ആകാശം ദൈവത്തിന്റെ മഹത്ത്വത്തെ വർണിക്കുന്നു;
ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു;
പകൽ പകലിന് വാക്കു പൊഴിക്കുന്നു;
രാത്രി രാത്രിക്ക് അറിവുകൊടുക്കുന്നു.
ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.
ഭൂമിയിൽ എല്ലാടവും അതിന്റെ അളവു നൂലും
ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു.
സങ്കീർത്തനങ്ങൾ 19:1-4a

സൃഷ്ടികൾ എങ്ങനെയാണ് ദൈവത്തെക്കുറിച്ച് തന്നെ പഠിപ്പിക്കുന്നത് എന്ന് ടോം സ്പ്രിങ്ങർ പറയുന്നത് കേട്ട് നമുക്കും പ്രകൃതിയെ അറിയാം. നാമും പുറത്തേക്ക് വരുമ്പോൾ ദൈവത്തെക്കുറിച്ച് എന്തെല്ലാം അറിയാൻ കഴിയും എന്ന് ഈ പേജുകളിലൂടെ അദ്ദേഹം പറയുന്നത്.

മുഖവുര

വിശുദ്ധിക്കായുള്ള സൃഷ്ടിയുടെ ആഹ്വാനം

നിക്ക് 8 വയസ്സുള്ളപ്പോൾ, ഞങ്ങളുടെ തടിച്ച, ചുവപ്പ് നിറമുള്ള കുടുംബ ബൈബിൾ എനിക്ക് ഭീതമായ ഒരു അത്ഭുതമായിരുന്നു. അതിന്റെ ആകൃതി, അച്ചടി കണ്ടെത്തുന്നതിനു മുമ്പ്, മധ്യകാലഘട്ടത്തിലെ കൈപ്പണിക്കാർ കൈ കൊണ്ട് എഴുതി വരച്ചുണ്ടാക്കിയ “പ്രകാശിതമായ” ബൈബിളുകളിലേക്ക് നമ്മുടെ സ്മരണയെ കൊണ്ടു പോകുമെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. ഓരോ അദ്ധ്യായത്തിന്റെയും ആദ്യ അക്ഷരം വലുതായി, സ്വർണ്ണ ലിപിയിൽ, മരത്തിൽ വള്ളി കയറിയതുപോലെ എഴുതിയിരുന്നു. ഗംഭീരവും മനോഹരവുമായി വരച്ച മാലാഖമാരുടെ ചിത്രങ്ങളും അതിലുണ്ടായിരുന്നു.

ഇങ്ങനെ മഹത്വകരമായി ചിത്രീകരിച്ച വാക്കുകളും വരകളും വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്: ദൈവം, വിശ്വാസം, ജീവിതം, മരണം, സ്വർഗം, ഭൂമി തുടങ്ങിയ വിഷയങ്ങളൊന്നും കളിയായി കണക്കാക്കേണ്ടതല്ല. ഞങ്ങളുടെ ബൈബിൾ ഈ യാഥാർത്ഥ്യം രാജകീയമായി അവതരിപ്പിച്ചു.

ദൈവനിവേശിതമായ ആ വിശുദ്ധ പേജുകളിൽ കണ്ട ചില വാക്കുകളോട് തോന്നിയ ഭയഭക്തിയാണ് ഈ ലേഖനങ്ങളിൽ പ്രകടിപ്പിക്കുന്നത്. ഞാൻ തെരഞ്ഞെടുത്ത ഏഴ് വാക്കുകൾ ആനന്ദം, ഭയം, ആശ്ചര്യം, കരുതൽ, പ്രയത്നം, ആധിപത്യം, ജീവൻ എന്നിവയാണ്. ഇവയെല്ലാം തിരുവെഴുത്തുകളുടെ പ്രതിപാദ്യമാണ്.

സൃഷ്ടിയിൽ ദൈവത്തിന്റെ സാന്നിധ്യം ശക്തമായി അനുഭവപ്പെട്ട സന്ദർഭം നമുക്ക് ഓരോരുത്തർക്കും ഓർത്തെടുക്കാനുണ്ടാകും. ചിലപ്പോൾ അതൊരു സൂര്യാസ്തമയമാകാം, കൊള്ളിമീൻ ആകാം, അരയന്നക്കൂട്ടമാകാം. നിരനിരയായി കൃത്യമായ സ്ഥാനനിർണയത്തിൽ പറക്കുന്ന പക്ഷിക്കൂട്ടമാകാം. ഈ കാഴ്ചകൾ നമ്മെ ആനന്ദിപ്പിക്കുന്നത് എന്തുകൊണ്ടാണ്? പ്രകൃതിയെ ആസ്വദിക്കാനുള്ള കഴിവ് ദൈവം നമ്മുടെ ഹൃദയങ്ങളിൽ നല്കിയിട്ടുണ്ടെന്നതാണ് എനിക്ക് ഏറ്റവും യുക്തമായി തോന്നുന്ന വിശദീകരണം. അത് നമ്മുടെ കാൽമുട്ടുകളിൽ ആത്മീയ താളം പോലെയാണ്. സൃഷ്ടപ്രപഞ്ചത്തിന്റെ മാസ്മരികതയിൽ ത്രസിക്കുന്ന നമ്മുടെ (വിശ്വാസികളല്ലാത്തവരുടെ കാര്യത്തിലും ശരിയായിരിക്കുന്ന) ആദ്യ പ്രതികരണം നന്ദിയുടേതാണ്. അത് പ്രകടിപ്പിക്കാതിരിക്കാനാവില്ല. പ്രകൃതിയെ ഒരു മാത്ര നിരീക്ഷിക്കുന്നത് നമ്മുടെ ഉള്ളങ്ങളെ ഫെബ്രുവരിയിൽ മാപ്പിൾ ചാറ് കഴിക്കുന്നതുപോലെ നന്ദിയുള്ളതാക്കും.

ശബ്ദങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ലോകത്തിൽ 24 മണിക്കൂറും ആമഗ്നരാണ് നാം. ഇവിടെയൊക്കെയുണ്ടെങ്കിലും മറ്റെവിടെയോ ആയിരിക്കുന്ന പ്രതീതിയാണ് നമുക്ക്. സമൂഹമാധ്യമങ്ങൾ നമുക്ക് നിർവൃതി വാഗ്ദാനം ചെയ്ത് കൊറിക്കാനുള്ള ചിലത് നല്കും. പക്ഷേ, അതിന്റെ അടിമത്തം കൂടുതൽ ഉത്ക്കണ്ഠാജനകമായ തീവ്രാഭിലാഷങ്ങളിലേക്ക് തള്ളിവിടുന്നു. കണ്ണും കാതും ഒക്കെ ഈ കൃത്രിമവും ക്ഷണികവും ആയവയിൽ ഉടക്കിക്കിടക്കുന്നതിനാൽ മിണ്ടാതിരുന്ന് ദൈവത്തെ അറിയാൻ (സങ്കീ. 46:10) നമുക്ക് കഴിയുന്നില്ല.

ഇങ്ങനെ ആകേണ്ടതില്ല. നാം കാത്തിരിക്കാനും ശ്രദ്ധിക്കാനും തയ്യാറാണെങ്കിൽ ദൈവം തന്റെ സൃഷ്ടികളിലൂടെ നമ്മെ പഠിപ്പിക്കും. അങ്ങനെ ചെയ്ത പ്രവാചകരും വിശുദ്ധരുമായ അനേക സ്ത്രീപുരുഷന്മാരോടൊപ്പം നമുക്കും അണിചേരാനാകും. മോശെ, യെഹെസ്കേൽ, യെശയ്യാവ്, യിരെമ്യാവ്, ഹന്നാ ദാവീദ് തുടങ്ങിയവരെല്ലാം പ്രകൃതിയെന്ന ദൈവാലയത്തിൽ വെളിപ്പെട്ട ദൈവത്തിന്റെ കരുതലും ജ്ഞാനവും കണ്ടെത്തിയവരാണ്. ഇവരെക്കാളെല്ലാം അധികം നമ്മുടെ കർത്താവ് ഇത് അനുഭവിച്ചു. യേശുവിന്റെ പഠിപ്പിക്കലുകളും ഉപമകളും എല്ലാം ഒരു ബാലൻ എന്ന നിലയിലും ഗലീലിയൻ ഗ്രാമങ്ങളിൽ ഒരു തൊഴിലാളി എന്ന നിലയിലും അനുദിനം പ്രകൃതിയിൽ നിന്ന് പഠിച്ച പാഠങ്ങളിൽ അടിസ്ഥാനപ്പെട്ടവയായിരുന്നു. യേശു മിക്കപ്പോഴും, പ്രത്യേകിച്ച് വലിയ പരീക്ഷണങ്ങൾ നേരിട്ട ഘട്ടങ്ങളിൽ, മരുഭൂമിയിലേക്കും ഏകാന്തതയിലേക്കും പോയി വിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു എന്ന് സുവിശേഷങ്ങൾ പറയുന്നു.

തന്റെ ദൗത്യകാലത്തെ അവസാന അനുഭവങ്ങളിൽ ഒന്ന് യേശു താബോർ മലയിൽ രൂപാന്തരപ്പെട്ടതാണ്. അവന്റെ മുഖവും വസ്ത്രവും വെളിച്ചം പോലെ തിളങ്ങി; തന്റെ ഭൗമിക ദൗത്യത്തിന്റെ അവസാന അധ്യായങ്ങളുടെ തയ്യാറെടുപ്പ് എന്ന പോലെ.

ഒരു വേനൽക്കാല വൈകുന്നേരം ഉദ്യാനത്തിലെ കളകൾ പറിക്കുന്ന എനിക്ക് എന്തെങ്കിലും രൂപാന്തരം സംഭവിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്നാൽ എന്റെ മുഖഭാവത്തിൽ ഒരു തിളക്കം കാണാൻ കഴിയും; അത് വിയർത്തതിന്റെ ഫലമായല്ല. കുളി കഴിഞ്ഞിട്ടും ഒരു പ്രസാദത്തിന്റെ ലേപനം എന്നിൽ നിലനില്ക്കുന്നു. അത് എന്റെ ഉറക്കത്തെ സുഖകരമാക്കുകയും അടുത്ത ദിവസത്തെ ജോലിക്കായി മനസ്സിനെ സജ്ജമാക്കുകയും ചെയ്യും. എങ്ങനെയെന്ന് അറിയില്ലെങ്കിലും പുതുഫലങ്ങൾ പുറപ്പെടുവിക്കും വിധം എന്റെ ജീവിതവും പരിപാലിക്കപ്പെടുകയാണ്.

എന്റെ ജീവിതത്തിൽ സൃഷ്ടിയുടെ കിരണങ്ങൾ പ്രഭ ചൊരിഞ്ഞ നിമിഷങ്ങളുടെ വിവരണങ്ങളാണ് ഈ ലേഖനങ്ങൾ. ഞാൻ സങ്കല്പിക്കാത്ത വിധങ്ങളിലൂടെ ഇവ നിങ്ങളുടെയും ജീവിതത്തിൽ പ്രയോജനകരമാകട്ടെ എന്നാണ് എന്റെ പ്രാർത്ഥന. നമ്മുടെ ജീവിത സാഹചര്യങ്ങൾ എങ്ങനെ വ്യത്യസ്തമായിരുന്നാലും നമുക്ക് ഇക്കാര്യത്തിൽ ഒരു പോലെ സാക്ഷികളാകാം: ദൈവം സൃഷ്ടിച്ച ഓരോ തന്മാത്രയിലും ദൈവത്തിന്റെ ജീവശക്തി കുടികൊളളുന്നുണ്ട്. ഒരു വലിയ ഘടികാരം നിർമ്മിച്ച് അതിന് കീ കൊടുത്തിട്ട് കടന്നു പോയ ഘടികാരനിർമ്മാതാവ് അല്ല ദൈവം. അവൻ എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അവന്റെ നദികൾ ആനന്ദം കൊണ്ട് കൈ കൊട്ടിക്കൊണ്ടേയിരിക്കുന്നു; അവന്റെ ആകാശം ദൈവമഹത്വത്തെ നിരന്തരം വർണ്ണിച്ചു കൊണ്ടിരിക്കുന്നു. അവയോടൊപ്പം ചേരാൻ നാം മടിച്ചു നില്ക്കുന്നത് എന്തിന്?

ഒന്ന്

ആനന്ദം

ത് ഒരു കുട്ടിയുടെ പ്രാർത്ഥനയായിരുന്നു; സർവ്വശക്തന് ചെയ്യാൻ വലിയ കാര്യങ്ങൾ ഉണ്ടെന്ന് അറിയാവുന്ന മുതിർന്ന ഒരാൾ ഇങ്ങനെ പ്രാർത്ഥിക്കില്ല. എങ്കിലും ആ പ്രാർത്ഥന മുകളിലേക്ക് പറന്നു, ഞൊറിഞ്ഞടുക്കിയ മേഘപാളികളും കടന്ന്.

അവധിക്കാലം 20 മിനിറ്റ് നേരത്തെ ആരംഭിച്ചു. എന്റെ സഹോദരന്റെ കുടുംബവും ഞാനും ചേർന്ന് വാടകയ്ക്ക് എടുത്ത വീടിന്റെ കല്ല് നിരത്തിയ പാർക്കിങ്ങ് സ്ഥലത്തേക്ക് ട്രെയിലർ ഉള്ള ഞങ്ങളുടെ വാൻ വന്ന് നിന്നു. ഭക്ഷണസാധനങ്ങളെല്ലാം പെട്ടെന്ന് ഇറക്കി അടുക്കി വെച്ചിട്ട് ഞാൻ ചൂണ്ടയുമായി തടാകത്തിലേക്ക് പറന്നു.

ഇവിടെ താമസിച്ച 15 വർഷങ്ങളിലും എന്റെ പതിവ് ഇതായിരുന്നു. ഷൂസ് വലിച്ചൂരി നഗ്നപാദനായി ആഴം കുറഞ്ഞ വെള്ളത്തിൽ കാലാഞ്ചി മീനിനെ പിടിക്കാനായി ഇറങ്ങും. എല്ലാ വർഷവും അവധിക്ക് ഇത് പതിവ് ആയിരുന്നു. വെള്ളത്തിൽ എന്നെത്തന്നെ മറന്ന് കഴിയും.

ഇത്തവണ എനിക്ക് പതിവില്ലാതെ ക്ഷീണം തോന്നി. ഒരാഴ്ച ഈ വനപ്രദേശത്ത് ചെലവഴിച്ചാലും ടെൻഷനും ക്ഷീണവും മാറില്ലേ എന്ന് ഞാൻ സംശയിച്ചു. ശരിക്കുള്ള അവധിക്ക് മുമ്പ് സമ്മർദം ഒക്കെ കുറയ്ക്കാൻ ഒരു ചെറിയ വിനോദം വേണ്ടിയിരുന്നു.

അങ്ങനെയാണ് ഒരു 11 വയസ്സുകാരനിൽ നിന്ന് ഒരു പാരവശ്യത്തിന്റെ പ്രാർത്ഥന ഉയർന്നത്:

“കർത്താവേ, നിനക്കറിയാമല്ലോ, ഒരു നല്ല മീനിനെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ എത്രയധികം കൊതിയോടെ ആഗ്രഹിക്കുന്നുണ്ടെന്ന് …”

“ഇപ്പോൾത്തന്നെ” എന്ന വാക്ക് പറയുന്നതിനു മുമ്പെ, അത് സംഭവിച്ചു. ചൂണ്ടയിൽ ഒരു വല്ലാത്ത വലിവ്. ചൂണ്ട എന്റെ കയ്യിലിരുന്ന് തുള്ളി. കുടുങ്ങിയ മീൻ രണ്ട് തവണ കുതിച്ച് ചാടി – വെള്ളത്തുള്ളികളും വെളിച്ചവും ചിതറിക്കൊണ്ട്. അല്പസമയത്തെ പരിശ്രമം കൊണ്ട് ഞാനതിനെ മഞ്ഞ വെള്ളത്തിൽ നിന്ന് ഉയർത്തി. ആഗ്രഹിച്ചതു തന്നെ സംഭവിച്ചു.

ക്ഷീണം മാറി ആനന്ദമായി, ഒരു നിമിഷാർദ്ധം കൊണ്ട്. ഒരു പൂർത്തിയാക്കാത്ത പ്രാർത്ഥനയുടെ ഫലം. ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ തികച്ചും അവിശ്വസനീയമാകുമായിരുന്ന കാര്യം. ഗലീല കടലിൽ കർത്താവിന്റെ കല്പന അനുസരിച്ച് വലനിറയെ മീൻ പിടിച്ച പത്രോസിന്റെ വഞ്ചിയിലുണ്ടായിരുന്നവരെപ്പോലെ എനിക്ക് തോന്നി. എന്റെ തുടർന്നുള്ള ദിവസങ്ങളിലൊന്നും ഇതുപോലൊരു നല്ല മീനിനെ ഞാൻ പിടിച്ചില്ല എന്നത് കുറിച്ചു വയ്ക്കാവുന്ന കാര്യമാണ്.

ഇത്തരം ആനന്ദാവസരങ്ങളിലാണ് സ്വർഗം ഭൂമിയിൽ ആണ് എന്ന് തോന്നുന്നത്; അല്ലെങ്കിൽ ഭൂമി സ്വർഗമായി മാറി എന്ന് തോന്നുന്നത്. ഏതു വിധത്തിലായാലും, “എനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാവ് 55:11) എന്ന് പറഞ്ഞതുപോലെ ആനന്ദവും പ്രവർത്തിക്കും. ആനന്ദം നമുക്ക് ആത്മീയവും ഭൗതികവും ആയ പുതിയ സൗന്ദര്യ സങ്കല്പം നല്കും. പ്രകൃതിയുടെ അത്ഭുതങ്ങൾ കാണുവാനുള്ള നമ്മുടെ കഴിവ് വർദ്ധിക്കുകയും നമ്മുടെ ഉള്ളങ്ങളിൽ നന്ദി നിറച്ച് സ്വാഭാവികമായ സ്തുതികൾ ഉയരുവാൻ ഇടയാക്കുകയും ചെയ്യും.

ആനന്ദത്തെ നമുക്ക് നാലിലയുള്ള ഒരു ത്രിപത്രി ചെടിയെന്ന പോലെ അന്വേക്ഷിച്ച് കണ്ടെത്താനാകില്ല. നമ്മെ അതിനായി ഏല്പിച്ചിട്ട് ആനന്ദം ആയിരിക്കുന്ന ഇടത്തും സമയത്തും നമ്മെ കണ്ടെത്താൻ അതിനെ അനുവദിക്കണം. ഹോളിവുഡ് നടനായ വുഡി അലൻ പറഞ്ഞത്: “മീറ്റിങ്ങുകളിൽ ഹാജരാകുന്നവരാണ് ലോകത്തെ നയിക്കുന്നത്” എന്നാണ്. ആനന്ദത്തിന്റെ കാര്യവും അങ്ങനെയാണ്. പ്രകൃതിയോട് ചേർന്ന് ശാന്തരും ശ്രദ്ധാലുക്കളും ആയിരിക്കുന്നവരെയാണ് ആനന്ദവും കടാക്ഷിക്കുന്നത്. നാം വിശ്വസ്തയോടെ ഒരു പാർക്കിലോ, മൈതാനത്തോ വനത്തിലോ നടന്നാൽ അത് നമ്മോടൊപ്പം വരും. നാം ഒരു പക്ഷിക്കൂടിന്റെ അരികിലൂടെ പോകുമ്പോഴോ കാറിന്റെ ഗ്ലാസിലൂടെയോ ജനൽ ചില്ലിലൂടെയോ അസ്തമനസൂര്യനെ നോക്കുമ്പോഴോ അത് ക്ഷണിക്കാതെ കടന്നുവരും..

ആനന്ദം കടന്നു വരുന്ന സമയം കുറ്റമറ്റതായിരിക്കും. പ്രകൃതിയിൽ നിന്ന് നാം പഠിക്കേണ്ടത് എന്തായാലും – യഥാർഥമായതോ പ്രതീകാത്മകമായതോ – ആ നിമിഷം അത് പഠിപ്പിക്കും. ഈ അനുഭവങ്ങൾ പൊതുവെ വ്യക്തിപരം ആയതിനാൽ നാം അവ പ്രകൃതിയുടെ ശക്തിയും സൗന്ദര്യവുമായി സാക്ഷ്യം പറയേണ്ടതുണ്ട്. ആനന്ദത്തെ കണ്ടെത്തിയ ഏറ്റവും ശ്രദ്ധേയമായ അനുഭവമായി എന്റെ മുമ്പിലുള്ളത് എനിക്ക് സംഭവിച്ച കാര്യമല്ല, എന്റെ അമ്മ ഡൊലോറസ് സ്പ്രിങ്ങറുടെ അനുഭവമാണ്.

1966 ൽ മാർച്ചിലാണത്. അഞ്ച് പേരടങ്ങിയ ഞങ്ങളുടെ കുടുംബം അന്ന് താമസിച്ചിരുന്നത് ഫ്ലോറിഡയിൽ ഒരു ചെറിയ കോൺക്രീറ്റ് വീട്ടിലാണ്. കാനവെറാൽ മുനമ്പ് അടുത്തായിരുന്നു. നാസ ജീവനക്കാരുടെ വീടുകളായിരുന്നു മിക്കവാറും ചുറ്റുമുള്ളവയെല്ലാം. എല്ലാവരും തന്നെ എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ദരും ശാസ്ത്രജ്ഞരും ആയിരുന്നു. അവരുടെ ആധുനിക ഉപകരണങ്ങളും ഇലക്ട്രോൺ മൈക്രോസ്കോപ്പും മറ്റും പ്രപഞ്ചത്തെക്കുറിച്ച് അവർക്ക് നല്ല വിജ്ഞാനം പകർന്നു നല്കി. എന്നാൽ ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള എന്റെ അമ്മയ്ക്ക് ഈ പരിജ്ഞാനം ഒന്നുമില്ലായിരുന്നു.

ആ രാത്രിയിൽ, യാതൊരു സാങ്കേതിക പരിമിതിയും ഇല്ലാതെ ദൈവിക സൃഷ്ടിയായ ആകാശ ഗോളങ്ങൾ എന്റെ അമ്മയോട് സംസാരിച്ചു. അത് വസന്തകാലമായിരുന്നു. പകൽ മുഴുവൻ അമ്മ പൂന്തോട്ടത്തിൽ പണിയെടുത്തു. ചെടികൾ നട്ടു, പറിച്ചു നട്ടു, നനച്ചു, കള പറിച്ചു. രാത്രി ഭർത്താവും മക്കളും ഉറങ്ങിയപ്പോൾ അമ്മ പൂന്തോട്ടത്തിൽ അന്ന് ചെയ്ത ജോലികൾ ഒന്നു കൂടി ആസ്വദിക്കാൻ പുറത്തിറങ്ങി. എന്നാൽ താഴേക്ക് നോക്കുന്നതിന് പകരം മുകളിലേക്ക് ഒന്ന് നോക്കി… ആകാശത്തിൽ കണ്ട കാഴ്ച അമ്മയുടെ ഏറ്റവും മനോഹരമായ ബൊഗെയിൻ വില്ലയെ പോലും നിസ്സാരമാക്കുന്നതായിരുന്നു.

ഞാനിത് മനസ്സിലാക്കിയത്, ഒരു കവിയല്ലാതിരുന്നിട്ടും, ആ രാത്രിയിൽ ആ അനുഭവത്തിൽ അമ്മ എഴുതിയ ഒരു കവിത കണ്ടപ്പോഴാണ്. അടുക്കളയിൽ അമ്മ സ്ഥിരമായി സൂക്ഷിച്ചിരുന്ന വരയിട്ട മഞ്ഞ ബുക്കിൽ ചെരിഞ്ഞ അക്ഷരങ്ങളിൽ എഴുതിയ കവിതയുടെ ഒരു പകർപ്പ്, ദശാബ്ദങ്ങൾക്ക് ശേഷം, അമ്മ എനിക്ക് തന്നു. ഇങ്ങനെയൊരു കവിത നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിനെ കവിതയായി കാണണ്ട. എന്നാൽ ആനന്ദത്തിന്റെ അനുഭവം ഒരാളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കാൻ ഇത് ഉപകരിക്കും. കവിതയിൽ നിന്ന് ഉദ്ധരിക്കട്ടെ:

ആ സന്ധ്യയുടെ ആകാശം കണ്ടപ്പോൾ എന്റെ ശ്വാസവും ചിന്തയും നിലച്ചു
എത്ര മനോഹരം, എന്റെ ദൈവമേ, നീ എന്തെല്ലാം അത്ഭുതങ്ങളാണ് ചെയ്തിരിക്കുന്നത്!
കറുത്തിരുണ്ട മാനം, തിളങ്ങുന്ന താരകൾ – കൈയെത്തും ചാരത്താണവ
അതിന്റെ അനന്തതയും അഗാധത്വവും എന്നിൽ ഭയനൊമ്പരം കിനിയിച്ചു
ഞാൻ എത്ര നിസ്സാര, എത്ര താഴ്ന്നവൾ, എത്ര ചെറിയവൾ
ഈ അപഗ്രഥനമെന്റെ ആത്മാവിലൊരു വിങ്ങലായി മാറി.
നക്ഷത്രജാലങ്ങളെക്കുറിച്ചെല്ലാം ശാസ്ത്രത്തിന് നെടുങ്കൻ വാദങ്ങളുണ്ട്
എന്നാൽ എന്റെ ഉത്തരങ്ങൾ ലളിതമാണവയാണ് അശേഷവും
താരകളിങ്ങനെ ജ്വലിച്ചു നില്ക്കുന്നതെന്തിനെന്നല്ലേ –
ഇരുണ്ട രാത്രിയിൽ തന്റെ മക്കളുടെ ആനന്ദത്തിനായി ദൈവം വച്ചതല്ലേ!
ആ സൗന്ദര്യദർശനത്തിൽ ആമഗ്നയായി നിന്നു ഞാൻ, അതാ –
ഒരു കൊച്ചു താരകം വിണ്ണിൽ നിന്നു താഴേക്കു വരുന്നു!
ആകാശത്തിലൊരു ജ്വാലയായ് അതിവേഗം കുതിക്കുന്നത്
തന്റെ കരവിരുതിനെ പുകഴ്ത്തിയ എന്നോടുള്ള ദൈവത്തിന്റെ നന്ദി പ്രകടനമോ!

ഒന്ന് സങ്കല്പിക്കുക. പ്രകാശവർഷങ്ങളായി തയ്യാറാക്കി വന്ന ഒരു സമ്മാനം, ഒരു ബാർബറുടെ വരുമാനത്താൽ ഉണ്ട് ഉടുത്ത് കഴിയുന്ന – 3 മക്കളടങ്ങുന്ന കുടുംബം കഴിയുന്ന – കൊച്ചു വീടിന്റെ പടിവാതില്ക്കൽ ഒരു വീട്ടമ്മയുടെ വിശ്വാസവും ക്ഷമയും പരീക്ഷിക്കുവാൻ ഇപ്പോൾ ഇതാ കൈമാറിയിരിക്കുന്നു!

അമ്പത് വർഷങ്ങൾക്കിപ്പുറവും ജ്വലിക്കുന്ന ആ ഗാലക്സിക്കഷണം തിളങ്ങുകയാണ്. ഇത് ഒരു ആത്മീയ സത്യമായി, വിശ്വാസത്തിന്റെ ഉരകല്ലായി പറഞ്ഞു കേട്ട കഥയായി കുടുംബത്തിന്റെ പ്രമാണമായി മാറിയിരിക്കുന്നു. ഇതാണ് പ്രപഞ്ചത്തിന്റെ ആനന്ദദായക ശക്തി: കൊള്ളിമീൻ പോലെ ക്ഷണികമാകാം, എന്നാൽ ഒരു ജീവിതകാലം മുഴുവൻ പ്രകാശിപ്പിക്കുന്ന ഒരു വാലതിനുണ്ടാകും.

രണ്ട്

ഭയം

ന്റെ കണക്കുകൂട്ടലിൽ, സൃഷ്ടികളെ നാം ഭയപ്പെടുന്നത് പ്രധാനമായും രണ്ട് വിധങ്ങളിലാണ്. ആദ്യത്തേതിന് ഉദാഹരണം കെന്റെക്കിയിലെ കമ്പർലാന്റ് തടാകത്തിൽ എന്റെ ജീവനു വേണ്ടി ഞാൻ പൊരുതിയ സന്ദർഭമാണ്..

ജൂലൈയിലെ ചൂടുളള ഒരു സായാഹ്നം. ഭാര്യയും ഞാനും കൂടി ഒരാഴ്ച ഒരു ഹൗസ് ബോട്ടിൽ താമസിക്കാൻ പോയതാണവിടെ. 65000 ഏക്കറുള്ള, അതിൽ 102 മൈലുകൾ പർവതത്തോട് ചേർന്ന തീരമുള്ള കമ്പർലാന്റ് തടാകത്തിൽ ധാരാളം ഹൗസ് ബോട്ടുകളുണ്ട്. മെലിഞ്ഞ് നീണ്ട ആകൃതിയിൽ, ഒറ്റപ്പെട്ട അനേകം ചെറു ചെറു തടാകങ്ങളായി സ്ഥിതിചെയ്യുന്ന ഇവിടെ ലോകത്തിൽ നിന്ന് അകന്ന് ഏകാന്തതയുടെ മടിത്തട്ടിൽ വിശ്രമിക്കാനാകും.

ചുറ്റും മരങ്ങൾ ഉള്ള ഒരു ചെറു ജലാശയത്തിൽ ഞങ്ങളുടെ ബോട്ട് ഉറപ്പിച്ച് നിർത്തിയിരിക്കുകയായിരുന്നു. ഞാൻ ഒന്ന് നീന്താൻ തീരുമാനിച്ചു. ബോട്ടിന് വെളിയിൽ ആരും ഇല്ലായിരുന്നു. ചിലർ ഉറങ്ങുന്നു, ചിലർ വായിക്കുന്നു. ചിലരൊക്കെ പ്രധാന തടാകത്തിൽ സ്കീയിങ്ങിന് പോയിരുന്നു. അത് പ്രശ്നമല്ല. ഞാൻ ഒരു നല്ല നീന്തൽകാരനാണെന്നാണ് എന്റെ വിചാരം. അതുകൊണ്ട് ഞാൻ ബോട്ടിൽ നിന്നും നൂറ് വാര അകലെയുള്ള കരയിലേക്ക് നീന്തി.

കരയെത്താറായപ്പോൾ എനിക്ക് ശ്വാസം കിട്ടാത്ത പോലെ – പക്ഷേ പിടിച്ച് നിലക്കാൻ ഒരിടമില്ലായിരുന്നു. തീരം കുത്തനെ കിടക്കുന്ന ഇടമായിരുന്നു, കരയിൽ നിന്ന് ഏതാനും അടി മാറി കഴുത്തൊപ്പം വെള്ളവും ഉണ്ട്. ചെളി നിറഞ്ഞ ഇടുങ്ങിയ അവിടെ കാലുറപ്പിച്ച് നിന്ന് ശ്വാസം എടുക്കാൻ പറ്റില്ലായിരുന്നു. എന്റെ അവിവേകവും ദുരഭിമാനവും മൂലം തിരിച്ച് നീന്താൻ ഞാൻ തീരുമാനിച്ചു.

പകുതി ദൂരം എത്തിയപ്പോൾ ക്ഷീണത്തിന്റെ ഒരു തിര നനഞ്ഞ സിമന്റ് പോലെ എന്റെ നെഞ്ചിൽ അടിച്ചു. ഞാൻ ഒരു ഓട്ടക്കാരനായിരുന്നു. ഓട്ടക്കാർ ക്ഷീണിക്കുമ്പോൾ അവർ ജോഗ് ചെയ്ത് ക്ഷീണം കുറക്കും. എന്നാൽ ക്ഷീണിതനായ നീന്തൽക്കാരൻ അത് ചെയ്യാൻ പാടില്ല. നീന്തലിൽ വേഗം കുറച്ച് നോക്കിയപ്പോൾ ഞാൻ മുങ്ങാൻ തുടങ്ങി. കുഴയാൻ തുടങ്ങി. പരിഭ്രാന്തനായി ഞാൻ. ഭയത്തോടെ ഞാൻ തിരിച്ചറിഞ്ഞു, അഥവാ ആരെങ്കിലും എന്റെ അലർച്ച കേട്ടാൽ തന്നെ അവർ ഹൗസ്ബോട്ട് നീക്കി എന്നെ രക്ഷിക്കാൻ എത്തുംമുമ്പേ ഞാൻ മുങ്ങിപ്പോകും.

“യേശുവേ, എന്നെ രക്ഷിക്കണേ!” എന്ന് ഞാൻ കരഞ്ഞ് പ്രാർത്ഥിച്ചിട്ടുണ്ടാകും. അതിനേക്കാൾ വേദശാസ്ത്രപരമായി ശരിയായ എന്താണുള്ളത്? എന്തായാലും നിമിഷങ്ങൾക്കകം, പണ്ട് ഫോർട്ട് നോക്സ് നീന്തൽ കുളത്തിൽ വച്ച് എനിക്ക് ലഭിച്ച ഒരു മിലിറ്ററി ട്രെയിനിങ്ങ് പാഠം പെട്ടെന്ന് ഓർമ്മയിൽ വന്നു. താഴ്ന്ന് പോകാതെ പൊങ്ങിക്കിടക്കാനുള്ള ഒരു ലളിതമായ വിദ്യയായിരുന്നു അത് (drown proofing). അന്ന് അത് ഒരു അനാവശ്യ പഠനമായി തോന്നിയിരുന്നതുകൊണ്ട് മനസ്സിൽ തന്നെ ഇല്ലായിരുന്നു. റോഡിൽ മാർച്ച് ചെയ്യുന്ന, ട്രഞ്ച് കുഴിക്കുന്ന ഒരു പട്ടാളക്കാരന് വെള്ളത്തിലെ വിദ്യ അനാവശ്യമായിരുന്നല്ലോ. എന്നാൽ കമ്പർലാന്റ് തടാകത്തിൽ എന്നെ രക്ഷിച്ചത് ഈ കാര്യമാണ്. സാവകാശം വെള്ളത്തിൽ നിശ്ചലമായി നില്ക്കാനും പരിഭ്രാന്തി അകറ്റാനും കഴിഞ്ഞു. ഒരു മിനിറ്റ് കഴിഞ്ഞ് ശ്വാസം സാധാരണ ഗതിയിലായി, ഞാൻ ബോട്ടിലേക്ക് സുരക്ഷിതമായി നീന്തിയെത്തി.

ഈ ദുരന്ത സാഹചര്യം എന്നെ കൂടുതൽ ജ്ഞാനിയാക്കി. വെള്ളത്തിൽ എത്ര പെട്ടെന്ന് കാര്യങ്ങൾ വഷളാകാം എന്ന് ഞാൻ പഠിച്ചു. എന്റെ നീന്തൽ വൈദഗ്ദ്ധ്യത്തിൽ എനിക്കുണ്ടായിരുന്ന വലിയ ഭാവം മാറി; ഒരു സാധാരണ കഴിവേയുള്ളു എന്ന് തിരിച്ചറിഞ്ഞു. “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു” (സങ്കീ.111:10), എന്ന വാക്യം എപ്പോഴത്തേക്കാളും പ്രസക്തമായി തോന്നി.

നാം പ്രകൃതിയുടെ വാതായനങ്ങൾ തുറന്ന് നിൽക്കുമ്പോൾ വിവേകപൂർവമായ ഭയം ദൈവിക ഉദ്ദേശ്യങ്ങളിലേക്ക് നമ്മെ നയിക്കും. നമ്മുടെ ഉള്ളിലെ മുന്നറിയിപ്പ് സംവിധാനം ഉണർത്തി, ഭോഷന്മാരെ പ്രയാസത്തിലേക്ക് വിടുന്നത് സന്തോഷത്തോടെയല്ല എന്ന പ്രകൃതിയുടെ തനതായ നന്മയെ കാണിച്ചു തരും, നമ്മുടെ വിവേകമില്ലാത്ത പ്രവൃത്തികൾക്ക് നാം വില കൊടുക്കേണ്ടിവരും: വിജനപ്രദേശത്ത് യാത്ര ചെയ്യുമ്പോൾ ബാഗിൽ ആവശ്യത്തിന് കുടിവെള്ളം കരുതിയില്ലെങ്കിൽ; ഒരു ബോട്ടിൽ ലൈഫ് ജാക്കറ്റ് ഇല്ലെങ്കിൽ; വിറകു കീറുമ്പോൾ കാല് ശ്രദ്ധിച്ചില്ലെങ്കിൽ: അല്ലെങ്കിൽ എന്റെ ഏറ്റവും വലിയ മണ്ടത്തരം – കാട്ടിൽ പോകുമ്പോൾ വിഷമുള്ള വള്ളിച്ചെടിയുടെ ഇല ടോയിലറ്റ് പേപ്പറിനു പകരം ഉപയോഗിക്കുമ്പോൾ. മേല്പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സംഭവിച്ചിട്ടുണ്ട്; അതിലേറ്റവും വേദനാജനകം വിഷച്ചെടിയുടെ അനുഭവമാണ്. ഒരു സമ്മർ ക്യാമ്പിൽ ഇതിന്റെ പേരിൽ എനിക്ക് വിളിപ്പേര് തന്നെ വീണിട്ടുണ്ട്.

ഞാൻ പറഞ്ഞ രണ്ടാമത്തെ ഭയത്തിന്റെ കാര്യമാണെങ്കിൽ, അത് ഭയക്കേണ്ട കാര്യമല്ല യഥാർത്ഥത്തിൽ. അതൊരു വിശുദ്ധ ഭയമാണ്, ബൈബിളിന്റെ ഭാഷയിൽ ആരാധനയാണ്. വിശുദ്ധമായ ഭയം നമ്മെ ദൈവത്തിന്റെയും തന്റെ സൃഷ്ടിയുടെയും വല്ലഭത്വത്തോട് ഏകീഭവിപ്പിക്കുന്നു. അത് നമ്മോടുള്ള ദൈവ സ്നേഹത്തിന്റെ പ്രതിഫലനം അറിയാൻ സഹായിക്കുന്നു.

വിവേകമുള്ള ഭയവും വിശുദ്ധമായ ഭയവും രണ്ട് ധ്രുവങ്ങളാണ്. എന്നാൽ അവ പരപൂരകങ്ങളായും വർത്തിക്കും. ഏതാനും വർഷങ്ങൾ മുമ്പ് തേനീച്ച വളർത്തലിൽ നിന്ന് ഞാനത് പഠിച്ചതാണ്.

തേനീച്ച വളർത്തൽ തുടങ്ങാൻ ഞാൻ തീരുമാനിച്ചതിന്റെ കാരണം തീറ്റയും വെള്ളവും കൊടുക്കാതെ, കശാപ്പ് ചെയ്യാതെ, വലിയ പരിചരണം ഒന്നും നല്കാതെ വീട്ടിൽ ആഹാരത്തിനുതകുന്ന ഏതെങ്കിലും ജീവിയെ വളർത്തണം എന്ന ചിന്തയാണ്. അതാണതിന്റെ ഔദ്യോഗിക കാരണം. എന്നാൽ തേനീച്ച വളർത്തലിന്റെ കലാപരത എന്നെ ഭ്രമിപ്പിച്ചിട്ടുള്ള ഒരു കാര്യമാണെന്നത് ഞാൻ പുറത്തു പറയാത്ത മറ്റൊരു കാരണവുമാണ്.

ആരംഭത്തിൽ ഭയമാണ് എന്നെ ഭരിച്ചത്. ആദ്യ രണ്ട് വർഷങ്ങളിൽ ഒരു ദ്വന്ദയുദ്ധത്തിന് പോകുന്നതു പോലുള്ള സംവിധാനങ്ങളുമായാണ് ഞാൻ തേനീച്ചക്കൂടിനെ സമീപിച്ചത്. തല മൂടുന്ന വസ്ത്രം, ജാക്കറ്റ്, തുകലിന്റെ കയ്യുറകൾ, ഒരു ചെറിയ ഡ്രാഗനെപ്പോലെ തോന്നിപ്പിക്കുന്ന, തേനീച്ചയെ അകറ്റാൻ പുക പുറപ്പെടുവിക്കുന്ന ഉപകരണം: വേണ്ടതുപോലെ അവയെ കൈകാര്യം ചെയ്യാൻ അറിയാത്തതുകൊണ്ട് ഒരു പടച്ചട്ടയും കൂടി ഞാൻ അധികമായി ധരിച്ചു.

ആ നാളുകളിൽ ഞാൻ ഒരു തേനീച്ച വളർത്തലുകാരൻ എന്നതിലുപരി ഒരു തേനീച്ചക്കൂട് ആക്രമണകാരിയായിരുന്നു. ആ കൂട്ടിലുള്ള ഭയചകിതരായ 35000 അന്തേവാസികളെ തീരെ പരിഗണിക്കാതെയാണ് ഞാൻ ആ തേനീച്ചക്കൂടിന്റെ മുകൾ ഭാഗം തുറന്നത്. ഭയം മൂലം അതിവേഗം ഞാൻ ആ തേനറകളെ പൊട്ടിച്ചെടുക്കുന്നതു കൊണ്ട് തേനീച്ചകൾക്ക് പരിക്ക് പറ്റുകയും കൂട് താറുമാറാകുകയും ചെയ്യും. അതിനെന്താ? ഒരു ബിസിനസ് ചെയ്യുമ്പോൾ ചെറിയ നഷ്ടം ഒക്കെ സംഭവിക്കില്ലേ? തേനീച്ചയും തേനും ഒക്കെ എന്റെ വസ്തുവകകളല്ലേ? ഞാൻ അല്ലേ അവക്ക് പണം മുടക്കിയത്? ഒരു കൊള്ളക്കാരന്റെ അത്യാർത്തിപൂണ്ട്, സൃഷ്ടികളിൽ നിന്ന് ലാഭമുണ്ടാക്കാനുള്ള പ്രയത്നത്തിൽ ഞാൻ ദൈവത്തിന്റെ വിസ്തൃതമായ മഹാമനസ്കതയെ തട്ടിത്തകർക്കുകയാണ് ചെയ്തത്.

കുറെയധികം തേനീച്ചകളെ, തേനറ സഹിതം താഴെയിട്ട ദിവസമാണ് എനിക്കർഹതപ്പെട്ട ശിക്ഷ കിട്ടിയത്. ഒരു നിമിഷം കൊണ്ട് ഒരു പടക്കൂട്ടം തന്നെ എന്നെ പൊതിഞ്ഞു. ഞാൻ അനങ്ങാതെ നിന്ന് പ്രതിരോധിച്ചാൽ കുഴപ്പമുണ്ടാകില്ലായിരുന്നു. പകരം, പേടിച്ചരണ്ട ഒരു ആറുവയസ്സുകാരനെപ്പോലെ ഞാൻ, ചിക്കൻ ഡാൻസ് കളി പോലെ, കൈ വീശി പാഞ്ഞു (കമ്പർലാന്റ് തടാകത്തിൽ തല്ലിപ്പിടച്ചതുപോലെ തന്നെ). ഈ കളിയെല്ലാം കളിച്ചിട്ടും 2 തേനീച്ചകൾ എന്റെ പാന്റ്സിനുള്ളിൽ കയറിപ്പറ്റി മുട്ടിൽ കടിച്ചു. അവയെ കുറ്റം പറയാൻ പറ്റില്ല.

പിന്നീട് രണ്ടാഴ്ചത്തേക്ക്, തേനീച്ചക്കൂടിനടുത്ത് എത്ര താഴ്മയോടെയാണ് ഞാൻ പോയത്! ഏതാനും അടി മാറി നിന്ന്, തേനീച്ചകൾ വരുന്നതും പോകുന്നതും ഞാൻ പത്തിരുപത് മിനിറ്റ് നോക്കി നില്ക്കും. അവ പുറത്ത് പോകുമ്പോൾ ഞാൻ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യും. എനിക്ക് സ്വസ്ഥമായി കാര്യങ്ങൾ ചെയ്യാനായി. കീഴടക്കുകയോ അധീശത്വം കാണിക്കുകയോ ഒന്നും ആവശ്യമില്ല. താപം, മേഘം, ഈർപ്പം തുടങ്ങിയ പ്രകൃതിയുടെ പ്രതിഭാസങ്ങൾ തേനീച്ചകളുടെ ഭാവത്തെയും പ്രവൃത്തിയെയും ബാധിക്കുന്നത് എങ്ങനെയെന്ന് ഞാൻ നിരീക്ഷിച്ചു. അടിമത്തേനീച്ചകൾക്ക് കല്പന കൊടുത്ത് പണിയെടുപ്പിക്കുന്ന ഉരുക്കുമുഷ്ടിക്കാരനായ ഏകാധിപതിയെ പോലെ പെരുമാറുന്നത് നിർത്തി ഞാൻ ശരിക്കുമൊരു തേനീച്ചകൃഷിക്കാരനെപ്പോലെ ചിന്തിക്കാൻ തുടങ്ങുകയായിരുന്നു.

ഒരു ഞായറാഴ്ച രാവിലെ തേനീച്ചകൾ വരുന്നതും ജൂൺമാസ സൂര്യന്റെ പ്രഭയിൽ അവ കൂട്ടിലേക്ക് കയറുന്നതും നോക്കി നിന്ന എനിക്ക് ഒരു വിശുദ്ധ ഭയം തോന്നി, കൃപയുടെ ഒരു നീർച്ചാൽ ഒഴുകി വരുന്ന പ്രതീതിയും. ഒരു “തേൻപുഴ” യും ഒഴുകുകയായിരുന്നു. കാരണം തേനീച്ചയ്ക്ക് ഏറ്റവും ഇഷ്ടമായ പൂക്കളുടെ സമൃദ്ധിയുടെ കാലമായിരുന്നു അത്. ഈ സമൃദ്ധിയിൽ ആറാടുന്ന തേനീച്ചകൾ മറ്റൊന്നും ഈ സമയത്ത് ശ്രദ്ധിക്കാറില്ല. ഈ പ്രത്യേക മണിക്കൂറുകളിൽ അവ നല്ല ഇണക്കം വന്ന പൂമ്പാറ്റകളെപ്പോലെയാണ്.

പത്തെഴുപത് തേനീച്ചകൾ ഒരുമിച്ച് കൂടി, ഒരു പന്തിന്റെ വലിപ്പത്തിൽ, കൂടിന്റെ വാക്കില്കൽ ഒരിഞ്ച് സ്ഥലത്ത് നില്ക്കുന്നത് കണ്ടു. എനിക്കത് ഒരു ദിവ്യദർശനം പോലെ അനുഭവപ്പെട്ടു, ഒരു സമുദ്രമോ ഈ പ്രപഞ്ചം തന്നെയോ ഒരുമിച്ച് നില്ക്കുന്ന അത്ഭുതകരമായ ലയം പോലെ. അകത്തേക്ക് വരുന്ന ഈച്ചകളുടെ പിൻകാലുകളിൽ മഞ്ഞയും ഓറഞ്ചും കളറിലുള്ള ചെറിയ പൂമ്പൊടി ഉരുളകൾ ഉണ്ടായിരുന്നു. ചില ഈച്ചകൾ വലിയ ഭാരം ചുമന്ന് കൂട്ടിലേക്ക് ഇടറി വീഴുകയായിരുന്നു. ഒരു മണൽത്തരി വലിപ്പമുള്ള തലച്ചോറും ചുരുങ്ങിയ ദിവസത്തെ ആയുസ്സും മാത്രമുള്ള ഈ പ്രാണികൾ നിത്യതയുടെ ഈ കാലത്ത് ലഭ്യമായ ഏറ്റവും ശുദ്ധമായ ഭക്ഷണം ഉണ്ടാക്കുകയാണെന്നത് വാക്ക് കൊണ്ട് വിവരിക്കാനാകാത്ത ഒരു പ്രതിഭാസമാണ്.

പുറത്തു പോകുന്ന ഈച്ചകൾ അവയുടെ ഭാരം ഇറക്കിയിട്ട് അടുത്ത ട്രിപ്പിന് പോകുകയാണ്. അവയ്ക്ക് പൂക്കളുടെ സ്ഥലം അറിയാം, അത് ഏകദേശം 3 മൈൽ ചുറ്റളവിലായിരിക്കും. കൂടിനകത്ത് ഒരു കൂട്ടം ഈച്ചകൾ ഒരു പ്രത്യേക തരം ഡാൻസ് ചെയ്യുന്നത് മറ്റ് ഈച്ചകൾക്ക് ദിശയറിയാനും വേണ്ടിയാണ്. ജനിച്ച് 15 ദിവസത്തിനകം ഇവ ആ ഡാൻസും പഠിച്ചിരിക്കുന്നു! (ഞാൻ ഒരു നിരീശ്വരവാദി ആയിരുന്നെങ്കിൽ, തേനീച്ച വളർത്തൽ എന്റെ അവിശ്വാസത്തിന് ഒരു ഭീഷണിയായേനെ).

ഞാൻ ഞായറാഴ്ച വൈകുന്നേരം തിരിച്ച് വന്നപ്പോൾ കൂട്ടിൽ നിന്നും ഒരു സജീവമായ മൂളൽ കേട്ടു. ജോലിക്കാരായ ഈച്ചകൾ കൂട്ടിനുള്ളിലെ തേനിൽ കാറ്റ് വീശുകയാണ്. അവയുടെ അസംഖ്യമായ ചിറകുകൾ ഒരു നാളത്തിൽ അടിച്ച് തേൻ സുഗന്ധമുള്ള കാറ്റ് എയർകണ്ടീഷണറിൽ നിന്നെന്ന പോലെ പുറത്തേക്ക് തള്ളുന്നു. പതിനഞ്ച് അടി അകലെ നിങ്ങൾക്ക് ആ മണം കിട്ടും. സ്വർഗത്തിന്റെ വാതിലുകളിൽ നിന്നും ഒഴുകി വരുന്ന സുഗന്ധ പ്രവാഹം പോലെ. തേനിലെ ജലാംശം പതിനേഴോ പതിനെട്ടോ ശതമാനം ആകുന്നതുവരെ രാത്രി മുഴുവൻ ആ കൂടിന്റെ ഇരുട്ടിൽ അവ ചിറക് വീശിക്കൊണ്ടേയിരിക്കും. അതിനുശേഷമാണ് തേനറകൾ വെളുത്ത തേനീച്ച-മെഴുകിന്റെ പാളി കൊണ്ട് അവ അടയ്ക്കുന്നത്.

നാല് വർഷം കഴിഞ്ഞപ്പോഴേക്കും തേനീച്ചക്കൂട് കൈകാര്യം ചെയ്യുന്നത് ലളിതമായി മാറി. ആവശ്യമായ വസ്ത്രം ഒക്കെ ധരിച്ച് അവിടെയെത്തിയ ശേഷം ഒരു നിമിഷം നിന്ന് പരിശുദ്ധാത്മാവിനോട് ഞാൻ പ്രാർത്ഥിക്കും. ജോലി കഴിയുമ്പോൾ ഞാൻ ദൈവത്തിന് നന്ദി പറയും; എന്റെ തിടുക്കവും ശ്രദ്ധക്കുറവും കൊണ്ട് ഒരു ഈച്ചയും പ്രകോപിതനായി എന്നെ കുത്തുകയും അങ്ങനെ അതിന്റെ ജീവൻ നശിക്കുകയും ചെയ്യാത്തതുകൊണ്ട്.

കഴിഞ്ഞ മൂന്ന് വർഷമായി ഒരു തേനീച്ചയും എന്നെ കുത്തിയില്ല. ഭാഗ്യം കൊണ്ടും പിന്നെ ഞാൻ അവയെ നിരീക്ഷിക്കാൻ ചെലവഴിച്ച മണിക്കൂറുകൾ കൊണ്ടുമാണ് ഈ റെക്കോർഡ് ഞാൻ സ്വന്തമാക്കിയത്. ഈച്ചകളെ പ്രകോപിപ്പിക്കുന്ന കാരണങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കി ഞാൻ ശ്രദ്ധിച്ചിരുന്നു. കൂട്ടിൽ നിന്നും മൂളൽ ശബ്ദം വല്ലാതെ ഉയർന്നു കേട്ടാൽ ഈച്ചകൾ എല്ലാം ദേഷ്യത്തിലാണെന്ന് തേനീച്ച വളർത്തലുകാർക്ക് അറിയാം, ഈ സമയം കൂടിന്റെ അടപ്പ് അടച്ച് അവയെ ശല്യപ്പെടുത്താതിരിക്കണം.

തേനീച്ചകൾക്ക് ദൈവം ഇങ്ങനെയുള്ള പ്രതിരോധ രീതികൾ കല്പിച്ചതു പോലെ തന്നെ നമ്മുടെ കാര്യത്തിലും അവിടുന്ന് രീതികൾ കല്പിച്ചിട്ടുണ്ട്. നമുക്ക് യുക്തിവിചാരവും അതോടൊപ്പം കൃപയോടു കൂടിയ പെരുമാറ്റവും ദൈവം പ്രദാനം ചെയ്തതുവഴി സൃഷ്ടികളോട് സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ കഴിയും. “തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു” (1 യോഹ. 4:18) എന്ന വാക്യം ഓരോ തേനീച്ച വളർത്തലുകാരനും ഹൃദയത്തിൽ സൂക്ഷിക്കുകയും തേനീച്ചക്കൂടിന്റെ പുറത്ത് ഒട്ടിക്കുകയും ചെയ്യേണ്ടതാണ്. തേൻ നിറഞ്ഞ അറകൾ മാറ്റുകയും ദൈവത്തിന്റെ മാന്യരായ ഈച്ചകളെ കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ നമ്മുടെ കൈകളെ നിയന്ത്രിക്കേണ്ടത് ഈ സ്നേഹം തന്നെയാണ്.

നല്ല തേൻ പുരട്ടിയ റൊട്ടിയും വെനീഷ്യൻ മുളകും ചേർത്തുള്ള ഒരു അത്താഴം കഴിക്കാൻ തുടങ്ങുമ്പോൾ വിശുദ്ധമല്ലാത്ത ഒരു ഭയത്തിന് എന്തെങ്കിലും കാരണമുണ്ടോ? അതുപോലെ തന്നെ, സായാഹ്നത്തിൽ ഒരു തേനീച്ചക്കൂടിന്റെ അടുത്ത് നില്ക്കുമ്പോഴും അതിന്റെ ആവശ്യമില്ല എന്ന് ഞാൻ കരുതുന്നു.

മൂന്ന്

ആശ്ചര്യം

ദൈവ സൃഷ്ടിയുടെ മഹത്വം കണ്ട് അതിശയിക്കാനുള്ള മനുഷ്യന്റെ കഴിവിന് എന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണം പ്രായപൂർത്തിയായ ശേഷം ഏതാണ്ട് ജീവിതം മുഴുവൻ വീടിനകത്ത് കഴിച്ചു കൂട്ടിയ ഒരു സ്ത്രീയുടേതാണ്. ഇത് നോർവിച്ചിലെ ജൂലിയൻ എന്ന 13-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സന്യാസിനിയായിരുന്നു. കറുത്ത പ്ലേഗിൽ ഭർത്താവിനെയും കുട്ടികളെയും നഷ്ടപ്പെട്ടതിന് ശേഷമാണ് അവർ ഇങ്ങനെയൊരു ജീവിതം ആരംഭിക്കുന്നത് എന്ന് ചിലർ വിശ്വസിക്കുന്നു. എന്തായാലും അവളുടെ ജീവിതം അസാധാരണമായിരുന്നു. സ്വന്ത ഇഷ്ടത്താൽ ഒരു പള്ളിയോട് ചേർന്ന് ഇഷ്ടിക കെട്ടിയ ഒരു ചെറിയ മുറിയിൽ അടച്ചിട്ട് കഴിഞ്ഞ ഒരു “ആങ്കറസ്സ്” ആയിരുന്നു അവർ. ഒരു ചെറിയ ജനലിലൂടെ അവൾ ലളിതമായ ഭക്ഷണം സ്വീകരിച്ചു. മുഴുവൻ സമയം നിരന്തരമായി പ്രാർത്ഥിക്കുകയും (1 തെസ.5:16-18) പാവപ്പെട്ടവരുടെ വസ്ത്രം തയ്ക്കുകയും ചെയ്തു. പ്രകൃതിയിൽ നിന്ന് ഒറ്റപ്പെട്ടു പോയി എന്ന തോന്നലായിരുന്നില്ല ജൂലിയന്; അവളുടെ ആത്മീയ ദർശനങ്ങൾ അവളെ സന്തോഷത്തോടെ നിലനിർത്തി. “പ്രദർശനങ്ങൾ” എന്ന തന്റെ പ്രസിദ്ധമായ എഴുത്തിൽ ലോകം മുഴുവൻ കേവലം ഒരു ഹെയ്സൽനട്ടിനോട് (ചെമ്പങ്കായ) ജൂലിയൻ സാദൃശ്യപ്പെടുത്തിയിരിക്കുന്നു:

ഈ ആത്മീയ ഉൾക്കാഴ്ചയിൽ അവൻ എന്നെ ഒരു ചെറിയ വസ്തു, എന്റെ കൈവെള്ളയിൽ ഇരിക്കുന്ന ഒരു ഹെയ്സൽ നട്ട്, കാണിച്ചു തന്നു. അത് എനിക്ക് ഒരു പന്തുപോലെ ഉരുണ്ടതായി തോന്നി. ഞാനതിനെ നോക്കി ചിന്തിച്ചു, “ഇത് എന്തായിരിക്കാം?” ഉത്തരം ഇങ്ങനെ വന്നു, “സൃഷ്ടിക്കപ്പെട്ട സകലതും ആണത് … അത് നിലനില്ക്കുന്നു, എന്നേക്കും നിലനില്ക്കും, കാരണം ദൈവം അതിനെ സ്നേഹിക്കുന്നു. സകലത്തിനും ദൈവത്തിന്റെ കൃപയാൽ ഇതുപോലെ അസ്തിത്വം ഉണ്ട്.”

ഇതു പോലെ അടച്ചുകെട്ടിയ ഒരു റൂമിൽ ഏകാന്തതയ്ക്കും പ്രാർത്ഥനയ്ക്കുമായി വല്ലപ്പോഴും ഒന്ന് ഇരിക്കുക എന്നത് പ്രലോഭിപ്പിക്കുന്നതാണ്, എന്നാൽ പലപ്പോഴും അപ്രായോഗികവും കെട്ടിട നിയമങ്ങൾ പ്രകാരം തെറ്റുമാണ്. ഇന്ന് ജീവിതം, ജൂലിയന് സങ്കല്പിക്കാൻ പോലും കഴിയാത്ത വിധം, തിരക്കേറിയതും ശബ്ദായമാനവുമായിരിക്കുമ്പോഴും സൃഷ്ടിയുടെ അടിസ്ഥാന യാഥാർത്ഥ്യങ്ങളിൽ ദൈവത്തിന്റെ അതിശയങ്ങളെ കാണാൻ സാധിക്കും.

ഞാൻ ഇക്കാര്യം തിരിച്ചറിഞ്ഞത് എന്റെ കാറിലിരുന്ന് നിരീക്ഷിച്ച ഒരു മൺകൂനയിൽ ഒരു മലനിര സങ്കല്പിച്ചപ്പോഴാണ്.

ആ മൺകൂന മിഷിഗൺ റോഡ് നിർമ്മാണ പദ്ധതിയുടെ സൃഷ്ടിയായിരുന്നു. ആ മൺമല ഒരു ട്രാഫിക് സിഗ്നലിന് സമീപമായിരുന്നു. ഞാൻ എന്നും ജോലിക്കു പോകുമ്പോൾ അവിടെ വണ്ടി നിർത്തുമ്പോൾ അത് കാണും. ഒന്ന് കാണും എന്നല്ലാതെ രണ്ടാമത് അതിനെ നോക്കാറില്ല. ജീവിതത്തിൽ എന്നും കാണുന്ന കാര്യങ്ങളോട് നാം അങ്ങനെയാണല്ലോ. കുറച്ചു നാൾ കഴിഞ്ഞാൽ നാം അവയെ കണ്ടതായിപ്പോലും ഓർക്കുകയില്ല.

എന്റെ വീക്ഷണം വ്യത്യാസപ്പെട്ടത് കാലിഫോർണിയയിലേക്കുള്ള ഒരു ബിസിനസ് യാത്രയിലാണ്. വിമാനത്തിൽ നിന്നുള്ള കാഴ്ചകൾ നല്ല വ്യക്തമായിരുന്നു. പർവ്വതങ്ങളുടെ നിമ്നോന്നതങ്ങൾ അസാധാരണമാം വിധം വ്യക്തമായിരുന്നു. പണ്ട് കുട്ടിയായിരിക്കുമ്പോൾ പ്ലാസ്റ്റിക് ഭൂപടത്തിൽ പച്ചയിലും നീലയിലും ബ്രൗൺ നിറത്തിലും ഒക്കെ അടയാളപ്പെടുത്തിയ മലനിരകളിലും മറ്റും തൊട്ട് നോക്കിയത് ഞാൻ ഓർത്തു.

സൃഷ്ടാവ് ഭൂമിയെ എങ്ങനെയാണ് തലോടിയിരിക്കുന്നത് എന്ന് വിമാനത്തിന്റെ ജനൽച്ചില്ലുകളിലൂടെ ഞാൻ കാണുകയായിരുന്നു. മലഞ്ചെരിവുകൾ ഇടിയാതെ നിർത്താൻ സ്തൂപികാഗ്ര വൃക്ഷങ്ങളെ അവൻ നട്ടു. പാറകളുടെ ഇടയിൽ അരുവികളും വെള്ളച്ചാട്ടങ്ങളും ഉണ്ടാക്കാൻ മഞ്ഞും മഴയും ഉണ്ടാക്കി. കൊടുമുടികളെ അവൻ മഞ്ഞ് പാളികൾ കൊണ്ട് മൂടി വച്ച് വേനൽക്കാലത്ത് പ്രവാഹങ്ങളായി ജലസംഭരണികൾ നിറച്ചു. ഓരോ പർവ്വതത്തിനും വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാം പൊതു പ്രകൃതി തത്വങ്ങളിൽ അടിസ്ഥാനപ്പെട്ട രൂപകല്പനയാണ്. അതികുശലനായ ഒരുവന്റെ കരവിരുത് ഇതിലെല്ലാം നമുക്ക് കാണാനാകും.

ബിസിനസ്‌ യാത്ര കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുന്ന വഴി സിഗ്നൽ സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഞാൻ അലക്ഷ്യമായി ആ മൺകൂനയെ നോക്കി. ഇപ്പോൾ ഞാൻ വ്യത്യസ്തമായാണതിനെ കണ്ടത്: കേവലം റോഡ് പണിയുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടതായിരുന്നില്ല അത്. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായി പെയ്ത മഴ മൺകൂനയുടെ വശങ്ങളിൽ വലിയ ചാലുകൾ കൊത്തിയുണ്ടാക്കിയിരുന്നു. ഒഴുകിപ്പോയ ഇടങ്ങൾ ഒരു അരുവിപോലെയും നിരപ്പായ സമീപ സ്ഥലങ്ങൾ ഒരു മണൽത്തിട്ട പോലെയും രൂപപ്പെട്ടു. ഒലിച്ച മണ്ണ് കൂടിയ സ്ഥലങ്ങളിൽ പുല്ലുകളും മുളച്ചിരിക്കുന്നു.

ഈ മൺകൂന ഒരു പർവ്വതത്തിന്റെ പ്രതിരൂപമായി മാറിയിരിക്കുന്നു; ദൈവത്തിന്റെ മാറ്റമില്ലാത്ത പ്രകൃതിനിയമങ്ങളുടെ ഒരു നിദർശനമാതൃകയും. ദീർഘമായ വിമാനയാത്രയുടെ ക്ഷീണം കൊണ്ടാണോ എന്നറിയില്ല, ആ മൺകൂനയുടെ താഴ്വരയിൽ ഞാൻ ഒരു ഫാം ഹൗസ് വിഭാവന ചെയ്തു. ഒരു ചെറിയ ചുവന്ന ട്രക്കും മൈതാനത്ത് മേയുന്ന ആട്ടിൻ കൂട്ടവും ഞാൻ സങ്കല്പിച്ചു. ആ കൂന 8000 അടിയല്ല കേവലം 8 അടി മാത്രം ഉയരത്തിലായിരുന്നു. പക്ഷേ, കാലിഫോർണിയയിലാണെങ്കിലും ഇവിടെയാണെങ്കിലും, ഭൂഗുരുത്വത്തിന്റെയും ഊർജ്ജതന്ത്രത്തിന്റെയും എല്ലാം ഒരേ തത്വങ്ങൾ ആണ് ഇതിനെയെല്ലാം രൂപകല്പന ചെയ്തത് എന്ന് വ്യക്തമാണ്.

അങ്ങനെ ചിന്താമഗ്നനായ ഞാൻ സിഗ്നൽ ലൈറ്റ് പച്ചയായത് അറിഞ്ഞില്ല. പിന്നിൽ നിന്നും ശക്തമായ ഹോൺ കേട്ടപ്പോൾ എനിക്ക് മനസ്സിലായി ഞാൻ കണ്ട മൺകൂന അയാളെ തെല്ലും ആകർഷിച്ചിട്ടില്ല എന്ന്.

എന്നിരുന്നാലും ഇതാണ് അത്ഭുതങ്ങളിലെ ആശ്ചര്യം. അതിന് നാം ഒരു സിഗ്നൽ സ്റ്റോപ്പിൽ കാത്ത് നില്ക്കുകയാണോ അതോ ഹബിൾ ടെലസ്കോപ്പ് കൊണ്ട് നക്ഷത്രക്കൂട്ടങ്ങളെ നിരീക്ഷിക്കുകയാണോ എന്നൊന്നും വ്യത്യാസമില്ല. നാം എവിടെ നിന്നും നമ്മുടെ മനസ്സിന് പ്രധാനപ്പെട്ടത് എന്ന് തോന്നുന്ന പ്രകൃതി യാഥാർത്ഥ്യങ്ങളെ നിരീക്ഷിച്ചാൽ ഈ ആശ്ചര്യം ഉണ്ടാകും. കരയിലെയോ കടലിലെയോ ആകാശത്തിലെയോ ഏത് സൃഷ്ടിയായാലും അത് എങ്ങനെ ഉളവായി എന്ന് നാം അതിശയം കൊള്ളുമ്പോൾ ഈ ആശ്ചര്യം വർദ്ധിച്ചു വരും. പ്രകൃതിയുടെ പ്രതിഭാസങ്ങളെ അന്വേഷിച്ചിറങ്ങുന്നജീവിവർഗത്തിന്എന്തുകൊണ്ട്, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഏത് ശാസ്ത്രജ്ഞനിലും, അദ്ദേഹം നിരീശ്വരവാദിയാണെങ്കിലും, ഈ ആശ്ചര്യമാണ് നിലനില്ക്കുന്നത്.

ആശ്ചര്യം തോന്നുക എന്നത് മനുഷ്യ സഹജമാണ്. ഭൗതികമായും ആത്മീയമായും വളരാനും പുരോഗതി പ്രാപിക്കാനും താല്പര്യപ്പെടുന്ന ഒരു ജീവിവർഗത്തിന് “എന്തുകൊണ്ട്,” “അങ്ങനെ സംഭവിക്കുകയാണെങ്കിൽ” എന്നീ ചോദ്യങ്ങൾ സ്വാഭാവികമാണ്. ആശ്ചര്യം തോന്നുന്നത് നമ്മുടെ പ്രകൃതിയിലുണ്ടെങ്കിലും അതിന്റെ വിളിയോട് നാം കൂടുതൽ തദാത്മ്യം പ്രാപിക്കേണ്ടതുണ്ട്.

ഏലിയാ പ്രവാചകൻ ഹോറേബ് മലയിലെ ഗുഹയിൽ കാത്തിരുന്നപ്പോൾ ഇതാണ് ചെയ്തത് (1 രാജാ. 19:11–13). കർത്താവിന്റെ വചനം ആഹ്വാനം ചെയ്തു: “നീ പുറത്തു വന്നു പർവതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക എന്ന് അവൻ കല്പിച്ചു; അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു.”

ഈ വചനഭാഗം നമുക്ക് പരിചയമുള്ളതാണല്ലോ; അതിന്റെ താളാത്മകമായ വിവരണം കുട്ടികളെ പോലും ആകർഷിക്കുന്നതാണ്. അതാ ശക്തിയുള്ള ഒരു കൊടുങ്കാറ്റ് – പക്ഷേ യഹോവ അതിൽ ഇല്ലായിരുന്നു. കാറ്റിനു ശേഷം ഇതാ ഭൂകമ്പം – കർത്താവ് ഭൂകമ്പത്തിലും ഇല്ലായിരുന്നു. ഭൂകമ്പത്തിനു ശേഷം തീ – തീയിലും കർത്താവ് ഇല്ലായിരുന്നു.

പ്രകൃതിയുടെ നാടകവേദിയിലെ ഈ ഭയങ്കര പ്രകടനത്തിനു ശേഷം പിന്നീട് വന്നതെന്താണ്? കവി കാൾ സാന്റ്ബർഗ് മൂടൽമഞ്ഞിനെപ്പറ്റി എഴുതിയതാണ് ഞാനിവിടെ ഓർക്കുന്നത്. അത് ഒരു തുറമുഖത്തെ മൂടിയിട്ട് നിശബ്ദമായി “ഒരു കുഞ്ഞ് പൂച്ചയുടെ കാലടി” പോലെ അലിഞ്ഞ് ഇല്ലാതാകുന്നു.

ഹോറേബ് പർവതത്തിൽ ഏലീയാവിന് ഉണ്ടായ ദർശനം ആശ്ചര്യ സംവേദകമായ ഒരു ഹൃദയത്തിന് മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന വിധം ശാന്തമായതായിരുന്നു.

“തീയുടെ ശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി. ഏലീയാവ് അതു കേട്ടിട്ടു തന്റെ പുതപ്പുകൊണ്ടു മുഖംമൂടി പുറത്തുവന്നു ഗുഹാമുഖത്തുനിന്നു.”

യേശുവും പ്രവാചകന്മാരും ചെയ്തതുപോലെ മലയിലേക്ക് പോയി പ്രാർത്ഥിക്കാൻ നമ്മിൽ അധികം പേർക്കും കഴിഞ്ഞെന്ന് വരില്ല. എന്നാൽ നമ്മുടെ ചുറ്റുപാടുകളെ ഒരു പുതിയ കണ്ണോടെ നോക്കിക്കാണുവാനും അവയിലെല്ലാമുള്ള അത്ഭുതങ്ങളിൽ ആശ്ചര്യപ്പെടാനും കഴിയും.

എളുപ്പമുളള ഒരു ഉദാഹരണം; നിങ്ങളുടെ കൈപ്പത്തിയുടെ പുറം നോക്കുക. തൊലിക്കടിയിലുള്ള ഞരമ്പുകളും ശാഖകളും മിടിച്ചു കൊണ്ടിരിക്കുന്നത് ശ്രദ്ധിക്കുക. നിങ്ങൾ അമ്മയുടെ ഗർഭത്തിൽ ഒരു അവക്കാഡോയുടെ വലിപ്പമുള്ള ഭ്രൂണമായിരുന്നപ്പോൾ മുതൽ അവ അങ്ങനെ ചെയ്ത് വരികയാണ്. നിങ്ങളുടെ ജീവനും ചലനത്തിനും നിലനില്പിനും ആവശ്യമായ ഓക്സിജനും പോഷകങ്ങളും എല്ലാം നിശബ്ദമായി ഗതാഗതം ചെയ്യുകയാണവ. തീർച്ചയായും നിങ്ങൾ “ഭയങ്കരവും അതിശയവുമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” (സങ്കീ. 139:14) എന്ന് തെളിയിക്കുകയും ഓർമ്മിപ്പിക്കുകയുമാണത്.

വലിയ നദികളായ ഗംഗ, നൈൽ, മിസ്സിസ്സിപ്പി എന്നിവയുടെ തടങ്ങൾ ഒന്ന് സങ്കല്പിച്ചു നോക്കൂ. അവയുടെ ജലപ്രവാഹവും എക്കൽ രൂപീകരണവും ഒക്കെ എത്ര കലാപരവും ഗണിത കൃത്യതയും ഉള്ളതാണ്! നമ്മൾ പറഞ്ഞു വന്നതുമായി ചേർത്ത് ചിന്തിച്ചാൽ, നദീതടങ്ങളിലെ ചെറു അരുവികളെല്ലാം ചേരുമ്പോൾ അവ ഒരു വന്മരത്തിന്റെ വേരുകൾ പോലെയോ നമ്മുടെ നാഡീവ്യൂഹം പോലെയോ അല്ലേ?

എന്നെ സംബന്ധിച്ച് പ്രാർത്ഥനാനിർഭരമായ ആശ്ചര്യത്തിലേക്ക് നയിക്കുന്ന കാര്യമാണ് ഈ ദൈവിക നിർമ്മിതികളുടെ തുടർച്ചയായ സാദൃശ്യം സർപ്പിളാകൃതിയുള്ള ഒരു ഒച്ചിനെ കയ്യിൽ പിടിച്ചു കൊണ്ട് തലയ്ക്കുമുകളിലെ ആകാശഗംഗയുടെ സർപ്പിളാകൃതി കാണുമ്പോൾ അത്ഭുതമല്ലേ തോന്നുക? ഇത് രണ്ടിനേയും വേർതിരിക്കുന്ന ദശലക്ഷക്കണക്കായ പ്രകാശവർഷങ്ങൾക്ക് ഈ അത്ഭുതം ഉൾക്കൊള്ളാനാകില്ല – യേശുവിന്റെ ഐഹിക കാല അത്ഭുതപ്രവർത്തനങ്ങൾ ഉൾക്കൊള്ളാൻ ലോകത്തിലെ പുസ്തകങ്ങൾക്ക് കഴിയാത്തതു പോലെ (യോഹന്നാൻ 21:25).

അത്ഭുതങ്ങളെ നിരീക്ഷിക്കുന്നത് കൂടുതൽ കണ്ടെത്തലുകളിലേക്കുള്ള കുതിച്ചുചാട്ടമായി മാറും. ആശ്ചര്യത്തിന്റെ സംവേദനക്ഷമത വർദ്ധിച്ചാൽ ഏതു സ്വാഭാവിക സാഹചര്യത്തിലും ദൈവിക പ്രവർത്തനം കാണാൻ കഴിയും വിധം നമ്മുടെ ആത്മീയ പേശികൾ ബലപ്പെടും.

പ്രേയിങ് വിത്ത് ജൂലിയൻ ഓഫ് നോർവിച്ച് എന്ന പുസ്തകത്തിൽ അവളെപ്പറ്റിയുള്ള ഒരു ഏകാങ്ക നാടകത്തിൽ നിന്നുള്ള ഭാഗം ഉദ്ധരിക്കുന്നുണ്ട്. അതിൽ, ഒരു മാർച്ച് മാസ ചാറ്റൽ മഴയുടെ സമയത്ത്, മുറ്റത്തേക്ക് തുറക്കുന്ന, മധ്യകാലഘട്ടത്തിലെ ഒരു ചെറുജാലകത്തിനരികിൽ ഒരു വിശുദ്ധയായ വൃദ്ധ ഇരിക്കുന്ന ചിത്രം ഉണ്ട്. അവളുടെ ആ ചെറിയ ലോകത്തിന്റെ മഹത്വം അവളെ എങ്ങനെ ആശ്ചര്യപ്പെടുത്തുന്നു എന്ന് നോക്കുക:

കേൾക്കൂ, പക്ഷികൾ പാടുന്നു
ദേവദാരു ചെടികൾ തിളങ്ങുന്നു
മഴത്തുള്ളികളേറ്റ്
(അവൾ കൈകൾ പുറത്തേക്കിട്ട് മഴയെ തൊടുന്നു)
എല്ലാം കുളിക്കുന്നു, കഴുകുന്നു –
കോലായിൽ മഴ തല്ലിത്തകരുന്നു
വലിയ തുള്ളികൾ
ചാളയുടെ ചെതുമ്പലുകൾ പോലെ
നനഞ്ഞ മണ്ണിന്റെ മണം
നനുത്ത വായുവിൽ
ഒരു റോബിൻ പക്ഷി കൂട് കൂട്ടിയിട്ടുണ്ട്
മുൾച്ചെടിക്കുള്ളിൽ …
വിരിച്ച ചിറകുമായവൾ കൂടിൻ മീതെയിരിക്കുന്നു
പുതു ജീവനുകൾക്ക് ചെറു ചൂടേകിക്കൊണ്ട്,
പൊതിയുന്ന വാഗ്ദത്തം ….
‘എന്റെ മുമ്പിൽ നന്മയായുള്ളത് ദൈവം മാത്രം,
സർവ്വത്തിലുമുള്ള നന്മയും അവനാണ്’
സകലവും പുതുതാക്കാനവൻ ക്രിസ്തുവായി വന്നു,
അവന്റെ മരണം,
അത് സ്നേഹം ആയിരുന്നു; …
അത് കോലായിലെ മഴപോലെ ആർത്ത് ചൊരിയുന്നു.

നാല്

കരുതൽ

“വേ നൽക്കാലത്ത്, ദിവസം അവസാനിക്കുമ്പോൾ, നിങ്ങളെ മണ്ണ് മണക്കും” എന്നാണ് ഒരു ഇംഗ്ലീഷ് എഴുത്തുകാരൻ പറയുന്നു. നമ്മിലനേകരും വേനൽക്കാലം തുടങ്ങുമ്പോൾ വിത്തുകളും ചെടികളും വാങ്ങുന്ന പതിവുണ്ടല്ലോ. എന്നെ സംബന്ധിച്ച് അതൊരു, ചെറുതെങ്കിലും, സുഗന്ധപൂരിതമായ യാത്രയാണ്, പച്ചപ്പിന്റെ പുതിയൊരു സീസൺ തുടങ്ങുകയാണ്. തുളസിയുടെയും തക്കാളി ഇലകളുടെയും മണം കാറിൽ നിറയുന്നു. ഒരു വേനൽക്കാല കൃഷിത്തോട്ടം നിറയ്ക്കാനാവശ്യമായതെല്ലാം പിൻസീറ്റിൽ ഉണ്ടാകും.

തീർച്ചയായും നമ്മുടെ താല്പര്യങ്ങൾ പണമുണ്ടാക്കുന്നതിലാകും. അല്ലാതെ തൈ ചെടിയിൽ ഒന്നും അല്ല നമ്മുടെ താല്പര്യം. വലുതായി ഫലങ്ങൾ ഉണ്ടാകുന്നതാണ് നാം പ്രതീക്ഷിക്കുന്നത്; നല്ല പഴുത്ത തക്കാളി കറിയിൽ ഇടണം; നല്ല ബീൻസ് ആവിയിൽ വേവിച്ചെടുക്കണം; ഇളം കാരറ്റ് കറുമുറ തിന്നണം.

തൈകൾ നട്ട് കഴിയുമ്പോൾ നമുക്ക് ചെയ്യാൻ ആകെയുള്ളത് നനയ്ക്കണം, കളപറിക്കണം, പിന്നെ തിന്നാൻ ഫലങ്ങൾ ഉണ്ടാകുന്നത് കാത്തിരിക്കണം. അതിനെക്കുറിച്ച് പറയുന്നത്, ഏറ്റവും സ്വാർത്ഥനായ മനുഷ്യനാണെങ്കിലും അയാൾ ഒരു പുതിയ കൃഷിത്തോട്ടം ഉണ്ടാക്കാൻ തുടങ്ങുമ്പോൾ ഒരു നല്ല കാര്യം സംഭവിക്കും എന്നാണ്. ഒത്തിരി വൈകാതെ ഒരു വിളവ് കൈകാര്യക്കാരൻ എന്ന നില മാറി ഒരു പരിപാലകനായി അയാൾ മാറും.

ഒരു വേനൽക്കാലത്തിന്റെ തുടക്കത്തിൽ, തോട്ടത്തിൽ ഒരു ദിവസത്തെ പണി കഴിയുമ്പോൾ ഒരു വല്ലാത്ത മമതയുടെ വസന്തകാലം നിങ്ങളുടെ മനസ്സിൽ ഉടലെടുക്കും. നിങ്ങളുടെ പരിപാലനത്തിൽ പ്രത്യേക അഭിവാഞ്ഛ നിങ്ങൾക്കുണ്ടാകും. വാടിപ്പോയ വെള്ളരിയിലകൾ ഇന്നലെ നനച്ചപ്പോൾ വീണ്ടും ഉഷാറായോ? മുരിങ്ങക്കായ ശരിക്കും മൂക്കുന്നതിന് മുമ്പാണോ പറിച്ചത്? ഇതൊക്കെ ചിന്തിക്കുമ്പോൾ തന്നെ നിങ്ങളുടെ തോട്ടം പരിപാലനം അതിന്റെ അടുത്ത തലത്തിലേക്ക് ഉയരും. ഇലയുടെ നിറവും ചായ് വും ഒക്കെ നോക്കി ഏത് ചെടിയ്ക്കാണ് കൂടുതൽ ശ്രദ്ധ വേണ്ടത്, ഏതാണ് വിളവെടുക്കാറായത് എന്നൊക്കെ ചിന്തിച്ചു തുടങ്ങും.

നാം പരിപാലിക്കുന്ന ജീവികളെക്കുറിച്ച് ഇപ്രകാരമുള്ള വാത്സല്യവും പിന്നീട് അതിനെ കൊന്ന് തിന്നുന്നതും ഒക്കെ കൃഷിയിൽ ഉൾപ്പെട്ടതാണ്. എന്റെ സഹോദരൻ ആടുകളെയും കോഴികളെയും ടർക്കികളെയും വളർത്തുമ്പോൾ ഇങ്ങനെ ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അവന്റെ മൃഗങ്ങൾ നല്ല ആരോഗ്യമുള്ളവയാണ്, അധികസമയവും കൂടിന് പുറത്ത് നല്ല സൂര്യപ്രകാശവും മഴയും തീറ്റയും എല്ലാം അവയ്ക്കുണ്ട്. ജൈവ കൃഷിക്കാരനായ എഴുത്തുകാരൻ ജോയൽ സലാറ്റിൻ പറഞ്ഞ കാര്യം ഒഴികെ: “അതിന്റെയെല്ലാം അവസാനം ഒരു ചീത്ത ദിനം ഉണ്ടാകും.” ഞാൻ എന്റെ സഹോദരനെ കശാപ്പ് എന്ന ക്രൂരമായ അനിവാര്യതയിൽ സഹായിച്ചിട്ടുണ്ട്. അവൻ തന്റെ മൃഗങ്ങളുടെ മരണത്തിൽ വിഷമിക്കുമ്പോൾ തന്നെ ബാർബിക്യൂ കട്ലറ്റുകളും ഈസ്റ്റർ മട്ടനും ഒക്കെ ആസ്വദിക്കുകയും ചെയ്യുന്നത് ഒരു വൈരുദ്ധ്യമായി എനിക്ക് തോന്നിയിട്ടില്ല.

ജീവജാലങ്ങളെ കരുതുവാനുള്ള നമ്മുടെ അദമ്യമായ താല്പര്യവും അതുവഴി ലഭിക്കുന്ന സംതൃപ്തിയും ഒന്നും ഏക ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിന് ചേരാത്തതല്ല. അബ്രാഹാമിന്റെ വിശ്വാസമുള്ളവർ വിശ്വസിക്കുന്നത് മനുഷ്യന്റെ ആരംഭം ഒരു തികവുള്ള തോട്ടത്തിലാണെന്നും അവിടെ ദൈവവും പുരുഷനും സ്ത്രീയും സകല ചരാചരങ്ങളും തമ്മിൽ തികഞ്ഞ ഒത്തൊരുമ നിലനിന്നിരുന്നു എന്നുമാണ്. പിന്നീട് തക്കാളിയിലും സ്ക്വാഷിലും ഒക്കെ പുഴുക്കളും കീടങ്ങളും മറ്റും നാശം വരുത്തുന്ന സ്ഥിതി വന്നു എങ്കിലും ഇപ്പോഴും ദൈവികമായ ഒരു അനുഭവം തോട്ടത്തിൽ നമുക്ക് കിട്ടുന്നുണ്ട്; അത് പൂച്ചെടികളിലായാലും ഒരു അടുക്കള ജനാലയ്ക്കൽ കുപ്പിയിൽ വളർത്തുന്ന ചെടിയിലായാലും.

മറ്റെല്ലാ സംരംഭങ്ങളിലും എന്ന പോലെ, ഒരു തോട്ടം പരിപാലിക്കുന്നതിനും നമുക്ക് ഒരു പരിശീലന കാലവും ശിഷ്യത്വവും ഒക്കെ ആവശ്യമാണ്. ആദ്യം നാം പുസ്തകങ്ങളിൽ നിന്നും പഠിക്കും, പിന്നീട് മറ്റ് കൃഷിക്കാരിൽ നിന്നും ചെടികളുടെ വില്പനക്കാരിൽ നിന്നും പഠിക്കും. ക്രമേണ, ഇങ്ങനെ കിട്ടുന്ന അഭിപ്രായങ്ങൾ നാം പരീക്ഷണങ്ങളിലൂടെയും വരുത്തിയ തെറ്റുകളിലൂടെയും ക്ഷമാപൂർവ്വമായ നിരീക്ഷണങ്ങളിലൂടെയും നേടിയെടുത്ത നമ്മുടെ സ്വന്തം അനുഭവങ്ങൾക്ക് വഴിമാറും. നാം യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ട തോട്ടം നമ്മുടേത് മാത്രമാണെന്ന് നാം പഠിക്കും.

ഇതിലുള്ള ഒരു നല്ല കാര്യം ഫലമൊന്നും തരാത്ത ഒരു കൃഷി പോലും നമ്മെ കാര്യങ്ങളിലുള്ള ദൈവിക ഇടപെടൽ കാണിച്ചു തരും എന്നതാണ്. തീർച്ചയായും യേശു തന്റെ ആശയം സമർത്ഥിക്കാൻ ഉപമകളിൽ പരാജയപ്പെട്ട കൃഷികളും പരാമർശിക്കുന്നുണ്ട്; ഫലമില്ലാത്തതിനാൽ ശപിക്കപ്പെട്ട് കരിഞ്ഞു പോയ അത്തി, പാറപ്പുറത്ത് വീണ് ഫലമില്ലാതെ പോയ വിത്ത്, ഗോതമ്പിന്റെ കൂടെ വളർന്ന കളയും മുള്ളും. ഏതു സാധാരണ തോട്ടത്തിൽ നിന്നും നമുക്ക് പഠിക്കാൻ ഒത്തിരി നല്ല കാര്യങ്ങളുണ്ടെന്ന് കർത്താവ് നിർദ്ദേശിക്കുന്നതായി തോന്നും. അതോടൊപ്പം ജ്ഞാനം നമ്മിൽ രൂപപ്പെടുത്തുന്ന താഴ്മയും വലിയ വിളവുണ്ടാകുമ്പോൾ കളപ്പുര വലുതാക്കിപ്പണിത് ആർത്തിക്കായി കൂട്ടിവയ്ക്കരുതെന്ന പാഠവും (ലൂക്കൊസ് 12:18) പഠിപ്പിക്കുന്നുണ്ട്. ഞാൻ ഒരു വേനൽക്കാല സൂര്യന്റെ കീഴിൽ ശേഖരിച്ച കാര്യങ്ങളും പങ്കുവയ്ക്കട്ടെ:

അത്ഭുതങ്ങൾ പ്രതീക്ഷിക്കുക

    വേനൽക്കാലത്ത്, ചെടികളുടെ ഉണങ്ങിയ ഇലകളും മറ്റും ഒരു അനാവശ്യ വസ്തു എന്ന നിലയിൽ കുഴിച്ചുമൂടാൻ എളുപ്പമാണ്. മേൽമണ്ണ് ഒരു ടില്ലർ ഉപയോഗിച്ച് ഉഴുത് കൊക്കോ പൊടി പോലെയാക്കാൻ തോന്നും. എന്നിട്ട് ഒരു അളവ് കോൽ എടുത്ത് തുല്യ അകലം അടയാളപ്പെടുത്തി ഒരു ജ്യോമട്രി പ്രശ്നം കൈകാര്യം ചെയ്യുന്നതുപോലെ ചെടികളും വിത്തും നടും. എന്നിട്ട് നിങ്ങൾ നടാത്ത പാഴ്ച്ചെടികൾ തഴച്ച് വളരുന്നത് കാണും!

ഉല്പത്തിയിൽ നമ്മോട് തോട്ടത്തിൽ വേല ചെയ്യാനും അതിനെ കാക്കാനും ആണ് പറയുന്നത് – അല്ലാതെ അതിന്റെ ഓരോ ഇഞ്ചും തകർത്തു പൊടിക്കാനല്ല.. ഒരു ടില്ലർ ഒരു തവണ ഉഴുതാൽ തന്നെ മുൻ വർഷത്തെ ചവറെല്ലാം പ്രയോജനകരമായി കുഴിച്ച് മൂടാൻ കഴിയും. ചെടികളുടെ വേരുകളും രോഗാണുക്കളും, ഉഴുതിളക്കുമ്പോൾ, പ്രയോജനകരമായ സമ്മാനമായി മാറുന്ന കാഴ്ച കാണാനാകും.

“സന്നദ്ധഭടന്മാർ” എന്ന് കൃഷിക്കാർ കഴിഞ്ഞ വർഷത്തെ വിളവിൽ മണ്ണിൽ ഉപേക്ഷിക്കപ്പെട്ടു പോയ വിത്തുകളിൽ നിന്നും മുളച്ചു വരുന്നവയെ വിളിക്കുന്നതാണ്. എനിക്ക് അങ്ങനെ മുളക്കുന്നവയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്, കാരണം അവ രണ്ടാം തലമുറ കുടിയേറ്റക്കാർ ആണ്. കഴിഞ്ഞ വർഷത്തെ ചട്ടികളിലും കടകളിൽ ഉണ്ടായ അവശിഷ്ടങ്ങളിലും നിന്നൊക്കെ ഉണ്ടായ ശക്തരായ തലമുറയാണവ. അവയ്ക്ക് ജൈവവളമോ അനുകൂല പരിചരണമോ ഒന്നും ലഭിച്ചതല്ല. കൃഷി വ്യവസായത്തിന്റെ എല്ലാ പരിപാടികളിൽ നിന്നും തെന്നിമാറി നല്ല ഭൂമിയുടെയും ഏപ്രിൽ മാസത്തെ സൂര്യപ്രകാശത്തിന്റെയും ആനുകൂല്യത്തിൽ മാത്രം സ്വന്തം ഇച്ഛാശക്തിയിൽ വളർന്നവയാണവ. ഇങ്ങനെ തനിയെ മുളച്ചു വരുന്ന സന്നദ്ധ ഭടന്മാരായ ബ്രോക്കോളി ചെടികൾ ഒരേ നിരയിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അതൊക്കെ നിങ്ങളുടെ ഇടപാടുകളാണ്, ചെടികളുടേതല്ല.

ഔദാര്യശീലം പരിശീലിക്കുക

    ഒരു തോട്ടം പരിപാലിക്കുകയാണെങ്കിൽ നിങ്ങൾ ഉദാരമനസ്കനായി മാറും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. മെയ് മാസത്തിൽ നിങ്ങളുടെ കാറിന്റെ പിൻസീറ്റിൽ ഇരുന്നത് 10 തക്കാളി തൈകളല്ലേ?എന്നാൽ ഓഗസ്റ്റ് ആകുമ്പോൾ അവ ആഴ്ചയിൽ 10 പൗണ്ടിലധികം തക്കാളികൾ ഉല്പാദിപ്പിക്കും, നിങ്ങളത് സുഹൃത്തുക്കളിലും സഹപ്രവർത്തകരിലും അടിച്ചേല്പിക്കും.

അങ്ങനെ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ആദ്യ കാരണം ഔദാര്യ മനസ്കത ആയിരിക്കില്ല. നിങ്ങൾ ഇത്ര കഷ്ടപ്പെട്ട് ഉല്പാദിപ്പിച്ച വസ്തുക്കൾ പാഴായിപ്പോകുന്നത് നിങ്ങൾക്ക് താങ്ങാൻ കഴിയില്ല. അതുപോലെ, നിങ്ങൾക്കുള്ള നന്മകൾ പങ്കുവയ്ക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് കേവലം മനുഷ്യ സ്നേഹം മൂലമാകണമെന്നില്ല. നിങ്ങളുടെ തോട്ടത്തിലുണ്ടായ അത്ര നല്ലതല്ലാത്ത വിളകൾ (മിക്കവാറും 85% വും അങ്ങനെയാകാം) നിങ്ങൾ നല്കാൻ സാധ്യതയില്ല, അല്ലെങ്കിൽ കൃഷിയിൽ നിങ്ങൾ ഒരു പരാജയമാണെന്ന് മറ്റുള്ളവർ വിചാരിക്കും.

എന്നിരുന്നാലും, കാലക്രമേണ നമ്മുടെ സ്വയ കേന്ദ്രീകൃതമായ ഔദ്യാര്യമനസ്കത ആത്മീയമായ ഒരു പുരോഗതിയായി രൂപാന്തരപ്പെടാൻ സാധ്യതയുണ്ട്. നിങ്ങൾക്കുള്ളതിൽ നല്ലത് നല്കുന്നത് തന്നെയാണ് നിങ്ങൾക്കുള്ള പ്രതിഫലം എന്ന് നിങ്ങൾ പതിയെ ചിന്തിച്ചു തുടങ്ങും.

ഒരു വലിയ പദവിയിലുള്ള ധനികയായ സ്ത്രീയാണ് ഈ കാര്യം മനസ്സിലാക്കാൻ എന്നെ സഹായിച്ചത്.

(ഷീല എന്ന് ഞാൻ അവരെ വിളിക്കട്ടെ) ഞാൻ ജോലി ചെയ്യുന്ന ബഹു കോടികളുടെ ആസ്തിയുള്ള സംഘടനയുടെ ഡയറക്ടർ ബോർഡിലെ അംഗമാണ് അവർ. അവർ സാധാരണ കർഷക കുടുംബത്തിൽ ഒരു ഗ്രാമാന്തരീക്ഷത്തിൽ ജനിച്ചു വളർന്നവരാണ്. പിന്നീടവർ അതിവേഗം വലിയ ഒരു സ്ഥാപനത്തിന്റെ പടവുകൾ കയറുകയും വളരെ വലിയ പദവിയിൽ എത്തുകയും ചെയ്തു. സ്വന്തമായി പറമ്പ് ഉഴുതു മറിച്ച് ചാണകം ഇട്ട് പച്ചക്കറികൾ നടേണ്ട ആവശ്യമില്ലാത്ത ആളായി മാറി.

ഒരിക്കൽ തന്റെ എക്സിക്യൂട്ടിവ് സ്യൂട്ടിൽ നിന്നും ഇറങ്ങി ഓഫീസിൽ വന്ന ഷീല എന്റെ മേശപ്പുറത്ത് ഞാൻ വില്ക്കാൻ വെച്ച തേൻ ശ്രദ്ധിച്ചു. ഞങ്ങൾ തേനീച്ച കൃഷിയെക്കുറിച്ചും പച്ചക്കറി കൃഷിയെക്കുറിച്ചും ഒക്കെ സംസാരിച്ചു. അടുത്ത തവണ അവർ ടൗണിൽ വരുമ്പോൾ ഞാനവർക്ക് ഒരു ബാഗ് തക്കാളി നല്കും എന്ന് അവസാനം പറഞ്ഞു.

ഞാനത് കൊണ്ടു പോയി കൊടുത്തപ്പോൾ അവർ അതീവമായി നന്ദി പറഞ്ഞു – ഉദാസീനമായി നല്കുന്ന ഒരു സമ്മാനത്തോട് സാധാരണ പ്രതികരിക്കാറുള്ള പോലെയല്ല അവർ അത് ചെയ്തത്. ഒരു ബഹുരാഷ്ട്ര കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള, ശതകോടീശ്വരിയായ അവർ, ഒരു ദരിദ്രനായ അനാഥൻ 2000 രൂപ കിട്ടിയാൽ പ്രതികരിക്കുന്നതുപോലെ ആവേശകരമായിട്ടാണ് പെരുമാറിയത്.

ഈ പ്രതികരണത്തെ എങ്ങനെ ഉൾക്കൊള്ളണം എന്ന് എനിക്കറിയില്ലായിരുന്നു. റിട്ടയർമെന്റിനു ശേഷം ഒരു വലിയ തോട്ടം ഉണ്ടാക്കി അധികമായി വിളയുന്നതെല്ലാം ഒരു ഫുഡ് ബാങ്കിലോ അഗതിമന്ദിരത്തിലോ നല്കണമെന്ന് ഞാൻ വിചാരിച്ചു. എന്നാൽ സമ്പന്നരായവരെ സഹായിക്കുക എന്നത് എന്റെ മനുഷ്യ സ്നേഹത്തിലൂന്നിയ ജോലിയിൽ വരുന്ന കാര്യമല്ല. വസ്തുവകകൾ കുന്നു കൂടിയിരിക്കുന്നവർക്ക് എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കാനാകുക?

എന്തായാലും, ഒരു തവണ കൂടി ഞാൻ ഷീലയ്ക്ക് കൃഷിഫലങ്ങൾ നല്കി. എന്റെ തോട്ടത്തിൽ വിളഞ്ഞ എല്ലാറ്റിൽ നിന്നും ഇത്തവണ നല്കാൻ തീരുമാനിച്ചു. ഓഗസ്റ്റ് മാസം പകുതിയാകുമ്പോഴാണ് അവർ തിരിച്ചു വരുന്നത്. അപ്പോഴേക്കും പച്ചക്കറികളെല്ലാം നല്ല പാകമാകുന്ന സമയമാണ്. ഇത്തവണ ചെടികളെല്ലാം നന്നായി വളർന്നിരുന്നു. ഞാൻ പ്ളാസ്റ്റിക് ബാഗുകളിൽ ജീരകം, കടുക്, മല്ലി, ചെറു ധാന്യങ്ങൾ എന്നിവയെല്ലാം കേടുവരാത്ത വിധം പായ്ക്ക് ചെയ്തു. തക്കാളിയും പച്ചമുളകും സബോളയും വെളുത്തുള്ളിയും എടുത്തു. എല്ലാം കൂടി ഒരു ഷോപ്പിംഗ് ബാഗിൽ വച്ചപ്പോൾ വേനൽക്കാലത്ത് ഒരു സുഗന്ധ ചികിത്സയുടെ ഫലം ഉണ്ടായി.

ഇതെല്ലാം കണ്ടപ്പോൾ അവർ കരഞ്ഞു പോയി; വെളുത്തുള്ളിയുടെ മണം മൂലമല്ല. എല്ലാറ്റിൽ നിന്നും ഉയർന്ന സുഗന്ധം അവരെ ഓർമ്മകളിലേക്കും വികാരങ്ങളിലേക്കും നയിച്ചു. മുഴുവനായും മനസ്സിലായില്ലെങ്കിലും എനിക്ക് ചിലതൊക്കെ ഊഹിക്കാമായിരുന്നു. ഏക്കർ കണക്കിന് എന്ന പോലെ പ്ലേറ്റുകളും ഗ്ലാസ്സുകളും നിരത്തി വച്ചിരിക്കുന്ന, ഒരു പൊടി പോലും കാണാൻ പറ്റാത്ത ആഢംബര ടോയ് ലറ്റുകൾ ഉള്ള, ഒരു കോർപ്പറേറ്റ് മുതലാളിയുടെ സകല വിഭവങ്ങളും നിറഞ്ഞ വീട്ടിൽ അതിനെക്കാൾ എല്ലാം സ്വീകാര്യമായതായി മാറി വീട്ടിൽ കൃഷി ചെയ്ത ഈ പ്രകൃതിവിഭവങ്ങൾ.

നല്ലവയെല്ലാം നന്നായി മരിക്കട്ടെ

    പല കൃഷിക്കാരും വിത്തുകൾ തനിയെ വീണ് മുളയ്ക്കാൻ സമ്മതിക്കില്ല. അത് അനാരോഗ്യകരമാണെന്നാണ് അവർ കരുതുന്നത്. മൂത്ത് കരിഞ്ഞ ചെടികൾ മണ്ണിൽ വീഴുമ്പോൾ കീടങ്ങളും രോഗാണുക്കളും വളരും. ശരിയായിരിക്കാം, എന്നാൽ ഞാൻ കരുതുന്നത് വ്യത്യസ്തമായിട്ടാണ്; വർഷാവസാനം അവയെല്ലാം സംസ്കരിക്കപ്പെടാത്ത മൃതദേഹങ്ങൾ പോലെ കിടക്കും. ഒരിക്കൽ സമൃദ്ധിയിൽ ആയിരുന്നവ നാശത്തിന്റെ നൊമ്പരം കിനിയിക്കും. അതുകൊണ്ടാണ് അവർ ചെടികൾ പഴുത്ത് തുടങ്ങുമ്പോഴെ പിഴുത് മാറ്റുന്നത്.

എങ്ങനെ പറയും എന്ന് അറിയില്ല, എങ്കിലും ഞാൻ എന്റെ ചെടികളെ സ്വാഭാവിക മരണത്തിന് ഏല്പിക്കാറാണുള്ളത്. അവയുടെ ആഗ്രഹം പോലെ തനിയെ മരിക്കാൻ വിടുന്നു. ഇത് എന്നെ ഒരു കൃഷിത്തോട്ടക്കാരൻ എന്നതിലുപരി “സന്നദ്ധഭട സത്രക്കാരൻ” ആക്കുന്നെങ്കിലും സാരമില്ല.

ചട്ടിയിൽ വളർത്തുന്ന സങ്കര സസ്യങ്ങൾ ആയാലും അവയും ജീവജാലങ്ങളാണ്, അവയ്ക്കും ജീവിത ലക്ഷ്യം പൂർത്തിയാക്കാനുണ്ട്. സ്വന്തം ഇനത്തെ ഉത്പാദിപ്പിക്കാനുള്ള ദൈവികമായതും ത്യാഗപൂർണ്ണമായതുമായ ഒരു അന്തർദാഹം അവയിലെല്ലാം ഉണ്ട്. അവയ്ക്കും അവയുടെ ഫലം പഴുത്ത് വിത്ത് ഭൂമിയിൽ വീഴിക്കണം എന്ന് ആഗ്രഹമുണ്ട്. അവരുടെ ഔദാര്യമനസ്കതയുടെ ഈ അന്ത്യമായ ‘വഷളത്വം’ നിഷേധിക്കുന്നത് എന്തിനാണ്? കാരറ്റുകളെ ഗർഭഛിദ്രം ചെയ്യാനും ചെടികൾക്ക് ദയാവധം നല്കാനും ആരാണ് നമുക്ക് അനുവാദം നല്കിയത്? കൃഷിയിടങ്ങൾ കാട് കയറി അവയുടെ സ്വാഭാവികത നേടിയെടുക്കുന്നതിനെ തടയുന്നതാണല്ലോ നമ്മുടെ കൃത്രിമമായ സംസ്കൃതി.

ഇക്കാര്യത്തിൽ ഞാൻ ശ്രദ്ധേയമായ ഒരു പാഠം പഠിച്ചത് സമൃദ്ധിയുടെ കാലത്തല്ല ഒരു ക്ഷാമകാലത്താണ്. ഒരു വേനൽക്കാലത്ത്, ജൂൺ മുതൽ ഓഗസ്റ്റ് വരെ, 10 ആഴ്ചകളോളം മഴ പെയ്തില്ല. ഞങ്ങളുടെ പുൽത്തകിടി വരണ്ടുണങ്ങിത്തുടങ്ങി. ചെടികൾ ബാഷ്പീകരണ നഷ്ടം കുറയ്ക്കാൻ ഇലകൾ പൊഴിച്ചു. എന്നാൽ ഞങ്ങളുടെ മുറ്റത്ത് നിന്ന രണ്ട് സ്തൂപികാഗ്ര എവർഗ്രീൻ ചെടി പക്ഷേ അതിന് വിപരീതമായി തഴച്ചുവളരുകയാണുണ്ടായത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം അവ ഊർജ്ജം സംഭരിച്ച് വച്ചത് ഇതിനായിട്ടാണ് എന്ന് തോന്നും. പൈൻ മരങ്ങൾ താപത്തെ താങ്ങാൻ കെല്പുള്ളവയാണ്. അവയുടെ സൂചി പോലുള്ള ഇലകൾ കൃത്രിമ ക്രിസ്മസ് ട്രീ പോലെയാണ്, അവ ചൂടിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് അങ്ങനെ ആയത്. അല്ലാതെ ഉദ്ദേശ്യമില്ലാത്ത ഒരു ആഢംബരത്തിനായല്ല.

ഒരു ബൊട്ടാണിസ്റ്റ് സുഹൃത്ത് പറഞ്ഞത് ഈ ചെടികൾ ചെയ്യുന്നത് യഥാർത്ഥ നിസ്വാർത്ഥ സേവനമാണെന്നാണ് – ഈ ചെടികളും താപം സഹിക്കാനാകാതെ മരണകരമായ പ്രയാസം അനുഭവിക്കുന്നുണ്ട്. അപ്പോൾ അവ ശക്തമായ ഒരു പ്രതിരോധം രൂപപ്പെടുത്തുന്നു. എന്നിട്ട് ധാരാളം വിത്തുകൾ ഉല്പാദിപ്പിക്കുന്നു. ഇവ നശിച്ചാലും നിരവധിയായി പുതുതലമുറയെ ജനിപ്പിക്കാൻ. ഒരു നിശബ്ദയായ, ചിന്താശേഷിയില്ലാത്ത ചെടി ഇത്ര പരിപാലന ത്വര പ്രകടിപ്പിക്കുന്നു എന്നത് നമുക്ക് എത്രയധികം ഹൃദയഭേദകമാണ്, നമ്മെ നിസ്സാരരാക്കുന്നതാണ്!

ഗോതമ്പുമണി (പൈൻ കോണിന്റെ വിത്തായാലും) നിലത്ത് വീണ് അഴിയുന്നില്ലെങ്കിൽ അത് തനിയെ ഇരിക്കും. അഴിയുന്നുവെങ്കിലോ അത് ധാരാളം ഫലം പുറപ്പെടുവിക്കും. നാം ഒരു കാര്യത്തെ നന്നായി പരിപാലിച്ചാൽ അത് പുറപ്പെടുവിക്കുന്ന ഫലം നമ്മുടേതു കൂടിയായിരിക്കും.

 

banner image