എനിക്ക് വിഷാദരോഗം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അപരിചിതർക്ക് മാത്രം ഉള്ള എന്തോ ഒന്നായി അത് തോന്നിയിരുന്നു. കുറച്ച് വർഷങ്ങൾക്കു മുമ്പ് എൻ്റെ ഒരു അടുത്ത സുഹൃത്ത് വിഷാദവുമായി പോരാടിയപ്പോൾ പോലും, അവൾ അനുഭവിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞില്ല. ചില ആളുകൾക്ക്, അവർ വേണ്ടത്ര കഠിനമായി ശ്രമിച്ചാൽ മാത്രം ഒടുവിൽ രക്ഷപ്പെടുന്ന, വളരെ നിരാശയുള്ള സമയമായി ഞാൻ അതിനെ കരുതി.
വിഷാദരോഗം വിദൂരമായ ഒരു ആശയമായിരുന്നു, “വിഷാദം” എന്നത് വളരെ നിസ്സാരമായി ദുഃഖം തോന്നുമ്പോൾ ഞാൻ ഉപയോഗിച്ചിരുന്ന വാക്കായിരുന്നു. എനിക്ക് വിഷാദരോഗം മനസ്സിലായില്ല – അത് എനിക്ക് സംഭവിക്കുന്നതു വരെ.
എനിക്ക് വിഷാദം എൻ്റെ തലയ്ക്കു മുകളിൽ ചുറ്റിനിന്ന ഒരു കനത്ത മേഘമായിരുന്നു – അല്ലെങ്കിൽ ആണ്. അത് എൻ്റെ ഹൃദയത്തിൽ ഇഴഞ്ഞു നീങ്ങുന്ന തണുപ്പാണ്, എൻ്റെ കാഴ്ച്ചയെ ഇരുണ്ടതാക്കുന്ന മൂടുപടം ആണ്. അത് സാവധാനവും മരവിപ്പോടെയും നീങ്ങുന്ന ദിവസങ്ങളാണ്, നിറഞ്ഞൊഴുകുന്ന കണ്ണുനീരിൻ്റെയും ചിന്തകളുടെയും രാത്രികളാണ്. സ്കൂളിലും സഭയിലും പുറത്തും ഒരു സാധാരണ മനുഷ്യനെപ്പോലെ പ്രവർത്തിക്കുന്നതായി നടിക്കുമ്പോൾ അത് എൻ്റെ കുടുംബത്തിനെതിരെ ആഞ്ഞടിക്കുകയാണ്. അത് ഒരു നിമിഷം അനിയന്ത്രിതമായി തേങ്ങിക്കരയുകയും മറ്റൊരു നിമിഷം ഒന്നും അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നതാണ്. അത് ഒരു ദിവസം ഞാൻ സുഖം പ്രാപിക്കുന്നുവെന്ന് കരുതുകയും അടുത്ത ദിവസം പൂർണ്ണമായി തകരുമെന്ന് ഞാൻ സ്വയം ചിന്തിക്കുകയും ചെയ്യുന്നതാണ്.
ഞാൻ അനുഭവിക്കുന്നതിന് ഒരു പേരുണ്ടെന്ന് കണ്ടെത്തിയിട്ട് മൂന്ന് മാസങ്ങളായി. എനിക്ക് വിഷാദരോഗമുണ്ട്, ഇതാണ് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്.
മാനസിക വൈകല്യങ്ങളെ ചുറ്റിപ്പറ്റി വളരെയധികം ദുഷ്കീർത്തിയുണ്ട്, ആദ്യമായി ഈ രീതിയിൽ അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ എനിക്ക് ആശയക്കുഴപ്പവും കുറ്റബോധവും തോന്നി. ക്രിസ്ത്യാനികൾ എല്ലായ്പ്പോഴും സന്തുഷ്ടരായിരിക്കേണ്ടതായിരുന്നില്ലേ? എനിക്ക് വിഷാദം ഉണ്ടായിരുന്നുവെങ്കിൽ, അതിനർത്ഥം ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിരുന്നു എന്നാണോ? വിഷാദരോഗം ഉണ്ടായത് ഏതെങ്കിലും തരം പാപമായിരുന്നോ?
ക്രിസ്റ്റ്യാനിറ്റി ടുഡെ യിൽ ഞാൻ കണ്ട ഒരു ലേഖനം ഇങ്ങനെ പറയുന്നു: “ആത്മീയ പ്രശ്നങ്ങൾ – പതിവായതോ ഏറ്റുപറയാത്തതുമായ പാപം, വിശ്വാസമില്ലായ്മ, അല്ലെങ്കിൽ, അപൂർവ്വം സന്ദർഭങ്ങളിൽ, പൈശാചിക ആക്രമണം – എന്നിവ തീർച്ചയായും വിഷാദത്തിന് പ്രേരകമാകുമെങ്കിലും, ആ കാര്യങ്ങൾ മിക്കപ്പോഴും വിഷാദത്തിൻ്റെ ഫലമാണ്, കാരണമല്ല.”
വിഷാദമുള്ളതിൻ്റെ പേരിൽ സ്വയം ശിക്ഷ വിധിക്കരുത്, കാരണം അത് നിങ്ങളുടെ തെറ്റല്ല. ജനിതക ദൗർബല്യം, പ്രധാന ജീവിത സംഭവങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ അല്ലെങ്കിൽ രോഗങ്ങൾ എന്നിവ പോലുള്ള നിരവധി സാധ്യതാ കാരണങ്ങളിൽ നിന്ന് ഉദ്ഭവിച്ചേക്കാവുന്ന ഒരു മാനസിക രോഗത്തിലൂടെയാണ് നിങ്ങൾ കടന്നു പോകുന്നത്. ഒരു പനിക്കോ ഒടിഞ്ഞ കാലിനോ നിങ്ങൾ ആത്മീയ പ്രശ്നങ്ങളെ കുറ്റപ്പെടുത്താത്തതുപോലെ, വിഷാദത്തിനോ മറ്റേതെങ്കിലും മാനസിക രോഗത്തിനോ യാന്ത്രികമായി അത് തന്നെ കരുതരുത്.
എൻ്റെ കാര്യത്തിൽ, ഞാൻ കടന്നു പോയ ഒരു പ്രത്യേക അനുഭവമാണ് എൻ്റെ വിഷാദത്തിന് പ്രേരകമായത്.
എന്നിരുന്നാലും, നിങ്ങളുടെ വിഷാദത്തിന് ആത്മീയ കാരണങ്ങൾ ഉണ്ടായിരിക്കാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങളുടെ പാസ്റ്റ്റോടൊ ക്രിസ്ത്യൻ കൗൺസിലറോടൊ സംസാരിക്കുക.
ഞാൻ തീർത്തും ഒറ്റപ്പെട്ടവളും നികൃഷ്ടയുമാണെന്ന് തോന്നിയ പല രാത്രികളും ഉണ്ടായിരുന്നു. ദുഃഖം എൻ്റെ ചുമലുകൾക്ക് താങ്ങാൻ കഴിയാത്തത്ര ഭാരമുള്ളതായി തോന്നിയ, മരണത്തെക്കുറിച്ചുള്ള ക്ഷണിക ചിന്തകൾ എൻ്റെ മനസ്സിലൂടെ കടന്നുപോയ നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. എൻ്റെ ജീവിതത്തിൻ്റെ എല്ലാ നിറങ്ങളും വറ്റിപ്പോകുകയാണെന്നും എനിക്ക് മുറുകെ പിടിക്കാൻ മറ്റൊന്നും ഇല്ലെന്നും ഞാൻ പാഴായി പോകുകയാണെന്നും എനിക്ക് തോന്നി.
ഏതാനും ആഴ്ച്ചകൾക്കു മുമ്പ്, എൻ്റെ സഭയിലെ പ്രാസംഗികൻ തൻ്റെ പ്രഭാഷണം ഒരു വാചകം കൊണ്ട് അവസാനിപ്പിച്ചു. അത് അന്ന് മുതൽ എൻ്റെ മനസ്സിൽ തങ്ങി നിൽക്കുകയും എനിക്ക് വളരെയധികം ആശ്വാസം നൽകുകയും ചെയ്യുന്നു: ദൈവം നമ്മോടു കൂടെയും നമുക്ക് അനുകൂലമായും ഉണ്ട്.
എല്ലാം അർഥശൂന്യമാണെന്ന് ഇപ്പോൾ നിങ്ങൾക്ക് തോന്നാമെങ്കിലും, ദൈവം ഇതുവരെയും ഇനി എപ്പോഴും പരമാധികാരിയും സർവജ്ഞനും ശക്തനും കൃപാലുവും കാരുണ്യവാനും സ്നേഹവാനും ദയയുള്ളവനും നല്ലവനുമാണെന്ന് ഓർക്കുക.
വിഷാദത്തിന് നിങ്ങളെ ദൈവസ്നേഹത്തിൽ നിന്ന് വേർപിരിപ്പാൻ കഴികയില്ല, അത് മരവിച്ചതു പോലെ നിങ്ങൾക്കു തോന്നുമെങ്കിലും (റോമ. 8:38-39). രാത്രികൾ നീണ്ടതും വിലാപം നിറഞ്ഞതുമാണെങ്കിലും, പ്രഭാതത്തോടൊപ്പം ആനന്ദഘോഷം വരുന്നു എന്ന് ഓർക്കുക (സങ്കീർ. 30:5). നമ്മെ സകല കഷ്ടതകളിലും ആശ്വസിപ്പിക്കുന്ന മനസ്സലിവുള്ള പിതാവും സർവാശ്വാസവും നൽകുന്ന ദൈവവുമാണ് അവിടുന്ന് (2 കൊരി. 1:3).
ദൈവം നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. ഈ യുദ്ധത്തിൽ അവിടുന്ന് നിങ്ങളുടെ പക്ഷത്താണ്. അവിടുന്ന് നിങ്ങളെ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങൾ ആകെ ചെയ്യേണ്ടത് അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുകയും അവിടുത്തെ മുറുകെപ്പിടിക്കുകയും ചെയ്യുക എന്നതാണ്.
ദൈവത്തെക്കുറിച്ചുള്ള ഈ വിലയേറിയ സത്യങ്ങൾ ഓർത്തെടുക്കുന്നതിനുള്ള ഒരു മാർഗം അവയെക്കുറിച്ച് ദിവസേന സ്വയം ഓർമിപ്പിക്കുക എന്നതാണ് – വിഷാദത്തിൻ്റെ ചിന്തകളോടും വികാരങ്ങളോടും മല്ലടിക്കുമ്പോൾ അതിലും ഉപരിയായി.
ദൈവത്തിങ്കലേക്കു തിരിയാൻ പ്രയാസമായിരിക്കും, പ്രത്യേകിച്ചും വിഷാദത്തിൻ്റെ ഭാരം നിങ്ങളുടെ മേൽ ഭാരിച്ചിരിക്കുമ്പോൾ, ബൈബിൾ തുറക്കുന്നതോ ഒരു പ്രാർഥന ചൊല്ലുന്നതോ ഒരു ജോലിയായി തോന്നുന്നു. എനിക്കറിയാം, കാരണം എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട് – ചിലപ്പോൾ ഇപ്പോഴും അങ്ങനെ തോന്നുന്നു.
എൻ്റെ തെറ്റ് എന്നെത്തന്നെ ആശ്വസിപ്പിക്കാനുള്ള മറ്റ് ചെറിയ മാർഗങ്ങളിലേക്ക് തിരിയുക എന്നതായിരുന്നു. എന്നാൽ അത് എൻ്റെ ഹൃദയത്തിലെ വേദനിപ്പിക്കുന്ന ശൂന്യത നികത്താതെ താൽക്കാലികമായി എന്നെ മരവിപ്പിക്കുക മാത്രം ചെയ്യും.
എന്നിട്ടും, നാം അവിടുത്തേക്കു തിരിയാൻ തീരുമാനിക്കുമ്പോൾ ദൈവം നമ്മിൽ അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ഈ സമയത്ത് അവിടുത്തെ വചനം എന്നെ വളരെയധികം ആശ്വസിപ്പിച്ചിട്ടുണ്ട് – പ്രത്യേകിച്ചും ഞാൻ വിരസമായി കണ്ടിരുന്ന സങ്കീർത്തനങ്ങൾ. എന്നാൽ ഇപ്പോൾ, എൻ്റെ കണ്ണുനീരിൻ്റെ നടുവിൽ, തങ്ങളുടെ വലിയ വേദനയിലും മരണത്തിൻ്റെ വക്കിൽ പോലും അവ എഴുതിയ സങ്കീർത്തനക്കാരോട് എനിക്ക് ഒടുവിൽ താദാത്മ്യപ്പെടാൻ കഴിയുന്നു. സങ്കീർത്തനക്കാരുടെ കഷ്ടതയും വേദനയും, അവർ തങ്ങളുടെ കണ്ണുകൾ ദൈവത്തിലേക്ക് തിരിക്കുന്നതും, അവിടുത്തെ വിശ്വസ്തതയും സുദൃഢമായ സ്നേഹവും അനുസ്മരിക്കുന്നതും അവിടുത്തെ ശക്തിയേറിയ കൈയാൽ വിടുവിക്കപ്പെടുന്നതും പറയുന്ന അനേകം സങ്കീർത്തനങ്ങളുണ്ട് (സങ്കീർ. 23, 30, 31, 62, 143).
സകല ബുദ്ധിയെയും കവിയുന്ന സമാധാനം എൻ്റെ ഹൃദയത്തിൽ പകരാൻ ദൈവം ഉപയോഗിച്ചിരുന്ന വചനങ്ങൾ ഞാൻ എഴുതി വച്ച്, വിഷാദത്തിൻ്റെ നിഴലുകൾ പ്രത്യക്ഷപ്പെടുന്നതായി തോന്നുമ്പോൾ അവ പുറത്തെടുത്ത് സ്വയം ഉറക്കെ വായിച്ച് കേൾപ്പിക്കും. എൻ്റെ മൂലക്കല്ല് എന്ന നിലയിലുള്ള ക്രിസ്തുവിൻ്റെ സ്വഭാവത്തെ കേന്ദ്രീകരിച്ചുള്ള ആരാധനാഗീതങ്ങളും ഞാൻ കേട്ടു. അമേരിക്കൻ ക്രിസ്ത്യൻ സംഗീതജ്ഞ സ്റ്റെഫാനി ഗ്രെറ്റ്സിംഗറുടെ ആൽബമായ ദി അൺ ഡൂയിംഗ് – നോട് എനിക്ക് പ്രത്യേകം നന്ദിയുണ്ട്, അത് എന്നോട് പല വിധത്തിൽ സംസാരിച്ചിട്ടുണ്ട്.
പുറത്തേക്കും മുകളിൽ ദൈവത്തിങ്കലേക്കും നോക്കുവാൻ പരിശ്രമം ആവശ്യമായി വന്നേക്കാം. പക്ഷേ, നാം അങ്ങേയറ്റം തീവ്രമായി അന്വേഷിക്കുകയും നമുക്ക് ആവശ്യമുള്ളതുമായ സമാധാനവും സാന്ത്വനവും നൽകാൻ അവിടുത്തേക്കു മാത്രമേ സാധിക്കൂ.
ആദ്യമൊക്കെ എനിക്കെന്താണ് യഥാർത്ഥത്തിൽ അനുഭവപ്പെടുന്നതെന്നോ എന്തിലൂടെയാണ് കടന്നു പോകുന്നതെന്നോ എനിക്ക് വ്യക്തമായി പറയാൻ കഴിഞ്ഞില്ല. എനിക്ക് ആകെ അറിയാവുന്നത്, അകന്നു പോകാത്ത ഒരു അഗാധമായ ദുഃഖത്തെക്കുറിച്ച് ഞാൻ അകാരണമായി കരയുകയും മിക്കവാറും വിലപിക്കുകയും ചെയ്യുന്നു എന്നതാണ്. ഞാൻ എല്ലായ്പോഴും എൻ്റെ കുടുംബവുമായി, പ്രത്യേകിച്ച് എൻ്റെ മാതാപിതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പക്ഷേ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അവരോട് എങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ലെന്നും അതിന് കഴിയില്ലെന്നും ഞാൻ കണ്ടെത്തി.
എൻ്റെ അടുത്ത സുഹൃത്തുക്കളെയും സഭയിലെ എൻ്റെ മെൻ്ററിനെയും ആൻ്റിയെയും സമീപിച്ച് ഞാൻ പറഞ്ഞു, അവരിൽ പലരും എന്നോടൊപ്പം പ്രാർഥിച്ചു. ഞാൻ കാര്യങ്ങൾ മോശമായി എടുക്കുന്ന സമയത്ത് ഞാൻ അപ്പോൾ ശരിക്കും കേൾക്കേണ്ടിയിരുന്ന ബൈബിൾ വചനങ്ങളോ, പാട്ടോ, പ്രോത്സാഹന വാക്കുകളോ എന്നോട് പങ്കുവയ്ക്കാൻ ദൈവം ഈ സഹോദരിമാരെ ഉപയോഗിച്ചിട്ടുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
ഒടുവിൽ ഞാൻ ഒരു ക്രിസ്ത്യൻ കൗൺസിലറിനെ കാണാൻ തുടങ്ങി. കഴിഞ്ഞ രണ്ട് മാസങ്ങളായി, എൻ്റെ വിഷാദത്തിന് കാരണമായിത്തീർന്നിരിക്കാവുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ അവർ എന്നെ സഹായിക്കുന്നു.
നിങ്ങളുടെ ആവശ്യമേറിയ സമയത്ത് നിങ്ങളെ പിന്തുണയ്ക്കാൻ കഴിയുന്ന വിശ്വസ്തരായ സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപിക്കേണ്ടത് പ്രധാനമാണ്. ആവശ്യമെങ്കിൽ നിങ്ങളുടെ വിഷാദം നിലനിൽക്കുകയാണെങ്കിൽ, ഒരു ക്രിസ്തീയ കൺസിലറിനെയോ ഒരു ഡോക്ടറെയോ കാണുന്നതും പരിഗണിക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരോട് പറഞ്ഞ് ഒരു പ്രൊഫഷലിനോട് സംസാരിക്കുന്ന ആദ്യ ചുവട് വയ്ക്കുന്നത് എത്ര ഭയാനകമാണെന്ന് എനിക്കറിയാം. പക്ഷേ, ഞാൻ അത് ചെയ്തതിൽ വളരെ നന്ദിയുള്ളവളാണ്. കാരണം, അവരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ, ഞാൻ ഇപ്പോഴും വളരെ മോശം സ്ഥലത്ത് ആയിരുന്നിരിക്കുമെന്ന് എനിക്കറിയാം.
അന്നു മുതൽ, ദൈവത്തിൻ്റെ നന്മയിലും വിശ്വസ്തതയിലും, അവിടുന്ന് എൻ്റെ വിഷാദത്തിൻ്റെ മൂടൽമഞ്ഞ് മെല്ലെ മെല്ലെ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഈ ദുഷ്കരവും ഇരുണ്ടതുമായ കാലത്തിൽ, അവിടുന്ന് എൻ്റെ വെളിച്ചവും എൻ്റെ ശക്തിയും എൻ്റെ ഗാനവും ആയിരുന്നു. തങ്ങളുടെ പ്രോത്സാഹനത്തിലൂടെയും പിന്തുണയിലൂടെയും പ്രാർത്ഥനകളിലൂടെയും ക്രിസ്തുവിൻ്റെ സ്നേഹം എനിക്ക് കാണിച്ചു തന്ന മനുഷ്യരെ അവിടുന്ന് എൻ്റെ ജീവിതത്തിൽ സ്ഥാപിച്ചിരിക്കുന്നു. ഏറ്റവും പ്രധാനമായി, ഈ പ്രക്രിയയിൽ അവിടുന്ന് ആരാണെന്നതിനെക്കുറിച്ചുള്ള മധുരവും ആഴത്തിലുള്ളതുമായ വിലമതിപ്പ് അവിടുന്ന് എനിക്കു നൽകുകയും, “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നെ, സകലവും നൻമയ്ക്കായികൂടി വ്യാപരിക്കുന്നു” (റോമ. 8:28) എന്ന് മൃദുവായി എന്നോട് വാഗ്ദത്തം ചെയ്യുകയും ചെയ്യുന്നു.
അതിനായി, ഞാൻ അവിടുത്തോട് നന്ദി പറയുന്നു.
നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ലെന്നും ഒരിക്കലും തനിച്ചാകില്ലെന്നും നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ദൈവത്തിൻ്റെ ഒരു പൈതലിനെപ്പോലെ സ്നേഹിക്കപ്പെടുന്നു. അവിടുന്ന് ഇത്രയുംനാളും ഇപ്പോഴും ഇനി എല്ലായ്പോഴും നിങ്ങളോടു കൂടെയും നിങ്ങൾക്കു വേണ്ടിയും ഉണ്ടായിരിക്കും. പ്രിയ സഹോദരീസഹോദരാ, അവിടുത്തെ സ്നേഹത്തിൽ മിണ്ടാതിരുന്ന് വിശ്രമിക്കുക.
നിൻ്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധിവിട്ടു ഞാൻ എവിടേക്ക് ഓടും?
ഞാൻ സ്വർഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്;
പാതാളത്തിൽ എൻ്റെ കിടക്കവിരിച്ചാൽ നീ അവിടെ ഉണ്ട്.
ഞാൻ ഉഷസ്സിൻചിറകു ധരിച്ച്, സമുദ്രത്തിൻ്റെ അറ്റത്തുചെന്നു പാർത്താൽ
അവിടെയും നിൻ്റെ കൈ എന്നെ നടത്തും; നിൻ്റെ വലംകൈ എന്നെ പിടിക്കും.
ഇരുട്ട് എന്നെ മൂടിക്കളയട്ടെ; വെളിച്ചം എൻ്റെ ചുറ്റും രാത്രിയായിത്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല;
രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്ക് ഒരുപോലെതന്നെ.
— സങ്കീർത്തനം 139:7-12