നിങ്ങൾ ദത്തെടുക്കപ്പെട്ട ഒരു വ്യക്തിയല്ല എന്ന് ചിന്തിക്കുന്നുണ്ടെങ്കിലും, നിങ്ങൾ ദത്തെടുക്കപ്പെട്ടതാണ്. എന്തെന്നാൽ ഒരർത്ഥത്തിൽ നമ്മൾ ഓരോരുത്തരും അനാഥരാണ്.

ലോറിലി ക്രാക്കർ താൻ ദത്തെടുക്കപ്പെട്ട അനുഭവങ്ങൾ പങ്കിടുമ്പോൾ, നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കുവാനുള്ള കാര്യങ്ങൾ നാം അതിൽ കാണുന്നു. ദത്തെടുക്കപ്പെട്ട അവൾ, രണ്ട് കുട്ടികളെ പ്രസവിച്ച അമ്മയും, അനാഥ ഹൃദയമുള്ള രാജകുമാരിയായ ഫീബിയുടെ വളർത്തമ്മയുമാണ്.

ദത്തെടുക്കൽ ഒരു ആത്മീയ ശുശ്രൂഷയായിട്ടാണ് ലോറിലി കാണുന്നത്. “അനാഥർ” നമുക്ക് ചുറ്റുമുണ്ട്. ആവശ്യത്തിലിരിക്കുന്ന ആരെയെങ്കിലും നാം സഹായിക്കുമ്പോളെല്ലാം നാം ഒരു ദത്തെടുക്കൽ ശുശ്രൂഷയാണ് ചെയ്യുന്നത്. അതുപോലെ, നാം ആവശ്യത്തിലിരിക്കുമ്പോൾ നമ്മെ സഹായിക്കുന്നവർ നമ്മെയും ദത്തെടുക്കുന്നു.

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” (യോഹന്നാൻ 14:18). നമ്മുടെ സ്വർഗീയ പിതാവിന്റെ സ്വഭാവമാണ് ദത്തെടുക്കൽ.

“ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു” എന്ന് സങ്കീർത്തനക്കാരനായ ദാവീദ് എഴുതി (സങ്കീർത്തനം 68:6). ദത്തെടുക്കൽ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്, കാരണം ദത്തെടുക്കുന്ന ഒരു വളർത്തപ്പൻ നമ്മെ തന്റെ നിത്യമായ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

ടിം ഗുസ്താഫ്സൺ

 

banner image

തൊരു വ്യക്തിയുടേതും പോലെ, എന്റെ കഥ ആരംഭിക്കുന്നത് എന്റെ ജനനത്തിലോ, എന്നെ ഗർഭം ധരിച്ചപ്പോഴോ അല്ല. പതിറ്റാണ്ടുകളുടെ സംഭവങ്ങളാണ് ഈ ഭൂമിയിലെ എന്റെ കുഴപ്പം നിറഞ്ഞ ജനനത്തിലേക്ക് നയിച്ചത്. കഷ്ടപ്പാടുകളും നിരാശയും നിറഞ്ഞ സാഹചര്യത്തിലാണ് ഞാൻ ജനിച്ചത്. എങ്കിലും അതിലൂടെ വീണ്ടെടുപ്പിന്റെ ഒരു സുവർണ്ണ രേഖ കൂടി കടന്നുപോകുന്നുണ്ടായിരുന്നു.

അത് 1967 ആയിരുന്നു. ഭാവിയിൽ കായികാധ്യാപകൻ ആകാൻ പോകുന്ന ആളും അയാളുടെ കോളേജ് വിദ്യാർത്ഥിനിയും താൽക്കാലികമായ പ്രണയത്തിലായിരുന്നു. അതിനെക്കുറിച്ച് നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം, എന്റെ സ്വന്തം പിതാവ് എന്നോട് അത് വിവരിച്ചത് ഇങ്ങനെയാണ്: “നാലോ അഞ്ചോ കൂടിക്കാഴ്ചകൾ”. ആ “കൂടിക്കാഴ്ചകളിൽ” എപ്പോഴോ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.

എന്റെ ആദ്യ മാതാപിതാക്കൾ പരസ്പരം സ്നേഹിച്ചിരുന്നില്ല. വാസ്തവത്തിൽ, അവർക്ക് തമ്മിൽ തമ്മിൽ വെറുപ്പായിരുന്നു.

താൻ ഗർഭിണിയാണെന്ന് തിയോഡോറ അറിഞ്ഞപ്പോൾ, മിന്നൽ വേഗതയിൽ ടെഡ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിന്നിപെഗിലെ ഒരു വലിയ നഗരത്തിൽ നിരാശ്രയയും ഒറ്റപ്പെട്ടവളുമായ എന്റെ ജന്മമാതാവായ തിയോഡോറ അതീവ രഹസ്യമായി എന്നെ പ്രസവിക്കാൻ തീരുമാനിച്ചു. അവൾ ഗർഭിണിയാണെന്ന് അവളുടെ ഉറ്റ സുഹൃത്ത് മാത്രമേ അറിഞ്ഞിരുന്നുള്ളൂ.

1968 മാർച്ചിലെ മഞ്ഞുവീഴുന്ന ഒരു ബുധനാഴ്ചയാണ് ഞാൻ ജനിച്ചത്. വിമൻസ് പവലിയൻ ഹോസ്പിറ്റലിൽ അമ്മയുടെ കൈകളിൽ നിന്ന് എന്നെ എടുക്കുമ്പോൾ 22 വയസ്സുള്ള എന്റെ അമ്മ കരയുകയായിരുന്നു. അവിടെനിന്ന് വൃത്തിഹീനമായ അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോയപ്പോൾ കാറിൽ അമ്മ തനിച്ചായിരുന്നു. അപ്പാർട്ട്‌മെന്റിൽ മെത്തയിട്ടിരുന്നത് തറയിലായിരുന്നു. പുതപ്പിനു പകരം ഒരു സ്ലീപ്പിംഗ് ബാഗ് മാത്രം.

ഇങ്ങനെയുള്ള കലങ്ങിമറിഞ്ഞ സാഹചര്യത്തിലാണ് എന്റെ ജീവിതം ആരംഭിച്ചത്—കാമത്തിന്റെയും, വെറുപ്പിന്റെയും, ഉപേക്ഷിക്കലിന്റെയും, സങ്കടത്തിന്റെയും ഈ അവശിഷ്ടങ്ങളിൽ. എന്നിരുന്നാലും അതോടെ എന്റെ കഥ അവസാനിച്ചില്ല.

ആത്മീയമായി പറഞ്ഞാൽ, നമ്മുടെ ജീവചരിത്രവും ഈ രീതിയിൽ ആരംഭിക്കുന്നു. നാം ഓരോരുത്തരും ജനിച്ചപ്പോൾത്തന്നെ നമ്മെ ആരെങ്കിലും ആത്മീയമായി ‘ദത്തെടുക്കേണ്ട’ ആവശ്യമുണ്ടായിരുന്നു. നാം എല്ലാവരും മുറിപ്പെട്ടവരായി, നമ്മുടെ സ്വർഗീയ പിതാവിന്റെ സ്നേഹത്തിനായുള്ള വാഞ്‌ഛയോടെയാണ് ജനിക്കുന്നത്. എന്നാൽ, ദൈവം ഒരിക്കലും നമ്മെ കൈവിട്ടിട്ടില്ല. നാം അവന് എന്നും പ്രിയപ്പെട്ട മക്കളായിരുന്നു. എന്നിരുന്നാലും, ‘ദത്തെടുക്കൽ’ എന്ന വാക്ക് സൂചിപ്പിക്കുന്നത് മനുഷ്യൻ ദൈവത്തിൽ നിന്ന് അന്യപ്പെട്ടിരിക്കുന്നു എന്നതാണ്. താൻ തന്റെ സ്വന്തം വീട്ടിൽ തിരിച്ചെത്തുന്ന അനുഭവമാണ് ദൈവം ദത്തെടുക്കുന്ന വ്യക്തിയുടേത്.

ഈ ദത്തുപിതാവായ ദൈവം നമ്മെ അനാഥരായ, ഒറ്റപ്പെട്ട, വേർപിരിഞ്ഞ അവസ്ഥയിൽ ഉപേക്ഷിക്കില്ലെന്ന് വാഗ്ദാനം ചെയ്യുന്നു. നാം അവനുമായി എത്ര അകന്നുപോയാലും നമുക്കുവേണ്ടി വരുമെന്ന് അവൻ തന്റെ വചനത്തിൽ പ്രതിജ്ഞ ചെയ്യുന്നു. “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും,” യോഹന്നാൻ 14:18 ൽ അവൻ നമുക്ക് ഉറപ്പുനൽകുന്നു. അവൻ ഒരിക്കലും തന്റെ മക്കൾക്ക് വാഗ്ദാനങ്ങൾ ലംഘിക്കുന്നില്ല.

എന്നെ സംബന്ധിച്ചിടത്തോളം, ഈ ദത്തുപിതാവ് എന്റെ തകർന്ന ജീവിതത്തിൽ തല ഉയർത്തി നിന്നു. എന്റെ ജനനത്തിനുമുമ്പ്, സമയം ആരംഭിക്കുന്നതിന് മുമ്പ്, അവൻ വീണ്ടെടുപ്പിന്റെ വിത്തുകൾ നട്ടുപിടിപ്പിച്ചിരുന്നു, അവൻ എല്ലാം പുതിയതാക്കിക്കൊണ്ട് അരയും തലയും മുറുക്കി, ജോലി ചെയ്തു. അവൻ എന്നെ തന്റെ രണ്ട് കൈകൾ കൊണ്ട് മെനഞ്ഞെടുത്തപ്പോൾ, അവൻ പുസ്തകങ്ങളെയും, സുഹൃത്തുക്കളെയും, ചുവന്ന റ്റ്യുലിപ് പുഷ്പങ്ങളെയും ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയെ ഉണ്ടാക്കി. എന്റെ മാനുഷികമായ മുതുമുത്തച്ഛന്‍ ലാക്രോസ് കളിയിലും ഹോക്കിയിലും വളരെ ‘ഉന്നത നിലവാരം’ പുലർത്തിയിരുന്നുവെന്നും, എന്റെ ഭാവി മകൻ ആ രണ്ട് കായിക ഇനങ്ങളിൽ അഭിവൃദ്ധി പ്രാപിക്കുമെന്നും അവന് അറിയാമായിരുന്നു. എന്നാൽ ഞാൻ പിന്നീടാണ് അതൊക്കെ അറിയുന്നത്. എല്ലാറ്റിലും ദൈവം ഉണ്ടായിരുന്നു. നൂലാമാലകൾക്കുള്ളിലൂടെ അവൻ വീണ്ടെടുപ്പിന്റെ ഒരു സ്വർണ്ണനൂൽ കോർത്തിണക്കി. ‘ഉന്നത നിലവാരത്തെക്കുറിച്ച്’ അവൾ പിന്നീട് അറിഞ്ഞുകൊള്ളും എന്ന് ചിന്തിച്ചുകൊണ്ട് പുഞ്ചിരിയോടെ അവൻ തുന്നുന്നത് ഞാൻ ഭാവനയിൽ കാണുന്നു. എന്നാൽ അവൾ എല്ലാം തട്ടിക്കളയും!

banner image

നിക്ക് രണ്ടാഴ്ച പ്രായമുള്ളപ്പോൾ, എന്നെ കൂട്ടിക്കൊണ്ടുപോകാൻ വേണ്ടി എന്റെ മാതാപിതാക്കൾക്ക് ഒരു ഫോൺ കോൾ വന്നു. (കുഞ്ഞുങ്ങളിൽ നിന്ന് ഒരു കുഞ്ഞിനെ എടുത്തുകൊണ്ടുപോകാനാണ് വാസ്തവത്തിൽ അവരോട് പറഞ്ഞത്. പക്ഷേ സാമൂഹിക പ്രവർത്തകൻ തന്നെ ഒരു കുഞ്ഞിനെ തിരഞ്ഞെടുക്കാൻ എന്റെ പിതാവ് നിർബന്ധിച്ചു—ആ കുഞ്ഞ് തങ്ങൾക്കുവേണ്ടി ദൈവം തെരഞ്ഞെടുത്ത മകളായിരിക്കും എന്ന് പറഞ്ഞു. “ഞങ്ങൾ ഒരു പശുവിനെയല്ല വാങ്ങുന്നത്!” അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു. ഞാൻ ഒരു രസീതുമായിട്ടാണ് വന്നതെന്ന് ഞാൻ അടുത്തിടെയാണ് അറിഞ്ഞത്. 8 ഡോളർ! (ഏകദേശം 600 രൂപ—എന്റെ ദത്തെടുക്കലിനുള്ള അഡ്മിനിസ്ട്രേറ്റീവ് ഫീസ്).

അങ്ങനെ എന്നെ വീട്ടിലേക്ക് കൊണ്ടുവന്നു, കിംഗ്സ്ഫോർഡ് അവന്യൂവിലെ ഒരു എളിയ ബംഗ്ലാവിൽ വളർത്തി. എന്റെ മാതാപിതാക്കൾ ജർമ്മൻ സംസാരിക്കുകയും റേഡിയോയിൽ ജർമ്മൻ സ്‌തുതിഗീതങ്ങൾ കേൾക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധകാലത്ത് താൻ യൂറോപ്പിൽ വളർന്നുവന്ന സാഹചര്യങ്ങളെക്കുറിച്ച് പിതാവ് ചിലപ്പോൾ എന്നോടും എന്റെ ഇളയ സഹോദരൻ ഡാനിനോടും പറയുമായിരുന്നു.

സ്റ്റാലിന്റെ ‘മഹത്തായ തുടച്ചുനീക്കലിന്റെ’ സമയത്ത് എന്റെ പിതാവ് ഉക്രെയ്നിൽ ജനിച്ചു. അദ്ദേഹത്തിന്റെ മുത്തച്ഛനെ സ്റ്റാലിന്റെ സൈന്യം പീഡിപ്പിക്കുകയും കൊല്ലുകയും, അദ്ദേഹത്തിന്റെ ഇരട്ടയായ അന്നയും, മറ്റൊരു സഹോദരിയും പട്ടിണി മൂലം മരിക്കുകയും ചെയ്തു. എന്റെ പിതാവിന് ആറ് വയസ്സുള്ളപ്പോൾ കുടുംബം പലായനം ചെയ്തു. പിന്തിരിഞ്ഞ് പൊയ്ക്കൊണ്ടിരുന്ന ജർമ്മൻ സൈന്യത്തോട് ചേർന്ന്, ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് കാതറിൻ-II രാജ്ഞി അവർക്ക് നൽകിയ ഭൂമിയിൽ നിന്ന് അവരുടെ പൂർവ്വീകരുടെ ദേശമായ ജർമ്മനിയിലേക്ക് പലായനം ചെയ്തു. എന്റെ പിതാവിന്റെ നാട്ടിൽ നിന്നുള്ള ആ പലായനത്തിൽ ഒരുപാട് വേദനകളും, നഷ്ടങ്ങളും, ആഘാതങ്ങളും ഉണ്ടായിരുന്നു.

എന്റെ പിതാവിന് പത്ത് വയസ്സുള്ളപ്പോൾ, അദ്ദേഹത്തിന്റെ മാതാപിതാക്കളോടും മൂത്ത സഹോദരിമാരോടും ഒപ്പം അറ്റ്ലാന്റിക് സമുദ്രം കടന്നു നോവ സ്കോട്ടിയയിലെ ഹാലിഫാക്സിലേക്ക് പോയി. കാനഡ വീണ്ടും എന്റെ കുടുംബത്തിന് വാതിൽ തുറന്നു. (1800-കളുടെ അവസാനത്തിൽ കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ എന്റെ അമ്മയുടെ കുടുംബം വന്നിരുന്നു).

തണുപ്പിൽ നിന്ന് സംരക്ഷണം ഇല്ലാത്ത കോഴിക്കൂട്ടിലാണ് ഏഴംഗ കുടുംബം ഒരു വർഷത്തോളം താമസിച്ചിരുന്നത്. എന്റെ പിതാവ് അഞ്ചാം ക്ലാസിൽ പഠിക്കേണ്ടതായിരുന്നു, പക്ഷേ ഇംഗ്ലീഷ് അറിയാത്തതിനാൽ ഒന്നാം ക്‌ളാസ്സിലാണ് ചേർത്തത്. ആദ്യം, കുട്ടികൾ പിതാവിനെ കല്ലെറിയുകയും ‘നാസി’ എന്ന് വിളിക്കുകയും ചെയ്തു.

എന്റെ പിതാവ് സത്യത്തിലും, സാങ്കൽപ്പിക കഥകളിലും താല്പര്യമുള്ള ഒരു പുസ്തകവിൽപ്പനക്കാരനായിത്തീർന്നു. അദ്ദേഹത്തിന് ലോകത്തിലെ ഏറ്റവും വലിയ കാര്യം, ശരിയായ കഥ-അത് ഒരു നോവലിലായാലും നോൺ ഫിക്ഷൻ പുസ്തകത്തിലായാലും- ശരിയായ സമയത്ത് ശരിയായ കൈകളിൽ എത്തിക്കുക എന്നതായിരുന്നു.

അഭയാർത്ഥിയായ പിതാവ് കഥകളിൽ അഭയം കണ്ടെത്തി. കുടിയേറ്റക്കാരൻ തന്റെ ഉപഭോക്താക്കളായ ആളുകളുടെ ഒരു കോളനിയിൽ സ്ഥിരതാമസമാക്കി. അവരും പിതാവിനെപ്പോലെ കഥയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. യുദ്ധകാലത്തെ തന്റെ ബാല്യത്തിലെ ഭയാനകമായ കാര്യങ്ങളിൽ നിന്ന് എന്റെ പിതാവ് പുസ്തകശാലയിൽ ഒരു അഭയം കണ്ടെത്തി. (എന്റെ പിതാവിന്റെ പുസ്തകശാലയുടെ അതേ മാളിൽ എന്റെ ജന്മപിതാവായ ടെഡ് പതിവായി ഷോപ്പിംഗ് നടത്തുന്ന ഒരു പലചരക്ക് കടയും ഉണ്ടായിരുന്നു എന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അറിഞ്ഞത്. ഞങ്ങൾ രക്തബന്ധമുള്ള പിതാവും പുത്രിയുമാണെന്ന് ഒരിക്കലും സംശയിക്കാതെ പരസ്പരം അപരിചിതരായി മുഖാഭിമുഖം വന്നിട്ടുണ്ടോ?)

എല്ലാ കുടുംബങ്ങളിലും പിണക്കവും, അഭിപ്രായഭിന്നതകളും, കുഴപ്പങ്ങളും, സങ്കടവുമുണ്ട്. ഞാൻ ജനിച്ച കുടുംബത്തിലും, എന്നെ ദത്തെടുത്ത കുടുംബത്തിലും അങ്ങനെയായിരുന്നു. ഞാൻ എന്റെ കുടുംബത്തെ വളരെയധികം സ്നേഹിക്കുകയും, കുടുംബജീവിതത്തെ വിലമതിക്കുകയും ചെയ്യുന്നു. എങ്കിലും, എന്റെ പെറ്റമ്മ എന്നെ ഉപേക്ഷിച്ച ദിവസം എന്റെ ഉള്ളിലെ എന്തോ ഒന്ന് തകർന്നു പോയി. അതെ, ശിശുക്കളും ദുഃഖം അനുഭവിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങൾക്ക് തീവ്രമായ നഷ്ടം സംഭവിക്കുമ്പോൾ, അവർ ദുഃഖത്തിൽ ആഴ്ന്നു പോകുന്നതായി പഠനങ്ങൾ കാണിക്കുന്നു. ചില കുഞ്ഞുങ്ങൾ നിർത്താതെ കരയുന്നു; എന്നെപ്പോലെയുള്ളവർ കരയുന്നില്ല, ഉള്ളിൽ വിലപിക്കുന്നു.

എലിസ മോർഗൻ എന്ന എഴുത്തുകാരി പറയുന്നത്, എത്ര ഭയാനകമായ ഒരു സാഹചര്യത്തിൽനിന്ന് ഒരാളെ ദത്തെടുത്താലും, എത്ര സ്‌നേഹനിർഭരവും അതിശയകരവുമായ ഒരു കുടുംബത്തിലേക്ക് ആ വ്യക്തിയെ കൊണ്ടുവന്നാലും, ദത്തെടുക്കൽ എല്ലായ്‌പ്പോഴും അയാൾക്ക് “നികത്താനാവാത്ത ഒരു നഷ്ടം” ഉണ്ടാക്കുന്നു. ദത്തെടുക്കപ്പെട്ട ആൾ, താൻ ജനിച്ച കുടുംബം നഷ്ടപ്പെട്ടതിൽ എല്ലായ്പ്പോഴും വിഷാദിക്കുന്നു. തകർന്ന കുടുംബത്തിൽ നിന്നാണ് ദത്തെടുക്കേണ്ട ആവശ്യം വരുന്നത്. ഇത് എല്ലായ്പ്പോഴും രണ്ടാമത്തേതോ, മൂന്നാമത്തേതോ, നാലാമത്തേതോ ആയ മാർഗ്ഗം മാത്രമാണ്.

വീണ്ടെടുപ്പാണ് നമ്മുടെ സ്രഷ്ടാവായ ദൈവത്തിന്റെ പ്രത്യേകത. ഈ ഭൂമിയിലെ വസ്‌തുക്കൾ തകരുമ്പോൾ അവൻ ഇടപെടുകയും വീണ്ടെടുക്കുകയും, നന്നാക്കുകയും, പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അവൻ തകർന്നതെല്ലാം കൂട്ടിച്ചേർക്കുന്നു. “ഞാൻ എല്ലാം പുതിയതാക്കുന്നു” (വെളിപാട് 21:5).

നന്നാക്കിയെടുത്ത പാത്രങ്ങൾ

സ്വർണ്ണ ഞരമ്പുകൾ പാകിയ അതിശയകരമായ ജാപ്പനീസ് മൺപാത്രങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

തകർന്ന മൺപാത്രങ്ങൾ നന്നാക്കുവാനുള്ള പുരാതന ജാപ്പനീസ് കലയാണ് ‘കിന്റ്സുഗി’ (സ്വർണ്ണ ചേര്‍പ്പുപണി). അദൃശ്യമായ പശ ഉപയോഗിച്ച് സെറാമിക് കഷണങ്ങൾ വീണ്ടും യോജിപ്പിക്കുന്നതിനുപകരം, പൊടിച്ച സ്വർണ്ണം ചേർത്ത ഒരു പ്രത്യേക മരപ്പശ ഉപയോഗിക്കുന്നു. പൂർത്തിയായിക്കഴിഞ്ഞാൽ, വിള്ളലുകളിൽ സ്വർണ്ണത്തിന്റെ വരകൾ തിളങ്ങുന്നു. അറ്റകുറ്റപ്പണി കഴിഞ്ഞ ഓരോ പാത്രവും ഓരോ തരത്തിലായിരിക്കും.

ചിലപ്പോഴൊക്കെ ‘കിന്റ്‌സുകുറോയ്’ എന്നും വിളിക്കപ്പെടുന്ന കിന്റ്‌സുഗിക്ക് ജീവിതത്തിന്റെ ഒരു തത്ത്വചിന്തയെ സൂചിപ്പിക്കാൻ കഴിയും— തകർച്ചയും നന്നാക്കലും മറച്ചുവയ്ക്കുന്നതിന് പകരം, അത് ഒരു പാത്രത്തിന്റെ ചരിത്രത്തിന്റെയും, അഭിമാനത്തിന്റെയും ഭാഗമായി എടുത്തുകാണിക്കുന്നു. കിന്റ്‌സുഗി പ്രകാരം, കൂടുതൽ തകർച്ചയുള്ള വസ്തുവിന് കൂടുതൽ വിലമതിക്കുന്നു. ഈ ജാപ്പനീസ് തത്ത്വചിന്തയ്ക്ക് ‘വാബി സാബി’ (“അപൂർണ്ണമായതിനെ അംഗീകരിക്കുക”) എന്ന തത്വചിന്തയോട് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു.

ദൈവം തന്റെ ഓരോ മക്കളോടും ഇതുപോലെ പല കാര്യങ്ങളും ചെയ്യുന്നു. അവൻ നമ്മുടെ തകർന്ന കഷണങ്ങൾ എടുത്ത് നമ്മെ നന്നാക്കാൻ തുടങ്ങുന്നു. കിന്റ്സുഗി കലാകാരന്മാർ പാത്രം അറ്റകുറ്റപ്പണികൾ ചെയ്ത് ഒറിജിനലിനേക്കാൾ മനോഹരമാക്കുകയും, അതിന് രണ്ടാമത് ഒരു ജീവിതം നൽകുകയും ചെയ്യുന്നു. അതുപോലെ ദൈവം നമ്മുടെ ജീവിതത്തെ പുനഃസ്ഥാപിക്കുന്നു. തകർന്ന കഷണങ്ങളിൽ അവന്റെ പ്രകാശം നന്നായി പ്രകാശിക്കുന്നു. ലിയോനാർഡ് കോഹൻ പാട്ടിലൂടെ മനോഹാരമായി പറഞ്ഞു, “എല്ലാത്തിലും ഒരു വിള്ളലുണ്ട് . . . അങ്ങനെയാണ് വെളിച്ചം വരുന്നത്.”

നിങ്ങളുടെ ജീവിതത്തിന്റെ തകർന്ന ഭാഗങ്ങളിൽ സ്വർണ്ണ തുന്നലുകൾ നിങ്ങൾ കാണുന്നുണ്ടോ? അവ മിന്നിത്തിളങ്ങുന്നത് ഞാൻ മുമ്പത്തേക്കാൾ നന്നായി കാണാൻ തുടങ്ങിയിരിക്കുന്നു. ചിലർ അതിനെ യാദൃശ്ചികമെന്നോ, രക്ഷപ്പെടാൻ കച്ചിത്തുരുമ്പിൽ പിടിക്കുന്നതാണെന്നോ പറഞ്ഞേക്കാം. പക്ഷേ, നമ്മുടെ സ്‌നേഹനിധിയായ, ദത്തെടുക്കുന്ന പിതാവിനെക്കുറിച്ച് ഞാൻ ചിന്തിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ, കൂടുതൽ കൂടുതൽ വ്യക്തമായി സ്വർണ്ണത്തിന്റെ തിളക്കം ഞാൻ കാണുന്നു.

  • എന്റെ പെറ്റമ്മ ഒരു ഡച്ച്/പോളണ്ട് എഴുത്തുകാരിയാണ്, ട്യൂലിപ് പുഷ്പങ്ങളും, പുസ്തകമെഴുത്തും എന്റെ അഭിനിവേശമാണ്..
  • എന്റെ ജന്മ പിതാവ് എന്നെ വളരെയധികം നിരാശപ്പെടുത്തിയെങ്കിലും, ഒളിമ്പിക് ബന്ധം ഉൾപ്പെടെ (ഞാൻ ലോകത്തിലെ ഏറ്റവും വലിയ വിന്റർ ഒളിമ്പിക്‌സ് ആരാധകയാണ്) തന്റെ ഡിഎൻഎയിലൂടെ ചില അത്ഭുതങ്ങൾ കൈമാറിയിട്ടുണ്ട്.
  • എന്റെ വളർത്തു പിതാവ്, അധഃകൃതർക്കുവേണ്ടിയുള്ള തന്റെ ആർദ്രമായ ഹൃദയവും പുസ്തകങ്ങളോടും വായനയോടുമുള്ള ആജീവനാന്ത സ്നേഹവും കൈമാറി.

എന്റെ അപ്പനും അമ്മയും എന്നെ ദത്തെടുത്തതിനാൽ, ഞാനും ഭർത്താവും കൊറിയയിൽ നിന്ന് ഒരു പെൺകുഞ്ഞിനെ ദത്തെടുക്കും.

ഒരു കുടിയേറ്റക്കാരനും അഭയാർത്ഥിയും എന്നെ ദത്തെടുത്തതിനാൽ, അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും എനിക്ക് വളരെയധികം കരുതലുണ്ട്.

ഒരു പുതിയ നാട്ടിൽ സ്വീകരിക്കപ്പെടുകയോ, അപരിചിതയായി തള്ളിക്കളയപ്പെടുകയോ ചെയ്യുന്നത് എന്താണെന്ന് എന്റെ പിതാവ് മുഖേന എനിക്കറിയാം.

ഒരു പുസ്തക വിൽപ്പനക്കാരനും കഥകളെ സ്നേഹിക്കുന്നവനും എന്നെ ദത്തെടുത്തതിനാൽ, ഈ ഭൂമിയിലെ എന്റെ ജോലിയുടെ ഒരു ഭാഗം കഥകൾ എഴുതുകയും പറയുകയും ചെയ്യുക എന്നതാണ്.

നാമെല്ലാവരും ഉണർന്ന്, ദൈവം നമ്മുടെ ആത്മാക്കളെ പുതുക്കിപ്പണിയുകയും, നന്നാക്കുകയും, വീണ്ടെടുക്കുകയും ചെയ്യുന്നത് കാണുവാൻ ക്ഷമയോടെ കാത്തിരിക്കുന്നു. എന്നാൽ ദൈവം നമ്മുടെ തകർന്ന ഭാഗങ്ങൾ വെറുതെ ഒട്ടിച്ചു ചേർക്കുക മാത്രമല്ല ചെയ്യുന്നത്, നമ്മുടെ എല്ലാ സാഹചര്യങ്ങളിലും നമ്മെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് അവൻ ഉറപ്പാക്കുകയും ചെയ്യുന്നു.

ഒരു കിന്റ്സുഗി കലാകാരനെപ്പോലെ, ദിവസം തോറും, ആഴ്ചതോറും, ഘട്ടം ഘട്ടമായി, സ്രഷ്ടാവ് നമ്മെ ശുദ്ധീകരിക്കുന്നു, പരിചരിക്കുന്നു, തങ്കം കൊണ്ട് നമ്മെ മെച്ചപ്പെടുത്തുന്നു, സുഖപ്പെടുത്തുന്നു.

ഞാൻ നേരത്തെ പറഞ്ഞതുപോലെ, കാമത്തിന്റെയും, വെറുപ്പിന്റെയും, ഉപേക്ഷിക്കലിന്റെയും, സങ്കടത്തിന്റെയും കഥകൾ നിറഞ്ഞതാണ് എന്റെ ദത്തെടുക്കൽ. പക്ഷേ, എന്റെ ജീവിതകാലം മുഴുവൻ, ദൈവം എല്ലാ കാര്യങ്ങളും പുതുക്കികൊണ്ടിരിക്കുന്നു. എന്നാൽ, ദൈവത്തിന്റെ കരവിരുത് കാണാൻ ഞാൻ വർഷങ്ങളെടുത്തു.

ഒരു കിന്റ്‌സുഗി പാത്രം സ്വന്തമാക്കാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ, വെളിച്ചത്തിൽ സ്വർണ്ണ ചുളുക്കുകൾ എങ്ങനെ കണ്ണിറുക്കുകയും മിന്നിമറയുകയും ചെയ്യുന്നുവെന്ന് നിങ്ങൾക്കറിയാം. ആ മിന്നുന്ന കണ്ണിറുക്കലുകൾ ശ്രദ്ധിക്കാൻ ഞാൻ പഠിക്കുകയാണ്. ദത്തെടുക്കുന്ന ഒരു പിതാവ് നമ്മെയെല്ലാം ദത്തെടുത്തതിനാൽ, നാം സ്നേഹിക്കപ്പെടുന്നുവെന്ന് അത് എന്നെ ഓർമ്മിപ്പിക്കുന്നു. അവൻ സകലതും പുതിയതാക്കുന്നു എന്ന് നമുക്കറിയാം.

banner image

ങ്ങളുടെ രണ്ട് ആൺകുട്ടികളായ ജോനയുടെയും എസ്രയുടെയും ജനനത്തിനുശേഷം എനിക്കും എന്റെ ഭർത്താവിനും സ്വന്തം കുട്ടികൾ ഉണ്ടാകാത്തതുകൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെ മൂന്നാമത്തെ കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചതെന്ന് ആളുകൾ പലപ്പോഴും അനുമാനിക്കുന്നു. ആ അനുമാനം തെറ്റാണ്.

ഞങ്ങളുടെ ബന്ധത്തിന്റെ ആരംഭത്തിൽത്തന്നെ ദത്തെടുക്കലിനെക്കുറിച്ച് ഞാനും ഭർത്താവും സംസാരിച്ചിരുന്നു. എന്നെങ്കിലും ഒരു കുട്ടിയെ ദത്തെടുക്കാൻ ഡോയൽ ആത്മാർത്ഥമായി സമ്മതിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. “എന്റെ കുഞ്ഞിനെപ്പോലെ എനിക്ക് മറ്റൊരാളുടെ കുട്ടിയെ സ്നേഹിക്കാൻ കഴിയില്ല” അല്ലെങ്കിൽ, “ദത്തെടുക്കുന്ന കുട്ടികളെല്ലാം തന്നിഷ്ടക്കാരായി മാറും” എന്നിങ്ങനെയുള്ള കാര്യങ്ങൾ ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്റെ ഒരു സുഹൃത്ത് ചൈനയിൽ നിന്നോ, കൊറിയയിൽ നിന്നോ ദത്തെടുക്കാനുള്ള ആശയവുമായി അവളുടെ ഭർത്താവിനെ സമീപിച്ചപ്പോൾ, അയാൾ എതിർത്തു. ആ വിദേശികളെ എന്റെ ഭർത്താവിന് അത്ര വിശ്വാസമില്ല, എന്ന് അവൾ പറഞ്ഞു. (“വിദേശികൾ” എന്ന വാക്ക് അവൾ പരിഹാസരൂപേണയാണ് പറഞ്ഞത്.)

അവൾ ഇങ്ങനെ തുറന്ന് പറഞ്ഞപ്പോൾ, എന്റെ ഹൃദയത്തിനും വ്യക്തിത്വത്തിനും പ്രഹരമേറ്റു. സ്നേഹിക്കാൻ ബുദ്ധിമുട്ടുള്ള, താറുമാറായ വ്യക്തിത്വമുള്ള ഒരു “വിദേശി” ആയിരുന്നോ ഞാൻ ? ഞാൻ പാശ്ചാത്യ യൂറോപ്യൻ വേരുകളുള്ള ഒരു ക്യാനഡക്കാരി ആയിരുന്നിരിക്കാം, പക്ഷേ എന്റെ സുഹൃത്തിന്റെ പരാമർശം ഞാൻ “അന്യയായ” ഒരു വ്യക്തിയാണെന്ന തോന്നലുണ്ടാക്കി. (ദത്തെടുക്കപ്പെട്ട, വെള്ളക്കാരല്ലാത്തരെ ഇതുപോലുള്ള വാക്കുകൾ എത്രമാത്രം ദുഖിപ്പിക്കുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.) തങ്ങളുടെ ഭർത്താക്കന്മാർ കുട്ടികളെ ദത്തെടുക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് മറ്റ് കൂട്ടുകാരികൾ എന്നോട് പരാതിപ്പെടുമ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി—ദത്തെടുക്കപ്പെടുന്നവർ തീർച്ചയായും “അന്യരാണ്”, ഒരുപക്ഷേ, കുഴപ്പക്കാരുമായിരിക്കും. അവർ ഭവനത്തിൽ ജനിച്ച കുട്ടികളെപ്പോലെ വിലയേറിയവരല്ല—”ഏലിയൻ” സിനിമയിൽ ജനിച്ചവരെപോലെയാണ്.

ഭവനത്തിൽ ജനിച്ച കുട്ടിയെപ്പോലെ, എന്റെ കുടുംബത്തിൽ എന്നെ അംഗീകരിക്കുന്ന ഹൃദയവിശാലതയുള്ള ആളായിരിക്കണം എന്റെ ഭർത്താവ് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. 1990-ൽ, ഞാൻ ഡോയലിനെ കണ്ടുമുട്ടിയപ്പോൾ, എന്തുകൊണ്ടാണ് ഈ കാര്യം ഇത്രയധികം പ്രാധാന്യമുള്ളതെന്ന് എനിക്ക് പറഞ്ഞു മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല, പക്ഷേ എന്റെ ജീവിത പങ്കാളി അങ്ങനെ ആകണമെന്ന് എനിക്കറിയാമായിരുന്നു. അത്തരത്തിലുള്ള ആളാണ് ഡോയൽ. പത്തു വർഷങ്ങൾക്കു ശേഷം, “ഇതൊരു ആൺകുട്ടിയാണ്!” എന്ന് പ്രസവമുറിയിൽ നിന്ന് കേട്ടപ്പോൾ ഞെട്ടലോടെ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി. അപ്പോൾ തന്നെ ദത്തെടുക്കുവാനുള്ള ആഗ്രഹം ഞങ്ങളിൽ ഉടലെടുത്തു. അൾട്രാസൗണ്ട് ടെക്നീഷ്യൻ ഞങ്ങളോട് പറഞ്ഞിരുന്നത്, ഞങ്ങൾക്ക് മിക്കവാറും ഒരു പെൺകുട്ടിയാണ് ജനിക്കാൻ പോകുന്നത് എന്നാണ്. എന്നാൽ അതിനു പകരം എസ്രാ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് ഒരു ഉൾവിളിയുണ്ടായി. ഞങ്ങളുടെ പെൺകുട്ടിക്ക് ഫീബി എന്ന് പേരിടും. ബൈബിളിലും, സാഹിത്യത്തിലും, പ്രകൃതിയിലുമുള്ള ആ പേര് ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമായിരുന്നു. “ശോഭയേറിയ നക്ഷത്രം” എന്നാണ് അതിന്റെ അർത്ഥം. എന്റെ കുഞ്ഞുമകനെ എന്റെ കയ്യിലെടുത്തപ്പോൾ,, എങ്ങനെയെങ്കിലും, എവിടെ നിന്നെങ്കിലും ഞങ്ങൾ ഒരു പെൺകുട്ടിയെ ദത്തെടുക്കുമെന്ന് എനിക്ക് ഉറപ്പായി അറിയാമായിരുന്നു. തിളങ്ങുന്ന ഒരു നക്ഷത്രം ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു.

പോരാളിയായ അമ്മ

എന്നെ ദത്തെടുത്ത് മുപ്പത്തിയേഴ് വർഷങ്ങൾക്ക് ശേഷം 2005 ആയിരുന്നു അത്. ഞങ്ങളുടെ പെൺകുഞ്ഞായ ഫീബ് മിൻ-ജു ജെയ്‌നിന്റെ സംരക്ഷണ എന്നെന്നേക്കുമായി ഏറ്റെടുത്ത് ഞാനും എന്റെ ഭർത്താവും കൊറിയയിലായിരുന്നു. ഞങ്ങൾ അവളെ സിയോളിലെ ഹോട്ടൽ മുറിയിലേക്ക് തിരികെ കൊണ്ടുവരുമ്പോൾ അവൾക്ക് ആറര മാസമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആദ്യം അവൾ നിർവികാരയായിരുന്നു. ഒരുപക്ഷേ, കാഴ്ചയിലും മണത്തിലും വ്യത്യസ്തരായ ഈ അപരിചിതർ അവളെ അവളുടെ വളർത്തു മാതാപിതാക്കളുടെ അടുക്കലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരിക്കാം. അവൾ നേരം പുലരുന്നതുവരെ നിലവിളിച്ചു. ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, തൊട്ടിലിൽ ആട്ടി, ആശ്വസിപ്പിച്ചു, പ്രാർത്ഥിച്ചു, ഒടുവിൽ എന്നെ സഹായിക്കാൻ ദൈവത്തോട് അപേക്ഷിച്ചു. 99.9 ശതമാനം സമയവും എന്റെ മുൻപിൽ ഉറങ്ങാതെ നിന്ന ഡോയൽ ഒരു ഘട്ടത്തിൽ ഉറങ്ങിപ്പോയി, ചുമതല എന്റെ ഭാഗത്തായി. തന്റെ കുഞ്ഞിന്റെ കരച്ചിലിനിടയിൽ അദ്ദേഹം എങ്ങനെ ഉറങ്ങിയെന്ന് എനിക്കറിയില്ല. ‘ആവശ്യകതയാണ് കണ്ടുപിടുത്തത്തിന്റെ മാതാവ്’ എന്ന ചൊല്ലുണ്ട്. എന്നാൽ, ‘നൈരാശ്യമാണ് കണ്ടുപിടുത്തതിന്റെ മാതാവ്’. എനിക്ക് നിരാശ ഉണ്ടായി.

ഒരു കുഞ്ഞ് കാരിയറിൽ പുറത്തേക്ക് അഭിമുഖമായി ഫീബിയെ വഹിച്ചുകൊണ്ട്, ഞാൻ ഒരു വിചിത്രമായ ആശയത്തിൽ എത്തി. ഞാൻ ടാപ്പുകൾ ഓണാക്കി, അവളെ സിങ്കിന്റെ വക്കിൽ ഇരുത്തി, ഒഴുകുന്ന വെള്ളത്തിൽ അവളുടെ കാലുകൾ ചവിട്ടാൻ അനുവദിച്ചു. ഫീബി കരച്ചിൽ നിർത്തി! ബാത്ത്റൂമിലെ സിങ്കിനു മുകളിലുള്ള കണ്ണാടിയിൽ ഞങ്ങൾ പരസ്പരം നോക്കി. എന്റെ കുഞ്ഞു ഗോഞ്ജു. (കൊറിയൻ ഭാഷയിൽ “രാജകുമാരി”, ഇതായിരുന്നു ഫീബിയുടെ വളർത്തു മാതാപിതാക്കൾ ഇട്ട വിളിപ്പേര്.)

ഞാൻ ക്ഷീണിതയായി, ഹൃദയവേദനയോടെ നിന്നു. എന്നിട്ടും എന്റെ ഉള്ളിലെ യോദ്ധാവ് എഴുന്നേറ്റു. ശാഠ്യമുള്ള ഈ പെൺകുഞ്ഞിന് വേണ്ടി ഞാൻ രാവും പകലും പോരാളിയായി. അവൾ സുരക്ഷിതയാണെന്നും, എന്നെ വിശ്വസിക്കാൻ കഴിയുമെന്നും അവൾ അറിയുന്നതുവരെ ഞാൻ പരാജയപ്പെടുകയില്ല.

ഇത് നമ്മുടെ രണ്ടുപേരുടെയും കാര്യമാണ്, കുഞ്ഞേ. നീ ഇതിൽ വിജയിക്കില്ല. ഇതാണ് അമ്മമാർ ചെയ്യുന്നത്: ഞങ്ങൾ മല്ലിടുന്നു. ഇതുപോലെ നീ വഴക്കിടുമ്പോഴും ഞാൻ നിനക്ക് വേണ്ടി പോരാടും. നമ്മൾ ഒന്നാണ്.

മണിക്കൂറുകളോളം ഞങ്ങൾ അങ്ങനെ നിന്നു. ഒടുവിൽ, അവൾ ഉറങ്ങിപ്പോയി, ഭാഗ്യവശാൽ ഞാനും. രാവിലെ ഉണർന്നപ്പോൾത്തന്നെ ഫീബി അലറിക്കരയുവാൻ തുടങ്ങി. രാത്രിയിൽതന്നെ ഫീബി കരച്ചിലെല്ലാം കരഞ്ഞുതീർത്തു എന്ന് ഞാൻ വിചാരിച്ചിരുന്നു. എന്നാൽ അങ്ങനെയായിരുന്നില്ല. എപ്പോഴും ഞങ്ങളെ തുറിച്ചുനോക്കിക്കൊണ്ട് മനസ്സില്ലാമനസ്സോടെ ഞങ്ങളുടെ കൈയിൽ നിന്ന് കുപ്പി എടുത്ത് അവൾ കരയുകയും ഉറങ്ങുകയും ചെയ്തു.

ഇത് സംഭവിക്കുമെന്ന് ആരും മുന്നറിയിപ്പ് നൽകിയില്ലെന്ന് എനിക്ക് പറയാനാവില്ല. അവൾ ഒരുപാട് കരയാൻ സാധ്യതയുണ്ടെന്ന് ഞങ്ങളുടെ സാമൂഹിക പ്രവർത്തകയും, ഞങ്ങളുടെ ശിശുരോഗ വിദഗ്ധയും (അന്താരാഷ്ട്രീയമായി ദത്തെടുക്കുന്നവരെ നന്നായി അറിയാവുന്ന ഒരു ആഫ്രിക്കൻ സ്ത്രീ) ഞങ്ങളോട് പറഞ്ഞിരുന്നു.

“അവൾ ഒന്നുകിൽ നിലവിളിക്കും അല്ലെങ്കിൽ വളരെ നിശബ്ദത പാലിക്കും. ഈ കുഞ്ഞുങ്ങൾ അവരുടെ സങ്കടം കൈകാര്യം ചെയ്യുന്ന രണ്ട് പ്രധാന വഴികൾ ഇവയാണ്” എന്ന് ഡോ. ആഡി പറഞ്ഞിരുന്നു. അവൾക്ക് കഴിയുമെങ്കിൽ അവൾ അലറുമെന്ന് ഡോക്ടർ ആഡി പറഞ്ഞു. എല്ലാം മനസ്സിൽ ഒതുക്കുന്നതിനേക്കാൾ നല്ലത് കരയുന്നതാണ്. കരയുന്നതിന്റെ അർത്ഥം, അവളുടെ പ്രിയപ്പെട്ട വളർത്തു മാതാപിതാക്കളോട് അവൾക്ക് വളരെയധികം സ്നേഹം ഉണ്ടായിരുന്നു എന്നാണ്. അവൾക്ക് അവരോട് അടുപ്പം ഉണ്ടായിരുന്നെങ്കിൽ, അവൾക്ക് ഞങ്ങളോടും കൂടുതൽ എളുപ്പത്തിൽ അടുക്കാൻ കഴിയും.

ഞാനും ഡോയലും തലയാട്ടി. ഞങ്ങൾ എല്ലാം തത്വത്തിൽ മനസ്സിലാക്കി – യഥാർത്ഥത്തിൽ അല്ല.

ഒരു കൊറിയൻ വിമാനത്തിൽ വീട്ടിലേക്ക് പോകുമ്പോൾ കൂടുതൽ സമയവും ഫീബി നിലവിളിക്കുകയായിരുന്നു. കൊറിയക്കാർ ഞങ്ങളെ സഹായിക്കാൻ ശ്രമിച്ച് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഞാൻ പ്ലെയിനിലെ ബാത്ത്റൂമിൽ പോയി എന്റെ സങ്കടം കരഞ്ഞു തീർക്കും. എന്റെ മകളുമൊത്ത് ജീവിതം ആരംഭിക്കാൻ ഞാൻ ആഗ്രഹിച്ച രീതി ഇതായിരുന്നില്ല. എങ്കിലും ഓരോ തവണയും ഞാൻ എന്റെ ഇരിപ്പിടത്തിലേക്ക് നടക്കുമ്പോൾ അവളുടെ അനാഥ ഹൃദയത്തിനായി പോരാടാനുള്ള ഒരു പുതിയ ദൃഢനിശ്ചയം എനിക്കുണ്ടായി.

അതെ, അവളുടെ അനാഥ ഹൃദയം. നിങ്ങൾ മറ്റുള്ളവരെപ്പോലെ ആണെങ്കിൽ, “അനാഥ” എന്ന വാക്ക് നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അവർ അവളെ ഞങ്ങളുടെ കൈകളിൽ ഏൽപ്പിച്ച നിമിഷം തന്നെ ഫീബിയുടെ അനാഥ പദവി റദ്ദാക്കപ്പെട്ടുവെന്ന് നിങ്ങൾ ചിന്തിച്ചേക്കാം.

പക്ഷേ, ‘ദി പ്രിൻസസ് ബ്രൈഡ്’ലെ, ഇനിഗോ മോണ്ടോയയുടെ വാക്കുകളിൽ, ഈ വാക്കിന്റെ അർത്ഥം നിങ്ങൾ ചിന്തിക്കുന്നതാണെന്ന് ഞാൻ കരുതുന്നില്ല. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരാളായാണ് നമ്മൾ അനാഥനെന്ന് കരുതുന്നത്, പക്ഷേ ദത്തെടുക്കപ്പെട്ട കുട്ടികൾക്ക് അത് സംഭവിച്ചിട്ടുണ്ടെങ്കിലും, അവരെ അനാഥരായി കണക്കാക്കപ്പെടുന്നതായി തോന്നുന്നില്ല.

ദത്തെടുക്കപ്പെട്ടവളും ദത്തെടുക്കൽ വിദഗ്ധയുമായ ഡോ. മാർസി ആക്‌നെസ് തന്റെ കരിയറിൽ എണ്ണമറ്റ തവണ ഈ നിരാകരണ മനോഭാവം കണ്ടിട്ടുണ്ട്. “ദത്തെടുക്കൽ സമ്മേളനങ്ങളിലെ പല അവതരണങ്ങളിലും, ‘ഞാൻ ജനിച്ച ദിവസം തന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു’ എന്ന് ഞാൻ വ്യക്തമായി പറയുമായിരുന്നു. മിക്ക ആളുകളോടും ഞാൻ അത് പറഞ്ഞാൽ, അവരുടെ പ്രതികരണം ഇങ്ങനെയാണ്, ‘ ദൈവമേ, കഷ്ടമായിപ്പോയി, എത്ര സങ്കടകരമാണ്.’ എന്നാൽ, ‘ഞാൻ ദത്തെടുക്കപ്പെട്ടവളാണ്’ എന്ന് പറഞ്ഞാൽ -‘ ‘ഓ, കൊള്ളാം! അത് നന്നായി’ എന്ന് അവർ പറയും. ദത്തെടുക്കൽ മഹത്തായ കാര്യമാണ്. . .

ദത്തെടുക്കൽ എന്നാൽ നേട്ടം മാത്രമാണ് എന്ന ബാലിശമായ ചിന്ത നമ്മുടെ സമൂഹത്തിലുണ്ട്! പണ്ട്, ഒരു കുടുംബത്തിന് അവരുടെ സ്വന്തം കുട്ടിയെ വളർത്താൻ കഴിവില്ലാത്തതുകൊണ്ട് കഴിവുള്ള ഒരു കുടുംബത്തിലേക്ക് ആ കുട്ടിയെ അയയ്ക്കുന്നു. അതിനു ശേഷം എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു. കുഞ്ഞിനെ വളർത്താൻ കഴിയാത്ത ദുഃഖമുണ്ടെങ്കിലും ജന്മം നൽകിയ കുടുംബത്തിന് നേട്ടം തന്നെയാണ്. ദത്തെടുത്ത കുടുംബത്തിനും നേട്ടമുണ്ടാകുന്നു. എന്നാൽ കുട്ടിയുടെ കാര്യമോ? സമൂഹം കാണുന്നത് ആ കുട്ടിക്ക് ഭാഗ്യക്കുറി അടിച്ചതുപോലെയാണ്. ആവർത്തിച്ചു പറയുന്ന ഈ കഥയനുസരിച്ച്, മികച്ച ജീവിതവും, മെച്ചപ്പെട്ട മാതാപിതാക്കളെയും കിട്ടിയതിൽ ആ കുട്ടി ഇപ്പോഴും നന്ദി കാണിക്കേണ്ടതാണ്. ഫുൾ സ്റ്റോപ്പ്. കഥ ഇവിടെ അവസാനിക്കുന്നു.

എനിക്ക് മനസ്സിലായി. ഒരു കുട്ടി തങ്ങളെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തെ കണ്ടെത്തുന്നത് കാണുമ്പോൾ ആരാണ് സന്തോഷിക്കാത്തത്? #adoptionislove എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ ഞാൻ ഒരു ഹാഷ്‌ടാഗ് പിന്തുടരുന്നു, കാണാൻ ഭംഗിയുള്ള കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും എത്രയോ ഫോട്ടോകളിൽ ക്ലിക്ക് ചെയ്ത് പല രാത്രികളിലും സ്ക്രോൾ ചെയ്തു നോക്കുന്നു. ദത്തെടുക്കൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരിക്കും, പക്ഷേ ആഴത്തിലുള്ള നഷ്ടവുമുണ്ട്. രണ്ടും ഒരുമിച്ച് ഉൾക്കൊള്ളുന്നതാണ് നല്ലത്.

സാങ്കേതികമായി, നിയമപരമായി, ദത്തെടുക്കപ്പെട്ട ഒരാൾ ഇനി അനാഥനല്ല, എന്നാൽ ആ അനാഥ വികാരങ്ങൾ പലപ്പോഴും നിലനിൽക്കുന്നു. എന്റെ വായനക്കാരിൽ പലരും തങ്ങളുടെ സ്വന്തം മാതാപിതാക്കളോടൊപ്പം വളർന്നുവെങ്കിലും മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടതുപോലെ മനസ്സിൽ തോന്നലുകൾ ഉണ്ടാകാം. വിവാഹമോചന രേഖകൾ ലഭിച്ചതുകൊണ്ടോ, വേർപിരിഞ്ഞു ജീവിക്കുന്നതിനാലോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വേദനാജനകമായ രീതിയിൽ ഒഴിവാക്കപ്പെട്ടതിനാലോ ചിലർ കൈവിടപ്പെട്ട അവസ്ഥയിൽ ആയിപ്പോകുന്നു . മറ്റുള്ളവർക്ക്, നമ്മിൽ പലർക്കും, ഇല്ലാത്തതും നമുക്ക് തിരിച്ചറിയാൻ കഴിയാത്തതുമായ എന്തിനോ വേണ്ടി കൊതിക്കുന്ന ഒരു തോന്നൽ ഉണ്ടെന്ന് ഞാൻ സംശയിക്കുന്നു.

ദത്തെടുക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം, ഒരു വിധത്തിൽ, ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് അപ്രത്യക്ഷരായ നിങ്ങളുടെ യഥാർത്ഥ കുടുംബാംഗങ്ങളുടെ നഷ്ടം മൂലമുള്ള ദുഃഖം ഒരിക്കലും അവസാനിക്കുന്നില്ല. നിങ്ങൾ ഒരിക്കലും പിന്നോട്ട് നോക്കുന്നത് അവസാനിപ്പിക്കുന്നില്ല— വളരെക്കാലം മുമ്പ് വിട്ടുപോയവരെ കാണാൻ പിന്നോട്ട് നോക്കുന്നു.

ഭാഗ്യവശാൽ, ഉപേക്ഷിക്കപ്പെട്ടതായി തോന്നാനുള്ള നമ്മുടെ കാരണങ്ങൾ എന്തൊക്കെയായാലും, ആരൊക്കെ നമ്മെ ഉപേക്ഷിച്ചുപോയാലും, ക്രിസ്തുവിൽ നമുക്ക് ഒരു ആശ്വാസകനും സൗഖ്യദായകനും ഉണ്ട്. ആത്മീയമായി അനാഥരായ നമ്മളും, തനിച്ചാണെന്ന് തോന്നുകയും നമ്മുടെ ഹൃദയത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു മാർഗത്തിനായി ദീർഘവും കഠിനമായി തിരയുകയും ചെയ്തു. നിങ്ങളും ഞാനും മനുഷ്യരാശിയുടെ അനുഭവം പങ്കിടുന്നു- ഉപേക്ഷിക്കപ്പെട്ടവരും, തള്ളിക്കളയപ്പെട്ടവരും, ഒറ്റപ്പെട്ടവരും. നാം “മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു.” (എഫെസ്യർ 2:3).

പിന്നെ ചിലത് സംഭവിച്ചു. ക്രിസ്തുവിലൂടെ ദൈവം നമ്മുടെ നിർജ്ജീവമായ ഹൃദയങ്ങളിൽ ജീവശ്വാസം ഊതുകയും ഏകാന്തരായ നമ്മെ തന്റെ പിതാവിന്റെ കരങ്ങളിൽ ചേർക്കുകയും ചെയ്തു. അവൻ നമ്മെ പുത്രന്മാരും പുത്രിമാരും എന്ന് വിളിച്ചുകൊണ്ട്, അവന്റെ സ്നേഹവും പരിചരണവും സ്വീകരിക്കാൻ കഴിയുന്ന അവന്റെ പ്രിയപ്പെട്ട മക്കളാക്കി. അതിശയകരമെന്നു പറയട്ടെ, നാം എന്നേക്കും അവനുള്ളവരാണ്. ആശ്വാസത്തിനും, ഉത്തരങ്ങൾക്കും, ഭവനത്തിനും വേണ്ടി പിന്നോട്ട് നോക്കുന്നത് അവസാനിപ്പിക്കാം.

banner image

മ്മുടെ ആത്മീയ ഭവനം, അല്ലെങ്കിൽ, ആവിലയിലെ തെരേസ പറഞ്ഞതുപോലെ, “അകത്തെ കോട്ട”, രോഗശാന്തിയുടെ ആരംഭവും, മദ്ധ്യഭാഗവും, അവസാനവും ഉള്ള സ്ഥലമാണ്. വീണുപോയ ഈ ലോകത്തിൽ, നമ്മളെല്ലാവരും സൗഖ്യം പ്രാപിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് – വൈകാരികവും, ശാരീരികവും, ആത്മീയവും.

ആവിലായിലെ തെരേസ പതിനാറാം നൂറ്റാണ്ടിലെ ഒരു യോഗിനി ആയിരുന്നു. വിനയം, അനുകമ്പ, ദൈവത്തിന്റെ സ്നേഹം അനുഭവിക്കാനുള്ള മനുഷ്യ പോരാട്ടത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചകൾ എന്നിവ നിറഞ്ഞ ആത്മീയ ജീവിതത്തെക്കുറിച്ചുള്ള അവരുടെ ആത്മകഥാപരമായ രചനകൾ നൂറ്റാണ്ടുകളായി വിലമതിക്കപ്പെടുന്നു. ദൈവവുമായുള്ള ആത്മാവിന്റെ ഐക്യത്തിന്റെ ആത്യന്തിക ലക്ഷ്യത്തിലേക്ക് നയിക്കുന്ന ആത്മീയ വികാസത്തിന്റെ ഏഴ് പടികളുള്ള യാത്രയെ ഇതിൽ വിവരിക്കുന്നു.

പതിനാല് വർഷങ്ങൾക്ക് ശേഷവും കുഞ്ഞു ഫീബിയുടെ നിലവിളി ഞാൻ കേൾക്കുന്നു. അവളുടെ അപ്പയും ഇയോമയും (മമ്മിയും ഡാഡിയും), വളർത്തു സഹോദരങ്ങൾ, അവളുടെ വീട്, രാജ്യം, സംസ്കാരം, ആരംഭം എന്നിങ്ങനെ അവൾക്ക് അറിയാവുന്ന എല്ലാത്തിൽ നിന്നും പറിച്ചുമാറ്റപ്പെട്ടതിന്റെ സങ്കടത്തിന്റെ നിലവിളികളായിരുന്നു അവ. തനിക്ക് സംഭവിക്കുന്ന കാര്യങ്ങൾ നിയന്ത്രിക്കുവാനുള്ള കഴിവില്ലാതെ, സംഭവിക്കുന്ന വിചിത്രവും ഭയപ്പെടുത്തുന്നതുമായ എല്ലാ കാര്യങ്ങളിലും ഫീബി വിലപിച്ചു. അവളുടെ ഹൃദയം മൺപാത്രം പോലെ തകർന്നിരുന്നു.

ആ സങ്കടം അവളുടെയും എന്റെയും ജീവിതത്തിന്റെ ഭാഗമാണ്, പക്ഷേ അത് ഒരു ഭാഗം മാത്രമാണ്. ദത്തെടുക്കപ്പെട്ടവരുടെ വ്യക്തിത്വം, ആ പഴയ മുറിവിന്റെ അടിസ്ഥാനത്തിലല്ല രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ഒരു വ്യക്തി ശിശുവായിരുന്നപ്പോൾ അമ്മയിൽ നിന്ന് എന്നെന്നേക്കുമായി വേർപെടുത്തപ്പെട്ട ആളാണെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിലുടനീളം അനുഭവിക്കുന്ന ദുഃഖത്തിന് “പ്രാഥമിക മുറിവ്” എന്ന് വിളിക്കുന്നു. തങ്ങളെയോ, പ്രിയപ്പെട്ടവരെയോ മുദ്രകുത്താനോ, പരിമിതപ്പെടുത്താനോ ആഗ്രഹിക്കാത്തതിനാൽ ആളുകൾ പലപ്പോഴും ‘പ്രാഥമിക മുറിവ് സിദ്ധാന്തം’ നിരസിക്കുന്നു. എന്നാൽ, നമ്മുടെ പഴയ കാലത്തെ മുറിവുകൾ നിഷേധിക്കാനാവാത്തതാണെങ്കിലും, സ്രഷ്ടാവിന്റെ മൃദുവായ ഇടപെടൽ മൂലം മുറിവുകൾക്ക് ശമനവും രോഗശാന്തിയും കണ്ടെത്താൻ കഴിയുമെന്ന് സുവിശേഷം നമ്മോട് പറയുന്നു.

പാപികളെ വിശുദ്ധരാക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ പൗലോസ് പ്രകടിപ്പിക്കുന്നതും ഇതേ ആശയമാണ്. നമ്മുടെ ഭൂതകാലം എന്തായിരുന്നാലും, അതിനനുസരിച്ചല്ല നമ്മുടെ നമ്മുടെ വ്യക്തിത്വം കുടികൊള്ളുന്നത്. നാം ഇനി ദത്തുമക്കൾ അല്ല, സ്വന്തമക്കൾ ആണ്.

 

മുറിവുകൾ ഉണങ്ങും. നമുക്ക് ആവശ്യമുള്ള ആത്മീയവും ഭൗതികവുമായ സഹായങ്ങൾ ലഭ്യമാണ്. ആളുകൾ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ കഴിവുള്ളവരാണ്. ശരിയായ പിന്തുണയും സ്നേഹവും കൊണ്ട്, അവരുടെ തകർന്ന മുൻകാല ജീവിതത്തെ, സന്തോഷവും സമ്പുഷ്ടിയും നിറഞ്ഞ ജീവിതവുമായി കൂട്ടിച്ചേർക്കുവാൻ കഴിയും.

കൂട്ടിച്ചേർക്കുക എന്നതിന്റെ അർത്ഥം, “ഇണക്കുക, സ്വാംശീകരിക്കുക, അല്ലെങ്കിൽ, ഏകീകരിക്കുക.” ഒരു കരകൗശല വിദദ്ധൻ കഷണങ്ങൾ എടുത്ത് അവ ഉപയോഗിച്ച് പുതിയതും മനോഹരവുമായ എന്തെങ്കിലും സൃഷ്ടിക്കുന്ന ‘സ്വർണ്ണ ചേര്‍പ്പുപണി’ പോലെ.

കൂട്ടിയിണക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ഒഴിവാക്കരുത് എന്നതാണ് പ്രധാന കാര്യം. ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ഇല്ലെന്ന് നടിക്കരുത്; ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നും നടിക്കരുത്.

നിങ്ങൾ ദത്തെടുക്കപ്പെട്ട വ്യക്തിയല്ലെങ്കിൽ, നിങ്ങൾ സ്നേഹിക്കുന്ന ദത്തെടുക്കപ്പെട്ട ഒരു വ്യക്തിയെക്കുറിച്ച് ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുകയില്ല. “പക്ഷേ, ലോറിലീ, ഞാൻ കാര്യമായിട്ട് ചോദിക്കട്ടെ, എന്റെ അനന്തരവൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ മയക്കുമരുന്നിന് അടിമകളും, മാതാപിതാക്കളുടെ അവകാശങ്ങൾ നഷ്ടമാക്കിയവരുമായിരുന്നു. അവളെ ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ ദത്തു മാതാപിതാക്കളോടും ഞങ്ങളോടും കൂടെയുള്ള അവളുടെ ജീവിമല്ലേ കൂടുതൽ മെച്ചപ്പെട്ടത്?

അതെ, തീർച്ചയായും അവൾ “മികച്ച നിലയിലാണ്.” ഞാനും ഞങ്ങളുടെ മകൾ ഫീബിയും അങ്ങനെത്തന്നെയാണ്. അവിവാഹിതരായ അമ്മമാരായിരുന്നു ഞങ്ങളെ രണ്ടുപേരെയും വളർത്തേണ്ടിയിരുന്നത്. കൊറിയയിൽ താമസിച്ചിരുന്നെങ്കിൽ എന്റെ മകൾ വിവാഹബന്ധത്തിന് പുറത്ത് ജനിച്ചതിന്റെ പേരിൽ മുദ്രകുത്തപ്പെടുമായിരുന്നു. ചിലപ്പോൾ ഈ അവിവാഹിതരായ അമ്മമാരും അവരുടെ കുട്ടികളും—സാമൂഹികവും കുടുംബപരവുമായ പിന്തുണയില്ലാത്തവർ—അവസാനം അവരുടെ ശരീരത്തിനായി കടത്തപ്പെടുന്നതായി പോലും ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് അത് ചിന്തിക്കാൻ പോലും പ്രയാസമാണ്.

ദത്തെടുക്കപ്പെടുന്നവർ മിക്കവരും മെച്ചപ്പെട്ട നിലയിലാണോ? അതെ. പക്ഷേ, നമ്മുടെ സ്വന്തം കുടുംബങ്ങൾക്ക് ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല എന്നത് ഇപ്പോഴും സങ്കടകരമാണ്. ആ ദുഃഖം എപ്പോഴും ഉണ്ടായിരിക്കും. ദത്തെടുക്കപ്പെടുന്നവർ അവരുടെ യഥാർത്ഥ കുടുംബങ്ങളിൽ തനിച്ചായിരിക്കില്ല. മറ്റു കുടുംബങ്ങളിലേക്കും തകർച്ച വ്യാപിക്കുന്നു. നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങൾക്ക് എന്തെല്ലാം കുറവുകളുണ്ടായിരുന്നു? അവരുടെ കുറവുകൾ നിങ്ങൾക്ക് എങ്ങനെ നഷ്ടമുണ്ടാക്കി?

നമ്മുടെ മുറിവുകളുടെ കാരണം എന്തുതന്നെയായാലും, മനുഷ്യരെന്ന നിലയിൽ, പരിഹരിക്കേണ്ട പഴയ തകർച്ചകളുണ്ട്. ദത്തെടുക്കപ്പെട്ടവർ, അവർ സമ്മതിച്ചാലും ഇല്ലെങ്കിലും, ഒരു പഴയ നഷ്ടം പേറിക്കൊണ്ടാണ് ജീവിക്കുന്നത്. അത് ചിലപ്പോൾ മനസ്സിൽ ഉയർന്നുവരും. 1997 ലെ ഒരു വാഹനാപകടത്തിൽ നിന്ന് എന്റെ നട്ടെല്ലിനും, ഇടുപ്പിനും ഉണ്ടായ പൊട്ടലുകൾ പോലെ, ഈ വിള്ളലുകൾ നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് വേദനയുണ്ടാക്കും.

ദത്തെടുക്കുന്ന മാതാപിതാക്കളോട് എനിക്ക് ഒരു കാര്യം പറയാൻ കഴിയുമെങ്കിൽ, അത് ഇതായിരിക്കും:

മുറിവ് അംഗീകരിക്കുക. പ്രതീക്ഷയറ്റ സാഹചര്യത്തിൽ നിന്നാണ് നിങ്ങളുടെ കുട്ടിയെ സ്നേഹമുള്ള കരങ്ങളിലേക്ക് ദത്തെടുത്തതെങ്കിൽപ്പോലും, യഥാർത്ഥ മുറിവ് അവിടെത്തന്നെയുണ്ട്.

സുവിശേഷത്തിന്റെ വിപ്ലവകരമായ ഒരു സവിശേഷത, പിതൃപാരമ്പര്യത്തെ അത് വെല്ലുവിളിക്കുന്നു എന്നതാണ്. പകരം, മനുഷ്യരാശിക്ക് മുഴുവനും സംഭവിച്ച തകർച്ചയുടെ അവസ്ഥ ചൂണ്ടിക്കാട്ടി; പുതിയ സൃഷ്ടിയാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു; “വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള” അവരുടെ നടപ്പിൽനിന്നു മാറി, പുതിയ ജീവിതരീതി അവലംബിക്കുവാൻ ആഹ്വാനം ചെയ്തു. (1 പത്രോസ് 1:18; മത്തായി 12:48; റോമർ 8:14-17.)

എനിക്ക് 51 വയസ്സായി. എന്റെ മാതാപിതാക്കൾ എന്നെ വളരെയധികം സ്നേഹിച്ചു. ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ മകളെ ആഴമായി സ്നേഹിക്കുന്നു.

എന്നാൽ സത്യമിതാണ്: ഒരാൾക്ക്, താൻ ജനിച്ച കുടുംബം തന്നെ കൈവിട്ടതുമൂലം ഉണ്ടാകുന്ന കഠിനമായ നഷ്ടം, അയാളുടെ ദത്തു മാതാപിതാക്കളുടെ ആഴമായ സ്നേഹം കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല. ദത്തെടുക്കുന്ന കുട്ടികൾക്ക് അത്ഭുതകരമായ ജീവിതം ഉണ്ടാകില്ലെന്ന് ഇതിനർത്ഥമില്ല. എനിക്ക് അദ്ഭുതകരമായ ജീവിതം ഉണ്ടായി! എന്റെ മാതാപിതാക്കൾ എന്നെ ദത്തെടുത്തതിനും, നിരുപാധികമായി സ്നേഹിച്ചതിനും ഞാൻ വളരെ നന്ദിയുള്ളവളാണ്. അവരാണ് എന്റെ ഏറ്റവും യഥാർത്ഥ മാതാപിതാക്കൾ-എന്റെ ജന്മമാതാവും പിതാവും അല്ല. എനിക്കുള്ള കുടുംബം, സ്നേഹമുള്ള വലിയപ്പനും വലിയമ്മയും, അമ്മായിമാരും, അമ്മാവന്മാരും, കസിൻസും ഉള്ളതിൽ ഞാൻ എത്ര നന്ദിയുള്ളവളാണെന്ന് എനിക്ക് ഉച്ചത്തിൽ വിളിച്ചുപറയാൻ കഴിയും.

പക്ഷേ, എത്ര ചെറിയ നഷ്ടമാണെന്ന് തോന്നിയാലും, ആ യഥാർത്ഥ നഷ്ടം കണക്കിലെടുക്കണം.

എങ്ങനെ?

അമ്മേ, അപ്പാ, ധൈര്യമായിരിക്കുക. കഠിനമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, ആ കുത്തുകൾ തമ്മിൽ യോജിപ്പിക്കുവാനും, നിങ്ങളുടെ കുട്ടിയെ സഹായിക്കാനും തയ്യാറാകുക. നിങ്ങൾ മുതിർന്നവരാണ്. ജീവിതത്തിന്റെ ഭയാനകമായ ജലാശയങ്ങളിലൂടെയും, സംഭ്രമിപ്പിക്കുന്ന വികാരങ്ങളിലൂടെയും സഞ്ചരിക്കാൻ അവരെ സഹായിക്കാൻ അവർ ആശ്രയിക്കുന്നത് നിങ്ങളെയാണ്. നിങ്ങളുടെ കുട്ടിയുടെ ഹൃദയത്തിലെ വേദനാജനകമായ ഇടങ്ങളിൽ പ്രവേശിച്ച്, പ്രോത്സാഹനം, സഹതാപം, സ്വീകാര്യത, ക്ഷമ എന്നിവ നൽകുക. നമ്മുടെ ഉള്ളിലെ തകർന്ന ഭാഗങ്ങൾ നന്നാക്കുകയും, നമ്മെ ശക്തരാക്കുകയും ചെയ്യുന്ന ദൈവത്തെ കാണിച്ചുകൊടുക്കുക.

ഒരുമിച്ച്, “ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു” എന്ന് വാഗ്ദത്തം ചെയ്യുന്ന സൗഖ്യദായകനായ ദൈവത്തിലേക്ക് ചായുക. (യിരേമ്യാവു 30:17).

എന്നെങ്കിലും നിങ്ങളുടെ കുട്ടി വളർന്നു വലുതാകുകയും തന്റെ തകർന്ന ജീവിതാരംഭത്തെക്കുറിച്ചും, കൂടുതലറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ജന്മനായുള്ള മാതാവിനെയോ, പിതാവിനെയോ, മാതൃരാജ്യത്തെയോ, അനാഥാലയത്തെയോ അന്വേഷിക്കാൻ, അവരെ സഹായിക്കാൻ മുന്നിൽ നിൽക്കുക. (ശ്രദ്ധിക്കുക: ഇത് ഒരുപക്ഷേ ഭയപ്പെടുത്തുന്നതായിരിക്കും.)

എന്റെ അന്വേഷണത്തിൽ എന്റെ മാതാപിതാക്കൾ എന്നെ പിന്തുണച്ചു, അവസാനം, അവരോടുള്ള എന്റെ സ്നേഹത്തിനും വിശ്വസ്തതയ്ക്കും അതിരുകളില്ലായിരുന്നു.

മറ്റൊരു വിധത്തിലും മനസ്സിലാക്കാൻ, കഴിയാത്ത കാര്യം ഞാൻ മനസ്സിലാക്കി: ഞാൻ അവരുടെ പെൺകുട്ടിയാണ്, അതിന് മാറ്റം വരുത്തുവാൻ ഒന്നിനും കഴിയില്ല.

ജ്ഞാനത്തിന്റെയും കരുണയുടെയും പ്രവാഹത്തിനായി ദൈവത്തോട് അപേക്ഷിക്കുക. ഓരോ ദിവസവും, ഓരോ മണിക്കൂറിലും, നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അവനോട് വീണ്ടും ചോദിക്കുക. നിങ്ങൾക്ക് ഓരോ തുള്ളിയും ആവശ്യമാണ്.

ദത്തെടുക്കുന്ന ഒരു പിതാവ്

പതിന്നാലു വർഷത്തിനു ശേഷം, ഇപ്പോൾ നമുക്കറിയാവുന്ന, ഉഷ്‌ണത്താല്‍ വേവുന്ന, സിയോളിനെ, അപ്പോൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല. ലോകത്തെയും ദൈവത്തെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ എത്രത്തോളം മാറുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ദത്തെടുക്കൽ എന്നത് തീവ്രമായ ഒരു ക്രിസ്തീയമായ ആശയമാണ്, എന്നിരുന്നാലും എണ്ണമറ്റ അവിശ്വാസികൾ അത് സ്വീകരിച്ചിട്ടുണ്ട്. ഇത് കൃപയോടും വീണ്ടെടുപ്പിനോടും കൂടി നടപ്പിലാക്കിയ ഒരു ക്രിസ്തീയ ഉപദേശവും ശീലവുമാണ്. എന്നാൽ ദത്തെടുക്കലിനെ അത്തരമൊരു ആത്മീയ ശ്രമമാക്കി മാറ്റുന്നത് എന്താണ്?

മൂന്ന് കുട്ടികളുടെ വളർത്തു പിതാവായ എന്റെ പാസ്റ്റർ ഈ വിഷയത്തിൽ പ്രസംഗിക്കാൻ ഇഷ്ടപ്പെടുന്നു. ആദ്യകാല സഭ ദത്തെടുക്കലിനെ മാതൃകാപരമായി കണ്ടിരുന്നു എന്ന് അദ്ദേഹത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി: എ ഡി ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിൽ ശിശുഹത്യ വ്യാപകമായിരുന്നു, കാരണം അത് ഗർഭച്ഛിദ്രത്തേക്കാൾ എളുപ്പവും (അമ്മയ്ക്ക്) സുരക്ഷിതവുമാണ്. കുഞ്ഞുങ്ങളെ (കൂടുതലും പെൺകുട്ടികൾ) നഗരത്തിന് പുറത്ത് ഉപേക്ഷിക്കുന്നു. അവിടെ അവർ പട്ടിണികിടന്ന് മരിക്കുകയോ, മൃഗങ്ങളാൽ കൊല്ലപ്പെടുകയോ ചെയ്യും. ആദിമ ക്രിസ്ത്യാനികൾ എഴുന്നേറ്റു പ്രവർത്തിച്ചു; കുഞ്ഞുങ്ങളെ കൂട്ടത്തോടെ രക്ഷിച്ചു ദത്തെടുത്തു. ദൈവശാസ്ത്രജ്ഞനായ ജീൻ വീത്ത് പറയുന്നതനുസരിച്ച്, “ക്രിസ്തുമതം പുറജാതീയ സംസ്കാരത്തെ എങ്ങനെ കീഴടക്കി” എന്ന ബ്ലോഗിൽ, ആദ്യകാല ക്രിസ്തുവിന്റെ അനുയായികൾ “റോമിലെ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ രക്ഷിച്ചുകൊണ്ട് അവരെ സ്വന്തക്കാരായി വളർത്തിയതിലൂടെ ശിശുഹത്യയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചു-ഒരു വലിയ ത്യാഗോജ്ജ്വലമായ പ്രവൃത്തി. പ്രത്യേകിച്ച്, ദാരിദ്ര്യവും അരക്ഷിതാവസ്ഥയും നിലനിന്നിരുന്ന കാലത്ത്.”

ദത്തെടുക്കാൻ കഴിയുന്ന പിതാവ് മാത്രമല്ല, ദത്തെടുക്കുന്ന പിതാവാണ് എന്ന് ദൈവത്തെ വിശേഷിപ്പിച്ചത് എന്റെ പാസ്റ്റർ ആയിരുന്നു. ഒന്നോ രണ്ടോ കുട്ടികളെ മാത്രമല്ല ദൈവം ദത്തെടുത്തത്. അവൻ ദശലക്ഷക്കണക്കിന് ആളുകളെ ദത്തെടുത്തിട്ടുണ്ട്, എല്ലാ ദിവസവും പുതിയ കുട്ടികളെ ദത്തെടുത്തുകൊണ്ടിരിക്കുന്നു. പരിപാലിക്കാനും, സ്വന്തമെന്ന് വിളിക്കാനും പുതിയ പ്രിയപ്പെട്ടവരെ കണ്ടെത്തുന്നത് അവന്റെ സ്‌നേഹമുള്ള, സ്വഭാവത്തിന്റെ ഭാഗമാണ്. ഈ പ്രവർത്തനം തുറന്ന മനസ്സോടെ അവൻ തുടരുന്നു. അവൻ എപ്പോഴും ദത്തെടുക്കുന്നു, എപ്പോഴും നമ്മെ ആലിംഗനം ചെയ്യുന്നു.

ദത്തെടുക്കൽ മനസ്സിലാക്കുന്നതിലൂടെ നമുക്ക് ദൈവത്തിന്റെ ഹൃദയത്തെക്കുറിച്ച് വളരെയധികം പഠിക്കാൻ കഴിയും. എന്നെ ദത്തെടുത്തതും, തുടർന്ന് ഞങ്ങൾ ദത്തെടുത്ത അനുഭവവും കാരണം ദൈവത്തെക്കുറിച്ചുള്ള എന്റെ സ്വന്തം ധാരണ വളരെ ആഴത്തിൽ വളർന്നു. നമ്മുടെ പഴയ അവസ്ഥയിൽ നിന്ന് നമ്മെ പുറത്തുകൊണ്ടുവന്ന്, സ്വന്തം മക്കളെപ്പോലെ നമ്മെ പൊതിഞ്ഞ്, സ്വന്തം മരണം വരെ നമ്മെ സംരക്ഷിക്കുന്ന പിതാവിന്റെ സമർപ്പണം വലുതാണ്. ഞങ്ങൾ എന്നും രാജാവിന്റെ പുത്രന്മാരും പുത്രിമാരും ആയിരിക്കും. നമ്മുടെ വ്യക്തിത്വം അവന്റെ സംരക്ഷണത്തിലാണ്. അവൻ നമ്മെ ദത്തെടുക്കുന്നത് മൂലം നാം വിലമതിക്കപ്പെടുന്നവരും, സുരക്ഷിതരും, സംരക്ഷിക്കപ്പെട്ടവരും ആയിത്തീരുന്നു.

ദത്തെടുക്കലിലൂടെ, ദൈവസ്നേഹത്തിന്റെ ആഴവും സ്ഥിരതയും മുമ്പെങ്ങുമില്ലാത്തവിധം നാം മനസ്സിലാക്കുന്നു. ദത്തെടുക്കലിലൂടെ ഞങ്ങൾ ഫീബിയെ തേടിയെത്തുകയും, ഞങ്ങളുടെ പ്രിയ പൈതലായി അവളെ അവകാശപ്പെടുകയും ചെയ്തു. അതുപോലെ നമ്മുടെ പിതാവ് നമ്മെ തേടിയെത്തുന്നു, അവകാശപ്പെടുന്നു, ഒരിക്കലും നമ്മോട് പുറംതിരിഞ്ഞു നിൽക്കുന്നില്ല. ഞങ്ങളുടെ മകളോട് ഞങ്ങൾക്കുള്ള സമർപ്പണം പോലെ, നമ്മോടുള്ള ദൈവത്തിന്റെ പ്രതിബദ്ധത ഏറ്റവും വലുതാണ്; അവന്റെ ലംഘിക്കാനാവാത്ത ഉടമ്പടി മരണത്തേക്കാൾ ശാശ്വതമാണ്.

ദൈവം നമ്മെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നുവെന്ന് ദത്തെടുക്കൽ കാണിക്കുന്നു. ഒരു പെറ്റമ്മ എന്ന നിലയിലും, വളർത്തമ്മ എന്ന നിലയിലും, എനിക്ക് എന്റെ ആൺകുട്ടികളോട് തോന്നുന്ന രീതിയും, എന്റെ പെൺകുട്ടിയെക്കുറിച്ച് എനിക്ക് തോന്നുന്ന രീതിയും താരതമ്യം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം, അതിൽ ഒരു വ്യത്യാസവുമില്ലെന്ന് ഇപ്പോൾ എനിക്കറിയാം. ദത്തെടുക്കൽ നമ്മെ വീണ്ടും പഠിപ്പിക്കുന്നത്, ദൈവം തന്റെ എല്ലാ മക്കളിലും ഒരേപോലെ സന്തോഷിക്കുകയും, അവരെ ആർദ്രതയോടെ പരിപാലിക്കുകയും ചെയ്യുന്നു എന്നതാണ്. വിശ്വാസികൾ എന്ന നിലയിൽ, നാമെല്ലാവരും ദത്തെടുക്കപ്പെട്ടവരാണ്, അതിനാൽ, അവന്റെ സ്നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ യാതൊന്നിനും കഴിയില്ല.

ദൈവം അനാഥരുടെ പരിപാലകനായതിനാൽ, ദത്തെടുക്കലിലൂടെ നമുക്കും അങ്ങനെയാകാൻ കഴിയും. സ്വയം സംരക്ഷിക്കാൻ കഴിയാത്തവർക്ക് ദൈവം അഭയവും, സഹായവും വാഗ്ദാനം ചെയ്യുന്നു. അനാഥർക്ക് ഭക്ഷണം നൽകുവാനും, അവരെ കരുതുവാനും, അവരുടെ തെറ്റുകൾ തിരുത്തുവാനും ദൈവം നമ്മെ ക്ഷണിക്കുന്നു. ദൈവം ചെയ്യുന്നതുപോലെ അവരെ സംരക്ഷിക്കുവാനും, പിന്തുണയ്ക്കുവാനും അവൻ നമ്മെ വിളിക്കുന്നു. “യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു;” എന്ന് സങ്കീർത്തനം 146:9-ൽ പറയുന്നു. ദത്തെടുക്കൽ മൂലം ലോകം മുഴുവനുമുള്ള അനാഥരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല, പക്ഷേ അത് ഒരു അനാഥന്റെ പ്രതിസന്ധി പരിഹരിക്കും. ദൈവം കുരികിലിനെ സംരക്ഷിക്കുന്നതുപോലെ നമുക്കും ചെയ്യാം.

banner image

“ഞാൻ നിങ്ങളെഅനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” എന്ന് യോഹന്നാൻ 14:18-ൽ യേശു പറയുന്നു.

ഈ വാക്യം നമുക്കെല്ലാവർക്കും-പിതാവിന്റെ ഓരോ പൈതലിനും- വേണ്ടിയുള്ളതാണ്. മനുഷ്യരെന്ന നിലയിൽ നാം പലപ്പോഴും ആശയറ്റവരോ, ഉപേക്ഷിക്കപ്പെട്ടവരോ ആണെങ്കിലും, ദൈവം തന്റെ പുത്രന്മാരെയും പുത്രിമാരെയും ആശ്വസിപ്പിക്കുകയും, അവന്റെ സ്നേഹം നമ്മുടെമേൽ ചൊരിയുകയും ചെയ്യുന്നു. ദൈവം നമ്മെ ഉപേക്ഷിച്ചുകളയാതെ, നമ്മുടെ അടുത്തേക്ക് ഓടിവരുന്നു. അവൻ നമ്മെ വിട്ടുപോകുന്നില്ല; പകരം, അവൻ നമ്മോടുകൂടെ വസിക്കുന്നു. അവൻ സൂക്ഷിക്കുകയും, സംരക്ഷിക്കുകയും, നിലനിർത്തുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം നമുക്കുവേണ്ടി വന്ന് നമ്മെ ദത്തെടുക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. നാം അവനുള്ളവരാണ്.

ദൈവത്തിന്റെ പ്രതിച്ഛായ വാഹകരെന്ന നിലയിൽ നമുക്ക് എന്തെല്ലാം ഉത്തരവാദിത്തങ്ങളുണ്ട്? നിയമപരമായ ദത്തെടുക്കൽ എന്നതിനർത്ഥം നാം കുട്ടികളെ അനാഥരായി ഉപേക്ഷിക്കുകയല്ല, അവരെ നേരിട്ട് സഹായിക്കാൻ മുന്നോട്ട് വരികയാണ്. എന്നാൽ ദത്തെടുക്കൽ മാത്രമല്ല നമ്മുടെ ദത്തെടുക്കുന്ന ദൈവത്തെ അനുകരിക്കാനുള്ള ഏക മാർഗം; “അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്ന” ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയും ആവശ്യമാണ് (യാക്കോബ് 1:27).

അനാഥർ ആരൊക്കെയാണെന്ന് നോക്കാം. ഇത് “നിയമപരമായ” അനാഥരെ മാത്രമല്ല അർത്ഥമാക്കുന്നത്. അനാഥരെക്കുറിച്ച് ബൈബിളിൽ നാൽപ്പത്തിരണ്ട് പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്. പിതാവില്ലാത്ത വ്യതികളെയാണ് അനാഥർ എന്ന് പറഞ്ഞിരിക്കുന്നത്. (അതെ, നിങ്ങൾ എപ്പോഴും നിങ്ങളുടെ അമ്മയോടൊപ്പമാണ് ജീവിച്ചിരുന്നതെങ്കിൽപ്പോലും, നിങ്ങളുടെ പിതാവ് മരിച്ചാൽ, നിങ്ങൾ അനാഥനായി കണക്കാക്കപ്പെട്ടിരുന്നു.) വിശ്വാസരാഹിത്യമുള്ള ഇന്നത്തെ തലമുറയ്ക്ക്, വേദപുസ്തത്തിൽ അനാഥരെ എങ്ങനെ കണ്ടിരുന്നു എന്നതിൽ നിന്ന് പലതും പഠിക്കാനുണ്ട്. ദൈവം ചെയ്യുന്നതുപോലെ നമുക്ക് എങ്ങനെ അനാഥർക്ക് വേണ്ടി നിലകൊള്ളുവാൻ കഴിയും?

തെറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഒരു കൗമാരക്കാരന് നിങ്ങൾ ഒരു മൂത്ത സഹോദരന്റെയോ, സഹോദരിയുടെയോ സ്ഥാനം ഏറ്റെടുതുകൊണ്ട് ഒരു മാർഗ്ഗദർശിയാകുക; മാതാപിതാക്കളില്ലാത്തവരിൽ, അല്ലെങ്കിൽ ചില കാരണങ്ങളാൽ മാതാപിതാക്കളിൽ നിന്ന് അകന്നവരിൽ താൽപ്പര്യം കാണിക്കുക. അവിവാഹിതയായ അമ്മ വളർത്തുന്ന ഒരു ആൺകുട്ടിയെ ഫുട്ബോളോ, ക്രിക്കറ്റോ കളിക്കാൻ കൊണ്ടുപോകുക. നമ്മുടെ സമൂഹത്തിൽ കുട്ടികളെ ശരിയായി വളർത്താൻ സാധിക്കുന്നില്ല. നമ്മൾ ജാഗ്രത പുലർത്തുകയാണെങ്കിൽ, ഇന്നത്തെ “അനാഥകരെ” കണ്ടെത്തി അവരെ സഹായിക്കാം. ദൈവത്തെപ്പോലെ, ദത്തെടുക്കുന്ന മനഃസ്ഥിതി വളർത്തിയെടുക്കണം.

കുട്ടികളുടെ ഭയം കുറയ്ക്കാൻ പരിശ്രമിച്ച, അന്തരിച്ച അമേരിക്കൻ ടിവി പ്രഭാഷകൻ മിസ്റ്റർ റോജേഴ്‌സ് പറഞ്ഞു, “ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ, വാർത്തകളിൽ ഭയപ്പെടുത്തുന്ന കാര്യങ്ങൾ കാണുമായിരുന്നു. എന്റെ അമ്മ എന്നോട് പറയുമായിരുന്നു, ‘സഹായികളെ അന്വേഷിക്കുക. സഹായിക്കുന്നവരെ നിങ്ങൾ എപ്പോഴും കണ്ടെത്തും.’’’ അനാഥരെ സംബന്ധിച്ചിടത്തോളം ലോകം ഭയപ്പെടുത്തുന്ന സ്ഥലമാണ്. നമുക്ക് അവരെ അന്വേഷിച്ചു ചെല്ലാം, അവർക്ക് ആവശ്യമുള്ള സഹായികളാകാം.

അനാഥരെ സ്വീകരിക്കുകയും, തന്നോട് ചേർക്കുകയും ചെയ്യുന്നവനായ ദൈവത്തിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്നതിനുള്ള ഒരു മാർഗം ഇതാണ്: ഒരു കുടുംബത്തിന്റെ അന്തരീക്ഷത്തിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഏതു വ്യക്തിയെയും സ്വീകരിക്കുന്ന ഒരു കൂട്ടായ്‍മ രൂപീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക്: “Evangelism: Reaching Out Through Relationships” https://discoveryseries.org/courses /evangelism-reaching-out-through-relationships/

 

ഞങ്ങളുടെ സുഹൃത്തായ ലൂയിസയെ മൂന്നാം വയസ്സിൽ ബാലസംരക്ഷണ കേന്ദ്രത്തിൽ നിന്ന് സ്നേഹമുള്ള, പ്രായമായ മാതാപിതാക്കൾ ദത്തെടുത്തു. പതിനൊന്നാം വയസ്സിൽ വളർത്തുപിതാവും, പിന്നീട് പതിനാലാമത്തെ വയസ്സിൽ വളർത്തമ്മയും നഷ്ടപ്പെട്ടതും ഞാൻ ഓർക്കുന്നു.ലൂയിസയ്‌ക്ക് ബാലസംരക്ഷണ കേന്ദ്രത്തിലേക്ക് തിരികെ പോകുന്നതിന് പകരമുള്ള ഏക പോംവഴിയായിരുന്നു മുപ്പതു വയസ്സുള്ള അവളുടെ വളർത്തു സഹോദരനൊപ്പം താമസിക്കുക എന്നത്. അവളുടെ സഹോദരൻ മാർവിൻ നല്ലവനായിരുന്നുവെങ്കിലും, കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ വളർത്താനുള്ള സാമ്പത്തികശേഷി അയാൾക്ക് ഉണ്ടായിരുന്നില്ല. പതിനെട്ടാം വയസ്സിൽ, ലൂയിസ പൊതു ഭവനങ്ങളിൽ താമസിക്കുകയും ബില്ലുകൾ അടയ്‌ക്കാനും ജീവിക്കാനും വളരെ കഷ്ടപ്പെടുകയും ചെയ്തു. അവൾക്ക് കോളേജിൽ പോകുകയോ ഒരു ബിസിനസ്സിൽ അഭിവൃദ്ധി പ്രാപിക്കുകയോ ചെയ്യാൻ കഴിഞ്ഞില്ല.ഇപ്പോൾ ഇരുപത്തിനാലു വയസ്സുള്ള ഈ അനാഥയെ പരിപാലിക്കാനുള്ള പദവി ഞങ്ങളുടെ കുടുംബത്തിനും സഭയിലെ മറ്റുള്ളവർക്കും ലഭിച്ചിരിക്കുന്നു. ഞങ്ങൾ അവളെ ഉച്ചഭക്ഷണത്തിന് ഹോട്ടലിൽ കൊണ്ടുപോകുകയും, ഞങ്ങളുടെ വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്യാറുണ്ട്. ഈയിടെയായി, ഇടയ്ക്കിടെ വന്ന് വീട് വൃത്തിയാക്കാൻ അവളെ വിളിക്കുകയും ചെയ്തു. (അവൾക്ക് ക്ലീനിംഗ് ഇഷ്ടമാണ്; എനിക്കിഷ്ടമല്ല!) ലൂയിസ വൃത്തിയാക്കാൻ വരുമ്പോൾ, എനിക്ക് അവളെ ആലിംഗനം ചെയ്ത് സ്വീകരിക്കാം, അവളുടെ കൂടെ സംസാരിക്കാം, അവൾക്ക് ഭക്ഷണം നൽകാം, കൂടുതൽ കൂലി നൽകാം. പള്ളിയിലെ മറ്റുള്ളവരും അവൾക്ക് ഭക്ഷണം കൊടുക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവളുടെ കോളേജ് ഫീസിന് വേണ്ടി സംഭാവന നൽകി. സന്നദ്ധ സംഘടനകളിൽ നിന്നും, സർക്കാർ ഏജൻസികളിൽ നിന്നും അധിക സഹായം ലഭിക്കുന്നതിന് സങ്കീർണ്ണമായ എഴുത്തുകുത്തുകൾ പൂർത്തിയാക്കുവാൻ അവളെ സഹായിച്ചു. അവൾ ഞങ്ങളുടെ പള്ളികുടുംബത്തിൽ പെട്ടവളായതിനാൽ ഞങ്ങൾ അവൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. സത്യസന്ധമായി പറഞ്ഞാൽ, ഈ അനാഥയെ അവളുടെ “സങ്കടത്തിൽ സഹായിക്കുക” എന്നതിന്റെ അർത്ഥം വലുതും ചെറുതുമായ, ഭൗതികവും ആത്മീയവുമായ വഴികളിൽ അവളെ പിന്തുണയ്ക്കുക എന്നതാണ്.

ലൂയിസയെപ്പോലെ നിങ്ങളുടെ രാജ്യത്തെയും അയൽപക്കത്തെയും അനാഥരെ കണ്ടെത്തുവാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. രക്തബന്ധത്തെക്കാൾ വലിയ കുടുംബബന്ധം ഉണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കണം എന്നതാണ് ഇതിന്റെ അർത്ഥം. നാം ചില അമ്മമാരെയും, അപ്പന്മാരെയും, സഹോദരിമാരെയും, സഹോദരന്മാരെയും, പെൺമക്കളെയും, ആൺമക്കളെയും തിരഞ്ഞെടുക്കുന്നു, നിയമപരമായ എഴുത്തുകുത്തുകൾ ഇല്ലാതെ.

ഉദാഹരണത്തിന്, ജനനം മൂലമോ, ദത്തെടുക്കൽ മൂലമോ എന്നോട് ബന്ധമിലാത്ത വ്യക്തിയാണ് എന്റെ സഹോദരൻ ട്രോയ്. 20 വർഷം മുമ്പ്, മിഷിഗനിലെ ഗ്രാൻഡ് റാപ്പിഡ്‌സിലെ പള്ളിയിലെ നഴ്‌സറിയിൽ നിന്ന് ഞങ്ങൾ ഞങ്ങളുടെ കുഞ്ഞുങ്ങളെ എടുക്കുവാൻ ചെന്നപ്പോഴാണ് കണ്ടുമുട്ടിയത്. ഞങ്ങളെ അത്ഭുതപ്പെടുത്തിയത്, ഞങ്ങൾ രണ്ടുപേരും 1,000 മൈൽ അകലെയുള്ള ഒരേ നഗരത്തിൽ നിന്നുള്ളവരായിരുന്നു എന്നതാണ്. ഒരേ സ്പോർട്സ് ടീമിന്റെ വലിയ ആരാധകരായ ഞങ്ങൾ രണ്ടുപേരും സമാനമായ പാരമ്പര്യത്തിൽ നിന്നുള്ളവരായിരുന്നു. ട്രോയിയും ഞാനും നിമിഷങ്ങൾക്കുള്ളിൽ പരസ്പരം പൂർണ്ണമായും മനസ്സിലാക്കി. ഞങ്ങൾ രണ്ടുപേരും ഗൃഹാതുരത്വത്തിലായിരുന്നു. ഒരുപാട് വിശദീകരണങ്ങളില്ലാതെ ഞങ്ങൾ പറയുന്നത് മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ ഞങ്ങൾ തേടി നടക്കുകയായിരുന്നു. നിരവധി വർഷങ്ങളായി, എണ്ണമറ്റ ഒത്തുചേരലുകൾ, ജന്മദിന പാർട്ടികൾ, കാനഡ ഡേ പിക്നിക്കുകൾ, കനേഡിയൻ താങ്ക്സ്ഗിവിംഗ് ആഘോഷങ്ങൾ എന്നിവയിലൂടെ ഞങ്ങളുടെ രണ്ട് കുടുംബങ്ങളും ഒരു കുടുംബത്തെപ്പോലെ ആയി. അവന്റെ ഭാര്യ എനിക്ക് സഹോദരിയാണ്, എന്റെ ഭർത്താവ് അവർക്ക് ഒരു സഹോദരനാണ്. ട്രോയ് അടുത്തിടെ ഒരു മുത്തച്ഛനായപ്പോൾ, “ലോറിലി അമ്മായി” എന്ന എന്റെ വേഷം ഞാൻ ഗൗരവമായി എടുക്കുകയും അവന്റെ പേര് എംബ്രോയ്‌ഡറി ചെയ്ത ഒരു ഉടുപ്പ് വാങ്ങുകയും ചെയ്തു.

“ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു;” ദാവീദ് രാജാവ് സങ്കീർത്തനം 68: 6 ൽ പറയുന്നു. ദൈവം എന്നെ ട്രോയിയുടെ കുടുംബത്തിലും അവനെ എന്റേതിലും ഉൾപ്പെടുത്തി.

ദൈവത്തിന്റെ മക്കളെന്ന നിലയിൽ, രക്തബന്ധത്തെ മറികടക്കുന്ന ഒരു കുടുംബത്തിലേക്ക് നാമെല്ലാവരും ദത്തെടുക്കപ്പെട്ടിരിക്കുന്നു. നമ്മൾ സമ്മതത്തോടെ തലകുലുക്കിയേക്കാം-അതെ, അതെ, തീർച്ചയായും അത് ശരിയാണ്-എന്നാൽ നാം അത് ശരിക്കും വിശ്വസിക്കുന്നുണ്ടോ? നമ്മുടെ പ്രാഥമിക സവിശേഷതയായ സ്‌നേഹം ചൊരിയപ്പെട്ട ദൈവമക്കൾ എന്ന വസ്തുതയിൽ നാം യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ? 1 യോഹന്നാൻ 3:1-ൽ “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു;”

ദൈവത്തിന്റെ പ്രിയപ്പെട്ടവർ എന്ന നമ്മുടെ സവിശേഷതയുടെ അവിശ്വസനീയമായ യാഥാർത്ഥ്യത്തെക്കുറിച്ച് കൂടുതൽ ധ്യാനിക്കാനും അതിൽ മുഴുകാനും “Beloved” https://discovertheword.org/series/beloved/ എന്ന വചന പരമ്പര കേൾക്കുക.

അതെ, ഒരു വിള്ളൽ വീണ ഈ നീല ഭൂഗോളത്തിലെ ജീവിതത്തിൽ ഞാൻ സ്നേഹിക്കപ്പെടുന്നില്ല എന്ന് തോന്നാനുള്ള നിരവധി സാഹചര്യങ്ങളുണ്ട്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ, അതിന്റെ റിസൾട്ട് കണ്ട് ഞാൻ ഞെട്ടിപ്പോയി: “ടെഡ് ഗിൽമോർ നിങ്ങളുടെ പിതാവാണ്.” ഇത് അങ്ങനെയാണെന്ന് 95% ഉറപ്പോടെ എനിക്ക് അറിയാമായിരുന്നു, പക്ഷേ, ശാസ്ത്രത്തിന്റെ പിന്തുണയോടെ അത് അനിഷേധ്യമായി പറഞ്ഞത് എന്നെ ഞെട്ടിച്ചുകളഞ്ഞു. എന്നിട്ടും തന്റെ പാരമ്പര്യം എന്റെ ഉള്ളിൽ വച്ചിരിക്കുന്ന ആ മനുഷ്യന് എന്റെ പിതാവാകാൻ താൽപ്പര്യമില്ലായിരുന്നു. 1967-ലെ വേനൽക്കാലത്ത് അദ്ദേഹം എന്റെ അമ്മയിൽ നിന്ന് അകന്നുപോയി, അന്നുമുതൽ അവൻ അകന്നുപോകുകയായിരുന്നു.

പക്ഷേ, പിതൃത്വത്തിന്റെ ദയനീയമായ പരാജയത്തിന്റെ അവശിഷ്ടങ്ങളിൽ, നമ്മുടെ തികഞ്ഞ, സ്നേഹനിധിയായ പിതാവിലേക്ക് ഞാൻ തിരിച്ചെത്തി. (എന്നാൽ ഉടനടി അല്ല. എന്റെ “യഥാർത്ഥ” പിതാവാണെന്ന് ഭൂരിഭാഗം ആളുകളും സമ്മതിക്കുന്ന പുരുഷൻ എന്നെ പൂർണ്ണമായി തള്ളിക്കളഞ്ഞതിന്റെ കാരണം മനസ്സിലാക്കാൻ ഞാൻ പാടുപെട്ടു. ആ തിരസ്കരണം ആ പഴയ മുറിവിനെ വലുതാക്കി.)

ഇപ്പോഴെങ്കിലും റ്റെഡ് എന്നെ വേണമെന്ന് ആഗ്രഹിക്കുമെന്ന സ്വപ്നം അസ്തമിച്ചപ്പോൾ, എന്നിൽ ഒരു പുതിയ കാര്യം ഉദിച്ചു. അന്നും ഇന്നും എന്നും എന്നെ ആഗ്രഹിച്ചും തിരഞ്ഞെടുത്തും കാത്തുസൂക്ഷിച്ചും എന്നോടൊപ്പവും ഉണ്ടായിരുന്ന എന്റെ നിത്യപിതാവിന്റെ കരങ്ങളിൽ അഭയം പ്രാപിക്കുവാനുള്ള അവസരമായി അത് മാറി.

അവൻ നിങ്ങളുടെ എക്കാലത്തെയും പിതാവാണ്. നിങ്ങൾ ദത്തെടുക്കപ്പെട്ട വ്യക്തിയാണോ, ദത്തെടുക്കുന്ന രക്ഷിതാവാണോ, അല്ലെങ്കിൽ, അനാഥരും തിരസ്‌ക്കരിക്കപ്പെട്ടവരും ആണെന്ന തോന്നലുണ്ടായാലും, അവന്റെ കഴിവുള്ള കരങ്ങളിൽ വസിക്കുക. “എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.” (2 കൊരിന്ത്യർ 6:18).

    അവൻ നിങ്ങളുടെ ജീവിതത്തിന്റെ ഓട്ടുകഷണങ്ങൾ പെറുക്കിയെടുത്ത് പുതുക്കി നിങ്ങളെ പൂർണതയിലേക്കും സമാധാനത്തിലേക്കും എത്തിക്കുന്നു—ഒന്നും നഷ്ടപ്പെട്ടില്ല, ഒന്നും തകർന്നിട്ടില്ല. നാം ഇനി ഒരിക്കലും അനാഥരല്ല.

 

banner image