ല്ലാതെ സ്വയ കേന്ദ്രീകൃതമായി മാറിയിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ഔദാര്യം എന്നത് അപൂർവമായി മാത്രം നാം ചിന്തിക്കുന്നതും അതിലും കുറച്ച് മാത്രം പ്രകടിപ്പിക്കുന്നതുമായ കാര്യമായിരിക്കുന്നു. വിശ്വാസികൾക്കും സ്വന്തകാര്യങ്ങളിൽ മുഴുകി മറ്റുള്ളവരെ പരിഗണിക്കാതിരിക്കാൻ സാധ്യതയുണ്ട്. തത്ഫലമായി, ഔദാര്യശീലം എന്നത് യേശുവിനോടുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനഭാവവും രക്ഷയുടെ അവിഭാജ്യ ഘടകവുമാണെന്നത് നാം മറന്നു പോകുന്നു. സുവിശേഷ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും പോലും ദൈവം നമ്മിൽ സാധ്യമാക്കുന്ന രൂപാന്തരത്തിന്റെ ഫലമായി നമ്മുടെ ഉള്ളിൽ നിന്നും ഉത്ഭൂതമാകുന്ന മഹാമനസ്കതയിൽ നിന്നല്ലാതെ, മഹാനിയോഗത്തോടുള്ള സ്വയ കേന്ദ്രീകൃതമായ പ്രതികരണം മാത്രമായിത്തീരാം.

പ്രത്യേകമായി സഭക്കകത്തും ദൈവജനത്തിന്റെയിടയിലും, നാം മനസ്സലിവും ഔദാര്യവും കാണിക്കണമെന്നതു സംബന്ധിച്ച ധാരാളം പഠിപ്പിക്കലുകൾ ബൈബിളിന്റെ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഉണ്ടെന്നത് ,ഒരു പക്ഷേ മുമ്പെന്നത്തേക്കാളുമധികമായി, നാം തിരിച്ചറിയേണ്ട ഒരു കാര്യമാണ്. പഴയ നിയമ കല്‌പനകളെല്ലാം തന്നെ ദൈവജനം ദൈവത്തോടും മറ്റുള്ളവരോടും എങ്ങനെ സ്നേഹം കാണിക്കണമെന്നതിന്റെ വിവരണമാണ്. ന്യായപ്രമാണവും പ്രവാചകന്മാരും പറയുന്നത് ഇത് തന്നെയാണെന്ന് യേശു മത്തായി 22: 37- 40 ൽ പറയുന്നു.

“യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ മനസ്സോടും കൂടെ സ്നേഹിക്കണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോട് സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഈ രണ്ട് കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞു.” ( മത്തായി 22 : 37-40)

പൗലോസ് അപ്പസ്തോലൻ റോമർ 13:8 ൽ ഇത് ആവർത്തിച്ചുറപ്പിക്കുന്നു,” അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടപ്പെട്ടിരിക്കരുത്; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.” ന്യായപ്രമാണങ്ങളെല്ലാം ദൈവത്തെയും ദൈവജനത്തെയും സ്നേഹിക്കുന്നതു സംബന്ധിച്ചാണ്. ദൈവത്തിന്റെ ജനം എന്ന നിലയിൽ എങ്ങനെ ജീവിക്കണം എന്ന് അവ ഇസ്രായേലിനെ പഠിപ്പിക്കുന്നു. ഒരു പ്രത്യേക നിർദ്ദേശമുള്ളത് അവരെ ഈജിപ്തിൽ പീഡിപ്പിച്ചതുപോലെ അവർ മറ്റുള്ളവരെ പീഡിപ്പിക്കരുത് എന്നതാണ്; പകരം അവർ ഔദാര്യമുള്ളവരായി പാവങ്ങളെ ജീവിക്കുവാൻ സഹായിക്കണം.

അതുപോലെ, പുതിയ നിയമത്തിൽ, യേശു പറയുന്നത് പരസ്പര സ്നേഹത്തിലൂടെയാണ് തന്റെ ശിഷ്യരെ തിരിച്ചറിയേണ്ടത് എന്നാണ്.

“നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്നു തന്നെ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും.” (യോഹന്നാൻ 13:34,35)

ഇതിന്റെ പ്രയോഗവത്കരണം നാം ആദിമ യെരുശലേം സഭയിൽ കാണുന്നു. അപ്പ.പ്രവൃത്തി 4:34 പറയുന്നത് ” മുട്ടുള്ളവൻ ആരും അവരിൽ ഉണ്ടായിരുന്നില്ല” എന്നാണ്. കാരണം അവരിൽ അധിക സമ്പത്ത് ഉള്ളവർ മറ്റ് വിശ്വാസികളുടെ ആവശ്യത്തിനായി സ്വമേധയാ ദാനം ചെയ്തു.

പ്രേം കുമാർ ലീ

 1. ഔദാര്യവും സുവിശേഷവും
 2. ഔദാര്യം – പഴയ നിയമത്തിൽ
 3. വ്യക്തിപരമായ ഔദാര്യം
 4. ബന്ധങ്ങളിലെ ഔദാര്യം
 5. ഔദാര്യത്തിലെ വെല്ലുവിളികൾ

banner image

ഔദാര്യമെന്നത് സുവിശേഷത്തിന്റെ ഒരു അടിസ്ഥാന ഘടകമാണ്. ഒരാൾക്ക് ക്രിസ്ത്യാനിയാകാതെ തന്നെ ഔദാര്യവാൻ ആയിരിക്കാം; എന്നാൽ ക്രിസ്ത്യാനിയായിരിക്കെ ഔദാര്യശീലൻ ആകാതിരിക്കാനാകില്ല. അതുകൊണ്ടാണ് ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയിൽ, സുവിശേഷത്തോടുള്ള ക്രിയാത്മക പ്രതികരണത്തെ ഔദാര്യം എന്ന നിലയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

“അതിന് നീതിമാന്മാർ അവനോട്: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിക്കുവാൻ തരികയോ ദാഹിച്ചു കണ്ടിട്ട് കുടിക്കുവാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തു കൊള്ളുകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കുകയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്ന് ഉത്തരം പറയും. രാജാവ് അവരോട്: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു എന്ന് ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് അരുളിച്ചെയ്യും.” (മത്തായി 25: 37-40)

തുടർന്നുള്ള ഭാഗങ്ങളിൽ നാം സുവിശേഷത്തിന്റെ മൂന്ന് തലങ്ങളും അവക്ക് ഔദാര്യവുമായുള്ള ബന്ധവും കാണുന്നതാണ്.

ദരിദ്രർക്കുള്ള സുവിശേഷം

“ദരിദ്രന്മാരോട് സുവിശേഷം അറിയിക്കുവാൻ കർത്താവ് എന്നെ അഭിഷേകം ചെയ്യുകയാൽ അവന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിക്കുവാനും പീഢിതന്മാരെ വിടുവിച്ചയക്കുവാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിക്കുവാനും എന്നെ അയച്ചിരിക്കുന്നു.” (ലൂക്കൊസ് 4: 18, 19)

തന്റെ ശുശ്രൂഷയെ വിവരിക്കുവാൻ യേശു പ്രാരംഭത്തിൽ ഉപയോഗിച്ച വാക്കുകളാണിവ. യേശു ഉദ്ദേശിച്ചത് ആത്മീയമായി ദരിദ്രരും കുരുടരും അടിച്ചമർത്തപ്പെട്ടവരും എന്നാണോ അതോ ശരിക്കും ശരീരത്തിൽ ദാരിദ്ര്യവും അടിമത്തവും അന്ധതയും പീഢനവും അനുഭവിക്കുന്നവർ എന്നാണോ? നമ്മുടെ പൊതു പ്രവണത ഇതിനെ ആത്മീയവത്ക്കരിക്കാനാണ്. യേശു നമ്മുടെ ആത്മീയ പ്രശ്നങ്ങൾ പരിഹരിക്കുന്നവനായി നാം കാണുന്നു: പാപത്തിൽ നിന്ന് രക്ഷിക്കുന്നവനായി വന്നവൻ. സുവിശേഷ സംഭവങ്ങളൊക്കെ ചൂണ്ടിക്കാണിക്കുന്നത് യേശു മനുഷ്യരുടെ ശാരീരികവും ആത്മീയവുമായ പ്രശ്നങ്ങളെയെല്ലാം കൈകാര്യം ചെയ്യുന്നുണ്ട് എന്നതാണെന്ന കാര്യം നാം പെട്ടെന്ന് മറന്ന് പോകുന്നു.

4, 5 അദ്ധ്യായങ്ങളിൽ തുടർന്ന് ലൂക്കൊസ്, യേശുവിന്റെ ഈ പ്രഖ്യാപനം തന്റെ ശുശ്രൂഷയിൽ എങ്ങനെ പ്രാവർത്തികമാകുന്നു എന്ന് കാണിച്ചു തരുന്നു. യേശു ദുരാത്മാക്കളെ പുറത്താക്കുന്നു (ലൂക്കൊസ് 4:31-37), രോഗികളെ സൗഖ്യമാക്കുന്നു (ലൂക്കൊസ് 4:38-41) , പ്രസംഗിക്കുന്നു (ലൂക്കൊസ് 4:42-44) , കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നു (ലൂക്കൊസ് 5:12-16), തളർവാതരോഗിയെ സുഖപ്പെടുത്തുകയും പാപം ക്ഷമിക്കുകയും ചെയ്യുന്നു (ലൂക്കൊസ് 5:17-26), പഠിപ്പിക്കുന്നു (ലൂക്കൊസ് 5: 33-39). യേശുവിന്റെ സമഗ്രമായ ദൗത്യത്തിൽ മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടു എന്ന് ലൂക്കൊസ് വ്യക്തമാക്കുന്നു.

യേശുവിന്റെ ദൗത്യത്തിൽ ശാരീരിക ആവശ്യങ്ങളുടെ തലം കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്ന കാര്യം സ്നാപകയോഹന്നാൻ യേശു തന്നെയാണോ മശിഹാ എന്ന് ഉറപ്പാക്കുന്നതിന് തന്റെ ശിഷ്യരെ യേശുവിന്റെയടുക്കൽ അയച്ച് ചോദിച്ചപ്പോൾ യേശു അവരോട് പറഞ്ഞ മറുപടിയിൽ നാം കാണുന്നുണ്ട്.

“യേശു അവരോട്: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു ; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കുന്നു.” (മത്തായി 11:4, 5)

യേശു കുരുടർക്ക് കാഴ്ചയും മുടന്തർക്ക് നടക്കാൻ കഴിവും കുഷ്ഠരോഗിക്ക് ശുദ്ധിയും മരിച്ചവർക്ക് ജീവനും ഒക്കെ നല്കുമ്പോൾ ദരിദ്രരുടെ കാര്യത്തിൽ അവരുടെ, ഇതു പേലെയുള്ള, നേരിട്ടുള്ള ആവശ്യമല്ലല്ലോ നടത്തി കൊടുക്കുന്നത് ! ദരിദ്രരോട് സുവിശേഷം പ്രസംഗിക്കുകയാണ് ചെയ്യുന്നത്! ഇത് അവരുടെ പ്രശ്നത്തെ എങ്ങനെ പരിഹരിക്കും? എന്നാൽ യോഹന്നാന്റെ ശിഷ്യർക്ക് ഇത് വ്യക്തമായിരുന്നിരിക്കും. ദരിദ്രരുടെ പ്രശ്നങ്ങൾക്ക് പരിഹാരം സുവിശേഷമാണെന്ന് അവർ ഗ്രഹിച്ചു. ഇതെങ്ങനെ എന്നത് വീണ്ടും ചോദ്യമാണ്. 3 വിധത്തിൽ ഇത് സാധ്യമാണ്. സുവിശേഷം കേൾക്കുന്ന ജീവിതം രൂപാന്തരപ്പെടുന്നത് വഴി…

 1. ദരിദ്രരുടെ ജീവിതങ്ങളിൽ നിന്ന് അനാവശ്യമായ ശീലങ്ങൾ മാറിപ്പോകുന്നു.
 2. ദൈവം തന്റെ ജനത്തെ സമ്പന്നരാക്കി അനുഗ്രഹിക്കുന്നു.
 3. ധനികരായവരുടെ ഹൃദയങ്ങളെ വ്യത്യാസപ്പെടുത്തി, ഒപ്പമുള്ള ദരിദ്രർക്ക് തങ്ങളുടെ സമ്പത്ത് പങ്ക് വെക്കാൻ പ്രേരിപ്പിക്കുന്നു.

ആദ്യത്തെ രണ്ട് കാര്യങ്ങളാണ് പ്രധാനപ്പെട്ടത് എങ്കിലും ദാരിദ്ര്യത്തിന്റെ പിടിയിൽ അമർന്നവർക്ക് പുറമെ നിന്നുള്ള സഹായം ഇല്ലാതെ സ്വയം പ്രശ്നപരിഹാരം പ്രായോഗികമല്ല. അങ്ങനെയുള്ളവർക്ക് മൂന്നാമത്തെ കാര്യം അനിവാര്യമാണ്. സുവിശേഷത്തിന്റെ ഈ സ്വാധീനമാണ് അപ്പ.പ്രവൃത്തി 4:33 – 35 ൽ നാം കാണുന്നത്.

“എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു. മുട്ടുള്ളവൻ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥരായവർ ഒക്കെയും അവയെ വിറ്റ് വില കൊണ്ടു വന്ന് അപ്പസ്തോലന്മാരുടെ കാൽക്കൽ വയ്ക്കും; പിന്നെ ഓരോരുത്തന് അവനവന്റെ ആവശ്യം പോലെ വീതിച്ചു കൊടുക്കും.”

ദൈവജനത്തിന്റെ ഇടയിലുള്ള ദരിദ്രരായവർ ഭൗതിക തലത്തിലുള്ള ദാരിദ്ര്യത്തിൽ നിന്ന് മാത്രമല്ല അനീതി, അവഗണന, മനുഷ്യത്വരഹിതമായ പെരുമാറ്റം എന്നിവയിൽ നിന്നെല്ലാം മോചനം പ്രാപിക്കേണ്ടതുണ്ട്. ഇതിനായിട്ടാണ് ക്രിസ്തു അവരുടെ ഹൃദയങ്ങളിൽ വസിക്കുവാൻ വന്നത്. സമാധാനവും നീതിയും പുലരുന്ന ഒരു സമൂഹം സൃഷ്ടിക്കാനാണ് അവൻ വന്നത്. (യെശയ്യാവ് 9:6,7)

ബൈബിൾ അനുസരിച്ചുള്ള സുവിശേഷവത്ക്കരണത്തിന്റെ ലക്ഷണമെന്നത്, അത് “വ്യക്തികളെയും സമൂഹത്തെയും കേവലം രക്ഷിക്കപ്പെടാനുള്ള ആത്മാക്കളായിട്ടല്ല കാണുന്നത്, മറിച്ച്, ശാരീരികവും ഭൗതികവും മനശാസ്ത്രപരവും ആത്മീയവുമായ ആവശ്യങ്ങളുള്ളവരും യേശുവിലൂടെയുള്ള ദൈവസ്നേഹത്തിന്റെ ലക്ഷ്യവുമായ വ്യക്തികളായിട്ട് കാണുന്നു” എന്നതാണ്.

രാജ്യത്തിന്റെ സുവിശേഷം

“അന്നു മുതൽ യേശു: സ്വർഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി.” (മത്തായി 4:17)

യേശു പ്രസംഗിച്ച സുവിശേഷത്തിന്റെ മറ്റൊരു തലം ദൈവരാജ്യം എന്നതാണ്. സുവിശേഷ പുസ്തകങ്ങളിൽ നാം ശ്രദ്ധിക്കുന്ന കാര്യം യേശു നല്കിയത് സ്വർഗത്തിലേക്കുള്ള ക്ഷണം മാത്രമല്ല (യോഹന്നാൻ 3:16) രാജ്യത്തിലേക്കുള്ള ക്ഷണം കൂടെയാണ് (മത്തായി 4:17). ഇത് രണ്ടും ചേർന്നു പോകുന്നവയാണ്. ഒന്നിനെ അവഗണിച്ച് മറ്റേതിനെ പ്രസംഗിക്കാനാകില്ല.

രാജ്യം, അല്ലെങ്കിൽ, ദൈവജനത്തിന്റ സമൂഹം എന്നതാണ് യേശു പ്രഘോഷിച്ച സുവാർത്ത. വന്ന് ഈ സമൂഹത്തിന്റെ ഭാഗമാകാനാണ് ജനങ്ങളെ ക്ഷണിച്ചത്. സുവിശേഷം രാജ്യത്തിലേക്കുള്ള ക്ഷണവും സഭ ഈ രാജ്യത്തിന്റെ പ്രായോഗിക യാഥാർത്ഥ്യവുമായിരിക്കുന്നതിനാൽ സഭയെ മാറ്റി നിർത്തി ഒരു സുവിശേഷമില്ല. യേശുവിനെ അനുഗമിക്കുക എന്നാൽ ക്രിസ്തുവിന്റെ ഈ ശരീരത്തിൽ അംഗങ്ങളായിത്തീർന്ന്, ദരിദ്രരായവർ ഉൾപ്പെടെ മറ്റുള്ളവരോടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുക എന്നതാണ്. ആദിമസഭ അവരുടെ വസ്തുവകകൾ പങ്ക് വെച്ച്, ആവശ്യത്തിലുള്ളവർ ഇല്ലാത്ത വിധം,ഈ സാമൂഹിക ജീവിതം നടപ്പിലാക്കിയ കാര്യം നാം മേൽ ഭാഗത്ത് കണ്ടതാണ്. ആ സാമൂഹ്യബന്ധം നമ്മുടെ സഭകകളിലും യാഥാർത്ഥ്യമാകേണ്ടതാണ്.

“നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും.” (യോഹന്നാൻ 13:35,)
“എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന് മുട്ടുള്ളത് കണ്ടിട്ട് അവനോട് മനസ്സലിവ് കാണിക്കാതിരുന്നാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും? ” ( 1 യോഹന്നാൻ 3:17)

അപ്പസ്തോലനായ യോഹന്നാൻ പറയുന്നത് സ്നേഹവും അനുകമ്പയും ദൈവം വീണ്ടെടുത്ത ജനത്തിന്റെ മുഖമുദ്രയാണെന്നാണ്. അങ്ങനെയായിരിക്കെ, നല്ല സാമ്പത്തിക നിലയിലുള്ള സഭയിലെ ഒരു കുടുംബം ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ പട്ടിണി കിടക്കുന്നുവെങ്കിൽ, ആ കാര്യം നമ്മെ അതിശയിപ്പിക്കേണ്ടതല്ലേ? ഈ സഭയിലെ ജനം ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്ന സുവിശേഷം സ്വീകരിച്ചവരാണോ?

ദൈവരാജ്യമെന്ന സമൂഹത്തിന്റെ മറ്റൊരു പ്രത്യേകത അതിലുൾപ്പെട്ട എല്ലാവരും തുല്യരാണ് എന്നതാണ്; ലോകത്തിൽ അവരുടെ സ്ഥാനമാനങ്ങൾ എന്തായിരുന്നാലും.

“ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു. ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.” (ഗലാത്യർ 3:26 – 28)

നമ്മുടെ സഭകളിൽ ഇത് എത്രത്തോളം യാഥാർത്ഥ്യമാണ്? എന്റെ വീടിനടുത്ത് താമസിക്കുന്ന, വാച്ച്മാൻ ആയി ജോലി ചെയ്യുന്നയാൾ ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് ഒരു കൊള്ളക്കാരൻ ആയിരുന്നു. പക്ഷെ അയാൾക്ക് സഭയിൽ പോകാൻ താല്പര്യമില്ലായിരുന്നു; കാരണം” ദരിദ്രനായ” അദ്ദേഹത്തോട് അവർ മാന്യമായിട്ടല്ല ഇടപെട്ടിരുന്നത്. ഞാൻ താമസിച്ചിരുന്നെ റെയിൽവേ കോളനിയിലെ ഓഫീസർമാരായ വിശ്വാസികൾ റെയിൽവേ കോളനിയിലെ സഭയിൽ പോകുകയില്ലായിരുന്നു; കാരണം അവിടെ വരുന്ന അവരുടെ കീഴ്ജീവനക്കാരോട് മുട്ടിയുരുമ്മാൻ അവർക്ക് താല്പര്യമില്ലായിരുന്നു. അവർ ദൂരെയുള്ള വലുതും സമ്പന്നവുമായ സഭകളിൽ പോകാനാണ് താല്പര്യപ്പെട്ടത്. തന്റെ അടുക്കൽ വന്ന എല്ലാവരെയും കൈക്കൊണ്ട യേശുവിന്റെ ഹൃദയം എവിടെപ്പോയി?

സ്നേഹവും ഔദാര്യവും ഇല്ലാതെ ദൈവരാജ്യം ഇല്ല. ഔദാര്യം എന്നത് പണവും വസ്തുവ വകകളും പങ്കുവെക്കുന്നത് മാത്രമല്ല, ആളുകളെ മഹാമനസ്കതയോടു കൂടി കണ്ട് അംഗീകരിച്ച് കൂടെ ചേർക്കുന്നതാണ്. അവർക്ക് മാന്യതയും വിലയും കല്പിക്കുന്നത് പലപ്പോഴും പണം നല്കുന്നതിനേക്കാൾ വലുതായിരിക്കും.

മാനസാന്തരത്തിന്റെ സുവിശേഷം

“ആ കാലത്ത് യോഹന്നാൻ സ്നാപകൻ വന്നു, യഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു: സ്വർഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ എന്ന് പറഞ്ഞു.”( മത്തായി 3:1, 2)

യേശു സ്ഥാപിക്കുന്ന ദൈവരാജ്യത്തിന്റെ ആസന്നമായ ആഗമനത്തെക്കുറിച്ച് ആദ്യം അറിയിച്ചത് സ്നാപക യോഹന്നാൻ ആയിരുന്നു. സ്വർഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യേശുവും ഇത് തന്നെയാണ് പ്രസംഗിച്ചത് (മത്തായി 4:17).

“മാനസാന്തരപ്പെടുക” എന്നാൽ എന്താണ്? പാപത്തിൽ നിന്ന് തിരിയുന്നതാണ് മാനസാന്തരമെന്ന് നാം സാധാരണ കണക്കാക്കുന്നു. എന്നാൽ യോഹന്നാന്റെ മനസ്സിൽ ഈ ആശയമാണ് ഉണ്ടായിരുന്നതെങ്കിൽ ന്യായപ്രമാണം അക്ഷരം തെറ്റാതെ അനുസരിക്കുന്നു എന്ന് അഭിമാനിച്ചിരുന്ന പരീശന്മാരെ അദ്ദേഹം ശകാരിക്കില്ലായിരുന്നു ( മത്തായി 3:7).

മാനസാന്തരം എന്നതിന്റെ ഗ്രീക്ക് പദം മെറ്റനോയിയ (metanoia) എന്നാണ്. മെറ്റ എന്നാൽ മാറ്റം എന്നും നോയിയ എന്നാൽ മനസ് എന്നുമാണ്. ഒരുവന്റെ ചിന്തയിലുള്ള മാറ്റം എന്നാണ് അർത്ഥം. ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രവൃത്തികളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നവിധം ദൈവത്തോടുള്ള മനോഭാവം വ്യത്യാസപ്പെടണമെന്നാണ് യോഹന്നാൻ ആഹ്വാനം ചെയ്തത്. ഈ മാനസാന്തരത്തിന്റെ തെളിവ് അധികമുള്ളവർ ഇല്ലാത്തവർക്ക് പങ്കുവെക്കുന്നതും അധികാരമുള്ളവർ കീഴിലുള്ളവരെ പീഢിപ്പിക്കുകയോ പിടിച്ചുപറിക്കുകയോ ചെയ്യാതിരിക്കുന്നതുമാണ് (ലൂക്കൊസ് 3:10-14) . അവർ ധനസമ്പാദനമെന്ന ലക്ഷ്യത്തിൽ നിന്ന് മാറി ദൈവത്തിൽ സംതൃപ്തരാകുകയും സമ്പത്ത് ഔദാര്യദാനം ചെയ്യുന്നവരുമായി മാറും.

എന്ത് തരം മാനസാന്തരമാണ് ഇപ്രകാരമുള്ള ജീവിതവ്യതിയാനം സാധ്യമാക്കുന്നത്? യേശു പറഞ്ഞു:

“രണ്ടു യജമാനന്മാരെ സേവിക്കുവാൻ ആർക്കും കഴിയുകയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോട് പറ്റിച്ചേർന്ന് മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിക്കുവാൻ കഴിയുകയില്ല.” (മത്തായി 6:24 )

മാനസാന്തരം ആവശ്യമായ ഒരു മേഖല പണത്തെയോ ഭൗതിക വസ്തുക്കളെയോ സ്നേഹിക്കുന്നതിലാണ്. സമ്പത്തിനെ സേവിക്കുക എന്നാൽ എന്താണ്? നിങ്ങളുടെ ആവശ്യങ്ങൾ സാധിക്കുവാൻ വേണ്ടി അതിൽ വിശ്വാസമർപ്പിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് യേശു പറയുന്നു: നിങ്ങളുടെ കാര്യങ്ങൾ നടത്തുന്നവനായിട്ട് ഒന്നുകിൽ ദൈവത്തെ കാണുക, അല്ലെങ്കിൽ സമ്പത്തിനെ കാണുക. രണ്ട് ആശ്രയങ്ങളും ഒരുമിച്ച് സാദ്ധ്യമല്ല.

യേശു ധനികനായ പ്രമാണിയുമായി സംസാരിക്കുന്ന സംഭവം (മത്തായി 19:16-22) ഈ കാര്യത്തെ ശരിയായി വിശദീകരിക്കുന്നു. സമ്പത്ത് മുഴുവൻ വിറ്റ് ദരിദ്രർക്ക് ദാനം ചെയ്തിട്ട് തന്നെ അനുഗമിക്കുവാൻ യേശു അയാളെ വെല്ലുവിളിക്കുന്നു.

നിശ്ചയമായും യേശു പറഞ്ഞത്, അനുദിന ജീവിത കാര്യങ്ങൾക്ക് പണത്തെ സ്നേഹിച്ചും ആശ്രയിച്ചും കൊണ്ട് ഒരാൾക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ സാധിക്കുകയില്ല എന്നാണ്. അതുകൊണ്ട് പ്രഥമവും പ്രധാനവുമായ മാനസാന്തരം സംഭവിക്കേണ്ടത് നമ്മുടെ വിശ്വാസത്തിന്റെ കാര്യത്തിലാണ്; പണത്തേയും ഭൗതിക വസ്തുക്കളെയും ആശ്രയിക്കുന്നത് നിർത്തി നമ്മുടെ ആശ്രയം പൂർണ്ണമായും യേശുവിൽ അർപ്പിക്കുക. ആശ്രയത്തിന്റെ കാര്യത്തിൽ മാനസാന്തരം സംഭവിച്ചാൽ പാപത്തിന്റെ പ്രവൃത്തികളിൽ നിന്നുള്ള മാനസാന്തരം സ്വാഭാവികമായും സംഭവിക്കും. വിശ്വാസത്തിലുള്ള മാനസാന്തരം രക്ഷയിലേക്ക് നയിക്കുന്നു; പാപത്തിൽ നിന്നുള്ള മാനസാന്തരം വിശുദ്ധീകരണത്തിലേക്കും. രണ്ടും പ്രധാനപ്പെട്ടതാണെങ്കിലും ആദ്യം സംഭവിക്കേണ്ടത് വിശ്വാസത്തിലാണ്.

ഔദാര്യശീലത്തിന്റെ അനിവാര്യത

ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയിൽ രക്ഷിക്കപ്പെടുന്നവർ ഔദാര്യം കാണിച്ചവരാണ്, ശിക്ഷിക്കപ്പെടുന്നവർ ഔദാര്യം കാണിക്കാത്തവരും. ഇതിന്റെയർത്ഥം ആത്മരക്ഷ പ്രവൃത്തികളുടെയടിസ്ഥാനത്തിൽ ആണെന്നാണോ? ഒരിക്കലുമല്ല. ഒരു വ്യക്തി തന്റെ ആശ്രയം ലോകത്തിൽ നിന്നു മാറ്റി യേശുവിൽ വെക്കുമ്പോൾ സ്വാഭാവികമായും അയാൾ ഔദാര്യമനസ്സുള്ളവനായി മാറും. ഒരു വിശ്വാസി ഔദാര്യശീലനായി മാറുന്നില്ലെങ്കിൽ അവനിൽ യഥാർത്ഥ മനസാന്തരവും രക്ഷയും സംഭവിച്ചിട്ടില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

“ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു; കണ്ണ് ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും. കണ്ണ് കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ട് എത്ര വലിയത് ! ” (മത്തായി 6:22, 23)

കേടുള്ള കണ്ണ് എന്നതുകൊണ്ട് എന്താണ് ഉദേശിക്കുന്നത്? ഇവിടെ ഉപയോഗിച്ചിരിക്കുന്ന അതേ ഗ്രീക്ക് വാക്കാണ് മത്തായി 20:15 ൽ മുന്തിരിത്തോട്ടത്തിലെ വേലക്കാരുടെ ഉപമയിൽ കണ്ണുകടി എന്ന് തർജമ ചെയ്തിരിക്കുന്നത്.

“എനിക്കുള്ളതിനെക്കൊണ്ട് മനസ്സുപോലെ ചെയ്യുവാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ട് നിന്റെ കണ്ണുകടിക്കുന്നുവോ?”( മത്തായി 20:15)

മറ്റ് വേലക്കാരുടെ നല്ല ഭാഗ്യത്തിൽ സന്തോഷിക്കുന്നതിനു പകരം നേരത്തെ ജോലിക്ക് നിയോഗിക്കപ്പെട്ട ഇവർ അസൂയയും കോപവും നിറഞ്ഞവരായി തീർന്നു. സദൃശ്യവാക്യം 28:22 ലും ഇതേ ആശയം ഉണ്ട് -” കണ്ണുകടിയുള്ളവൻ” ലുബ്ധനും ഔദാര്യമില്ലാത്തവനും ആകുന്നു. അതുപോലെ” നല്ലത്” എന്നത് പലസ്ഥലത്തും ഔദാര്യമനസ്സുള്ളത് എന്ന നിലയിലും തർജമ ചെയ്തിട്ടുണ്ട്. അതുകൊണ്ട് യേശു പറയുന്നത് നമ്മുടെ ജീവിതം ഔദാര്യമുള്ളതാണെങ്കിൽ വെളിച്ചമുള്ളതായിരിക്കും, പിശുക്കും ഇടുങ്ങിയ മനസ്സും ഉള്ള ജീവിതം ഇരുട്ട് നിറഞ്ഞതുമായിരിക്കും.

അതുകൊണ്ട് ഔദാര്യം എന്നത് ക്രിസ്തീയ ജീവിതത്തിന്റെ സർവ്വപ്രധാനമായ ഭാവമാണ്.

സുവിശേഷത്തിന്റെ താഴെ പറയുന്ന മൂന്ന് തലങ്ങളോടുമുള്ള ഒരു ക്രിസ്ത്യാനിയുടെ പ്രതികരണമാണ് ഔദാര്യം എന്നത്.

 • ദരിദ്രരുടെ ആവശ്യങ്ങളോടുള്ള പ്രതികരണമാണ് സുവിശേഷം എന്നുള്ള യേശുവിന്റെ പ്രഖ്യാപനം
 • സുവിശേഷം സ്വർഗത്തിലേക്കുള്ള ടിക്കറ്റല്ല, ദൈവരാജ്യത്തിലേക്കുള്ള ക്ഷണമാണ്.
 • സമ്പത്ത് കൂട്ടിവെക്കാതെ പങ്കുവെക്കാൻ കഴിയുന്നതിനായി ലോകത്തിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിക്കാനുള്ള ആഹ്വാനമാണ് സുവിശേഷം.

banner image

ദൈവജനം ഔദാര്യം കാണിക്കണമെന്നത് സംബന്ധിച്ച് പഴയനിയമത്തിൽ ധാരാളം പഠിപ്പിക്കലുകൾ ഉണ്ട്.

ജൂബിലി സംബന്ധിച്ച നിയമം

ആവർത്തനപ്പുസ്തകം നോക്കാം. ഇസ്രായേൽക്കാർ നാല് തലമുറകൾ ഈജിപ്തിൽ അടികളായിരുന്നു. അവിടെ അവർ ക്രൂരമായി അടിച്ചമർത്തപ്പെട്ടിരുന്നു. അടിമത്തത്തിൽ നിന്ന് ദൈവം അവരെ വിമോചിച്ചശേഷം ഈജിപ്തിലെ അവരുടെ അടിമത്തകാലം ഓർക്കണമെന്നും അവർ പീഢിപ്പിക്കപ്പെട്ടതുപോലെ മറ്റു ജനതയെ അവർ പീഢിപ്പിക്കരുതെന്നും ദൈവം നിരന്തരം അവരോട് പറയുന്നുണ്ട് (ആവർത്തനം 5:15, 15:15, 24:18, 22). ഇസ്രയേലിൽ ദരിദ്രർ പീഢിപ്പിക്കപ്പെടാതിരിക്കാൻ നിയമങ്ങൾ തന്നെ ഉണ്ടായി. പഴയനിയമ ന്യായപ്രമാണത്തെ ഇപ്പോൾ നാം അക്ഷരാർത്ഥത്തിൽ അനുസരിക്കേണ്ടതില്ലെങ്കിലും അതിന്റെ ആത്മാവ് പ്രസക്തമാണ്.

ഇത് സംബന്ധിച്ച പ്രധാന നിയമങ്ങളിൽ ഒന്ന് കൃഷിസ്ഥലം എന്നേക്കുമായി വില്പന നടത്തരുതെന്നും ഓരോ അമ്പത് വർഷവും തികയുന്ന ജൂബിലി വർഷത്തിൽ ആ സ്ഥലം ആദ്യത്തെ ഉടമസ്ഥന്റെ കുടുംബത്തിന് തിരികെ നല്കണമെന്നും ഉള്ളതാണ്. (ലേവ്യർ 25:13-17)

” ഇങ്ങനെയുള്ള യോബേൽ സംവത്സരത്തിൽ നിങ്ങൾ താന്താന്റെ അവകാശത്തിലേക്ക് മടങ്ങിപ്പോകേണം……
ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുത്. നിന്റെ ദൈവത്തെ ഭയപ്പെടണം:
ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.”(ലേവ്യർ 25:13, 17)

ഇങ്ങനെ ഒരു കുടുംബവും തങ്ങളുടെ ഉപജീവനമാർഗം എന്നേക്കുമായി നഷ്ടപ്പെട്ട് അടിമത്തത്തിലും ദാരിദ്യത്തിലും പെട്ടുപോകുന്നില്ല എന്ന് ഉറപ്പാക്കിയിരുന്നു.

ഇന്ന് ധനസമ്പാദനത്തിനും സാമൂഹ്യ സുരക്ഷിതത്തിനും ഉള്ള പ്രധാന മാർഗം വിദ്യാഭ്യാസമാണ്. അതുകൊണ്ട് പല ഗവൺമെന്റുകളും ഇത് മനസ്സിലാക്കി എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. എങ്കിലും അതിന്റെ ഗുണനിലവാരം എല്ലാവർക്കും ഒരേപോലെ ആയിട്ടില്ല, സമ്പന്നന് ദരിദ്രനേക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യാസം സാധ്യമാകുന്നുണ്ട്. സഭയെന്ന നിലയിൽ, സഭക്കകത്തും പുറത്തും ഈ തുല്യതയില്ലായ്മ പരിഹരിക്കാൻ നമുക്ക് എന്ത് ചെയ്യാനാകും? പണമില്ലാത്തതുകൊണ്ട് വിദ്യാഭ്യാസ സൗകര്യം നഷ്ടപ്പെടുന്ന വിശ്വാസികളുണ്ടോ? നമുക്കവരെ എങ്ങനെ സഹായിക്കാനാകും?

ഒരു കാലത്ത് എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്ന ദൗത്യത്തിൽ സഭ നേതൃത്വം വഹിച്ചിരുന്നു. ഇന്ന് ആ മുൻഗണന നമുക്ക് ഇല്ലാതായിരിക്കുന്നു. കാലങ്ങളോളം സമൂഹം ജാതിയുടെയും വർഗത്തിന്റെയും പേരിൽ തട്ട് തിരിക്കപ്പെട്ടിരുന്നു. ദാരിദ്ര്യം മൂലം ഈ സ്ഥിതിയിൽ നിന്നും സ്വതന്ത്രരാകാൻ കഴിയാതിരുന്നവർക്ക് വിദ്യാഭ്യാസം വിമോചനമേകി. ഇന്ന് വീണ്ടും ഈ വർഗഘടന അതിന്റെ എല്ലാ അനീതികളോടും കൂടെ തിരിച്ചുവരുന്നതായി കാണുന്നുണ്ടെങ്കിൽ അത് പൊതുവിദ്യാഭ്യാസം ബലഹീനമാകുകയും സ്വകാര്യ വിദ്യാഭ്യാസം ചെലവേറിയതാകുകയും ചെയ്തതുകൊണ്ടാണ്. നാം വീണ്ടും ഈ ദൗത്യത്തിൽ ഉൾപ്പെടുകയും ദരിദ്രർക്കും വിദ്യാഭ്യാസം സാധ്യമാക്കുകയും ചെയ്യണം.

കാലാ പെറുക്കലിന്റെ നിയമം

സ്വന്തമായി നിലമോ ഉല്പാദനോപാധികളോ ഇല്ലാത്തവർക്ക് സന്ധാരണത്തിന് സഹായിക്കുന്നതായിരുന്നു കാലാ പെറുക്കുന്നത് സംബന്ധിച്ച നിയമം. ഇതനുസരിച്ച്, സമ്പന്നർ വിളവ് കൊയ്യുമ്പോൾ ചില കതിരുകൾ ദരിദ്രർക്ക് പെറുക്കുന്നതിനായി വിടണമായിരുന്നു.

“നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോൾ വയലിന്റെ അരിക് തീർത്തു കൊയ്യരുത്; കാലാ പെറുക്കയുമരുത്; അത് ദരിദ്രനും പരദേശിക്കും വിട്ടേക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യർ 23: 22)

ദരിദ്രർക്ക് ഭക്ഷണം ലഭിക്കണമെന്നതും അവർ പട്ടിണി കിടക്കരുതെന്നും ഉറപ്പാക്കേണ്ടത് സമ്പന്നരുടെ കടമയാണെന്ന് ഇത് വ്യക്തമാക്കുന്നു. ഈ കടമ നാം എങ്ങനെ നിർവ്വഹിക്കും?

ഔദാര്യം നേരിടുന്ന ഏറ്റവും വലിയ പ്രതിബന്ധം ഔദാര്യം പറ്റുന്നയാളുടെ അർഹത വിലയിരുത്താനുള്ള പ്രവണതയാണ്. ചിലപ്പോഴൊക്കെ ഇത് അനിവാര്യമാണ്; ആളുകളുടെ പ്രത്യക്ഷത്തിലുള്ള ആവശ്യങ്ങളേക്കാൾ യഥാർത്ഥ ആവശ്യമാണ് കാണേണ്ടത് എന്നതൊക്കെ ശരിയാണെങ്കിലും കാലാ പെറുക്കുന്നതു സംബന്ധിച്ച നിയമം ഗുണഭോക്താവിന്റെ യോഗ്യതയൊന്നും നിർണ്ണയിച്ചിട്ടില്ല. ആ വ്യക്തി ഇസ്രായേൽകാരനാകണമെന്നോ എന്തെങ്കിലും പ്രത്യേക യോഗ്യത തെളിയിക്കണമെന്നോ ഒന്നും നിഷ്കർഷിച്ചില്ല. ആകെയുള്ള മാനദണ്ഡം അയാൾ ദരിദ്രനും ആഹാരത്തിന് വകയില്ലാത്തവനും ആയിരിക്കണമെന്നതാണ്.

നാം പലപ്പോഴും ദരിദ്രരും തൊഴിൽ രഹിതരുമായവരെ മടിയന്മാരും അദ്ധ്വാനിക്കാത്തവരും വേണ്ടതുപോലെ പരിശ്രമിക്കാത്തവരും എന്നൊക്കെ വിധിക്കാറുണ്ട്. എന്നാൽ അവർ ജോലി ചെയ്യാത്തതിന്റെ പിന്നിൽ മനശാസ്ത്രപരമായതോ പെട്ടെന്ന് വ്യക്തമല്ലാത്ത മറ്റ് കാരണങ്ങളോ ഒക്കെ ഉണ്ടാകാം. നാം അവരുടെ അനുഭവങ്ങളിലൂടെ കടന്നു പോകാത്തതിനാൽ അവരെ വിധിക്കാനോ നമ്മുടെ ഔദാര്യം സ്വീകരിക്കുന്നതിനുള്ള അവരുടെ യോഗ്യത വിലയിരുത്താനോ പാടില്ലെന്നത് ഓർക്കാം. അവർ സഹായം ആവശ്യമുള്ള വിധം ദരിദ്രരാണെന്നത് മാത്രം മതി നമുക്കവരെ സഹായിക്കാൻ.

ശബ്ബത്ത് വർഷം

“ഏഴേഴ് ആണ്ടു കൂടുമ്പോൾ നീ ഒരു വിമോചനം ആചരിക്കണം.” (ആവർത്തനം 15:1)

മോശെയുടെ നിയമപ്രകാരം ദരിദ്രരായ ഇസ്രായേൽക്കാർക്ക് നല്കുന്ന വായ്പക്ക് പലിശ വാങ്ങാൻ പാടില്ലായിരുന്നു (ലേവ്യർ 25:35-38). അതിലുപരി, ഏഴാം വർഷമായ ശബത്ത് വർഷത്തിൽ തിരിച്ചടക്കാൻ കഴിയാത്ത വായ്പകൾ എഴുതിത്തള്ളണമായിരുന്നു (ആവർത്തനം 15:1-6). അതായത് ആരും സ്ഥിരമായി കടക്കാരനാകരുത്, പലിശ കൂടിക്കൂടി കടബാധ്യത വർദ്ധിക്കുകയുമരുത്. ഇന്ത്യയിൽ നിലനില്ക്കുന്ന അടിമത്ത വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ ഈ നിയമത്തിന്റെ മൂല്യവും മഹത്വവും നമുക്ക് ചിന്തിക്കാനാകും. എന്നിരുന്നാലും നമ്മുടെ മുമ്പിലുള്ള വ്യക്തിപരമായ വെല്ലുവിളിയെന്നത് ആവശ്യത്തിലുള്ളവർക്ക് വായ്പ നൽകാൻ നാം മനസ്സുള്ളവരാണോ എന്നതാണ്. തിരിച്ചു തരാൻ കഴിയാത്തവരുടെ കടങ്ങൾ ഒഴിവാക്കുവാൻ നമുക്ക് മനസ്സുണ്ടോ?

കടം ഒഴിവാക്കി കൊടുക്കുന്നത് കൂടാതെ, കടം വീട്ടാനാകാതെ അടിമകളായി തീരുന്നവരെ ശബത്ത് വർഷത്തിൽ വിമോചിപ്പിക്കണമായിരുന്നു. മോചിപ്പിക്കണം എന്ന് മാത്രമല്ല, അവർക്ക് തുടർന്നു ജീവിതം കെട്ടിപ്പെടുക്കാനാവശ്യമായ വകയും നല്കണമായിരുന്നു (ആവർത്തനം 15:12-18). അതുകൊണ്ട്, ധനികർ ദരിദ്രരെ കരുതണം എന്ന് മാത്രമല്ല, പരാശ്രയം കൂടാതെ സ്വയം ജീവിക്കാനവരെ പര്യാപ്തരാക്കുകയും വേണം.

ഇന്നത്തെ സാഹചര്യത്തിൽ ഇത് എങ്ങനെയാണ് പ്രായോഗികമാകുന്നത്? നമ്മുടെയിടയിൽ അടിമകളിന്നില്ല (ക്രിസ്ത്യാനികളുടെ ഇടയിലെങ്കിലും). എന്നാൽ നമുക്കു വേണ്ടി പണിയെടുക്കുന്ന ദരിദ്രരുണ്ട്. അവർ ആരോഗ്യ പ്രശ്നം, വിവാഹം തുടങ്ങി ഏതെങ്കിലും കാരണത്താൽ നമ്മുടെ അടുക്കൽ നിന്ന് പോകുമ്പോൾ അവരുടെ ഭാവി കാര്യങ്ങൾ സുരക്ഷിതമാണെന്നുറപ്പാക്കാൻ നാം ശ്രദ്ധിക്കാറുണ്ടോ? അതോ അവരുടെ പുതിയ സാഹചര്യത്തിൽ അവർ കൂടുതൽ ദരിദ്രരായി മാറുകയാണോ? ഇതുപോലെ അസംഖ്യം സാഹചര്യങ്ങളുണ്ട് ഈ ആദർശം പ്രയോഗികമാക്കാൻ.

സംഗ്രഹം

ഔദാര്യമെന്നത് പഴയനിയമ മാർഗനിർദ്ദേശങ്ങളുടെ നിർണ്ണായക ഭാവമായിരുന്നെങ്കിൽ ക്രിസ്ത്യാനികളായ നമുക്ക് ഇന്നും അത് സുപ്രധാന മൂല്യം തന്നെയാണ്. ഇസ്രായേൽ രാഷ്ട്രം പലപ്പോഴും ഈ പാഠം മറന്നുപോകുകയും പഴയനിയമ പ്രവാചകന്മാർ ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തുകയും ചെയ്തു. യെശയ്യാവ് 58, യിരെമ്യാവ് 22, ആമോസിന്റെ പുസ്തകം പോലുള്ള ഭാഗങ്ങൾ ദൈവത്തിന് പീഢിതരോടുള്ള താല്പര്യം വ്യക്തമാക്കുന്നു.

banner image

അതുകൊണ്ട്, ദരിദ്രരോടും പീഢിതരോടുമുള്ള താത്പര്യം എന്റെ അനുദിന ജീവിതത്തിൽ എങ്ങനെ പ്രായോഗികമാക്കുന്നു?

നാം കണ്ടുമുട്ടുന്ന ദരിദ്രർ

അനുദിന ജീവിതത്തിൽ നമുക്ക് ദരിദ്രരുമായി നിരന്തര സമ്പർക്കമുണ്ട്. ചിലർ നമ്മുടെ വീടുകളിൽ ജോലി ചെയ്യുന്നു, മറ്റു ചിലരെ കടകളിൽ കണ്ടു മുട്ടുന്നു… അങ്ങനെ നിരവധിപ്പേർ. ദരിദ്രർ എന്ന വിശാല ചിത്രത്തിൽ ഇവരെപ്പോലുള്ളവർ അഗണ്യരായിത്തീരാറുണ്ട്; പ്രശ്നം വിപുലമായതിനാൽ നാമതിന്റെ മുമ്പിൽ നിസ്സഹായരാകാറുമുണ്ട്. എന്നിരുന്നാലും, ദാരിദ്ര്യം എന്ന ആഗോള പ്രശ്നം നമ്മുടെ മുമ്പിൽ നിൽക്കുമ്പോൾ തന്നെ നമ്മുടെ തൊട്ടുനിൽക്കുന്ന ചിലരുടെയെങ്കിലും ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് ചെറിയ മാറ്റം അവരുടെ ജീവിതത്തിൽ വരുത്താൻ നമുക്ക് കഴിയണം.

നമ്മുടെ ചറ്റുപാടുമുള്ള പാവപ്പെട്ടവരുടെ ദയനീയ സ്ഥിതിയിൽ ആശ്വാസമാകുവാൻ നമ്മുടെ ഇടപെടലിനാകും. ഈ ആളുകളെ ദൈവം നമ്മുടെ പക്കലേക്ക് വിടുന്നതാണ്. അതേസമയം തന്നെ ദരിദ്രരുടെ സമഗ്രമായ പ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ഉണ്ടാകുകയും ഏതു വിധത്തിൽ ഇടപെടാനാകുമെന്ന കാഴ്ചപ്പാട് രൂപീകരിക്കുകയും ചെയ്യേണ്ടതുമാണ്. ആളുകളുടെ താല്ക്കാലിക ആവശ്യങ്ങൾ കടന്ന് യഥാർത്ഥ ആവശ്യങ്ങളിലേക്കും നാം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രശ്നങ്ങൾ ചിലപ്പോൾ വക്തിപരമായതാകാം, ചിലപ്പോഴത് സംവിധാനത്തിന്റേതുമാകാം. ഒരു വ്യക്തിക്ക് ജോലി ചെയ്യാൻ വയ്യാത്തതുകൊണ്ട് ദാരിദ്ര്യമുണ്ടാകാം, തൊഴിൽ സാധ്യതകൾ ഇല്ലാത്തതുകൊണ്ടുമാകാം. ഇത് രണ്ടും പരിഗണിച്ച് വ്യത്യസ്തമായി അവയെ സമീപിക്കേണ്ടതുണ്ട്.

ഇന്ത്യയിൽ ദരിദ്ര കുടുംബങ്ങൾ കടബാധ്യതയിൽ അകപ്പെടുന്നത് രോഗം മൂലമോ വിവാഹച്ചെലവ് നിമിത്തമോ ആണ്. ക്രിസ്ത്യാനികൾ എന്ന നിലയിൽ ഈ സാഹചര്യങ്ങളിൽ സഹായഹസ്തം നീട്ടാൻ കഴിഞ്ഞാൽ അവരെ, കടക്കെണിയിൽ തകർന്നു പോകാതെ രക്ഷിക്കാനാകും. സാമ്പത്തിക സ്രോതസ്സുകളെ ശരിയായി വിനിയോഗിക്കാനും കടം ഇല്ലാതെ ജീവിക്കാനും പഠിപ്പിക്കുന്നത് മറ്റൊരു സാധ്യതയാണ്.

നമ്മുടെ സമയം ചെലവഴിക്കാം 

പലപ്പോഴും നമുക്ക് ആളുകളെ സഹായിക്കുന്നതിന് വലിയ പരിമിതിയായിരിക്കുന്നത് പണമല്ല, സമയമാണ്. തിരക്കുള്ള ജീവിതത്തിൽ സമയം കണ്ടെത്തുകയെന്നതിന് വലിയ കഴിവ് തന്നെ വേണം. അതോടൊപ്പം ശരിയായ ചില മനോഭാവങ്ങളും നമുക്കുണ്ടാകണം.

ആദ്യം തന്നെ, സമയം ദൈവത്തിന്റെ ഉദേശ്യങ്ങൾക്കായി ചെലവഴിക്കുന്നതിന് ദൈവം ദാനമായി നല്കിയതാണെന്ന് കണക്കാക്കണം. ശബത്ത് നിയമം നാം ശ്രദ്ധിച്ചപ്പോൾ മനസ്സിലാക്കിയതാണ് വിശ്രമത്തിനും മതിയായ സമയം കണ്ടെത്തണമെന്നത്. നമ്മുടെ സമയം നമ്മുടെ സ്വകാര്യ സ്വത്തല്ലെന്നും ദൈവത്തിന്റെ ഓദാര്യദാനമാണെന്നും മനസ്സിലാക്കുമ്പോൾ നമുക്ക് അത് മറ്റുള്ളവരെ ശുശ്രൂഷിക്കാൻ വേണ്ടി ഉപയോഗിക്കാൻ കുറച്ചു കൂടി സാധിക്കും.

രണ്ടാമത്തെ കാര്യം, പിന്നെത്തേക്ക് മാറ്റിവെക്കാനുള്ള നമ്മുടെ പ്രവണതയുമായി ബന്ധപ്പെട്ടതാണ്. ഇതിനെതിരായി പറയുന്ന നിരവധി സദൃശ്യവാക്യങ്ങളുണ്ട്. വിശ്വാസികൾ എന്ന നിലയിൽ നാം നമ്മുടെ സമയം ഉത്തരവാദിത്വപൂർവം വിനിയോഗിക്കണം. ഞാൻ ചെയ്യാറുള്ള ഒരു കാര്യം, ഇന്ന് ചെയ്യാൻ പറ്റുന്ന എല്ലാം – അത്യാവശ്യമില്ലാത്തതാണെങ്കിൽ കൂടി – നാളത്തേക്ക് മാറ്റിവെക്കാതെ ഇന്നു തന്നെ ചെയ്യുക എന്നതാണ്. അതുവഴി എനിക്ക് നാളെ മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുന്നു.

അവസാനമായി നമുക്കുണ്ടാകേണ്ട മനോഭാവം മറ്റുള്ളവർക്കുവേണ്ടി ത്യാഗം ചെയ്യാൻ മനസ്സുണ്ടാകുക എന്നതാണ്. പലരും തങ്ങളുടെ ഒഴിവ് സമയം മാത്രമാണ് മറ്റുള്ളവർക്കു വേണ്ടി മാറ്റിവെക്കാറുള്ളത്. എന്നാൽ നാം മറ്റുള്ളവർക്ക് ഒരു അനുഗ്രഹമാകണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ നാം ചെയ്യാൻ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങൾ വർജ്ജിച്ചുകൊണ്ടും ആവശ്യങ്ങളിലിരിക്കുന്നവരെ സഹായിക്കാനാകും.

മറ്റുള്ളവർക്കുവേണ്ടി നമ്മുടെ സ്വകാര്യതയെ ത്യജിക്കുന്നത്

മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുവേണ്ടി നമ്മുടെ വീടുകൾ തുറന്ന് കൊടുക്കുന്നത് വളരെ കുറച്ച് പേർ മാത്രം ചെയ്യുന്ന ഒരു ശുശ്രൂഷയാണ്. നമ്മുടെ സ്വകാര്യതയുടെ അവസാന കോട്ടയും നഷ്ടപ്പെടാൻ നാം ആഗ്രഹിക്കുന്നില്ല. വീടിന് പുറത്തുള്ള പരിപാടികൾ കുഴപ്പമില്ല, എന്നാൽ വീട്ടിലേക്ക് ആളുകൾ വരുന്നത് പ്രയാസകരമാണ്.

എന്നാൽ നമ്മുടെ വീടുകൾ നമ്മുടെ സ്വാർത്ഥമായ ഉപയോഗത്തിനുള്ള ഇടങ്ങളായിട്ടല്ല, അവന്റെ രാജ്യത്തിനു വേണ്ടി ഉപയോഗിക്കാനാണ് ദൈവം ദാനം ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ പുതിയ നിയമത്തിൽ ആവർത്തിച്ച് ഊന്നിപ്പറയുന്ന ഒരു കല്പനയാണ് അതിഥിസത്ക്കാരം ചെയ്യണമെന്നത്. (റോമർ 12:13; 1 പത്രൊസ് 4: 9; എബ്രായർ 13:2)

അതിഥിസത്ക്കാരം എന്നത് വല്ലപ്പോഴും വരുന്ന ഒരു അതിഥിക്ക് ഭക്ഷണവും താമസസൗകര്യവും നല്കുന്നതല്ല, മറിച്ച്, ആളുകൾക്ക് വരാൻ അസ്വസ്ഥത തോന്നാത്ത ഒരു ഭവനം ആയിരിക്കുക എന്നതാണ്. ഇങ്ങനെയൊരു തുറന്ന ഭവനം നമുക്കുണ്ടെങ്കിൽ അത് പ്രയാസത്തിലുള്ളവർക്ക് ഒരു അഭയസ്ഥാനവും മനസ്സുതുറക്കാനൊരിടവും ആയിരിക്കും.

രസകരമായ കാര്യം, ഒരു അഴുക്കും പുരളാതെ സൂക്ഷിക്കുന്നതായി ഞാൻ കണ്ടിട്ടുള്ള ഭവനങ്ങൾ വരുന്നവർക്ക് അത്ര സുഖകരമായിരിക്കില്ല. കുറച്ചൊക്കെ ഉപയോഗിച്ച് മുഷിഞ്ഞ വീടുകൾ ( പന്നിക്കൂട് പോലുള്ളതല്ല) ആളുകൾക്ക് കൂടുതൽ സ്വീകാര്യവും മനസ്സു തുറക്കാൻ സ്വാതന്ത്ര്യവും ഉള്ളതായിരിക്കും.
അതിവേഗം ചലിക്കുന്ന ഇന്നത്തെ ലോകത്തിൽ ക്രിസ്തീയ ശുശ്രൂഷയുടെ, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും തിരിച്ചു പിടിക്കേണ്ടതും ആയ ഒരു വശമാണിത്.

നമ്മെ വേദനിപ്പിക്കുന്നവരോട് ക്ഷമിക്കുന്നത്

ഇന്ത്യയിലെ സഭകൾ സംഘർഷം അനുഭവിക്കുന്ന ഒരു മേഖലയാണിത്. മറ്റുള്ളവരുടെ തെറ്റുകൾ, ഉള്ളതാണെങ്കിലും തോന്നലാണെങ്കിലും, അത് ക്ഷമിക്കുവാൻ നമുക്ക് പ്രയാസമാണ്. ഇതൊരു ഗൗരവമായ പ്രശ്നമാണ്. മത്തായി 6:14 ൽ യേശു പറയുന്നത്, നാം മറ്റുള്ളവരോട് ക്ഷമിക്കുന്നില്ലെങ്കിൽ ദൈവം നമ്മോടും ക്ഷമിക്കുകയില്ല എന്നാണ്. ക്ഷമിക്കാത്ത ദാസന്റെ ഉപമയിലും ഈ കാര്യം തന്നെയാണ് ഊന്നിപ്പറയുന്നത്. (മത്തായി 18:21-35).

ക്ഷമിക്കാൻ കഴിയാത്ത സ്ഥിതിയെ രക്ഷിക്കപ്പെടാത്ത അവസ്ഥയോടാണ് യേശു ബന്ധിപ്പിച്ച് പറയുന്നത്. അപ്പോൾ പിന്നെ ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് ക്ഷമിക്കുന്നത് ദുഷ്കരമായിരിക്കുന്നത് എന്തുകൊണ്ടാണ്? അവർ രക്ഷിക്കപ്പെട്ടിട്ടില്ല എന്നതു കൊണ്ടാണോ?

ഇത് ഒരോ ക്രിസ്ത്യാനിയും സ്വയം പരിശോധിച്ച് ഉത്തരം കണ്ടെത്തേണ്ടതാണ്; എങ്കിലും എന്റെ വക്തിപരമായ ബോധ്യം ഇതവർക്ക് വിശ്വാസത്തെക്കുറിച്ചും പാപക്ഷമയെക്കുറിച്ചും ശരിയായ ധാരണ ഇല്ലാത്തതുകൊണ്ടാണെന്നാണ്.

വിശ്വാസം എന്നത് പലർക്കും കേവലം പാപത്തിൽ നിന്നും രക്ഷ നേടാനുള്ള മാർഗമാണ്, അല്ലാതെ ഒരു ജീവിതശൈലിയല്ല. അതുകൊണ്ട് വിശ്വാസത്താലല്ല ജീവിക്കുന്നത്, ലോകത്തിന്റെ രീതികൾ പ്രകാരമാണ്. അപ്പോൾ ലോകത്തിലെ കാര്യങ്ങൾ വളരെ പ്രാധാന്യവും വിലയും ഉള്ളതായി മാറുന്നു. അതുകൊണ്ട് ഈ കാര്യങ്ങളിൽ ആരെങ്കിലും നമുക്ക് ഭീഷണിയാകുമ്പോൾ നാം കോപിക്കുകയും വിരോധം സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ നാം കേവലം ആത്മരക്ഷ നേടാനല്ല,ജീവിതത്തിന്റെ സകല കാര്യങ്ങളും വിശ്വാസത്താൽ ചെയ്യുമ്പോൾ, ഭൗതിക കാര്യങ്ങൾ നമുക്ക് പ്രാധാന്യം കുറഞ്ഞതായി തീരും; നമുക്ക് എളുപ്പത്തിൽ ക്ഷമിക്കാനുമാകും.

അതിലുപരി, ക്ഷമയെന്നത് നമ്മുടെ രക്ഷ ഉറപ്പാക്കുന്ന ഒരു നിയമപരമായ കാര്യമായിട്ടാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്; അല്ലാതെ, ദൈവത്തോടും മനുഷ്യരോടും നല്ല ബന്ധം പുനസ്ഥാപിക്കുന്ന ഒരു പ്രക്രിയ ആയിട്ടല്ല. മധ്യസ്ഥനായ യേശു എനിക്കു വേണ്ടി ഇടപെടുന്നതായി മാത്രം കാണുന്നു. എന്റെ ജീവിതത്തിൽ ഒരു വ്യത്യാസവും ഇല്ല; ശിക്ഷാവിധി നീങ്ങിപ്പോയി എന്നതല്ലാതെ. ഇതല്ല ബൈബിൾ പഠിപ്പിക്കുന്ന പാപക്ഷമ. ദൈവം എന്നോട് പാപം ക്ഷമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ദൈവവുമായി പുതിയ ഒരു ബന്ധം സ്ഥാപിക്കപ്പെടുകയാണ്. അപ്പോൾ ലൗകിക കാര്യങ്ങൾ എന്റെ കാഴ്ചയിൽ പ്രാധാന്യം കുറഞ്ഞതായി തീരുന്നു; ആളുകൾ എന്നോട് എങ്ങനെ പെരുമാറിയാലും എനിക്ക് പ്രശ്നമില്ലാതാകുന്നു; ദൈവം ആണ് നിയന്താവ് എന്ന് എനിക്കറിയാം; അതു കൊണ്ട് എനിക്ക് അവരോട് ക്ഷമിക്കാൻ കഴിയുന്നു.

അതുകൊണ്ടാണ് നിങ്ങൾ മറ്റുള്ളവരോട് ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ദൈവത്തോട് ബന്ധമില്ല എന്നും നിങ്ങൾ രക്ഷ പ്രാപിക്കാത്തവരാണ് എന്നും യേശു പറയുന്നത്.

നാം പാപക്ഷമ തേടുന്നത് കേവലം നരകത്തിൽ പോകാതിരിക്കാൻ വേണ്ടിയല്ല, ദൈവവുമായി നല്ല ബന്ധം ഉണ്ടാകുന്നതിനുവേണ്ടിയാണ് എന്ന് നാം ഗ്രഹിക്കണം. സ്വർഗം എന്നത് യഥാർത്ഥത്തിൽ ഈ ദൈവബന്ധം തന്നെയാണ്, അല്ലാതെ ഒരു സാങ്കല്പിക സ്ഥലമല്ല.

വ്യത്യസ്തരായവരെ അംഗീകരിക്കുന്നത്

ഒരു മനുഷ്യവ്യക്തിത്വം അസംഖ്യം നിറഭേദങ്ങളുള്ളതാണ്; വൈവിധ്യമാർന്ന അനുഭവങ്ങളാലും അവബോധങ്ങളാലും സൃഷ്ടിക്കപ്പെട്ടതുമാണ്. നമ്മുടേതിനോട് ചേർന്നു പോകുന്ന വ്യക്തിത്വമുള്ളവരോട് ഇടപഴകാനും അലോസരമാകുന്നവരെ ഒഴിവാക്കാനും നമുക്ക് പ്രവണതയുണ്ട്; അത് സ്വാഭാവികവുമാണ്.

എന്നാൽ ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം ഒരു അലൗകികമായ മണ്ഡലത്തിലും കൂടിയാണ് ജീവിക്കുന്നത്; നമ്മിൽ നിന്ന് എത്ര വത്യസ്തരായിരുന്നാലും സഭയിലുള്ള എല്ലാവരുമായി നമുക്ക് കൂട്ടായ്മ ബന്ധം ഉണ്ട്. മറ്റ് സംസ്കാരങ്ങളിലും സഭാവിഭാഗങ്ങളിലും ഉള്ളവരുമായിട്ടാകുമ്പോൾ ഇത് ഒന്നുകൂടി യാഥാർത്ഥ്യമാണ്.

നമുക്ക് പ്രതിലോമകരമായ വശങ്ങളെ അവഗണിച്ച്, മറ്റൊരു സംസ്കാരത്തോടും ജനവിഭാഗത്തോടും ചേർന്നു നില്ക്കുന്നത് ഔദാര്യത്തിന്റെ ഒരു വശമാണ്. അവരുടെ എല്ലാ രീതികളോടും നമുക്ക് പൊരുത്തപ്പെടാനാകില്ലായിരിക്കാം. എങ്കിലും നമുക്ക് അവരെ ക്രിസ്ത്യാനികളായി കണ്ട് കൂട്ടായ്മയുടെ കരം നല്കാനാകും. സഭയിലെ ഈ പ്രശ്നം തന്നെയാണ് റോമർ 14 കൈകാര്യം ചെയ്യുന്നത്.

ദൈവജനം എന്ന നിലയിൽ സഭക്ക് വെളിയിലുള്ളവരോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ് അവരോട് സൗഹാർദ്ദവും ആതിഥ്യവും പുലർത്തുക എന്നത്. ഇക്കാര്യത്തിൽ ഔദാര്യത്തിന് വലിയ പ്രാധാന്യമുണ്ട്. മാറിനിന്ന് സാമ്പത്തിക സഹായം ചെയ്യാൻ എളുപ്പമാണ്. എന്നാൽ ആളുകളെ വൈകാരികമായി ചേർത്തുനിർത്തുന്നത് പ്രയാസകരമാണ്. ഒന്നിലും ഉൾപ്പെടാതെ ഒഴിഞ്ഞുമാറിനിന്ന് സഹായം ചെയ്യുന്ന രീതിയല്ല നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ബന്ധങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ സഹായിക്കുകയും വേണം. അങ്ങനെയെങ്കിൽ നമുക്ക് അവരോട് സാക്ഷ്യം വഹിക്കാനുമാകും. സ്വീകാര്യതയുള്ളവരായിരിക്കുക എന്നതാണല്ലോ സാക്ഷ്യം വഹിക്കാനുള്ള ആദ്യ പടി.

മറ്റ് ജീവിത നിലവാരത്തിൽ ഉള്ളവരുമായുള്ള നിങ്ങളുടെ അനുദിന ബന്ധത്തിന്റെ ഗുണനിലവാരം എങ്ങനെയുണ്ട്? നിങ്ങളേക്കാൾ ഉയർന്ന നിലയിലുള്ളവരുടെ പാദസേവ ചെയ്യുന്നവരും താഴ്ന്ന നിലയിലുള്ളവരോട് അധീശത്വഭാവത്തോടെ പെരുമാറുന്നവരും ആണോ? അവരുടെ പ്രതീക്ഷകളും സങ്കടങ്ങളും ആശങ്കകളും ഒക്കെ നിങ്ങൾക്ക് തിരിച്ചറിയാനാകുന്നുണ്ടോ? അതോ ബന്ധം വെറും ഔദ്യോഗികമാണോ? സംസ്കാരങ്ങൾക്കും വിഭാഗങ്ങൾക്കും തലമുറകൾക്കും അതീതമായി സൗഹൃദങ്ങൾ പടുത്തുയർത്താൻ നമുക്ക് എങ്ങനെ മാറ്റങ്ങൾ വരുത്താനാകും?

മറ്റ് സംസ്കാരങ്ങളിലുള്ളവരെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു മനോഭാവം (xenophobia) ലോകമെമ്പാടുമുള്ള നമ്മുടെ സഭകളിൽ നിലനില്ക്കുന്നുണ്ട്; സഭകൾ വംശീയമായ വേർതിരിവ് സൂക്ഷിക്കുന്നു. ചില വേർതിരിവുകൾ ഭാഷാപരമാണെന്നത് മനസ്സിലാക്കാവുന്നതാണ്; എന്നാൽ മറ്റ് ചിലത് വംശവ്യത്യാസം മൂലമാണ്. അതുകൊണ്ടാണ് അമേരിക്കയിൽ , ഒരേ സഭാവിഭാഗവും സംസാര ഭാഷയും ആണെങ്കിൽ പോലും ആഫ്രോ-അമേരിക്കൻ സഭയും ആംഗ്ലോ-സാക്സൻ സഭയും ഇന്ത്യൻ സഭയും ഒക്കെയുള്ളത്. സാംസ്കാരികമായ സൗകര്യം ഉണ്ടാകാമെങ്കിലും സഭയുടെ തലയായ യേശു തന്റെ ശരീരമായ സഭയെക്കുറിച്ച് വിഭാവന ചെയ്തത് ഇതല്ല. അവൻ മരിച്ചത്” വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളയാൻ” വേണ്ടിയാണ് (എഫേസ്യർ 2:14). അവനിൽ സംസ്കാരങ്ങളെ തമ്മിൽ വേർതിരിക്കുന്ന മതിലുകൾ ഒന്നും പാടില്ല; എല്ലാവരും അന്യോന്യം ഉൾക്കൊള്ളേണ്ടതാണ്.

banner image

മനുഷ്യർ ബന്ധങ്ങൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്. ഉല്പത്തി 1:26 ൽ പറയുന്നത് ദൈവം നമ്മെ തന്റെ സ്വരൂപത്തിൽ സ്വഷ്ടിച്ചു എന്നാണ്. മനുഷ്യനെ ആണും പെണ്ണുമായി, അതായത് യുഗ്മമായിട്ടാണ് സൃഷ്ടിച്ചത് എന്ന് തുടർന്ന് വിവരിക്കുന്നു. ദൈവിക ത്രിത്വത്തിൽ സ്നേഹത്തിന്റെ ബന്ധമുള്ളതുപോലെ നമുക്കു തമ്മിലും, പ്രത്യേകമായി ദമ്പതികൾ തമ്മിൽ,  ഇപ്രകാരമുള്ള ബന്ധം ഉണ്ടായിരിക്കണം. ഇതാണ് നമ്മിൽ ഉണ്ടായിരിക്കേണ്ട ദൈവിക സ്വരൂപം.

ശരിയായ ബന്ധങ്ങൾ രൂപപ്പെടുന്നതിന് ഔദാര്യമുള്ള മനസ്സുണ്ടാകണം: തെറ്റുകളെ മറക്കുകയും അന്യോന്യം ക്ഷമിക്കുകയും മറ്റുള്ളവന്റെ നന്മ കാംക്ഷിക്കുകയും ചെയ്യുന്ന മനസ്സ് .എന്നാൽ നമ്മുടെ വീഴ്ച സംഭവിച്ച പ്രകൃതി ഇതിന് തടസ്സമായിത്തീരുന്നു. ശരിയായ വ്യക്തിബന്ധങ്ങൾക്കുള്ള ഈ തടസ്സങ്ങൾ നാം ബോധപൂർവം തിരിച്ചറിഞ്ഞില്ലെങ്കിൽ അവ പരിഹരിച്ച് , ദൈവം വിഭാവന ചെയ്ത കൂട്ടായ്മാബന്ധം അനുഭവിക്കാൻ നമുക്ക് സാധിക്കില്ല.

യാക്കോബ് 4:1-4 ൽ പറയുന്നത്, ഭൗതികവസ്തുക്കളോടുള്ള നമ്മുടെ മനോഭാവം ശരിയാക്കാത്തിടത്തോളം ആളുകളുമായുള്ള നമ്മുടെ ബന്ധം ശരിയാകില്ല എന്നാണ്. അതായത്, ലൗകിക വസ്തുക്കളിലല്ല യേശുവിൽ നമ്മുടെ ആശ്രയം വെക്കുമ്പോൾ ആളുകളെ സാമ്പത്തിക വിഭവങ്ങൾക്കു വേണ്ടിയുള്ള മത്സരത്തിലെ എതിരാളികളായിട്ടല്ല, മറിച്ച്, നാം സഹായിക്കേണ്ടവരായി കണക്കാക്കാൻ നമുക്കാകും. അതുകൊണ്ട് ലൗകിക വസ്തുക്കളോടുള്ള താല്പര്യത്തിന്റെ കാര്യത്തിൽ മാനസാന്തരം വന്നാലേ ആളുകളുമായി നമുക്ക് ശരിയായ ബന്ധം സാധ്യമാകുകയുള്ളു.

അപ്പസ്തോലനായ പത്രോസ് തന്റെ ലേഖനത്തിൽ, ബന്ധങ്ങളിൽ താഴ്മയുള്ളവരായിരിക്കാൻ ആഹ്വാനം ചെയ്യുന്നു. നാം താഴ്മയോടെ, സ്വയം മനസ്സിലാക്കുന്നില്ലെങ്കിൽ മറ്റുള്ളവരെ അംഗീകരിക്കാനും ശരിയായ ബന്ധം സ്ഥാപിക്കാനും കഴിയില്ല. നമ്മെത്തന്നെ ശരിയായി മനസ്സിലാക്കാൻ കഴിയണമെങ്കിൽ യേശുവിനെ അംഗീകരിക്കണം; മനുഷ്യരുടെ സ്വീകാര്യതയല്ല ദൈവത്തിന്റെ അംഗീകാരം തേടണം. യേശുവില്ലെങ്കിൽ നാം നമ്മുടെ പാപത്തിലും കുറ്റബോധത്തിലും ആമഗ്നരായിരിക്കും; മറ്റുള്ളവരെ ഉൾക്കൊള്ളാൻ പ്രയാസവുമായിരിക്കും.

മത്തായി 11:28-30 പറയുന്നത്:

“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിക്കുവിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നു.”

നാം യേശുവിനരികിൽ വരുമ്പോൾ അവൻ നമ്മെ സ്വീകരിക്കുന്നു; അവന്റെ സാന്നിധ്യം നമുക്ക് അനുഭവവേദ്യമാകുന്നു. നമ്മെ നാമായിരിക്കുന്നതുപോലെ അവൻ സ്വീകരിക്കുന്നു. ദൈവം നമ്മെ അംഗീകരിച്ചിരിക്കുന്നു എന്ന് മനസ്സിലായാൽ പിന്നെ മനുഷ്യരുടെ അംഗീകാരം നമ്മുടെ വിഷയമാകില്ല. അംഗീകാരം തേടി നിരാശപ്പെടേണ്ട കാര്യം പിന്നെയില്ല. അപ്പോൾ നമുക്ക് ആളുകളുമായി ആരോഗ്യമുള്ള സ്വാഭാവിക ബന്ധം സാധ്യമാകും.

ഈ വേദഭാഗത്തിന്റെ കാതൽ നാം ക്രിസ്തുവിനരികിൽ ചെല്ലണം എന്നതാണ്. യേശു പറയുന്നു, നാം അവന്റെ നുകം എടുക്കണമെന്ന്. അതായത്, നമുക്കിനി സ്വന്ത താല്പര്യത്തിനനുസരിച്ച് പ്രവർത്തിക്കാനാകില്ല, മറിച്ച്, യേശു തെളിക്കുന്ന വഴിയേ സഞ്ചരിക്കണം. ഇതാണ് യഥാർത്ഥത്തിൽ രക്ഷ. നാം സ്വയത്തിന് മരിച്ച് ക്രിസ്തുവിൽ വീണ്ടും ജനിക്കുമ്പോൾ യേശുവിന്റെ അനുയായികളായി, ക്രിസ്തു ആവശ്യപ്പെടുന്നത് മാത്രം ചെയ്യുന്നവരായിത്തീരുന്നു.

യേശുവിനോടുകൂടെ നടക്കുമ്പോൾ നാം അവനിൽ നിന്ന് പഠിക്കുകയും ജ്ഞാനത്തിലും വിവേകത്തിലും വളരുകയും ചെയ്യുന്നു. അപ്പോൾ നാം ഗ്രഹിക്കുന്ന ഒരു കാര്യം, നാം എന്തായിരിക്കണമോ അതു പോലെ തന്നെയാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് എന്നും അതുകൊണ്ട് മറ്റൊരാളെപ്പോലെയാകാൻ നാം ശ്രമിക്കേണ്ടതില്ല എന്നുമാണ്. വ്യവസായിയായ ആനന്ദ് പിള്ള പറഞ്ഞു:” ദൈവം നമ്മെ ഒരോരുത്തരെയും ഒന്നാം തരമായും അസ്സലായും സൃഷ്ടിച്ചിരിക്കുന്നു; അതുകൊണ്ട് രണ്ടാം തരം പകർപ്പായി മരിക്കരുത്.” ദൈവത്തിന്റെ അസ്സലായ സൃഷ്ടിയായതിൽ നമുക്ക് അഭിമാനിക്കാം. മനുഷ്യനിൽ നിന്നുള്ള അംഗീകാരത്തിനായി ശ്രമിക്കാതെ, നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം സഫലീകരിക്കാം. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവിക ഉദ്ദേശ്യം ഗ്രഹിക്കുന്നത് നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുകയും ദൈവത്തിന്റെ ഭരണവ്യവസ്ഥയിൽ നമ്മുടെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യും.

എന്നിരുന്നാലും,” നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമം പോലെ വെളുക്കും” (ഏശയ്യാ 1:18) എന്നത് നാം അംഗീകരിക്കുന്നില്ലെങ്കിൽ മേല്പറഞ്ഞ അനുഗ്രഹങ്ങൾ അനുഭവിക്കാൻ നമുക്ക് കഴിയില്ല. ദൈവം നമ്മോട് ക്ഷമിച്ചതുകൊണ്ട് നമുക്ക്ന മ്മോടു തന്നെ ക്ഷമിക്കാനാകും. ഭൂതകാലത്തെ പുറകോട്ടെറിഞ്ഞ് നമ്മെ നാമായിരിക്കുന്നതുപോലെ അംഗീകരിക്കാനാകും.

അനേകരും, യേശുവിലുള്ള ആത്മരക്ഷ പ്രാപിച്ചിട്ടും, ജീവിതം കുറ്റബോധത്തിലും ആകുലത്തിലും കഴിക്കുന്നു എന്നത് സങ്കടകരമാണ്. അവർക്ക് സ്വയം അംഗീകരിക്കാൻ കഴിയുന്നില്ല; ജീവിതം അപകർഷതാ ബോധത്തിൽ തള്ളിനീക്കുന്നു.

നിങ്ങൾ കുറ്റബോധത്തിലും സ്വയം മതിപ്പില്ലാതെയുമാണ് ജീവിക്കുന്നതെങ്കിൽ ദൈവത്തിന്റെ വാക്കുകൾ മുഖവിലക്കെടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. അവൻ നിങ്ങളെ സൃഷ്ടിച്ചു (എഫേസ്യർ 2:10). അവൻ നിങ്ങളെ സ്നേഹിക്കുകയും, അവന്റെ നിർണ്ണയ പ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവർക്ക്, അവനെ സ്നേഹിക്കുന്നവർക്ക്, സകലകാര്യങ്ങളും (നല്ലതായാലും ചീത്തയായാലും) നന്മക്കായി തീർക്കുകയും (റോമർ 8:28) ചെയ്യുന്നു.

യേശുവിന്റെ ഈ വാഗ്ദത്തം യാഥാർത്ഥ്യമെന്ന് നിങ്ങൾ അറിയും. അവന്റെ നുകം ലഘുവും മൃദുവും എന്നുമറിയും. ജീവിതം ആനന്ദകരമായ സ്വാതന്ത്ര്യമായി മാറും.

banner image

തന്റെ ശുശ്രൂഷയുടെ അവസാനനാളുകളിൽ, യേശു ശിഷ്യന്മാരെക്കുറിച്ച് പറഞ്ഞു:

“നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു.”( യോഹന്നാൻ 17:18)
“നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങ്ങളെ അയക്കുന്നു” (യോഹന്നാൻ 20: 21)

നാം ഒരോരുത്തരും യേശുവിനെപ്പോലെ അയക്കപ്പെട്ടവരാണെന്നും ഇന്ന് യേശുവിന്റെ പ്രതിനിധികളാണെന്നതും പ്രധാനപ്പെട്ട വസ്തുതയാണ്. നാം ആളുകളെ യേശുവിലേക്ക് ക്ഷണിക്കുന്നതിനുപയോഗിക്കുന്ന പ്രസിദ്ധമായ വാക്യമാണ് മത്തായി 11:28. ആവശ്യങ്ങളിലിരിക്കുന്നവരെ കണ്ടുമുട്ടുമ്പോൾ, അവരോട് യേശുവിന്റെ അടുക്കൽ ചെല്ലാൻ പറയാനാണ് നമുക്കുള്ള പ്രവണത. എന്നാൽ നമ്മെ യേശുവിനെപ്പോലെ അയച്ചിരിക്കുന്നതിനാൽ ആ വാക്യം നാം ഇങ്ങനെ പറയണം”

“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരെ, നിങ്ങൾ എന്റെ അടുക്കൽ വരുവിൻ; എന്നിൽ വസിക്കുന്ന യേശു നിങ്ങൾക്ക് ആശ്വാസം നല്കും.”

ഇത് നമ്മുടെ ജീവിതത്തിൽ സമൂലമായ വ്യതിയാനം വരുത്തും; കൈകാര്യം ചെയ്യുന്നതിനായി ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന സമയവും പണവും മറ്റെല്ലാ വിഭവങ്ങളും നാം പങ്കുവെക്കും. നാം വിശ്വാസികളും യേശുവിനെപ്പോലെ അയക്കപ്പെട്ടവരുമായതിനാൽ നാം ഔദാര്യമുള്ളവരായിരിക്കണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു. ഈ സ്നേഹമാണ് നമ്മുടെ ജീവിതത്തിൽ ന്യായപ്രമാണത്തെ പൂർത്തിയാക്കുന്നത്.

ഇത് എങ്ങനെ ജീവിതത്തിൽ പ്രായോഗികമാക്കാം? നമ്മുടെ ജോലിക്കാർക്ക് മാന്യമായ കൂലി നൽകുന്നുണ്ടെന്ന് കഴിയുന്നിടത്തോളം ഉറപ്പാക്കണം. അവരുടെ ക്ഷേമം നമ്മുടെ പരിഗണനാ വിഷയമായതിനാൽ നമ്മുടെ അയല്ക്കാർ നല്കുന്നതിലും അധികമായ കൂലി നാമവർക്ക് നല്കണം. പ്രതിസന്ധി ഘട്ടങ്ങളിൽ നാം അവരുടെ സഹായത്തിനെത്തണം. പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് സഹായിക്കണം. പരാശ്രിതരായിത്തീരാൻ നാം ആരെയും പ്രോസാഹിപ്പിക്കുന്നില്ലെങ്കിലും അടിയന്തിരഘട്ടങ്ങളിൽ നാം മനുഷ്യരെ സഹായിക്കണം.

ലോകത്തിൽ യേശുവിന്റെ പ്രതിനിധികളാണ് നാം. യേശു ആളുകളെ അവരുടെ ബലഹീനതകളിൽ സഹായിച്ചതുപോലെ നാമും ആളുകളുടെ അടുക്കലെത്തണം. നിങ്ങൾ ഇഷ്ടപ്പെടാത്തവരെയും വ്യത്യസ്തരായവരെയും സ്നേഹിതരാക്കാൻ നിങ്ങൾക്ക് കഴിയുമോ? ഞാൻ ഒരു മദ്യപാനിയും പുകവലിക്കാരനും ആയിട്ടും എന്റെ ഭാര്യ എന്നെ സ്വീകരിച്ചത് പിന്നീട് ക്രിസ്തുവിന്റെ സ്നേഹം ജീവിതത്തിൽ അറിയാൻ എന്നെ സഹായിച്ചു. വ്യഭിചാരത്തിൽ (അവിഹിത ബന്ധത്തിൽ) പിടിക്കപ്പെട്ട സ്ത്രീയെ യേശു അംഗീകരിച്ചത് അവളെ വ്യത്യാസപ്പെടുത്തി. നിങ്ങളും ഇതുപോലെ ആളുകളെ അംഗീകരിക്കുമോ?

നമ്മുടെ വിളി ആളുകളിലേക്ക് ഇറങ്ങിച്ചെന്ന്, അവരെ സൗഖ്യമാക്കാനാണ്. നമ്മുടെ വിളി അധികമധികമായി ക്രിസ്തുവിനെപ്പോലെ ആയിത്തീരാൻ അന്യോന്യം പ്രോത്സാഹിപ്പിക്കാനാണ്. ദൈവരാജ്യത്തിൽ ഒരോരുത്തരെയും പണിതുയർത്തുന്നതിന് അന്യോന്യം നമുക്ക് എങ്ങനെ പ്രോത്സാഹനമായിത്തീരാം?

ചിലപ്പോൾ ദുരനുഭവങ്ങൾ ഉണ്ടായേക്കാം. നിങ്ങൾ ഔദാര്യത്തോടെ ഇടപെട്ടവർ നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. ഞാനൊരിക്കൽ മാസത്തവണകളായി തിരിച്ചു തരണമെന്ന വ്യവസ്ഥയിൽ ഒരു കുടുംബത്തിന് സാമ്പത്തിക സഹായം ചെയ്തു. ചില മാസങ്ങൾ കഴിഞ്ഞപ്പോൾ തിരിച്ചു തരൽ നിന്നു പോയി. കുറെക്കാലം കഴിഞ്ഞ് അവർ ഞങ്ങളെക്കാൾ ധനികരായി തീർന്നു. പക്ഷെ, ഞങ്ങളുടെ പണം തിരികെ തന്നില്ല. ഇനിയും വൈകുന്നതിന് കാരണങ്ങൾ ഉണ്ടായേക്കാം. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ തന്നെയാണ്. പക്ഷെ, ഈ പണത്തെക്കുറിച്ച് ഒരു പരാമർശവുമില്ല, തിരിച്ച് തന്നിട്ടുമില്ല.

ഔദാര്യം പ്രകടിപ്പിക്കുന്നതിൽ നിന്ന് നമ്മെ തടയുന്ന ഇത്തരം ദുരനുഭവങ്ങൾ ദൈവിക പ്രകൃതി പങ്കുവെക്കുന്നതിൽ നിന്നും നമ്മെ തടയാൻ പിശാച് കൊണ്ടു വരുന്നതാണ്. മറ്റുള്ളവർ എന്ത് ചെയ്താലും നാം ഔദാര്യശീലം കൈവെടിയരുത്. ഔദാര്യത്തിന്റെ പാതയിൽ പുരോഗമിക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അങ്ങനെ നിങ്ങൾ അനേകർക്ക് വലിയ അനുഗ്രഹമായിത്തീരട്ടെ.