“കൊയ്ത്തിന്റെ നിയമം” മനസ്സിലാക്കാൻ എളുപ്പമാണ്. ഏതൊന്നും സമാനമായതിനെ ഉല്പാദിപ്പിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് ഗലാത്യയിലെ ആദിമ നൂറ്റാണ്ടിലെ സഭയ്ക്ക് എഴുതുന്നതു പോലെ, വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചു കൂടാ; മനുഷ്യൻ വിതയ്ക്കുന്നതുതന്നെ കൊയ്യും (ഗലാ. 6:7).
ഇതേ ആശയം വളരെ മുമ്പുതന്നെ ഇയ്യോബിന്റെ പുസ്തകത്തിൽ പ്രകടിപ്പിച്ചിരുന്നു. ഇയ്യോബിനെ പതിയിരുന്നാക്രമിച്ച എല്ലാ ദുരന്തങ്ങൾക്കും അവൻ അർഹതയുള്ളവനാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് ഇയ്യോബിന്റെ സ്‌നേഹിതന്മാരിൽ ഒരാൾ അവനോട് ചോദിച്ചു, ”ഓർത്തുനോക്കുക: നിർദോഷിയായി നശിച്ചവൻ ആർ? നേരുള്ളവർ എവിടെ മുടിഞ്ഞു പോയിട്ടുള്ളൂ? ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു” (ഇയ്യോബ് 4:7-8).
കൊയ്ത്തിന്റെ നിയമം ഏറ്റവും അധികം തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങളിലൊന്നായി ഭവിച്ചേക്കാം. ആ കാരണത്താൽ തന്നേ, ബിൽ ക്രൗഡർ എഴുതിയ താഴെക്കൊടുത്തിരിക്കുന്ന പേജുകൾക്ക് വിപുലമായ വായന ലഭിക്കുകയും ബൈബിളിലെ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടതുമായ കഥകളിലൊന്നിൽ പുതുക്കിയ ഒരു താത്പര്യം ഉളവാക്കുകയും ചെയ്യും എന്ന് ഞാൻ പ്രത്യാശിക്കുന്നു.

– മാർട്ട് ഡിഹാൻ

വായിക്കാൻ ദയവായി സ്‌ക്രോൾ ചെയ്യുകയോ അല്ലെങ്കിൽ പ്രസക്ത ഭാഗങ്ങൾക്കായി ചുവടെ ഉള്ള ലിങ്കുകൾ അമർത്തുകയോ ചെയ്യുക.

banner image

തുളച്ചുകയറുന്ന വിരോധാഭാസത്തോടെ, വൂഡി അലൻ പ്രഖ്യാപിച്ചു, ജീവിതം മുഴുവനും ദുരിതവും ഏകാന്തതയും കഷ്ടതയും ആണ്, ഇതെല്ലാം പ്രതീക്ഷിക്കുന്നതിനെക്കാൾ വേഗത്തിൽ നമ്മെ മൂടുകയും ചെയ്യും. നമുക്ക് ഇതിനകം തന്നെ അറിവില്ലാതിരുന്ന കാര്യമല്ല അലൻ നമ്മോടു പറയുന്നത്. വേദനയും കഷ്ടതയും സാധാരണ മാനുഷിക അനുഭവങ്ങളിലേക്ക് നെയ്തുചേർക്കപ്പെട്ടിരിക്കുന്നു. യുദ്ധം, ഭൂകമ്പം, സൂനാമി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവയിലൂടെ ആഗോളമായി കഷ്ടത പൊട്ടിപ്പുറപ്പെടുന്നു. അത് ഒരു ബന്ധത്തിന്റെ നഷ്ടം,

കഷ്ടതയിൽ, നാം പേരില്ലാത്ത, മുഖമില്ലാത്ത, ഹൃദയമില്ലാത്ത, ശത്രുവുമായിട്ടാണ് കൂട്ടിയിടിക്കുന്നത്. മതിയായ ഉത്തരങ്ങൾ നമുക്കില്ലാത്ത ചോദ്യങ്ങൾ ആ ശത്രു നമ്മിലുയർത്തുന്നു.

ആരോഗ്യത്തിന്റെ നഷ്ടം, ഒരു കുഞ്ഞിന്റെ നഷ്ടം, ഒരു വൈവാഹിക ജീവിതത്തിന്റെ നഷ്ടം, ഒരു ജോലിയുടെ നഷ്ടം എന്നിങ്ങനെ വ്യക്തിപരമായ രീതിയിലും തന്നെത്തന്നെ വെളിപ്പെടുത്തുന്നു. സാധാരണ നിലയിൽ നാം തയ്യാറെടുക്കാത്ത വഴികളിലാണ് കഷ്ടത നമ്മെ സ്പർശിക്കുന്നത്. നമുക്ക് നിർവചിക്കാനാവാത്ത വേദനയോടെ അതു നമ്മെ പിടികൂടുന്നു. ശാരീരികമായും വൈകാരികമായും ആത്മീയമായും, നമ്മുടെ ബന്ധങ്ങളിലും അതു നമ്മെ ബാധിക്കുന്നു.

ആ ചോദ്യങ്ങൾ ബുദ്ധിമുട്ടുള്ളവ ആയിരിക്കുമ്പോൾ തന്നേ, മെച്ചപ്പെട്ട ഉത്തരങ്ങൾ തിരയാനും അതേ ചോദ്യങ്ങൾ നമ്മെ നിർബന്ധിക്കുന്നു. നാം പുസ്തകങ്ങൾ വായിക്കുന്നു. നാം ചിന്തകരുടെയും തത്വചിന്തകരുടെയും ദൈവശാസ്ത്രജ്ഞരുടെയും ഉപദേഷ്ടാക്കന്മാരുടെയും അഭിപ്രായം ആരായുന്നു. കഷ്ടതയുടെ പ്രശ്‌നത്തിന്റെ വിശദീകരണങ്ങളെക്കുറിച്ചു നാം തർക്കവും വാദപ്രതിവാദവും നടത്തുന്നു. എന്നാൽ നമ്മുടെ പ്രതീക്ഷകൾ എത്ര തന്നെ ഉയർന്നതായിരുന്നാലും, ഈ സ്രോതസ്സുകളിൽനിന്നുള്ള ഉത്തരങ്ങൾ എത്ര പ്രതീക്ഷാനിർഭരമായിരുന്നാലും അവ പിന്നെയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു – ഒന്നുകിൽ നമ്മെ ദൈവത്തിൽ നിന്ന് അകറ്റിക്കളയുകയോ അല്ലെങ്കിൽ നമ്മെ അവനോട് അടുപ്പിക്കുകയോ ചെയ്യുന്ന, ഭ്രാന്തു പിടിപ്പിക്കുന്ന മർമ്മങ്ങളായി അവ നിലകൊള്ളുന്നു.

ഈ ലഘുഗ്രന്ഥത്തിന്റെ പേജുകളിൽ, ഈ പ്രയാസകരമായ വിഷയത്തിനു ചുറ്റും ചുഴലിക്കാറ്റുപോലെ ഭ്രമണം ചെയ്യുന്ന ചോദ്യങ്ങളിൽ ചിലതു മാത്രമാണു നമുക്കു പരിശോധിക്കാൻ കഴിയുക. കഷ്ടത എങ്ങനെയുള്ളതാണ്? കഷ്ടത നമ്മുടെ പേർ വിളിക്കുമ്പോൾ നാം എങ്ങനെയാണ് പ്രതികരിക്കേണ്ടത്? ജീവിതത്തിന്റെ ഏറ്റവും ഇരുണ്ട നിമിഷത്തിനു നടുവിൽ ദൈവത്തെ എങ്ങനെ കണ്ടെത്താനാകും?

കഷ്ടതയെ ദർശിക്കുന്നതിന് ഇയ്യോബ് എന്ന മനുഷ്യന്റെ അനുഭവങ്ങളേക്കാൾ മെച്ചപ്പെട്ട ആരംഭബിന്ദു ഇല്ല. ബൈബിളിലെ ഏറ്റവും പഴക്കമുള്ള പുസ്തകത്തിൽ ആ മനുഷ്യന്റെ കഥ പറഞ്ഞിട്ടുണ്ട്.

രേഖപ്പെടുത്തപ്പെട്ട മനുഷ്യചരിത്രത്തിലെ ആദ്യകാലഘട്ടങ്ങളിൽ ഊസ് ദേശത്തായിരുന്നു ഇയ്യോബ് ജീവിച്ചിരുന്നത്. ദൈവവുമായുള്ള ബന്ധത്തിൽ ജീവിച്ചിരുന്ന മനുഷ്യൻ എന്നാണ് അവനെ പരിചയപ്പെടുത്തുന്നത്. “നിഷ്‌ക്കളങ്കനും” “നേരുള്ളവനും” “ദോഷം വിട്ടകലുന്നവനും”(ഇയ്യോബ് 1:1) എന്ന് അവനെ വിശേഷിപ്പിച്ചിരിക്കുന്നു. ശരിയായത് ചെയ്യാനും ദൈവത്തെ പ്രസാദിപ്പിക്കാനും അവൻ ശ്രമിച്ചു. എന്നിട്ടും അതിദ്രുതം ആഞ്ഞടിച്ച അത്യാപത്തുകളുടെ പരമ്പര അവന്റെ ലോകത്തെ തകർക്കുകയും ആ ബന്ധത്തിനു ഭീഷണിയുയർത്തുകയും ചെയ്തു.

ബൈബിളിലെ ഏറ്റവും പഴക്കമുള്ള പുസ്തകം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, മനുഷ്യന്റെ അനുഭവങ്ങളിലെ ഒരു പൊതുവായ ഘടകത്തിലാണ് – വേദനയുയെയും കഷ്ടതയുടെയും പ്രശ്‌നം – എന്നതു ശ്രദ്ധേയമാണ്. ഇയ്യോബിന്റെ കഥ പലർക്കും പരിചിതമാണെങ്കിലും, നമുക്ക് സങ്കൽപിക്കാൻ കഴിയുന്നതിൽ കൂടുതൽ അതിനു പറയാനുണ്ടാകും. ലോകത്തെക്കുറിച്ച് കൂടുതലായി, നമ്മെക്കുറിച്ച് കൂടുതലായി, ദൈവത്തെക്കുറിച്ചും കൂടുതലായി.

banner image

സൈദ്ധാന്തികവും അമൂർത്തവുമായി വയ്ക്കാൻ നാം ആഗ്രഹിക്കുന്ന ചില പാഠങ്ങളുണ്ട്. എന്നാൽ ആ പരിതസ്ഥിതിയിൽ അവയും മുഴുവനായി മനസ്സിലാക്കാൻ ഒരിക്കലും സാധിക്കുകയില്ല. നീന്തൽ പഠിക്കാൻ കറസ്‌പോണ്ടൻസ് കോഴ്‌സുകൾ ഒന്നുമില്ലെന്ന് പ്രൊഫസ്സർ ഹോവാർഡ് ഹെൻഡ്രിക്‌സ് ഒരിക്കൽ പറഞ്ഞു. കഷ്ടതയിൽ വിദൂര പഠനാനുഭവങ്ങൾ ഒന്നും ഇല്ല – ആഴമാർന്നതും രക്ഷപ്പെടാനാകാത്തവിധം വ്യക്തിപരമായവയും മാത്രമേയുള്ളു. കഷ്ടതയുടെ അടകല്ലിൽ ആയിരിക്കുമ്പോൾ, നാം അനുഭവിക്കുന്ന എന്തു സംഗതിയാണ് അവയുടെ ഭാരമേറിയ ബുദ്ധിമുട്ടുകൾക്ക് സംഭാവന ചെയ്യുന്നത്? ഇയ്യോബിന്റെ അനുഭവത്തിൽ നിന്നുള്ള നിരവധി ഉൾക്കാഴ്ചകളാണ്‌ താഴെ കൊടുത്തിട്ടുള്ളത്.

കഷ്ടത നിഗൂഢമായി അനുഭവപ്പെടുന്നു (ഇയ്യോബ് 1:1-12)

രണ്ടാം മഹായുദ്ധ കാലത്ത് ഓഷ്‌വിറ്റ്‌സ് തടങ്കൽ പാളയത്തിലെ തടവുകാരനായിരുന്ന പ്രൈമോ ലേവി, ആ സമയത്തെക്കുറിച്ച് ഇങ്ങനെ വിവരിച്ചു. ദാഹത്താൽ വരണ്ട് ബാരക്കിൽ ചുരുണ്ടുകൂടിയിരുന്ന താൻ, തന്റെ വരണ്ട നാവിന് അൽപം ഈർപ്പം നൽകാൻ ജനാലയിലൂടെ ഒരു ഹിമസൂചി എത്തിപ്പിടിച്ചു. എന്നാൽ തന്റെ വിണ്ടു കീറിയ ചുണ്ടുകൾ നനയ്ക്കുന്നതിനു മുമ്പു തന്നെ, ഒരു കാവൽക്കാരൻ വന്ന് ആ മഞ്ഞുകഷണം പിടിച്ചുപറിച്ചിട്ട് തന്നെ ജനാലക്കരികിൽ നിന്നും അകത്തേക്കു തള്ളിയിട്ടു. ആ ക്രൂരതയിൽ ഞെട്ടി ലേവി കാവൽക്കാരനോട് എന്തുകൊണ്ടാണതു ചെയ്തതെന്നു ചോദിച്ചു. കാവൽക്കാരന്റെ മറുപടി, ഇവിടെ എന്തുകൊണ്ട് എന്നൊന്നില്ല.

കഷ്ടതയുടെ തീച്ചൂളയിൽ പ്രവേശിച്ചപ്പോൾ ഇയ്യോബിനും അങ്ങനെ തോന്നിയിരിക്കണം. തന്റെ ജീവിതത്തിന്റെ ആത്മീയ പശ്ചാത്തലത്തെക്കുറിച്ച് അവന് ഒന്നും അറിയില്ലായിരുന്നു. വാസ്തവത്തിൽ ഇയ്യോബ് തന്റെ കഥയുടെ പ്രാരംഭ രംഗത്തിൽ അരങ്ങിലില്ല. ഇയ്യോബ് 1 ൽ ദൈവസിംഹാസനത്തിനു മുമ്പിൽ സാത്താൻ ഉൾപ്പെടെയുള്ള ദൂതന്മാരുടെ ഒത്തുചേരലിനെക്കുറിച്ച് പറയുന്നു. അപ്പോൾ സവിശേഷമായ എന്തോ ഒന്ന് സംഭവിക്കുന്നു. യഹോവ സാത്താനോട്: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്‌ക്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്ന് അരുളിച്ചെയ്തു. അതിന് സാത്താൻ യഹോവയോട്, വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത്?” (ഇയ്യോബ് 1:8-9).

ഭൂമിയിലെ പുരുഷന്മാരെയും സ്ത്രീകളെയും സാത്താൻ നിരീക്ഷിക്കുന്നതിനെക്കുറിച്ച്, നമ്മുടെ ആത്മീയ ശത്രുവായ സാത്താനെ ദൈവം ചോദ്യം ചെയ്യുന്നു. അതോടൊപ്പം ദൈവം ഇയ്യോബിനെ എടുത്തു പറഞ്ഞ് അവനെ പ്രശംസിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവത്തിന്റെ പ്രശംസ സാത്താൻ തള്ളിക്കളയുന്നു. ദൈവത്തെ സ്‌നേഹിക്കുവാനുള്ള ഇയ്യോബിന്റെ പ്രചോദനത്തെ അവൻ ചോദ്യം ചെയ്യുന്നു: അവന് എന്തുകൊണ്ട് അങ്ങയെ സേവിച്ചു കൂടാ! സാത്താൻ സൂചിപ്പിച്ചു: അങ്ങ് അവന് എല്ലാം കൊടുത്തിട്ടുണ്ട്. അതിനാൽ ഇയ്യോബിന്റെ വിശ്വാസം പരീക്ഷിക്കാൻ ദൈവം സാത്താന് അനുമതി നൽകുന്നു. ഇയ്യോബ് ഒരു പ്രാപഞ്ചിക പരീക്ഷണത്തിന്റെ ഭാഗമാകാൻ പോകുന്നു. ദൈവത്തോടുള്ള അവന്റെ ഭക്തിയുടെയും ബന്ധത്തിന്റെയും നിർമ്മലത പരീക്ഷിക്കുന്നതിന്റെ മാനദണ്ഡം കഷ്ടത ആയിരിക്കും.

പാപം മൂലമുള്ള മനുഷ്യ ജാതിയുടെ വീഴ്ച നിമിത്തം, കഷ്ടത എല്ലാ മനുഷ്യരുടെയും പൊതുവായ അനുഭവമാണ്. നാം അനുഭവിക്കുന്ന കഷ്ടത വ്യത്യസ്ത അളവുകളിലും വ്യത്യസ്ത രൂപങ്ങളിലും ഉള്ളവയാണെങ്കിലും അത് ഒരു സാർവത്രിക മനുഷ്യാനുഭവമാണ്. അക്കാരണത്താലാണ് സ്ഥിരോത്സാഹത്തിന്റെ കഥകൾ ഇത്രയും ശക്തമാകുന്നത്.

ജീവിതം ചിലപ്പോൾ ഇങ്ങനെയാണ് അനുഭവപ്പെടുന്നത്. നമ്മുടെ എന്തുകൊണ്ട് എന്ന ചോദ്യത്തിന് ന്യായമായ ഉത്തരമില്ലാതെ നാം കഷ്ടപ്പെടുമ്പോൾ, എന്തുകൊണ്ടില്ല എന്നു പരിഹസിക്കുന്നതായി തോന്നുന്ന നിശബ്ദത മാത്രം.

ദൈവവും സാത്താനും തമ്മിലുള്ള ഈ കൈമാറ്റം, നിത്യമായ ആത്മീയ മണ്ഡലവുമായി നമ്മുടെ ജീവിതങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമായി കാണിക്കുന്നു. തന്റെ കഷ്ടതയുടെ കാരണത്തെക്കുറിച്ച് ഇയ്യോബിന് തികച്ചും അറിവില്ലായിരുന്നു എന്നു കൂടെ ഇതു വ്യക്തമാക്കുന്നു – അവൻ കഷ്ടത മാത്രമേ അറിഞ്ഞിരുന്നുള്ളൂ. കാരണം ഒരു നിഗൂഢതയായിരുന്നു. ഓസ് ഗിന്നസ് പറഞ്ഞതുപോലെ, ജീവിതം കേവലം ബുദ്ധിമുട്ടുള്ളതല്ല. ജീവിതം ന്യായരഹിതമായതും ഒരു വിധത്തിൽ പറഞ്ഞാൽ ഭയപ്പെടുത്തും വിധം പ്രാപഞ്ചികമായി അന്യായമായതുമായി മാറുന്നു. അതിനു ശേഷം, നിലം ഇനിമേൽ ഉറപ്പില്ലാത്തതായി മാറുന്നു.

വേദനയുടെയും ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും പെട്ടെന്നുള്ള കടന്നാക്രമണം അവനെ വിഴുങ്ങിയപ്പോൾ, ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ഇയ്യോബിന്റെ ഹൃദയം മിടിച്ചു.

കഷ്ടത കീഴ്‌പ്പെടുത്തിക്കളയുന്നതായി അനുഭവപ്പെടുന്നു (ഇയ്യോബ് 1:13-19)

ഷേക്‌സ്പിയറിന്റെ ഹാംലറ്റിൽ, ക്ലോഡിയസ് പറയുന്നു, ക്ലേശങ്ങൾ വരുമ്പോൾ അവർ ഒറ്റപ്പെട്ട ചാരന്മാരായല്ല, മറിച്ച് ഒരു സൈന്യമായിട്ടാണ് വരുന്നത്. ഇയ്യോബിന്റെ അനുഭവത്തിൽ ഇത് തീർച്ചയായും സത്യമായിരുന്നു; ഒന്നിനു പുറകേ ഒന്നായി നാശനഷ്ടത്തിന്റെ വാർത്തയുമായി ദൂതന്മാർ വന്നുകൊണ്ടിരുന്നു.

ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു ദൂതൻ അവന്റെ അടുക്കൽ വന്നു: കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു; പെട്ടെന്നു ശെബായർ വന്ന് അവയെ പിടിച്ചു കൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ വേറൊരുത്തൻ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ മറ്റൊരുത്തൻ വന്നു: പെട്ടെന്നു കല്ദയർ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുത്തൻ വന്നു; നിന്റെ പുത്രൻമാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നു മരുഭൂമിയിൽ നിന്ന് ഒരു കൊടുങ്കാറ്റ് വന്നു വീട്ടിന്റെ നാലു മൂലയ്ക്കും അടിച്ചു: അത് യൗവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. (ഇയ്യോബ് 1:13-19 ഊന്നൽ ചേർത്തിരിക്കുന്നു)

തകർത്തുകളയുന്ന നഷ്ടത്തിന്റെ തുടർച്ചയായ അറിയിപ്പുകളുടെ ആളുന്ന അഗ്നി ഇയ്യോബിന്റെ ഹൃദയത്തിലേക്ക് തുളച്ചുകയറി. കൂടുതൽ മോശം വാർത്തകളുമായി എത്തിയ ദാസന്മാർ അക്ഷരാർത്ഥത്തിൽ പരസ്പരം കൂട്ടിയിടിച്ചു. ഇയ്യോബിന്റെ ലോകത്തിൽ ദാസന്മാരുടെയും വസ്തുവകകളുടെയും അടിസ്ഥാനത്തിലാണ് സമ്പത്ത് കണക്കാക്കിയിരുന്നത്. ഇയ്യോബിന്റെ ഹൃദയത്തിനു നേരെയുള്ള ആക്രമണത്തിന് ഇവ രണ്ടും ആയുധങ്ങളായിരുന്നു. ഒന്നാമത്, കഴുതകളുടെയും കാളകളുടെയും നഷ്ടവും വേലക്കാരുടെ മരണവും (1:14-15). അടുത്തതായി, ദൈവത്തിന്റെ തീ ആകാശത്തു നിന്നു വീണു കത്തി ഇയ്യോബിന്റെ ആടുകളെയും കൂടുതൽ വേലക്കാരെയും ദഹിപ്പിച്ചു എന്ന വാർത്ത വന്നു (1:16). അടുത്തതായി, കല്ദയരുടെ പടക്കൂട്ടം ഒട്ടകങ്ങളെ മോഷ്ടിക്കുകയും കൂടുതൽ വേലക്കാരെ കൊല്ലുകയും ചെയ്തു എന്ന സന്ദേശം വന്നു (1:17). ഓരോ അറിയിപ്പിലും അപകടങ്ങൾ വലുതായി വലുതായി വന്ന് അതിന്റെ നഷ്ടം വർദ്ധിച്ചുകൊണ്ടിരുന്നു. എന്നാൽ ഏറ്റവും വലിയ നഷ്ടം വന്നത് ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും കൊല്ലപ്പെട്ടു എന്ന ഹൃദയഭേദകമായ വാർത്തയുമായി ദൂതൻ എത്തിയപ്പോഴാണ് (1: 18-19).

ഹൃദയവേദനയുടെ തിരമാലകൾ നമ്മുടെ മീതെ കവിഞ്ഞുപോകുമ്പോൾ, അത് ഒറ്റയ്ക്കു വരുന്ന ചാരന്മാരോ മുഴു സൈന്യമോ ആയാലും, അവരുടെ മുഴുവൻ ഭാരവും കർക്കശ സ്വഭാവവും ശ്വാസം മുട്ടിക്കുന്നതാകാം. കഷ്ടത സാധാരണമട്ടിൽ നമ്മെ കീഴ്‌പ്പെടുത്തിക്കളയുന്നു.

കഷ്ടത അനുഭവിക്കുന്നത് ഒറ്റയ്ക്കാണ് (ഇയ്യോബ് 2:13)

അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ട് അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടു കൂടെ നിലത്തിരുന്നു (ഇയ്യോബ് 2:13).

സാത്താന്റെ അവസാനത്തെ ആക്രമണം ഇയ്യോബിന്റെ ആരോഗ്യത്തിനെതിരെ ആയിരുന്നു (2:1-8). അതിനു ശേഷം ഇയ്യോബ്, വേദനിക്കുന്ന പരുക്കൾ ചുരണ്ടിക്കൊണ്ടും തന്റെ ജീവിതത്തിലെ പെട്ടെന്നുണ്ടായ ഈ തിരിവിൽ പരിഭ്രാന്തനായിക്കൊണ്ടും ചാരത്തിൽ ഇരുന്നു. ഇയ്യോബിന്റെ ഭാര്യയും സ്‌നേഹിതന്മാരും അവന്റെ സമീപേ ഉണ്ടായിരുന്നു, എങ്കിലും അവൻ തന്റെ വേദനയിൽ ഏകനായിരുന്നു എന്നതായിരുന്നു യാഥാർത്ഥ്യം – തന്റെ ദൈവത്തിന്റെ സാന്നിധ്യം ഒഴികെ ഏകനായി.

ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് തത്വചിന്തക സിമോൺ വെയ്ൽ എഴുതി, പീഡകൾ, ദൈവം കുറച്ചു സമയത്തേക്ക് അപ്രത്യക്ഷമായതുപോലെ, ഒരു മരിച്ച മനുഷ്യൻ അസന്നിഹിതൻ ആയിരിക്കുന്നതിനെക്കാളധികം, ഒരു അറയിലെ കൂരിരുട്ടിൽ വെളിച്ചം അസന്നിഹിതമായിരിക്കുന്നതിനേക്കാളധികം, അസന്നിഹിതനായതായി തോന്നിപ്പിക്കുന്നു. മുഴു ആത്മാവിനെയും ഒരു തരം ഭീതി മുക്കിക്കളയുന്നു.

കഷ്ടതയുടെ കാലങ്ങളിലെ ഏകാന്തതാ ബോധത്തിന്, ക്രൂശിൽ കിട്ക്കുന്ന യേശുവിന്റെ ചുണ്ടുകളിലൂടെ പുറത്തു വന്ന ദുഃഖാർത്തമായ നിലവിളിയിലൂടെ ശബ്ദം നൽകപ്പെട്ടു: ”ഏലീ, ഏലീ, ലമ്മാ ശബക്താനി?… എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?” (മത്തായി 27:46). തന്റെ വലിയ നഷ്ടങ്ങളെക്കുറിച്ചോർത്തു വ്യസനിച്ച് ചാരത്തിൽ ഇരുന്നപ്പോൾ ഇയ്യോബിന്റെ ഹൃദയത്തിന്റെയും കരച്ചിൽ അതുതന്നേ ആയിരുന്നിരിക്കണം.

സഹസ്രാബ്ദങ്ങളിലുടനീളം, കഷ്ടതയുടെ സ്വഭാവമോ കാരണങ്ങളോ മാറിയിട്ടില്ല. ചിലരെ സംബന്ധിച്ച്, കഷ്ടത ഒരിക്കലും ഇയ്യോബിന്റെ അനുഭവത്തിന്റെ ഭീകരതയുടെ സമീപത്ത് എത്തുകയില്ല. മറ്റു ചിലരെ സംബന്ധിച്ച്, അത് യഥാർത്ഥത്തിൽ അവയെ കടത്തിവെട്ടിയേക്കാം. എന്നാൽ അവരുടെ ഓരോരുത്തരുടെ കാര്യത്തിലും നമ്മുടെ കഷ്ടത അതുല്യമായ നിലയിൽ നമ്മുടേതു മാത്രമാണ്. കാരണം ആ കഷ്ടത നിഗൂഢവും കീഴ്‌പ്പെടുത്തിക്കളയുന്നതും ആത്യന്തികമായി ഒറ്റയ്ക്ക് അനുഭവിക്കുന്നതുമാകയാൽ അതിന്റെ ഭാരം നാം അനുഭവിക്കുന്നു.

banner image

യുദ്ധചരിത്രകാരന്മാർ അഡോൾഫ് ഹിറ്റ്‌ലറുടെ രണ്ടാം ലോക മഹായുദ്ധത്തിന്റെ തോൽവിക്ക് വലിയ രീതിയിൽ ഒരു കാരണമായി കാണുന്നത്, ഇംഗ്ലണ്ടിനെതിരെയുള്ള യുദ്ധത്തിൽ മുഴുകിയിരിക്കുന്ന സമയത്തുതന്നെ റഷ്യയെ ആക്രമിക്കാനുളള അയാളുടെ തീരുമാനത്തെയാണ്. രണ്ടു പോർമുഖങ്ങളിൽ യുദ്ധം ചെയ്യാൻ ശ്രമിക്കുന്നതിനെതിരെ സൈനിക നേതാക്കൾ താക്കീത് നൽകുന്നു – അത് ഏറെക്കുറെ എല്ലായ്‌പ്പോഴും നല്ല നിലയിലല്ല അവസാനിക്കുന്നത്. വിഭവങ്ങൾ, ഊർജ്ജം, തന്ത്രം, ശ്രദ്ധ എന്നിവയുടെ വിഭജനം ഇരുമുന്നണികളിലെ യുദ്ധം ഫലത്തിൽ ജയിക്കാനാകാത്തതാക്കും.

ഇരുമുഖങ്ങളിലുമുള്ള യുദ്ധത്തിന്റെ സ്വാഗതം ചെയ്യപ്പെടാത്ത സാധ്യതയെ ആണ് ഇയ്യോബ് അഭിമുഖീകരിച്ചത്. അവന്റേത്, കരയിൽ നടക്കുന്ന യുദ്ധമോ ആയുധങ്ങൾ കൊണ്ടുള്ള പോരാട്ടമോ ആയിരുന്നില്ല. തന്റെ തകർന്ന ഹൃദയത്തിന്റെ വൈകാരിക ഭൂപ്പരപ്പിൽ ഏർപ്പെട്ട ഒരു ആത്മീയ പോരാട്ടമായിരുന്നു അവന്റേത്. ആദ്യത്തെ യുദ്ധം തന്റെ ആത്മാർത്ഥതയെ ചൊല്ലി സ്‌നേഹിതന്മാർക്കെതിരെ ആയിരുന്നു. രണ്ടാമത്തേതും കൂടുതൽ വേദനാജനകവുമായ ഏറ്റുമുട്ടൽ താൻ ആശ്രയിക്കുകയും സേവിക്കയും ചെയ്ത ദൈവവുമായിട്ടായിരുന്നു.

ഇയ്യോബിന്റെ കഥയിൽ ഏറ്റവും താല്പര്യജനകമായ വസ്തുത അതു പറയുന്ന രീതിയാണ്. പലപ്പോഴും നാം ഇയ്യോബ് അനുഭവിച്ച കഷ്ടതയിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. നമ്മുടെ ധാരണകളെ വെല്ലുവിളിക്കാൻ മാത്രം ഭയാനകമായിരുന്നു അത്. എന്നിരുന്നാലും, വേദപുസ്തകം ഈ ദുരന്തങ്ങൾ രണ്ട് അദ്ധ്യായങ്ങളിൽ (1-2) മാത്രമേ വിശദമായി പറയുന്നുള്ളൂ. ഇയ്യോബിന്റെ പുസ്തകത്തിലെ ബാക്കിയുള്ള 40 അദ്ധ്യായങ്ങളും ചിലവഴിക്കുന്നത് കഷ്ടതയുടെ കാരണത്തെ ചൊല്ലി തന്റെ സ്‌നേഹിതൻമാരും ദൈവവുമായുള്ള ഇയ്യോബിന്റെ മൽപ്പിടിത്തം വിവരിച്ചുകൊണ്ടാണ്.

ഇതുപോലെയുള്ള സ്‌നേഹിതരുമൊത്ത്…

ദുരന്തത്തിന്റെ വാർത്ത ആദ്യം ഇയ്യോബിന്റെ പക്കൽ എത്തിയപ്പോൾ അവൻ ആഴമായ വിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടെയാണ് പ്രതികരിച്ചത്. നഗ്‌നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽ നിന്നു പുറപ്പെട്ടു വന്നു, നഗ്‌നനായിത്തന്നെ മടങ്ങിപ്പോകും. യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ’’ (ഇയ്യോബ് 1:21). എന്നാലും ആശ്രയത്തിന്റെ ശക്തമായ ആ വാക്കുകൾ താമസിയാതെ കൂടുതൽ ഇരുണ്ട, വേദനാജനകമായ ശബ്ദത്തിലേക്ക് മാറുവാൻ പോകയാണ്. നിരാശയുടെ കിഴുക്കാംതൂക്കായ മലഞ്ചരിവിലേക്കുള്ള ആദ്യത്തെ ഉന്തൽ ഇയ്യോബിന്റെ ഭാര്യയിൽ നിന്നു വന്നു, അവളും നിസ്സംശയം മക്കൾ നഷ്ടപ്പെട്ടതിന്റെ മനോവ്യഥയിൽ ആയിരുന്നു. രോഷാകുലമായ ആത്മനിന്ദയിൽ ”ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചുകളക” (2:9) എന്നു തന്റെ ഭർത്താവിനെ അവൾ പ്രോത്സാഹിപ്പിച്ചു. അവൻ അതിനു വിസമ്മതിച്ചെങ്കിലും മൂന്നാം അദ്ധ്യായത്തിലെ ഇയ്യോബിന്റെ പ്രഭാഷണത്തിന്റെ മുഖവുര അവന്റെ കഷ്ടതയുടെ ഘനത്തെയും തന്റെ വിശ്വാസത്തിന്മേലും ദൃഢനിശ്ചയത്തിന്മേലും അതേല്പിച്ച ആഘാതത്തെയും കാണിക്കുന്നു: അനന്തരം ഇയ്യോബ് വായ തുറന്നു തന്റെ ജന്മദിവസത്ത ശപിച്ചു (ഇയ്യോബ് 3:1).

ഇയ്യോബിന്റെ ഭാര്യയെ പലപ്പോഴും വിശ്വാസമില്ലാത്ത ഒരു വ്യക്തിയായി ചിത്രീകരിക്കാറുണ്ട്. എന്നാൽ അവളുടെ സ്ഥാനത്ത് നമ്മിൽ ആരെങ്കിലും ആയിരുന്നെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിച്ചിട്ടുണ്ടാവുക? അവൾക്കും ഇയ്യോബിനെപ്പോലെ തന്റെ മക്കളെയും സമ്പത്തും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. ഇപ്പോൾ തന്റെ ഭർത്താവ് രോഗത്താലും ബാധയാലും കഷ്ടപ്പെടുന്നത് കാണാനും അവൾ നിർബന്ധിതയായി.

തന്റെ ജീവിതത്തെ കടന്നാക്രമിച്ച വ്യസനവും കഷ്ടതയും നിമിത്തം ഇയ്യോബിന്റെ തിളങ്ങുന്ന വിശ്വാസം കീഴടക്കപ്പെട്ടിരിക്കുന്നു. അരിഷ്ടനു പ്രകാശവും ദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിന്? അവർ മരണത്തിനായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവർ അതിനായി കുഴിക്കുന്നു (ഇയ്യോബ് 3:21, 22) എന്ന പ്രഖ്യാപനത്തിൽ അവന്റെ വിലാപത്തിന്റെ നിലവിളി വേദനിപ്പിക്കുന്ന ഉച്ചസ്ഥായിയിലെത്തി.

മരണത്തിനു പകരം എത്തിച്ചേർന്നത് ഒരു ഘോരാന്ധകാര രാത്രിയുടെ അനുഭവമായിരുന്നു – സമാധാനത്തിന്റെ പ്രത്യാശ പോലും അവനിൽ നിന്ന് കവർന്നുകളഞ്ഞ പ്രതിസന്ധികളും ഭീതികളും.

വേദന ഇതികം തന്നെ അസഹനീയം ആയിട്ടും അതും പോരാഞ്ഞിട്ട്, ഇയ്യോബിന്റെ വിലാപഗീതം നേരിട്ടത് നിന്ദയും വിമർശനവുമായിരുന്നു. തന്റെ വേദനയും സങ്കടവും മറച്ചുവയ്ക്കാൻ കഴിയാതെ അല്ലെങ്കിൽ ഒരു പക്ഷേ അതിനു തയ്യാറാകാതെ, തന്നെ വീക്ഷിക്കുന്ന കാണികൾക്കു മുമ്പിൽ നിൽക്കുമ്പോൾ, സഹാനുഭൂതിക്കു പകരം ആരോപണങ്ങളും ആശ്വാസത്തിനു പകരം കുറ്റപ്പെടുത്തലുകളും തിരമാലകൾ പോലെ – ദിവസങ്ങൾക്ക് മുമ്പേ വന്ന ദുരന്തങ്ങൾ പോലെ ഒന്നിനു പുറകേ ഒന്നായി – വന്നുകൊണ്ടിരുന്നു. അവന്റെ ഭാര്യയുടെ ഉപദേശം തുടക്കം മാത്രമായിരുന്നു.

ഇയ്യോബിന്റെ സ്‌നേഹിതന്മാരെപ്പോലെ, കഷ്ടതയനുഭവിക്കുന്നവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ വളരെയധികം സംസാരിച്ചുപോകുന്ന പ്രവണത നമുക്കുണ്ട്. നമ്മുടെ ഉദ്ദേശ്യങ്ങൾ നല്ല ഉദ്ദേശ്യത്തോടെയുള്ളതാണെങ്കിൽ പോലും കഷ്ടതയുടെ കാലങ്ങളിൽ “ദൈവത്തിനു വേണ്ടി സംസാരിക്കാനുള്ള” പ്രലോഭനത്തെ നാം ചെറുക്കണം. കഷ്ടതയുടെ ഉലയിൽ, വാക്കുകൾ സാധാരണയായി മതിയാവുകയില്ല.

ഏഴു ദിവസത്തേക്ക്, ഇയ്യോബിന്റെ സ്‌നേഹിതന്മാർ (എലീഫസ്, ബിൽദാദ്, സോഫർ) അവന്റെ യാതന നിരീക്ഷിച്ചു കൊണ്ട് നിശബ്ദരായി ഇരുന്നു (ഇയ്യോബ് 2:13). എട്ടാം ദിവസത്തിൽ അവർ വിമർശനത്തിന്റെ ഒരു കൊടുങ്കാറ്റ് അഴിച്ചുവിട്ടു (ഇയ്യോബ് 4-31). തിരമാലകൾക്ക് സമാനമായ ഒരു ക്രമമുണ്ടായിരുന്നു: കുറ്റാരോപണവും ഇയ്യോബിന്റെ പ്രതികരണവും. മൂന്നു സ്‌നേഹിതന്മാർ ഇയ്യോബിന്റെ അനുഭവത്തെ സംബന്ധിച്ചു തങ്ങളുടെ ദൈവശാസ്ത്രപരമായ സൂക്ഷ്മപരിശോധന നടത്തി. അവരുടെ തന്ത്രം? നീതിപൂർവ്വമായ ജീവിതം അവകാശപ്പെടുന്നതിൽ ഇയ്യോബിന്റെ സത്യസന്ധതയില്ലായ്മയെക്കുറിച്ച് ഒരോരുത്തരും ഇയ്യോബിനെ കുറ്റപ്പെടുത്തി. നീ ഘോരമായ എന്തോ പാപം മറച്ചു വെച്ചിരിക്കണം, അവർ പറഞ്ഞു. ഒന്നുമല്ലെങ്കിലും ദൈവം നിഷ്‌ക്കളങ്കരെ ശിക്ഷിക്കുന്നില്ലല്ലോ. ഇയ്യോബ് വഴങ്ങാതെ തന്റെ നിരപരാധിത്വത്തെ പ്രതിരോധിക്കുകയും അവരുടെ ആരോപണങ്ങളൈ നിരാകരിക്കുകയും ചെയ്തപ്പോൾ, മുമ്പേതന്നെ വൈകാരികമായും ആത്മീയമായും ശാരീരികമായും മുറിവേറ്റിരുന്ന മനുഷ്യനെതിരെയുള്ള ആക്രമണം അവന്റെ സുഹൃത്തുക്കൾ ശക്തമാക്കി. അന്ത്യത്തിൽ നിരർത്ഥകമെന്നു തെളിഞ്ഞ ഒരു യുദ്ധത്തിൽ, നിരന്തരമായ നിഷ്ഠൂര ആക്രമണങ്ങൾ എല്ലാവരെയും തളർത്തുകയും ശക്തി ക്ഷയിപ്പിക്കുകയും ചെയ്തു.

കഷ്ടത സഹിക്കുന്ന ഒരാളുമായി ഇടപെടുമ്പോൾ ആളുകൾ സാധാരണയായി രണ്ട് സമീപനങ്ങളിൽ ഒന്ന് സ്വീകരിക്കും. ആദ്യത്തെ സമീപനം താത്വികമാണ് – അത് ഉത്തരങ്ങൾ നൽകാൻ ശ്രമിക്കുന്നു. രണ്ടാമത്തേത് കൂടുതൽ അജപാലകമാണ് – അത് ആശ്വാസം നൽകാൻ അന്വേഷിക്കുന്നു.

അവന്റെ ഭാര്യയും അടുത്ത മൂന്നു സ്‌നേഹിതന്മാരും അവനെ കുറ്റപ്പെടുത്തിയതിനു ശേഷം, അവിശ്വസനീയമാംവിധം നാലാമതൊരു സഹചാരി, എലീഹൂ, തന്റെ ആക്രമണം സമാരംഭിച്ചു (ഇയ്യോബ് 32-37). മറ്റുള്ളവരെപ്പോലെ എലീഹൂവും ഇയ്യോബിന്റെ കഷ്ടതയിൽ അവൻ ദൈവത്തെ കോപിപ്പിച്ചതിന്റെ തെളിവ് കണ്ടു. വാസ്തവത്തിൽ, എലീഹൂവിന്റെ വാദങ്ങൾ പുതിയ ഉയരങ്ങളിൽ എത്തി, അല്ലെങ്കിൽ പുതിയ താഴ്ചകളിലേക്ക് താണു. അവന്റെ അഗാധമായ രോഷത്തെ ഇയ്യോബ് 32:2 വിവരിക്കുന്നു. തന്റെ നിരപരാധിത്വത്തെക്കുറിച്ചും ദൈവീക ന്യായവിധിയുടെ ഫലമായുള്ള കഷ്ടതയെക്കുറിച്ചും ഉള്ള ഇയ്യോബിന്റെ അവകാശവാദങ്ങളിൽ അദൃശ്യമായി വെളിപ്പെടുന്ന വൈരുദ്ധ്യം വെളിയിൽ കൊണ്ടുവരുന്നതായിരുന്നു എലീഹൂവിന്റെ കോപത്തോടെയുള്ള കുറ്റാരോപണങ്ങൾ.

ഈ വാദം ദാരുണമാംവിധം പരിചിതമാണ്. ആളുകൾ കഷ്ടപ്പെടുമ്പോൾ പുറത്തുവരുന്ന ഒരു കാഴ്ച്ചപ്പാടാണിത്. ഇവിടെയാണ് ഇയ്യോബിന്റെ ” ആശ്വാസകന്മാരുടെ” ആരോപണങ്ങൾ വേരൂന്നിയിരിക്കുന്നത്. ഇതിനെ പലപ്പോഴും പ്രതികാരത്തിന്റെ ഉപദേശം എന്നു വിളിക്കാറുണ്ട്. അതായത്, ദൈവം നീതിമാന്മാർക്ക് മാത്രം പ്രതിഫലം നൽകുന്നു; ദുഷ്ടന്മാരെ എപ്പോഴും വിധിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 34, 37 ൽ പ്രതിധ്വനിക്കുന്ന ഈ സങ്കൽപം, ഇയ്യോബിന്റെ മൂന്ന് സ്‌നേഹിതന്മാർ അവനെതിരെ നടത്തിയ നിർദ്ദയമായ പോരാട്ടത്തെ ന്യായീകരിക്കുന്നു. ഈ ആക്രമണങ്ങളെ എതിർക്കുന്നത്, അപര്യാപ്തമായ ആയുധങ്ങൾ ഉപയോഗിച്ച് അപരിചിതമായ നിലത്ത് പോരാടുന്ന യുദ്ധം പോലെ, തോൽക്കുന്ന ഒരു യുദ്ധമായിരുന്നു. ഇയ്യോബിന് ജയിക്കാൻ കഴിയാത്ത ഒരു യുദ്ധമായിരുന്നു അത്. എലീഹൂവിന്റെ ആരോപണങ്ങൾക്കുള്ള അവന്റെ പ്രതികരണം – നിശ്ശബ്ദത – അതു സാക്ഷ്യപ്പെടുത്തുന്നു.

കുടുംബത്തിൽ നിന്നും സ്‌നേഹിതന്മാരിൽ നിന്നുമുള്ള നിഷ്ഠൂരമായ നിരന്തര ആക്രമണത്തോടെയാണ് ഇയ്യോബിനെതിരായ യുദ്ധം ആരംഭിച്ചത്. എന്നാൽ രണ്ടാമതൊരു പോർമുഖം കൂടെ ഉണ്ടായിരുന്നു.

എവിടെയാണ് ദൈവം?

തന്റെ സ്‌നേഹിതന്മാരുമായുള്ള വാക്‌പോരിലുടനീളം ഇയ്യോബ് തന്റെ ആത്മാർത്ഥതയെ പ്രതിരോധിക്കുകയും തന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ചെയ്തു. താൻ സ്വന്തമായി ആരോപണങ്ങൾ ഉന്നയിച്ചതുകൊണ്ട് അവന്റെ പ്രതിരോധത്തിൽ ഒരു കുറ്റവും ഉണ്ടായിരുന്നു. എന്നിരുന്നാലും ഇയ്യോബിന്റെ ലക്ഷ്യം ഭാര്യയും സ്‌നേഹിതന്മാരും ആയിരുന്നില്ല. തന്റെ സ്വന്തം ചോദ്യങ്ങളും സംശയങ്ങളും ആശങ്കകളും എന്തിന്, ആരോപണങ്ങൾ പോലും തുറന്നടിച്ചുകൊണ്ട്, ഇയ്യോബ് ദൈവത്തെ തന്നെ ലക്ഷ്യം വെച്ചു. കോപവും പരിഹാസവും തുന്നിച്ചേർത്തതായിരുന്നു അവന്റെ എതിർവാദങ്ങൾ.

ഇയ്യോബിന്റെ കഥ ഇത്ര പ്രാപ്യവും പ്രസക്തവുമാക്കുന്നതിന്റെ ഒരു ഭാഗമാണ് അവന്റെ സുതാര്യത. അവന്റെ സങ്കടവും വേദനയും നമുക്ക് അനുഭവപ്പെടുന്നു. അവന്റെ അതിവേദനയുടെയും ചിന്താക്കുഴപ്പത്തിന്റെയും ആഴങ്ങളും അവന് എന്തുകൊണ്ട് അങ്ങനെ അനുഭവപ്പെടുന്നു എന്നും നാം മനസ്സിലാക്കാൻ തുടങ്ങുന്നു. തൽഫലമായി, ഇയ്യോബിന്റെ വിലാപങ്ങൾ നമ്മുടെ സ്വന്തം കുഴങ്ങിയ നിലവിളികളായി മാറ്റൊലിക്കൊള്ളുന്നു.

ഇയ്യോബിന്റെ മൽപ്പിടുത്തങ്ങളിൽ കുറഞ്ഞത് മൂന്ന് ചോദ്യങ്ങളുടെയെങ്കിലും സൂചനകളുണ്ടായിരുന്നു. നാം കഷ്ടത അനുഭവിക്കുമ്പോൾ നമ്മുടെ നാവിൻ തുമ്പത്ത് വരാൻ സാധ്യത ഉള്ള ചോദ്യങ്ങളാണവ.

  • ആശ്വാസത്തിന്റെ ദൈവത്തോട് ഭയത്തെക്കുറിച്ചുള്ള ഒരു ചോദ്യം

“ഞാൻ എന്റെ വ്യസനമൊക്കെയും ഓർത്തു ഭയപ്പെടുന്നു; നീ എന്നെ നിർദോഷിയായി എണ്ണുകയില്ലെന്നു ഞാൻ അറിയുന്നു” (ഇയ്യോബ് 9:28).

നമ്മുടെ കഷ്ടതയോടും അതനുവദിക്കുന്നു എന്നു നാം കരുതുന്ന ദൈവത്തോടും നാം പോരാടുകയും തളർത്തിക്കളയുന്ന ഭീതി ഹൃദയത്തെ ബാധിച്ചിരിക്കുന്നതായി കണ്ടെത്തുകയും ചെയ്യുന്നു. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ ആശ്വാസം കണ്ടെത്തുന്നതിനു പകരം, നാം ആ ബന്ധത്തെ ചിലപ്പോഴൊക്കെ ചോദ്യം ചെയ്യുന്നു. പെട്ടെന്ന്, നമ്മുടെ വേദനയുടെ അഗാധതയിൽ നിന്ന് കരകയറുന്നതിനായി കാലുറപ്പിക്കാൻ നമുക്ക് ഇടമില്ലാതെ വരികയും, നമ്മെ ഇങ്ങനെ പീഡിപ്പിക്കാൻ ആശ്വാസത്തിന്റെ ദൈവം എന്തിനനുവദിക്കുന്നു എന്നു നാം ആശ്ചര്യപ്പെടുകയും ചെയ്യുന്നു.

  • നീതിയുടെ ദൈവത്തോട് അനീതിയെക്കുറിച്ചുള്ള ഒരു ചോദ്യം
പ്രപഞ്ചത്തിൽ എന്തോ ഭയങ്കര പിശകുണ്ട്, എന്തു ചെയ്യണമെന്ന് നമുക്കറിയുകയുമില്ല. കഷ്ടതയോടുള്ള സുഗ്രാഹ്യമായ പ്രതികരണമാണിത്, ദുർബലരും നിരപരാധികളും ചെറുപ്പക്കാരും കഷ്ടപ്പെടുന്നതു കാണുമ്പോൾ അതു വർദ്ധിക്കുന്നു.

“അയ്യോ, ബലാൽക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾപ്പോരില്ല; രക്ഷയ്ക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല” (ഇയ്യോബ് 19:7).

നമ്മുടെ കഷ്ടത എത്രമാത്രം നിഗൂഢമാകുന്നോ, അത്രമാത്രം അത് അകാരണവും അന്യായവുമായി തോന്നും. വിതം പരിഹരിക്കാനാകാത്ത വിധം അനീതിയായി തോന്നുമ്പോൾ നീതിയുടെ സാധ്യതയിൽ നമുക്കെങ്ങനെ വിശ്വസിക്കാൻ കഴിയുമെന്ന് ഇയ്യോബിനെപ്പോലെ നാമും ആശ്ചര്യപ്പെടുന്നു.

  • ബലത്തിന്റെ ദൈവത്തോട് ബലഹീനതയെക്കുറിച്ചുള്ള ഒരു ചോദ്യം

”ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു” (ഇയ്യോബ് 23:16).

കഷ്ടത അതികഠിനമാകുമ്പോൾ, നാം എത്ര ചെറുതാണെന്നും ഈ ലോകം എത്ര വലിയതാണെന്നും അതു നമ്മെ ഓർമ്മപ്പെടുത്തുന്നു. അത്തരം നിമിഷങ്ങളിൽ നമുക്ക് കർത്താവിന്റെ ശക്തി പരിതാപകരമായ നിലയിൽ ആവശ്യമാണ്. എന്നാൽ അതേസമയം തന്നേ, നമ്മിൽ നിന്ന് ജീവൻ വറ്റിച്ചുകളയുന്ന കാര്യങ്ങൾ കർത്താവു തന്നേ അനുവദിക്കുന്നതായി തോന്നുന്നു. ബലം ഏറ്റവുമധികം ആവശ്യമായിരിക്കുന്ന നിമിഷങ്ങളിൽ തന്നേ നമ്മുടെ ബലഹീനതയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഇയ്യോബിന്റെ ഭീതിയുടെ വാക്കുകൾ നമ്മുടെ ഹൃദയത്തിൽ പ്രതിധ്വനിക്കും.

ഇയ്യോബിന്റെ ചോദ്യങ്ങൾ, അവന്റെ നിരാശകളും സന്ദേഹങ്ങളും സംശയങ്ങളും കൊണ്ടു രൂപപ്പെടുത്തിയ ആരോപണങ്ങൾ പോലെ തോന്നിപ്പിക്കുന്നു. ജീവനുളള ദൈവത്തിന്റെ സന്നിധിയിൽ വരുന്നതുവരെ അവന്റെ ചോദ്യങ്ങൾ (നമ്മുടേതുപോലെ തന്നേ) പരിഗണിക്കപ്പെടാതെ പോകുന്നു.

ബൈബിൾ കാലത്തെ ആളുകൾ പൊതുവേ കഷ്ടതയും രോഗവും വ്യക്തിപരമായ പാപവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നു വിശ്വസിച്ചിരുന്നു. സുവിശേഷങ്ങളിൽ, യേശുവിന്റെ ശിഷ്യന്മാർ  ബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ, ഇവന്റെ അമ്മയപ്പന്മാരോ” എന്നു ചോദിച്ചു (യോഹന്നാൻ 9:2).

ഇയ്യോബ് ദൈവത്തെ നേരിടാൻ ആഗ്രഹിച്ചു; അവൻ ഒരു അഭിമുഖത്തിന് അപേക്ഷിച്ചു; അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ അവൻ ആഗ്രഹിച്ചു. ദൈവം പ്രത്യക്ഷപ്പെട്ടു (ഇയ്യോബ് 38:1)! കുറ്റപ്പെടുത്തുന്നവനും കുപിതനും നിരാശനും ഇപ്പോഴും കഷ്ടത അനുഭവിക്കുന്നവനുമായ ഇയ്യോബിനോട് ഒരു ചുഴലിക്കാറ്റിൽ നിന്ന് ദൈവം സംസാരിച്ചപ്പോൾ, തന്റെ സ്വന്തം ചോദ്യങ്ങളാൽ അവിടുന്ന് ഇയ്യോബിനെ വെല്ലുവിളിച്ചു:

”ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന് അളവുനൂൽ പിടിച്ചവനാർ? പ്രഭാത നക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?” (ഇയ്യോബ് 38:47).

”ഞാൻ (ദൈവം) ഭൂമിയെ സ്ഥാപിച്ചപ്പോൾ നീ (ഇയ്യോബ്) എവിടെയായിരുന്നു?” എന്നാണ് എബ്രായ ഭാഷയിൽ നാലാം വാക്യം അക്ഷരാർത്ഥത്തിൽ വായിക്കുന്നത്.

ഇയ്യോബിനെ സ്രഷ്ടാവുമായി മുഖാമുഖം കൊണ്ടുവന്നു. അവിടുത്തെ മനസ്സ് അപ്രമേയവും അവിടുത്തെ ജ്ഞാനവും ഉദ്ദേശ്യങ്ങളും തന്റെ സൃഷ്ടിയുടെ മഹിമയിൽ പ്രതിഫലിക്കുന്നതുമാണ്. സ്രഷ്ടാവിന്റെ ജ്ഞാനത്തെ ചോദ്യം ചെയ്യാൻ ഇയ്യോബിന് എന്ത് അവകാശമാണുള്ളത്? ജീവന്റെ നാഥനെ അവൻ കുറ്റപ്പെടുത്തുമോ? പരിശുദ്ധ ദൈവത്തിന്റെ സന്നിധിയിൽ അവൻ സ്വന്തം യോഗ്യത വിളംബരം ചെയ്യുമോ?

ഇയ്യോബിന്റെ അനുഭവം സംഗീത പ്രമാണിയായ ആസാഫിന്റേതിൽ പ്രതിബിംബിക്കുന്നു. അവൻ വിശുദ്ധമന്ദിരത്തിലും ദൈവസന്നിധിയിലും പ്രവേശിക്കുന്നതു വരെ അവന്റെ പോരാട്ടങ്ങൾക്ക് ഉത്തരമില്ലായിരുന്നു (സങ്കീർത്തനം 73:17). ദൈവസന്നിധിയിൽ, ഉത്തരങ്ങളില്ലാത്തപ്പോഴും കഷ്ടതയ്ക്ക് ആശ്വാസം ഇല്ലാത്തപ്പോഴും തനിക്ക് ആവശ്യമായതെല്ലാം ഉണ്ട് എന്ന് ഇയ്യോബ് കണ്ടെത്തി, കാരണം ദൈവം തന്നെത്തന്നെ അവന് നൽകിയിട്ടുണ്ടായിരുന്നു.

”അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്: നിനക്ക് സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശ്യമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു. അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാർ? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി. കേൾക്കേണമേ; ഞാൻ സംസാരിക്കും; ഞാൻ നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ. ഞാൻ നിന്നെക്കുറിച്ച് ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളൂ; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു” (ഇയ്യോബ് 42:1-6).

നിഗൂഢത വിശദീകരിക്കാതെയും വേദനയെ അനുരഞ്ജനപ്പെടുത്താതെയും, തന്റെ ശക്തിയും ജ്ഞാനവും ഇയ്യോബിന്റേതിനെക്കാൾ അനന്തമായ നിലയിൽ അതീതമാണ് എന്നു ദൈവം ഇയ്യോബിനെ ഓർമ്മപ്പെടുത്തി.

കഷ്ടതയ്ക്കും അതുയർത്തുന്ന സംശയങ്ങൾക്കും ഉള്ള പരിഹാരം വാദപ്രതിവാദത്തിൽ കണ്ടെത്തുകയില്ല. കഷ്ടത നിഗൂഢവും കീഴ്‌പ്പെടുത്തിക്കളയുന്നതും ആണെങ്കിൽ പോലും, ദൈവകൃപയിൽ വിശ്രമിക്കുന്നതിനും അവിടുത്തെ ശക്തിയിൽ ആശ്രയിക്കുന്നതിനും നാം പഠിക്കുമ്പോഴാണ് അത് കണ്ടെത്തുന്നത്.

banner image

ഷ്ടതയുടെ കാലഘട്ടങ്ങൾ ബുദ്ധിമുട്ടുള്ളതാണ്, എങ്കിലും അവ ഒരിക്കലും പാഴാക്കിക്കളയേണ്ടവയല്ല. കഷ്ടതയ്ക്ക് നമ്മെ പഠിപ്പിക്കുവാനും അറിവു നൽകുവാനും സാധിക്കും. ബെഞ്ചമിൻ ഡിസ്രയേലി പറഞ്ഞതു പോലെ ”ധാരാളം കാണുക, ധാരാളം കഷ്ടപ്പെടുക, ധാരാളം പഠിക്കുക, എന്നിവയാണ് അറിവിന്റെ മൂന്നു തൂണുകൾ.” സ്വാഗതം ചെയ്യപ്പെടുന്ന അദ്ധ്യാപകനല്ല കഷ്ടത. എന്നാൽ നഷ്ടം, മനോവ്യസനം, വേദന എന്നിവ ഉളവാക്കിയ ഇരുട്ടിലേക്കുള്ള യാത്രയിൽ ഇയ്യോബ് എന്താണ് പഠിച്ചത്?

കഷ്ടത അനിവാര്യമാണ്

”അനർത്ഥം ഉദ്ഭവിക്കുന്നതു പൂഴിയിൽ നിന്നല്ല; കഷ്ടത മുളയ്ക്കുന്നതു നിലത്തു നിന്നുമല്ല; തീപ്പൊരി ഉയരെ പറക്കും പോലെ മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു” (ഇയ്യോബ് 5:6-7).”

കാൾ സാൻബർഗ്, ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും ചെറിയത് എന്നു താൻ അവകാശപ്പെട്ട കവിത എഴുതി: ”ജനിച്ചു. കഷ്ടപ്പെട്ടു. മരിച്ചു.

റാൽഫ് വാൽഡോ എമേഴ്‌സൺ എഴുതി, ”വേദനയുടെ ഭവനം കണ്ടിട്ടില്ലാത്തവൻ പ്രപഞ്ചത്തിന്റെ പകുതി മാത്രമേ കണ്ടിട്ടുള്ളൂ. ഭൂമിയുടെ ഉപരിതലത്തിന്റെ മൂന്നിൽ രണ്ടു ഭാഗത്തെ ഉപ്പുകടൽ മൂടുന്നതു പോലെ ദുഃഖം, ചാതുര്യത്തിൽ മനുഷ്യനെ കയ്യേറുന്നു.

ഇയ്യോബ് 5:6-7 വരെയുള്ള ഭാഗത്ത് പറയുന്ന വാക്കുകൾ സംസാരിക്കാൻ തേമാന്യനായ എലീഫസിനുണ്ടായ പ്രചോദനം – ആശ്വസിപ്പിക്കാനോ കുറ്റപ്പെടുത്താനോ – എന്തായിരുന്നാലും, അവ തികച്ചും സത്യമാണ്. പാപത്താൽ വികൃതമാക്കപ്പെട്ട ഒരു ലോകത്തിൽ ജീവിക്കുന്നതിന്റെ അനിവാര്യമായ ഒരു ഭാഗമാണ് കഷ്ടത, അതായത് ”തീപ്പൊരി ഉയരെ പറക്കും പോലെ.” സാധാരണത്വം എന്നാൽ കഷ്ടതയുടെ സാന്നിധ്യമാണ്, അതിന്റെ അഭാവമല്ല.

ദൈവം ജീവിക്കുന്നു 

”എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു” (ഇയ്യോബ് 19:25).

ഇവിടെ  “വീണ്ടെടുപ്പുകാരൻ” എന്നു തർജ്ജമ ചെയ്തിരിക്കുന്ന എബ്രായപദം ഗാൽ ആണ്. പഴയ നിയമ ചരിത്ര പുസ്തകങ്ങളിൽ ഗാൽ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്, അന്യാധീനപ്പെട്ട വസ്തു തിരികെ വാങ്ങുകയോ അല്ലെങ്കിൽ അടിമത്വത്തിലേക്ക് വിൽക്കപ്പെട്ട സ്‌നേഹിതനെയോ ബന്ധുവിനെയോ വില കൊടുത്തു വാങ്ങുകയോ ചെയ്യുന്ന ഒരുവനെ പരാമർശിക്കുന്നതിനാണ്.

തകർന്ന ഒരു ലോകത്ത് കഷ്ടത എല്ലാവർക്കും ബാധകമാണ്, അതിൽ ഒഴിവില്ല.

നമ്മുടെ അനിവാര്യമായ കഷ്ടതയോടും നഷ്ടത്തോടും നാം എങ്ങനെ പ്രതികരിക്കും? വിധികല്പിതമെന്നു പറഞ്ഞ്? നൈരാശ്യത്തോടെ? വിശ്വാസത്തോടെ? അല്ലെങ്കിൽ ഇതെല്ലാം കൂടിച്ചേർന്ന പ്രതികരണം? നമ്മുടെ ഹൃദയങ്ങളും മനസ്സുകളും പലപ്പോഴും ഈ കാര്യങ്ങൾക്കിടയിൽ പിച്ചിച്ചീന്തപ്പെടുന്നു. ചിലപ്പോൾ എല്ലാം വിധികല്പിതം എന്ന സിദ്ധാന്തത്തിൽ നാം നിരാശപ്പെടുന്നു; ചിലപ്പോൾ അലറുന്ന സംശയങ്ങൾക്കു നടുവിൽ നാം നമ്മുടെ വിശ്വാസം ഉറപ്പിക്കുന്നു. ദൈവത്തിന്റെ അസ്തിത്വത്തെ സംശയിക്കുന്നതിനു പകരം, ഇയ്യോബിന്റെ കഷ്ടത അത് സ്ഥിരീകരിക്കാൻ അവനെ നിർബന്ധിച്ചു. ദൈവത്തിന്റെ യാഥാർത്ഥ്യത്തിലും ശക്തിയിലുമുള്ള നമ്മുടെ വിശ്വാസത്തിൽ മുറുകെ പിടിക്കുന്നത്, പ്രത്യേകിച്ചും സാഹചര്യങ്ങൾ നമ്മുടെ ധാരണയ്‌ക്കെതിരെ വെല്ലുവിളി ഉയർത്തുമ്പോൾ, നമ്മുടെ ക്ലേശകരമായ അനുഭവങ്ങളെ കൂടുതൽ ഉന്നതമായ ഒന്നിലേക്ക് ഉയർത്തും. കൂടുതൽ ഉന്നതമായ ഒന്നിലേക്ക്, കൂടുതൽ വിലമതിക്കുന്ന ഒന്നിലേക്ക്. കാരണം അവനവിടെയുണ്ട്.

ദൈവം ബോധവാനാണ്

എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും” (ഇയ്യോബ് 23:10).

ദൈവം ജീവിച്ചിരിക്കുന്നവൻ മാത്രമല്ല, നാം അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളെക്കുറിച്ചും പൂർണ്ണബോധ്യം ഉള്ളവനുമാണ്. ക്രിസ്തുവിൽ, നമ്മുടെ ബലഹീനതയെക്കുറിച്ചുള്ള വികാരങ്ങൾ അവനെ സ്പർശിക്കുന്നു” (എബ്രാ. 4:15, ERV). നമ്മുടെ വേദനയ്ക്ക് നിർവഹിക്കാൻ കഴിയുന്ന ഉദ്ദേശ്യങ്ങൾ എന്താണെന്ന് അവനറിയാം. നമ്മുടെ കഷ്ടതയുടെ വഴിയെക്കുറിച്ചു ദൈവത്തിനു ബോധ്യമുണ്ടെന്ന് ഇയ്യോബ് മനസ്സിലാക്കി; അത് നാം ചിന്തിക്കുന്നത്ര ക്രമരഹിതമല്ല. ജീവിതത്തിന്റെ ഇരുണ്ട കാലഘട്ടങ്ങൾ, അവൻ ആഗ്രഹിക്കുന്ന വിധത്തിലേക്ക് നമ്മെ മെനയാനും രൂപപ്പെടുത്താനും ഉള്ള അന്റെ കൈയിലെ ഉപകരണങ്ങൾ ആയിരിക്കാം.

ദൈവം ഒന്നും പാഴാക്കുന്നില്ല, കഷ്ടതയുടെ ഋതുക്കൾ ഉൾപ്പെടെ. അത് ജീവിതത്തെക്കുറിച്ചും നമ്മെക്കുറിച്ചും നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിനെക്കുറിച്ചും ഒരുപാട് പഠിപ്പിച്ചു തരുന്നു.

കഷ്ടത അനുഭവിക്കുന്നവനോട് എന്താണ് പറയേണ്ടത്? ”എനിക്കറിയില്ല…” ”എനിക്കു വളരെയധികം ഖേദമുണ്ട്….” ”എനിക്കും മനസ്സിലാകുന്നില്ല…” ”ഞാൻ നിന്നെ സ്‌നേഹിക്കുന്നു… ” ”ദൈവം ഇപ്പോഴും കരുതുന്നു… ”

ദൈവം വിശ്വാസയോഗ്യനാണ്

യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു” (ഇയ്യോബ് 1:21)

ഒടുവിൽ, ഇയ്യോബിന്റെ ആദ്യ പ്രതികരണം ആയിരുന്നു അവന്റെ ഏറ്റവും മികച്ച പ്രതികരണം. വിശ്വാസത്തിൽ ഉച്ചരിച്ച അത് കൃത്യമാണെന്ന് തെളിഞ്ഞു. കഷ്ടതയുടെ തീച്ചൂളയിൽ നാം ഏറ്റവും നന്നായി പഠിക്കുന്ന പാഠങ്ങളിൽ ഒന്നാണ് ദൈവത്തിന്റെ വിശ്വാസ്യത. ദൈവത്തിന്റെ ദുർഗ്രാഹ്യമായ ജ്ഞാനവും വിശ്വാസ്യതയും ജീവിതത്തിന്റെ ഏറ്റവും പ്രക്ഷുബ്ധമായ കൊടുങ്കാറ്റുകളിൽ ഒരു ഉറച്ച നങ്കൂരമാണ്.

banner image

പുരാതന ഗ്രീക്ക് കവിയായ എസ്‌കലസ്, കഷ്ടതയുടെ ഉറച്ച മണ്ണിലാണ് തന്റെ പഠനത്തിന്റെ തത്വശാസ്ത്രത്തിന്റെ വേരുറപ്പിച്ചത്. 1968 ഏപ്രിൽ 4 ന്, ഇന്ത്യാനയിലെ ഒരു ജനക്കൂട്ടത്തോട് ഡോ. മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയർ കൊല്ലപ്പെട്ട വിവരം പ്രഖ്യാപിച്ചുകൊണ്ട് റോബർട്ട് കെന്നഡി ഉദ്ധരിച്ചത് എസ്‌കലസ് എഴുതിയ വാക്കുകളായിരുന്നു:

തുള്ളി തുള്ളിയായി ഹൃദയത്തിന്മേൽ വീഴുന്നു.
ഒടുവിൽ, നമ്മുടെ സ്വന്തം ഹതാശയാവസ്ഥയിൽ,
നമ്മുടെ ഇച്ഛയ്‌ക്കെതിരായി,
ദൈവത്തിന്റെ ഭയങ്കരമായ കൃപയിലൂടെ
ജ്ഞാനം നമ്മിലുളവാകുന്നു.

‘ദൈവത്തിന്റെ ഭയങ്കരമായ കൃപയിലൂടെ നമ്മിലുളവാകുന്ന ജ്ഞാനം.” വലിയ വില കൊടുത്തുകൊണ്ടുള്ള ജ്ഞാനം. മറ്റു സാഹചര്യങ്ങളിൽ, ഇയ്യോബ് നേടിയെടുത്ത ജ്ഞാനം സ്വതസിദ്ധമെന്നോ അല്ലെങ്കിൽ പറഞ്ഞു പഴകിയ ശൈലികളെന്നോ തോന്നിയേക്കാം. എന്നാൽ നാം കഷ്ടത സഹിക്കുമ്പോൾ അവ, നാം മുറുകെ പിടിക്കാൻ പഠിക്കുന്ന ജീവൻ രക്ഷാമാർഗ്ഗങ്ങളായി മാറുന്നു.

ക്രൂശിൽ ദൈവം നമ്മോടൊപ്പം കഷ്ടതയിൽ പ്രവേശിച്ചു, അതിനെ എന്നന്നേക്കുമായി വീണ്ടെടുത്തു.

ഓഷ്‌വിറ്റ്‌സ്‌ തടങ്കൽ പാളയത്തിൽ ഒരു കൊച്ചു ബാലന്റെ വധശിക്ഷ കാണാൻ നിർബന്ധിതരായ ജയിൽപുള്ളികളിൽ ഏലി വീസലുമുണ്ടായിരുന്നു. ആ ബാലൻ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ പിന്നിൽ നിന്ന് ഒരു അടക്കിപ്പിടിച്ച സ്വരം ഇപ്രകാരം വിതുമ്പി, ”എവിടെയാണ് ദൈവം? എവിടെയാണ് ദൈവം?” വീസലിന്റെ 15 വയസ്സുള്ള ഹൃദയത്തിന് ഒരു ഉത്തരം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ, ”ദൈവം അവിടെയുണ്ട്, ആ തൂക്കുമരത്തിൽ തൂങ്ങി.”

വീസലിന്റെ നിരീക്ഷണത്തിൽ എന്തോ ഒരു സത്യമുണ്ട്. അവസാന വിശകലനത്തിൽ ക്രൂശാണ് കഷ്ടതയുടെ പ്രശ്‌നത്തിനുള്ള ദൈവത്തിന്റെ ഉത്തരം.പീറ്റർ ക്രീഫ്റ്റ് പറഞ്ഞതു ശരിയാണ്, ”ദൈവത്തിന്റെ കണ്ണുനീരാണ് യേശു.”

കഷ്ടത മാറ്റിയിട്ടല്ല, മറിച്ച് അതു നമ്മോടൊപ്പം പങ്കുവച്ചുകൊണ്ട് ദൈവം നമ്മെ സ്വതന്ത്രമാക്കുന്നു എന്നു ഹെൻറി നൂവൻ ഉപസംഹരിച്ചു. ”നമ്മോടു-കൂടെ-കഷ്ടത-അനുഭവിക്കുന്ന-ദൈവം” ആണ് യേശു എന്നത് ഏറ്റവും വ്യക്തതയോടെ ക്രിസ്തുവിന്റെ ക്രൂശിൽ കാണപ്പെടുന്നു. ഒരു പക്ഷേ, അതു കൊണ്ടായിരിക്കും ജോർജ്ജ് മക്‌ലിയോഡ് എഴുതിയത്:

യേശു ക്രൂശിക്കപ്പെട്ടത് ഒരു കത്തീഡ്രലിലെ രണ്ടു മെഴുകുതിരികളുടെ നടുക്കല്ല, മറിച്ച് രണ്ടു കള്ളന്മാരുടെ നടുവിലുള്ള ഒരു ക്രൂശിലാണ്; നഗരമാലിന്യക്കൂനയുടെ മുകളിലാണ്; അതും ബഹുജാതീയർ ഉള്ള ഒരു നാൽക്കവലയിൽ, അതിനാൽ അവർക്ക് അവന്റെ തലയ്ക്കു മുകളിലെ മേലെഴുത്ത് എബ്രായ, ഗ്രീക്ക്, ലാറ്റിൻ ഭാഷകളിൽ എഴുതേണ്ടി വന്നു; ദോഷൈകദൃക്കുകൾ അസഭ്യം പറയുകയും സൈനികർ ചൂതാടുകയും ചെയ്യുന്ന ഒരു സ്ഥലത്ത്. കാരണം അവിടെയാണ് അവൻ മരിച്ചത്. അതിനു വേണ്ടിയാണ് അവൻ മരിച്ചതും.

”നമ്മോടു-കൂടെ-കഷ്ടത-അനുഭവിക്കുന്ന-ദൈവം” എന്ന നിലയിലുള്ള കഷ്ടപ്പെടുന്ന രക്ഷകന്റെ വാസ്തവികത ജോൺ സ്‌റ്റോട്ടിനെ ഇപ്രകാരം പറയാൻ പ്രേരിപ്പിച്ചു, ”ക്രൂശിനെ പ്രതി അല്ലെങ്കിൽ എനിക്ക് ഒരിക്കലും ദൈവത്തിൽ വിശ്വസിക്കാൻ കഴികയില്ലായിരുന്നു. ഞാൻ വിശ്വസിക്കുന്ന ഒരേയൊരു ദൈവം ‘ക്രൂശിലെ ദൈവം’ എന്നു നീഷേ പരിഹസിച്ചവൻ ആണ്. വേദനയുടെ ഒരു യഥാർത്ഥ ലോകത്തിൽ, എങ്ങനെയാണ് ഒരാൾക്ക് അത് ബാധിക്കാത്ത ഒരു ദൈവത്തെ ആരാധിക്കാൻ കഴിയുക?”

ഒരിക്കൽ സമർത്ഥനായ ഒരു തത്വചിന്തകനും നിരീശ്വരവാദിയുമായിരുന്ന ഫ്രഡറിക്ക് നീഷേ, തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ഒരു മനോരോഗ ആശുപത്രിയിലാണ് ചിലവഴിച്ചത്. വീണ്ടെടുപ്പില്ലാത്ത, കൃപയില്ലാത്ത, ദയയില്ലാത്ത ഒരു ലോകം ജീവിക്കാൻ തികച്ചും അസാധ്യമായതും ഭയാനകവും ആണ്.

ദൈവം നമ്മെ നിത്യമായ സ്‌നേഹത്താൽ സ്‌നേഹിക്കുന്നു. യേശുവിന്റെ അനുയായികൾക്ക്, ഈ സത്യത്തെ, പ്രത്യാശയോടും ആത്മവിശ്വാസത്തോടും കൂടെ പുണരുവാനും നമുക്കു സങ്കല്പിക്കാനാവാത്ത വിധം കഷ്ടത അനുഭവിക്കുന്ന ഒരു ലോകത്തിന് പകർന്നു നൽകാനും കഴിയും. നാം നൽകുന്നത് വിശ്വാസ പ്രമാണങ്ങളോ പ്രത്യയശാസ്ത്രങ്ങളോ, സിദ്ധാന്തങ്ങളോ ദൈവശാസ്ത്രങ്ങളോ അല്ല. ആത്യന്തികമായി യേശുവിനെയാണ്, ”നമ്മോടു-കൂടെ-കഷ്ടത-അനുഭവിക്കുന്ന-ദൈവത്തെ!”

read_more