെല്ലാമുള്ള പ്രതിഫലമാണു നമുക്കു ലഭിക്കുന്നത്.

നമ്മുടെ തോട്ടങ്ങളിലെ സസ്യങ്ങളുടെ ജീവിതചക്രം, തൃപ്തികരവും രുചികരവുമായ ഫലങ്ങൾ ഉറപ്പാക്കുന്നു. എന്നാൽ നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ വളർച്ച നമ്മുടെ വൃക്ഷങ്ങളുടെ ഫലങ്ങളെപ്പോലെയോ നമ്മുടെ തോട്ടങ്ങളിലെ പച്ചക്കറികളെപ്പോലെയോ ആശ്രയിക്കാവുന്നതോ പ്രവചിക്കാൻ കഴിയുന്നതോ അല്ല. പക്വത വളർത്തിയെടുക്കാൻ കഠിനമായി അധ്വാനിക്കുകയും അനേക മണിക്കൂറുകൾ ചെലവഴിക്കുകയും ചെയ്തിട്ടും, പലപ്പോഴും നിസ്സാര ഫലങ്ങൾ മാത്രമേ നാം കാണുന്നുള്ളൂ – അല്ലെങ്കിൽ പരാജയം മാത്രമാണു കാണുന്നത്.

ആത്മാവിന്റെ ഫലത്തെക്കുറിച്ചുള്ള പൗലൊസ് നൽകുന്ന ചിത്രം, ക്രിസ്തീയ പക്വതയെ വ്യക്തതയോടും വൈവിധ്യമാർന്ന നിലയിലും വിവരിക്കുന്നു. മധുരമുള്ള, പാകമായ ആ ഫലങ്ങൾ വിളവെടുക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇത് എല്ലായ്‌പ്പോഴും കൈയ്യെത്താത്ത അകലത്തായി തോന്നുന്നത്? നാം എത്ര കഠിനമായി ശ്രമിച്ചിട്ടും, എന്തുകൊണ്ടാണ് നാം പ്രതീക്ഷിക്കുന്ന ക്ഷമയോ അല്ലെങ്കിൽ നാം തീവ്രമായി ആഗ്രഹിക്കുന്ന സമാധാനമോ ഒരിക്കലും കൈവരിക്കാൻ കഴിയാതിരിക്കുന്നത്?

നമ്മുടെ പ്രയത്‌നമാണോ പ്രശ്‌നം? തുടർന്നുള്ള പേജുകളിൽ ഡോ. കോൺ കാംപ്‌ബെൽ, ആത്മാവിന്റെ ഫലത്തിലേക്ക് ഒരു നോട്ടം കാഴ്ചവയ്ക്കുകയും അതു വളർത്തുന്നതിന് ആരാണ് ഉത്തരവാദിയെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ക്രിസ്തുസാദൃശ്യത്തിലേക്കു വളരാനുള്ള നിങ്ങളുടെ ശ്രമത്തിൽ ഈ ആശയങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

banner image

കുറച്ചു വർഷങ്ങൾക്കു മുമ്പ്, എന്റെ മക്കൾ ചെറുപ്പമായിരുന്നപ്പോൾ, ഓസ്‌ട്രേലിയയിലെ കുട്ടികളുടെ പ്രിയപ്പെട്ട വിനോദകനും നാടോടി സംഗീത താരവുമായ കോളിൻ ബുക്കാനൻ അവതരിപ്പിക്കുന്ന ഒരു പരിപാടിക്ക് ഞാൻ അവരെ കൊണ്ടുപോയി. ഞങ്ങൾ അകത്തേക്കു കയറാൻ കാത്തിരിക്കുമ്പോൾ, ഒരു അമ്മ തന്റെ പരാതിക്കാരനായ മകനെ പ്രോത്സാഹിപ്പിക്കുന്നത് ഞാൻ കേട്ടു, “ജോണീ, ഓർക്കുക, ദീർഘക്ഷമ ആത്മാവിന്റെ ഫലമാണ്.’’

അത് എത്ര വിചിത്രമാണെന്ന് ഞാൻ ചിന്തിച്ചു. “ദീർഘക്ഷമ ഒരു സദ്ഗുണമാണ്’’ എന്നാണ് സാധാരണയായി ഞാൻ കേട്ടിട്ടുള്ളത്. “ദീർഘക്ഷമ ആത്മാവിന്റെ ഫലമാണ്’’ എന്നത് തെറ്റായ പ്രസ്താവനയായി എനിക്ക് തോന്നി. ആ വാചകത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്തോറും എനിക്ക് കൂടുതൽ അസ്വസ്ഥത തോന്നി. ആ സ്ത്രീയുടെ പ്രസ്താവനയിലല്ല – അതു തീർച്ചയായും സത്യമാണ് – എന്റെ പ്രതികരണത്തിലാണ് എനിക്ക അസ്വസ്ഥത തോന്നിയത്. അവളുടെ വാക്കുകൾ എനിക്കുള്ളതിനെക്കാൾ കൂടുതൽ ദൈവികമായ ചിന്താരീതിയെ പ്രതിഫലിപ്പിക്കുന്നതായി തോന്നിയതിനാൽ, അതെന്നെ വെല്ലുവിളിക്കുന്നതായി തോന്നി.

സദ്ഗുണത്തിൽ തെറ്റൊന്നുമില്ലെങ്കിലും, അത് ആത്മാവിന്റെ ഫലത്തിന് തുല്യമല്ല. ഏതൊരാൾക്കും സദ്ഗുണമോ അല്ലെങ്കിൽ സദ്ഗുണങ്ങളോ ഉണ്ടായിരിക്കാൻ കഴിയും. അവ സാധാരണയായി സ്വയം വികസിപ്പിക്കുന്നവയാണ്. ഒരു “സദ്ഗുണമുള്ള വ്യക്തി” ദീർഘക്ഷമയുള്ളവനോ ധീരനോ ഉദാരമതിയോ ആകാൻ സ്വയ-ശിക്ഷണം നേടുന്ന ഒരാളാണ്. നേരെ മറിച്ച്, “ആത്മാവിന്റെ ഫലം” തികച്ചും വ്യത്യസ്തമായ ഒന്നിനെ സൂചിപ്പിക്കുന്നു. അത് നമ്മുടേതല്ല, ആത്മാവിന്റെ ഫലമാണ് എന്നതാണ് പദത്തിൽനിന്നു തന്നേ വ്യക്തമാകുന്നത്. നിശ്ചയദാർഢ്യമോ ശിക്ഷണമോ ആത്മാവിന്റെ ഫലത്തെ വിളയിക്കുന്നില്ല. അത് ആത്മാവിന്റെ ഫലമായതിനാൽ, തങ്ങളിൽ ദൈവാത്മാവ് ഉള്ളവർക്കു മാത്രം ലഭിക്കുന്ന ഫലമാണിത്.

എന്റെ മക്കളുമായി അവിടെ നിൽക്കുമ്പോൾ, അവരെ ശാന്തമാക്കാൻ ശ്രമിക്കുമ്പോൾ, “ദീർഘക്ഷമ ആത്മാവിന്റെ ഫലമാണ്” എന്ന് പറയാൻ എനിക്ക് ഒരിക്കലും തോന്നാത്തത് എന്തുകൊണ്ടാണെന്നു ഞാൻ അത്ഭുതപ്പെട്ടു. മുൻകാലങ്ങളിൽ, ഞാൻ അവരോട് ക്ഷമയുള്ളവരോ ആത്മനിയന്ത്രണമുള്ളവരോ ആയിരിക്കാൻ ആവശ്യപ്പെട്ടിരിക്കാം, പക്ഷേ ഞാൻ ആത്മീയമായി ചിന്തിക്കുകയായിരുന്നില്ല. അതിനാൽ, അന്ന് ഒരു കാര്യം എന്നെ ഓർമ്മിപ്പിക്കുകയായിരുന്നു:

എന്റെ രക്ഷാകർത്തൃത്വത്തെ സ്വാധീനിക്കാൻ തിരുവെഴുത്തുകളിലെ വാക്കുകളെ ഞാൻ അനുവദിക്കേണ്ടതാണെന്നു ഞാൻ മനസ്സിലാക്കി.

പ്രോത്സാഹനത്തിന്റെ ആ ചെറിയ നിമിഷത്തിന് ഞാൻ നന്ദിയുള്ളവനാണ്. എന്നാൽ ഞാൻ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്തോറും, ആത്മാവിന്റെ ഫലം ഇതുപോലെ “പ്രയോഗിക്കുന്നത്” ശരിയാണോ എന്ന് ഞാൻ കൂടുതൽ ചിന്തിച്ചു. തീർച്ചയായും, ദൈവിക മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും നമ്മുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്നത് ഉചിതമാണ്. ബൈബിൾ പറയുന്ന കാര്യങ്ങൾ അവരെ ഓർമിപ്പിക്കുന്നത് നല്ലതാണ്. തീർച്ചയായും, നമ്മുടെ മനോഭാവങ്ങളെയും പെരുമാറ്റങ്ങളെയും തിരുവെഴുത്തുകൾ നയിക്കുന്നുണ്ടെന്ന് നമ്മുടെ മക്കൾ അറിഞ്ഞിരിക്കണം. എങ്കിൽ “ദീർഘക്ഷമ ആത്മാവിന്റെ ഫലമാണ്” എന്ന് പറഞ്ഞ് ഒരാളെ പ്രോത്സാഹിപ്പിക്കുന്നതിൽ എന്താണ് പ്രശ്‌നം?

ഗലാത്യർ 5:22-23 ൽ പൗലൊസ് ആത്മാവിന്റെ ഫലം പട്ടികപ്പെടുത്തുമ്പോൾ, അത് ഒരു കൂട്ടം നിർദ്ദേശങ്ങളായിരിക്കാൻ മാത്രമല്ല അവൻ ഉദ്ദേശിച്ചിട്ടുള്ളതെന്നു മനസ്സിലാക്കുമ്പോഴാണ് പ്രശ്‌നം കുറച്ചുകൂടി വ്യക്തമാകുന്നത്. ഇത് യഥാർത്ഥത്തിൽ തികച്ചും വ്യത്യസ്തമായ ഒരു ഉദ്ദേശ്യത്തിനു വേണ്ടിയാണ്, എങ്കിലും നാം ജീവിക്കുന്ന രീതിയെ അതു സ്വാധീനിക്കുന്നുണ്ട്.

പൗലൊസ് എന്താണ് പറയുന്നതെന്നു മനസ്സിലാക്കുന്നതിന്, ഒരു ലക്ഷ്യം സങ്കൽപ്പിക്കുന്നത് സഹായിച്ചേക്കാം. ഗലാത്യർ 5 ൽ ചെറുതായി തുടങ്ങി (കേന്ദ്ര ഭാഗം) ചുറ്റുമുള്ള വലിയ വലയങ്ങളിലേക്ക് നീങ്ങുന്നതിലൂടെ – ആത്മാവിന്റെ ഫലം ഗലാത്യലേഖനത്തിന്റെ മുഴുവൻ സന്ദേശവും ഉദ്ദേശ്യവുമായി എങ്ങനെ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നും, മുഴുബൈബിളിലും വെളിപ്പെടുത്തിയിരിക്കുന്ന ദൈവിക പദ്ധതിയിൽ ആത്മാവിന്റെ ഫലത്തിന്റെ പ്രാധാന്യമെന്തെന്നും മനസ്സിലാക്കുന്നതിലൂടെ – ആത്മാവിന്റെ ഫലത്തെക്കുറിച്ച് പൗലൊസ് എന്താണ് പറയുന്നതെന്ന് നമുക്ക് നന്നായി മനസ്സിലാക്കാൻ കഴിയും. ക്രിസ്തുവിലുള്ള അതിമഹത്തായ ദൈവസ്‌നേഹത്തേയും നമ്മുടെ ജീവിതത്തിലെ ആത്മാവിന്റെ ശക്തിയെയും കുറിച്ചു നാം ധ്യാനിക്കുമ്പോൾ ആത്മാവ് നമ്മുടെ ഹൃദയങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നാണ് എന്റെ പ്രതീക്ഷയും പ്രാർത്ഥനയും. ഇനി നമുക്ക് ഗലാത്യർ 5-ലേക്ക് നോക്കാം.

“ആത്മാവിന്റെ ഫല’’വും “ജഡത്തിന്റെ പ്രവൃത്തികളും”

ആത്മാവിന്റെ ഫലത്തെക്കുറിച്ച് വായിക്കുമ്പോൾ, നമ്മൾ പലപ്പോഴും രണ്ട് വാക്യങ്ങളിലേക്കു മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവ മഹത്തായ വാക്യങ്ങളാണെങ്കിലും, അവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ അവയുടെ അർത്ഥത്തിന്റെയും പ്രാധാന്യത്തിന്റെയും വികലമായ ചിത്രം മാത്രമായിരിക്കും നമുക്കു ലഭിക്കുക. ഗലാത്യർ 5:22-23 ൽ പട്ടികപ്പെടുത്തിയിരിക്കുന്ന ആത്മാവിന്റെ ഫലത്തെക്കുറിച്ച് അതിന്റെ പശ്ചാത്തലത്തിൽ നാം വായിക്കേണ്ടതുണ്ട്. അതാണ് കേന്ദ്രഭാഗം.

5:19-21 നു തൊട്ടുമുമ്പ് പട്ടികപ്പെടുത്തിയിരിക്കുന്ന ജഡത്തിന്റെ പ്രവൃത്തികളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ആത്മാവിന്റെ ഫലത്തെ സജ്ജീകരിച്ചിരിക്കുന്നത്.

ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്‌കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

ആത്മാവിന്റെ ഫലമോ: സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല (ഊന്നൽ ചേർത്തിരിക്കുന്നു).

മനോഭാവങ്ങളുടെയും സ്വഭാവസവിശേഷതകളുടെയും ആ പട്ടികകൾക്ക് ഇതിലധികം വ്യത്യസ്തമായിരിക്കാൻ കഴിയില്ല. അവ ഏതാണ്ട് വിരുദ്ധ ധ്രുവങ്ങളാണ്. എന്നാൽ നെഗറ്റീവുകളും പോസിറ്റീവുകളും ഇതുപോലെ വശങ്ങളിലായി വയ്ക്കുന്നത് ഒരു സാധാരണ എഴുത്ത് സാങ്കേതികതയാണ് – ഗലാത്യലേഖനത്തിന്റെ എഴുത്തുകാരനായ പൗലൊസ് ഇതു കൂടെക്കൂടെ ഉപയോഗിക്കുന്നുണ്ട് (ഉദാ. എഫെസ്യർ 4:25-32). നെഗറ്റീവുകളും പോസിറ്റീവുകളും പരസ്പരം അടുത്തടുത്തായി പട്ടികപ്പെടുത്തുന്നത് അവയുടെ അർത്ഥങ്ങളുടെ മൂർച്ച കൂട്ടുന്നു. കറുപ്പ് പശ്ചാത്തലത്തിൽ വെളുത്ത നിറം ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുന്നു. ആത്മാവിന്റെ ഫലം ജഡത്തിന്റെ പ്രവൃത്തികൾക്ക് നേരെ വിപരീതമായി നിലകൊള്ളുന്നു. രാവും പകലും പോലെയുള്ള വ്യത്യാസം.

“ജഡത്തെ”ക്കുറിച്ച് പൗലൊസ് പറയുമ്പോൾ, പാപത്തിലേക്കു നമ്മെ നയിക്കുന്ന സ്വാർത്ഥവും സ്വയ-കേന്ദ്രീകൃതവുമായ പ്രേരണകളെയാണ് അവൻ പരാമർശിക്കുന്നത്. വിശാലമായ രീതിയിൽ, ദൈവത്തിന്റെ പ്രവൃത്തികൾക്കും സ്വഭാവത്തിനും വിരുദ്ധമായ എന്തും എന്ന് അതിനെ മനസ്സിലാക്കാം.

ഈ പട്ടികകളെ താരതമ്യപ്പെടുത്തുമ്പോൾ, ഈ സ്വഭാവസവിശേഷതകൾ ഉള്ള ആളുകളെ സങ്കൽപ്പിക്കുന്നതിലൂടെ രണ്ടാമത്തെ പട്ടികയാണ് രണ്ടിലും മികച്ചതെന്ന് വ്യക്തമാകും. അതാണ് നാം ആഗ്രഹിക്കുന്ന സ്വഭാവഗുണങ്ങൾ. എന്നാൽ വ്യക്തിഗത സ്വഭാവഗുണങ്ങൾ തമ്മിലുള്ള വൈരുദ്ധ്യമല്ല ഈ രണ്ട് പട്ടികകളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വൈരുദ്ധ്യം. വൈരുദ്ധ്യത്തിന്റെ കാതൽ സ്വഭാവഗുണങ്ങളുടെ വ്യത്യസ്ത ഉറവിടങ്ങളാണ്.

ആദ്യത്തേത്, ജഡത്തിന്റെ പ്രവൃത്തികളുടെ ഒരു പട്ടികയാണ്.

ആദ്യത്തേത്, ജഡത്തിന്റെ പ്രവൃത്തികളുടെ ഒരു പട്ടികയാണ്. ജഡത്തിന്റെ ശക്തിയുടെ ഫലങ്ങളുടെ ഒരു ഗണമാണ് ആ പട്ടിക. ആ സ്വഭാവങ്ങളുടെ ചാലകശക്തിയും ഉറവിടവുമാണ് ജഡം. ജഡം പ്രവർത്തിക്കുമ്പോൾ, ഉണ്ടാകുന്ന ഫലം ഇതാണ്. ജഡം അതിന്റെ പ്രവൃത്തി മികച്ച രീതിയിൽ ചെയ്യുന്നു; അതിന്റെ പ്രവൃത്തികൾ വ്യക്തമാണ്, പൗലൊസ് പറയുന്നു. ഒരുവനു പിക്കാസോയെ പരിചിതമാണെങ്കിൽ, അദ്ദേഹത്തിന്റെ സൃഷ്ടികൾ കണ്ടെത്താൻ എളുപ്പമാണ്. മറ്റൊരാളുടെ സൃഷ്ടിയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ കഴിയാത്തവിധം അതു വ്യത്യസ്തമാണ്. അതുപോലെ, ജഡത്തിന്റെ പ്രവൃത്തികൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും.

അതുപോലെ, ആത്മാവിന്റെ ഫലം ആത്മാവിനാൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഒരു വൃക്ഷത്തിൽ നിന്നോ മുന്തിരിവള്ളിയിൽ നിന്നോ ഫലം ഉളവാകുന്നു, ഫലത്തിന്റെ വളർച്ച പൂർണ്ണമായും അതിന്റെ ഉറവിടത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു ആപ്പിൾ മരത്തിന്റെ ശാഖയിൽ നിന്ന് വളരുന്ന ഒരു പിഞ്ച് ആപ്പിൾ പറിച്ചെടുക്കുക, അത് പിന്നീട് കൂടുതൽ വളരുകയില്ല. ആപ്പിളിന് ആവശ്യമായ പോഷകങ്ങളുടെ ഉറവിടമാണ് മരം. അതുപോലെ, ആത്മാവിന്റെ ഫലം പൂർണ്ണമായും അതിന്റെ ഉറവിടത്തെ – പരിശുദ്ധാത്മാവ് – ആശ്രയിച്ചിരിക്കുന്നു. 19-21 വാക്യങ്ങളിലെ പ്രവൃത്തികൾ ജഡത്തിൽ നിന്ന് വരുന്നതുപോലെ, ഫലം ആത്മാവിനാൽ വളർത്തപ്പെടുന്നു.

ആത്മാവിന്റെ ഫലത്തെക്കുറിച്ച് മനസ്സിലാക്കേണ്ട ആദ്യത്തെ പ്രധാന കാര്യം, അത് ആത്മാവിന്റെ ഫലമാണ് എന്നതാണ്.

ആത്മാവിന്റെ ഫലത്തെക്കുറിച്ച് മനസ്സിലാക്കേണ്ട ആദ്യത്തെ പ്രധാന കാര്യം, അത് ആത്മാവിന്റെ ഫലമാണ് എന്നതാണ്. ഈ പ്രസിദ്ധമായ വാക്യങ്ങൾക്ക് നാം ജീവിക്കുന്ന രീതിയിൽ ശക്തമായ സ്വാധീനമുണ്ട്, എന്നാൽ അത് ആരുടെ ഫലമാണ്? അവ ആത്മാവിന്റേതാണ്. ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയാണ് ഈ സ്വഭാവസവിശേഷതകൾ സൃഷ്ടിക്കുന്നതെന്ന് നാം മനസ്സിലാക്കണം. അവൻ ഫലത്തെ വളർത്തുന്ന മധ്യവർത്തിയും ഉറവിടവും ശക്തിയുമാണ്. അവന്റെ ശക്തി ജഡത്തിന്റെ ശക്തിക്കു വിപരീതമാണ്; അവ നമ്മുടെ പ്രവർത്തനങ്ങളുടെയും മനോഭാവങ്ങളുടെയും പരസ്പരം മത്സരിക്കുന്ന രണ്ടു സ്രോതസ്സുകളാണ്.

ആത്മാവിന്റെ ഫലം സൂചകമാണ്, നിർദ്ദേശകമല്ല.

സൂചകവും നിർദ്ദേശകവും എന്നത് അതിശയോക്തി സൂപിപ്പിക്കുന്നതിനുള്ള പദങ്ങളാണ്. അത് കാര്യങ്ങൾ നടക്കുന്ന രീതിയെക്കുറിച്ചുള്ള നിരീക്ഷണവും (സൂചകം) എന്തെങ്കിലും ചെയ്യാനുള്ള ആജ്ഞയും (നിർദ്ദേശകം) തമ്മിലുള്ള വ്യത്യാസത്തെ അർത്ഥമാക്കുന്നു. മുമ്പത്തെ വിശദീകരണം പരിഗണിക്കുമ്പോൾ (അത് ആത്മാവിന്റെ ഫലമാണ്), ഇത് അർത്ഥവത്താണ്. ഇതിന്റെ പ്രാധാന്യം പക്ഷേ അവഗണിക്കരുത്. ഇതിനർത്ഥം ആത്മാവിന്റെ ഫലം ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടികയല്ല എന്നതാണ്. ഈ വാക്യങ്ങളിൽ നാം എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ചുള്ള സൂചനകൾ ഉണ്ട് (അതിലേക്ക് നാം എത്തിച്ചേരും), എന്നാൽ ആത്മാവിന്റെ ഫലം പറയുന്നതിന് മുമ്പ് പൗലൊസ് “ഇങ്ങനെ, ഇതുപോലെ, അതുപോലെ ജീവിക്കുക’’ എന്നു പറയുന്നില്ല. ആത്മാവിൽ നിന്നാണ് ഫലം വളരുന്നത്. ഇത് നമ്മുടെ കഠിനാധ്വാനത്തിന്റെയോ അച്ചടക്കത്തിന്റെയോ ഫലമല്ല, നമുക്കത് “ലഭിച്ചു” എന്നു തോന്നുമ്പോൾ പരിശോധിക്കാനുള്ള ഒരു ലിസ്റ്റുമല്ല അത്. നാം പ്രവർത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സ്വയം ഓർമ്മിപ്പിക്കുന്നതിന് നമ്മുടെ ചുമരിൽ ഇടാനുള്ള ഒരു ലിസ്റ്റ് പോലുമല്ല ഇത്. അത് നിർദ്ദേശങ്ങളുടെ – നാം പാലിക്കേണ്ട കല്പനകളുടെ – ഒരു പട്ടികയല്ല. ഇത് സൂചകങ്ങളുടെ – കാര്യങ്ങൾ അങ്ങനെയാണ് എന്നു സൂചിപ്പിക്കുന്നത് – ഒരു പട്ടികയാണ്.

ഗലാത്യർ 5:22-23 കല്പനകളുടെ ഒരു പട്ടികയാണെങ്കിൽ, അത് ഇതുപോലെയായിരിക്കും രേഖപ്പെടുത്തുക:

നിങ്ങൾ പരസ്പരം സ്‌നേഹിക്കണം, സന്തോഷിക്കണം, ദൈവത്തോടും പരസ്പരവും സമാധാനത്തിലായിരിക്കണം, അന്യോന്യം ക്ഷമയുള്ളവരായിരിക്കണം. നിങ്ങൾ ദയയുള്ളവരും നല്ലവരും വിശ്വാസമുള്ളവരുമായിരിക്കണം; നിങ്ങൾ സൗമ്യരായിരിക്കുകയും ആത്മനിയന്ത്രണം പാലിക്കുകയും വേണം.

സത്യസന്ധമായി പറഞ്ഞാൽ, അങ്ങനെയല്ല നാം ആ വാക്യങ്ങൾ വായിക്കുന്നത്, പക്ഷേ നമ്മിൽ പലരും അങ്ങനെയാണതിനെ മനസ്സിലാക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നത്. എന്നാൽ വാചകം പറയുന്നത് അതല്ല, അല്ലേ? പട്ടിക കല്പനയെന്നതിനേക്കാൾ സൂചകമാണ്; അത് എന്താണെന്നാണ് നമ്മോട് പറയുന്നത്. പൗലൊസ് എഴുതുന്നു, “ആത്മാവിന്റെ ഫലമോ . . .” കാര്യങ്ങൾ ഇങ്ങനെയാണ്. ആത്മാവുള്ളിടത്ത് ഈ ഫലങ്ങൾ വളരുന്നു.

തെറ്റിദ്ധരിക്കരുത്. എല്ലാ വിശ്വാസികളും ഈ സവിശേഷതകളെല്ലാം പ്രകടിപ്പിക്കണമെന്നില്ല. ക്രിസ്തുവിശ്വാസികളിൽ ദൈവാത്മാവ് വസിക്കുന്നുണ്ടെങ്കിലും, ആത്മാവുള്ള എല്ലാവരും എപ്പോഴും സ്‌നേഹമുള്ളവരും സന്തോഷമുള്ളവരും ക്ഷമയുള്ളവരുമായിരിക്കും എന്നല്ല അർത്ഥമാക്കുന്നത്. ഈ കാര്യങ്ങൾ ആത്മാവിന്റെ ഫലമാണ് എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്; അവ അവനിൽ നിന്ന് ഒഴുകുന്നു, അവൻ അവയെ ഉത്പാദിപ്പിക്കുന്നു. അതുകൊണ്ട് അവ ക്രിസ്തുവിന്റെ അനുയായികളിൽ കാണപ്പെടുമ്പോൾ, ആത്മാവ് അവരിലുണ്ടെന്നതിന്റെ തെളിവാണ് അവ. പരിശുദ്ധാത്മാവ് എന്റെ ജീവിതത്തിൽ സമാധാനത്തിന്റെയും നിങ്ങളിൽ സന്തോഷത്തിന്റെയും ക്ഷമയുടെയും, നിങ്ങളുടെ അയൽക്കാരനിൽ വിശ്വസ്തതയുടെയും സ്‌നേഹത്തിന്റെയും ഫലം വളർത്തുന്നതു തിരഞ്ഞെടുത്തേക്കാം. വിശ്വാസിയുടെയും സഭയുടെയും ദൈവരാജ്യത്തിന്റെയും പ്രയോജനത്തിനായി, തനിക്ക് ഉചിതമെന്നു തോന്നുന്നതുപോലെ വളർത്താനുള്ള അവന്റെ ഫലങ്ങളാണ് അവ.

പട്ടിക സമ്പൂർണ്ണമല്ല

ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയായി നാം ഗലാത്യർ 5:22-23 ഉപയോഗിക്കരുത് എന്നതിനുള്ള മറ്റൊരു കാരണം, അത് ആത്മാവിന്റെ ഫലത്തിന്റെ ഒരു സമ്പൂർണ ലിസ്റ്റ് ആയിരിക്കണമെന്നില്ല എന്നതാണ്. കൂടാതെ, മറ്റു ചില സ്വഭാവഗുണങ്ങൾ ഒഴിവാക്കി ഇവയെ മാത്രം പിന്തുടരുന്നത് ഒരു തെറ്റുമാണ്. ചിലരെ സംബന്ധിച്ച് ഇതൊരു പുതിയ ആശയമായിരിക്കാം. ഈ സാധ്യത പരിശോധിക്കാൻ നമുക്കു കുറച്ചു നിമിഷങ്ങൾ എടുക്കാം.

ബൈബിളിൽ, വ്യത്യസ്ത സ്വഭാവഗുണങ്ങൾ പരാമർശിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. ഉദാഹരണത്തിന്, മത്തായി 5-ലെ ഭാഗ്യാവസ്ഥകൾ ഗലാത്യർ 5-ലെ പട്ടികയിൽ നിന്ന് വ്യത്യസ്തമായ ഒരു പട്ടികയാണ്. ഈ ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായ ഗുണങ്ങൾ യേശുവിന് തീർച്ചയായും ഉണ്ടായിരുന്നു: ഉദാഹരണത്തിന്, കരുണ.

ഗലാത്യർ 5:19-21 ലെ ജഡത്തിന്റെ പ്രവൃത്തികളുടെ നിഷേധാത്മക പട്ടിക വീണ്ടും നോക്കുക. അത് തീർച്ചയായും ഒരു സമ്പൂർണ്ണമായ പട്ടികയായി തോന്നുന്നില്ല, അല്ലേ? അതിൽ അനേകം ഉൾക്കൊള്ളുന്നു എന്നു നാം സമ്മതിക്കുന്നു. എന്നാൽ അതിൽ കൊലപാതകം ഉൾപ്പെടുന്നില്ല. കൊലപാതകത്തെ ജഡത്തിന്റെ പ്രവൃത്തി എന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നില്ലേ? അത് പട്ടികയിൽ ഉൾപ്പെടുത്താത്തവയിൽ ഒന്നു മാത്രമാണ്. ഇനിയും നിരവധിയുണ്ട്. അതുപോലെ തന്നേ, ഔദാര്യം, ആതിഥ്യമര്യാദ, താഴ്മ എന്നിങ്ങനെ മറ്റു പല നല്ല ഗുണങ്ങളെയും ആത്മാവിന്റെ ഫലം എന്നു വിളിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്.

ഇതുപോലുള്ള പട്ടികകൾ സമ്പൂർണ്ണമാക്കാൻ ഉദ്ദേശിച്ചുള്ളതല്ല, അവ ഒഴിവാക്കിയേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് നമ്മൾ വളരെയധികം ഉത്ക്കണ്ഠപ്പെടേണ്ടതില്ല

ഈ പട്ടിക നമ്മെ വിഷമിപ്പിക്കാനും ഇതുപോലുള്ളവ കൂടുതൽ ഉണ്ടെങ്കിൽ, എന്തുകൊണ്ട് പൗലൊസ് അവയെ ഉൾപ്പെടുത്തിയില്ല? ഔദാര്യം, ആതിഥ്യമര്യാദ, താഴ്മ എന്നിവയെക്കുറിച്ച് എന്തുകൊണ്ട് പരാമർശിച്ചില്ല? എന്നിങ്ങനെ അത്ഭുതപ്പെടാനും നമുക്കു കഴിയും. അത്തരത്തിലുള്ള ചോദ്യം ഉത്തരമില്ലാതെ അവസാനിക്കുമെന്നു ഞാൻ കരുതുന്നു. വിഷയം അതല്ല; നാം അതിനെക്കുറിച്ചു ചിന്തിച്ചു കൂടുതൽ സമയം ചെലവഴിക്കുകയാണെങ്കിൽ, ഉന്നയിച്ചിരിക്കുന്ന വിഷയം കാണാതെ പോകും. ഇതുപോലുള്ള പട്ടികകൾ സമ്പൂർണ്ണമാക്കാൻ ഉദ്ദേശിച്ചുള്ളതല്ല, അവ ഒഴിവാക്കിയേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് നമ്മൾ വളരെയധികം ഉത്ക്കണ്ഠപ്പെടേണ്ടതില്ല. പകരം, “തിന്മയുടെയും സദ്ഗുണത്തിന്റെയും” പട്ടികകൾ പൊതുവായ സ്വഭാവസവിശേഷതകളുടെ ഒരു രേഖാചിത്രം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. വിശാലമായ ബ്രഷ്‌വരകളിലൂടെ അവ ആശയം ദ്യോതിപ്പിക്കുന്നു. ഈ പട്ടികകളിൽ നിന്ന് ജഡത്തിന്റെ പ്രവൃത്തികളുടെയും ആത്മാവിന്റെ ഫലത്തിന്റെയും സാരാംശം നമുക്കു ലഭിക്കുന്നു; ഒരു സമ്പൂർണ്ണമായ വിവരണം നമുക്കു ലഭിക്കുന്നില്ല.

എല്ലാ വിശ്വാസികൾക്കും എല്ലാ ഫലങ്ങളും തുല്യ അളവിൽ ലഭിക്കുമോ?

ഓരോ ക്രിസ്തുവിശ്വാസിയും തുല്യ അളവിൽ എങ്ങനെയായിരിക്കണമെന്ന് ഈ ആത്മാവിന്റെ ഫലത്തിന്റെ പട്ടിക സൂചിപ്പിക്കുന്നുവെന്ന് അനുമാനിക്കുന്നതു സാധാരണമാണ്. അല്ലെങ്കിൽ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആത്മനിറവുള്ള വിശ്വാസിയിൽ ദയയോ ഇന്ദ്രിയജയമോ കുറവായിരിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നില്ല. ഒരേ ആത്മാവ് എല്ലാ വിശ്വാസികളിലും ഉണ്ടെങ്കിൽ, തീർച്ചയായും അവൻ എല്ലാവരിലും ഒരേ ഫലം പുറപ്പെടുവിക്കും, അല്ലേ?

എന്നാൽ ഈ അനുമാനം ശരിയാണോ? ഈ ഭാഗം വിവരണാത്മകമാണ്. വിശ്വാസികളുടെ ജീവിതത്തിൽ ആത്മാവ് ഉത്പാദിപ്പിക്കുന്ന ഫലങ്ങളിൽ ചിലതിനെയാണ് അത് വരച്ചുകാട്ടുന്നത്. ചില വിശ്വാസികൾ മറ്റുള്ളവരെക്കാൾ സന്തോഷമുള്ളവരായിരിക്കും; ചിലർ മറ്റുള്ളവരെക്കാൾ സൗമ്യരായിരിക്കും; ചിലർക്ക് മറ്റുള്ളവരേക്കാൾ വലിയ ഇന്ദ്രിയജയം ഉണ്ടായിരിക്കും. ഈ രീതിയിൽ, ആത്മാവിന്റെ ഫലത്തെ ആത്മാവിന്റെ വരങ്ങൾക്കു സമാന്തരമായി മനസ്സിലാക്കാൻ കഴിയും.
1 കൊരിന്ത്യർ 12:4-11 ൽ, വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത വരങ്ങൾ നൽകപ്പെടുന്നുവെന്ന് പൗലൊസ് സ്പഷ്ടമായി പറയുന്നു. ആത്മാവ് താൻ ഇച്ഛിക്കുന്നതുപോലെ ഓരോരുത്തർക്കും അവന്റെ വരങ്ങൾ വിതരണം ചെയ്യുന്നു. ഓരോ വിശ്വാസിയിലും വസിക്കുന്നത് ഒരേ ആത്മാവാണ്, എന്നിട്ടും എല്ലാവർക്കും ആത്മാവിന്റെ ഒരേ വരങ്ങൾ ഇല്ല.

ആത്മാവിന്റെ ഫലത്തെക്കുറിച്ചും നമുക്ക് അങ്ങനെതന്നെ ചിന്തിക്കാം. അവൻ നമ്മിൽ ഓരോരുത്തരിലും ഒരേ ആത്മാവാണ്, എന്നിട്ടും നമ്മിൽ വ്യത്യസ്ത ഫലം പുറപ്പെടുവിക്കുന്നു. ഇതിനർത്ഥം ആതിഥ്യമരുളുന്നവനും ഉദാരമനസ്‌കനുമായ ഒരാൾക്ക്, സന്തോഷത്തിന്റെ അളവിൽ അൽപ്പം കുറവുണ്ടാകാം. അതുപോലെ എപ്പോഴും സന്തോഷിക്കുന്ന ഒരുവൻ ആതിഥ്യമര്യാദയിൽ കുറവുള്ളവനായിരിക്കാം. തീർച്ചയായും, ഒരു ആദർശപരമായ ലോകത്തിൽ, നാമെല്ലാവരും ആത്മാവിന്റെ എല്ലാ ഫലവും തുല്യ അളവിൽ – പരമാവധി – പ്രദർശിപ്പിക്കേണ്ടതാണ്! എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ.

ഒരുപക്ഷേ ആത്മാവിന്റെ ഫലം, ആത്മാവിന്റെ വരങ്ങൾ പോലെ, കൂടുതൽ സംഘടിത പദങ്ങളിൽ ചിന്തിക്കേണ്ടതാണ്. ഒരു വ്യക്തിക്ക് ആത്മാവിന്റെ എല്ലാ വരങ്ങളും ഉണ്ടായിരിക്കില്ലെങ്കിലും, സഭയ്ക്കു മൊത്തത്തിൽ തീർച്ചയായും ഉണ്ടായിരിക്കും. ഒരുപക്ഷേ ആത്മാവിന്റെ ഫലത്തെക്കുറിച്ച് നാം അങ്ങനെ ചിന്തിക്കണം. മിക്ക സഭകളും അല്ലെങ്കിലും, ആത്മാവിന്റെ എല്ലാ ഫലവും കൂട്ടായി പ്രദർശിപ്പിക്കുന്ന സഭകൾ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരുപക്ഷെ പൗലൊസ് സൂചിപ്പിച്ചത് അതായിരിക്കാം. അവൻ ഗലാത്യയിലെ സഭയ്ക്കാണ് ഇതെഴുതിയത്. നാം മിക്കപ്പോഴും ബൈബിളിനെ അമിതമായി വ്യക്തിഗതമായി വായിക്കുന്നു, അതിനാൽ ഓരോ വ്യക്തിയും ആത്മാവിന്റെ എല്ലാ ഫലവും പ്രദർശിപ്പിക്കണമെന്നു ചിന്തിക്കുന്നതിലേക്ക് നയിക്കുന്നു. എന്നാൽ പൗലൊസ് കൂടുതൽ സംഘടിത പദങ്ങളിൽ ചിന്തിച്ചിരിക്കാം. ഗലാത്യർ 5:22-23 ൽ പട്ടികപ്പെടുത്തിയിരിക്കുന്ന സ്വഭാവഗുണങ്ങൾ ഒരുമിച്ച് പ്രകടിപ്പിക്കുന്ന വിശ്വാസികളുടെ ഒരു കൂട്ടത്തിന്റെ ചിത്രം അദ്ദേഹം വരച്ചിട്ടുണ്ടാകാം.

എന്താണ് ആത്മാവിന്റെ ഫലം?

ആത്മാവിന്റെ ഫലം എന്തല്ല എന്നതിനെക്കുറിച്ച് നാം കഴിഞ്ഞ കുറച്ച് നിമിഷങ്ങൾ ചിന്തിക്കുകയായിരുന്നു. ഇനി അതെന്താണ് എന്നു ചിന്തിക്കേണ്ട സമയമാണ്. ഗലാത്യർ 5:22-23 ൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഫലത്തിന്റെ ഏറ്റവും ലളിതമായ വിവരണം, അവ സ്വഭാവഗുണങ്ങളാണ് എന്നതാണ്. അവ കഴിവുകളല്ല എന്നത് ശ്രദ്ധിക്കുക (ആത്മാവിന്റെ പല ദാനങ്ങളിലും കഴിവുകൾ ഉൾപ്പെടുന്നുവെങ്കിലും). അവ പ്രവൃത്തി പദങ്ങളല്ല. അവ അവസ്ഥയെ കാണിക്കുന്ന പദങ്ങളാണ്. ഒരാൾ സൗമ്യനാണ്; ഒരാൾ സ്‌നേഹമുള്ളവനാണ്; ഒരാൾ ഇന്ദ്രിയജയമുള്ളവനാണ്. എങ്കിലും, ഇത് സത്യമാണെങ്കിലും, ആയിരിക്കുന്ന അവസ്ഥ എപ്പോഴും പ്രവൃത്തിയിലേക്കു നയിക്കുന്നു. നാം എങ്ങനെ പ്രവർത്തിക്കുന്നു എന്നതുമായി ആത്മാവിന്റെ ഫലം കൂടിച്ചേരുന്ന ഒരു വഴിയാണിത്.

ഒരാൾ സൗമ്യനാണെങ്കിൽ, അതു സൗമ്യമായ സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും പ്രകടമാകും. ഒരാൾ സ്‌നേഹമുള്ളവനാണെങ്കിൽ, അത് സ്‌നേഹപ്രവൃത്തികളിലൂടെ പ്രകടിപ്പിക്കും. ഒരാൾ ഇന്ദ്രിയജയമുള്ളവനാണെങ്കിൽ, അത് ഇന്ദ്രിയജയത്തിൽ പ്രകടമാകും. ഒരുപക്ഷേ ഇതിന്റെ വ്യത്യാസം സൂക്ഷ്മമായിരിക്കാം, പക്ഷേ ഇത് പ്രധാനപ്പെട്ട ഒന്നാണ്. ആയിരിക്കുന്ന അവസ്ഥ ചെയ്യുന്നതിലേക്കു നയിക്കുന്നു. ചില സ്വഭാവങ്ങൾ മാറ്റുന്നതിൽ ആത്മാവിന് താൽപ്പര്യമില്ല – അഥവാ ചിലത് ചേർക്കുകയും മറ്റുള്ളവ നീക്കം ചെയ്യുകയും ചെയ്യുന്നതിൽ; ആളുകളെന്ന നിലയിൽ നാം ആരായിരിക്കുന്നു എന്നതു മാറ്റാൻ അവനു താൽപ്പര്യമുണ്ട്. മാറിയ ആളുകൾ മാറിയ കാര്യങ്ങൾ ചെയ്യുന്നു. എന്നാൽ ആന്തരികമായ മാറ്റമാണ് ആദ്യം വരേണ്ടത്. നമ്മൾ എപ്പോഴും ശരിയായ കാര്യങ്ങൾ ചെയ്യുന്ന യന്ത്രമനുഷ്യരാകാൻ ദൈവം ആഗ്രഹിക്കുന്നില്ല, എന്നാൽ നമ്മുടെ സ്വഭാവം റോബോട്ടിക് ആകാൻ അവനാഗ്രഹിക്കുന്നു. ദൈവം നമ്മുടെ ഹൃദയത്തെ നോക്കുന്നു.

പരാമർശിച്ചിരിക്കുന്ന ഫലത്തിൽ ഭൂരിഭാഗവും ആപേക്ഷികമാണെന്ന വസ്തുത അവഗണിക്കാൻ എളുപ്പമാണ്. സ്‌നേഹം, സമാധാനം, ക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത എന്നിവയെല്ലാം മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനോടു ചേർന്നിരിക്കുന്നു. മറ്റുള്ളവർക്ക് നേരെ നീട്ടുന്നില്ലെങ്കിൽ എന്താണ് സ്‌നേഹം? എനിക്ക് ജാസ് ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞേക്കാം, അത് വ്യക്തമായും ഒരു വ്യക്തിയല്ല. എന്നാൽ ഇവിടെ കാണുന്നത് അത്തരത്തിലുള്ള ഇഷ്ടമല്ല. ഈ സ്‌നേഹം രണ്ടോ അതിലധികമോ വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൽ അധിഷ്ഠിതമാണ്.

ഒന്നും നമ്മെ അമ്പരപ്പിക്കാത്ത, ഒരു ശാന്തമായ സന്യാസാവസ്ഥയിൽ ആയിരിക്കുന്നതല്ല സമാധാനം. രണ്ടോ അതിലധികമോ കക്ഷികൾ തമ്മിലുള്ള നല്ല ബന്ധത്തിന്റെ അവസ്ഥയാണ് സമാധാനം, അല്ലെങ്കിൽ ശാലോം എന്ന ബൈബിൾ ആശയം.

ക്ഷമയും ദയയും വ്യക്തമായും ബന്ധപരമായതമാണ്. സഹിഷ്ണുത പ്രാഥമികമായും ബന്ധപരമായതമാണ്. അത് മറ്റുള്ളവരോടു സഹിഷ്ണുതയും ക്ഷമയും കാണിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ പരിപാലിക്കുന്നതിനോടും അവരുടെ ആവശ്യങ്ങൾക്കായി കരുതുന്നതിനോടും ദയ ബന്ധപ്പെട്ടിരിക്കുന്നു.

പരോപകാരം ബന്ധങ്ങളിൽ പ്രകടമാണ്. നാം നമ്മെത്തന്നെ ഒരു “നല്ല വ്യക്തി” ആയി കരുതിയേക്കാം, എന്നാൽ നാം എല്ലായ്‌പ്പോഴും മോശമായി പെരുമാറുന്നവരോ മറ്റുള്ളവരോട് ദേഷ്യപ്പെടുന്നവരോ ആണെങ്കിൽ, നമ്മുടെ “നന്മ” വളരെ നേർത്തതായിരിക്കും.

വിശ്വസ്തത എപ്പോഴും ബന്ധത്തിൽ അധിഷ്ഠിതമാണ്. അതിൽ ഒരാളോടുള്ള വിശ്വസ്തതയും പ്രതിബദ്ധതയും ഉൾപ്പെടുന്നു. ബൈബിളിൽ, വിശ്വസ്തത ഒരിക്കലും നിയമങ്ങളുടെ ഒരു ലിസ്റ്റ് അനുസരിക്കുന്നതു പോലെ അമൂർത്തമല്ല. പകരം, വിശ്വസ്തത എപ്പോഴും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. നാം അവനോട് വിശ്വസ്തരാണെങ്കിൽ, നാം അവന്റെ കല്പനകൾ പാലിക്കും. എന്നാൽ നിയമങ്ങൾ മാത്രം അനുസരിക്കുന്നതല്ല കാര്യം; അനുസരണം വിശ്വസ്തതയുടെ പ്രകടനമാണ്.

സൗമ്യത ബന്ധപരമാണ്. മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടൽ നമ്മുടെ സൗമ്യതയെ പ്രകടമാക്കുന്നു. നാം സമാധാനവാദികളും ഈച്ചയെപ്പോലും ഉപദ്രവിക്കാത്തവരും അതിലോലമായ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധാലുക്കളും ആയതിനാൽ നാം “സൗമ്യതയുള്ളവരായി’’ സ്വയം ചിന്തിച്ചേക്കാം. എന്നാൽ നമ്മൾ ആളുകളോട് പരുഷമായി പെരുമാറുകയാണെങ്കിൽ, നമ്മുടെ സൗമ്യത ആത്മാവിന്റെ ഫലമല്ല.

സന്തോഷവും ഇന്ദ്രിയജയവും മാത്രമാണ് പ്രത്യക്ഷത്തിൽ ബന്ധപരമല്ലാത്ത രണ്ട് സ്വഭാവഗുണങ്ങൾ. മറ്റ് ആളുകളുമായി ബന്ധപ്പെട്ട് അവ പ്രകടിപ്പിക്കേണ്ടതില്ല എന്ന അർത്ഥത്തിൽ ഇവ കൂടുതൽ ആന്തരികമാണെന്ന് തോന്നുന്നു. മറ്റാരുമില്ലാതെ നമുക്ക് സന്തോഷിക്കാം. നമുക്ക് സ്വകാര്യമായി ഇന്ദ്രിയജയം കാണിക്കാം. എന്നാൽ ഈ സ്വഭാവഗുണങ്ങൾക്കുപോലും ബന്ധപരമായ പ്രയോഗങ്ങളുണ്ട്. നമ്മുടെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാം. ഇന്ദ്രിയജയം പലപ്പോഴും മറ്റുള്ളവരുടെ അന്തസ്സിനെ മാനിക്കുകയും അവരുടെ ക്ഷേമത്തിന് ഭംഗം വരുത്താതിരിക്കുകയും ചെയ്യുന്നു.

ആത്മാവിന്റെ ഫലം നമ്മുടെ പരസ്പര ബന്ധങ്ങളിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നു. ഇത് ക്രിസ്തുയേശുവിലുള്ള ദൈവിക ജീവിതത്തിന്റെ ഒരു പ്രധാന ഊന്നൽ ആണ്; നമ്മുടെ എല്ലാ ഇടപെടലുകളിലും സ്‌നേഹവും ക്ഷമയും ദയയും കാണിച്ചുകൊണ്ട് നാമെല്ലാവരും പരസ്പരം ഇണങ്ങിച്ചേരേണ്ടതാണ്.

അതിനാൽ, ഇതിനെക്കുറിച്ച് ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?

ഗലാത്യർ 5:22-23 എന്നത് ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയല്ലെന്നാണ് ഞാൻ സ്ഥാപിക്കുന്നത്. ഇത് സൂചകമാണ്, നിർദ്ദേശകമല്ല. എന്നാൽ തീർച്ചയായും നമ്മുടെ ജീവിതരീതിക്ക് പ്രത്യാഘാതങ്ങളുണ്ട്, അല്ലേ? തീർച്ചയായും ഉണ്ട്. ക്രിസ്തീയ ജീവിതത്തിന്റെ വലിയ ചിത്രത്തിൽ ആത്മാവിന്റെ ഫലം എങ്ങനെ യോജിക്കുന്നുവെന്ന് ആദ്യം നാം മനസ്സിലാക്കേണ്ടതുണ്ട്.

പട്ടികയ്ക്കു തൊട്ടുപിന്നാലെ, പൗലൊസ് പറയുന്നു, “ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു” (ഗലാത്യർ 5:24). ഈ വാക്യം 5:19-21 ലെ “തിന്മകളുടെ പട്ടികയുമായി” ബന്ധപ്പെട്ടിരിക്കുന്നു. “ഇതു ചെയ്യരുത്” എന്ന് പൗലൊസ് പറയുന്നില്ല എന്നത് ശ്രദ്ധിക്കുക. പകരം, അവൻ ആഴത്തിലുള്ള ഒരു ചിന്താരീതിയിലേക്കു നമ്മെ നയിക്കുന്നു. അവൻ ഒരു ആത്മീയ യാഥാർത്ഥ്യത്തിലേക്കു നമ്മെ നയിക്കുന്നു. നാം ക്രിസ്തുയേശുവിന്റേതാണെങ്കിൽ, നാം ജഡത്തെ ക്രൂശിച്ചിരിക്കുന്നു. തിന്മയുടെ പട്ടികയെ ജഡത്തിന്റെ പ്രവൃത്തികളായി പരിചയപ്പെടുത്തിയത് ഓർക്കുക. ജഡം അത്തരം തിന്മകൾ ഉൽപ്പാദിപ്പിക്കുന്ന ശക്തിയാണ്.

എന്നാൽ 5:24 ൽ പൗലോസ് പറയുന്നത്, ജഡത്തെ ക്രൂശിച്ചിരിക്കുന്നു എന്നാണ്. അത് ക്രിസ്തുവിനോടൊപ്പം മരണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നു. നാം ക്രിസ്തുയേശുവിന്റേതായതിനാൽ, അവന്റെ മരണത്തിൽ നാം അവനോട് ഐക്യപ്പെട്ടിരിക്കുന്നു. ആത്മീയമായി, നാം മരിച്ചിരിക്കുന്നു. നാം ഇനി ജഡത്തിന്റെ ശക്തിക്ക് വിധേയരല്ല. ചില പെരുമാറ്റങ്ങൾ ഒഴിവാക്കാനുള്ള ഒരു ലളിതമായ ആജ്ഞയേക്കാൾ വളരെ കൂടുതലാണിത്. ഒരു സമൂലമായ മാറ്റം സംഭവിച്ചു, നാം ഇനി ജഡത്തിന്റെ അഭിനിവേശങ്ങളുടെയും ആഗ്രഹങ്ങളുടെയും അടിമകളായി അതിന്റെ മണ്ഡലത്തിൽ കഴിയുന്നവരല്ല. നാം ഇപ്പോൾ ആത്മാവിന്റെ മണ്ഡലത്തിൽ ഉൾപ്പെട്ടവരാണ്.

അടുത്ത വാക്യത്തിൽ പൗലൊസ് പറയുന്നു, “ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക” (5:25). നാം ആത്മാവിനാൽ ജീവിക്കുന്നു. നാം ഇനിമേൽ ജഡത്താൽ ജീവിക്കുന്നില്ല; ക്രിസ്തീയ ജീവിതത്തിലെ ശക്തിയാണ് ആത്മാവ്. നാം അവന്റെ അധികാരത്തിനും നിയന്ത്രണത്തിനും കീഴിലാണ്. നാം ആത്മാവിനാൽ ജീവിക്കുന്നുവെങ്കിൽ, നാം ആത്മാവിനെ അനുസരിച്ചു നടക്കേണ്ടതാണ്. ആത്മാവിനെ അനുസരിച്ചു നടക്കുക, അല്ലെങ്കിൽ ആത്മാവിനോടൊപ്പം ചുവടുവയ്ക്കുക എന്നതിനർത്ഥം നാം നമ്മുടെ ജീവിതം അവനുമായി പൊരുത്തപ്പെടുന്ന രീതിയിൽ ജീവിക്കുക എന്നാണ്. നാം എങ്ങനെ ആയിരിക്കണമെന്ന് ആത്മാവ് ആഗ്രഹിക്കുന്നുവെന്ന് നാം പഠിക്കുന്നു, അങ്ങനെയാകാൻ നാം ശ്രമിക്കുന്നു. നമ്മുടെ ഇഷ്ടം പരിശുദ്ധാത്മാവിന്റെ ഹിതവുമായി നാം പൊരുത്തപ്പെടുത്തുന്നു. നാം അവനുമായി സമന്വയത്വത്തിലാകുന്നു. ആത്യന്തികമായി, ആത്മാവിന്റെ ഫലത്താൽ അടയാളപ്പെടുത്തപ്പെടാൻ നാം ആഗ്രഹിക്കും എന്നാണിതിനർത്ഥം. സ്‌നേഹവും സന്തോഷവും സമാധാനവും ദീർഘക്ഷമയും ദയയും ഉള്ളവരും പരോപകാരികളുംം വിശ്വസ്തരും സൗമ്യരും ഇന്ദ്രിയജയമുള്ളവരുമായിരിക്കാൻ നാം ആഗ്രഹിക്കും.

ആത്മാവിനെ അനുസരിച്ചു നടക്കുക, അല്ലെങ്കിൽ ആത്മാവിനോടൊപ്പം ചുവടുവയ്ക്കുക എന്നതിനർത്ഥം നാം നമ്മുടെ ജീവിതം അവനുമായി പൊരുത്തപ്പെടുന്ന രീതിയിൽ ജീവിക്കുക എന്നാണ്.

എന്നാൽ ഇത്, ആത്മാവിന്റെ ഫലത്തെ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയായി കണക്കാക്കുന്നതിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇത് സൂചകങ്ങളുടെ ഒരു പട്ടിക ആണ് നിർദ്ദേശകമല്ലെന്ന് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്, അതു തീർച്ചയായും ശരിയാണ്. എന്നാൽ വാക്യം 25 ൽ അനിവാര്യമായത് വരുന്നു: നാം ആത്മാവിനെ പിന്തുടരുകയോ അല്ലെങ്കിൽ ഒപ്പം ചുവടുവെക്കുകയോ ചെയ്യണം. ഫലത്തെ നിർബന്ധിതമായി കണക്കാക്കുന്നതിൽ നിന്ന് ഇത് വ്യത്യസ്തമാണ്, കാരണം നമ്മുടെ ഇഷ്ടങ്ങൾ ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയുമായി യോജിപ്പിക്കണം. നാം അവനുമായി സഹകരിക്കണം. നാം അങ്ങനെ ചെയ്താൽ, അവൻ നമ്മിൽ തന്റെ ഫലം പുറപ്പെടുവിക്കും. ഇല്ലെങ്കിൽ, ആത്മീയതയേക്കാൾ കൂടുതൽ ജഡമായി ജീവിക്കുന്ന, പക്വതയില്ലാത്ത വിശ്വാസികളായി നാം തുടരും.

അതിനർത്ഥം, നാം ആകണമെന്നു പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്ന പക്വതയുള്ള, ഭക്തരായ വിശ്വാസികളാകാൻ ആത്മാവ് നമ്മെ നിർബന്ധിക്കുന്നില്ല എന്നാണ്. അവൻ ആഗ്രഹിച്ചാൻ അവനതു ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, പക്ഷേ പൊതുവേ ദൈവം തിരഞ്ഞെടുക്കുന്നത് മൈക്രോവേവ് പോലെ പ്രവർത്തിക്കാനല്ല, മറിച്ച് പതുക്കെ വേവുന്ന അടുപ്പു പോലെ പ്രവർത്തിക്കാനാണ്. ആത്മാവ് നമ്മെ സാവധാനം “പാചകം” ചെയ്യുന്നതിനാൽ, അടുപ്പിൽതന്നെ തുടരുക എന്നതാണ് നമ്മുടെ ജോലി. നമുക്ക് സ്വയം പാചകം ചെയ്യാൻ കഴിയില്ല, പക്ഷേ പാചകം ചെയ്യാൻ ദൈവത്തെ അനുവദിക്കാൻ കഴിയും.

ആത്മാവിനോടൊപ്പം ചുവടുവെക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ, ഗലാത്യലേഖനത്തെ മൊത്തത്തിൽ കുറച്ചുകൂടി വിശാലമായി ചിന്തിക്കേണ്ടതുണ്ട്. നാം ഇപ്പോൾ ഇതിലേക്ക് തിരിയുന്നു.

banner image

ഗലാത്യലേഖനത്തിൽ ആത്മാവ്

ഗലാത്യയിലുള്ള വിശ്വാസികൾ മറ്റൊരു സുവിശേഷം വിശ്വസിക്കാൻ തുടങ്ങിയതുകൊണ്ടാണ് പൗലൊസ് അവർക്ക് ഈ ലേഖനമെഴുതുന്നത്. വിജാതീയരായ (യെഹൂദരല്ലാത്ത ഏതൊരാളും) ക്രിസ്ത്യാനികൾ യഥാർത്ഥ ക്രിസ്ത്യാനിയാകാൻ യെഹൂദ ആചാരങ്ങൾ പാലിക്കണമെന്ന് അവർ ചിന്തിച്ചു തുടങ്ങിയിരുന്നു. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് അവരെ രക്ഷിച്ചതെന്ന് ഓർമിപ്പിക്കാൻ പൗലൊസ് ഇതെഴുതി.

മോശെയുടെ ന്യായപ്രമാണം അനുസരിച്ചുകൊണ്ടാണോ അതോ യേശുവിനെക്കുറിച്ചു കേട്ടത് വിശ്വസിച്ചതുകൊണ്ടാണോ ഗലാത്യർക്ക് ആത്മാവ് ലഭിച്ചത് എന്ന് ചോദിച്ച് പൗലൊസ് 3-ാം അധ്യായത്തിൽ ആത്മാവിനെ പരിചയപ്പെടുത്തുന്നു.

ആത്മാവിനെ സ്വീകരിച്ചുകൊണ്ട് അവർ അനുഗ്രഹിക്കപ്പെടേണ്ടതിന് യേശു അവരെ വീണ്ടെടുത്തുവെന്ന് അവൻ അവരെ ഓർമ്മിപ്പിക്കുന്നു. ദൈവം അവരെ ദത്തെടുക്കുകയും ആ ദത്തെടുക്കലിന്റെ അടയാളമായി ആത്മാവിനെ അവരുടെ ഹൃദയങ്ങളിലേക്ക് അയയ്ക്കുകയും ചെയ്തു. പുത്രന്മാരും പുത്രിമാരും എന്ന നിലയിൽ അവർ സ്വതന്ത്രരാണ്, ദാസന്മാരല്ല. അവർ സ്വതന്ത്രരായതിനാൽ, അവർ തിരിഞ്ഞു തങ്ങളെത്തന്നെ വീണ്ടും അടിമകളാക്കരുത്.

പ്രവർത്തനങ്ങൾ സ്വാർത്ഥമോഹങ്ങളാലാണോ അതോ ആത്മാവിനാൽ പ്രചോദിതമാണോ എന്ന് പറയാൻ എളുപ്പമാണ്.

എന്നിരുന്നാലും, ദൈവം നമ്മെ ദത്തെടുത്തതിലൂടെയും ആത്മാവിന്റെ അധിവാസം മുഖേനയും ലഭിച്ച ഈ പുതിയ സ്വാതന്ത്ര്യം നമ്മുടെ സ്വാർത്ഥ മോഹങ്ങളിൽ മുഴുകാൻ ഉപയോഗിക്കരുതെന്ന് പൗലൊസ് മുന്നറിയിപ്പ് നൽകുന്നു. പകരം, പുതുതായി കിട്ടിയ സ്വാതന്ത്ര്യം സ്‌നേഹത്തിൽ പരസ്പരം സേവിക്കാൻ ഉപയോഗിക്കണം. ആത്മാവിനാൽ നടക്കുന്നത്, ജഡത്തിന്റെ മോഹങ്ങളെ തൃപ്തിപ്പെടുത്താതിരിക്കാൻ ഗലാത്യരെ സഹായിക്കും. ജഡത്തിന്റെ പ്രവൃത്തികളും ആത്മാവിന്റെ ഫലവും വ്യക്തമാണ്. പ്രവർത്തനങ്ങൾ സ്വാർത്ഥമോഹങ്ങളാലാണോ അതോ ആത്മാവിനാൽ പ്രചോദിതമാണോ എന്ന് പറയാൻ എളുപ്പമാണ്. ജഡം അവരെ മേലാൽ നിയന്ത്രിക്കാത്തതിനാൽ, അവർ ആത്മാവിനാൽ ജീവിക്കണം.

ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പൗലൊസിന്റെ വിശദീകരണവുമായി ആത്മാവ് എങ്ങനെ യോജിക്കുന്നുവെന്നും അതിനാൽ ആത്മാവിന്റെ ഫലത്തെക്കുറിച്ച് നാം എങ്ങനെ ചിന്തിക്കണമെന്നും ഗലാത്യരുടെ ഈ ഹ്രസ്വ സംഗ്രഹം നമ്മെ ചൂണ്ടിക്കാണിക്കുന്നു. ദൈവത്തിന്റെ കുടുംബത്തിലേക്കുള്ള ദത്തെടുക്കലിന്റെ അടയാളമാണ് ആത്മാവ് – അവൻ സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. ആത്മാവിനാൽ ജീവിക്കുക എന്നതാണ് പൗലൊസ് അഭിസംബോധനചെയ്യാൻ തീരുമാനിച്ച പ്രശ്‌നത്തിനുള്ള ഉത്തരം. വിജാതീയരായ ക്രിസ്ത്യാനികൾ യെഹൂദ ആചാരങ്ങൾ അനുസരിച്ച് ജീവിക്കേണ്ടതുണ്ടോ? ഇല്ല! യേശുവിന്റെ അനുയായികൾ ആത്മാവിനെയനുസരിച്ച് ജീവിക്കണം.

യെഹൂദന്മാരുടെ ആചാരങ്ങളെ വിമർശിക്കുക എന്നതല്ല ഗലാത്യലേഖനത്തിന്റെ ഈ ഭാഗത്ത് പൗലൊസിന്റെ ലക്ഷ്യം. യെഹൂദന്മാർ തങ്ങളുടെ ആചാരങ്ങൾ ഉപേക്ഷിക്കണമെന്ന് അവൻ പറയുന്നില്ല. ക്രിസ്തുവിന്റെ അനുയായിയാകാൻ ആ ആചാരങ്ങൾ പാലിക്കേണ്ട ആവശ്യമില്ലെന്നും, അതിനാൽ തന്നേ, ഏതു വംശത്തിൽപ്പെട്ട ആളായാലും യേശുവിനെ അനുഗമിക്കുന്നവൻ ആത്മാവിനെ അനുസരിച്ച് ജീവിക്കണം എന്നുമാണ് അവൻ പറയുന്നത്.

ബൈബിളിൽ ഗലാത്യലേഖനത്തിന്റെ സ്ഥാനം

ദൈവത്തെക്കുറിച്ചും ക്രിസ്തുവിനെ അനുഗമിക്കുന്നവർക്കുള്ള ജീവിതത്തെക്കുറിച്ചും ഗലാത്യലേഖനം പറയുന്നത് ബൈബിളിലെ ഏറ്റവും വലിയ ചില വിഷയങ്ങളെ തമ്മിൽ വിഭജിക്കുന്നു. എല്ലാ ജാതികളിലെയും ആളുകൾ ക്രിസ്തുവിലുള്ള വിശ്വാസത്താൽ അനുഗ്രഹിക്കപ്പെടുന്നതിനാൽ അബ്രഹാമിനു ലഭിച്ച വാഗ്ദത്തങ്ങൾ (ഉല്പത്തി 12:1-3 കാണുക) ക്രിസ്തുവിൽ നിറവേറപ്പെടുന്നു, മോശെയുടെ ന്യായപ്രമാണം ആവശ്യപ്പെടുന്ന നീതി ക്രിസ്തുവിന്റെ ക്രൂശീകരണത്തിൽ നിർവഹിക്കപ്പെട്ടു. ഗലാത്യ ലേഖനത്തിൽ, ന്യാപ്രമാണത്തിൻ കീഴിലുള്ള ജീവിതം ആത്മാവിന്റെ കീഴിലുള്ള പുതിയ ജീവിതത്തിന്റെ നേർ വിപരീതമാണ്. പൂർവ്വകാലത്തു നൽകിയ വാഗ്ദാനത്തിന്റെ ഫലമാണ് ഈ പുതിയ ജീവിതം. ദൈവത്തിന്റെ ആത്മാവ് തന്റെ ജനത്തിന്മേൽ വസിക്കുമെന്ന വാഗ്ദത്തം ആദ്യം നൽകിയത് പഴയനിയമ പ്രവാചകനായ യെഹെസ്‌കേൽ ആണ്.

യെഹെസ്‌കേൽ 36:27ലെ വാഗ്ദത്തം, ഗലാത്യർ 5 ലെ ആത്മാവിന്റെ ഫലം മനസ്സിലാക്കുന്നതിന് പ്രത്യേകിച്ചും സഹായകമാണ്. ആ ഭാഗത്ത് കർത്താവ് പറയുന്നു, “ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.” ആത്മാവിന്റെ സാന്നിധ്യം പുതിയ ജീവിതത്തിന്റെ അടയാളമാണെന്ന് ഗലാത്യരിൽ നിന്ന് നാം കണ്ടുകഴിഞ്ഞു. പാപത്തിനുള്ള ശിക്ഷ കൊടുത്തുതീർത്ത ക്രിസ്തുവിന്റെ കുരിശിലെ മരണം മൂലവും അവനിലുള്ള വിശ്വാസത്തിലൂടെയുള്ള നമ്മുടെ വീണ്ടെടുപ്പു മൂലവും ക്രിസ്ത്യാനികളുടെ ഹൃദയങ്ങളിൽ വസിക്കുന്ന ആത്മാവിന്റെ സാന്നിധ്യം യെഹെസ്‌കേൽ 36:27 ന്റെ ആദ്യ പകുതി നിറവേറ്റുന്നു. എന്നാൽ വാക്യത്തിന്റെ രണ്ടാം പകുതിയാണ് ആത്മാവിന്റെ ഫലവുമായി നേരിട്ട് ബന്ധിപ്പിക്കുന്നത്. അവൻ തന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ സ്ഥാപിക്കുകയും അവന്റെ കല്പനകളും നിയമങ്ങളും അനുസരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് കർത്താവ് പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിന്റെ ആത്മാവ് ദൈവജനത്തെ അവന്റെ വഴിയിൽ ജീവിക്കാൻ പ്രാപ്തരാക്കും.

യെഹെസ്‌കേൽ 36:27 ന്റെ രണ്ടാം പകുതി ആത്മാവിന്റെ ഫലത്തിൽ നിവൃത്തിയാകുന്നു. ആത്മാവ് വിശ്വാസികളുടെ ജീവിതത്തിൽ സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവ പുറപ്പെടുവിക്കുന്നു. ഗലാത്യർ 5:23 ന്റെ അവസാനം പൗലൊസ് കൂട്ടിച്ചേർക്കുന്നത് ശ്രദ്ധിക്കുക, “ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.” നിങ്ങളുടെ ജീവിതത്തിൽ ആത്മാവ് അവന്റെ ഫലം വളർത്തുന്നുവെങ്കിൽ, നിങ്ങൾ ദൈവത്തിന്റെ നിയമത്തിന് അനുസൃതമായി ജീവിക്കും എന്നതാണ് ഇവിടെ ശ്രദ്ധേയമായ കാര്യം. ക്രിസ്ത്യാനികൾ മോശെയുടെ ന്യായപ്രമാണത്തിനു വിധേയരല്ല, എന്നിരുന്നാലും അവരുടെ ജീവിതം ന്യായപ്രമാണത്തിൽ സ്ഥാപിച്ചിട്ടുള്ള ധാർമ്മിക നിലവാരങ്ങൾക്കനുസൃതമായി ജീവിക്കുന്നതായിരിക്കും. എന്നാൽ ഇത് സംഭവിക്കുന്നത് “നിയമം പാലിക്കുന്നതു” കൊണ്ടോ നല്ലവരായതുകൊണ്ടോ അല്ല; മറിച്ച്, അത് ആത്മാവിനോടു ചേർന്നു നടക്കുന്നതുകൊണ്ടു സംഭവിക്കുന്നതാണ്.

ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയിൽ ജീവിക്കാൻ – ആത്മാവിന്റെ ശക്തിയാൽ ജീവിക്കാൻ – തന്റെ ജനത്തെ പ്രാപ്തരാക്കുന്ന അവന്റെ മഹത്തായ പദ്ധതിയുടെ ഭാഗമാണ് ആത്മാവിന്റെ ഫലം. ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ – അവന്റെ ദത്തുപുത്രന്മാരും പുത്രിമാരും എന്ന നിലയിൽ – ദൈവം നമ്മെ രൂപപ്പെടുത്തുന്നത് അവനെപ്പോലെ ആകാനും അവന്റെ സ്വഭാവത്തിൽ നിന്ന് ഒഴുകുന്ന സ്വഭാവഗുണങ്ങൾ വഹിക്കാനുമാണ്. യേശുവിന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും ഫലമായി നിവൃത്തിയാക്കപ്പെടുന്ന, നൂറ്റാണ്ടുകൾക്കു മുമ്പെ ലഭിച്ച വാഗ്ദത്തത്തിന്റെയും പ്രതീക്ഷയുടെയും പരിസമാപ്തിയാണ് ആത്മാവിന്റെ ഫലം. ആത്മ-നിറവുള്ള ആളുകളായിരിക്കുക എന്നത് എന്തൊരു മഹത്തായ പദവിയാണ്!

banner image

ആത്മാവിന്റെ ഫലം എന്താണെന്നും (എന്തല്ലെന്നും) അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും നാം പര്യവേക്ഷണം ചെയ്തു. ആത്മാവിന്റെ ഫലം ക്രിസ്തീയ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നാണ് ഇനി നാം നോക്കുന്നത്.

ദൈവം ക്രിസ്തുവിൽ നമുക്കുവേണ്ടി ചെയ്തതും പരിശുദ്ധാത്മാവിലൂടെ തുടർന്നും ചെയ്തുകൊണ്ടിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും പരിഗണിക്കുന്നത് അതിശയകരമാണ്. അവൻ ചെയ്ത എല്ലാത്തിനും, നമ്മുടെ ഉത്തരവാദിത്തം ലളിതമാണ്: ആത്മാവിനോടൊപ്പം നടക്കുകയും ജഡത്തോട് എതിർത്തുനിൽക്കുകയും ചെയ്യുക. ജഡത്തിന്റെ ശക്തിയെ ആത്യന്തികമായി കീഴടക്കുന്ന ദിവസത്തിനായി കാത്തിരിക്കുമ്പോൾ തന്നേ, അവൻ ചെയ്യുന്ന പ്രവൃത്തിയുമായി നാം സഹകരിക്കണം.

നമ്മെ ക്രിസ്തുവിലേക്കു ചൂണ്ടിക്കാണിക്കുക എന്നതാണ് ആത്മാവ് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. അതിനർത്ഥം ആത്മാവിനോടൊപ്പം നമുക്ക് ചുവടുവെക്കാനാകുന്ന ഒരു മാർഗ്ഗം, നമ്മുടെ ദൃഷ്ടികൾ യേശുവിൽ ഉറപ്പിക്കുക എന്നതാണ്. നമ്മുടെ ദൈനംദിന ചിന്തകളും ധ്യാനങ്ങളും കൂടെക്കൂടെ അവനിലേക്ക് മടങ്ങട്ടെ. അവൻ നമ്മുടെ ചിന്തകളുടെയും ഭാവനയുടെയും ആഗ്രഹങ്ങളുടെയും കേന്ദ്രമാകട്ടെ. ക്രിസ്തുവിനെ അനുഗമിക്കാനും അവനിൽ ആശ്രയിക്കാനും അവനു കീഴ്‌പ്പെടാനും നാം തിരഞ്ഞെടുക്കുമ്പോൾ, നാം ആത്മാവിനോടൊപ്പം ചുവടുവയ്ക്കുകയാണു ചെയ്യുന്നത്.

യേശു ആരാണെന്നും നമുക്കും ധ്യാനിക്കാം. അവൻ പുത്രനാം ദൈവമാണ്. ഒരു മനുഷ്യനാകാനും നിന്ദിക്കപ്പെടാനും നിരസിക്കപ്പെടാനും നമ്മുടെ സ്ഥാനത്ത് മരിക്കാനും പിതാവിന്റെ അരികിലുള്ള തന്റെ സ്ഥാനം ഉപേക്ഷിച്ച, താഴ്മയും കൃപയുമുള്ള നമ്മുടെ രക്ഷകനാണ് അവൻ. നാം യേശുവിന്റെ സ്വഭാവത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, എങ്ങനെ മികച്ച ആളുകളാകാമെന്ന് പഠിക്കുക മാത്രമല്ല, നമ്മുടെ ചിന്തകളിലും സംസാരത്തിലും പ്രവൃത്തിയിലും അവനെ അനുകരിക്കാൻ നാം ആകർഷിക്കപ്പെടുകയും ചെയ്യുന്നു. യേശു കരുണയും ദയയും ഉള്ളവനാണ്. അവൻ മറ്റുള്ളവരോട് ബഹുമാനത്തോടും മനസ്സലിവോടും കൂടി പെരുമാറുന്നു. അവൻ ആത്മാവിന്റെ ഫലത്തിന്റെ ഉദാത്ത മാതൃകയാണ്.

നാം യേശുവിനെ ധ്യാനിക്കുമ്പോൾ, നമ്മുടെ രക്ഷയെ സംബന്ധിച്ചു മാത്രമല്ല സകല കാര്യത്തിനുംവേണ്ടി അവനിലുള്ള നമ്മുടെ പ്രകടിപ്പിക്കാൻ നമുക്ക് അവസരമുണ്ട്. അവൻ നിത്യജീവന്റെ ഉറവിടമാണ്, എല്ലാ ജീവജാലങ്ങളുടെയും മുഴുവൻ പ്രപഞ്ചത്തിന്റെയും അധിപനും പരിപാലകനുമാണ്. ക്രിസ്തുവിലുള്ള നമ്മുടെ പ്രാർത്ഥനാപൂർവ്വമായ ആശ്രയം അവനു മഹത്വം വരുത്തുന്നു, അതാണ് നമ്മുടെ ഹൃദയത്തിന്റെ ശരിയായ ഭാവം. ക്രിസ്തുവിനെക്കുറിച്ചുള്ള അത്തരം പ്രതിഫലനങ്ങളും അവനിലുള്ള നമ്മുടെ ആശ്രയത്വത്തിന്റെ പ്രകടനവും ആത്മാവിന്റെ സ്വാധീനത്തിലൂടെയാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.

എന്നാൽ ക്രിസ്തീയ ജീവിതം ഒരു പോരാട്ടമാണെന്ന യാഥാർത്ഥ്യം നമുക്കെല്ലാം നന്നായി അറിയാം. ആത്മാവ് നമ്മുടെ ഉള്ളിൽ ശക്തമായി പ്രവർത്തിക്കുമ്പോൾ തന്നേ, ജഡത്തെ അനുസരിച്ചുള്ള ജീവിതത്തെ ചെറുക്കാൻ തിരുവെഴുത്തുകൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ജഡത്തിന്റെ ശക്തിക്ക് ഇനിയും നമ്മെത്തന്നെ ഏൽപ്പിക്കാൻ കഴിയുമെന്ന് ഇതിൽനിന്ന് അനുമാനിക്കാം. നിഷ്‌ക്രിയരാകാനുള്ള പഴുതു നമുക്കു നൽകിയിട്ടില്ല. അതിനാൽ, ക്രിസ്തീയ ജീവിതത്തിലുടനീളം, ആത്മാവിനാൽ ജീവിക്കുന്നതിനും നമ്മുടെ സ്വന്തം സ്വാർത്ഥ മോഹങ്ങൾക്ക് വഴങ്ങുന്നതിനും ഇടയിൽ ഒരു സംഘർഷം നിലനിൽക്കുന്നു.

ഗലാത്യർ 5-ന്റെ അവസാനത്തിൽ ഇതു വ്യക്തമായി പ്രതിഫലിക്കുന്നു.ആത്മാവിനെ അനുസരിച്ചു നടക്കാൻ പൗലൊസ് തന്റെ വായനക്കാരെ ഉദ്ബോധിപ്പിച്ചതിനു ശേഷം (5:25), ഒരു നിഷേധാത്മക പ്രസ്താവന അവൻ നൽകുന്നു: “നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുത്” (5:26)

പോരാട്ടത്തിൽ വിജയിക്കാനുള്ള ശക്തിക്കായി ദൈവത്തോട് അപേക്ഷിക്കുക എന്നതാണ് ഏറ്റവും നല്ല ദൈനംദിന പ്രാർത്ഥന. പോരാട്ടം ഒരു പോരാട്ടമായി തോന്നുന്നത് നിർത്താൻ രണ്ടു വഴികളേയുള്ളൂ. ഒന്നാമത്തേത് മരിച്ച് കർത്താവിനോടുകൂടെ ആയിരിക്കുക എന്നതാണ്. രണ്ടാമത്തേത് പോരാട്ടം ഉപേക്ഷിച്ച് ജഡത്തിന് കീഴടങ്ങുക എന്നതാണ്. ഇതാണ് നമ്മൾ ഒഴിവാക്കേണ്ട തിരഞ്ഞെടുപ്പ്! അതുകൊണ്ട് പോരാട്ടത്തിൽ തുടരുന്നതിൽനിന്നു നമ്മെ നിരുത്സാഹപ്പെടുത്തുന്ന നിരാശയുടെ വികാരങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.

ചിലപ്പോൾ അങ്ങനെ തോന്നുമെങ്കിലും, ജഡത്തിനെതിരായ നമ്മുടെ പോരാട്ടം പ്രതീക്ഷയറ്റതമല്ല. ഇതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്: നാം ഇനിമേൽ പാപത്തിന്റെ അധികാരത്തിൻ കീഴിലല്ല, ആത്മാവ്, നമുക്കു ഭാവിയിൽ ലഭ്യമാകുന്ന അവകാശം ഉറപ്പുനൽകുന്ന അച്ചാരമാണ്. നമുക്ക് അതിനെക്കുറിച്ചു ചിന്തിക്കാം.

നാം ഇനിമേൽ പാപത്തിന്റെ അധികാരത്തിൻ കീഴിലല്ല. റോമർ 6 ൽ പൗലൊസ് ഈ ആശയം വളരെ വിശദമായി വികസിപ്പിച്ചെടുക്കുന്നു. നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കിൽ, നാം പാപത്തിൽ നിന്ന് മോചിതരായിരിക്കുന്നു (റോമർ 6:7). റോമർ 6 ൽ “പാപം” എന്നതുകൊണ്ട് പൗലൊസ് അർത്ഥമാക്കുന്നത്, ഒരു അധികാരം അല്ലെങ്കിൽ ഭരണാധികാരി എന്ന നിലയിലാണ്. അവൻ ഉന്നയിക്കുന്ന കാര്യം, ക്രിസ്തുവിനോടുകൂടെ മരിക്കുന്നതിലൂടെ, വിശ്വാസികൾ പാപത്തിന്റെ ശക്തിയിൽ നിന്ന് മോചിതരായിരിക്കുന്നു എന്നതാണ്; നാം ഇപ്പോൾ ക്രിസ്തുവിന്റെ അധികാരത്തിൻ കീഴിലാണ് ജീവിക്കുന്നത്. എങ്കിലും വീണ്ടും പാപത്തിൻ കീഴിലാകരുതെന്ന് പൗലൊസ് റോമാ വിശ്വാസികളോട് അഭ്യർത്ഥിക്കുന്നു (6:12-13). പാപം മേലാൽ നമ്മുടെ യജമാനനല്ലെങ്കിലും (6:14), പാപത്തെ “അനുസരിക്കാനുള്ള” ആകർഷണം യഥാർത്ഥവും ശക്തവുമാണ്. എന്നാൽ നാം വഴങ്ങേണ്ടതില്ലെന്ന് നാം തിരിച്ചറിയണമെന്ന് പൗലൊസ് ആഗ്രഹിക്കുന്നു.

ചിലപ്പോൾ അങ്ങനെ തോന്നുമെങ്കിലും, ജഡത്തിനെതിരായ നമ്മുടെ പോരാട്ടം പ്രതീക്ഷയറ്റതമല്ല.

പ്രശസ്ത വെൽഷ് പ്രസംഗകനായ ഡി. മാർട്ടിൻ ലോയ്ഡ്-ജോൺസ് ഈ പോരാട്ടത്തെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ അടിമത്തം നിർത്തലാക്കാനുള്ള എബ്രഹാം ലിങ്കണിന്റെയും മറ്റുള്ളവരുടെയും പ്രവർത്തനം ഒടുവിൽ, 1865 ൽ ഫലവത്തായി. എല്ലാ അടിമകളെയും സ്വതന്ത്രരായി പ്രഖ്യാപിച്ചു. നിങ്ങൾ അലബാമയിൽ ഒരു അടിമയായി വളർന്നയാളാണെന്നു് സങ്കൽപ്പിക്കാൻ ലോയ്ഡ്-ജോൺസ് പറയുന്നു. ഒരു നിമിഷം, നിങ്ങൾ ഒരു അടിമയാണ്. അടുത്ത നിമിഷം, നിങ്ങൾ സ്വതന്ത്രനാണ് – നിയമപരമായും ഔദ്യോഗികമായും എന്നേക്കും സ്വതന്ത്രനാണ്. നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെങ്കിലും, ആ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആന്തരിക ഗ്രാഹ്യത്തിന് യാഥാർത്ഥ്യത്തിലേക്ക് എത്താൻ കുറച്ച് സമയമെടുത്തേക്കാം. ഒരു ദിവസം നിങ്ങൾ തെരുവിൽവെച്ച് നിങ്ങളുടെ മുൻ ഉടമയുടെ മുമ്പിൽ ചെന്നുപെട്ടതായി സങ്കല്പിക്കുക. അയാൾ നിങ്ങളോട്, “ഇവിടെ വാടാ!” എന്നു വിളിക്കുന്നതായി സങ്കൽപ്പിക്കുക. ആ നിമിഷം നിങ്ങൾക്ക് ഒരു അടിമയെപ്പോലെ അനുഭവപ്പെടുമോ? നിങ്ങൾക്ക് ഒരുപക്ഷേ അങ്ങനെ തോന്നുമെന്നു ഞാൻ കരുതുന്നു. നിങ്ങളുടെ ജീവിതകാലം മുഴുവൻ, നിങ്ങളുടെ യജമാനനെന്ന നിലയിൽ നിങ്ങൾ അയാളോടു പ്രതികരിച്ചു. ആ ശബ്ദം അനുസരിക്കാൻ തക്കവിധം നിങ്ങൾ രൂപപ്പെടുത്തപ്പെട്ടു. നിങ്ങളുടെ ശരീരത്തിലെ എല്ലാ പേശികളും നാഡികളും അനുസരിക്കാൻ പ്രവണതയുള്ളതാണ്.

എന്നാൽ നിങ്ങൾ സ്വതന്ത്രനാണ് എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ ഒരു അടിമയല്ല. നിങ്ങളുടെ മുൻ യജമാനന് നിങ്ങളുടെ മേൽ അധികാരമില്ല. എന്തുചെയ്യണമെന്ന് അവനു നിങ്ങളോട് പറയാൻ കഴിയില്ല, അവനെ അനുസരിക്കാൻ നിങ്ങൾക്ക് ഒരു ബാധ്യതയുമില്ല.

പാപത്തോടുള്ള നമ്മുടെ പോരാട്ടം ഇതുപോലെയാണ്. പാപം ഒരിക്കൽ നമ്മെ ഭരിച്ചു, നമ്മുടെ ശരീരം അതിന്റെ ആവശ്യങ്ങൾ അനുസരിക്കാൻ തക്കവിധം ക്രമീകരിക്കപ്പെട്ടു. ക്രിസ്തുവിനാൽ സ്വതന്ത്രരാക്കപ്പെടുന്നതുവരെ നമ്മുടെ ജീവിതകാലം മുഴുവൻ നാം ജീവിച്ച രീതിയാണിത്. ഇപ്പോൾ നാം ആത്മീയ സ്വാതന്ത്ര്യത്തെ അറിയുന്നുവെങ്കിലും, അത് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തേക്കാം. ഇടയ്ക്കിടെ, “ഇവിടെ വാടാ!” എന്നു പാപം വിളിക്കുന്നു. നമ്മുടെ പ്രാരംഭ പ്രേരണ, അനുസരിക്കുക എന്നതാണ്. എന്നാൽ ക്രിസ്തുവിൽ നാം ഇനി പാപത്തിന്റെ അടിമകളല്ല. അതിന്റെ വിളി നാം അനുസരിക്കേണ്ടതില്ല. എങ്കിലും നാം അതിന്റെ വലിവ് അനുഭവിക്കുകയും അതിന്റെ ആവശ്യങ്ങൾക്ക് വഴങ്ങാനുള്ള നമ്മുടെ ആദ്യ പ്രതികരണവുമായി പോരാടുകയും ചെയ്യും. നമ്മൾ സ്വതന്ത്രരാണെങ്കിലും, എന്താണ് ചെയ്യേണ്ടതെന്ന് പറയാൻ പാപത്തിന് അവകാശമില്ലെങ്കിലും, അത് പറയുന്നത് ചെയ്യാൻ നാം തിരഞ്ഞെടുത്തേക്കാം.

പാപം ചിലപ്പോൾ നമ്മുടെ ശ്രദ്ധയും അനുസരണവും ആവശ്യപ്പെടുന്നു. എന്നിരുന്നാലും, ചിലപ്പോൾ പാപം നമ്മുടെ ചെവിയിൽ മന്ത്രിക്കുകയും നമ്മെ വശീകരിക്കുകയും ചെയ്യുന്നു. ”ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു” (യാക്കോബ് 1:14-15).

അതിനാൽ, ആത്മാവിനും നമ്മുടെ മുൻ ഭരണാധികാരികളായ പാപത്തിനും ജഡത്തിനും ഇടയിൽ നിരന്തരമായ സംഘർഷത്തോടെയാണ് നാം ഈ ജീവിതം നയിക്കുന്നത്. നാം ആത്മാവിനെ തിരഞ്ഞെടുത്തുകൊണ്ടേയിരിക്കണം. നാം ഇപ്പോൾ ക്രിസ്തുവിന്റേതാണ്, അവന്റെ ആത്മാവ് ശക്തമാണ്. നമുക്ക് ആത്മാവിനോടൊപ്പം ചുവടുവെക്കാം, പാപത്തിന്റെയും ജഡത്തിന്റെയും കീഴടക്കപ്പെട്ട ശക്തികളുടെ നിയമവിരുദ്ധമായ വിളി നിരസിക്കാം.

നമുക്ക് ആത്മാവിനോടൊപ്പം ചുവടുവെക്കാം, പാപത്തിന്റെയും ജഡത്തിന്റെയും കീഴടക്കപ്പെട്ട ശക്തികളുടെ നിയമവിരുദ്ധമായ വിളി നിരസിക്കാം.

ജഡത്തിനെതിരായ നമ്മുടെ പോരാട്ടം പ്രതീക്ഷയറ്റതല്ലാത്തതിന്റെ രണ്ടാമത്തെ പ്രധാന കാരണം, അത് ഒരു ദിവസം അവസാനിക്കും എന്നതാണ്. എഫെസ്യർ 1:13-14 ൽ പൗലൊസ് പറയുന്നതുപോലെ, നാം ക്രിസ്തുവിന്റേതാണെന്ന വസ്തുതയെ അടയാളപ്പെടുത്തുന്ന ഒരു മുദ്രയാണ് ആത്മാവ്. ഒടുവിൽ അവൻ നമ്മെ വീണ്ടെടുക്കുന്നതുവരെ, അവൻ നമ്മുടെ അവകാശം ഉറപ്പുനൽകുന്ന ഒരു അച്ചാരമാണ്. നമ്മുടെ ഭാവിയുടെ തെളിവാണ് ആത്മാവ് എന്നാണ് ഇതിനർത്ഥം. പുതിയ യുഗത്തിന്റെ അടയാളമെന്ന നിലയിൽ, ആത്മാവ് നിറഞ്ഞ ആളുകൾ ഒരു ദിവസം പൂർണ്ണമായി രൂപാന്തരപ്പെടുമെന്നും, ഉയിർത്തെഴുന്നേൽക്കപ്പെട്ട പുതിയ ശരീരത്തോടെ, നാം ഒരിക്കൽ എന്നെന്നേക്കുമായി പാപത്തിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രരാകുമെന്നും നാമറിയുന്നു.

റോമർ 8:14-17 ൽ പൗലൊസ് ഇതിനെ സമാനമായ രീതിയിൽ പ്രതിപാദിക്കുന്നു. ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവർ ദൈവത്തിന്റെ മക്കളാണ്, കാരണം അവൻ ദത്തെടുക്കലിന്റെ ആത്മാവാണ്. വാസ്തവത്തിൽ, “അബ്ബാ, പിതാവേ” എന്ന് വിളിക്കാൻ ആത്മാവ് നമ്മെ പ്രാപ്തരാക്കുകയും നാം ദൈവത്തിന്റെ മക്കളാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ശ്രദ്ധേയമായ ഭാഗം 17-ാം വാക്യത്തിലാണ്, “നാം [ദൈവത്തിന്റെ] മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ.” നാം അവനോടുകൂടെ കഷ്ടമനുഭവിക്കുമ്പോൾ, നാം അവനോടുകൂടെ തേജസ്‌കരിക്കപ്പെടുകയും ചെയ്യും. അതിനാൽ, നമ്മുടെ ജീവിതത്തിൽ ആത്മാവിന്റെ സാന്നിധ്യം, മഹത്തായ ഒരു ഭാവിയിലേക്ക് – ദൈവത്തിന്റെ തേജസ്‌കരിക്കപ്പെട്ട മക്കളെന്ന നിലയിൽ പാപമോ, കഷ്ടതകളോ, അപമാനോ ലജ്ജയോ ഇല്ലാത്ത ഒരു ഭാവിയിലേക്ക് – വിരൽ ചൂണ്ടുന്നതായി നാം കാണുന്നു.

ജഡവും ആത്മാവും തമ്മിലുള്ള സംഘർഷം ആ ദിവസം വരെ തുടരും. എന്നാൽ നാം ആത്മാവിന് അനുസൃതമായി ജീവിക്കുമ്പോൾ, അവനെ അനുസരിച്ചു നടക്കാൻ ശ്രമിക്കുമ്പോൾ, ജഡത്തിന്റെ വിളിയെ ചെറുക്കുമ്പോൾ, ആത്മാവ് നമ്മിൽ അവന്റെ ഫലം ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കും.

വിളവെടുപ്പ് സമയം

ആത്മാവിന്റെ ഫലം സ്‌നേഹം, സന്തോഷം, സമാധാനം, ദിർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവയും മറ്റു ക്രിസ്തുതുല്യമായ സ്വഭാവഗുണങ്ങളുമാണ്. ക്രിസ്തുവിലൂടെ പുതിയ ജീവിതം ലഭിച്ചതിനാൽ ആത്മാവ് നമ്മിൽ വസിക്കുകയും, ജഡത്തിന്റെയും പാപത്തിന്റെയും ന്യായപ്രമാണത്തിന്റെയും അടിമത്തത്തിൽ നിന്ന് നാം സ്വതന്ത്രരാക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവൻ പുതിയ യുഗത്തിന്റെ അടയാളവും ദൈവത്തിന്റെ കുടുംബത്തിലെ നമ്മുടെ അംഗത്വത്തിന്റെ മുദ്രയുമാണ്. നാം യേശുവിൽ ദൃഷ്ടിവെക്കുകയും അവനിൽ പൂർണ്ണമായി ആശ്രയിക്കുകയും ജീവിതകാലം മുഴുവൻ അവനെ ആരാധിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, കുടുംബ സാദൃശ്യത്തിന് അനുസൃതമായ ഫലം പുറപ്പെടുവിക്കാൻ ആത്മാവ് നമ്മിൽ പ്രവർത്തിക്കുന്നു.

ആത്മാവിന്റെ ഫലം, നാം ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടികയല്ല. ആത്മാവ് നമ്മിൽ ഫലം പുറപ്പെടുവിക്കുന്നു. ക്രിസ്തീയ മാർഗ്ഗം നിയമങ്ങളുടെ ഒരു കൂട്ടമല്ല, ബൈബിൾ നല്ല ജീവിതത്തിനുള്ള ഒരു കൈപ്പുസ്തകവുമല്ല. പുത്രനായ യേശുക്രിസ്തുവിലൂടെ കൈവന്നതും പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കപ്പെട്ടതുമായ, പിതാവായ ദൈവവുമായുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ് ക്രിസ്തീയ മാർഗ്ഗം.