2004-ൽ ശ്രീലങ്കയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും സുനാമി ആഞ്ഞടിച്ചപ്പോൾ, “യൂത്ത് ഫോർ ക്രൈസ്റ്റ്” പ്രസ്ഥാനത്തിന്റെ അന്നത്തെ നാഷണൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ച അജിത് ഫെർണാൻഡോ താൻ നേരിൽ കണ്ട കഷ്ടതയെ ആധാരമാക്കി രചിച്ച ലഘുലേഖ ആയിരുന്നു “സുനാമിക്ക് ശേഷം.” പിന്നീട് അമേരിക്കയിലെ ഗൾഫ് തീരത്ത് ശക്തമായി ആഞ്ഞടിച്ച കത്രീന, റീത്താ ചുഴലിക്കാറ്റുകൾക്ക് ശേഷം ഇതേ പുസ്തകം പരിഷ്കരിച്ച് ഉപയോഗിക്കുകയുണ്ടായി.

വിവരിക്കാനാകാത്ത വിപത്തുകളും ദുരന്തങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നവർക്ക് ഈ പുസ്തകം കാലാതീതമായ സന്ദേശം നൽകുന്നു. അതിനാൽ കോവിഡ്-19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ പുസ്തകം ഒരിക്കൽക്കൂടി നിങ്ങളുടെ കൈകളിൽ എത്തിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നു.

ലോകമൊട്ടാകെ അനേകായിരം പേർക്ക് അനുഗ്രഹമായി തീർന്നതു പോലെ ഈ പുസ്തകം നിങ്ങൾക്കും അനുഗ്രഹമായിരിക്കട്ടെ.

~നോയൽ ബെർമൻ

രചയിതാവിൽ നിന്നുമൊരു വാക്ക്

നഗരങ്ങളും, രാജ്യങ്ങളും, ആഗോള ദുരന്തങ്ങളും നമ്മെ പിടിച്ചുലയ്ക്കുന്ന ഈ സാഹചര്യത്തിൽ, പുതുശക്തിക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ക്രിസ്ത്യാനികൾ വേദപുസ്തകത്തിലേക്ക് ഉറ്റുനോക്കേണം. കഷ്ടപ്പാടിലും, പ്രതിസന്ധിയിലും പെട്ടുഴലുന്ന ദുരന്തമുഖത്തുള്ളവർക്ക് ക്രിസ്തുവിന്റെ സ്നേഹത്തിലേക്കുള്ള വഴികാട്ടിയാവണം നമ്മൾ. കഷ്ടതകളിലും, പ്രതിസന്ധികളിലും ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് ബൈബിൾ അധിഷ്ഠിത മൂല്യങ്ങൾ അനുസരിച്ച് എങ്ങനെയെല്ലാം പ്രവർത്തിക്കാൻ കഴിയുമെന്നതിന്റെ ഉത്തരമാണ് ഈ ലഘു പുസ്തകം. ദുരിതമനുഭവിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പുസ്തകം പ്രചോദനമാകും എന്ന് ഞാൻ ആഗ്രഹിക്കുന്നു.

~അജിത് ഫെർണാൻഡോ

പുതുശക്തിക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി നാം വേദപുസ്തകത്തിലേക്ക് ഉറ്റുനോക്കേണം

banner image

കരയുവാൻ ഒരു കാലം, ചിരിക്കുവാൻ ഒരു കാലം, വിലപിക്കുവാൻ ഒരു കാലം, നൃത്തം ചെയ്യുവാൻ ഒരു കാലം”(സഭാ. 3:4) എന്നു വചനം പ്രസ്താവിക്കുന്നു. ദുരന്തങ്ങൾ നേരിടുന്ന സമയം തീർച്ചയായും വിലപിക്കുവാനും കരയുവാനും ഉള്ള കാലമാണ്.

വേദപുസ്തകത്തിൽ, വിലാപങ്ങൾ എന്ന് വിളിക്കപ്പെടുന്ന പുസ്തകത്തിൽ, ദൈവത്തിന്റെ വിശ്വസ്തരായ ആളുകൾ, അവർ അനുഭവിക്കുന്ന കഷ്ടങ്ങളെക്കുറിച്ച് ദു:ഖിക്കുകയും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അനർത്ഥങ്ങൾ അനുവദിക്കുന്നത് എന്ന് ദൈവത്തോട് ചോദിക്കുകയും ചെയ്യുന്നു. അതിൽ ചില വിലാപങ്ങൾ, കഷ്ടത അനുഭവിക്കുന്ന വ്യക്തികളിൽ aവ്യക്തികളിൽ നിന്നാണ്. വിലാപങ്ങൾ എന്ന ഈ പുസ്തകം മുഴുവൻ, കഷ്ടം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപത്തിനായി ബൈബിളിൽ നീക്കിവച്ചിരിക്കുന്ന പുസ്തകമാണ്.

“അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാർ നിമിത്തം രാവും പകലും കരയേണ്ടതിന് എന്റെ തല വെള്ളവും എന്റെ കണ്ണ് കണ്ണുനീരുറവയും ആയിരുന്നെങ്കിൽ കൊള്ളായിരുന്നു!” (യിരെ. 9:1) എന്ന് യിരെമ്യാവ് വിലപിച്ചു കരയുന്നു. ആത്മഭാരത്തോടെ വേദന നിറഞ്ഞ മനസ്സുമായി അവൻ വിലപിക്കുന്നു. ഈ പ്രസ്താവനയെ തുടർന്നുള്ള യിരെമ്യാവിന്റെ വാക്കുകൾ, വിലാപങ്ങൾ നമ്മുടെ ആത്മാവിനെ സുഖപ്പെടുത്താൻ സഹായിക്കും എന്നു കാട്ടിത്തരുന്നു.

നാം നമ്മുടെ കുടുംബത്തിനായി, സമൂഹത്തിനായി, രാജ്യത്തിനായി വേദനയോടെ പോരാടുമ്പോൾ, നമ്മുടെ ദുഖം പ്രകടിപ്പിക്കുന്നതു വഴി, നമ്മുടെ സമ്മർദ്ദം കുറയുന്നു, നാം മറ്റുള്ളവർക്ക് പ്രയോജനം ആയിത്തീരുന്നു.

നെഹമ്യാവിനു സംഭവിച്ചതും ഇതുതന്നെയായിരുന്നു. യെരൂശലേമിന്റെ കഷ്ടതയും നിസ്സഹായാവസ്ഥയും അറിഞ്ഞപ്പോൾ അവൻ വിലപിച്ചു കരഞ്ഞു, തന്റെ മുഖത്ത് നിഴലിട്ട വിഷാദം രാജാവ് കാണുവോളം, അനേകം ദിവസങ്ങൾ ഉപവാസത്തോടെ പ്രാർത്ഥനാനിരതനായിരുന്നു. എന്നാൽ വിലാപകാലങ്ങൾക്കു ശേഷം അവൻ കർമ്മനിരതനായി. തന്റെ സമർത്ഥമായ നേതൃത്വപാടവം കൊണ്ട് ദേശത്തിനു നായകനായി മാറിയ നെഹമ്യാവ് 2500 വർഷങ്ങൾക്കിപ്പുറവും ഉദാത്തമായ മാതൃക കാട്ടിത്തരുന്നു.

ബൈബിളിൽ, ആളുകൾ അവരുടെ സങ്കടങ്ങൾ പലതരത്തിൽ പ്രകടിപ്പിച്ചിരുന്നതായി നാം കാണുന്നു: ഉപവാസം അനുഷ്ഠിച്ച് (2 ശമു.1:12), ചാക്കുശീലയുടുത്ത് (ഉല്പ.37:34; 2 ശമു.3:31), വെണ്ണീർ വാരിയിട്ടും കൊണ്ട് (എസ്തേ.4:1-3; യിരെ.6:26; 25:34), ഇങ്ങനെ പല വിധത്തിൽ. ഇപ്രകാരം നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിൽ ദുഃഖം പ്രകടിപ്പിക്കാനുള്ള വഴികൾ നാം കണ്ടെത്തുന്നതു നന്നായിരിക്കും.

തീർച്ചയായും ദുരന്തങ്ങൾക്ക് നടുവിൽപെട്ട കുടുംബത്തിനായി, സമൂഹത്തിനായി, രാജ്യത്തിനായി നാം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതു ഏറ്റവും നല്ല കാര്യമാണ്. ശ്രീലങ്കയിൽ ആഞ്ഞടിച്ച സുനാമിക്ക് ശേഷം അവിടുത്തെ ജനങ്ങൾ ദുഃഖാചരണത്തിന്റെ ഭാഗമായി അന്തരീക്ഷത്തിൽ വെള്ള നിറമാർന്ന പതാകകൾ ഉയർത്തിയിരുന്നു. ഓരോ സംസ്കാരങ്ങളും അവരുടെ തനതായ ശൈലിയിൽ ദുഃഖം പ്രകടിപ്പിക്കുന്നു.

ബാലയായ തബീഥാ മരിച്ചശേഷം പത്രോസ് അവളുടെ വീട്ടിൽ ചെന്നപ്പോൾ, “അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു” (അപ്പൊ.9:39). ഇത്തരം സംഭവങ്ങൾ തിരുവെഴുത്തിൽ വളരെ സാധാരണമാണ്.

വിലാപത്തെക്കുറിച്ചുള്ള വേദപുസ്തക ധാരണയ്ക്ക് അനുസൃതമായി സാംസ്കാരികമായി ഉചിതമായ ദുഃഖാചരണങ്ങൾ നമ്മുടെ സഭകളിൽ എങ്ങനെ നടത്താം എന്നതിനെ കുറിച്ച് നാം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.

നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിൽ ദുഃഖം പ്രകടിപ്പിക്കാനുള്ള വഴികൾ നാം കണ്ടെത്തുന്നതു നന്നായിരിക്കും.

banner image

ദൈവത്തിന്റെ പരമാധികാരത്തെ മുറുകെപ്പിടിക്കുക

എന്തുകൊണ്ട് ഇത്തരം അനർത്ഥങ്ങൾ സംഭവിക്കുന്നു’ എന്നു ചോദിക്കുന്നത് വേദപുസ്തക വിലാപത്തിന്റെ ഒരു ഭാഗമാണ്. ഇയ്യോബ്, യിരെമ്യാവ്, സങ്കീർത്തനകർത്താവ് എന്നിങ്ങനെയുള്ള വിശുദ്ധന്മാരുടെ ജീവിതാനുഭവങ്ങൾ ഈ ചോദ്യത്തെ നേരിടാൻ ബൈബിൾ നമുക്ക് ധൈര്യം നല്കുന്നു. തന്റെ ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഇയ്യോബ് വളരെ നാളുകൾ കഷ്ടം അനുഭവികേണ്ടി വന്നു. മിക്കപ്പോഴും, ഇങ്ങനെയുള്ള പരിശോധനാവേളകളുടെ അവസാനത്തിങ്കൽ, ദൈവത്തിന് എല്ലാത്തിനും മേൽ അധികാരമുണ്ടെന്നും ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്നും, അവനിൽ അന്ത്യത്തോളം ആശ്രയിക്കുക മാത്രമേ വേണ്ടൂ എന്ന തിരിച്ചറിവു ദൈവമക്കൾക്ക് ലഭിക്കുന്നു. ഈ വസ്തുത സങ്കീർത്തനങ്ങളിൽ ഉടനീളം നാം കാണുന്നു (ഉദാ. സങ്കീ. 73).

കഷ്ടതയുടെ നടുവിലും ദൈവത്തിന്റെ പരമാധികാരത്തിലുള്ള വിശ്വാസം നിരാശയുടെ പടുകുഴിയിൽ നിന്നും നമ്മെ കരകയറ്റുന്നു. ഏതു ഭയങ്കര ദുരന്തങ്ങളിൽ പോലും ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവൻ നല്ലത് വരുത്തുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിൽ നാം ആശ്രയിക്കണം (റോമ. 8:28). എന്നാൽ ദൈവിക പദ്ധതിയെക്കുറിച്ചുള്ള ഇത്തരം കാഴ്ചപ്പാടുകൾ നമുക്ക് പെട്ടെന്ന് തന്നെ ലഭിക്കണമെന്നില്ല. ഇതിന്റെ പേരിൽ പലപ്പോഴും നാം ദൈവവുമായി മൽപ്പിടുത്തത്തിൽ ഏർപ്പെടുന്നു. പ്രാർത്ഥനയും വചനധ്യാനവും നമുക്ക് സഹായകമായിത്തീരുന്നത് അത്തരം സന്ദർഭങ്ങളിലാണ് (സങ്കീ. 27). ഒരുപക്ഷേ, നാം സങ്കടച്ചുഴിയുടെ മദ്ധ്യ ആയിരിക്കാം, അല്ലെങ്കിൽ കഷ്ടത അനുഭവിക്കുന്നവരെ സേവിക്കുന്ന തിരക്കിലാവാം; എങ്കിലും ദൈവത്തിനായി, അവന്റെ വചനം കേൾക്കാനായി, നാം സമയം കണ്ടെത്തേണ്ടിയിരിക്കുന്നു.

കഷ്ടതയുടെ നടുവിലും ദൈവത്തിന്റെ പരമാധികാരത്തിലുള്ള വിശ്വാസം നിരാശയുടെ പടുകുഴിയിൽ നിന്നും നമ്മെ കരകയറ്റുന്നു.

ഇതുകൊണ്ടാണ് എത്ര കഠിനമായ പ്രതികൂലങ്ങൾ നിറഞ്ഞ സാഹചര്യത്തിലും, ദൈവമക്കൾ ഓൺലൈൻ വഴിയാണെങ്കിൽ കൂടിയും എല്ലായ്പ്പോഴും ഒരുമയോടെ ആരാധിക്കേണ്ടത് ആവശ്യമായിരിക്കുന്നത്. നാം ഒരു മനസ്സോടെ ആരാധിക്കുമ്പോൾ, ശാശ്വതമായ ദൈവത്തിന്റെ പരമാധികാരത്തെ ഓർമ്മിപ്പിക്കുന്ന നിത്യമായ യാഥാർത്ഥ്യങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇപ്രകാരമുള്ള സത്യത്തിലേക്ക് നാം എത്തിച്ചേരുമ്പോൾ നമ്മുടെ ചുറ്റുമുള്ള ഇരുൾ നീങ്ങുന്നു, ദൈവത്തെ ആശ്രയിക്കാൻ വേണ്ടതായ ശക്തി അവ പ്രദാനം ചെയ്യുന്നു. ദൈവത്താലും ദൈവവചനത്താലും ശക്തി പ്രാപിച്ചവരായ നമുക്ക് ത്യാഗപൂർവ്വം മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നു.

സൃഷ്ടിയുടെ ഞരക്കം

ദൈവത്തിനെതിരെ ആദാമും ഹവ്വായും ചെയ്ത പാപം മൂലം ലോകത്തിൽ പാപം കടക്കുകയും, പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ചെയ്തു. സൃഷ്ടി ശാപത്തിൻ കീഴിൽ ആയി എന്ന് ബൈബിൾ വരച്ചുകാട്ടുന്നു (ഉല്പ. 3:17; റോമ. 8:20). അതിനാൽ തന്നെ പുതിയ ആകാശവും പുതിയ ഭൂമിയും ദൈവം കൊണ്ടു വരുന്നത് വരെ പ്രകൃതിദുരന്തങ്ങൾ സംഭവിച്ചു കൊണ്ടിരിക്കും (2 പത്രൊ. 3:13; വെളി.21:1). “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ” എന്ന് പൗലോസ് പറയുന്നു (റോമ.8:22). ക്രിസ്തുവിനെ അറിയുന്നവരായ നാമെല്ലാവരും ഈ ഞരക്കത്തിൽ പങ്കാളികളായി തീരും എന്ന് പൗലോസ് നിഷ്കർഷിക്കുന്നു. (വാ. 23). 2004-ലെ സുനാമിയടക്കം വിവിധ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സൃഷ്ടിയോടൊപ്പം ദൈവമക്കൾ ഞരങ്ങുന്നതായി നാം കണ്ടിട്ടുണ്ട്. ക്രിസ്ത്യാനികൾ ഞരക്കം പഠിക്കേണ്ടതുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ ദൈവം നമ്മെ വിളിച്ച വഴിയിൽ നിന്നും വഴുതി മാറി സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലത്തേക്കു പോകുവാൻ നാം ആഗ്രഹിച്ചേക്കാം. കഠിനമായ സാഹചര്യങ്ങളിൽ ചെറുത്തുനിൽകാൻ ഞരക്കം നമ്മെ സഹായിക്കുന്നു.

റോമർ എട്ടാം അധ്യായത്തിൽ കുറിച്ചിരിക്കുന്ന ഞരക്കം ഈറ്റുനോവിന്റേതാണ് (വാ. 22). ഏറ്റവും കഠിനമായ പ്രസവവേദന പോലും സ്ത്രീകൾക്ക് അതിജീവിക്കാൻ കഴിയുന്നത് കുഞ്ഞിന് ജന്മം നൽകുന്ന ആ അതുല്യനിമിഷത്തേക്ക് ഉറ്റുനോക്കുന്നത് കൊണ്ടാണ്.

വരാനിരിക്കുന്ന ശോഭാപൂർണമായ പര്യവസാനത്തെയാണ് ഞരക്കങ്ങൾ ഓർമ്മപ്പെടുത്തുന്നത് (2 കൊരി. 5:2-4 കാണുക). ദൈവേഷ്ടപ്രകാരം നാമായിരിക്കുന്ന ദുർഘട നിമിഷങ്ങളിൽ നിന്നും ഓടി പോകാതിരിക്കാൻ നമ്മെ ഇത് സഹായിക്കുന്നു. ശാശ്വതമായ, നിത്യമായ വിടുതൽ നമുക്ക് സ്വർഗ്ഗത്തിൽ ലഭിക്കുന്നു എന്ന അറിവിന്റെ വെളിച്ചത്തിൽ, ഏതു കഷ്ടങ്ങളെയും നമുക്ക് സഹിക്കാൻ കഴിയുന്നു.

നമ്മുടെ ഞരക്കങ്ങൾ നമ്മുടെ ഉള്ളിൽ ക്കൂട്ടി വെയ്ക്കുന്നതിനു പകരം ദൈവത്തിന്റെയും ദൈവമക്കളുടെയും മുമ്പിൽ അതു പകരുവാൻ നാം ശ്രമിക്കണം.

നാം അനുഭവിച്ച വേദനയുടെ കയ്പ്പുനീർ ഇല്ലായ്മ ചെയ്യാൻ ഞരക്കത്തിലൂടെ കഴിയുന്നു. നമ്മുടെ ഞരക്കങ്ങൾ നമ്മുടെ ഉള്ളിൽ കൂട്ടി വെയ്ക്കുന്നതിനു പകരം ദൈവത്തിന്റെയും ദൈവമക്കളുടെയും മുമ്പിൽ അതു പകരുവാൻ നാം ശ്രമിക്കണം. നാം അങ്ങനെ ചെയ്യുമ്പോൾ, കഠിന വ്യഥകളിലൂടെ നമ്മിൽ രൂപപ്പെട്ട ആന്തരിക സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുന്നു. കയ്പ്പിന്റെ അനുഭവങ്ങൾ വളരാൻ ഇവ അനുവദിക്കുകയില്ല. നമ്മുടെ ഞരക്കങ്ങളിൽ ദൈവം നേരിട്ടോ, മറ്റുള്ളവരിൽ കൂടിയോ നമുക്ക് ആശ്വാസം പകർന്നു തരുന്നു. അതിനാൽ നമ്മൾ ഒറ്റയ്ക്കോ, കൂട്ടമായോ ഞരങ്ങുമ്പോൾ, ഇവയെല്ലാം എന്തുകൊണ്ട് സംഭവിച്ചു എന്ന് ഒരു വശത്ത് ചോദിക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ, എല്ലാം ദൈവകരങ്ങളിൽ സുരക്ഷിതമാണെന്ന ആത്മവിശ്വാസം നമുക്കുണ്ടാവും.
യഥാർത്ഥമായ ആശ്വാസം ലഭിക്കുമ്പോൾ കയ്പ്പോടെ ഇരിക്കുക സാധ്യമല്ല, എന്തെന്നാൽ കയ്പുനീർ നിറഞ്ഞ ഹൃദയത്തിൽ, അടിഞ്ഞു കൂടിയ ദേഷ്യം നീക്കാൻ തക്കവണ്ണം സ്നേഹം നമ്മുടെ ഉള്ളിൽ വന്നുനിറയുന്നു.

ഞരങ്ങുന്ന ദൈവം

ഏറ്റവും മഹത്തായ തിരുവചന ചിന്തകളിൽ ഒന്നാണ്, നാം ഞരങ്ങുമ്പോൾ അവൻ നമ്മോടൊപ്പം ഞരങ്ങുന്നു എന്നുള്ളത് (റോമ. 8:26). നാം കടന്നുപോകുന്ന പ്രയാസങ്ങൾ ദൈവം അറിയുന്നു, നമ്മുടെ വേദനകൾ അവൻ മനസ്സിലാക്കുന്നു.

യിസ്രായേലിന്റെ കഷ്ടതയിൽ ഒക്കെയും അവനും കഷ്ടപ്പെട്ടു എന്ന് ബൈബിൾ പറയുന്നു (യെശ. 63:9). സത്യത്തിൽ, അവനെ തിരിച്ചറിയാത്ത, അംഗീകരിക്കാത്ത മനുഷ്യരെ ഓർത്ത് അവൻ വിലപിച്ചു കരയുന്നു (യെശ. 16:11; യിരെ. 48:31). ദൈവം ദൂരെയാണെന്നും നമ്മുടെ പ്രശ്നങ്ങളിൽ ഉൾപ്പെടുന്നില്ലെന്നുമുള്ള പൊതുവായ ധാരണകളിൽ നിന്നും വ്യത്യസ്തമാണിത്.

ദൈവത്തിന്റെ ഞരക്കം നമ്മെ അത്ഭുതപ്പെടുത്തേണ്ടതില്ല. ദൈവമായ കർത്താവ് ഭൂമിയിൽ ആയിരുന്നപ്പോൾ ലോകത്തിന്റെ വ്യഥകൾ ഓർത്ത് അവൻ ഞരങ്ങിയിരുന്നു, അവരുടെ ഹൃദയ കാഠിന്യം നിമിത്തം വരാനിരിക്കുന്ന ശിക്ഷകളെ ഓർത്തു അവൻ യെരൂശലേമിനെ ചൊല്ലി വിലപിക്കുന്നു. (ലൂക്കൊ. 19:41-44).

ലാസർ മരണപ്പെട്ടപ്പോൾ അവന്റെ കല്ലറയിങ്കൽ നിന്ന കൂട്ടത്തോട് കൂടി യേശുവും വിലപിച്ചു കരയുന്നു. (യോഹ. 11:33-35) അതിനാൽ തന്നെ, മഹാമാരി മൂലം വിവിധ നഷ്ടങ്ങൾ നേരിട്ട ജനങ്ങളോടൊപ്പം ദൈവം വിലപിക്കുന്നു എന്നു നമ്മുക്ക് മനസ്സില്ലാക്കാം .
വിലപിക്കുന്നതിനുള്ള വിമുഖതയിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നത് ദൈവത്തിന്റെ വിലാപമാണ്. എന്നാൽ അതിനേക്കാൾ പ്രധാനം, ദൈവം നമ്മോടൊപ്പം ഞരങ്ങുന്നുവെന്ന് മനസ്സിലാക്കുമ്പോൾ, നമുക്ക് സംഭവിച്ച കാര്യങ്ങളിൽ നമുക്കവനോട് കോപിക്കുവാൻ പ്രയാസമാകും. നാം അസ്വസ്ഥരാകുമ്പോൾ ആശ്വാസത്തിനായി അവനിലേക്ക് പോകുവാനും ഇത് എളുപ്പമാക്കുന്നു.

ഇത് ന്യായവിധിയോ?

മഹാമാരിയുടെയും പകർച്ചവ്യാധികളുടെയും കാലഘട്ടത്തിൽ തുടർച്ചയായി കേട്ടുവരുന്ന ഒരു ചോദ്യം, നാം നേരിടുന്ന ഈ മഹാമാരി ദൈവത്തിന്റെ ന്യായവിധിയുടെ ഫലമാണോ എന്നാണ്. പാപിയായ മനുഷ്യന് എതിരെയുള്ള ദൈവത്തിന്റെ വിധിയാണ് ഇതെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാൽ ലോകമെമ്പാടും ഉള്ള നല്ല ക്രിസ്ത്യാനികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഇതിനു കീഴടങ്ങുമ്പോൾ, അങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തി ഇല്ലാതാവുന്നു.

യേശുക്രിസ്തു ലോകത്തിലേക്ക് വന്നപ്പോൾ എല്ലാവരും കടന്നു പോയ പ്രയാസങ്ങൾ അവനും അനുഭവിച്ചു. മനുഷ്യത്വവുമായുള്ള തന്റെ ഏകീഭാവത്തിന്റെ ഒരു പ്രധാന വശമായിരുന്നു അത്. ഇപ്രകാരംതന്നെ, യേശുവിനെ അനുഗമിക്കാൻ തിരഞ്ഞെടുക്കപ്പെട്ട നാം ഓരോരുത്തരും മറ്റുള്ളവരോടൊപ്പം അവരുടെ സഹനത്തിൽ പങ്കാളികളായി തീരുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഇവ ഓർമ്മപ്പെടുത്തുന്നതിനുള്ള അവസരമാണ് ദുരന്തങ്ങളിൽ നിന്നും നമുക്ക് അനുവദിച്ചിരിക്കുന്ന വിടുതൽ. വിനാശകരമായ വിപത്തുകൾ അനുഭവിക്കുന്നവർക്കിടയിൽ ജോലി ചെയ്യുക എന്നത് ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മുടെ പദവിയാണ്. മറ്റുള്ളവരുടെ സങ്കടങ്ങളിൽ നാം അവരുമായി ഐക്യപ്പെടണം.
യേശുവിന്റെ കാലത്തു നടന്ന രണ്ട് ദുരന്തങ്ങളെ കുറിച്ചുള്ള തന്റെ മൊഴികൾ ഇവിടെ പ്രസക്തമാണ്. ന്യായവിധിയെ കുറിച്ച് താൻ സംസാരിച്ചു കൊണ്ടിരുന്ന സമയത്ത് ചിലയാളുകൾ, യാഗം അർപ്പിക്കുന്ന സമയത്ത് ചില ഗലീലക്കാരെ പീലാത്തോസ് പിടിച്ചു കൊന്ന വിവരം ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ ന്യായവിധിയാവാം ഇത്തരം അനിഷ്ട സംഭവങ്ങൾ എന്നു അവർ കണക്ക് കൂട്ടി. എന്നാൽ യേശു അവരുടെ വാദത്തെ അംഗീകരിച്ചില്ല. പകരം അവൻ പറഞ്ഞു, “അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങളെല്ലാവരും അങ്ങനെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു” (ലൂക്കൊ. 13:3)

അതിനുശേഷം ഗോപുരം വീണു 18 പേർ മരണപ്പെട്ട സംഭവത്തെക്കുറിച്ച് യേശു പറഞ്ഞു. പിന്നെയും അവൻ പറഞ്ഞത്, മാനസാന്തരപ്പെടാഞ്ഞാൽ “നിങ്ങൾ എല്ലാവരും അങ്ങനെതന്നെ നശിച്ചുപോകും” (വാ. 5) എന്നായിരുന്നു. മൂന്നാം വാക്യത്തിലും അഞ്ചാം വാക്യത്തിലും അതേ മുന്നറിയിപ്പുകൾ തന്നെ വീണ്ടും സൂചിപ്പിക്കുമ്പോൾ അതിന്റെ അനിവാര്യത അവിടെ പ്രകടമാകുന്നു.

യേശുവിന്റെ നിലപാട് എന്തെന്നാൽ, ദുരന്തങ്ങൾ നമുക്കുള്ള മുന്നറിയിപ്പാണ്. മാനസാന്തരപ്പെട്ടില്ലെങ്കിൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നുള്ള മുന്നറിയിപ്പ്. ഇത്തരം സംഭവങ്ങൾ നമുക്കും പലതരത്തിലുള്ള ചൂണ്ടുപലകകളാണ്. നാമെത്ര നിസ്സാരരാണെന്ന് അവ നമ്മെ ഓർമിപ്പിക്കുന്നു. മരണവും മരണത്തിന് ശേഷമുള്ള ന്യായവിധിയും സ്വീകരിക്കാൻ നാം തയ്യാറാണോ? പ്രകൃതിക്കും, എല്ലാറ്റിനും ഉന്നതനായ ദൈവത്തിന്റെ സന്നിധിയിൽ നമ്മെത്തന്നെ വിനയാന്വിതരായി സമർപ്പിക്കുന്നതിലേക്ക് ഇത്തരം സംഭവങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു.

നാമെത്ര നിസ്സാരരാണെന്ന് ഇത്തരം സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.

ബൈബിളിൽ ന്യായവിധിയെ കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങൾ മിക്കതും ദൈവജനത്തിനു വേണ്ടിയാണ് എഴുതപ്പെട്ടിരിക്കുന്നത്. വളരെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് പുറത്തുള്ളവർക്കു വേണ്ടി എഴുതിയിരിക്കുന്നത്’. ദൈവത്തിനെതിരെ മറുതലിക്കുന്നവർ ന്യായവിസ്താരത്തിനു മുൻപാകെ നിൽക്കേണ്ടി വരും എന്നു നമുക്കറിയാം. ആ ന്യായവിധിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് അവരെ കാണിച്ചു കൊടുക്കാൻ നാം ആവതെല്ലാം ചെയ്തേ പറ്റൂ. എന്നിരുന്നാലും, ഒരു പ്രത്യേക ദുരനുഭവം ദൈവത്തിന്റെ ന്യായവിധി ആണെന്ന് പറയുന്നതു അപകടമാണ്. ദൈവത്തിനെതിരെ തിരിഞ്ഞ യെഹൂദർ ശിക്ഷ നേരിടേണ്ടിവരുമെന്ന് യിരെമ്യാവ് പ്രവചിച്ചു. അതിനാൽ അവർ അവനെ ഉപദ്രവിച്ചു. എങ്കിലും അവർ ദൈവത്തിന്റെ ശിക്ഷ നേരിട്ടപ്പോൾ അവൻ ഒരിക്കലും നന്നായി എന്ന് പറഞ്ഞില്ല. പകരം അവൻ തന്റെ ജനത്തിനുവേണ്ടി വിലപിച്ചു (യിരെ.9:1). വാസ്തവത്തിൽ, ന്യായവിധിക്ക് മുമ്പുതന്നെ, അവർ അനുതപിച്ചില്ലെങ്കിൽ തന്റെ ഉള്ളം ദുഃഖത്താൽ നിറയുമെന്ന് അവനറിയാമായിരുന്നു. “നിങ്ങൾ കേട്ടതനുസരിക്കയില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻകൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും (യിരെ. 13:17).

ന്യായവിധി ദിവസത്തിൽ തന്റെ ജനങ്ങൾക്ക് സൃഷ്ടിതാവിന്റെ സന്നിധിയിൽ നിൽക്കാൻ യിരെമ്യാവ് വഴിയൊരുക്കിയതു പോലെ ആവശ്യമായതെല്ലാം ചെയ്യാൻ നമുക്കും കഴിയണം.
കൊടിയ വിപത്തുകൾ സംഭവിക്കുമ്പോൾ മറ്റുള്ളവരിൽ കുറ്റം ആരോപിക്കാൻ നമുക്ക് പ്രവണത ഉണ്ടാവാം. അവർ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നു: സർക്കാരിന്റെ എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥർക്ക് ഈ മഹാമാരിയുടെ വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നതല്ലേ? എന്നിട്ടും എന്തുകൊണ്ട് ഈ സാഹചര്യത്തെ മുൻകൂട്ടിക്കണ്ട് ഒന്നും ചെയ്തില്ല? വൈറസ് ബാധിച്ചവർക്ക് ജീവ രക്ഷയ്ക്കുള്ള വൈദ്യസഹായം ലഭിക്കാൻ ഇത്രയും താമസിച്ചത് എന്തുകൊണ്ട്?

നാം നേരിടുന്ന കഷ്ടതകൾ ദൈവത്തിനു വേണ്ടി ആണെന്ന് തിരിച്ചറിയുമ്പോൾ, നമ്മുടെ വേദനകൾ ലഘൂകരിക്കപ്പെടുന്നു, നീരസം ഇല്ലാതെയാകുന്നു.

ചിലപ്പോഴെങ്കിലും ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കാൻ വർഷങ്ങൾ വേണ്ടി വന്നേക്കാം എങ്കിലും ദൈവമക്കളായ നാം മറ്റുള്ളവരോട് ദൈവീക ന്യായവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകേണ്ടതീൽ വീട്ടുവീഴ്ച ചെയ്തുകൂടാ. അതുപോലെതന്നെ, ആവശ്യത്തിലിരിക്കുന്നവരുടെ ശാരീരിക- ആത്മീയ പിൻതുണയ്ക്കായി പ്രവർത്തിക്കുവാനും നമുക്ക് കഴിയണം.

banner image

ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ചിടത്തോളം എല്ലാ ദുരന്തങ്ങളും പ്രതികരണത്തിനായുള്ള ആഹ്വാനമാണ്. നാം ദൈവസ്നേഹത്താൽ ശക്തിപ്പെടുന്നു (2 കൊരി. 5:14), അവന്റെ പരിശുദ്ധാത്മാവിനാൽ ബലപ്പെടുന്നു (അപ്പൊ. 1:8). അതുവഴി, കഷ്ടപ്പെടുന്നവർക്ക് അഭയമാകുവാൻ നാം പ്രത്യേകമായി ഒരുക്കപ്പെടുകയാണ്. ദുരിത കയങ്ങൾ രൂപപ്പെടുമ്പോൾ, സദാ പ്രവർത്തിയിൽ ഏർപ്പെടാൻ ക്രിസ്ത്യാനികൾ സജ്ജരാവണം. ആദ്യ നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ തങ്ങളുടെ സമൂഹത്തിനു വേണ്ടതായ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിച്ചിരുന്നു (അപ്പൊ. 4:34-37) അന്ത്യോക്യയിലെ സഭയിൽ ഉള്ളവർ യെരുശലേമിലെ പട്ടിണിയെക്കുറിച്ച് കേട്ടപ്പോൾ പെട്ടെന്ന് തന്നെ സഹായം നൽകുന്നതായി നാം കാണുന്നു (11:28-30). ചരിത്രത്തിലുടനീളം ഇപ്രകാരം ക്രിസ്ത്യാനികൾ മുൻനിരയിൽ നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി നാം കാണുന്നു. ഇതുപോലെ തന്നെ നമുക്കും ആവശ്യത്തിൽ ഇരിക്കുന്നവരെ സഹായിക്കാൻ കഴിയും. ഉദാഹരണമായി, നാം പാകം ചെയ്ത ഭക്ഷണസാധനങ്ങൾ അശരണർക്കും ജോലി നഷ്ടപ്പെട്ടവർക്കുമിടയിൽ വിതരണം ചെയ്യുന്നതും ഒരു മാസത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ പണമില്ലാത്തവർക്ക് കൊടുക്കുന്നതും ഇതിൽപ്പെടുന്നു.

ചരിത്രത്തിലുടനീളം മടികൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ക്രിസ്ത്യാനികളെ നമുക്ക് കാണുവാൻ കഴിയും.

ഇങ്ങനെയുള്ള ആവശ്യങ്ങളുടെ അങ്ങേയറ്റത്തെ അവസ്ഥയിലായിരിക്കുമ്പോൾ, ക്രിസ്തീയ സേവനത്തെക്കുറിച്ച് 2 തിമൊഥെയൊസ് 2-ലെ പൗലോസിന്റെ പ്രബോധനം പരിഗണിക്കുന്നത് ഉചിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഭാഗത്തിൽ പറഞ്ഞിട്ടുള്ളതു നമുക്കും നമ്മുടെ ജീവിതത്തിൽ പ്രായോഗികമാക്കാം.

2 തിമൊഥെയൊസ് രണ്ടാം അധ്യായത്തിൽ, “ക്രിസ്തു യേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക” (വാ. 3) എന്ന് പൗലോസ് തിമൊഥെയൊസിനു എഴുതുന്നു. തിമൊഥെയൊസിന്റെ സഹനത്തെ സേവനമായി പൗലോസ് കാണുന്നു. പൗലോസിൽ നിന്നും ഉള്ള ഈ പ്രസ്താവന നമ്മെ അത്ഭുതപ്പെടേണ്ടതില്ല എന്തെന്നാൽ സുവിശേഷത്തിനായുള്ള സഹനം അവന്റെ ജീവിതചര്യയുടെ ഭാഗമായിരുന്നു (1 കൊരി. 15:30-31; കൊലൊ. 1:24-29)

കഷ്ടതയുടെ മധ്യേ ജീവിക്കുന്ന എല്ലാ ക്രിസ്ത്യാനികൾക്കും ഉള്ള ആഹ്വാനം ആണിത്- തന്റെ രാജ്യത്തെ സേവിക്കുന്നതു വഴിയുള്ള സഹനം.
ദൈവത്തെയും തന്റെ രാജ്യത്തേയും സേവിക്കുമ്പോൾ, വിശ്വസ്തരായ ക്രിസ്ത്യാനികൾ പലവിധമായ ക്ലേശങ്ങളിൽ കൂടി കടന്നു പോകുന്നു. ഉദാഹരണമായി ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ഭർത്താവിനെ വളരെ നേരം അയാളുടെ ഭാര്യയ്ക്കു് പിരിഞ്ഞിരിക്കേണ്ടി വന്നേക്കാം. ചിലപ്പോഴെങ്കിലും അതു അവരുടെ വിവാഹ ജീവിതത്തിലും കുടുംബത്തിലും അധികഭാരങ്ങൾ സൃഷ്ടിച്ചേക്കാം. ഉത്തരവാദിത്തങ്ങൾ തനിയെ ചെയ്യേണ്ടതായ ബുദ്ധിമുട്ടുകൾ അവൾക്ക് നേരിടേണ്ടിവന്നേക്കാം. എന്നാൽ ഈ കഷ്ടങ്ങൾ ദൈവത്തിനായി നേരിടുന്നതാണ് എന്ന് തിരിച്ചറിയുമ്പോൾ വേദനകളും നീരസവും പിൻവാങ്ങുന്നു.

(2 തിമൊ. 2:4) മറ്റുള്ളവർ സാധാരണ ആവശ്യങ്ങൾ എന്ന് കണക്ക് കൂട്ടുന്ന പലതും മറ്റുള്ളവരെ സേവിക്കുന്നതിനിടയിൽ നമുക്ക് വേണ്ടെന്നു വയ്ക്കേണ്ടി വന്നേക്കാം. അസാധാരണമായ പരിതസ്ഥിതികൾ അസാധാരണമായ പരിഹാരം ആവശ്യപ്പെടുന്നു. പ്രതിസന്ധികളുടെ മദ്ധ്യേ രാജ്യത്തിനുവേണ്ടി ശുശ്രൂഷ ചെയ്യേണ്ടിവരുമ്പോൾ അതിന്റേതായ വില കൊടുക്കേണ്ടി വരും എന്ന് നമ്മുടെ കുടുംബങ്ങൾ അറിയേണ്ടതുണ്ട്. മറ്റു തരത്തിലുള്ള കഷ്ടതകൾ കുറച്ചുകൂടെ പ്രകടമാണ്- ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയോ നമ്മുടെ ഉദ്ദേശശുദ്ധി, നാം തിരഞ്ഞെടുത്ത വഴികൾ എന്നിവ വിമർശിക്കപ്പെടുന്നതോ ഒക്കെയാവാം അത്. മൂന്നാം വാക്യത്തെ തുടർന്നുള്ള വാക്യങ്ങളിൽ, തിമോത്തിയോസ് കഷ്ടതയിൽ തന്റെ പങ്കു എങ്ങനെ തിരഞ്ഞെടുക്കണം എന്ന് പൗലോസ് വിവരിക്കുന്നു: “പട ചേർത്തവനെ പ്രസാദിപ്പിക്കാൻ യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു”.

തീർച്ചയായും, കുടുംബജീവിതം അനിവാര്യം തന്നെ. ഓരോ ഘട്ടത്തിലും ഉള്ള നമ്മുടെ കുടുംബത്തിന്റെ വളർച്ച പ്രധാനമാണ്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികൾ നമ്മെ മാറ്റി ചിന്തിപ്പിക്കാറുണ്ട്.

കഷ്ടപ്പാടിന്റെ മറ്റൊരു വശം, അദ്ധ്വാനിക്കുന്ന കൃഷിക്കാരനു സമാനമാണെന്ന് പൗലോസ് അഭിപ്രായപ്പെടുന്നു (2തിമൊ. 2:6). മറ്റൊരിടത്ത് അവൻ ഇങ്ങനെ പറയുന്നു:

“അതിനായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാര ശക്തിക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അദ്ധ്വാനിക്കുന്നു” (കൊലൊ. 1:29). നശിച്ചു കൊണ്ടിരിക്കുന്ന ഈ തലമുറയിൽ, ക്രിസ്തുവിന്റെ സ്നേഹം പങ്കിടാനായി തിരഞ്ഞെടുക്കപ്പെട്ടവരായ നാം, ഭൂമിയിൽ ജീവീക്കുന്നിടത്തോളം കാലം, മടുപ്പില്ലാതെ വേല ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഒരിക്കൽ നാം സ്വർഗ്ഗത്തിൽ എത്തിച്ചേരുമ്പോൾ പ്രയത്നങ്ങളിൽ നിന്നും നിത്യമായ വിശ്രമം ലഭിക്കുന്നു (വെളി. 14:13) എന്നാൽ ഇപ്പോൾ അദ്ധ്വാനിക്കാനുള്ള സമയമാണ്. ഇന്ത്യയിലെ അനാഥ കുഞ്ഞുങ്ങളുടെ മിഷനറിയായിരുന്ന എമി കാർമൈയ്ക്കൾ ഇപ്രകാരം പറഞ്ഞിരുന്നു, “നമ്മുടെ വിജയം ആഘോഷിക്കുവാൻ നിത്യതയോളം സമയമുണ്ട്, എന്നാൽ അവ നേടിയെടുക്കുവാൻ സൂര്യാസ്തമയത്തിനു മുൻപുള്ള കുറച്ചു മണിക്കൂറുകൾ

മാത്രമേയുള്ളു”. ആവശ്യത്തിലിരിക്കുന്നർക്ക് വേണ്ടി കഷ്ടപ്പെടുന്നതിനും കഠിനാദ്ധ്വാനം ചെയ്യുന്നതിനും ഒന്നുമില്ലാത്തവരെ സഹായിക്കുവാൻ വേണ്ടി നമ്മൾ ശീലിച്ചിട്ടുള്ള ചില കാര്യങ്ങൾ ഉപേക്ഷിക്കുന്നതിനുമുള്ള സമയമാണിത്. സഹായിക്കുവാൻ കഴിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നത് പാപം തന്നെ. പ്രവാചകനായ ആമോസ്, ദേശം നശിക്കുമ്പോഴും നിർഭയരായി, സുഖത്തോടെ വസിക്കുന്ന നിവാസികളെ ശപിക്കുന്നതായി നാം കാണുന്നു (ആമോ.6:16).

“നമ്മുടെ വിജയം ആഘോഷിക്കുവാൻ നിത്യതയോളം സമയമുണ്ട്, എന്നാൽ അവ നേടിയെടുക്കുവാൻ സൂര്യാസ്തമയത്തിനു മുൻപുള്ള കുറച്ചു മണിക്കൂറുകൾ മാത്രമേയുള്ളു”
-എമി കാർമൈയ്ക്കൾ

രാജാക്കന്മാർ സാധാരണ യുദ്ധത്തിനു പോകുന്ന സമയത്തു, ദാവീദ് വീട്ടിൽ തന്നെ ഇരുന്നു. അതുകൊണ്ട് അവൻ തെറ്റിലേക്ക് വഴുതി വീണു പോയി (2 ശമു. 11:1)

2 തിമൊഥെയൊസ് രണ്ടാം അദ്ധ്യായം, 8 മുതൽ 13 വരെയുള്ള വാക്യങ്ങളിൽ, ദൈവസേവയ്ക്കായി ക്ലേശമനുഭവിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച് പൗലോസ് തിമൊഥിയൊസിനെ പ്രബോധിപ്പിക്കുന്നു. 11, 12 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക: ” നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും”. എന്നാൽ ഇതിനോടൊപ്പം തന്നെ ഒരു മുന്നറിയിപ്പ് കൂടി നൽകുന്നു:

ആവശ്യത്തിലിരിക്കുന്നർക്ക് വേണ്ടി കഷ്ടപ്പെടുന്നതിനും കഠിനാദ്ധ്വാനം ചെയ്യുന്നതിനും ഒന്നുമില്ലാത്തവരെ സഹായിക്കുവാൻ വേണ്ടി നമ്മൾ ശീലിച്ചിട്ടുള്ള ചില കാര്യങ്ങൾ ഉപേക്ഷിക്കുന്നതിനുമുള്ള സമയമാണിത്

“നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും; നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവനു കഴിയുകയില്ലല്ലോ” (2 തിമൊ. 2:12-13).

വരാനിരിക്കുന്ന ന്യായവിധിയുടെ ഭയാനകമായ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നു. നാം ചെയ്യുന്ന ശുശ്രൂഷകൾക്ക് പ്രതിഫലം നൽകപ്പെടുന്നു; അനുസരണക്കേടിന് ശിക്ഷയും നൽകപ്പെടുന്നു. ആ സത്യം ജീവിതത്തോടുള്ള നമ്മുടെ ക്രിസ്തീയ കാഴ്ചപ്പാടിനെ കാട്ടിത്തരുന്നു, നമ്മുടെ പ്രവർത്തികളെ അത് സ്വാധീനിക്കുന്നു. നാം, യേശുവിനായ് നടത്തിയ എല്ലാ വ്യക്തിഗത ത്യാഗങ്ങളും മൂല്യവത്തായിരുന്നു എന്ന് തിരിച്ചറിയുന്ന ഒരു ദിവസം ഉണ്ടാകും. അതുകൊണ്ടുതന്നെ നാം ചെയ്ത പ്രവർത്തികൾ മൂലം മറ്റൊരാൾക്ക് പ്രശംസയും അഭിവൃദ്ധിയും ലഭിച്ചെങ്കിൽ, നാം അതോർത്ത് വിഷമിക്കേണ്ടതില്ല.

ഇതുകൊണ്ടാണ് ഭൂമിയിൽ ഒരു പ്രതിഫലവും നമ്മൾക്ക് ലഭിച്ചില്ലെങ്കിൽ കൂടി നാം ശുശ്രൂഷ ചെയ്യാൻ തയ്യാറാകേണ്ടത്.

ക്രിസ്തീയ സ്നേഹം വെളിപ്പെടുത്താൻ പോന്നവയാണ് ദുരിതങ്ങൾ.

നാം ചെയ്യുന്ന ഒരു പ്രവർത്തി പോലും ചെറുതല്ല, ദൈവത്തിന്റെ ദാസന്മാരായിരിപ്പാൻ അവൻ നമ്മെ ബലപ്പടുത്തുന്നു. നമ്മുടെ ക്രിസ്തീയ സ്നേഹം വെളിപ്പെടുത്താൻ പോന്നവയാണ് ദുരിതങ്ങൾ.

banner image

ഒരു ക്രിസ്ത്യാനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തരമായ കാര്യം പ്രാർത്ഥനയാണ്.

അപ്പോസ്തലനായ പൗലോസ് പറയുന്നതനുസരിച്ച് ഏറ്റവും ഫലപ്രദമായ മധ്യസ്ഥ പ്രാർത്ഥന, കഠിനാദ്ധ്വാനത്തിനു സമാനമാണ് (കൊലൊ. 4:12-13). പഴയനിയമ കാലഘട്ടത്തിൽ രാജ്യം പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ, ആത്മീയ നേതാക്കൾ പലപ്പോഴും ഉപവാസത്തിലൂടെ പ്രാർത്ഥന കഴിക്കാൻ ജനത്തെ പ്രബോധിപ്പിച്ചിരുന്നു. രാജ്യമൊട്ടാകെ വിപത്തുകൾ നേരിടുമ്പോൾ ഉപവാസം ആചരിച്ചിരുന്നു (2.ശമു. 1:12) രാജാവായ യെഹൊശാഫാത്തിനെതിരെ വിദേശത്തുനിന്നും അക്രമകാരികൾ ഒരുമിച്ചു കൂടിയപ്പോൾ അവൻ ഭയന്നു പോയി. എന്നാലും അവന്റെ പെട്ടെന്നുള്ള പ്രതികരണം പ്രാർത്ഥനയിലൂടെ ആയിരുന്നു, അവൻ “യഹോവയെ അന്വേഷിക്കാൻ താല്പര്യപ്പെട്ടു യഹൂദായിലൊക്കെയും ഒരു ഉപവാസം പ്രസിദ്ധം ചെയ്തു” (2 ദിന. 20:3). ഒരുപക്ഷേ, തന്റെ സൈന്യത്തെ യുദ്ധത്തിന് ഒരുക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത് എന്ന് നാം വിചാരിച്ചേക്കാം. പകരം തന്റെ ജനത്തെ കൂട്ടി അവൻ ഉപവസിച്ചു പ്രാർത്ഥിച്ചു. അതിന്റെ ഫലമായി ദൈവം ഇടപെടുകയും അവന് വലിയ വിജയം നൽകുകയും ചെയ്തു.

നാം എത്രതന്നെ തിരക്കിലായിരുന്നാലും വ്യക്തിപരമായ, സാമൂഹികമായ പ്രാർത്ഥനകൾ നമ്മുടെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് എന്നും മുതൽക്കൂട്ടായിരിക്കും.

നാം എത്രതന്നെ തിരക്കിലായിരുന്നാലും വ്യക്തിപരമായ, സാമൂഹികമായ പ്രാർത്ഥനകൾ നമ്മുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എന്നും മുതൽക്കൂട്ടായിരിക്കും. വൃദ്ധർ, യുവാക്കൾ, ശാരീരിക ക്ഷമതയുള്ളവർ, കിടപ്പിലായവർ എന്നിങ്ങനെ വ്യത്യാസം കൂടാതെ ഏതൊരു ക്രിസ്ത്യാനിക്കും ചെയ്യാൻ കഴിയുന്നതാണ് പ്രാർത്ഥന എന്നതാണ് അതിന്റെ മാഹാത്മ്യം.

രാജ്യാന്തര പ്രശ്നമോ, പ്രാദേശിക ബാദ്ധ്യതകളോ എന്തുമാവട്ടെ, ക്രിസ്തീയ നേതാക്കൾ പ്രത്യേക പ്രാർത്ഥനകൾക്കും ഉപവാസത്തിനുമായി അവരുടെ ജനത്തെ ഉണർത്തണം. നാം ഓർത്തു പ്രാർത്ഥിക്കേണ്ടതായ ചില കാര്യങ്ങൾ ചുവടെ കൊടുക്കുന്നു:

 • തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖാർത്തരായവരെ ഓർത്ത്, അവരിൽ ദൈവത്തിന്റെ കൃപ വ്യാപരിക്കേണ്ടതിന്.
 • തൊഴിൽ നഷ്ടപ്പെട്ടവർക്കായി, ദൈവം അവർക്ക് സജ്ജീകരണം നൽകേണ്ടതിന്.
 • കൊടും പീഡനങ്ങളാൽ മുറിവേറ്റവരിലേക്ക് ശുശ്രൂഷ എത്തേണ്ടതിനായി, ആശുപത്രികളിലും വീടുകളിലും ക്വാറന്റൈനിൽ ഇരിക്കുന്നവരുടെ രോഗശാന്തിക്കായി.
 • കോവിഡ് ബാധിതർക്ക് മികച്ച ചികിത്സ നൽകപ്പെടേണ്ടതിന്, ഓക്സിജനും മറ്റ് അവശ്യസൗകര്യങ്ങളും എല്ലാവർക്കും ലഭിക്കേണ്ടതിന്.
 • കൂടുതൽ ക്രിസ്ത്യാനികൾ ത്യാഗപൂർവ്വം ശുശ്രൂഷകളിൽ ഏർപ്പെടുവാൻ, ഉദാരമായ സംഭാവനകൾ നൽകുവാൻ.
 • നമ്മുടെ പ്രവൃത്തികളിലൂടെയും, ക്രിസ്തുവിനോടുള്ള നമ്മുടെ സാക്ഷ്യത്തിലൂടെയും, ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി സഭ ഉണർത്തപ്പെടുവാനാൻ.
 • ദൈവം നമ്മെ ഓരോരുത്തരെയും നയിക്കുവാൻ, രോഗശാന്തി ശുശ്രൂഷയിൽ പങ്കുകാരാവാൻ.

ഒരു ക്രിസ്ത്യാനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ശക്തമായ ജോലി പ്രാർത്ഥനയാണ്.

 • ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, മരുന്ന് വിതരണം ചെയ്യുന്നവർ-ഇങ്ങനെ ആതുരസേവന രംഗത്ത് മുൻനിരയിലുള്ളവർക്ക്, വിനാശകാരിയായ വൈറസിൽ നിന്നും പരിരക്ഷ ലഭിപ്പാൻ.
 • അനീതി, മാലിന്യങ്ങൾ, കൃത്യമായ ആസൂത്രണത്തിലുള്ള അഭാവം എന്നിങ്ങനെ ആതുരസേവനരംഗത്തിന് കോട്ടം തട്ടുന്ന എന്തും ഇല്ലാതാകുവാനായ് പ്രാർത്ഥിക്കാം.
 • നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് ഏറ്റവും നല്ല നയങ്ങൾ സ്വീകരിക്കുവാനും, അനുകൂലമായ തീരുമാനങ്ങൾ എടുക്കേണ്ടതിനുമായി വിവേകം ലഭിപ്പാൻ.
 • മരുന്നു സംബന്ധമായ വിതരണം ആതുരസേവനരംഗത്ത് ലഭിക്കേണ്ടതിന്, ആവശ്യമായ മരുന്നും പണവും ലഭിക്കാനായി.
 • മഹാമാരി വിതച്ച വിപത്തിനുമേൽ ലോകത്തിന് ക്രിസ്തുവിന്റെ  സ്നേഹം വെളിപ്പെടുന്നതിനായി.
 • ക്രിസ്ത്യാനുയായികളിൽ നിന്നും നിരാലംബർക്ക് ശുശ്രൂഷകൾ എത്തേണ്ടതിനു.
 • രാജ്യത്തിനുമേൽ ദൈവത്തിന്റെ  മഹത്വം കൂടുതൽ ചൊരിയേണ്ടതിന്, അതുവഴി കൂടുതൽ ആളുകൾ ദൈവത്തെ അന്വേഷിച്ച് അവന്റെ രക്ഷയിലേക്ക് എത്തിച്ചേരേണ്ടതിനായി.

banner image

ഏറെനാൾ കഴിയും മുമ്പേ യെരുശലേമിൽ ഒരു ക്ഷാമം വരുന്നുണ്ടെന്ന് അന്ത്യൊക്ക്യയിലെ സഭയോട് പ്രവചിച്ച അഗബോസിന്റെ വാക്കുകൾ കേട്ട് ചെറിയൊരു കൂട്ടം വൈകാതെ തന്നെ പണം സ്വരൂപിക്കുകയും അവിടേക്ക് അയയ്ക്കുകയും ചെയ്തതായി നാം കാണുന്നു (അപ്പൊ. 11:27-30). പിന്നീട് പൗലോസും അപ്രകാരംതന്നെ യെരൂശലേം ദേവാലയത്തിലെ ആവശ്യങ്ങൾക്കായി, ഇസ്രായേലിനു പുറത്തുള്ള സഭകളിൽ നിന്നും പണം സ്വരൂപിച്ചിരുന്നു (2 കൊരി. 8-9). ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുക എന്നത് ക്രിസ്തീയവിശ്വാസത്തിന്റെ പ്രധാന കണ്ണിയാണ്. (ആവ. 15:7-11, മത്താ. 5:42, 19:21, ലൂക്കൊ. 12:33, ഗലാ. 2:10, 1 തിമൊ. 6:18, എബ്രാ. 13:16).

വിപത്തുകളുടെ കാലയളവിൽ ദൈവമക്കൾ തങ്ങളുടെ സ്വത്തുക്കൾ കഷ്ടമനുഭവിക്കുന്നവരെ സഹായിക്കാനായി മാറ്റിവയ്ക്കേണ്ടതാണ്.

അവസരം കിട്ടും പോലെ നാം എല്ലാവർക്കും വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്യേണമെന്ന് പൗലോസ് രേഖപ്പെടുത്തുന്നു (ഗലാ. 6:10). അതിനാൽ ക്രിസ്തുവിലുള്ള സഹോദരീസഹോദരന്മാർക്ക് ആണ് നാം മുൻതൂക്കം കൊടുക്കേണ്ടത്. എന്നാൽ അതിനുമപ്പുറത്തേക്ക് നമ്മുടെ സഹായം എത്തേണ്ടതുണ്ട്. നമ്മുടെ അയൽക്കാരനെ നമ്മെപോലെ തന്നെ സ്നേഹിക്കുക എന്ന കല്പന പുതിയനിയമത്തിൽ ഏഴു തവണ ആവർത്തിച്ചിരിക്കുന്നു (മത്താ. 19:19, 22:39, മർക്കൊ. 12:31; ലൂക്കൊ. 10:27, റോമ. 13:9, ഗലാ. 5:14, യാക്കൊ. 2:8).

സർക്കാരും, സർക്കാർ ഇതര സ്ഥാപനങ്ങളും പണവും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്യുന്നതിനാൽ താരതമ്യേന നമ്മുടെ സംഭാവനകൾ ചെറുതായിരിക്കകൊണ്ട്, നാം സംഭാവനകൾ ഒന്നും നൽകേണ്ടതില്ല എന്ന്, നമ്മൾ തെറ്റായി ധരിച്ചേക്കാം.

എന്നാൽ കൊടുപ്പാൻ ഉള്ള മനസ്സ്, പണത്തിന്റെ അളവിനോട് ഒത്ത് നോക്കേണ്ടതില്ല എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. യേശുവിന്റെ ഉപമയിൽ പറഞ്ഞിരിക്കുന്ന വിധവയുടെ രണ്ടു വെള്ളിക്കാശിന്റെ ചിത്രം നമ്മെ പഠിപ്പിക്കുന്നതും ഇതുതന്നെയാണ്. വളരെ കുറച്ച് പണം മാത്രമാണ് വിധവ ദേവാലയത്തിൽ നേർച്ചയിട്ടതെങ്കിലും, യേശു പറഞ്ഞത് ഇപ്രകാരമാണ്, “ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”(മർക്കൊ. 12:43).

എന്നാൽ കൊടുപ്പാൻ ഉള്ള മനസ്സ്, പണത്തിന്റെ അളവിനോട് ഒത്ത് നോക്കേണ്ടതില്ല എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഉദാരമായ സംഭാവനകൾ നൽകുവാൻ ക്രിസ്തീയ നേതാക്കൾ സഭയെ പ്രോത്സാഹിപ്പിക്കുക. ദൈവം ഇടപെടുമ്പോൾ ഏറ്റവും ചെറിയ സംഭാവനകൾക്ക് പോലും പ്രസക്തി ലഭിക്കുന്നു. ഏതൊക്കെ സാഹചര്യങ്ങളിൽ, എങ്ങനെയൊക്കെ നൽകാമെന്നും, എപ്പോഴൊക്കെ നൽകാമെന്നും കൃത്യമായ നിർദ്ദേശങ്ങൾ നാം നൽകേണ്ടതുണ്ട്.

കൊരിന്ത്യർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽ, യെരൂശലേമിലേക്കു പണം അയയ്ക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് പൗലോസ് വിവരിക്കുന്നുണ്ട് (2 കൊരി. 8-9). എങ്ങനെയൊക്കെ സംഭാവനകൾ നൽകാമെന്നും, ഏതെല്ലാം വിധത്തിൽ അവ സമാഹരിക്കപ്പെടേണം എന്നതിനെക്കുറിച്ചും അദ്ദേഹം കൃത്യമായ പദ്ധതി രൂപപ്പെടുത്തിയിരുന്നു (1 കൊരി. 16: 1-4).

banner image

സംഭാവനകൾ നൽകുന്നതും സ്വീകരിക്കുന്നതും കഠിനകരമാവരുത് എന്ന് 1 കൊരിന്ത്യർ 16:1-4 വരെയുള്ള ഭാഗങ്ങളിൽ പറയുന്നു. വിഭവവിതരണ പ്രക്രിയയിലും ഈ തത്വം ബാധകമാണ്. വിവേകപൂർണമായ തന്ത്രങ്ങൾ സ്വീകരിച്ചു ശരിയായ പദ്ധതികളും ഉപദേശങ്ങളുമനുസരിച്ച് യുദ്ധങ്ങൾ നടത്തേണ്ടതുണ്ടെന്ന് സദൃശ്യവാക്യങ്ങള്‍ അനുശാസിക്കുന്നു. (സദൃ. 20:16, 24:6). ഇത് ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്ന “യുദ്ധ” ത്തിനും ബാധകമാണ്. കൃത്യമായ പദ്ധതിപ്രകാരമല്ലെങ്കിൽ നമ്മുടെ സമയവും, ഊർജ്ജവും, വിഭവങ്ങളും പാഴായ്പോകാൻ സാധ്യതയുണ്ട്. ശരിയായ ആസൂത്രണം ഇല്ലെങ്കിൽ ആവശ്യത്തിന് ഇരിക്കുന്നവർക്ക് സഹായം നഷ്ടപ്പെടുകയും മറ്റുള്ളവർക്ക് ആവശ്യത്തിൽ കൂടുതൽ ലഭിക്കുകയും ചെയ്യുന്നു.

അടിയന്തരാവശ്യങ്ങൾ നിർവഹിക്കുന്നതിൽ നിന്നും പുനർനിർമാണ പ്രക്രിയയിൽ എത്തുമ്പോൾ ആസൂത്രണം തികച്ചും ആവശ്യമാണ്. അതിന്നായി ചെറിയ ഗ്രൂപ്പുകൾ മറ്റുള്ളവരോടൊപ്പം പങ്കാളികൾ ആകുന്നതാവും ഉചിതം. നമ്മൾ മറ്റ് സഭകളുമായും ഗ്രൂപ്പുകളുമായും ചേരുമ്പോൾ, ക്രിസ്തുവിലുള്ള ഐക്യം പ്രകടിപ്പിക്കാനുള്ള അത്ഭുതകരമായ അവസരവുമാണത്.
സദാ സന്നദ്ധരായ, കഴിവുള്ള ജനങ്ങളുടെ കൂട്ടം ഏതൊരു പള്ളിയുടെയും സമ്പത്താണ്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പണവും വൈദഗ്ധ്യവുമുള്ള ഗ്രൂപ്പുകളിൽ പക്ഷേ, അതിനുള്ള ആളുകൾ കാണുകയില്ല. സഭാപ്രസംഗി 4:9 ഇത് സൂചിപ്പിക്കുന്നു: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്ക് തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.” നമ്മിൽ മിക്കവരും ഏറ്റവും കൃത്യതയാർന്ന ജോലികൾ തനിയെ ചെയ്യാൻ സജ്ജരല്ല, അല്ലെങ്കിൽ അതിനുള്ള അറിവ് എപ്പോഴും ഉണ്ടാകണമെന്നില്ല. അതിനാൽ തന്നെ മറ്റുള്ളവരോട് ചേർന്ന് പങ്കാളിത്തത്തോടെ നടത്തുന്ന ശുശ്രൂഷകൾ അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം.

സഭയുമായി ബന്ധം ഇല്ലാത്തവരെ സഹായിക്കാൻ ലഭിക്കുന്ന അവസരമാവാം ഇത്. നമുക്ക് ഓരോരുത്തർക്കും രണ്ട് ലോകങ്ങളിൽ പൗരത്വം ഉണ്ട്. അതിനാൽ നാം രണ്ട് ലോകങ്ങളിലും എന്തെല്ലാം ചെയ്യുന്നുവോ, അവയെല്ലാം ദൈവനാമ മഹത്വത്തിനായിത്തീരണം (1കൊരി. 10:31). “മതേതര” സ്ഥാപനങ്ങളില്‍ നാം ചെയ്യുന്ന പ്രവർത്തികൾ പോലും ദൈവത്തിനുവേണ്ടി ആകുന്നു ചെയ്യേണ്ടത്. ദൈവം നമ്മളെ സാക്ഷികളായി വിളിച്ചിരിക്കുന്ന സമൂഹത്തിൽ ജോലിചെയ്യുമ്പോൾ അവ ഏറ്റവും പ്രസക്തമാകുന്നു. അയൽക്കൂട്ടവും ഗവൺമെൻറും സംഘടിപ്പിക്കുന്ന പ്രോജക്റ്റുകളിൽ കൂടി സമൂഹത്തിന് സേവ ചെയ്യുമ്പോഴും ഇതേ തത്വം അനുസൃതമാകുന്നു. ക്രിസ്തുവിനെ പ്രതിനിധീകരിക്കേണ്ടതിനായി, അയൽക്കൂട്ടത്തോടൊപ്പം സമൂഹത്തെ സേവിക്കേണ്ടതിന് പലവിധ അവസരങ്ങൾക്കായി നാം നോക്കി പാർക്കുക.

banner image

2 തിമൊഥെയൊസ് 2 അധ്യായത്തിൽ, കഷ്ടം സഹിപ്പാനും, ഒരു കായിക അഭ്യാസിയെ പോലെ “ചട്ടപ്രകാരം” ഓടുവാനും (വാ. 5) പൗലോസ് തിമൊഥെയൊസിനെ പ്രബോധിപ്പിക്കുന്നു. നാം ഏറ്റവും വേഗത്തിൽ ഓടുമ്പോൾ തടഞ്ഞു വീഴാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പലരും ലംഘിക്കാൻ പാടില്ലാത്ത നിയമങ്ങൾ പോലും ലംഘിക്കുന്നു എന്നത് സങ്കടകരമായ വസ്തുതയാണ്. അതിനാൽ നാം മറ്റുള്ളവരെ സേവിക്കുമ്പോൾ, ക്രിസ്തീയമൂല്യങ്ങളുടെയും ക്രിസ്തീയ ദൗത്യത്തിന്റെയും അടിസ്ഥാന തത്വങ്ങൾ പാലിക്കുമെന്ന് നാം ഉറപ്പാക്കണം.

ഉദാഹരണമായി, ദുരിതങ്ങൾക്ക് അപ്പുറം ദൈവവുമായി അല്ലെങ്കിൽ തന്റെ പങ്കാളിയും കുഞ്ഞുങ്ങളുമായി അല്പസമയം ചിലവഴിക്കാൻ നാം മറന്നു പോയേക്കാം. എന്നാൽ അവയൊന്നും അധികസമയത്തേക്ക് നമ്മുടെ ശ്രദ്ധ തിരിക്കാൻ അനുവദിക്കാതിരിക്കുക. നാം ദൈവവുമായി പങ്കിടേണ്ട സമയം മറക്കുമ്പോൾ, നമ്മുടെ ആത്മീയാരോഗ്യത്തിനും ഭംഗം സംഭവിക്കാം. നമ്മുടെ പങ്കാളിയുമായി, കുടുംബാംഗങ്ങളുമായി ചിലവഴിക്കേണ്ട സമയം മറ്റു പലതിനും ഉപയോഗിക്കുമ്പോൾ ബന്ധങ്ങളിൽ ഉലച്ചിൽ ഉണ്ടാവുന്നു. ഉറക്കം കളഞ്ഞ്, വിശ്രമമില്ലാതെയുള്ള അദ്ധ്വാനം നമ്മുടെ ശാരീരിക മാനസിക തലങ്ങളെ ബാധിക്കുമ്പോൾ, നാം കൂടുതൽ ദുർബ്ബലരാകുന്നു, നമ്മുടെ പെരുമാറ്റത്തെ പോലും സാരമായി ബാധിക്കുന്നു.

നാം ദൈവവുമായി പങ്കിടേണ്ട സമയം മറക്കുമ്പോൾ, നമ്മുടെ ആത്മീയാരോഗ്യത്തിനു ഭംഗം സംഭവിക്കാം.

ഒരു അത്യാഹിതത്തിന് ശേഷം നമുക്ക് വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വന്നേക്കാം. എന്നാലും അധികം വൈകാതെ തന്നെ വിശ്രമത്തിനും തിരുവചനധ്യാനത്തിനും നാം തിരക്കിനിടയിലും സമയം കണ്ടെത്തേണ്ടതുണ്ട്. ശബ്ബത്ത് നാളിൽ എന്നപോലെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വിശ്രമത്തിനായി നീക്കിവയ്ക്കാവുന്നതാണ്. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ഇത് ബാധകമാണ്. ഉദാഹരണമായി, വിഷമത്തിൽ ഇരിക്കുന്ന പ്രിയപ്പെട്ടവരുടെ കണ്ണീരൊപ്പാൻ മുഴുവൻ സമയവും നീക്കിവെച്ചിരിക്കുന്നതിൽ നിന്നുമൊരു പങ്ക് വിശ്രമിക്കാനും ദൈവത്തോടൊപ്പം ആയിരിക്കാനും മാറ്റി വെക്കേണ്ടതുണ്ട്. അതിനു സാധിച്ചില്ലെങ്കിൽ അവർ അസ്വസ്ഥരായേക്കാം, പരിചരണം നൽകുന്നവർ എന്ന നിലയിൽ അവരുടെ ഫലപ്രാപ്തി നഷ്ടമായേക്കാം.

വിശ്രമമില്ലാതെ, ആത്മീയ പരിപോഷണം ഇല്ലാതെയുള്ള നിരന്തരമായ അദ്ധ്വാനത്തിന്റെ ഫലം സന്തോഷമില്ലായ്മയും, അസ്വസ്ഥതയും, വിഷാദവുമാണ്. ഡബ്ല്യു. ടി. പർക്കൈസർ അദ്ദേഹത്തിന്റെ ദി ന്യൂ ടെസ്റ്റമെന്റ് ഇമേജ് ഓഫ് ദി മിനിസ്ട്രി (ഗ്രാന്റ് റാപ്പിഡ്സ്:ബേക്കർ, 1974, പേ.133) എന്ന പുസ്തകത്തിൽ. കൗൺസിലിംഗിൽ ഉൾപ്പെട്ട ഒരാളെ ഉദ്ധരിച്ച്, തളർച്ചയിൽ നിന്ന് ആരംഭിക്കാത്ത വിഷാദരോഗം അദ്ദേഹം ഒരിക്കലും അറിഞ്ഞിട്ടില്ലെന്ന് പറയുന്നു.

വിശ്രമമില്ലാതെ, ആത്മീയ പരിപോഷണം ഇല്ലാതെയുള്ള നിരന്തരമായ അദ്ധ്വാനത്തിന്റെ ഫലം സന്തോഷമില്ലായ്മയും, അസ്വസ്ഥതയും, വിഷാദവുമാണ്.

ആത്മാവിനാൽ ജീവിക്കുന്ന എല്ലാ ക്രിസ്ത്യാനിയുടെയും അടിസ്ഥാന ഗുണമാണ് സന്തോഷം (ഗലാ. 5:22). തന്റെ സന്തോഷം നഷ്ടപ്പെടുമ്പോൾ ഏതൊരു വ്യക്തിയിലും മാറ്റങ്ങളുണ്ടാകുന്നു. ഈ സന്തോഷമാണ് നമുക്ക് ശക്തി നൽകുന്നത് (നെഹ. 8:10). എത്ര കഠിനമായ യാതനകൾക്ക് ഇടയിലും ദൈവത്തിനായി ഉത്സാഹത്തോടെ ശുശ്രൂഷ ചെയ്യുവാൻ അത് നമ്മെ സഹായിക്കുന്നു.

ചിലപ്പോഴെങ്കിലും നമുക്കേറ്റ ക്ഷതങ്ങളും ആഘാതങ്ങളും നമ്മെ കരയിപ്പിച്ചേക്കാം, എങ്കിലും കർത്താവിന്റെ സന്തോഷം നമുക്ക് ആഴങ്ങളിൽ അനുഭവിച്ചറിയാനാവും. ഇതിനുകാരണം, വിഷമതകൾക്കിടയിലും നാം സ്നേഹിക്കുന്ന, നമ്മെ സ്നേഹിക്കുന്ന ദൈവവുമായുള്ള ബന്ധവും കൂട്ടായ്മയുമാണ്.

ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ചരിത്രത്തിലെ സങ്കടകരമായ ഒരു കാര്യമെന്തെന്നാൽ, ശുശ്രൂഷ ചെയ്യുന്നവരിൽ തന്നെ നല്ലൊരു ശതമാനം ആൾക്കാർ തെറ്റി പോവുകയും അതുവഴി അവരുടെ കുടുംബബന്ധങ്ങൾക്ക് ക്ഷതമേൽക്കയും ചെയ്യുന്നു. അവർ പെട്ടെന്ന് തളർന്നു പോകുന്നു, പിന്നീട് ഒരിക്കലും ഇത്തരം ജോലികൾ ഏറ്റെടുക്കാതിരിക്കുന്നു.

ഇതേ അവസ്ഥയാണ് മാറാവ്യാധിയുള്ള കുട്ടിയുമായി ജീവിക്കുന്ന കുടുംബങ്ങളിൽ നാം കാണുന്നത്. ഒരുമിച്ചു ജീവിച്ചിരുന്ന ദമ്പതികൾ കുട്ടിയുടെ മരണശേഷം വേർപിരിയുന്നു. കുട്ടിയുടെ ആവശ്യങ്ങൾക്കായി തിരക്കിട്ട് ഓടുന്നതിനിടയിൽ തമ്മിലുള്ള സ്നേഹബന്ധത്തിനായി അവർ സമയം കണ്ടെത്തിയിരുന്നില്ല. കുട്ടിയുടെ രോഗകാലം മുഴുവൻ അവർ തിരക്കിലായിരുന്നു, എന്നാൽ മരണശേഷം തങ്ങൾ പരസ്പരം അകന്നിരിക്കുന്നു എന്നവർ തിരിച്ചറിയുന്നു.

അത്യാഹിത സന്ദർഭങ്ങളിൽ “നിന്നെത്തന്നെയും ഉപദേശത്തെയും സൂക്ഷിച്ചു കൊൾക” (1 തിമൊ. 4:16). നാം പരിക്ഷീണരാകുമ്പോൾ നമ്മുടെ ശ്രദ്ധ നഷ്ടപ്പെടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നാം നിസ്സഹായരും ആണ്. അതിനാൽ തന്നെ നാം ക്ഷീണത്താൽ വലയുന്ന സാഹചര്യങ്ങളിൽ, നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും പെരുമാറ്റത്തിലും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ദൈവേഷ്ടത്തിന് എതിരായി നാം ചെയ്യുന്നതൊക്കെയും പ്രയോജനമില്ലാത്തതെന്ന് എണ്ണി, അന്ത്യന്യായവിധി ദിവസത്തിൽ അവ ചുട്ടുകളയുകയും നശിപ്പിക്കുകയും ചെയ്യും എന്ന് പൗലോസ് അപായസൂചന നൽകുന്നു (1 കൊരി. 3:12-15).

ദൈവേഷ്ടത്തിന് എതിരായി നാം ചെയ്യുന്നതൊക്കെയും പ്രയോജനമില്ലാത്തതെന്ന് എണ്ണി, ന്യായവിധി ദിവസത്തിൽ അവ ചുട്ടുകളയുകയും നശിപ്പിക്കുകയും ചെയ്യും എന്ന് പൗലോസ് അപായസൂചന നൽകുന്നു

നമുക്ക് സംഭവിക്കാൻ സാധ്യതയുള്ള ചില തെറ്റുകൾ ഇവയൊക്കെയാണ്:

 • നമ്മുടെ പ്രവർത്തികളെകുറിച്ച് വലുതാക്കി പറയാതിരിക്കുക. നാം ചെയ്യുന്ന ഓരോ കാര്യങ്ങളും സ്വന്തം മഹത്വത്തിനായി ചെയ്യാതിരിക്കുക. മഹത്വം ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ് (സങ്കീ. 115:1, യെശ. 48:11). നമുക്കോ, നമ്മുടെ സംഘടനയ്ക്കോ മഹത്വം ലഭിക്കുന്ന ഏതൊരു പ്രവൃത്തിയിൽ നിന്നും പിന്മാറി, സദാ ജാഗ്രതയോടെ ഇരിക്കുക.
 • നമുക്ക് ലഭിക്കുന്ന സംഭാവനകൾ എപ്രകാരമാണ് ചെലവഴിക്കേണ്ടത് എന്നതും നാം സൂക്ഷിക്കണം. എത്ര തിരക്കുകൾക്കിടയിലും  വരവു ചിലവു കാര്യത്തിൽ ഇടർച്ചയും പാളിച്ചകളും വരാതിരിക്കാൻ ശ്രദ്ധിക്കുക. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കിടയിലും വളരെയധികം കാപട്യം ഇടകലർന്നിട്ടുണ്ടെന്നത് ദുഃഖകരമായ വസ്തുതയാണ്. ഇവയിൽ പലതും കാര്യപ്രാപ്തരായ വ്യക്തികൾക്ക് ഉണ്ടായ ചെറിയ ഇടർച്ചകളിൽനിന്നും രൂപപ്പെട്ടതാണ്.

banner image

പൗലോസ് ദൈവത്തെ വർണ്ണിക്കുന്നത് ശ്രദ്ധിക്കുക: “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നൽകുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിനു ഞങ്ങൾക്കുള്ള കഷ്ടത്തിലൊക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു” (2 കൊരി. 1:3-4). തങ്ങളെ കേൾക്കാൻ ആരുമില്ലാതെ വിഷമിക്കുന്ന ദുഃഖിതരായ അനേകം ആളുകൾക്ക്, രോഗശാന്തി പകരുവാൻ ദൈവത്തിന്റെ സമാധാന ദൂതന്മാരായി പ്രവർത്തിക്കാൻ നമ്മെ വിളിച്ചിരിക്കുന്നു.

എനിക്ക് തോന്നുന്നത്, മാനസികമായി പോരാടുന്നവരെ ശുശ്രൂഷിക്കുന്നതിനുള്ള ആവശ്യകത സമൂഹം ഒരു പരിധിവരെ അറിഞ്ഞിരിക്കുന്നു എന്നാണ്. മിക്കപ്പോഴും ദുരന്തങ്ങൾക്ക് ശേഷം സേവനം ആവശ്യമായ സ്ഥലങ്ങളിലേക്ക് സഹായഹസ്തവുമായി പ്രൊഫഷണൽ കൗൺസിലർമാർ അതിവേഗം എത്തിച്ചേരാറുണ്ട്. ദുരിതങ്ങളിൽ തളർന്നുവീണവർക്ക് ആശ്വാസം പകരാൻ സുഹൃത്ബന്ധങ്ങൾ സഹായിക്കുന്നു എന്ന് വിദഗ്ധർ വിലയിരുത്തുന്നു. ദീർഘകാലത്തേക്ക് കൂടുതൽ സ്വാഭാവിക രീതിയിൽ മറ്റുള്ളവരെ ശുശ്രൂഷിക്കാൻ കഴിയുന്നത് ഇവർക്കാണ്.

തങ്ങളെ കേൾക്കാൻ ആരുമില്ലാതെ വിഷമിക്കുന്ന ദുഃഖിതരായ അനേകം ആളുകൾക്ക്, രോഗശാന്തി പകരുവാൻ ദൈവത്തിന്റെ സമാധാന ദൂതന്മാരായി പ്രവർത്തിക്കാൻ നമ്മെ വിളിച്ചിരിക്കുന്നു.

ദുരിതമുഖത്ത് നിന്നും കരകയറുന്നവർക്ക് ഏറ്റവും പ്രധാനമായി നമുക്ക് ചെയ്തു കൊടുക്കാൻ കഴിയുന്നത്, അവരുടെ സാധാരണ ജീവിതം മടക്കികൊടുക്കലാണ്. തങ്ങളുടെ “സാധാരണ” ബന്ധങ്ങളിലേക്ക്- കുടുംബാംഗങ്ങളോടൊപ്പം, കൂട്ടുകാരോടൊപ്പം, സഹപ്രവർത്തകരോടും അയൽക്കാരോടും ഒപ്പം തങ്ങൾ ജീവിച്ചിരുന്ന പഴയകാല ജീവിതത്തിലേക്ക് അവരെ തിരിച്ചുകൊണ്ടുവരാൻ വിദഗ്ധർ ശ്രമിക്കേണ്ടതുണ്ട്. ഇത്തരം ബന്ധങ്ങളിൽ അവർ ശക്തി കണ്ടെത്തുന്നു. ദുരന്തങ്ങൾ നേരിട്ട ആളുകളെ ആശ്വസിപ്പിക്കുവാൻ മുഖ്യമായി വേണ്ടത് അവരുടെ കൂടെ ഇരിക്കുകയും അവർ പറയുന്നതു കേൾക്കുകയും ചെയ്യുക എന്നതായിരിക്കാം. എന്നാൽ അവരെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ നാം കേവലം കേൾവിക്കാരായി മാത്രം ഇരിക്കാതെ അവരോടു സംസാരിക്കേണ്ടതുമുണ്ട്.

ദുരിതത്തിലാഴ്ന്നവരെ സഹായിക്കാൻ, അവരോടൊപ്പം ആയിരിപ്പാൻ, അവരുടെ സങ്കടങ്ങൾക്ക് കേൾവിക്കാരായ് ഇരിക്കാൻ, നമുക്ക് കഴിയണം.

സാധാരണ കൗൺസിലിംഗ് ശുശ്രൂഷകളിൽ ഉൾക്കൊള്ളാവുന്ന പലതും കഠിനമായ വ്യഥകളിലൂടെ കടന്നു പോയവർക്ക് അനുയോജ്യമല്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഉദാഹരണമായി വേദന അനുഭവിക്കുന്ന അവരോട് തങ്ങളുടെ വിധിയെ കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ച് ചോദിക്കാമെങ്കിലും, കഠിനമായ വ്യഥകളിലൂടെ കടന്നു പോയവരോട്, അവർ തയ്യാറാകുമ്പോൾ മാത്രമേ അപ്രകാരമുള്ള ചോദ്യങ്ങൾ ചോദിയ്ക്കാൻ പാടുള്ളൂ. ഒരുക്കത്തോടെയല്ലാതെ പെട്ടെന്നുള്ള ചോദ്യങ്ങൾ അവരെ വികാരഭരിതരാക്കാം, അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും അത്.

ദുരന്തങ്ങളോടുള്ള മനുഷ്യന്റെ പ്രതികരണം തീവ്രമാർന്നവയാണ്- അതിയായ ഭയം, വിഷാദം, ഉൾവലിയൽ, മൗനം, കോപം, ഉറക്കമില്ലായ്മ, ദു:സ്വപ്നങ്ങൾ, സങ്കടങ്ങൾ ഇവയൊക്കെ ദുരന്തത്തോടുളള മാനുഷിക പ്രതികരണങ്ങളാണ്. മിക്ക അവസരങ്ങളിലും ഇത്തരം ലക്ഷണങ്ങൾ കാലത്തിനനുസരിച്ച്. മാറുന്നു. അതുകൊണ്ടുതന്നെ നാം അവരെ മനസ്സിലാക്കുകയും കുറ്റം ആരോപിക്കാതെ സംരക്ഷിക്കുകയും വേണം. ഇത്തരത്തിലുള്ള ശുശ്രൂഷ യഥാർത്ഥത്തിൽ സ്വർഗ്ഗം ഉപേക്ഷിച്ചു നമ്മെ തേടി വന്ന്, നാം അറിയുന്നതിനേക്കാൾ നമ്മെ അറിഞ്ഞ ക്രിസ്തുവിന്റെ മാതൃകയാണ്.

2004-ല്‍ ശ്രീലങ്കയിൽ ആഞ്ഞടിച്ച സുനാമിക്ക് ശേഷം എന്റെ സുഹൃത്തായ ഡോ. അരുൾ അൻകെട്ടിൽ ആതുരസേവനരംഗത്ത് ശുശ്രൂഷിച്ചു വരുന്ന കാലയളവിൽ. അഭയാർഥിക്യാമ്പിൽ ഒരു വൃദ്ധനെ കണ്ടുമുട്ടിയിരുന്നു. വലിയൊരു ഹൃദയാഘാതത്തിന്റെ എല്ലാ ലക്ഷണങ്ങളും അയാൾക്കുണ്ടായിരുന്നു. എന്നാൽ മറ്റൊരു ഡോക്ടറെ കൂട്ടി ഒരിക്കൽ കൂടി വൃദ്ധനെ പരിശോധിച്ച് അരുൾ അദ്ദേഹത്തിന് ഹൃദയാഘാതം ബാധിച്ചിരുന്നില്ല എന്നു കണ്ടെത്തി. സുനാമിയിൽ അദ്ദേഹത്തിന് നിരവധി കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടിരുന്നു. അവർ അദ്ദേഹത്തോടൊപ്പം പ്രാർത്ഥിക്കുകയും, സംസാരിക്കുകയും ചെയ്തു. താമസിയാതെ തന്നെ അദ്ദേഹത്തിന് ലക്ഷണങ്ങളെല്ലാം വിടവാങ്ങുകയും, തന്റെ ആരോഗ്യത്തിനായി ഡോക്ടർമാർ പ്രാർത്ഥിച്ച ദൈവത്തെ, കൂടുതൽ അറിയാനുള്ള താല്പര്യം കാണിക്കുകയും ചെയ്തു.

ദുരന്തങ്ങളോടുള്ള മനുഷ്യൻറെ പ്രതികരണം തീവ്രമാർന്നവയാണ്- അതിയായ ഭയം, വിഷാദം, ഉൾവലിയൽ, മൗനം, കോപം, ഉറക്കമില്ലായ്മ, ദുസ്വപ്നങ്ങൾ, സങ്കടങ്ങൾ ഇവയൊക്കെ ദുരന്തത്തോടുളള മാനുഷിക പ്രതികരണങ്ങളാണ്.

സുനാമിക്ക് ശേഷം വെള്ളം തൊടാൻ പോലും ഭയപ്പെടുന്ന നിരവധി കുട്ടികളെ എനിക്കറിയാം. സുനാമിക്ക് ശേഷം ഒരു സ്കൂൾ സന്ദർശിച്ചപ്പോൾ വീണ്ടും ക്ലാസുകൾ തുടങ്ങണമെന്ന ആഗ്രഹം അവിടുത്തെ ടീച്ചർ എന്നെ അറിയിച്ചു. എന്നാല്‍ സ്കൂൾ, കടൽ തീരത്ത് ആയിരുന്നതിനാൽ മാതാപിതാക്കൾ കുട്ടികളെ അവിടേക്ക് അയക്കാൻ വിസമ്മതിച്ചു. കുട്ടികൾ സ്കൂളിൽ ആയിരുന്നത്രയും സമയം പോലും അവർ തങ്ങളുടെ പക്കല്‍ നിന്നും അകലെയായിരിക്കരുത് എന്നു മാതാപിതാക്കൾ എതിർപ്പു പ്രകടിപ്പിക്കുകയായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ വളരെയധികം വിചിന്തനവും, പ്രവൃത്തിപരിചയവും ആവശ്യമാണ്.

ദുരിതാശ്വാസപ്രവർത്തകരും വളരെയധികം ആശ്വാസം അർഹിക്കുന്നു. അവർ തീവ്രമായ വൈകാരിക അനുഭവങ്ങളിൽ കൂടി കടന്നുപോകുന്നു. കൊടിയ ശക്തിയോടുകൂടി സുനാമി ആഞ്ഞടിച്ച ഒരു പ്രവിശ്യയിൽ ആദ്യമായി സന്ദർശിച്ചപ്പോൾ അവ ഏൽപ്പിച്ച ആഘാതങ്ങൾ കണ്ട് ഞാൻ കരഞ്ഞു പോയിരുന്നു. ഒരു സഹപ്രവർത്തകനും ഇപ്രകാരം ഒരിടം സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ എതിരേറ്റത് മൃതദേഹങ്ങളും മറ്റു ഹൃദയഭേദകമായ കാഴ്ചകളും ആയിരുന്നു. അധികം വൈകാതെ തന്നെ അദ്ദേഹം തന്റെ വാനിൽ തിരിച്ചെത്തി ആവോളം കരഞ്ഞുപോയി.

കൊടിയ വിനാശത്തിൽ അകപ്പെടുന്നവരുടെ മനസ്സിനെയും വികാരങ്ങളെയും അതു സാരമായി ബാധിക്കാം. അതിനാൽ വളരെ ക്ഷമയോടുള്ള പരിചരണം അവർക്കാവശ്യമാണ്

കൊടിയ വിനാശത്തിൽ അകപ്പെടുന്നവരുടെ മനസ്സിനെയും വികാരങ്ങളെയും അതു സാരമായി ബാധിക്കാം. അതിനാൽ വളരെ ക്ഷമയോടുള്ള പരിചരണം അവർക്കാവശ്യമാണ്. തങ്ങളുടെ വേദന മറ്റുള്ളവരുമായി പങ്കുവെക്കാനും, ആശ്വാസത്തിനും ദൈവീക സമാധാനത്തിനുമായി അവർക്ക് ക്രിസ്തീയ സമൂഹവുമായി ബന്ധപ്പെടുവവൻ അവസരങ്ങൾ നൽകുക.

മുറിവേറ്റവരെ ശുശ്രൂഷിക്കാൻ തയ്യാറാകുന്ന ക്രിസ്ത്യാനികൾ മനസ്സിലാക്കേണ്ട ഏറ്റവും വലിയ സത്യം, ദൈവം മനുഷ്യനായി അവതരിച്ചപ്പോൾ ഇപ്രകാരമുള്ള വിഷമതകളും പ്രതിസന്ധിയും അവനും നേരിട്ടിരുന്നു എന്നതാണ്. ശിശുവായിരിക്കെ തന്നെ ഏറ്റവും മൃഗീയമായ ഹത്യയിൽ നിന്നും അവൻ രക്ഷപ്പെട്ടു. തന്റെ കുടുംബത്തോടൊപ്പം അന്യരാജ്യത്തേക്ക് കടക്കേണ്ടിവന്നു. അവൻ അപരിചിതരുടെ നാട്ടിൽ അഭയാർത്ഥിയായി കഴിഞ്ഞു. അവൻ സഹായിച്ചവർ തന്നെ അവനെ തിരസ്കരിച്ചു. ഒരുപക്ഷേ, അവനു വളരെ ചെറുപ്പകാലത്തുതന്നെ സ്വന്തം പിതാവിന് നഷ്ടപ്പെട്ടിരിക്കാം. ചെറുപ്രായക്കാരായ നാല് സഹോദരന്മാരെയും, ഒന്നിലധികം സഹോദരിമാരെയും സംരക്ഷിക്കേണ്ടതിനാൽ (മർക്കൊ. 6:3), ഔപചാരികമായ വിദ്യാഭ്യാസം അവനു നൽകപ്പെട്ടിരുന്നില്ല. ഇതിനാൽ തന്നെ മതനേതാക്കൾ അവനെ വിദ്യാഭ്യാസം ഇല്ലാത്തവനായി കരുതി അംഗീകരിച്ചില്ല (യോഹ. 7:15). ഇന്നും ദുരന്തമുഖത്ത് ഉള്ള നിരവധി കുട്ടികൾ അഭിമുഖീകരിക്കേണ്ടി വരുന്ന വൈകല്യം ആണിത്.

താൻ ചെയ്യാത്ത പാപത്തിന് കുറ്റം ആരോപിക്കപ്പെടുകയും കുറ്റവാളിയായി മുദ്ര ചാർത്തി, മാനവരാശിയിൽതന്നെ ഏറ്റവും ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നവനാണ് യേശു. എനിക്ക് പത്തു വയസ്സിനു താഴെ പ്രായമുണ്ടായിരുന്നപ്പോൾ വളരെ മോശമായ അവസ്ഥ എനിക്കു നേരിടേണ്ടി വന്നു. ആ നിരാശാജനകമായ സാഹചര്യത്തിൽ എന്റെ മനസ്സിലേക്ക് കടന്നു വന്ന ആദ്യ വാക്കുകൾ ” എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈ വിട്ടത് എന്ത്” എന്നായിരുന്നു, വളരെ പിന്നീടാണ് ദൈവപുത്രനായ അവതരിച്ച യേശുവിന്റെ മൊഴികൾ ആയിരുന്നു അവ എന്ന് ഞാൻ തിരിച്ചറിഞ്ഞത് (മത്താ. 27:46). നാം കടന്നു പോകുന്ന വിഷമഘട്ടങ്ങളിൽകൂടെ അവനും നടന്നിരുന്നു. കഷ്ടതയനുഭവിക്കുന്ന മനുഷ്യരെ മനസിലാകുവാൻ കഴിയുന്ന ഒരു ദൈവമാണിത്.

ഇന്നത്തെ സമൂഹത്തിന് ഏറ്റവും ആവശ്യം, സർവാശ്വാസവും നൽകുന്ന ദൈവവുമായുള്ള ബന്ധം ആണ്(2 കൊരി. 1:3). ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ തിരക്കുകൾക്കിടയിലും ദൈവത്തിന്റെ രക്ഷ ലഭിക്കേണ്ട ജനങ്ങളെ നാം ഒരിക്കലും കാണാതെ പോകരുത്. ദൈവം ഒരിക്കലും തന്റെ സന്ദേശം ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചിരുന്നില്ല. തന്റെ രക്ഷയിലേക്കുള്ള വഴി അവൻ കാണിച്ചു കൊടുക്കുകയാണ് ചെയ്തത് (യെശ. 1:18). ക്രിസ്തീയകൂട്ടത്തിൽ നിന്നും സഹായം ലഭിച്ചെന്ന് കരുതി ജനങ്ങൾ ഒരിക്കലും ക്രിസ്തുവിനെ സ്വീകരിക്കണമെന്നുമില്ല. ഹൃദയം കൊണ്ടും മനസ്സുകൊണ്ടും യേശുവിലൂടെ ദൈവം അവരുടെ ആവശ്യങ്ങൾക്ക് ഉത്തരം അരുളുന്നു എന്ന് തിരിച്ചറിവിൽ നിന്നാവണം അവർ അവനെ സ്വീകരിക്കേണ്ടത്.

ദുരന്ത സമയങ്ങൾ, ക്രിസ്തീയ വിശ്വാസം പ്രദർശിപ്പിക്കാനുള്ള സവിശേഷമായ അവസരങ്ങൾ നമുക്കു നൽകുന്നു. ദുരന്തമുണ്ടാകുമ്പോൾ, ക്രിസ്ത്യാനികൾ ചോദിക്കേണ്ടതുണ്ട്, “ഈ സമയത്ത് ഞാൻ എന്താണ് ചെയ്യേണ്ടത്? ഈ പ്രതിസന്ധിയോട് ക്രിസ്തീയ രീതിയിൽ ഞാൻ എങ്ങനെ പ്രതികരിക്കണം?