അദ്ദേഹം ശ്വസിക്കുന്നതും നോക്കി, മുറിയുടെ മൂലയിലിട്ട കനത്ത കുഷ്യനുള്ള നീലക്കസേരയിൽ ഞാൻ ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം ഒരേ സമയം ജീവിക്കാനും മരിക്കാനും ശ്രമിക്കുകയായിരുന്നു. വിവാഹിതരായ പങ്കാളികളുടെ ശ്വസനവും ഹൃദയ താളവും കാലക്രമേണ സമന്വയിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. മറ്റുള്ളവർക്കതു മനസ്സിലാകണമെന്നില്ല, പക്ഷേ അതു സത്യമാണെന്ന് എനിക്കും നിങ്ങൾക്കുമറിയാം. ഉച്ഛ്വാസത്തിനും നിശ്വാസത്തിനും ഇടയിലുള്ള അവസാനത്തെ താല്ക്കാലിക വിരാമം മേലാൽ ഒരു വിരാമമല്ലാതായപ്പോൾ … കൂടുതൽ ഉച്ഛ്വാസങ്ങൾ ഇല്ലാതെ കാത്തിരിപ്പ് അവസാനിച്ചപ്പോൾ … നിങ്ങളുടെ ഹൃദയം നിലച്ചു, നിങ്ങൾക്ക് ആശ്വാസം അറ്റുപോയി. എനിക്കും ആശ്വാസം അറ്റുപോയി. നിങ്ങൾ അവിടെ ഇല്ലായിരുന്നെങ്കിലും; നിങ്ങൾക്കും പങ്കാളിക്കും ഇടയിൽ മൈലുകളുടെ അകലം ഉണ്ടായിരുന്നെങ്കിലും … നിങ്ങൾക്ക് അത് അനുഭവപ്പെട്ടു.
ഏപ്രിൽ മാസത്തിലെ മഴയുള്ള ഒരു ഉച്ചകഴിഞ്ഞ നേരം, ശ്രമകരമായ ശ്വാസോച്ഛാസങ്ങൾ തമ്മിലുള്ള ഇടവേളകൾ നീണ്ടു വന്നതിനു ശേഷം, ഇരുപത്തി രണ്ടു വർഷം എന്നോടൊപ്പം ജീവിച്ച എന്റെ ഭർത്താവ് അവസാനത്തെ ശ്വാസമെടുത്തു – ഞങ്ങൾ വിട പറഞ്ഞു. വർഷങ്ങൾക്കു ശേഷം ഞാനിത് എഴുതുകയും ഓർമ്മിക്കുകയും ചെയ്യുമ്പോൾ, ഞാനിപ്പോൾ ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണ്. നിങ്ങളെ ഈ ലഘുഗ്രന്ഥത്തിലേക്കും ഈ പേജിലേക്കും എത്തിച്ച സാഹചര്യങ്ങൾ എന്തായിരിക്കുമെന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. എനിക്ക് ഏറെക്കുറെ നിങ്ങളെ കാണാൻ സാധിക്കും; നിങ്ങളും ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണെന്ന് തോന്നുന്നു. ഒരേ കാരണം കൊണ്ടാണ് നമ്മൾ രണ്ടു പേരും ഇവിടെ ആയിരിക്കുന്നത്. നിങ്ങളുടെ പങ്കാളി അവരുടെ അവസാന ശ്വാസം എടുത്തു, നിങ്ങളുടെ ശ്വസനം ദുഷ്കരമായിരിക്കുന്നു. മുറുകെ പിടിച്ചുകൊള്ളുക. സർവ്വവ്യാപിയായ ദൈവത്തിന്റെ ആത്മാവ്, ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയവൻ, ജീവിതത്തിലെ ഈ കൈമാറ്റങ്ങളിൽ – ശ്വാസം, മരണം, സാഹചര്യങ്ങൾ – ഭരണം നടത്തുന്നു.
ദൈവത്തിന്റെ ശ്വാസം, അവന്റെ ആത്മാവിന്റെ ശാശ്വതമായി ഒഴുകുന്ന ജീവൻ, തുടർന്നും നിങ്ങളിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. നിങ്ങളുടെ വേദനയുടെ പരുപരുത്ത വക്കുകളിൽ തട്ടി ശ്വാസം നിലക്കാതെ നിങ്ങൾ വീണ്ടും ഉച്ഛ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യും. നിങ്ങളുടെ ദൈവം ജീവനുള്ളവരുടെയും മരിച്ചവരുടെയും ദൈവമായതിനാൽ നിങ്ങൾ ആശ്വസിക്കുകയും നിങ്ങൾ ജീവിക്കുകയും ചെയ്യും.
വായിക്കുന്നതിനായി ദയവായി സ്ക്രോൾ ചെയ്യുക അല്ലെങ്കിൽ പ്രസക്ത ഭാഗങ്ങൾക്കായി ലിങ്ക് അമർത്തുക.
- എന്തുകൊണ്ട് ഇതിത്ര വേദനിപ്പിക്കുന്നു
- അജ്ഞാതമായവ
- ഉറപ്പിക്കപ്പെട്ടു
- മാലിന്യം
- അനുസ്മരണം
- യഥാസ്ഥാപനം
- വിടവാങ്ങലിലെ നന്മ
- നിയോഗം
”ആറാം മണി നേരമായപ്പോൾ ഒമ്പതാം മണി നേരത്തോളം ദേശത്ത് എല്ലാം ഇരുട്ട് ഉണ്ടായി…. യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി.” – മർക്കൊസ് 15:33,37
ചിലർ ഇതിനെ ചീന്തൽ ആയി വിവരിക്കാറുണ്ട്, ശാരീരികമായുള്ള ചീന്തൽ. ചിലർ പറയും അവർക്ക് ശ്വസിക്കാൻ കഴിയുന്നില്ലെന്ന്, ചിലർ പറയും ഇതൊരു നിലയ്ക്കാത്ത രക്തസ്രാവം പോലെ തോന്നുന്നു എന്ന്. അവരെന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കറിയാം, കാരണം നിങ്ങളുടെ പ്രിയപ്പെട്ടവരും വിട്ടുപോയിരിക്കുന്നു. മോശം ദിവസത്തിൽ രണ്ടു പേർക്കു വലുപ്പം തീരെ പോരാ എന്നും നല്ല ദിവസങ്ങളിൽ കുറെക്കൂടി ചെറുതായിരുന്നെങ്കിൽ എന്നും തോന്നിയിരുന്ന കിടക്ക ഇപ്പോൾ, കടൽ പോലെ വിശാലവും അതിലെ അഗാധമായ ഗർത്തം പോലെ നിലയില്ലാത്തതുമായി തോന്നുന്നു.
നിങ്ങളുടെ പങ്കാളി ഇവിടെ ഇല്ല, നിങ്ങളുടെ ഹൃദയം വരണ്ട പാഴ്നിലമായിരിക്കുന്നു. മുൻപ് മറ്റുള്ളവർ വിവരിക്കുമ്പോൾ ഇത് നിങ്ങൾക്ക് മനസ്സിലായിരുന്നില്ല, പക്ഷേ ഇപ്പോൾ … ഇപ്പോൾ നിങ്ങൾക്കു മനസ്സിലാകുന്നു. നിങ്ങൾക്കും ദേശത്തിനു മീതെ ഒരു ഇരുട്ട്” വീണിരിക്കുന്നു.
യേശു എടുത്ത അവസാന ശ്വാസം, മരണത്തിന്റെ കലാപ സ്വഭാവമുള്ള അനുഭവത്തോടുള്ള അവന്റെ സോദ്ദേശ്യപരവും മനസ്സോടെയുള്ളതുമായ കീഴടങ്ങൽ ആയിരുന്നു. എങ്കിലും – ഈ നിമിഷത്തിൽ ശ്വസിക്കുവാനുള്ള നിങ്ങളുടെ മികച്ച ശ്രമങ്ങളെ അത് പരിഹസിക്കുന്നതായി തോന്നുമെങ്കിലും—- മരണം വിജയിച്ചില്ല.
നിങ്ങളും പങ്കാളിയുമായുള്ള നിയമ ഉടമ്പടി രണ്ടായി മുറിഞ്ഞെങ്കിലും, ആ ഇരുണ്ട ദിവസത്തിൽ ചൊരിയപ്പെട്ട സ്നേഹം, രക്ഷയുടെ പുതിയ ഉടമ്പടി എനിക്കും നിങ്ങൾക്കുംവേണ്ടി മുദ്രയിട്ട അതേ സ്നേഹമാണ്. അവരുടെ മരണം ഒരേസമയം നിങ്ങളുടെ ഇന്ദ്രിയങ്ങളെ മരവിപ്പിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു.
പുതിയ ഉടമ്പടിയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറയുന്നു: മ്മുടെ പാപപ്രകൃതിയുടെ ബലഹീനതനിമിത്തം മോശെയുടെ ന്യായപ്രമാണത്തിനു നമ്മെ രക്ഷിക്കുവാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ന്യായപ്രമാണത്തിനു ചെയ്യുവാൻ കഴിയാത്തതിനെ ദൈവം ചെയ്തു. ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു, പാപത്തിനു ജഡത്തിൽ ശിക്ഷ വിധിച്ചു” (റോമർ 8:3 NLT)
പക്ഷേ, സകലവും വിലയായി നൽകിയ ഉടമ്പടി സ്നേഹം, എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നു ഇപ്പോൾ കരുതുന്ന പലതും യഥാർത്ഥത്തിൽ വീണ്ടെടുത്തിരിക്കുന്നു, ഇപ്പോൾ കാണുന്നതെല്ലാം നിർജ്ജീവമായ ചക്രവാളങ്ങളാണെങ്കിലും വ്യസനത്തിന്റെ തരിശു നിലങ്ങൾ വീണ്ടും ദിവ്യ ഫലം കായ്ക്കും. എന്തുകൊണ്ടെന്നാൽ; വിവാഹം ഐഹികമാണ്, അത് സാദൃശ്യമാക്കുന്ന യാഥാർത്ഥ്യം നിത്യമാണ്.
നിങ്ങളുടെ ഓർമ്മയുടെ കണ്ണാടിയിലേക്ക് ഉറ്റുനോക്കുമ്പോൾ, നിങ്ങൾ കാണുന്നത് നിങ്ങളുടെ വിവാഹം പ്രതിഫലിപ്പിക്കുന്ന ഘനവും മഹത്വവുമാണ്. ഇപ്പോഴുള്ള നിങ്ങളുടെ വേദന മരണം നമ്മെ വേർപിരിക്കും വരെ” എന്നതിലെ ഐഹികമായ ഭാഗമാണ്, പക്ഷേ നിത്യമായ യാഥാർത്ഥ്യം മരണത്തിന്മേലുള്ള വിജയമാണ്. ഇതിലെ സത്യം നിങ്ങളുടെ വേദനയുടെ ആഴത്തിലേക്കു വെളിച്ചം വീശുന്നു: മരണം ദൈവത്തിന്റെ അഭേദ്യമായ നിയമത്തെ ലംഘിക്കുന്നു. എന്നാൽ പകരം ദൈവം മരണത്തിന്റെ സാങ്കൽപ്പിക ജയത്തെ തകർത്തു: മേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും” (യോഹന്നാൻ 12:24).
നിങ്ങളുടെ വിവാഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയിലേക്ക് തിരിഞ്ഞു നോക്കുക. അവിടെ നിർജ്ജീവമായ ചക്രവാളമെന്ന് കരുതിയിരുന്നിടത്തു നിന്ന്, മരണമാണ് അവസാനം എന്ന സങ്കല്പത്തെ ലംഘിച്ചുകൊണ്ട് പുതുജീവന്റെ സമൃദ്ധിയായ കൊയ്ത്ത് ഉളവാകുന്നു.
മറ്റൊരാളിന്റെ കടന്നുകയറുന്ന സ്നേഹത്തോടുള്ള പരസ്പര കീഴ്പ്പെടലാണ് വിവാഹം. ഉടമ്പടി വാഗ്ദാനങ്ങളാൽ ബന്ധിക്കപ്പെട്ടതിനാലാണ് അതു കടന്നുകയറുന്നതായിരിക്കുന്നത്. അതിനർത്ഥം ഒരു വിനിമയം” നടക്കണം എന്നാണ്. ഇതൊരു മർമ്മമാണെങ്കിലും, ഒരു യാഗവും നടക്കണം -—യാഗത്തിനു രക്തവും. ഇതിനെ വിവാഹ യാഗപീഠം” എന്നു വിളിക്കുന്നതിൽ അത്ഭുതമില്ല.
വിവാഹ ഉടമ്പടി എന്നത് ഒരു ബന്ധത്തിന്റെ മുദ്രയിടലാണ് -—ഉടമ്പടിയുടെ പങ്കാളികൾ തമ്മിൽ രക്തവും ഹൃദയവും സഹ-സംയോജിച്ച് ഉളവാകുന്ന അഭൗമമായൊരു ഐക്യമാണത്. ഈ നിയമത്തിന്റെ കാതൽ തന്നെ രണ്ടുപേർ സംയോജിച്ച് ഒന്നാകുന്നു എന്നതാണ് (ഉല്പത്തി 2:24). ഇത് ഇങ്ങനെയാകുന്നതിന്റെ കാരണം ഈ ഉടമ്പടി മുദ്ര വയ്ക്കുന്നത് ദൈവമാണ്; അതിനർത്ഥം വിനാശകരമായ അനന്തരഫലങ്ങളും വേദനയുമില്ലാതെ ഇതിനെ ലംഘിക്കാനാകില്ല എന്നാണ്.
നോക്കൂ, ദൈവമാണ് രണ്ടു വ്യത്യസ്ത വ്യക്തികളെ തമ്മിലും അവരുടെ സ്നേഹത്തിന്റെ സന്ധികളെ നിഗൂഢമായും ഒന്നായി കൂട്ടിച്ചേർക്കുന്ന പശ. ഭൗമിക വിവാഹം ക്രിസ്തുവും അവന്റെ മണവാട്ടിയും തമ്മിലുള്ള ഉടമ്പടിയുടെ സ്വരൂപവാഹിയായിരിക്കുമ്പോൾ, അതിനോട് മരണത്തിനുള്ള ആത്മരതിപരമായ അവജ്ഞ ആ പ്രതിച്ഛായയെ ഇല്ലാതാക്കി.
ഈ ഉടമ്പടി ബന്ധത്തിന്റെ ആഴമാണ്, നിങ്ങളുടെ നഷ്ടം ഇത്രയധികം വേദനിപ്പിക്കാനുള്ള കാരണങ്ങളിലൊന്ന്; അവിശ്വസനീയമാംവിധത്തിലും മാറ്റമില്ലാത്തവിധത്തിലും ഒന്നായിരുന്നത് ഇപ്പോൾ രണ്ടായി ചീന്തപ്പെട്ടിരിക്കുന്നു.
ദൈവിക പ്രതികരണം ആവശ്യമുള്ള അവർണ്ണനീയമായ വേദനകളിൽ ഒന്നാണ് നിങ്ങളുടെ വ്യസനം. വ്യസനം എന്ന വാക്കിനത് പൂർണ്ണമായി വിവരിച്ചു തുടങ്ങുവാനോ ഉൾക്കൊള്ളുവാനോ കഴിയുകയില്ല. ഇതുപോലെ ദൈവിക പ്രതികരണം ആവശ്യമായുള്ള അവർണ്ണനീയമായ വേദനകളിൽ ഒന്നാണ് നമുക്കായുള്ള യേശുവിന്റെ യാഗം. അവന്റെ വേദനയും വാക്കുകൾക്ക് വിവരിക്കുവാനോ ഉൾക്കൊള്ളുവാനോ കഴികയില്ല.
എന്നാൽ മരണമല്ല നിയമങ്ങൾ ഉണ്ടാക്കുന്നത് – ദൈവമാണ്
നാശത്തിന്റെ അടയാളമെന്ന് കരുതിയതും ഭീതി ഉളവാക്കിയതുമായ ആലയത്തിലെ ചീന്തിയ തിരശ്ശീല, ഇപ്പോൾ വ്യസനിക്കുന്ന വിശ്വാസിയോട് ആശ്വാസം പറയുന്നു, കാരണം ആലയത്തിലെ ചീന്തിയ തിരശ്ശീല പോലെ, വ്യസനത്തിന്റെ വാപിളർക്കുന്ന ദാരിദ്ര്യം അവന്റെ സമൃദ്ധികൊണ്ടു നിറയപ്പെടും. നിങ്ങളുടെ ചീന്തിയ ഹൃദയം സൗഖ്യമാകുവാനായി അവന്റെ ഹൃദയം ചീന്തപ്പെട്ടു. തിരശ്ശീല ചീന്തുകയും കല്ലറയെ തുറക്കുകയും യേശുവിനെ ഉയർപ്പിക്കുകയും ചെയ്ത അതേ ശക്തി തന്നേ ഇപ്പോൾ നിങ്ങളുടെ ഹൃദയമാകുന്ന കല്ലറയും തുറക്കും—- അന്തിമമെന്ന് തോന്നുന്നതിനെ ഉയർപ്പിക്കും.
നമ്മുടെ രാജാവ് മരണത്തെ എതിരിട്ടവനാണ്, ഒരു മത്സരവും അവിടെ ഉണ്ടായിരുന്നില്ല. മരണത്തിന്റെ മുഖത്തിനു മുമ്പിൽ കുഞ്ഞാടിന്റെ അറുക്കപ്പെട്ട ശരീരം ഉയിർത്തെഴുന്നേറ്റു, അതിന്റെ വായ് എന്നേക്കുമായി അടച്ചു കളഞ്ഞു.
സ്നേഹം ചീന്തപ്പെടുന്നത് എന്താണെന്ന് യേശുവിനറിയാം. അവൻ സ്വന്ത രക്തത്തിന്റെ പാനപാത്രം പങ്കുവെച്ചുകൊണ്ട് ഒരു കൈമാറ്റം നടത്തി,—നിങ്ങളും ഞാനും അനുഭവിക്കുന്നത്് അവനും അനുഭവിച്ചു – ജയാളിയായി പുറത്തു വന്നു. നമ്മെ അവനിൽ ഒന്നാക്കുവാൻ അവൻ പിതാവിനോട് അപേക്ഷിച്ചു (യോഹന്നാൻ 17:21), നിങ്ങളുടെ വിവാഹ യാഗപീഠത്തിലെ ആ ദിവസം പോലെ ഒരു ഉടമ്പടി നിർമ്മിക്കപ്പെട്ടു. പക്ഷേ നിങ്ങളും ഉയിർക്കേണ്ടതിനു യേശു മരണത്തിന്റെ നിഴലിൽ നിന്ന് ഉയിർത്തെഴുന്നേറ്റു.
ഇപ്പോഴും ദൂരത്തെവിടെയോ ഒരു പാട്ടുണ്ട്. അത് നിങ്ങളുടെ പാട്ടാണ്. അതിന്റെ സ്വരമാധുര്യം നിങ്ങൾക്ക് ഇതുവരെ കേൾക്കാൻ കഴിയുന്നില്ല, എങ്കിലും നിങ്ങൾക്ക് അതിന്റെ വരികളറിയാം: ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?” (1 കൊരിന്ത്യർ 15:54-55). അത് എല്ലാറ്റിനെയും വ്യത്യാസപ്പെടുത്തുന്നു.
വ്യസനം അനേക ചോദ്യങ്ങൾ ചോദിക്കുന്നു. അത് ഇനിമേൽ കൈവശമില്ലാത്തതിനായി ആശിക്കുന്നു: നിങ്ങളുടെ പ്രിയപ്പട്ടവർ. അവർ ഇപ്പോഴും ഇവിടെ ഉണ്ടായിരിക്കയും നിങ്ങൾക്ക് അവരെ കണ്ടത്താൻ കഴിയാതിരിക്കയും ചെയ്യുന്നുവെങ്കിൽ, അവരെ നിങ്ങൾ ചേർത്തു നിർത്തും വരെ തിരച്ചിൽ സംഭ്രാന്തിയോടെ ആയിരിക്കും. നിങ്ങളുടെ വ്യസനത്തിനും ഇത് ബാധകമാണ്. നിങ്ങൾക്ക് അവരുടെ ഊഷ്മളത വേണം, നിങ്ങൾക്ക് ഉത്തരങ്ങൾ വേണം; എന്തുകൊണ്ട് എന്ന് നിങ്ങൾക്കറിയണം. ഉത്തരം അജ്ഞാതമാണ് എന്നത് തൃപ്തിപ്പെടുത്തുന്നതായി തോന്നുന്നില്ല -—കാരണം നിങ്ങൾക്കറിയാവുന്നതുപോലെ വ്യസനം ഒരു സാധാരണ ഭാഷയല്ല, അതിനെ ഒരു സാധാരണ ഉത്തരം കൊണ്ട് തൃപ്തിപ്പെടുത്താനുമാകില്ല, അജ്ഞാതം ഒരുപക്ഷേ പര്യാപ്തമല്ല… ചിലപ്പോൾ ആകാം.
എന്റെ ഭർത്താവിന്റെ മരണകരമായ രോഗാവസ്ഥ മുഖവുരയൊന്നുമില്ലാതെ അറിയിച്ച ന്യൂറോളജിസ്റ്റിന്റെ നിസ്സംഗത ഞങ്ങളെ അജ്ഞാതാവസ്ഥയിലേക്ക് തള്ളിയിട്ടു. ഞങ്ങളുടെ ജീവിതത്തിൽ പെട്ടെന്നുണ്ടായ ശൂന്യതയായിരുന്നു അത്. അല്ലെങ്കിൽ പണ്ടത്തെ രാത്രികളിൽ അന്നത്തെ ടിവി പരിപാടികൾ കഴിഞ്ഞതിനു ശേഷമുള്ള നിശ്ചലാവസ്ഥപോലെ. അത് തീവ്ര നഷ്ടത്തിന്റെ ശബ്ദമില്ലാത്ത നിലവിളിയായിരുന്നു. അജ്ഞാതം എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു, അതിനു യാതൊരു മര്യാദയുമില്ലാത്തതുപോലെ തോന്നി. അതിനെ ഇടിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ മനസ്സിൽ ആ വാക്ക് വീണ്ടും വീണ്ടും ഓടിക്കൊണ്ടിരുന്നു, രാത്രി മുഴുവനും അടുത്ത ദിവസവും. മറ്റൊന്നും ഉണ്ടായിരുന്നില്ല വെറും… അജ്ഞത മാത്രം.
വാർത്ത പെട്ടെന്നു പരന്നു, പിറ്റേന്ന് വൈകുന്നേരം മുറ്റത്തേക്കൊരു കാർ വന്നു, പിന്നെ മറ്റൊരു കാർ, പിന്നെ മറ്റൊന്ന്. അവ വഴിയിൽ നിരന്നു. അന്നു രാത്രി എത്ര സ്നേഹിതർ വന്നു എന്ന് എനിക്കറിയില്ല പക്ഷേ ഞങ്ങൾ എല്ലാവരേയും ഞങ്ങളുടെ ചെറിയ വീട്ടിൽ ഉൾക്കൊള്ളിച്ചു. അതിന്റെ മാധുര്യം ഒരിക്കലും മായില്ല. വിലാപം ആ രാത്രിയെ അതിജീവിച്ചു, സന്തോഷം വിദൂരമായിരുന്നു, പക്ഷേ ഞങ്ങൾ വ്യസനത്തിലും ദൈവത്തെ ആരാധിച്ചു, അദ്ദേഹത്തിന്റെ രോഗശാന്തിക്കായി അപേക്ഷിച്ചു. ഞങ്ങളുടെ മകൻ സാമുവേലും അവന്റെ കൂട്ടുകാരനും അവരുടെ ഗിറ്റാറുകൾ എടുത്തു ഞങ്ങളെ കൃപാസനത്തിലേക്ക് നടത്തി. ഞങ്ങളുടെ മകൻ ബെഞ്ചമിൻ കൈകളുയർത്തി കരുണയ്ക്കായി പാടുന്നത് ഞാൻ ഓർക്കുന്നു. അവനു 10 വയസ്സായിരുന്നു.
എല്ലാ ആമേനും”പറഞ്ഞു തീർന്നപ്പോൾ, വലിയൊരു നിശബ്ദത മുറിയിൽ പരന്നു, ഞങ്ങൾ പൂർത്തിയാക്കിയിട്ടില്ലാത്തതുപോലെ എനിക്കു തോന്നി. കർത്താവു ഞങ്ങളോടു പ്രാർത്ഥന തുടരുവാൻ ആവശ്യപ്പെടുകയായിരുന്നു. സമയം അതിക്രമിച്ചിരുന്നു, ഞങ്ങൾ എല്ലാവരും ക്ഷീണിച്ചിരുന്നു, എങ്കിലും ഞങ്ങൾ വീണ്ടും തല വണക്കി. ഒരു പ്രിയ സ്നേഹിതന്റെ ശബ്ദം പറഞ്ഞു സൂസൻ, നമ്മൾ വീണ്ടും പ്രാർത്ഥിക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നതായി എനിക്കു തോന്നുന്നു. കാരണം അവനു എന്തോ പറയാനുണ്ട്. അവനു നിന്നോടെന്തോ പറയാനുണ്ട്. അവൻ നിന്നോടു പറയാൻ ആഗ്രഹിക്കുന്നത്, നിന്റെ അജ്ഞാതത്തിന്റെ വാതിൽക്കൽ അവൻ നിനക്കു വേണ്ടിയുണ്ട് എന്നാണ്.”
ആ ദിവസം എന്നെ അലട്ടിക്കൊണ്ടിരുന്ന ആ വാക്കിനെക്കുറിച്ച് ദൈവത്തിനല്ലാതെ മറ്റാർക്കും അറിയുമായിരുന്നില്ല. എനിക്കു വേണ്ടി ദൈവം തന്റെ ലോകത്തെ നിശ്ചലമാക്കി, അവന്റെ വചനത്താൽ എന്റെ ലോകം തിരികെ ജീവിപ്പിച്ചു. ദൈവത്തിന് എന്തെങ്കിലും പ്രത്യേകത ഉണ്ടെങ്കിൽ, അത് അജ്ഞാതം ആണ്. എപ്പോഴെങ്കിലും ഒരു കാര്യം അജ്ഞാതമായി തോന്നിയാൽ, എന്നെക്കുറിച്ച് അവനുള്ള ആഴമായ അറിവിനെ ഓർമ്മപ്പെടുത്തുന്ന കൊടിയുമായി അവൻ അവിടെയുണ്ടാകും എന്ന് അവൻ എന്നോടു പറയുകയായിരുന്നു. അന്നു മുതൽ അജ്ഞാതം അറിയപ്പെട്ടതായി കാരണം അവൻ അതിലുണ്ട്. ഞാൻ കാണാത്തതോ, ഗ്രഹിക്കാത്തതോ അറിയാത്തതോ ആയതിലെല്ലാം അധിവസിക്കുന്നവനായി അവൻ അവിടെയുണ്ട്.
അജ്ഞാതം എന്നത് ദൈവത്തെ കാണുവാനും അവന്റെ സ്നേഹം അനുഭവിക്കുവാനുമുള്ള സ്ഥലമായി മാറി. എന്നെ അന്ന് രൂപാന്തരപ്പെടുത്തിയ, ഇന്നുവരെ തുടർന്നുകൊണ്ടിരിക്കുന്ന, ഒറ്റ വാക്കിലെ സ്നേഹമായിരുന്നു അത്.
വ്യസനിക്കുന്ന എന്റെ സുഹൃത്തേ, നിങ്ങൾക്കും അജ്ഞാതം എന്നത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും വിശ്രമിക്കാനും അജ്ഞാതത്തിൽ അധിവസിക്കുന്നവന്റെ കൈകളിൽ സ്വസ്ഥത കണ്ടെത്തുവാനുമുള്ള സമയമായിരിക്കട്ടെ. നോക്കൂ, വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” (എബ്രായർ 11:1).
യേശു തന്റെ ജീവൻ ഏൽപ്പിച്ചുകൊടുത്ത നിമിഷത്തെ വിവരിക്കാൻ സുവിശേഷത്തിന്റെ എഴുത്തുകാർ വളരെ കുറച്ചു വാക്കുകൾ മാത്രം ഉപയോഗിച്ചതിനു കാരണം ചിലപ്പോൾ ആ സംഭവത്തെ വിവരിക്കാൻ തക്ക വാക്കുകൾ ഇല്ലാത്തതായിരിക്കാം. ഏതൊക്കെ വാക്കുകൾ മതിയാകുമായിരുന്നു? മൂന്നു മണിക്കൂർ നീണ്ട പരലോക അന്ധകാരം രാജാവിനെ അവന്റെ മരണത്തിലേക്ക് അനുഗമിച്ചു. അവന്റെ സമയം വന്നപ്പോൾ, ദൈവാലയത്തിലെ തിരശ്ശീല ചീന്തിപ്പോകയും ഭൂമി കുലുങ്ങി വിറകൊള്ളുകയും ചെയ്യത്തക്കവിധം അത്രയും അസാധാരണവും അത്രയും അതീന്ദ്രിയവും അത്രയും ശക്തവുമായ ശബ്ദത്തിൽ അവൻ നിലവിളിച്ചു. ആ സന്ദർഭം ഉടനെ ചരിത്രത്തിലെ സർവ്വോൽകൃഷ്ടമായ ജയോത്സവവും നിസ്തുല്യമായ വ്യസനവുമായി പ്രഖ്യാപിക്കപ്പെട്ടു.
നിങ്ങളുടെ പങ്കാളിയുടെ അവസാന ശ്വാസത്തിൽ അവസാനിച്ച അന്ധകാര മണിക്കൂറുകൾ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും, ഉള്ളിലെ നിലവിളി നിങ്ങൾക്ക് സുപരിചിതമാണ്. നിങ്ങളുടെ ലോകം കുലുങ്ങി, നിങ്ങളുടെ ജീവിതത്തിന്റെ അസ്തിവാരത്തിലൂടെ ഒരു ഉഗ്രമായയൊരു പിളർപ്പ് കടന്നു പോകുന്നു. എങ്കിലും എല്ലാ നുറുങ്ങുകളുടെയും ധൂളിയുടെയും ചെളിയുടെയും മദ്ധ്യേ ഇതെല്ലാം സൃഷ്ടിച്ച അതേ ദൈവം നമ്മുടെ രക്ഷയുടെ പാറയാണ്, നമ്മെ ഉറപ്പുള്ള അടിസ്ഥാനത്തിന്മേൽ ഉറപ്പിച്ചു നിർത്താൻ അവനു കഴിയും.
കാലിഫോർണിയയിൽ വളർന്ന എനിക്ക് ഭൂമികുലുക്കത്തെ അതിജീവിക്കുന്നതെങ്ങനെയാണ് എന്നറിയാം. തറയെ കുലുങ്ങാതെ നിർത്താനോ ചുമരുകളെ ഇടിഞ്ഞുവീഴാതെ തടയാനോ കഴിയാതെ നിസ്സഹായയായി നിൽക്കേണ്ടി വരുന്ന അനുഭവം എന്താണെന്ന് എനിക്കറിയാം. ഞങ്ങളുടെ ആദ്യത്തെ വീട് നിർമ്മിച്ചപ്പോൾ, ഭൂമി കുലുക്കത്തെ നേരിടാൻ കഴിയുന്ന ഒരു അടിത്തറ നിർമ്മിക്കേണ്ടത് പ്രധാനമായിരുന്നു. ഞങ്ങളുടെ സുഹൃത്ത് റോളണ്ട് ഒരു കോൺട്രാക്ടർ ആയിരുന്നതിനാൽ അദ്ദേഹത്തെ ഈ ജോലി ഏല്പിച്ചു. ശൈത്യകാലത്തിന്റെ മദ്ധ്യത്തിൽ നിർമ്മാണം ആരംഭിച്ചതുകൊണ്ട് അടിത്തറ സ്ഥാനത്ത് ഉറപ്പിക്കുന്നതിനു മുൻപ് മണ്ണിന്റെ അവസ്ഥയ്ക്ക് അദ്ദേഹത്തിനു പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടി വന്നു. ഒരു കെട്ടിടത്തെ താങ്ങുന്നതിനു ആദ്യം മണ്ണ് ഉറപ്പിക്കേണ്ടതായിട്ടുണ്ട്, അല്ലെങ്കിൽ അടിസ്ഥാനം തകരുകയും ഭവനം അപകടത്തിലാകുകയും ചെയ്യും. ദൃഢമായിരിക്കുന്ന നിലത്തിനു ഇളക്കം തട്ടിയാൽ, പണിയുന്നതിനു മുൻപ് വളരെ ശ്രദ്ധയോടെ അത് വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്. ഇത് ഇളക്കത്തിന്റെ വ്യാപ്തിയോടും ചുറ്റുപാടുമുള്ള കാലാവസ്ഥാ രീതിയുടെ തീവ്രതയോടും ഏറെ ആശ്രയിച്ചിരിക്കുന്നു. മണ്ണിന്റെ ഇളക്കം എത്ര തീവ്രമാണോ അത്രയും കൂടുതൽ സമയം വേണ്ടി വരും അത് നിരപ്പാക്കാനും പണിയുന്നതിനു അനുയോജ്യമാക്കാനും.
വ്യസനം നിങ്ങളുടെ ജീവിതത്തിന്റെ അടിത്തറയിൽ നിന്നും മണ്ണ് മാറ്റിയിരിക്കുന്നു, പരിഗണിക്കേണ്ട മറ്റനേക കാര്യങ്ങളുമുണ്ട്. നിങ്ങളുടെ ചുവട്ടിലെ ഇളക്കം വലിയതാണ്, അത് ശാന്തമാകാൻ സമയമെടുക്കും. ദുഃഖിതനേ, അത് ഉറയ്ക്കട്ടെ, കാരണം നിങ്ങൾ നിർമ്മിക്കാൻ പോകുന്നതിന്റെ ഭാവി ദൃഢത നിങ്ങളുടെ ജീവിതത്തിനു ചുറ്റുമുള്ള നിലം എത്ര നന്നായി ഉറയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഉറപ്പിക്കുന്ന ഈ കാലത്തിൽ തിടുക്കപ്പെടുന്നത് ദോഷകരമായിരിക്കും.
അടിസ്ഥാനത്തിനായി മനപ്പൂർവ്വം ആസൂത്രണം ചെയ്യുന്നതു പോലെ, ദുഃഖിക്കുവാൻ മനപ്പൂർവ്വമായി സമയമെടുക്കുക. നിങ്ങളുടെ ദുഃഖത്തിന്റെ അവശിഷ്ടങ്ങൾ തറയ്ക്കു താഴെയിട്ടു മൂടാതിരിക്കുക, കാലക്രമേണ അത് ദ്രവിക്കും, നിങ്ങളുടെ ഭവനം ഇളകാനും പൊട്ടാനും ഇടയാകും. ക്ഷമയോടെ ഇരിക്കുക, ദൈവം നിങ്ങൾക്ക് വേണ്ടി പാറ്റിത്തരും. നിങ്ങൾ കാത്തിരിക്കുമ്പോൾ, അവന്റെ സ്നേഹത്തിന്റെ ഉള്ളിൽ നിൽക്കുക, അവിടെ നിങ്ങൾക്ക് രോഗശാന്തിക്ക് ആവശ്യമായതെല്ലാം കൈയെത്തും ദൂരത്തുണ്ട്.
കാലാവസ്ഥ പ്രതികൂലവും നിങ്ങളെ വിട്ടുവീഴ്ചയ്ക്കായി പ്രേരിപ്പിക്കുകയും ചെയ്യുന്ന ലോകത്തിന്റെ അടിസ്ഥാനത്തിന്മേൽ നിൽക്കരുത്. നിങ്ങളുടെ ശാരീരിക ആരോഗ്യം, ബന്ധങ്ങൾ, വികാരങ്ങൾ, ആത്മീകമായ ക്ഷേമം എന്നിവയെല്ലാം നിലകൊള്ളേണ്ടത് യേശുക്രിസ്തു എന്ന ഏക സത്യ അടിസ്ഥാനത്തിന്മേൽ ആയിരിക്കണം. മുറിവേറ്റവനെ പൂർണ്ണമായി സൗഖ്യമാക്കുന്ന ഗിലെയാദിലെ തൈലം ആണവൻ. തൽക്കാല ആശ്വാസമെന്ന വ്യാജ ലക്ഷ്യങ്ങൾ തേടി മറ്റൊരിടത്തേക്കും നോക്കരുത്.
യിരെമ്യാപ്രവാചകൻ പരാമർശിക്കുന്ന ഗിലെയാദിലെ സുഗന്ധ തൈലം (യിരെമ്യാവ് 8:22) യേശുവിലൂടെ ലഭ്യമാകുന്ന സൗഖ്യത്തെ പ്രതിനിധാനം ചെയ്യുന്നു. ‘ഗന്ധതൈലം” അഥവാ ലേപനം, യോർദ്ദാനു കിഴക്കുള്ള പർവ്വത പ്രദേശമായ ഗിലെയാദിൽ കാണുന്ന ബാൾസാം മരത്തിൽനിന്നു ലഭിക്കുന്നതാണ്. ഗിലെയാദ് എന്ന വാക്കിന്റെയർത്ഥം ”സാക്ഷ്യത്തിന്റെ സ്മാരകം” എന്നാണ്. മരത്തിന്റെ തൊലിയിലുണ്ടാക്കുന്ന മുറിവിലൂടെ ഊറ്റിയെടുക്കുന്ന ഗന്ധതൈലം വിലയേറിയതായി കരുതപ്പെടുന്നു. ഇതുപോലെ, യേശുവിന്റെ മുറിവിലൂടെ ഒഴുകിയ അവന്റെ വിലയേറിയ രക്തം, നമ്മുടെ സൗഖ്യത്തിനും സാക്ഷ്യത്തിനുമായി നമ്മുടെ മുറിവുകളെ തലോടുകയും ആശ്വസിപ്പിക്കുകയും സൗഖ്യമാക്കുകയും ചെയ്യുന്നു.
വ്യസനം അടങ്ങട്ടെ, നിങ്ങൾ അതിന്റെ ഭാരത്തിൻ കീഴിൽ അമരുകയില്ല. ദൈവം നിങ്ങളുടെ വേരുകൾക്ക് ചുറ്റും നിലത്തെ നന്നായി ഉറപ്പിക്കുകയും നിങ്ങൾ നിൽക്കുകയും ചെയ്യും … പക്ഷേ അതിനു സമയം കൊടുക്കണം.
”വംതന്നെ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും” (1 പത്രൊസ് 5:10b).
ഞങ്ങളുടെ മക്കൾ ആഴമായി സ്നേഹിക്കപ്പെട്ടും ആഴമായി സ്നേഹിച്ചുമാണ് വളർന്നത്. അതാണ് അവരുടെ യഥാർത്ഥ പൈതൃകം. എന്റെ മകൻ ബെന്നിനെ സംബന്ധിച്ചിടത്തോളം, അവന്റെ പിതാവ് മരിക്കുമ്പോൾ അവൻ ചെറുപ്പമായിരുന്നു. വലുതായപ്പോൾ ചിലപ്പോഴൊക്കെ അവന്റെ വ്യസനവും വളർന്നു. വ്യസനത്തിനു ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്ഥിരമായ ആർദ്ര പരിചരണം ആവശ്യമാണ്. ബെൻ ഒരു യുവാവായപ്പോഴേക്കും പുതിയ നഷ്ടങ്ങൾ പഴയ മുറിവുകളെ വീണ്ടും തുറന്നു.
വ്യസനത്തിന്റെ കൂറ് അത്രയ്ക്കുണ്ട്. ജെന്നിഫറിനും സാമുവേലിനും ലഭിച്ച അത്രയും വർഷങ്ങൾ ബെന്നിനു തന്റെ പിതാവിനോടൊപ്പം ലഭിച്ചില്ലെങ്കിലും, (തിരിഞ്ഞു നോക്കുമ്പോൾ) ദൈവത്തിന്റെ ദയ അവനോട് കൂടുതൽ സൂക്ഷ്മമായ അനുഗ്രഹങ്ങളാൽ പ്രകടിപ്പിക്കപ്പെട്ടു. കാരണം ബെൻ പിറന്നപ്പോഴേക്കും ഒരു കരയുന്ന, ലോല പൈതലിന്റെ പിതാവായി ബോബ് നന്നായി പരിചയിച്ചിരുന്നു. അദ്ദേഹം കൂടുതൽ ഡയപ്പറുകൾ മാറ്റി, കൂടുതൽ ഛർദ്ദിലുകൾ വൃത്തിയാക്കി, പല ദിവസങ്ങളിലും കരയുന്ന കുഞ്ഞിനെയും എടുത്ത് ബെൻ ഉറങ്ങുന്നതുവരെ താളത്തിൽ യാഹ്… യാാാാാഹ്… യാാാഹ്യാ…” എന്നു പാടിക്കൊണ്ട് ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്നു.
ഞങ്ങളുടെ വീടിനു ചുറ്റുമുള്ള കുന്നും മലയിടുക്കുമൊക്കെ താണ്ടാൻ ബെന്നിനു പ്രായം ആയപ്പോൾ, രണ്ടു പേരും കൂടെ ദിവ്യമായ പിതൃപുത്ര ഓർമ്മകളെ നിർമ്മിക്കുന്ന കാഴ്ചകളും ശബ്ദങ്ങളും മണവും സംഭാഷണങ്ങളും പങ്കിട്ടുകൊണ്ട് നടക്കുവാൻ ഇഷ്ടപ്പെട്ടു. എല്ലാറ്റിനുമുപരി ഫുട്ബോൾ കളിക്കാൻ പഠിച്ചത് അവനോർക്കുന്നു, കാരണം അവന്റെ പിതാവാണ് അതവനെ പഠിപ്പിച്ചത്. ലോകം ഇതിനെ മനോഹരമായ കളി” എന്നാണു വിശേഷിപ്പിക്കുന്നതെങ്കിലും ബെന്നിനെ സംബന്ധിച്ചിടത്തോളം അതിന്റെ സൗന്ദര്യം ശരിക്കും അവന്റെ പിതാവുമായുള്ള ബാല്യകാല ബന്ധമാണ്.
കളിയോടുള്ള അവന്റെ അഭിനിവേശം ജീവിതത്തിലുടനീളം അവനെ പിന്തുടർന്നു. കോളേജിൽ ഫുട്ബോൾ കളിക്കാനുള്ള അവന്റെ ആഗ്രഹം യാഥാർത്ഥ്യമായി. എങ്കിലും വളരെ വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ മുറ്റത്ത് തുടങ്ങിയ സ്വപ്നം പരിപൂർണ്ണമാക്കുന്നതിൽ നിന്നു പരിക്കുകളും അവന്റെ നിയന്ത്രണത്തിനപ്പുറമായ പല സാഹചര്യങ്ങളും അവനെ തടഞ്ഞു. അവൻ തന്റെ ഡാഡിക്കുവേണ്ടി കളിക്കാനാഗ്രഹിച്ചു. മികച്ചവനാകുവാനും തന്റെ പിതാവിനെ മാനിക്കാനുമായി അസഹനീയമായ പല സാഹചര്യങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും നാലുവർഷത്തോളം നിരന്തരം അധ്വാനിച്ചു. പക്ഷേ അതു സംഭവിച്ചില്ല. ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ കോളേജ് ഫുട്ബോളിന്റെ അവസാന വർഷം നഷ്ടപ്പെട്ടതിനെ ഓർത്ത് വ്യസനിച്ചു- ഒപ്പം തന്റെ പിതാവിനെയും. ഫുട്ബോൾ ഉപേക്ഷിക്കുക എന്നതിനർത്ഥം തന്റെ പിതാവിനെ വിട്ടുകളയുന്നതാണെന്ന് അവന്റെ ഹൃദയം അവനോടു പറഞ്ഞു. അത്തരമൊരു കാര്യം എങ്ങനെ സാധ്യമാകുമെന്ന് അവനു കാണാൻ കഴിഞ്ഞില്ല.
ഒരു ദിവസം രാത്രി തകർന്ന മനസ്സും കുനിഞ്ഞ ശിരസ്സുമായി ഞങ്ങൾ സഹായത്തിനും മാർഗ്ഗദർശനത്തിനുമായി ഒത്തുകൂടി. ആ രാത്രിയിൽ ദൈവം ഞങ്ങളോടു സംസാരിച്ചു. അവൻ ഞങ്ങൾക്ക് നൽകിയ ദർശനം കാലങ്ങളിലേക്ക് ഉള്ള ഒന്നായിരുന്നു. അതിർവരമ്പുകളില്ലാത്ത ഒരു മുറി എനിക്ക് വെളിപ്പെട്ടു, അത് സ്വർണ്ണത്താൽ തിളങ്ങി. ദ്രാവക നിധിയാൽ നിറഞ്ഞ മുറിയുടെ നടുവിൽ ഒരു വലിയ മൂശ. സ്വർണ്ണത്തിന്റെ ശുദ്ധീകരണ പ്രക്രിയ ചെയ്യുന്നയാൾ പരിചിതനായിരുന്നു; അത് യേശുവായിരുന്നു. അവൻ ചിരിച്ചുകൊണ്ട് ആചാരപൂർവ്വം സ്വർണ്ണത്തിന്റെ മുകളിൽ നിന്നും കീടം തന്റെ സ്വന്ത കൈ കൊണ്ട് വടിച്ചെടുത്തിട്ട് സ്വർണ്ണം ബെന്നിന്റെ വ്യസനം ആണെന്ന് എന്നോടു പറഞ്ഞു. എന്നിട്ട് അവൻ പറഞ്ഞു ഇത് അവനു സൂക്ഷിക്കാം.” യേശു മുകളിൽനിന്നും നീക്കിയത് ബെന്നിന്റെ വ്യസനത്തിന്റെ ഇനിമേൽ യാതൊരു പ്രയോജനവുമില്ലാത്ത ഭാഗമാണ്. ബാക്കി വന്ന വ്യസനത്തിന്റെ ഭാഗം ബെന്നിനു സൂക്ഷിക്കുവാനുള്ളതാണ്, എങ്കിലും അവന്റെ നിധി ശുദ്ധീകരിക്കുവാൻ സമയമായി. കർത്താവ് ആ ജോലി സ്വയം ചെയ്തുകൊള്ളാമെന്ന് ഞങ്ങൾക്ക് ഉറപ്പു നൽകി, ബെൻ അതു ചെയ്യേണ്ടതില്ല. അവൻ ആശ്രയിച്ചാൽ മാത്രം മതിയാകും.
തീയുപയോഗിച്ചു ലോഹങ്ങൾ ശുദ്ധീകരിക്കുന്നത് പുരാതനമായിത്തന്നെ മനുഷ്യനു അറിയാവുന്ന രീതികളിലൊന്നാണ്, അതിന്നും ഉപയോഗത്തിലുണ്ട്. മാലിന്യം മുകളിലേക്ക് ഉയർന്നു വരാൻ ഊഷ്മാവ്് 1000 ഡിഗ്രി സെൽഷ്യസ് വരെ എത്തേണ്ടതുണ്ട്. പക്ഷേ പ്രക്രിയയിൽ ഉടനീളം ബാക്കി വരുന്ന സ്വർണ്ണത്തിന്റെ മൂല്യത്തിനു കുറവൊന്നും സംഭവിക്കുന്നില്ല, മാത്രമല്ല അതിന്റെ ഗുണമേന്മ വർദ്ധിക്കുകയും ചെയ്യും.
കീടത്തെ ഒരു മാലിന്യമായാണ് കണക്കാക്കുന്നത്, അത് നീക്കപ്പെടേണ്ടതാണ് അല്ലെങ്കിൽ അമൂല്യ ലോഹങ്ങളുടെ മൂല്യം നഷ്ടപ്പെടും. “ശുദ്ധീകരിക്കുക” എന്നതിനു അക്ഷരാർത്ഥത്തിൽ, സ്വതന്ത്രമാക്കുകയും ശ്രേഷ്ഠതയുള്ളതാക്കുന്നതിനായി അതിനെ മെച്ചപ്പെടുത്തുക എന്നാണ് അർത്ഥം. ഗ്രീക്കിൽ ഇത് “ജ്വെലിപ്പിക്കുക” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. സ്വർണ്ണത്തിന്റെ (Au) ചിഹ്നം ലാറ്റിൻ പദമായ “തിളങ്ങുന്ന അല്ലെങ്കിൽ ജ്വലിക്കുന്ന പ്രഭാതം” എന്നതിൽ നിന്നാണ് വന്നത്. അവസാനത്തെ മാലിന്യങ്ങൾ അപ്രത്യക്ഷമാകുമ്പോൾ ഈ പ്രതിഭാസം സംഭവിക്കുന്നു, ശുദ്ധമായ ലോഹം പ്രകാശത്തിന്റെ തിളക്കം പുറപ്പെടുവിക്കുന്നു.
ദുഃഖത്തിന്റെയും പ്രാർത്ഥനയുടെയുമായ ആ സന്ധ്യയിലെ ദർശനം തുടർന്നും പഠിപ്പിച്ചുകൊണ്ടേ ഇരുന്നു. കീടം നീക്കുന്നത് നമുക്ക് അനുഭവപ്പെടുന്നതേയില്ല. അത് ഉപയോഗശൂന്യമായ വസ്തുക്കളെക്കൊണ്ട് നിർമ്മിച്ചതും തകർന്ന ഹൃദയത്തെ സൗഖ്യമാകുന്നതിൽ നിന്നും തടയുന്നതുമാണ്. അത് പുറകിൽ കളയുന്നത് ഒരിക്കലും വേദനയുള്ള കാര്യമായി തോന്നിയില്ല, മാത്രമല്ല അത് കൂടുതൽ വ്യസനം ഉളവാക്കുന്നുമില്ല. കാരണം കർത്താവിന്റെ കൈകളാണ് ആ പ്രവൃത്തി ചെയ്യുന്നതും അത് പൂർത്തീകരിക്കുന്നതും.
”ഞാൻ അനേക കാര്യങ്ങൾ എന്റെ കൈയിൽ വെച്ചിട്ടുണ്ട്, അവയെല്ലാം എനിക്കു നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഞാൻ ദൈവകരങ്ങളിൽ കൊടുത്തവയെല്ലാം, ഇപ്പോഴും എനിക്കു സ്വന്തമാണ്.” – മാർട്ടിൻ ലൂഥർ
സഹിഷ്ണുതയോടിരിക്കുന്ന എന്റെ സുഹൃത്തേ, നിങ്ങൾക്ക് ഇപ്പോഴുള്ള ഏക ആശ്വാസം നിങ്ങളുടെ മുഖത്തെ കണ്ണീരായിരിക്കാം; നിങ്ങൾ മുന്നോട്ട് നോക്കുമ്പോൾ, അനന്തമായി തോന്നുന്ന ഇവയൊന്നും ഭാവിയിലേക്ക് യാതൊരു പ്രതീക്ഷയും തരുന്നില്ല. അഭിനിവേശങ്ങളും സ്വപ്നങ്ങളും നിങ്ങളുടെയും വീട്ടുമുറ്റത്ത് അവസാനിച്ചിരിക്കാം, ഓർമ്മകൾ സൗഖ്യമാക്കുന്നതിനു പകരം വേട്ടയാടുകയായിരിക്കാം. പക്ഷേ നിങ്ങളുടെ ശുദ്ധീകരിക്കുന്നവന്റെ ദയാർദ്രമായ ജ്വാല നിങ്ങളെ ഉപയോഗശൂന്യമായ സമ്പത്തുമായി വിടുകയില്ല. അവന്റെ സ്നേഹം നിങ്ങളുടെ മൂല്യത്തെയും സാധ്യതയെയും കളങ്കപ്പെടുത്തുവാൻ മാലിന്യത്തെ അനുവദിക്കില്ല. നിങ്ങളുടെ വ്യസനത്തിന്റെ നിധി അതിന്റെ ലക്ഷ്യം പൂർത്തീകരിക്കുവാൻ അവശേഷിക്കും—- പക്ഷേ ഉപയോഗശൂന്യമായതിനെയും, യാതൊരു മൂല്യവും ഉളവാക്കാത്തതിനെയും, നിങ്ങളുടെ ഭാവിയെ മലിനമാക്കുന്നതിനെയും, ശുദ്ധീകരിക്കുന്ന യേശുവിന്റെ കൈകളിൽ ഭരമേൽപ്പിക്കണം.
മാലിന്യത്തെ നിങ്ങൾക്കു തന്നെ വേർതിരിക്കുവാൻ കഴിയുകയില്ല, അത് വളരെ ദുഷ്കരമാണ്. പക്ഷേ അതു പ്രശ്നമല്ല. ഇപ്പോൾ എല്ലാം ദുഷ്കരമായിരുന്നേക്കാം, അതിനാൽ വിശ്രമിക്കുകയും സ്വയം സൗഖ്യമാകാൻ അനുവദിക്കുകയും ചെയ്യുക. നിങ്ങളുടെ വ്യസനത്തിന്റെ ആയുസ്സിലെല്ലാം ശുദ്ധീകരണം തുടർന്നുകൊണ്ടേയിരിക്കും. എന്നാൽ ശുദ്ധീകരണം കഴിയുമ്പോൾ നിങ്ങൾ സ്വർണ്ണം പോലെ പുറത്തുവരും.
ബെൻ തന്റെ പിതാവിനെ ബഹുമാനിക്കാൻ ആണ് ഫുട്ബോൾ കളിക്കാൻ ആഗ്രഹിച്ചത്. അദ്ദേഹത്തിനു വേണ്ടി മികച്ചവൻ ആകുവാൻ അവനാഗ്രഹിച്ചു. ദൈവിക കരുതലിൽ, ശുദ്ധീകരിക്കപ്പെട്ട് വ്യസനത്തിന്റെ മാലിന്യം ഇല്ലാതെ ജീവിക്കുക എന്നതിനർത്ഥം സ്വതന്ത്രരും മെച്ചപ്പെട്ടവരും മികച്ചവരും ആയിരിക്കുക എന്നാണ്. ബെന്നിന്റെ സ്വപ്നം സഫലമായി എന്നു തോന്നി. യേശു പുഞ്ചിരിച്ചതിൽ അത്ഭുതമില്ല.
”എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ പൊന്നു പോലെ പുറത്തു വരും” (ഇയ്യോബ് 23:10).
അന്ത്യത്തോടടുത്ത്, ഒരു സന്ധ്യക്ക്, ബോബ് കിടക്കയിൽ വിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ അദ്ദേഹത്തിനരികിൽ കിടക്കുകയായിരുന്നു. അദ്ദേഹം തിരിഞ്ഞ് എന്നെ ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു, നിങ്ങളെയെല്ലാവരെയും ഞാൻ വളരെയധികം സ്നേഹിക്കുന്നു എന്ന് ഓർക്കുക, എപ്പോഴും ഓർക്കുക.” ഞാൻ അദ്ദേഹത്തിനു വാക്കു നൽകി. ആ നിമിഷം മറക്കുവാൻ അസാധ്യമാണ്, അദ്ദേഹത്തിന്റെ ജീവിതത്തെയും. അദ്ദേഹത്തിന്റെ കല്ലറയിൽ ഞങ്ങൾ ഓർമ്മിക്കും” എന്ന വാക്കുകൾ ഞങ്ങൾ രേഖപ്പെടുത്തി.
ദൈവശാസ്ത്രജ്ഞൻ വിക്ടർ ഷെപ്പേർഡ് പറഞ്ഞത്, ഓർമ്മിക്കുക എന്നാൽ അന്നു നടന്ന കാര്യം ഇന്നും നടന്നുകൊണ്ടേയിരിക്കുന്നു എന്ന നിലയിൽ ഭൂതകാലത്തിലെ ഒരു സംഭവം വർത്തമാനകാലത്തിലേക്ക് കൊണ്ടുവരിക എന്നാണ്. അന്നു സംഭവിച്ചത് അതിനാൽ സ്പർശിക്കപ്പെട്ടവരെ എന്നേക്കും രൂപാന്തരപ്പെടുത്തിക്കൊണ്ടും ഇന്ന് അത് ‘ഓർമ്മിക്കുന്നവരെ’ ഇന്നും രൂപാന്തരപ്പെടുത്തിക്കൊണ്ടും ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.”
ത്യാഗപരമായ സ്നേഹത്താൽ ഒരു ഉടമ്പടി നിർമ്മിച്ച വിവാഹ യാഗപീഠത്തെക്കുറിച്ച് നാം നേരത്തെ നിരീക്ഷിച്ചത് തിരിഞ്ഞു ചിന്തിക്കുക. അത്രയും തന്നെ ദിവ്യമായ മറ്റൊരു തരം യാഗപീഠമുണ്ട്. പക്ഷേ നിങ്ങളെ തെറ്റിദ്ധരിക്കുകയും നിങ്ങൾ മുന്നോട്ട് നീങ്ങണമെന്നും” ‘കൂടുതൽ വിശ്വാസമുള്ളവർ” ആയിരിക്കണമെന്നും ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങളുടെ പ്രിയപ്പട്ടവരുടെ സദുദ്ദേശ്യങ്ങൾക്കു വിരുദ്ധമായിട്ടുള്ള ഒന്നാണത്. അത് സ്മരണയുടെ യാഗപീഠമാണ്. അത് അടയാളപ്പെടുത്തുന്നത് ദൈവത്തിന്റെ വിശ്വസ്തതയെയും തന്റെ ജനത്തിനു വഴിയൊരുക്കുന്ന, യാതൊന്നിനാലും തടയപ്പെടാത്ത, അനിഷേധ്യശക്തിയെയുമാണ്.
അഗാധമായ അന്ധകാരത്തിൽ നിന്നും നമ്മെ രക്ഷിക്കുവാനായി, യേശു സ്വയം രക്ഷിക്കുവാൻ വിസമ്മതിച്ചതിനെയാണ് ഈ യാഗപീഠം ഓർമ്മിപ്പിക്കുന്നത്. പാത നിഴലുകളാലും ഭയത്താലും മൂടിയിരിക്കുമ്പോൾ അവനിൽ ആശ്രയിക്കുവാനായി ഇതു നമ്മെ ക്ഷണിക്കുന്നു. നമ്മെ അസാധ്യങ്ങളുടെ ഇടയിലൂടെ നടത്തുകയും വർത്തമാനത്തിലെ കുഴപ്പങ്ങളിലും ഭാവിയുടെ അജ്ഞാതങ്ങളിലും താങ്ങുകയും ചെയ്തത് ഈ യാഗപീഠം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇത് മറ്റുള്ളവരോട് നമ്മുടെ കഥ പറയുകയും നഷ്ടപ്പെട്ടവരെയും ക്ഷീണിതരെയും ഭവനത്തിലേക്കു നയിക്കുകയും ചെയ്യുന്നു. എല്ലാനാളും നമ്മോടു കൂടെയുണ്ട് എന്ന അവന്റെ വാഗ്ദത്തം ഈ യാഗപീഠം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ വ്യസനത്തെ സൗഖ്യമാക്കാനും രൂപാന്തരപ്പെടുത്താനുമുള്ള ശക്തിയും അനന്തസാധ്യതകളും ഈ യാഗപീഠത്തിനുണ്ട്.
ഈ യാഗപീഠം നമ്മെ ശാശ്വതമായി പരിവർത്തനം ചെയ്യുന്നു; അത് അതാണ് ചെയ്യേണ്ടതും.
ആരോഗ്യകരമായിരിക്കാൻ ദുഃഖം മുമ്പോട്ടു നീങ്ങുകയും പ്രകടിപ്പിക്കുകയും വേണം, പക്ഷേ നമ്മൾ വെറുതെ മുമ്പോട്ടു നീങ്ങാറില്ല.” ജീവിതം അത്രമാത്രം പവിത്രമാണ്. പ്രിയ സുഹൃത്തേ, ആര് എന്തൊക്കെ പറഞ്ഞാലും, സ്മരണയെ ഒരു ആരാധനയുടെ പ്രവൃത്തിയായി ദൈവത്തിനു സമർപ്പിക്കുമ്പോൾ അത് വിശ്വാസത്തിന്റെ പ്രകടനമായി മാറുന്നു.
ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ആശ്വാസം ലഭിക്കും” (മത്തായി 5:4). വിലാപം എന്നത് വ്യസനത്തിന്റെ തീവ്രമായ അനുഭവവും പ്രകടനവുമാണ്. ആശ്വാസം ലഭിക്കാനായി നാം വിലപിക്കും. ഇവിടെ ഓർമ്മയുടെ യാഗപീഠത്തിലാണ് അനുഗ്രഹം നമ്മെ കാത്തിരിക്കുന്നതും, വിശ്വാസത്തിലും വേദനയിലും ആത്മീയ പേശികൾ നിർമ്മിക്കപ്പെടുന്നതും. ഈ യാഗപീഠം ദുഃഖിക്കാനും ഓർമ്മിക്കാനും അനുവാദം തരുന്നു. നിങ്ങളുടെ നഷ്ടത്തിൽ ഈ പരിശ്രമം വെറുതെയാകില്ല -—സങ്കല്പിക്കുവാൻ പ്രയാസമാണെങ്കിലും—- കാരണം, നിങ്ങൾ ഇപ്പോൾ വസിക്കുന്ന വ്യസനരാത്രിയെക്കാളും എത്രയോ മടങ്ങായിരിക്കും നിങ്ങൾക്ക് ലഭിക്കുവാൻ പോകുന്ന ആശ്വാസം!
ഇതിനെക്കുറിച്ചു ചിന്തിച്ചു നോക്കൂ: യിസ്രായേൽ മക്കൾ യോർദ്ദാൻ കടന്നപ്പോൾ, അവരുടെ കാൽച്ചുവട്ടിലെ കല്ലുകൾ തന്നെ അവരുടെ ഓർമ്മയുടെ യാഗപീഠമായി മാറി. ചിന്തിക്കാൻ കഴിയാത്തതിലൂടെയുള്ള പാത അവരുടെ മഹത്വമായി മാറുകയും, ഒരു പുതിയ ദേശത്ത് ഒരു പുതിയ ഉദ്ദേശ്യത്തോടെയുള്ള തുടക്കമായി മാറുകയും ചെയ്തു. നിങ്ങൾക്കും അങ്ങനെ തന്നെയായിരിക്കും.
അതുല്യ സുഹൃത്തേ, നിങ്ങളുടെ യാഗപീഠവും നിങ്ങളുടെ യോർദ്ദാന്റെ നടുവിൽ നിന്നുള്ള കല്ലുകൾകൊണ്ട് പണിതതായിരിക്കും. മനഃപൂർവ്വമായ ഓർമ്മിക്കൽ പവിത്രമാണ്, അത് യേശുവിനെപ്പോലെ അക്ഷരാർത്ഥത്തിൽ നിങ്ങൾ നടന്ന പരുക്കൻ പാതയാൽ നിർമ്മിക്കപ്പെട്ടതാണ്. എന്നാൽ അവൻ നടന്ന പാത, നിങ്ങൾക്ക് നിൽക്കുവാനായി നിങ്ങളുടെ യാഗപീഠത്തിന്റെയും വ്യസനത്തിന്റെയും മൂലക്കല്ലായിത്തീരണം.
ഓർമ്മയുടെ അവകാശവും അനുഗ്രഹവും പഴയ നിയമത്തിൽ ഒതുങ്ങി നിന്നില്ല. അതിന്റെ ഇടവിടാതെയുള്ള, മനപ്പൂർവ്വമായ ആചരണത്തിനാണ് തന്റെ തിരുവത്താഴം സ്ഥാപിച്ചപ്പോൾ നമ്മുടെ കർത്താവ് ആഹ്വാനം ചെയ്തത്—- മുമ്പോട്ടു നീങ്ങുന്നതിനു” മുൻപ് നമ്മൾ ഒറ്റത്തവണ ചെയ്യുന്ന പ്രതീകാത്മക പ്രവൃത്തിയേക്കാൾ എത്രയോ കൂടുതലാണത്. മാളിക മുറിയിലെ ശാന്തമായ മണിക്കൂറുകൾ യെഹൂദജനത്തിന്റെ വിടുതലിന്റെ മുഖ്യ ഓർമ്മയായ പെസഹയുടെ രൂപാന്തരത്തെ അടയാളപ്പെടുത്തി. യേശു സ്വന്തജീവൻ കൊണ്ട് അതിലേക്ക് പുതുജീവൻ പകർന്നു. അവൻ അതിന്റെ അർത്ഥം നിറവേറ്റി” അല്ലെങ്കിൽ അതിനെ മുഴുവനായി നിറച്ചു എന്നാണ്. നാം ഒന്നിക്കും വരെ ഇടവിടാതെ അവനെ പാനം ചെയ്യുവാൻ -—ഓർമ്മിക്കൽ എന്നതിന്റെ അർത്ഥത്തിൽ മുഴുവനായി നിറയുവാനും – ആവശ്യപ്പെട്ടിരിക്കുന്നു.
അദ്ദേഹത്തെ അറിയുന്ന എല്ലാവരാലും അദ്ദേഹം സ്നേഹിക്കപ്പെട്ടിരുന്നെങ്കിലും, ഡാഡിയെ എല്ലാവരും മറക്കും എന്ന ആശ്വാസിപ്പിക്കാനാകാത്ത ചിന്തയാൽ ഞങ്ങളുടെ മകൾ ജെന്നിഫർ പ്രയാസപ്പെട്ട ഒരു സമയം ഉണ്ടായിരുന്നു. അതിന്റെ വേദന കാലക്രമേണ കുറഞ്ഞുവന്നെങ്കിലും രഹസ്യമായി അത് ഡാഡിയുടെ മകളെ കുത്തിക്കൊണ്ടിരുന്നു. ആൾക്കാർ മറന്നോ എന്നവൾ സന്ദേഹിച്ചു. വിവാഹ വേദിയിലേക്ക് ഡാഡിയെക്കൂടാതെ നടന്നതും, രണ്ടു ഓമന പെൺകുഞ്ഞുങ്ങൾക്കു ജന്മം നൽകിയതും ഉൾപ്പെടെ കാലക്രമേണ ഞങ്ങൾ അവളുടെ ഓർമ്മയുടെ യാഗപീഠത്തിൽ അനേകം കല്ലുകൾ കൂട്ടിച്ചേർത്തു. മൂന്നാമത്തെ കുഞ്ഞു പിറക്കാറായപ്പോൾ, ആൺകുഞ്ഞായിരിക്കും എന്നായിരുന്നു കരുതിയിരുന്നത്. അവർക്ക് ആൺകുഞ്ഞ് ഉണ്ടാകുകയാണെങ്കിൽ സെഖറിയ” എന്ന പേര് നൽകണമെന്ന് ദൈവം എപ്പോഴും തന്റെ ഹൃദയത്തിൽ സംസാരിച്ചിരുന്നു എന്ന കാര്യം ജെന്നിഫറിന്റെ ഭർത്താവ് ഞങ്ങളോട് പങ്കുവെച്ചു. അർത്ഥം? യഹോവ ഓർക്കുന്നു.
പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല” (യെശയ്യാവ് 46:9)
വ്യസനിക്കുന്ന പ്രിയ സുഹൃത്തേ, നിങ്ങളുടെ പ്രിയപ്പെട്ടവരെ ഓർക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, കാരണം ദൈവം പരമോന്നതമായ ഓർമ്മയുടെ യാഗപീഠത്തിൽ നിങ്ങളെ ഓർത്തു. തിരിച്ചു നാമെല്ലാവരും അവനെ ഓർക്കുവാനും അവശ്യപ്പെട്ടിരിക്കുന്നു. അവനു നമ്മെ മനസ്സിലാകും
മനപ്പൂർവ്വമായി അത് ചെയ്യുക, മറ്റുള്ളവർ ദൃഷ്ടി മാറ്റാൻ ആഗ്രഹിക്കുമ്പോഴും അതിനെ അഭിമുഖീകരിക്കുക, ദൈവത്തെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും ബഹുമാനിക്കുക, ഓർക്കുക അവൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു.
വസന്തകാലത്തിന്റെ മധ്യത്തിലാണ് ഞാനിത് എഴുതുന്നതെങ്കിലും നിങ്ങൾക്കിതൊരു വസന്തമായിരിക്കണം എന്നില്ല, വർഷത്തിലെ ഏതു സമയമാണെങ്കിലും പ്രശ്നമില്ല. ഋതു ഏതായാലും വ്യസനത്തോടൊപ്പം തങ്ങുന്ന ഒരുതരം തണുപ്പുണ്ട്. പക്ഷേ വ്യസനത്തിന്റെ മാറിമറിയുന്ന കാലാവസ്ഥയിലും അനുഗമിക്കുന്ന മറ്റു സത്യങ്ങളുമുണ്ട് – ഉദയവും സൂര്യന്റെ ചലനവും ഭൂമിയുടെ ഭ്രമണവും പോലെ നിശ്ചയമുള്ളവ. നിങ്ങളുടെ ദൈവമാണ് ഋതുക്കൾ മാറ്റുന്നത്, നിങ്ങളുടെ ശൈത്യകാലത്തിന്റെ മധ്യേ യഥാസ്ഥാനപ്പെടുത്തുവാനും അവനു കഴിയും.
ആകാശത്തെ നിർമ്മിച്ചതും നിലനിർത്തുന്നതും അവന്റെ ബലത്താൽ മാത്രമാണ്, മേഘം അവന്റെ കാല്ക്കീഴിലെ പൊടിയാണ്. മരണം പോലും തലകുനിക്കുന്ന ദൈവം തന്റെ കൈകളുടെ പ്രവൃത്തികൊണ്ട് ഭൂമിക്കു തൃപ്തി വരുത്തുന്നു. അവനു നിങ്ങളുടെ ഊഷരതയുടെ ദാഹത്തെ തൃപ്തിപ്പെടുത്താൻ കഴിയും.
അവൻ സകലത്തെയും യഥാസ്ഥാനപ്പെടുത്തുന്നു—- അവൻ നിങ്ങളെയും യഥാസ്ഥാനപ്പെടുത്തും. ഇപ്പോൾ തന്നെ പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. മുന്തിരിവള്ളി ആവശ്യമുള്ളത് വിതരണം ചെയ്യുന്നു, തോട്ടക്കാരൻ ശ്രദ്ധാപൂർവ്വം ചെത്തി വെടിപ്പാക്കുവാനായി കത്തി വെയ്ക്കുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന വേദന നല്ല ഫലം കായ്ക്കും. പക്ഷേ അവനെ അനുവദിക്കാനായി നിങ്ങൾ ധൈര്യപ്പെടുമോ? അതു സുരക്ഷിതമാണോ? നമുക്കൊന്ന് വിചിന്തനം ചെയ്യാം: യഥാസ്ഥാനപ്പെടുത്തുന്നതിനായി മുറിക്കുന്നത് ഒരു വിചിത്രമായ സംയുക്തം ആണെന്ന് തോന്നിയേക്കാം, പക്ഷേ ദൈവത്തിന്റെ വഴികൾ ഉന്നതമാണ് അതിന്റെ ഫലങ്ങളും അങ്ങനെ തന്നെ.
യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള പ്രസിദ്ധമായ വചനങ്ങളെ ശ്രദ്ധിക്കുക:
ൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നിൽ കായ്ക്കാത്ത കൊമ്പൊക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നതൊക്കെയും അധികം ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു. എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിനു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്!വാൻ കഴികയില്ല” (യോഹന്നാൻ 15:1-2; 4-5).
നോക്കൂ, തോട്ടക്കാരനെ സംബന്ധിച്ച് ഇതു വ്യക്തിപരമാണ്, കാരണം അവന്റെ പുത്രനാണ് മുന്തിരിവള്ളി, നിങ്ങൾ കൊമ്പുകളും. അവന്റെ ഉദ്ദേശ്യങ്ങൾ ബഹുമുഖമാണെങ്കിലും യഥാസ്ഥാപനമാണ് പ്രാഥമിക ലക്ഷ്യം. ഈ കർത്തവ്യം സ്നേഹത്തിലാണ് നടപ്പാക്കുന്നത്, മുറിവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
മുന്തിരിവള്ളികൾ ചെത്തി വെടിപ്പാക്കുന്നത് വള്ളികൾ നിർജ്ജീവാവസ്ഥയിലുള്ള ശിശിരത്തിലാണ്. മറ്റുള്ളവയുടെമേൽ പടരുന്നതോ, രോഗലക്ഷണങ്ങൾ കാണിക്കുന്നതോ, ചുറ്റുമുള്ള കൊമ്പുകളിലേക്ക് രോഗം പകരുന്നതോ ആയ തളിരുകളും കൊമ്പുകളും തിരഞ്ഞെടുത്തു നശിപ്പിക്കാനാണ് ഈ പ്രക്രിയ നടത്തുന്നത്. തനിയെ വിട്ടാൽ മുന്തിരിവള്ളികൾ ആവശ്യത്തിനു കായ്ക്കുന്ന തണ്ടുകൾ” ഇല്ലാതെ ഇടതൂർന്നു വളരും. വായു സഞ്ചാരം തടസ്സപ്പെടുകയും വള്ളിക്ക് ശ്വസിക്കാനാകാതെ വരികയും ചെയ്യും.
നിങ്ങൾക്കറിയാം ആ വികാരം.
കായ്ക്കുന്ന തണ്ടുകൾ വർദ്ധിപ്പിക്കുന്നതിലാണ് തോട്ടക്കാരൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എങ്കിലും തെറ്റായ സമയത്ത് അളവിൽ കവിഞ്ഞുള്ള ഫലങ്ങളും അവൻ അനുവദിക്കുന്നില്ല. അങ്ങനെ ചെയ്താൽ മുന്തിരിക്ക് വളരാനും പൂർണ്ണ പാകമാകുവാനും ആവശ്യമുള്ള ഊർജ്ജം ലഭിക്കാതെവരും.
രണ്ടാമത്തെ ലക്ഷ്യം, കൊമ്പുകളെ വിളവെടുപ്പിനു ഉതകുന്ന രീതിയിൽ വളരാൻ ശീലിപ്പിക്കുകയും, അത് വളരുന്ന ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തി അതിന്റെ ഭാവി ഉറപ്പാക്കുകയുമാണ്. യഥാസ്ഥാപനത്തിനായുള്ള ചെത്തി വെടിപ്പാക്കൽ മുന്തിരിവള്ളിയെ പുനഃസ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രത്യേകിച്ചും കൊടുങ്കാറ്റിനു ശേഷം അതിന്റെ വീണ്ടെടുക്കലും വസന്തകാലത്തിലെ ഉറച്ച വളർച്ചയും ഉറപ്പുവരുത്തുന്നതിനാണിത്. തോട്ടക്കാരൻ ഒരേ സമയം ആർദ്രവാനും ശക്തനുമാണ്; ആത്മവിശ്വാസമുള്ളനും ഉറച്ചതീരുമാനമുള്ളവനുമാണ്. അവനു തന്റെ മുന്തിരിത്തോട്ടത്തിലെ ഓരോ അംഗത്തിന്റെയും” സ്വഭാവഗുണങ്ങളും പ്രവണതകളും അറിയാം. നിങ്ങളോടും നിങ്ങളുടെ വ്യസനത്തോടും അങ്ങനെ തന്നെയാണ്.
നോക്കൂ, യഥാസ്ഥാപനം എടുത്തതിനേക്കാൾ കൂടുതൽ തിരികെത്തരുന്നു. ഇതാണ് വിജയം! മർക്കൊസ് 3 ൽ കാണുന്ന പള്ളിയിലെ മനുഷ്യനെപ്പോലെ, നാം നമ്മുടെ വരണ്ടതും വ്യസനിക്കുന്നതുമായ അസ്തിത്വം നീട്ടുന്നു, യേശു നമ്മെ യഥാസ്ഥാനപ്പെടുത്തുന്നു. ഇതാണ് ദൈവത്തിന്റെ സമൃദ്ധിയുടെ പ്രകൃതം. അവന്റെ യഥാസ്ഥാനപ്പെടുത്തുന്ന കൃപ മരണത്തിന്റെ അതിരുകളെയും കവിഞ്ഞു വ്യാപിക്കുന്നു – കാരണം അവന്റെ സ്നേഹത്തെ അടക്കുവാൻ കഴിയുകയില്ല. ഇതാണ് എഫെസ്യർ 3:20 ൽ പറയുന്ന അത്യന്തപരമായി,” അതിനെ അളക്കുവാൻ കഴിയുകയില്ല.
നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവനു…” (എഫെസ്യർ 3:20).
എന്നാൽ ആദ്യം. . . ചെത്തി വെടിപ്പാക്കലുണ്ട്. പേടിച്ചു പിന്മാറേണ്ട കാര്യമില്ല. ശ്രദ്ധിക്കുക: അവന്റെ ചെത്തി വെടിപ്പാക്കൽ അവന്റെ ആലിംഗനമാണ്, അതിന് ആവശ്യമുള്ളത് നിങ്ങളുടെ സമ്മതം മാത്രമാണ്. ഇതാണ് യോഹന്നാൻ 15 ലെ ”വസിക്കുക” എന്നതിന്റെ അർത്ഥം. ചെത്തി വെടിപ്പാക്കപ്പെടുക എന്നത് വിശ്രമിക്കലാണ്.
ജീവിതത്തിലും വ്യസനത്തിലും പരിചതമായ ചില അവശിഷ്ടങ്ങൾക്ക്, നിങ്ങൾക്ക് പരിചിതമായ പേരുകളാണുള്ളത്, അവ നിങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടവയാണ്. ഇതുവരെ നിങ്ങളിൽ നിന്നും അവയുടെ പിടിത്തം നീക്കുവാൻ നിങ്ങൾക്കു കഴിഞ്ഞിട്ടില്ല. ഇതിനു കാരണം തോട്ടക്കാരൻ നിങ്ങൾക്കുവേണ്ടി ഇതു ചെയ്യുവാൻ, നിങ്ങളെ യഥാസ്ഥാനപ്പെടുത്തുവാൻ, കാത്തിരിക്കുകയാണ്. ഞാൻ അവയിൽ ചിലതിനു പേരുകൾ നൽകാം, പക്ഷേ നിങ്ങൾ ആയിരിക്കണം ചെത്തി വെടിപ്പാക്കുവാൻ അവയെ തോട്ടക്കാരനു സമർപ്പിക്കേണ്ടത്.
നിങ്ങളുടെ വിരലുകൾ ചൂണ്ടുന്നത് നിങ്ങൾക്ക് നേരെയാണെങ്കിലും അല്ല, മറ്റാരുടെയെങ്കിലും നേരെ ആണെങ്കിലും അവയെല്ലാം ചെത്തി വെടിപ്പാക്കലിനു വിധേയമാകണം: നീരസം, കോപം, ക്ഷമിക്കാതിരിക്കൽ, കൈപ്പ്, കുറ്റപ്പെടുത്തൽ, കുറ്റബോധം, വിവേകശൂന്യമായതോ വേദനിപ്പിക്കുന്നതോ ആയ ബന്ധങ്ങൾ, ലൗകികമായ ദുശ്ശീലങ്ങൾ, വ്യാജ ആശ്വാസകർ. ഈ വാക്കുകൾ വായിക്കുന്ന ഉടനെ നിങ്ങൾക്ക് അറിയാം, ഇവയുടെ സാന്നിധ്യം നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും ഞെരുക്കിയിട്ടുണ്ടോ എന്ന്. അവ കൈപ്പുള്ളതും നിങ്ങളുടെ വ്യസനത്തെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മയെയും നിങ്ങളുടെ ഭാവിയെയും കളങ്കപ്പെടുത്തുന്നതുമാണ്. എന്നിട്ടും നിങ്ങൾ അവയുമായി വ്യാജ സമാധാനം ഉണ്ടാക്കി, നിങ്ങൾ അവയെ സുഹൃത്തിനെപ്പോലെ സ്വീകരിക്കുക വരെ ചെയ്തു. നിങ്ങൾ അവയെ ചേർത്തു പിടിച്ചാൽ, അവ നിങ്ങളെ അധിക്ഷേപിക്കുകയും നിങ്ങളുടെ നഷ്ടപ്പെട്ടവരെ അനാദരിക്കുകയും ചെയ്യും. അവ നിങ്ങൾക്കും നിങ്ങളുടെ വ്യസനത്തിനും എതിരായി തിരിയുകയും മറ്റാരെങ്കിലും നിങ്ങളുടെ നഷ്ടത്തിനു വിലകൊടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്യും.
എന്നാൽ അതാണ് കാര്യം – ഒരുവൻ അതു ചെയ്തു.
എന്റെ സുഹൃത്തേ, ഓരോ ഋതുവിലേയും കവിഞ്ഞൊഴുകുന്ന കൃപ നിങ്ങളുടേതാണ്. ജീവിതം സ്ഥായിയായി നിർജ്ജീവമാണെന്ന് ഇപ്പോൾ തോന്നിയാലും നിങ്ങളെ യഥാസ്ഥാനപ്പെടുത്തുമെന്നു തോട്ടക്കാരൻ നൽകിയ വാഗ്ദത്തം ഉറച്ചതാണ്. നിങ്ങളുടെ വ്യസനത്തിന്റെ ദിവ്യഫലം അഭിവൃദ്ധിപ്പെടും, നിങ്ങളുടെ വേരുകൾ ആഴത്തിൽ വളർന്നുകൊണ്ടിരിക്കുകയും നിങ്ങളെ ഉറപ്പിക്കുകയും ചെയ്യും. കാരണം, ഓർക്കുക, തോട്ടക്കാരനെ സംബന്ധിച്ചിടത്തോളം, ഇതു വ്യക്തിപരമാണ്.
”എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിനായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി, ഉറപ്പിച്ചു, ശക്തീകരിക്കും.” (1 പത്രൊസ് 5:10).
ആരും അറിഞ്ഞില്ല, പക്ഷേ ബോബ് അവസാന ശ്വാസം എടുത്ത കട്ടിലിന്റെ വശത്തു കിടന്ന പുതപ്പിനടിയിൽ ഞാൻ കയറി, അദ്ദേഹത്തെ അവസാനമായി സ്പർശിച്ച ആ വസ്ത്രത്തിന്റെ ഇഴകൾ എന്നെ സ്പർശിക്കുന്ന തരത്തിൽ എന്നെത്തന്നെ മൂടി.
ചില വിടവാങ്ങലുകൾ എന്നെന്നേക്കുമായി സമയത്തെ അടയാളപ്പെടുത്തുന്നു, അവ അടുത്ത കാര്യത്തിലേക്കുള്ള രൂപാന്തരം എളുപ്പമാക്കുന്നതുകൊണ്ടല്ല, മറിച്ച് അവ ഒരു ഫിലിമിലെ ശാശ്വതമായ പിഴവ് പോലെയാണ്.
നമ്മുടെ ഗുഡ്ബൈ” എന്ന വാക്ക് അക്ഷരാർത്ഥത്തിൽ ദൈവം നിങ്ങളോടു കൂടെയിരിക്കട്ടെ” എന്നതിൽ നിന്നും വന്നതാണ്. മറ്റു സംസ്കാരങ്ങൾക്ക് അവരുടേതായ വിടവാങ്ങൽ ചടങ്ങുകളുണ്ട്. റഷ്യയിൽ, അതിഥി പുറപ്പെട്ട ഉടനെ അദ്ദേഹം താമസിച്ച മുറി അവർ വൃത്തിയാക്കാറില്ല. തുർക്കിയിൽ, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലിനു ശേഷം, അതിഥികൾ പോകുമ്പോൾ അവരുടെ കാറിനു പിന്നിലായി റോഡിൽ അവർ ഒരു ബക്കറ്റ് വെള്ളം ഒഴിക്കും. യപ്പെട്ടവരെ യാത്രയിൽ സുഗമമായ കൊണ്ടുപോകുകയും സുഗമമായി തിരിച്ചു കൊണ്ടുവരികയും ചെയ്യുന്ന ഒരു നദിയെ സൂചിപ്പിക്കാനായിട്ടാണിത്. തോറാ പഠിച്ചു തീർന്ന ശേഷം യഹൂദർ ഉരുവിടുന്ന ഒരു തരം ഗുഡ്ബൈ ഇങ്ങനെയാണ് ”ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങി വരും,” കാരണം ദൈവത്തിന്റെ കഥയിൽ ഗുഡ്ബൈ ഒരിക്കലും അവസാനമല്ല.
നമ്മിൽ മിക്കപേർക്കും, ഗുഡ്ബൈ പറയുന്നത് നന്നായി തോന്നാറില്ല, എന്നാൽ ദൈവത്തെ നാം ചിത്രത്തിൽ ഉൾപ്പെടുത്തുമ്പോൾ. . .ഗുഡ്ബൈയിലേക്ക് അവന്റെ പരിമിതികളില്ലാത്ത നാമം ചേർത്ത് വിശ്വസിക്കാൻ ധൈര്യപ്പെടുമ്പോൾ. . .കാഴ്ചപ്പാട് മാറുന്നു. സത്യമെന്തെന്നാൽ, പാപമാണ് നമ്മുടെ എല്ലാ ഗുഡ്ബൈകൾക്കും കാരണം. അതാണ് വേർപിരിക്കുന്നത്.
ദൈവം പാപത്തെ വെറുക്കുന്നു കാരണം അത് അവനെ അവന്റെ പ്രിയപ്പെട്ടവരിൽനിന്നു വേർപിരിക്കുന്നു. ആ തരത്തിലുള്ള വേർപാടിന്റെ തീവ്രത നിങ്ങൾക്കും എനിക്കും അറിയാം. പക്ഷേ പാപത്തോടും അത് ഉളവാക്കുന്ന വേർപാടിനോടും ഉള്ള ദൈവത്തിന്റെ വെറുപ്പ് മരണത്തെ അവതാളത്തിലാക്കുന്നു. കരുണയുടെ ചിറകിൽ പിറന്നതാണ് ദൈവത്തിന്റെ ഉത്തരം, അത് വ്യസനത്തെ അനുഗമിക്കുന്ന നിരാശയെ കീഴടക്കുന്നു. തന്റെ പ്രിയപ്പെട്ടവരിൽ നിന്നും ഛേദിക്കപ്പെടുന്നതിന്റെ വികാരമെന്താണെന്ന് ദൈവത്തിനറിയാം. അതിനാൽ നമ്മെ തിരികെ ചേർക്കുവാനായി അചിന്തനീയമായത് അവൻ ചെയ്തു. ”കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നത്” (ലൂക്കൊസ് 19:10). നാളയെക്കുറിച്ചുള്ള പ്രത്യാശയിൽ നിന്നും വാഗ്ദത്തത്തിൽ നിന്നും നമ്മെ വേർപിരിക്കുവാൻ യാതൊരു ഗുഡ്ബൈക്കും കഴിയുകയില്ല.
എന്നിട്ടും ”എന്തുകൊണ്ട്?” എന്നു നമ്മൾ ചോദിക്കുന്നു. ഇതെല്ലാം ഇപ്പോഴും അസഹനീയമാണ്, നമ്മുടെ പരിമിതമായ മനുഷ്യ പ്രകൃതം മൈക്രോഫോണിലേക്ക് ചാഞ്ഞുകൊണ്ട് ചോദ്യം ചോദിക്കുന്നു, ദൈവം നല്ലവനാണെങ്കിൽ..?” ആരെങ്കിലും മുന്നോട്ട് വന്ന് വിശദീകരണം നൽകുവാൻ നാം ആഗ്രഹിക്കുന്നു; ഒരു വിശദീകരണം മതിയാകും എന്ന മട്ടിൽ. അതുകൊണ്ടാണ് യേശു ഒരു ഉത്തരത്തേക്കാൾ അധികം – വളരെ അധികം – നൽകിയത്. കാരണം ജീവിതത്തിലെ ഏറ്റുവും വലിയ എന്തുകൊണ്ട്” എന്നതിനു ലളിതമായ ഉത്തരം മതിയാകില്ല. എന്റെ സുഹൃത്തേ, അതൊരു പ്രശ്നമാണോ? ഉത്തരം ഇനി നിങ്ങൾക്ക് അറിയാമെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവർ മടങ്ങി വരികയില്ല. അതുകൊണ്ടാണ് ദൈവം ഒരു ഉത്തരത്തേക്കാൾ കൂടുതൽ നൽകുന്നത് -—കാരണം, നമുക്ക് ഒരു ഉത്തരത്തേക്കാൾ കൂടുതൽ വേണം! നമ്മുടെ ചോദ്യം ആവശ്യപ്പെടുന്നതിനേക്കാൾ എത്രയോ കൂടുതൽ അവൻ തരുന്നു.
യേശുവിന്റെ ശിഷ്യന്മാരും ഈ ചോദ്യം ചോദിച്ചു. അവൻ എന്തുകൊണ്ട് അവരെ വിട്ടിട്ടു പോകുന്നു എന്നത് അവർക്ക് അംഗീകരിക്കാനോ മനസ്സിലാക്കാനോ കഴിഞ്ഞില്ല; എന്തുകൊണ്ട് അവനു ഗുഡ്ബൈ പറയേണ്ടി വന്നു. യോഹന്നാൻ 16:7 ൽ യേശു പറഞ്ഞു, എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നത് നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയയ്ക്കും.
നമ്മുടെ രക്ഷകന്റെ വിടവാങ്ങലിന്റെ വേദനാജനകമായ പ്രവൃത്തി, സാത്താനെയും മരണത്തെയും എന്നെന്നേക്കുമായി തകർക്കുന്ന മാർഗ്ഗമായി മാറുന്നു. ഇപ്പോൾ നാം ജീവിക്കുന്നത് നമ്മോടൊപ്പം മാത്രമല്ല, നമ്മുടെയുള്ളിലും വസിക്കുന്ന ഏക സത്യ ദൈവത്തോടൊപ്പമാണ്. ഇതാണ് ”ഗുഡ്ബൈ”യുടെമേലുള്ള വിജയം.
സാത്താൻ തിന്മയ്ക്കായി ഉദ്ദേശിച്ചു പരാജയപ്പെട്ടതിനെ ദൈവം നന്മക്കായി വീണ്ടും നെയ്തെടുക്കുക മാത്രമല്ല, തിന്മയുടെ ശ്രമങ്ങൾക്കു തിരിച്ചടിയേൽക്കുകയും ചെയ്തു. മരിക്കാനായി സാത്താൻ വിട്ടിട്ടു പോയതിൽ നിന്ന് ദൈവത്തിന്റെ കൈകളിൽ ഒരു മഹത്തായ കൊയ്ത്ത് ഉയർന്നു വരുന്നു. യേശു ഗുഡ്ബൈ പറഞ്ഞതിനാൽ, ജീവിതത്തിന്റെ ഏറ്റവും മോശം വേദനയിലും കൂടുതലായി ജീവിക്കാൻ നാം പ്രാപ്തരായിരിക്കുന്നു. എന്തൊരു ദാനം!
ഞാൻ ഭൂതകാലത്തിന്റെ പുതപ്പിനടിയിൽ നിന്നും തെന്നി മാറി; നിങ്ങളും അതു ചെയ്യും. നിങ്ങളുടെ തകർന്ന ഹൃദയത്തെ സൗഖ്യപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ ദൈവം ചെയ്യും. ആ കൂടുതലിൽ ജീവിക്കാൻ പഠിക്കുക. ഇതാണ് ഗുഡ്ബൈയിലെ നന്മ.
എന്റെ സുഹൃത്തേ, ഞങ്ങളുടെ സന്ദർശനം വളരെ ഹ്രസ്വമായിരുന്നു, എങ്കിലും നിങ്ങളുടെ ”ഗുഡ്ബൈ”യിലും നന്മ ഉണ്ടാകാമെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾ വസിക്കുകയും നിങ്ങളുടെ നിധി കണ്ടെത്തുകയും ചെയ്യുമ്പോൾ നിങ്ങളുടെ വ്യസനം നിങ്ങളെ പഠിപ്പിച്ചും ശുശ്രൂഷിച്ചും തുടരും. നിങ്ങൾ ചക്രവാളത്തിന്റെ അത്ഭുതം കണ്ടെത്താൻ തുടങ്ങിക്കഴിഞ്ഞു, യാഗപീഠ നിർമ്മാണം തുടങ്ങുവാൻ നദിക്കു കുറുകെ നിങ്ങളോടൊപ്പം നടക്കാൻ സാധിച്ചതിൽ ഞാൻ ബഹുമാനിതയാണ്.
ഇനി, ഇു് നിങ്ങളെ യാത്ര അയയ്ക്കുവാനാണ്: ലൂക്കൊസ് 9 ൽ, തളർന്നിരുന്ന ശിഷ്യന്മാർ, മറ്റെവിടുന്നെങ്കിലും ആഹാരം കണ്ടെത്തുവാൻ ജനക്കൂട്ടത്തെ അയക്കേണം എന്ന് യേശുവിനോട് അപേക്ഷിച്ചു. തങ്ങൾ ഒരു ”മരുഭൂമിയിൽ” ആണെന്നും നൽകാൻ തങ്ങളുടെ പക്കൽ ഒന്നും ഇല്ലെന്നും ശിഷ്യന്മാർ ന്യായീകരിച്ചെങ്കിലും, തകർച്ചയിൽ നിന്നും നൽകുന്നതിന്റെ വിരോധാഭാസം യേശുവിന് അറിയാമായിരുന്നു.
എനിക്കും നിങ്ങൾക്കും അറിയാം ആ വികാരം.
പകരം യേശു പറഞ്ഞു, ”നിങ്ങൾ തന്നെ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ.” സങ്കൽപ്പിക്കുക. യേശു നിങ്ങളോടതു പറയുന്നതായി സങ്കൽപ്പിക്കുക. . .ഇപ്പോൾ തന്നെ നിങ്ങളുടെ മരുഭൂമിയിൽ. നിങ്ങൾ ചിന്തിക്കും, എന്റെ കയ്യിൽ ഒന്നും അവശേഷിക്കുന്നില്ല. ഒന്നും….
പക്ഷേ നിങ്ങളുടെ ഭാരം നിങ്ങളുടെ സമൃദ്ധി ആണെങ്കിലോ? നിങ്ങൾക്ക് അത് ധാരാളമുണ്ട്! ആ ദിവസം യേശുവിന്റെ കയ്യിൽ നിന്നും വന്ന നന്മ ഓർക്കുക, യേശു നൽകിക്കൊണ്ടേ ഇരുന്നു—- അവൻ നിങ്ങൾക്കും നൽകും. എല്ലായ്പ്പോഴും അവരോടു കൂടെയും അവരിലും ഇരിക്കുമെന്ന് ദൈവം നൽകിയ വാഗ്ദത്തം ആയിരുന്നു ആ ദിവസം ”നിറച്ചെടുത്ത” ശേഷിച്ച കഷണങ്ങൾ.
പക്ഷേ അതിന് അത്ഭുതം സംഭവിക്കണം, നിങ്ങൾ പറയും. അതേ. തീർച്ചയായും.
പൗലൊസ് മക്കദോന്യയിലെ സഭകളെക്കുറിച്ച് പറഞ്ഞു, ”കഷ്ടത എന്ന കഠിനശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു.” (2 കൊരിന്ത്യർ 8:2). വിശ്വാസീ, ഒന്നിനും കൊള്ളാത്തത് എന്നു നിങ്ങൾ വിചാരിക്കുന്ന ജീവിതത്തിലെ കഷണങ്ങൾ യഥാർത്ഥത്തിൽ ദാനം ചെയ്യാൻ പറ്റിയ ഭക്ഷണമാണ്. നിങ്ങളുടെ യജമാനൻ നിങ്ങളെ അത്ഭുതപ്പെടുത്തുകയും, സ്നേഹപൂർവ്വം അവയെ തന്റെ രോഗശാന്തിയുടെ സന്തോഷവുമായി കൂട്ടിക്കലർത്തുകയും ചെയ്യും. വ്യസനം നിങ്ങളുടെ സമൃദ്ധമായ സമ്പത്തായി മാറുകയും, മറ്റുള്ളവരിലേക്ക് അത് നിറഞ്ഞുകവിയുകയും ചെയ്യും. എന്തൊക്കെയാണെങ്കിലും അവസാന വാക്ക് മരണത്തിനില്ല, കാരണം ജയത്തിൽ മരണം മുങ്ങിപ്പോയിരിക്കുന്നു.
സുഹൃത്തേ മുറുകെ പിടിക്കൂ. തല ഉയർത്തി നോക്കൂ. ദൈവം സമീപേയുണ്ട്. ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു.
”ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു.” (യെശയ്യാവ് 9:2)
