ഒരുഅമേരിക്കൻ എഴുത്തുകാരനും ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ബയോകെമിസ്ട്രി പ്രൊഫസറുമായിരുന്നു ഐസക് അസിമോവ്. 500-ലധികം പുസ്തകങ്ങൾ രചിക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തുകൊണ്ട് അദ്ദേഹം നിരീക്ഷിച്ചത് ഇതാണ്: “സമൂഹം ജ്ഞാനം ശേഖരിക്കുന്നതിനേക്കാൾ വേഗത്തിൽ ശാസ്ത്രം അറിവ് ശേഖരിക്കുന്നു എന്നതാണ് ഇപ്പോൾ ജീവിതത്തിന്റെ ഏറ്റവും സങ്കടകരമായ വശം.” മറ്റൊരവസരത്തിൽ അദ്ദേഹം എഴുതി, “അറിവ് മൂലം അപകടം ഉണ്ടാകുന്നു എങ്കിൽ, അജ്ഞത മൂലം ആ അപകടത്തെ ഇല്ലാതാക്കാൻ കഴിയുമെന്ന് ചെറുപ്പത്തിൽ പോലും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ജ്ഞാനമായിരിക്കണം പരിഹാരം എന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു. അപകടത്തിനു നേരെ നിങ്ങൾ കണ്ണടച്ചു കളഞ്ഞിട്ടില്ല, പകരം അത് എങ്ങനെ സുരക്ഷിതമായി നേരിടണമെന്ന് നിങ്ങൾ പഠിച്ചു.”

അസിമോവ് കണ്ടെത്തിയ കാര്യം നാം അനുഭവിച്ചിട്ടുണ്ട്. വിനയമോ, സ്‌നേഹമോ, ജ്ഞാനമോ ഇല്ലാതെ ചിന്താശൂന്യമായി സത്യം പറയുന്നതിന്റെ വേദന നമ്മിൽ ആരാണ് അനുഭവിച്ചിട്ടില്ലാത്തത്? ഈ ശാസ്ത്രസാങ്കേതിക കാലഘട്ടത്തിൽ ജ്ഞാനമില്ലാതെ ജീവിക്കുന്നതിന്റെ ബുദ്ധിമുട്ട് ആർക്കാണ് അളക്കാൻ കഴിയുക?

അതിനാൽ, ഷിക്കാഗോ സർവകലാശാലയെപ്പോലെ പ്രശസ്തമായ ഒരു സ്ഥാപനം “വിസ്ഡം റിസർച്ച് പ്രോജക്റ്റ്” ആരംഭിച്ചത് ശ്രദ്ധേയമായി തോന്നുന്നു. പ്രോജക്ടിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു, “ജ്ഞാനം എന്നതിന്റെ സ്വഭാവവും ഗുണങ്ങളും മനസ്സിലാക്കാൻ കഠിനമായ ഗവേഷണം നടത്തേണ്ട ആവശ്യമുണ്ടെന്ന് ഒരിക്കൽ കണക്കാക്കപ്പെട്ടിരുന്നു; എന്നാൽ ഈ കാലഘട്ടത്തിൽ, ‘ജ്ഞാനം’ ഗൗരവതരവും ശാസ്ത്രീയവുമായ അന്വേഷണം നടത്തേണ്ട ഒരു വിഷയമായി പരിഗണിക്കുന്നില്ല. വാസ്തവത്തിൽ ജ്ഞാനത്തേക്കാൾ മനുഷ്യന് അഭിലഷണീയമായ മറ്റെന്തെങ്കിലും കാര്യം ഉണ്ടെന്ന് ചിന്തിക്കാൻ പോലും പ്രയാസമാണ്.”

പുരാതനമായ ഈ സദ്‌ഗുണത്തെ ആദരിക്കുന്ന മേൽപ്പറഞ്ഞ പ്രസ്താവന കേൾക്കുമ്പോൾ വേദപുസ്തക വായനക്കാർ ശലോമോന്റെ വാക്കുകൾ ഓർക്കുന്നു. “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല.” (സദൃശവാക്യങ്ങൾ 3:13-15).

നമ്മുടെ കാലത്ത് ശലോമോൻ, ജ്ഞാനത്തിന്റെ മാത്രമല്ല, തന്നിഷ്ടത്തിന്റെയും പര്യായമാണ്. എന്നിരുന്നാലും, അവൻ ആദ്യം ജ്ഞാനത്തിനു വേണ്ടി ആഗ്രഹിച്ചത് നാം വിഡ്ഢിത്തമായി തള്ളിക്കളയുന്നില്ല. മറിച്ച്, നാം ആരംഭിച്ചതിനേക്കാൾ നന്നായി പൂർത്തീകരിക്കാനും, ജനിച്ചപ്പോൾ കണ്ട ലോകത്തേക്കാൾ നല്ല ലോകം കണ്ട് വിട പറയാനും, അങ്ങനെ, മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി പടർത്തുവാനും ആവശ്യമായ ജ്ഞാനം ലഭിക്കുവാൻ ആഗ്രഹിക്കുന്നു.

ജ്ഞാനം നമുക്ക് സന്തോഷവും സംതൃപ്തിയും നൽകുന്നു. ജ്ഞാനത്താലാണ് നമ്മുടെ സ്രഷ്ടാവ് ലോകത്തെ സൃഷ്ടിച്ചത് എന്ന് ബൈബിൾ പറയുന്നു. അതിനുശേഷം, നമ്മുടെ അവിവേകം മൂലം ഉണ്ടായ കുഴപ്പത്തിൽ നിന്ന് അതിനെ രക്ഷിക്കാൻ സ്വയം ത്യാഗം ചെയ്തു.

സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തെക്കുറിച്ച് ആലീസ് മാത്യൂസ്‌ ആഴമായ ചിന്തകൾ പങ്കുവച്ചിട്ടുണ്ട്. സദൃ. 31-ലെ പ്രശംസിക്കപ്പെട്ടതും വെറുക്കപ്പെട്ടതുമായ “സാമർഥ്യമുള്ള സ്‌ത്രീ”യെക്കുറിച്ച് ആലീസ് എഴുതിയത് വായിക്കുമ്പോൾ നമുക്ക് പുതിയ ഉൾക്കാഴ്ച ലഭിക്കുന്നു. തിരുവെഴുത്തുകളുടെ ഈ ഭാഗം തെറ്റിദ്ധരിക്കപ്പെടുകയും, തുച്ഛീകരിക്കപ്പെടുകയും, അതിൽ പറഞ്ഞിരിക്കുന്ന ജ്ഞാനത്തെക്കുറിച്ചുള്ള നമ്മുടെ മൊത്തത്തിലുള്ള ധാരണ അവഗണിക്കപ്പെടുകയും ചെയ്യുന്നു എന്ന് തുടർന്നുള്ള പേജുകളിൽ ആലീസ് വിശദീകരിക്കുന്നു.

ആലീസിന്റെ ചിന്തകൾ വായിച്ചുകഴിയുമ്പോൾ, ജ്ഞാനത്തെക്കുറിച്ചുള്ള അവസാന അദ്ധ്യായം എന്തുകൊണ്ടാണ് ശലോമോൻ എഴുതാതിരുന്നത് എന്നും നമുക്ക് മനസ്സിലാക്കാം. 700 ഭാര്യമാരെയും 300 വെപ്പാട്ടികളെയും കൂട്ടി ജ്ഞാനത്തിന് ചീത്തപ്പേരുണ്ടാക്കിയ ഒരു രാജാവ് ഈ വിവരണം എഴുതാതിരുന്നത് നല്ല കാര്യമാണ്. ആലീസ് വിവരിക്കുന്നതുപോലെ, ‘ജ്ഞാനമാകുന്നവളെ’ ബഹുമാനിക്കുന്ന ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും ജീവിതത്തെ സമ്പന്നമാക്കുവാൻ ലെമുവേൽ രാജാവിന്റെ ജ്ഞാനം പ്രയോജനപ്പെടുന്നു.

ജ്ഞാനത്തിനുവേണ്ടി ആഗ്രഹിക്കുവാൻ ആലീസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, ശലോമോന്റെ സദൃശവാക്യങ്ങളുടെ സമാഹാരം പൂർണ്ണമല്ല എന്നും ആലിസ് നമ്മെ ഓർമ്മിപ്പിക്കുന്നു.

നഷ്ടപ്പെട്ടുപോയ ജ്ഞാനത്തിന്റെ നിധിയെക്കുറിച്ച് ഈ ലോകത്തിലെ പണ്ഡിതന്മാർ ഓർക്കുന്ന ഇക്കാലത്ത്, ജ്ഞാനത്തിന്റെ യഥാർത്ഥ ഉറവിടം വീണ്ടും കണ്ടെത്തുന്നതിലും, ദൈവനിവേശിതമായ ഈ പുസ്തകം ജ്ഞാനത്തിനുവേണ്ടി നമ്മെ എങ്ങനെ അറിവിനപ്പുറത്തേക്ക് കൊണ്ടുപോകുന്നു എന്ന് കണ്ടെത്തുന്നതിലും പ്രധാനമായി മറ്റെന്താണ് അഭികാമ്യമായത്?

    മാർട്ട് ഡിഹാൻ

 

banner image

ചി ല വേദഭാഗങ്ങൾ ഒരു പ്രശസ്ത ഹാസ്യനടന്റെ വരികൾ എന്നെ ഓർമ്മിപ്പിക്കുന്നു: “ബഹുമാനമില്ലായ്‌മ നേടിയെടുക്കരുത്” എന്നതാണ് അതിന്റെ അർത്ഥം. അങ്ങനെയുള്ള ഒരു വേദഭാഗമാണ് സദൃശവാക്യങ്ങൾ 31:10-31. ഇത് സ്ത്രീകൾക്ക് എഴുതിയതാണെന്ന് ഉറപ്പുള്ളതുകൊണ്ട് പല പുരുഷന്മാരും ഈ ഭാഗം അവഗണിക്കുന്നു. തങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്ത ചില കാര്യങ്ങൾ അതിൽ പറയുന്നുണ്ടെന്ന് ഉറപ്പുള്ളതിനാൽ പല സ്ത്രീകളും അത് അവഗണിക്കുന്നു. മിക്ക ക്രിസ്ത്യാനികൾക്കും ഈ ഭാഗത്തെക്കുറിച്ച് എന്തെങ്കിലും അറിയാമെങ്കിലും, പലരും അത് അവഗണിക്കാൻ തീരുമാനിക്കുന്നു. നമുക്കെല്ലാവർക്കും—സ്ത്രീകൾക്കും പുരുഷന്മാർക്കും—മൂന്നു കാരണങ്ങളാൽ ഈ വേദഭാഗം ആവശ്യമാണ്. ഒന്നാമതായി, ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിൽ അത് ബൈബിളിൽ ഉൾപ്പെടുത്തിയിരിക്കുന്നതുകൊണ്ട് നമുക്ക് അത് ആവശ്യമാണ്. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു” എന്ന് പൗലൊസ് തിമോത്തിയെ ഓർമ്മിപ്പിച്ചു. അതിൽ സദൃശവാക്യങ്ങൾ 31ഉം ഉൾപ്പെടുന്നു.

രണ്ടാമതായി, ഈ വേദഭാഗം ദൈവജനത്തിന്റെ ജ്ഞാനത്തെക്കുറിച്ച് പറയുന്നു. സദൃശവാക്യങ്ങളുടെ പുസ്തകം “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;” എന്ന് പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത് (1:7). അത് യഹോവാഭക്തിയുള്ള വ്യക്തിയെ വർണ്ണിച്ചുകൊണ്ട് അവസാനിക്കുന്നു (31:30). ‘ജ്ഞാനമായവൾ’ യുവാക്കളെ അവരുടെ ജീവിതത്തെയും, തീരുമാനങ്ങളെയും പുനർവിചിന്തനം ചെയ്യാൻ ആഹ്വാനം ചെയ്യുകയും, യഹോവാഭക്തിയുള്ളവരായിരിക്കാൻ അവരോട് പറയുകയും ചെയ്യുന്നത് ഒന്നാം അദ്ധ്യായത്തിൽ വിവരിക്കുന്നു. അദ്ധ്യായം 31ൽ സാധാരണ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന ‘ജ്ഞാനമായവളെ’ ചിത്രീകരിക്കുന്നു. യഹോവാഭക്തിയോടെ ജീവിക്കാൻ തീരുമാനിച്ച വ്യക്തി എങ്ങനെയിരിക്കുമെന്ന് ഇവിടെ കാണിക്കുന്നു.

അദ്ധ്യായം 31ൽ സാധാരണ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന ‘ജ്ഞാനമായവളെ’ ചിത്രീകരിക്കുന്നു. യഹോവാഭക്തിയോടെ ജീവിക്കാൻ തീരുമാനിച്ച വ്യക്തി എങ്ങനെയിരിക്കുമെന്ന് ഇവിടെ കാണിക്കുന്നു.

ഈ വേദഭാഗം നമുക്ക് ആവശ്യമുണ്ടെന്ന് പറയാനുള്ള മൂന്നാമത്തെ കാരണം, ഈ അദ്ധ്യായത്തിലെ അവസാനത്തെ ഇരുപത്തിരണ്ട് വാക്യങ്ങളുടെ ഘടനയാണ്. സദൃശവാക്യങ്ങൾ 31:10-31 അക്ഷരമാല ക്രമത്തിലുള്ള കവിതയാണ്. ഈ വേദഭാഗത്തിലുള്ള ഓരോ വാക്യവും ആരംഭിക്കുന്നത് എബ്രായ അക്ഷരമാലയിലെ അക്ഷരത്തിലാണ് (അലെഫ്, ബെത്ത്, ഗിമെൽ, ഡാലെത്ത്, ഹെ, വാവ്, മുതലായവ). അതിന്റെ ഉദ്ദേശ്യം എന്താണ്? പുരാതന ലോകത്ത്, മനഃപാഠം പഠിക്കുവാനുള്ള എളുപ്പവഴിയായിട്ട് അക്ഷരമാല ക്രമം ഉപയോഗിച്ചിരുന്നു. നിങ്ങൾക്ക് അക്ഷരമാലയിലെ അക്ഷരങ്ങൾ അറിയാമെങ്കിൽ, അക്ഷരമാലയിലെ അടുത്ത അക്ഷരം ഓർമ്മിച്ചുകൊണ്ട് നിങ്ങൾക്ക് ആശയങ്ങൾ ഓരോന്നായി ഓർത്തെടുക്കാൻ കഴിയും. ഇന്നും നാം ഇത് ഉപയോഗിക്കുന്നു. എന്നാൽ പുരാതന ലോകത്ത്, ഒരു ജനതയുടെ ജ്ഞാനം ഒരു തലമുറയിൽ നിന്ന് വാമൊഴിയായിട്ടാണ് അടുത്ത തലമുറയിലേക്ക് പകർന്നു കൊടുത്തിരുന്നത്. അതുകൊണ്ട് അവർക്ക് ഈ രീതി വളരെ പ്രാധാന്യമുള്ളതായിരുന്നു. കുട്ടികൾ വാമൊഴിയായിട്ടാണ് പഠിച്ചിരുന്നത്. അക്ഷരമാല ക്രമത്തിലുള്ള കവിത മനഃപാഠമാക്കുവാൻ എളുപ്പമായിരുന്നു. സദൃശവാക്യങ്ങൾ 31:10-31 അക്ഷരമാല ക്രമത്തിലുള്ള കവിതയായിട്ട് എഴുതിയിരിക്കുന്നത്, അത് എളുപ്പത്തിൽ മനഃപാഠമാക്കുവാനാണ്.

എന്തുകൊണ്ട്? കാരണം, സദൃശവാക്യങ്ങളുടെ പുസ്‌തകത്തിലുടനീളം കാണപ്പെടുന്ന ജ്ഞാനത്തെ ഈ വേദഭാഗത്ത് സംഗ്രഹിച്ചിരിക്കുന്നത് എങ്ങനെ ജ്ഞാനത്തോടെ ജീവിക്കണമെന്ന് അറിയാൻ നമ്മെ സഹായിക്കുവാൻ വേണ്ടിയാണ്.

തിരുവെഴുത്തുകളുടെ മൂലഗ്രന്ഥം എബ്രായ ഭാഷയിൽ സ്വരാക്ഷരങ്ങളില്ലാതെയാണ് എഴുതിയത്. അറിവുള്ളവർ അത് വായിച്ച് കേൾപ്പിക്കുമ്പോളാണ് മറ്റുള്ളവർ അതിലെ സ്വരാക്ഷരങ്ങൾ തിരിച്ചറിഞ്ഞ് വാക്കുകളുടെ അർത്ഥം മനസ്സിലാക്കിയിരുന്നത്.

ഒരു ചോദ്യത്തോടും പ്രസ്താവനയോടും കൂടി 10-ാം വാക്യത്തിൽ കാവ്യഭാഗം ആരംഭിക്കുന്നു. ബൈബിളിന്റെ ‘ന്യൂ ഇന്റർനാഷണൽ വേർഷൻ’ എബ്രായ ഭാഷയിൽ നിന്ന് അത് വിവർത്തനം ചെയ്യുന്നത് ഇങ്ങനെയാണ്: “സ്വഭാവവൈശിഷ്‌ട്യമുള്ള ഭാര്യയെ ആർക്ക് കണ്ടെത്താൻ കഴിയും? അവൾ മാണിക്യത്തേക്കാൾ വളരെ വിലയുള്ളവളാണ്.” നിങ്ങൾ ഒരു ‘ന്യൂ അമേരിക്കൻ സ്റ്റാൻഡേർഡ്’ ബൈബിളിൽ ഇങ്ങനെ കാണും: “ആർക്ക് ശ്രേഷ്ഠയായ ഭാര്യയെ കണ്ടെത്താനാകും?” എന്നാൽ നിങ്ങൾ ‘ന്യൂ കിംഗ് ജെയിംസ്’ പതിപ്പിൽ വായിക്കുകയാണെങ്കിൽ, അത് ചോദിക്കുന്നു, “സദ്‌ഗുണമുള്ള ഭാര്യയെ ആർക്കാണ് കണ്ടെത്താൻ കഴിയുക?” ഒരു എബ്രായ പദത്തിന്റെ വ്യത്യസ്തമായ അർത്ഥത്തിലുള്ള വിവർത്തനങ്ങൾ കാണുമ്പോൾ, പഴയനിയമത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആ എബ്രായ പദം എങ്ങനെ ഉപയോഗിച്ചുവെന്ന് നമുക്ക് ചോദിക്കേണ്ടിവരും. മാണിക്യത്തേക്കാൾ വളരെ ഉയർന്ന മൂല്യമുള്ള ഈ വളരെ അഭിലഷണീയയായ സ്ത്രീ എബ്രായ ഭാഷയിൽ ഒരു ‘ഖായിൽ’ സ്ത്രീയാണ്. “സ്വഭാവവൈശിഷ്‌ട്യമുള്ള,” “ശ്രേഷ്ഠയായ,” “സദ്‌ഗുണമുള്ള” എന്നീ വിവർത്തനങ്ങളൊന്നും ഈ എബ്രായ പദത്തിന്റെ വികാരം ഉൾക്കൊള്ളുന്നില്ല. അദ്ധ്യായം 31 ഇതിനകം 2-3 വാക്യങ്ങളിൽ ആ എബ്രായ പദം ഉപയോഗിച്ചിട്ടുണ്ട്: “മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു? എന്റെ നേർച്ചകളുടെ മകനേ, എന്തു? സ്ത്രീകൾക്കു നിന്റെ ബലത്തെയും (ഖായിൽ) രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുതു.”

ശക്തിയും വീര്യവും ബൈബിളിലെ പുരുഷ സ്വഭാവങ്ങൾ മാത്രമല്ല. ഒരു പുരുഷന്റെ വ്യക്തിത്വം അവന്റെ ശക്തിയിലും ഒരു സ്ത്രീയുടേത് അവളുടെ സൗന്ദര്യത്തിലും കണ്ടെത്തുന്നുവെന്ന് ബൈബിൾ പഠിപ്പിക്കുന്നുവെന്ന് പലരും വാദിക്കുന്നു. ഇത് ഒരു പരിധിവരെ ശരിയാണെങ്കിലും, ദൈവം നൽകിയ ശക്തി ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കാൻ സ്ത്രീകളോടും പുരുഷന്മാരോടും വേദപുസ്തകം ഉപദേശിക്കുന്നു.

പഴയനിയമത്തിലുടനീളം ഈ എബ്രായ പദത്തിന്റെ ഉപയോഗം നോക്കുമ്പോൾ, വാക്യം 3ൽ അതിനെ ‘ബലം’ എന്ന് വിവർത്തനം ചെയ്യുന്നത് കാണാം. അത് കൂടുതൽ കൃത്യമായ വിവർത്തനമാണ്. ഇത് ബൈബിളിൽ 246 തവണ ഉപയോഗിച്ചിട്ടുള്ള ഒരു സാധാരണ പദമാണ്. മൂന്നു പ്രാവശ്യം ഇത് ഒരു സ്ത്രീയെ പരാമർശിക്കുന്നു (രൂത്ത് ​​3:11,സദൃശവാക്യങ്ങൾ 12:4, ഇവിടെ സദൃ. 31:10). എന്നാൽ മിക്കപ്പോഴും ഇത് സൈനികരെയോ, സൈന്യത്തെയോ വിവരിക്കുവാനാണ് ഉപയോഗിക്കുന്നത്. ഈ വാക്കിന്റെ അടിസ്ഥാന അർത്ഥം ശക്തി, അല്ലെങ്കിൽ ബലം എന്നാണ്. മിക്ക സാഹചര്യങ്ങളിലും ഇത് സൈനിക ശക്തിയെ സൂചിപ്പിക്കുന്നു. ദാവീദിന്റെ വീരന്മാർ ‘ഖായിൽ’ മനുഷ്യരാണ്.

സദൃശവാക്യങ്ങളുടെ പുസ്‌തകത്തിലുടനീളം കാണപ്പെടുന്ന ദൈവജനത്തിന്റെ ജ്ഞാനത്തെ സദൃ. 31 സംഗ്രഹിക്കുന്നു. ജീവിതം എങ്ങനെ ജ്ഞാനത്തോടെ ജീവിക്കണമെന്ന് അറിയാൻ നമ്മെ സഹായിക്കാൻ വേണ്ടിയാണ് അത് എഴുതിയിരിക്കുന്നത്.

ഈ വാക്ക് പലപ്പോഴും ‘വീരൻ’ എന്ന് വിവർത്തനം ചെയ്യപ്പെടുന്നു, ഇത് യുദ്ധത്തിൽ ആവശ്യമായ വീര്യത്തെ പരാമർശിക്കുന്നു. ഒരു സൈനികൻ യുദ്ധത്തിൽ ഉറച്ചുനിൽക്കുന്നു, തന്റെ സ്ഥാനം ഉപേക്ഷിക്കാനോ, ഡ്യൂട്ടിയിൽ നിന്ന് ഓടിപ്പോകാനോ വിസമ്മതിക്കുന്നു. അതിനാൽ, ദാവീദിന്റെ വീരന്മാരെപ്പോലെ ‘ഖായിലായ’ ഒരു വ്യക്തിക്ക് ഉത്തരവാദിത്വങ്ങൾ വഹിക്കാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ആന്തരിക ശക്തിയുണ്ട്. സദൃശവാക്യങ്ങൾ 31:10 അത്തരത്തിലുള്ള ഒരു വ്യക്തിയെക്കുറിച്ചാണ് – ശക്തയായ, ധീരയായ, പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കഴിയുന്ന ആന്തരിക ശക്തിയുള്ള ഒരു വ്യക്തി.

അനന്തരം ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന്നു ശുശ്രൂഷചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകലവസ്തുവകകൾക്കും നാൽക്കാലികൾക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും (ഖായിൽ) യെരൂശലേമിൽ കൂട്ടിവരുത്തി (1 ദിനവൃത്താന്തം 28:1).

ദാവീദിന്റെ വീരന്മാരെപ്പോലെ ‘ഖായിലായ’ ഒരു വ്യക്തിക്ക് ഉത്തരവാദിത്വങ്ങൾ വഹിക്കാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ആന്തരിക ശക്തിയുണ്ട്.

10-ാം വാക്യത്തിന്റെ ചില വിവർത്തനങ്ങൾ ഇങ്ങനെ ചോദിക്കുന്നു, “സദ്‌ഗുണമുള്ള ഭാര്യയെ ആർക്ക് കണ്ടെത്താനാകും?” ‘ഭാര്യ’ എന്ന വാക്ക് ‘സ്ത്രീ’ എന്നതിന് തുല്യമാണ്. അടുത്ത രണ്ട് വാക്യങ്ങൾ അവളുടെ ഭർത്താവിനെക്കുറിച്ച് സംസാരിക്കുന്നതിനാൽ ചില വിവർത്തകർ ‘ഭാര്യ’ എന്ന വാക്ക് തിരഞ്ഞെടുത്തിരിക്കാം. എന്നാൽ ഇതിൽ അവിവാഹിതരായ ആളുകളെ ഒഴിവാക്കിയിട്ടില്ല. ഈ ശക്തയും ധീരയുമായ വ്യക്തിക്ക് ജ്ഞാനവും, ജീവിക്കാനുള്ള വൈദഗ്ധ്യവും ഉണ്ട്. സദൃശവാക്യങ്ങൾ 31-ൽ അത് ഒരു ജ്ഞാനിയായ സ്ത്രീയെ പരാമര്ശിക്കുന്നതായി നാം കാണുന്നു. നാം നോക്കുമ്പോൾ, ദൈനംദിന ജീവിതത്തിൽ അവളുടെ ജ്ഞാനം എങ്ങനെയുണ്ടെന്ന് നമുക്ക് കാണാം. ഈ സ്ത്രീയുടെ ഗുണങ്ങൾ ദൈവജനത്തിന്റെ ജ്ഞാനത്തിന്റെ സംഗ്രഹമാണ്. അത് അവിവാഹിതർക്കും വിവാഹിതർക്കും, പുരുഷന്മാർക്കും സ്ത്രീകൾക്കും ആവശ്യമുള്ള ഗുണങ്ങളാണ്.

സ്ത്രീ അല്ലെങ്കിൽ ഭാര്യ എന്നതിന് ഒരേ പദം ഉപയോഗിക്കുന്നത് ഗ്രീക്ക്, എബ്രായ ഭാഷകളിലുള്ള തിരുവെഴുത്തുകളിൽ സാധാരണമാണ്. സാഹചര്യമനുസരിച്ച് വാക്കിന്റെ അർഥം തീരുമാനിക്കുന്നു.

 

banner image

പ്പോൾ ബലമുള്ള ഒരു വ്യക്തിയുടെ സവിശേഷത എന്താണ്? ജ്ഞാനിയായ ഒരു സ്ത്രീയുടെ ആദ്യത്തെ സ്വഭാവം അവളുടെ വിശ്വസ്തതയാണ്. 11-ഉം 12-ഉം വാക്യങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു: “ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല. അവൾ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.” ഈ സ്ത്രീയുടെ ഭർത്താവിന് അവളെ വിശ്വസിക്കാൻ കഴിയുമെന്ന് വ്യക്തമാണ്. അവൾ പണം ധൂർത്തടിക്കുകയോ, പോസ്റ്റ്മാന്റെ കൂടെ ഓടിപ്പോകുകയോ ചെയ്യുകയില്ലെന്ന് അറിയാം. അവൾ വിശ്വസ്തയാണ്.

ശക്തയും, ജ്ഞാനിയുമായ ഈ സ്ത്രീ വിശ്വസിക്കാൻ കൊള്ളാവുന്നവളാണ്. അവൾ സദ്സ്വഭാവിയായത് കൊണ്ട് അവളുടെ ഭർത്താവ് അവളെ വിശ്വസിക്കുന്നത് തികച്ചും സ്വാഭാവികമാണ്. ശക്തയും, ജ്ഞാനിയുമായ ഈ സ്ത്രീയുടെ ഭർത്താവ് അവളെ വിശ്വസിക്കുന്നതുപോലെ, അവളോട് ഇടപെടുന്ന എല്ലാവർക്കും അവളെ വിശ്വസിക്കാൻ കഴിയും.

നിങ്ങൾ വിശ്വസിക്കാൻ കൊള്ളാവുന്ന വ്യക്തിയാണോ? നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ദോഷമല്ല, നന്മ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയുമോ? അങ്ങനെയെങ്കിൽ നിങ്ങൾ, സദൃശവാക്യങ്ങൾ 31ൽ പറഞ്ഞിരിക്കുന്ന ജ്ഞാനിയായ വ്യക്തിയുടെ പാതയിലാണ്.

13 മുതൽ 18 വരെയുള്ള വാക്യങ്ങളിൽ, ധീരയും, ശക്തയും, സമര്‍പ്പിതയും, ജ്ഞാനിയുമായ ഈ വ്യക്തി, കുശാഗ്രബുദ്ധിയുമുളളവളാണെന്ന് നാം കണ്ടെത്തുന്നു. നമ്മിൽ മിക്കവർക്കും ‘കുശാഗ്രബുദ്ധി’ എന്ന വാക്ക് ഇഷ്ടമല്ല. എന്നാൽ നിഘണ്ടുവിൽ അത് ബുദ്ധിയും, സാമർഥ്യവും ഉള്ള ഒരാളെയാണ് അർത്ഥമാക്കുന്നത്. കുശാഗ്രബുദ്ധി എന്നാൽ മറ്റുള്ളവരെ മുതലെടുക്കുന്ന വ്യക്തിയല്ല, അവസരങ്ങൾ മുതലെടുക്കുന്ന വ്യക്തിയാണ്. 13-18 വാക്യങ്ങളിൽ കുശാഗ്രബുദ്ധി ഇങ്ങനെയാണ് കാണപ്പെടുന്നത്: ജ്ഞാനിയും ശക്തയുമായ ഈ സ്ത്രീ “ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു” എന്ന് 13-ാം വാക്യം പ്രസ്താവിക്കുന്നു. അവൾ കണ്ണിൽ കാണുന്നതെല്ലാം വാരിയെടുക്കുന്നില്ല. എന്നാൽ അവളുടെ ജോലിക്ക് ആവശ്യമായ സാമഗ്രികൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നു.

14-ഉം 15-ഉം വാക്യങ്ങൾ ജ്ഞാനിയായ ഈ ശക്തയായ സ്‌ത്രീയെ “വിദൂരത്തുനിന്നു ഭക്ഷണം കൊണ്ടുവരുന്ന കച്ചവടക്കപ്പലുകളോട്‌ ഉപമിക്കുന്നു. “അവൾ കച്ചവടക്കപ്പൽ പോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു. അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവർക്കു ആഹാരവും വേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു.” ജ്ഞാനിയായ ഈ സ്ത്രീ വർത്തമാനകാലത്തേക്ക് മാത്രമല്ല, ഭാവിക്ക് വേണ്ടിയും തയ്യാറെടുക്കുന്നു. അവളുടെ വീട്ടിലുള്ള എല്ലാവർക്കും ആവശ്യമുള്ളത് ലഭിക്കാൻ വേണ്ടി അവൾ പ്രവർത്തിക്കുന്നു.

കുശാഗ്രബുദ്ധി എന്നാൽ മറ്റുള്ളവരെ മുതലെടുക്കുന്ന വ്യക്തിയല്ല, അവസരങ്ങൾ മുതലെടുക്കുന്ന വ്യക്തിയാണ്.

16-ാം വാക്യം ഈ സ്‌ത്രീയുടെ സൂക്ഷ്മബുദ്ധി നമുക്ക്‌ കാണിച്ചുതരുന്നു: “അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.” അവൾ സ്വത്ത് വാങ്ങുന്നതിലും, അതിൽ നിന്ന് ലാഭമുണ്ടാക്കുന്നതിലും സാമര്‍ത്ഥ്യമുള്ളവളാണ്. അവൾ തന്റെ പദ്ധതികളെക്കുറിച്ച് ശ്രദ്ധാപൂർവ്വം ചിന്തിക്കുകയും അവ എങ്ങനെ വിജയകരമായി നടപ്പിലാക്കാമെന്ന് ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.

17-‍ാ‍ം വാക്യം നമ്മോട് പറയുന്നു: “അവൾ ബലംകൊണ്ടു അര മുറുക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.” എബ്രായ ഭാഷയിൽ യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് അവൾ അവളുടെ ജോലികൾക്കായി അവളുടെ കരങ്ങൾ ശക്തമാക്കുന്നു, അങ്ങനെ അവൾക്ക് അവളുടെ ജോലി ഊർജസ്വലതയോടെ ചെയ്യാൻ കഴിയും എന്നാണ്. കുശാഗ്രബുദ്ധിയുള്ള വ്യക്തി തന്റെ അറിവും കഴിവുകളും മെച്ചപ്പെടുത്തുന്നത് കൂടുതൽ ബുദ്ധിപൂർവ്വം പ്രവർത്തിക്കാനാണ്, അല്ലാതെ കഠിനമായി പ്രവർത്തിക്കാനല്ല.

പരിശുദ്ധാത്മാവിനെ പിന്തുടരുക എന്നതിനർത്ഥം മുൻകൂട്ടി കാര്യങ്ങൾ ആസൂത്രണം ചെയ്യാതെ പ്രവർത്തിക്കുക എന്നാണ് എന്ന് ക്രിസ്ത്യാനികൾ ചിലപ്പോൾ ചിന്തിച്ചേക്കാം. ശക്തനും ജ്ഞാനിയുമായ വ്യക്തി അതാത് സമയങ്ങളിൽ പരിശുദ്ധാത്മാവിന്റെ പ്രേരണയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നു. അതോടൊപ്പം, കാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോഴും, പരിശുദ്ധാത്മാവിനെ അനുസരിക്കുന്നു.

വാക്യം 18 വ്യക്തമാണ്, “തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല.” ഈ ജ്ഞാനിയായ സ്ത്രീ ലജ്ജയോ, ഭയമോ കൂടാതെ വ്യാപാരികൾക്ക് വിൽക്കാൻ കഴിയുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ ‘ഖായിൽ’ വ്യക്തി സൂക്ഷ്മബുദ്ധിയുള്ള വ്യക്തിയാണ്. അതുകൊണ്ട് സ്വയം ചോദിക്കുക: എന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ എനിക്ക് എത്രമാത്രം കാര്യക്ഷമതയുണ്ട്? എന്റെ പദ്ധതികളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നുണ്ടോ? എനിക്ക് അവ വിജയകരമായി നടപ്പിലാക്കാൻ കഴിയുമോ? ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്യേണ്ട ആവശ്യമുണ്ടോ? സൽപ്രവൃത്തി ചെയ്യാൻ ഞാൻ സ്വയം സമർപ്പിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് “അതെ” എന്ന് ഉത്തരം നൽകാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ നിങ്ങൾക്ക് ജ്ഞാനത്തിന്റെ രണ്ടാമത്തെ സവിശേഷതയുണ്ട്: നിങ്ങൾ സാമർഥ്യവും, ബുദ്ധിയും, ജ്ഞാനവുമുള്ള വ്യക്തിയാണ്.

കുശാഗ്രബുദ്ധിയോടൊപ്പം എപ്പോഴും ഔദാര്യവും വേണം. അല്ലെങ്കിൽ അത് അത്യാഗ്രഹമായി മാറും.

19-ഉം, 20-ഉം വാക്യങ്ങളിൽ, ഒരു ‘ഖായിൽ’ വ്യക്തിയുടെ മൂന്നാമത്തെ സ്വഭാവത്തിലേക്ക് നാം നീങ്ങുന്നു: “അവൾ നെയ്‌ത്തുകോലിന് കൈ നീട്ടുന്നു; അവളുടെ വിരൽ നൂല്‍ചുറ്റുന്ന തണ്ട്‌ പിടിക്കുന്നു. അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.” ജ്ഞാനിയായ ഒരു വ്യക്തിയുടെ മൂന്നാമത്തെ സ്വഭാവം ഔദാര്യമാണ്. നമ്മുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ 19-ാം വാക്യവും 20-ാം വാക്യവും തമ്മിൽ ബന്ധിക്കാത്തതുകൊണ്ട് അത് പെട്ടെന്ന് വ്യക്തമാകണമെന്നില്ല. എന്നാൽ എബ്രായ ഭാഷയിൽ 19, 20 വാക്യങ്ങൾ തമ്മിൽ വേർതിരിക്കാനാവില്ല. കാരണം, വാക്യം 19 ന്റെ ആദ്യ പകുതിയും വാക്യം 20 ന്റെ അവസാന പകുതിയും ഒരേ വ്യാകരണ ഘടനയും ഒരേ ക്രിയയും ഉള്ളതാണ്; 19-ാം വാക്യത്തിന്റെ അവസാന പകുതിയിലും 20-ാം വാക്യത്തിന്റെ ആദ്യ ഭാഗവും അതുപോലെ ഒരേ ഘടനയും ഒരേ ക്രിയയും ഉള്ളതാണ്. അത് സംഭവിക്കുമ്പോൾ, ‘ഖായാസം’ എന്ന് വിളിക്കപ്പെടുന്ന സാഹിത്യ പ്രയോഗം ഉണ്ടാകുന്നു (അത് ഒരു വലിയ X പോലെ കാണപ്പെടുന്നു). ജ്ഞാനിയായ ഈ സ്ത്രീ പാവപ്പെട്ടവർക്കും ദരിദ്രർക്കും ഉദാരമനസ്കത കാണിക്കുന്നതിനായി വ്യാപാരികൾക്ക് വിൽക്കാൻ നൂൽ നൂൽക്കുകയും അരക്കച്ചകൾ നെയ്തെടുക്കുകയും വസ്ത്രങ്ങൾ ഉണ്ടാക്കുകയും ചെയ്തു. കുശാഗ്രബുദ്ധിയോടൊപ്പം എപ്പോഴും ഔദാര്യവും വേണം. അല്ലെങ്കിൽ അത് അത്യാഗ്രഹമായി മാറും. അത്യാഗ്രഹികളെക്കുറിച്ച് ബൈബിൾ നല്ല കാര്യങ്ങൾ പറയുന്നില്ല. അതുകൊണ്ട്, കുശാഗ്രബുദ്ധിയുള്ള വ്യക്തി, ആവശ്യമുള്ളവർക്ക് എന്തെങ്കിലും നൽകാൻ വേണ്ടി അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നു.

ജ്ഞാനിയും ശക്തനുമായ വ്യക്തി തന്റെ കൈവശമുള്ളത് തുറന്ന കൈകളിൽ പിടിക്കാൻ പഠിച്ചിരിക്കുന്നു. അവൻ അതിന് നന്ദിയുള്ളവനാണ്, പക്ഷേ അവൻ അതിൽ പുകഴുന്നില്ല.

ഒരു ‘ഖായിൽ’ വ്യക്തിയുടെ നാലാമത്തെ സ്വഭാവം അടുത്ത അഞ്ച് വാക്യങ്ങളിൽ (21-25) കാണപ്പെടുന്നു. ഒരു ജ്ഞാനി, ഉത്സാഹമുള്ളവനും ആണെന്ന് നമ്മെ കാണിക്കുന്നു: 21-ാം വാക്യം പറയുന്നു: “തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പിളി ഉണ്ടല്ലോ.” മദ്ധ്യപൂർവ്വ നാടുകളിൽ എത്ര ഇടവിട്ട് മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്? വല്ലപ്പോഴും മാത്രം. എന്നാൽ മഞ്ഞു പെയ്യുമ്പോൾ, ഉത്സാഹമുള്ള ഈ ജ്ഞാനി തന്റെ വീട്ടിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. ആ വാക്യത്തിലെ അവസാന വാക്കിന്റെ പരിഭാഷ അല്പം രസകരമാണ്. ചുവപ്പ് എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം ലൈനിംഗ് ഇട്ട് തുന്നിയ വസ്ത്രം എന്നും പരിഭാഷപ്പെടുത്താൻ കഴിയും. പുറത്ത് മഞ്ഞുവീഴ്ചയുണ്ടെങ്കിൽ, ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തേക്കാൾ എനിക്ക് ചൂട് നൽകുന്ന ലൈനിംഗുകളുള്ള വസ്ത്രങ്ങളാണ് എനിക്ക് ആവശ്യമുള്ളത്.

22-ാം വാക്യം നമ്മോടു പറയുന്നു: “അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.” “ശണപടവും ധൂമ്രവസ്ത്രവും” സൂചിപ്പിക്കുന്നത്, ഈ സ്ത്രീ മറ്റുള്ളവരുടെ ആവശ്യങ്ങളോടൊപ്പം സ്വന്തം ആവശ്യങ്ങളും നിറവേറ്റുന്നതിൽ ഉത്സാഹമുള്ളവളാണെന്ന കാര്യമാണ്. അവൾ നന്നായി വസ്ത്രം ധരിക്കുന്നു.

23-ാം വാക്യം, അവളുടെ ഉത്സാഹവും, ഭർത്താവിന് സമൂഹത്തിൽ ലഭിക്കുന്ന സ്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്നു: “ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭർത്താവു പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു.” ജ്ഞാനിയായ ഈ സ്ത്രീ ജീവിതം കൈകാര്യം ചെയ്യുന്ന രീതി മൂലം അവളുടെ ഭർത്താവിന് സമൂഹത്തിലെ നേതാക്കന്മാരിൽ നിന്ന് ആദരവ് ലഭിക്കുന്നു.

കുശാഗ്രബുദ്ധിയുള്ള വ്യക്തി, ആവശ്യമുള്ളവർക്ക് എന്തെങ്കിലും നൽകാൻ വേണ്ടി അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നു.

24-ാം വാക്യം ഈ ജ്ഞാനിയായ സ്ത്രീയുടെ സമ്പാദ്യശക്തിയെക്കുറിച്ച് വിശദീകരിക്കുന്നു: “അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.” നെയ്‌ത്തുകോലും, നൂല്‍ചുറ്റുന്ന തണ്ടും ഉപയോഗിച്ച് അവൾ ചെയ്യുന്ന ജോലി വെറുമൊരു ഹോബിയല്ല; ആവശ്യമുള്ളവരെ സഹായിക്കുന്നതിനായി അവളുടെ കുടുംബത്തിന് വരുമാനം ഉണ്ടാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണിത്.

തൽഫലമായി, 25-ാം വാക്യം ഇങ്ങനെ അവസാനിപ്പിക്കുന്നു: “ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഓർത്തു അവൾ പുഞ്ചിരിയിടുന്നു.” ചില ആളുകൾ ഉത്സാഹത്തെ ‘ജോലിയോടുള്ള അമിതമായ ആസക്തി’ അല്ലെങ്കിൽ ‘ഒബ്സസീവ്-കമ്പൽസിവ്നസ്സ്’ ആയി തള്ളിക്കളയുന്നു. എന്നാൽ ഉത്സാഹം ജ്ഞാനത്തിന്റെ അവശ്യ ഘടകമാണ്.

26-ാം വാക്യം ജ്ഞാനിയായ ഒരു വ്യക്തിയുടെ അഞ്ചാമത്തെ സ്വഭാവം വിവരിക്കുന്നു: “അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു.” ശക്തിയും ജ്ഞാനവുമുള്ള വ്യക്തി എല്ലായ്പ്പോഴും ജ്ഞാനത്തോടെയും ദയയോടെയും സംസാരിക്കുന്നു. ജ്ഞാനിയായ ഒരു വ്യക്തിയുടെ വാക്കും പ്രവൃത്തിയും ഒരുപോലെയായിരിക്കും.

25-ാം വാക്യത്തിലെ ബലം എന്ന പദത്തിന്റെ എബ്രായ പദം ‘ഓസ്’ ആണ്. അതിന്റെ അർത്ഥം ബലം, വീര്യം, അധികാരം എന്നാണ്. കോട്ടകളെ വിവരിക്കാൻ ഇത് പലപ്പോഴും ഉപയോഗിക്കുന്നു.

banner image

ബു ദ്ധിമാനോ, ശക്തനോ, ധീരനോ ആകുന്നത് വളരെയധികം ബുദ്ധിമുട്ടാണെന്ന് ഈ ഘട്ടത്തിൽ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്! ഞാൻ ഉത്തരവാദിത്വത്തോടും കരുതലോടും കൂടെ എന്റെ ജോലി ചെയ്യേണ്ട ആവശ്യമുണ്ടോ? ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞാൻ ഉദാരമനസ്കതയും ശുഷ്കാന്തിയും കാണിക്കേണ്ട ആവശ്യമുണ്ടോ? ഞാൻ എന്റെ നാവിനെ നിയന്ത്രിക്കുകയും അത് ജ്ഞാനത്തോടെ ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ടോ? സദൃശവാക്യങ്ങളുടെ പുസ്തകത്തിലുടനീളം വിവരിച്ചിരിക്കുന്നതുപോലെ ജ്ഞാനം എന്നത് ജീവിതത്തിൽ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുന്നതിനെക്കുറിച്ചാണ്. സദൃശവാക്യങ്ങൾ 8:35-36-ൽ ‘ജ്ഞാനമായവൾ’ നമ്മോടു പറയുന്നു, അവളെ സ്നേഹിക്കുന്നവർ ജീവിക്കും, എന്നാൽ അവളോടു പാപം ചെയ്യുന്നവർ സ്വയം ദ്രോഹിക്കുന്നു. ജ്ഞാനം ദൈനംദിന ജീവിതത്തിന് ആവശ്യമുള്ള സത്ഗുണമാണ്, എന്നാൽ അതിന് ജീവനെയും മരണത്തെയും നിയന്ത്രിക്കുവാൻ കഴിയും.

എന്നാൽ ഈ അദ്ധ്യായം 26-ാം വാക്യത്തിൽ അവസാനിക്കുകയാണെങ്കിൽ, നമുക്ക് ഒരു സന്മാർഗ്ഗ പാഠം മാത്രമേ ലഭിക്കുകയുള്ളൂ, പക്ഷേ അത് പ്രാവർത്തികമാക്കുവാനുള്ള നമ്മുടെ സ്വന്തം ദൃഢനിശ്ചയത്തിനപ്പുറം ഒരു സഹായവും ലഭിക്കുകയില്ല. നമ്മെ ജ്ഞാനികളാക്കുന്ന കാര്യങ്ങൾ 11 മുതൽ 26 വരെയുള്ള വാക്യങ്ങളിൽ കാണുന്നില്ല. അത് 30-ാം വാക്യത്തിൽ കാണപ്പെടുന്നു: “ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.” അതിന്റെ സംക്ഷിപ്തം ഇതാണ്: ജ്ഞാനിയായ, ശക്തനായ, സമർപ്പണമുള്ള വ്യക്തിക്ക്, ഒഴിഞ്ഞുപോകുന്നതും നിലനിൽക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയാം. ജ്ഞാനിയായ മനുഷ്യൻ നിലനിൽക്കുന്ന കാര്യങ്ങൾക്കായി ജീവിക്കാൻ തീരുമാനിക്കുന്നു. 30-ാം വാക്യം നമ്മോട് പറയുന്നത് “ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു” എന്നാണ്. സൗന്ദര്യം നല്ലതാണ്, പക്ഷേ അത് നിലനിൽക്കുകയില്ല. ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് എന്നേക്കും നിലനിൽക്കുന്നത്.

സദൃശവാക്യങ്ങളുടെ പുസ്തകത്തിലുടനീളം വിവരിച്ചിരിക്കുന്നതുപോലെ ജ്ഞാനം എന്നത് ജീവിതത്തിൽ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുന്നതിനെക്കുറിച്ചാണ്. ജ്ഞാനം ദൈനംദിന ജീവിതത്തിന് ആവശ്യമുള്ള സത്ഗുണമാണ്, എന്നാൽ അതിന് ജീവനെയും മരണത്തെയും നിയന്ത്രിക്കുവാൻ കഴിയും.

സദൃശവാക്യങ്ങൾ 31-നെക്കുറിച്ച് ഞാൻ കേട്ടിട്ടുള്ള പ്രഭാഷണങ്ങൾ സ്ത്രീയുടെ കഴിവുകളിലും അവളുടെ തിരക്കേറിയ ദിനചര്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇവ അവളുടെ ജ്ഞാനത്തിന്റെ തെളിവുകളാണ്, പക്ഷേ ഈ വേദഭാഗത്തിന്റെ പ്രധാന വിഷയമല്ല. യഥാർത്ഥ ജ്ഞാനം ദൈവത്തിൽ നിന്നും, അവനുമായുള്ള നമ്മുടെ ബന്ധത്തിൽ നിന്നും ആരംഭിക്കുന്നു. അത് ആരംഭിക്കുന്നത് കർത്താവിനോടുള്ള ഭയത്തിൽ നിന്നാണ്. എന്താണ് ഈ ദൈവഭയം? അത് ദൈവ സന്നിധിയിൽ പേടിച്ചുവിറയ്ക്കുന്നതാണോ? അല്ല, ദൈവം ആരാണെന്നും അവനുമായുള്ള ബന്ധത്തിൽ നാം എവിടെ നിൽക്കുന്നുവെന്നും ആദരവോടെ തിരിച്ചറിയുന്നതാണ് ദൈവഭയം. ഞാനും നിങ്ങളും അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവം ആരാണെന്നുള്ളതാണ്. നമ്മുടെ സ്രഷ്ടാവ്, നമ്മുടെ വീണ്ടെടുപ്പുകാരൻ, നമ്മുടെ സംരക്ഷകൻ എന്നീ നിലകളിൽ നാം അവനെ അറിയണം.

ദൈവം നമ്മുടെ സ്രഷ്ടാവാണെന്ന് നാം അറിഞ്ഞിരിക്കണം. സങ്കീർത്തനക്കാരൻ ഇത് വ്യക്തമാക്കുന്നു:

നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല (സങ്കീർത്തനങ്ങൾ 139: 13-15).

നമ്മുടെ സ്രഷ്ടാവായ ദൈവത്തിന്റെ സഹായമില്ലാതെ നമുക്ക് അടുത്ത ശ്വാസം എടുക്കാൻ സാധിക്കുകയില്ല. “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്ന് അപ്പോസ്തലനായ പൗലൊസ് അഥേനക്കാരോട് പറഞ്ഞു (പ്രവൃത്തികൾ 17:25-28).

ദൈവം നമ്മുടെ വീണ്ടെടുപ്പുകാരനാണെന്ന് നാം അറിഞ്ഞിരിക്കണം. സങ്കീർത്തനക്കാരനായ ദാവീദ് വീണ്ടും നമുക്കു പറഞ്ഞു തരുന്നു:

എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു. അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു; അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു. നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു (സങ്കീർത്തനങ്ങൾ 103: 2-5).

നമ്മുടെ വീണ്ടെടുപ്പുകാരനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ നമുക്ക് പുതിയ ജീവിതം ലഭിക്കും. അവൻ നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ ഏറ്റുവാങ്ങി, ദൈവത്തിനുവേണ്ടി സാത്താനിൽ നിന്ന് നമ്മെ വീണ്ടെടുത്തു (അല്ലെങ്കിൽ തിരികെ വാങ്ങി). ദൈവം നമ്മുടെ വീണ്ടെടുപ്പുകാരനാണെന്ന് നാം അറിഞ്ഞിരിക്കണം.

ദൈവം നമ്മുടെ വീണ്ടെടുപ്പുകാരനാണെന്ന് നാം അറിഞ്ഞിരിക്കണം. അനുദിന ജീവിതത്തിലോ, നമ്മെ പിടികൂടുന്ന പ്രതിസന്ധികളിലോ, ദൈവം നമ്മെ പരിപാലിക്കുന്നവനാണ്.

ദൈവം നമ്മുടെ പരിപാലകനാണെന്നും നാം അറിഞ്ഞിരിക്കണം. പഴയനിയമ പ്രവാചകനായ യെശയ്യാവ് ഇപ്രകാരം പറഞ്ഞു:

നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ. അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൌവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും (യെശയ്യാവ് 40: 28-31).

അനുദിന ജീവിതത്തിലോ, നമ്മെ പിടികൂടുന്ന പ്രതിസന്ധികളിലോ, ദൈവം നമ്മെ പരിപാലിക്കുന്നവനാണ്.

1994-ലെ ഒരു ശനിയാഴ്ച പുലർച്ചെ 4:30-ന് ഞങ്ങളുടെ ഫോൺ അടിച്ചു, ഞങ്ങൾ ഉണർന്നു. അത്തരമൊരു കോൾ മിക്കവാറും മോശം വാർത്തയോ, ഒരു തമാശ കോളോ, അല്ലെങ്കിൽ മദ്യപിച്ച് തെറ്റായ നമ്പറിലേക്ക് വിളിക്കുന്നതോ ആകാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു മോശം വാർത്തയായിരുന്നു. മറുവശത്ത്, ഞങ്ങളുടെ മൂത്ത മകൾ സൂസനും അവളുടെ കുടുംബവും താമസിക്കുന്ന ഒരു വിദൂര സംസ്ഥാനത്ത് നിന്ന് വിളിക്കുന്നു. വളരെയധികം അംഗവൈകല്യമുള്ള മുതിർന്നവർക്കൊപ്പം ഞങ്ങളുടെ ഏകമകൻ ജോലി ചെയ്യുന്ന, രാജ്യത്തിന്റെ മറ്റേ അറ്റത്തുള്ള, സർക്കാരിൽ നിന്ന് അവൾക്ക് ഒരു കോൾ ലഭിച്ചു. മോട്ടോർ ബൈക്കിൽ ഒരു യോഗത്തിന് പോകുമ്പോൾ, മദ്യപിച്ച ഒരു ഡ്രൈവർ ഓടിച്ച വാഹനം അവനെ ഇടിക്കുകയും അവൻ കൊല്ലപ്പെടുകയും ചെയ്തു. അത്തരം ഒരു സമയത്ത് ആളുകൾ എല്ലാത്തരം ചോദ്യങ്ങളും ചോദിക്കുന്നു: ദൈവം പരമാധികാരിയാണോ-അത് സംഭവിക്കുന്നത് തടയാൻ അവനു കഴിയുമോ? ദൈവം സ്നേഹമാണോ? ദൈവം കരുതുന്നുണ്ടോ? ദൈവം ഉണ്ടോ? ഒരു ദുരന്തത്തിന്റെ മുഖത്തും, ദുഃഖത്തിനിടയിലും, തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തെക്കുറിച്ചുള്ള സത്യം എങ്ങനെയെങ്കിലും നാം മനസ്സിലാക്കണം: ദൈവം പരമാധികാരിയാണ്, ഏതെങ്കിലും വിധത്തിൽ അവൻ ദുരന്തത്തിലൂടെയും പ്രവർത്തിക്കുന്നു. ഈ ജീവിതത്തിൽ നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധത്തിൽ ദൈവം സ്നേഹമാണ്, പക്ഷേ അത് ഒരു ദിവസം നമുക്ക് വ്യക്തമാകും. ദൈവം ശ്രദ്ധിക്കുന്നു, നമ്മുടെ ജീവിതത്തിൽ ഇത് നന്മയ്ക്കായി ഉപയോഗിക്കും. ദൈവം അവിടെയുണ്ട്. അവൻ നമ്മോടൊപ്പമുണ്ട്. നമ്മുടെ ഭയവും കണ്ണീരും നമ്മെ കീഴടക്കുമെന്ന് ഭയപ്പെടുന്ന ഏറ്റവും മോശമായ സമയങ്ങളിൽ ദൈവം ഒരിക്കലും നമ്മെ കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ലെന്ന് എബ്രായർക്കുള്ള ലേഖനകർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു (എബ്രായർ 13:5, ആവർത്തനം 31:6 ലെ ഉദ്ധരണി).

ഒരു ദുരന്തത്തിന്റെ മുഖത്തും, ദുഃഖത്തിനിടയിലും, തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തെക്കുറിച്ചുള്ള സത്യം എങ്ങനെയെങ്കിലും നാം മനസ്സിലാക്കണം: ദൈവം പരമാധികാരിയാണ്, ഏതെങ്കിലും വിധത്തിൽ അവൻ ദുരന്തത്തിലൂടെയും പ്രവർത്തിക്കുന്നു.

ദുരന്തത്തിൽ പോലും പ്രവർത്തനനിരതനായിരിക്കുന്ന ദൈവത്തെക്കുറിച്ചുള്ള അവബോധം ജീവിതത്തെയും, വേദനയെയും കുറിച്ച് പുതിയ കാഴ്ചപ്പാട് നൽകുന്നു. ദൈവത്തെക്കുറിച്ചുള്ള അവബോധം നമ്മുടെ ഇരുളടഞ്ഞ നിമിഷങ്ങളിൽ നമ്മെ നിലനിർത്തുകയും, ഒഴിഞ്ഞുപോകുന്നതും നിലനിൽക്കുന്നതും തമ്മിലുള്ള വ്യത്യാസം നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ദൈനംദിന ജീവിതത്തിൽ നമ്മെ നിലനിർത്തുന്നു. വിശ്വസ്തരാകുന്നത് എളുപ്പമല്ല, പക്ഷേ ദൈവം കൂടെയിരുന്ന് നമ്മെ വിശ്വസ്തരായി ജീവിക്കാൻ സഹായിക്കുന്നു. സൂക്ഷ്മബുദ്ധിയുളളവരാകുന്നത് സൗകര്യപ്രദമല്ല, പക്ഷേ ദൈവം നമ്മുടെ പ്രവൃത്തി കാണുകയും അത് ബഹുമാനിക്കുകയും ചെയ്യുന്നു. ഉദാരമനസ്കരായിരിക്കുക എന്നത് എളുപ്പമല്ല, പക്ഷേ ദൈവം നമ്മുടെ ഔദാര്യത്തിൽ കരുതലുള്ളവനാണ്. ഉത്സാഹം കാണിക്കുന്നത് രസകരമല്ല, പക്ഷേ നമ്മുടെ സ്രഷ്ടാവായ ദൈവത്തെ മഹത്വപ്പെടുത്താൻ നാം പ്രവർത്തിക്കുന്നു. എല്ലായ്‌പ്പോഴും വിവേകത്തോടെയും ദയയോടെയും സംസാരിക്കുന്നത് എളുപ്പമല്ല, പക്ഷേ നമ്മൾ പറയുന്നത് ദൈവം കേൾക്കുന്നു. ദൈവവുമായുള്ള നമ്മുടെ ബന്ധം ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു വീക്ഷണം നൽകുന്നു. എന്താണ് പ്രധാനമെന്നതിനെക്കുറിച്ച് നമുക്ക് കാഴ്ചപ്പാടുണ്ട്. എന്താണ് നിലനിൽക്കുന്നതെന്നും എന്താണ് ഒഴിഞ്ഞുപോകുന്നതെന്നും നമുക്കറിയാം, ശാശ്വതമായി നിലനിൽക്കുന്നത് നാം തിരഞ്ഞെടുക്കുന്നു. വിശ്വസ്തരായിരിക്കണമോ വേണ്ടയോ, മുൻകൂട്ടി ആസൂത്രണം ചെയ്ത് ശ്രദ്ധയോടെ പ്രവർത്തിക്കണമോ വേണ്ടയോ, അനുകമ്പ കാണിക്കണോ വേണ്ടയോ, നമ്മുടെ ലക്ഷ്യങ്ങൾ ഉത്സാഹത്തോടെ പിന്തുടരണോ വേണ്ടയോ, നമ്മുടെ നാവുകളെ നിയന്ത്രിക്കണോ വേണ്ടയോ, എന്നിങ്ങനെയുള്ള എല്ലാ തീരുമാനങ്ങളിലും നാം ആ കാഴ്ചപ്പാട് പ്രാവർത്തികമാക്കുന്നു. നാം എത്രമാത്രം ജ്ഞാനത്തോടെ ജീവിക്കുന്നു എന്നത് നാം ദൈവത്തെക്കുറിച്ച് എന്ത് വിശ്വസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. ശാശ്വതമായ മൂല്യങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ സമയം വിവേകപൂർവ്വം കൈകാര്യം ചെയ്യാൻ ദൈവത്തോടുള്ള ഭയഭക്തി നമ്മെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുന്നതിനായി നമ്മുടെ വിഭവങ്ങൾ വിവേകത്തോടെ ഉപയോഗിക്കാൻ കർത്താവിനോടുള്ള ഭക്തി നമ്മെ പ്രേരിപ്പിക്കുന്നു. ഓരോ ദിവസവും നാം എടുക്കുന്ന ഓരോ തിരഞ്ഞെടുപ്പും വിലയിരുത്താൻ കർത്താവിനോടുള്ള ഭക്തി നമ്മെ സഹായിക്കുന്നു.

എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്തു എന്റെ ശരണവുമായ യഹോവേ, ജാതികൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു നിന്റെ അടുക്കൽ വന്നു: ഞങ്ങളുടെ പിതാക്കന്മാർക്കു അവകാശമായിരുന്നതു മിത്ഥ്യാമൂർത്തികളായ വെറും ഭോഷ്കു അത്രേ; അവയിൽ പ്രയോജനമുള്ളതു ഒന്നുമില്ല എന്നു പറയും (യിരെമ്യാവ് 16:19).

നാം എത്രമാത്രം ജ്ഞാനത്തോടെ ജീവിക്കുന്നു എന്നത് നാം ദൈവത്തെക്കുറിച്ച് എന്ത് വിശ്വസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും.

നൂറ് വർഷങ്ങൾക്ക് മുമ്പ് എല്ല വീലർ വിൽകോക്സ് ഒരു ചെറിയ കവിത പ്രസിദ്ധീകരിച്ചു. അതിന്റെ വരികൾ ഒരു നൂറ്റാണ്ട് മുമ്പ് എഴുതിയത് പോലെ ഇന്നും സത്യമാണ്:

ഒരു കപ്പൽ കിഴക്കോട്ടും മറ്റൊരു കപ്പൽ പടിഞ്ഞാറോട്ടും സഞ്ചരിക്കുന്നു.
വീശുന്ന അതേ കാറ്റിനാൽ; കപ്പല്‍ പായയുടെ കൂട്ടമാണ്
അല്ലാതെ കാറ്റല്ല
നമ്മൾ പോകുന്ന വഴി തീരുമാനിക്കുന്നത്.

കപ്പല്‍ പായയുടെ കൂട്ടമാണ്, കാറ്റല്ല. അത് നിങ്ങളുടെ ഇഷ്ടമാണ്. പുരുഷന്മാരും സ്ത്രീകളും, അവിവാഹിതരും വിവാഹിതരും, സദൃശവാക്യങ്ങൾ 31-ൽ നിന്ന് പഠിക്കുക. ശാശ്വതമായി നിലനിൽക്കുന്നതിന്റെ വെളിച്ചത്തിൽ നിങ്ങളുടെ ജീവിതം വിവേകത്തോടെ ജീവിക്കാൻ തീരുമാനിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, ആഴമായ സമർപ്പണം, വിശ്വാസ്യത, സൂക്ഷ്മബുദ്ധി, ഔദാര്യം, സ്ഥിരോത്സാഹം, നിയന്ത്രണമുള്ള നാവ് എന്നിവയാൽ നിങ്ങൾ അറിയപ്പെടും. അതിലുപരിയായി, ഒഴിഞ്ഞുപോകുന്നതും നിലനിൽക്കുന്നതും തമ്മിലുള്ള വ്യത്യാസം നിങ്ങൾ അറിയണം, നിത്യതയിൽ നിലനിൽക്കുന്നതിന് വേണ്ടി നിങ്ങൾ സ്വയം സമർപ്പിക്കുകയും ചെയ്യണം. സാമർത്ഥ്യത്തോടെ ജീവിക്കാനുള്ള ദൈവത്തിന്റെ മാർഗ്ഗമാണിത്. ജ്ഞാനിയായിരിക്കുക. ബലമുള്ള വ്യക്തിയായിരിക്കുക. തീരുമാനം നിങ്ങളുടേതാണ്.

banner image