വായനാഭാഗം: ഉല്പത്തി 28:10-22, 35:9-14

ദൈവം …അവനെ അനുഗ്രഹിച്ചു. ദൈവം അവനോട്, ‘നിന്റെ പേര് യാക്കോബ് എന്നല്ലോ . ഇനി നിനക്ക് യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നെ പേരാകണം’ എന്നു കല്പിച്ച് അവന് യിസ്രായേൽ എന്നു പേരിട്ടു (35:9-10).

“ഭയമെന്നത് ക്രിസ്തീയ മനസ്സിന്റെ ഒരു ശീലമല്ല” എന്നാണ് നോവലിസ്റ്റായ മേരിലിൻ റോബിൻസൻ പ്രസ്താവിച്ചത്. എന്നിരുന്നാലും മനുഷ്യന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്ന ഏറ്റവും ശക്തവും സ്ഥായിയും ആയ കാര്യം ആണ് ഭയം. ചുരുങ്ങിയപക്ഷം പുറമെയുള്ള അനുസരണം എങ്കിലും ഉണ്ടാകുന്നത് സ്നേഹത്തിൽ നിന്നല്ല ഭയത്തിൽ നിന്നാണ്. ഭയം എന്ന പ്രചോദനം ഇല്ലായിരുന്നെങ്കിൽ ജീവിക്കുക എന്നതിന്റെ അർത്ഥം തന്നെ എന്താകുമായിരുന്നു?

യാക്കോബിന്റെ കഥ ഈ കാര്യം വ്യക്തമാക്കിത്തരും. അദ്ദേഹത്തിന്റെ ചരിത്രം ഭയത്താൽ സ്വാധീനിക്കപ്പെട്ട ഒരാളുടേതാണ്. ദൈവത്തിന്റെ അനുഗ്രഹം നഷ്ടപ്പെടും എന്ന ഭയത്താൽ അത് ലഭിക്കാനായി എന്തും ചെയ്യാൻ അദ്ദേഹം തയ്യാറായി – അവശനായ തന്റെ വൃദ്ധ പിതാവിനെ പറ്റിക്കാനും കൂടെ (ഉല്പത്തി 27:27-41). എന്നാൽ തന്റെ മുഴുവൻ ചരിത്രത്തിലൂടെയും ദൈവം യാക്കോബിനെ മറ്റൊരു യാഥാർത്ഥ്യം ബോധ്യപ്പെടുത്തുകയായിരുന്നു – ദൈവം തന്നെ സ്നേഹിക്കുന്നു എന്നും ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി തെരഞ്ഞെടുത്തു എന്നും.

ബെഥേലിൽ വെച്ച് ദൈവം ആദ്യം വാഗ്ദത്തം നൽകിയപ്പോൾ (28:10-15) അത് യാഥാർത്ഥ്യമാകുമോ എന്ന് യാക്കോബ് അത്ഭുതപ്പെട്ട് കാണും.” ദൈവം എന്നോടു കൂടെ ഇരിക്കുകയും … കാക്കുകയും” ചെയ്താൽ താൻ ദെവത്തെ സേവിക്കുകയും ബെഥേൽ ആരാധനാസ്ഥലം ആക്കുകയും ചെയ്യും എന്ന് യാക്കോബ് പറഞ്ഞു (വാ. 20-22). യാക്കോബിന് ഗ്രഹിക്കാൻ പ്രയാസം വന്നു എങ്കിലും, ദൈവം അവനോട് കൂടെ ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. പിന്നീട്, സഹോദരൻ ഏശാവ് തന്നെ കൊല്ലുമോ എന്ന ഭയത്തോടെ (32:3-5) ആ വഴി വീണ്ടും സഞ്ചരിച്ചപ്പോൾ ദൈവം ഒരു അപരിചിതന്റെ രൂപത്തിൽ അവന് പ്രത്യക്ഷനായി. വീണ്ടും അനുഗ്രഹത്തിനു വേണ്ടി അതിയായി ആഗ്രഹിച്ച യാക്കോബ് രാത്രി മുഴുവൻ അവനോട് മല്ലു പിടിച്ചു (വാ. 26 – 30 ). ഈ സംഘട്ടനത്തിന്റെ അവസാനം ദൈവം അവനെ അനുഗ്രഹിച്ചു – അപ്പോൾ “ഉപായി” എന്നർത്ഥമുള്ള യാക്കോബ് എന്ന പേര് മാറ്റി “ദൈവത്തോട് മല്ല് പിടിച്ചവൻ” എന്ന് അർത്ഥം വരാവുന്ന ഇസ്രായേൽ എന്ന് അവന് പേരിട്ടു.

സുദീർഘവും പ്രയാസകരവുമായ സംഘർഷങ്ങളിലുടെ തന്റെ ഭയങ്ങൾ ദൈവത്തിങ്കലേക്ക് കൊണ്ടുവരാനും ദൈവത്തോടുകൂടെ പോരാടുവാനും അവന്റെ വാഗ്ദത്തങ്ങളിൽ ചാരുവാനും ദൈവം യാക്കോബിനെ പഠിപ്പിക്കുകയായിരുന്നു. അവസാനം യാക്കോബിന് അത് മനസ്സിലായി, ബെഥേലിലേക്ക് വീണ്ടും തിരിച്ച് ചെന്ന് തന്റെ പ്രതിജ്ഞ നിറവേറ്റി ദൈവത്തെ അവിടെ ആരാധിക്കാൻ അവന് കഴിഞ്ഞു (35:6-7). യാക്കോബ് ശരിക്കും ആരാണെന്ന കാര്യം ദൈവം അവനെ ഓർമ്മിപ്പിക്കുകയായിരുന്നു – കേവലം ഒരു ചതിയൻ അല്ല, ദൈവത്തോടുകൂടെ നടന്ന് പോരാടുവാൻ പഠിച്ചവനാണെന്ന് (വാ.10).

– മോനിക്ക ബ്രാൻഡ്സ്

ചെയ്യാം

1 യോഹന്നാൻ 4:9-19 വായിച്ച്, ഭയവും സ്നേഹവും തമ്മിലുള്ള ബന്ധം എന്താണെന്ന് കാണുക.

ചിന്തിക്കാം

ഭയം നിങ്ങളുടെ ജീവിതത്തെയും നിങ്ങളെക്കുറിച്ചുള്ള ധാരണകളെയും എങ്ങനെയാണ് സ്വാധീനിക്കുന്നത്? ദൈവത്തോടുകൂടെ പോരാടുന്നതിന് ഏത് തരം ഭയങ്ങളാണ് നിങ്ങൾക്ക് ആവശ്യമുള്ളത്?