വായനാഭാഗം : മർക്കൊസ് 9:14 – 29

ശിഷ്യന്മാർ സ്വകാര്യമായി അവനോട്: ഞങ്ങൾക്ക് അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്ത് എന്ന് ചോദിച്ചു. പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടു പോകുകയില്ല എന്ന് അവൻ പറഞ്ഞു. (വാ. 28, 29)

നിങ്ങളുടെ പരാജയങ്ങൾ മുഴുവൻ എല്ലാവരും കാണാനായി ഒരു ഭിത്തിയിൽ എഴുതാൻ പറഞ്ഞാലോ? നിങ്ങളുടെ ബോസ് ആണ് ഇങ്ങനെ ആവശ്യപ്പെടുന്നതെങ്കിലോ? ഡൻ ആന്റ് ബ്രാഡ് സ്ട്രീറ്റ് ക്രെഡിബിലിറ്റി കോർപ്പറേഷനിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതാണിത്. അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ജെഫ് സ്റ്റിബൽ , പരാജയത്തിന്റെ ഒരു ഭിത്തി സ്ഥാപിച്ചു. ജീവനക്കാരോട് ഈ 10 X 15 അടി ഭിത്തിയിൽ അവരുടെ പരാജയങ്ങൾ എഴുതാൻ പറഞ്ഞു; ജോലിയിലും ജീവിതത്തിലും വിജയിക്കാൻ ഇതവരെ സഹായിച്ചു.

തന്റെ ശിഷ്യന്മാർ തങ്ങളുടെ കുറവുകൾ അംഗീകരിച്ച് പ്രവർത്തിച്ചാലേ ദൗത്യത്തിൽ വിജയിക്കുകയുള്ളു എന്ന് യേശു പഠിപ്പിച്ചു. ശിഷ്യന്മാർക്ക് എഴുതിവെക്കാവുന്ന ഒരു കാര്യം ഇതാണ്: ” ഭൂതങ്ങളെ പുറത്താക്കുന്ന കാര്യത്തിൽ പ്രാർത്ഥിച്ച് ദൈവശക്തി പ്രാപിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു.”

യേശു , മറുരൂപ മലയിൽനിന്ന് പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരോടൊപ്പം ഇറങ്ങിവരുമ്പോൾ ഭൂതബാധിതനായ മകനെയോർത്ത് വ്യാകുലപ്പെട്ടിരിക്കുന്ന ഒരു പിതാവിനെ കണ്ടു (മർക്കൊസ് 9:2-3 , 17-18 ) . ദുരാത്മാവ് ബാധിച്ച അവന് കേൾവിയും സംസാരശേഷിയും ഇല്ലായിരുന്നു.

സൗഖ്യത്തിനായി മകനെ ഈ പിതാവ് യേശുവിന്റെ അടുക്കലേക്കാണ് കൊണ്ടു വന്നിരുന്നത്. എന്നാൽ യേശു അവിടെ ഇല്ലാതിരുന്നതിനാൽ ശിഷ്യന്മാരെ സമീപിച്ചു. ശിഷ്യന്മാർക്ക് ഭൂതങ്ങളെ പുറത്താക്കാൻ അധികാരം ഉണ്ടായിരുന്നു (6:7, 13) എങ്കിലും ഈ കാര്യം അവർക്ക് സാധിച്ചില്ല. യേശു അവനെ സൗഖ്യമാക്കിയപ്പോൾ ശിഷ്യന്മാർ ചോദിച്ചു: ” ഞങ്ങൾക്ക് അതിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്ത് ?” ( 9:28 ). ദൈവത്തിൽ ആശ്രയിച്ച് അവനോട് പ്രാർത്ഥിക്കുന്നതിന് പകരം ശിക്ഷ്യന്മാർ സ്വന്തശക്തിയിൽ അത് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെടകയാണുണ്ടായത്.

നാമെല്ലാവരും ജീവിതത്തിൽ പൈശാചിക ആക്രമണം നേരിടാറുണ്ട്. നമ്മുടെ പാപപ്രവണത നമ്മെ പ്രലോഭനങ്ങളിൽ വീഴ്ത്തി പരാജയപ്പെടുത്താറുണ്ട്. ദൈവത്തിൽ കൂടുതൽ ആശ്രയിച്ച് വീഴ്ചയിൽ നിന്ന് രക്ഷപ്പെടാൻ എന്ത് ചെയ്യാനാകും? വചനം പഠിക്കാം (എഫെ.6:17), ആത്മീയ ആയുധവർഗം ധരിക്കാം (6: 10-17), വിശ്വാസത്തിൽ വളരാം (1 യോഹ.5:4,5), യേശുവിന്റെ ശക്തിയിൽ ശരണപ്പെടാം (യോഹ.16:33), പ്രാർത്ഥനയിലൂടെ അവനിൽ ആശ്രയിക്കാം (എഫെ.6:18).

– മാർവിൻ വില്യംസ്

ചെയ്യാം

2 രാജാ.4:32-35 വായിച്ചിട്ട്, ഏലീശ മരണത്തിന്റെ ഇരുണ്ട ശക്തിയോട് പോരാടിയത് എങ്ങനെയെന്ന് മനസ്സിലാക്കുക.

ചിന്തിക്കാം

ആത്മീയ ശത്രുവിനോട് പോരാടാൻ എങ്ങനെയൊക്കെയാണ് നിങ്ങൾ തയ്യാറെടുക്കേണ്ടത് ? എഫെ.6:10 – 17 ലെ ഏത് പടക്കോപ്പാണ് ഇന്ന് നിങ്ങൾക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത്?