മുഖവുര

ജീവിതം നിരർത്ഥകമായി തോന്നുമ്പോൾ ദൈവത്തിൽ തന്നെ ആശ്രയിക്കുന്നതിനെക്കുറിച്ച്… “നല്ലത് ചെയ്യുന്നവരാണ് ശിക്ഷിക്കപ്പെടുന്നത്” എന്ന് നിരാശയോടെ തിരുത്തിപ്പറയാൻ ജീവിത സാഹചര്യങ്ങൾ ചിലപ്പോൾ നമ്മെയും പ്രേരിപ്പിച്ചേക്കാം. ജീവിതാനുഭവങ്ങളിലെ ശരികേടുകളും അസമത്വങ്ങളും അനീതിയും മൂലം നാമും അങ്ങനെ ചിന്തിച്ചു പോകാം.

നീതി എവിടെയാണ്? ദൈവഭയമില്ലാത്തവർക്ക് ജീവിതം അനുകൂലമായി കാണപ്പെടുമ്പോൾ ഈ ദൈവത്തിൽ നമുക്ക് എങ്ങനെ വിശ്വാസം തോന്നും?

തുടർന്നുള്ള താളുകളിൽ, ജീവിതത്തിൽ എവിടെയും അനീതികൾ കണ്ട് വിശ്വാസത്തിൽ നിന്ന് ഏതാണ്ട് വഴുതിപ്പോയ ഒരു മനുഷ്യൻ്റെ സംഘർഷങ്ങളിലൂടെ ബിൽ ക്രൌഡർ നമ്മെ കൊണ്ടുപോകുകയാണ്.

മാർട്ട് ഡി ഹാൻ

ഉള്ളടക്കം

banner image

“ഇത് ഒട്ടും നീതിയല്ല!” പിച്ചവെക്കുന്ന കുഞ്ഞിനോട്, കളിപ്പാട്ടം കൂട്ടുകാരനുമായി പങ്കവെക്കണമെന്ന് മമ്മിയും ഡാഡിയും പറഞ്ഞപ്പോൾ അത് കരഞ്ഞ് പറഞ്ഞതാണിത്. “ജീവിതം ചിലപ്പോൾ ഇങ്ങനെ അനീതിയുള്ളതാണ്, സുഹൃത്തേ.”

ജീവിതം ശരി മാത്രം നടപ്പിലാകുന്നതല്ല എന്ന് നാം കുട്ടികളോട് പറയുന്നത് നമുക്കത് അനുഭവമായതുകൊണ്ടാണ്. ഇത് നാം മനസ്സിലാക്കുന്നുവെങ്കിലും ചിലപ്പോഴൊക്കെ (ദീർഘനിശ്വാസത്തോടെയും നിരാശയോടെയും) ചെറിയ അന്യായങ്ങളൊക്കെ സഹിക്കാറുണ്ടെങ്കിലും, ഈ അനീതികൾ ഒന്നും കുഴപ്പമില്ല എന്ന് നാം ചിന്തിക്കുന്നുണ്ടോ? മദ്യപാനിയായ ഒരു ഡ്രൈവർ തൻ്റെ കാർ ഒരു വീട്ടിലെ കിടപ്പുമുറിയിലേക്ക് ഇടിച്ചു കയറ്റി; ഡ്രൈവർ ചെറിയ പോറലുകളോടെ നടന്നു പോകുന്നു, അവിടെ ഉറങ്ങിക്കിടന്ന മനുഷ്യൻ ബോധമില്ലാതെ ഏതാനും ദിവസം കിടന്നിട്ട് മരിച്ചു പോകുന്നു. തങ്ങളുടെ കുഞ്ഞിനെ കൊന്നയാളെ കോടതി വിട്ടയക്കുന്നത് കണ്ട് അപ്പനും അമ്മയും വിങ്ങിപ്പൊട്ടുന്നു – അന്വേക്ഷണത്തിലെ പിഴവ് എന്ന സാങ്കേതികത്വത്തിലൂന്നി അയാൾ കുറ്റവാളിയല്ലാതാകുന്നു! ഒരു മനുഷ്യൻ്റെ വിധവയായ മാതാവിൻ്റെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ ഒരു ‘ചാരിറ്റി പ്രസ്ഥാനം’ വഞ്ചിച്ചെടുത്തിട്ട് അവർ നിർധനയായി മാറി. ഇതൊക്കെ കാണുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു?

സങ്കീർത്തനങ്ങൾ നമ്മെ ആകർഷിക്കുന്ന, കാരണം അവ നാമെല്ലാവരും അനുഭവിക്കുന്ന കോപത്തിനും ഭയത്തിനും നിരാശയ്ക്കും വാക്കുകൾ നൽകുന്നു.

ദുരന്തങ്ങൾ കോപത്തോടെ ചോദ്യങ്ങൾ ചോദിക്കാൻ ഇടയാക്കുന്നു: മോശമായ കാര്യങ്ങൾ ചെയ്യുന്ന ആളുകൾ വിജയിക്കുന്നതും അഭിവൃദ്ധിപ്പെടുന്നതും എന്തു കൊണ്ട്? ദൈവം എവിടെയാണ്? എങ്ങനെ, എവിടെ നമുക്ക് ഉത്തരങ്ങൾ ലഭിക്കും?

ഉത്തരങ്ങൾ കണ്ടെത്താനുള്ള ഒരിടം സങ്കീർത്തന പുസ്തകമാണ്. മാനുഷിക വികാരങ്ങങ്ങളുടെ ആഴങ്ങൾ ഉൾക്കൊണ്ട് അത് നമ്മെ വശീകരിക്കുന്നു. നാമെല്ലാം അനുഭവിക്കുന്ന കോപവും ഭയവും നിരാശയും അതിൽ വിവരിച്ചിരിക്കുന്നത് കാണാം.

സങ്കീർത്തനങ്ങളുടെ എഴുത്തുകാരിൽ ഒരാളാണ് ആസാഫ്. ആഴമുള്ള, വേദന നിറഞ്ഞ ചോദ്യങ്ങൾ ചോദിക്കാൻ ജീവിതം നിർബന്ധിച്ചപ്പോഴാണ് അദ്ദേഹം 73-ാം സങ്കീർത്തനം എഴുതിയത്. അദ്ദേഹത്തിന്റെ പ്രതിസന്ധികൾ എന്തായിരുന്നു എന്നതിൻ്റെ വിശദാംശങ്ങൾ നമുക്കറിയില്ല. ആസാഫ് താൻ കണ്ടതും മനസ്സിലാക്കിയതുമായ കാര്യങ്ങളോട് ശക്തമായി പ്രതികരിച്ചു.

ജീവിതവും ദൈവവും തന്നെ ചതിച്ചു എന്ന് വിചാരിച്ച ആസാഫ് തൻ്റെ നിരാശയുടെ ആഴം പ്രകടിപ്പിക്കുകയായിരുന്നു. അനേകർക്കും ഈ അനുഭവമുണ്ടെങ്കിലും എല്ലാവരും അത് പ്രകടിപ്പിക്കാറില്ല. എന്തു കൊണ്ടാണ് എനിക്കിത് സംഭവിക്കുന്നത്? ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നയാളല്ലേ? ഞാൻ വിശ്വസ്തനായിരുന്ന് ശരിയായ നിലപാടുകൾ മാത്രം സ്വീകരിക്കുന്നുണ്ടല്ലോ. എന്നിട്ടും എനിക്ക് ഇങ്ങനെ പ്രയാസങ്ങൾ മാത്രം വരുന്നു; തിന്മ പ്രവർത്തിക്കുന്നവർ അഭിവൃദ്ധിയും പ്രാപിക്കുന്നു. ഇത് ഒട്ടും ശരിയല്ല!

തൻ്റെ തന്നെ നിയമങ്ങളെ ദൈവം നടപ്പിലാക്കാത്തത് എന്തുകൊണ്ട്?

പുരാതന ഇസ്രായേലിൽ ജനം വിശ്വസിച്ചതും ജീവിതത്തിൽ പാലിച്ചതും പ്രവൃത്തിക്ക് തക്ക പകരം എന്ന നിയമമാണ്. നീതിയുടെ സംതുലനാവസ്ഥ അവർ പ്രതീക്ഷിച്ചു. നന്മ ചെയ്യുന്നവർ അതിന് ആനുപാതികമായി പ്രാപിക്കും, അനീതിയും അധാർമ്മികതയും പ്രവർത്തിക്കുന്നവർ ശിക്ഷ പ്രാപിക്കും. ഇത് അവരുടെ ഒരു ആഗ്രഹമോ തന്ത്രപരമായ തത്വശാസ്ത്രമോ ആയിരുന്നില്ല, ദൈവത്തിൻ്റെ നിയമത്തിൻ്റെ അനുശാസനമായിരുന്നു.

ലേവ്യർ 25:3-5 , 18-20; ആവർത്തനം 28 എന്നിവ വായിക്കുക

പഴയനിയമത്തിലെ ഈ നിയമത്തിന് തത്തുല്യമായ ഒന്ന് പുതിയ നിയമത്തിലുമുണ്ട് – ‘വിതക്കുന്നത് തന്നെ കൊയ്യും’ എന്ന നിയമം.” വഞ്ചനപ്പെടാതിരിക്കുവിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതക്കുന്നതു തന്നെ കൊയ്യും” (ഗലാത്യർ 6:7, 8).

പുരാതന ഇസ്രായേലിൽ ജനം വിശ്വസിച്ചതും ജീവിതത്തിൽ പാലിച്ചതും പ്രവർത്തിക്കുന്നതിന് ന്യായമായ പകരം എന്ന നിയമമാണ്.

ഹൃദയം തകർന്നവർക്കും കഷ്ടതയനുഭവിക്കുന്നവർക്കും ഈ വാക്കുകൾ സത്യവും പ്രത്യാശയും പ്രദാനം ചെയ്യുന്നു (സങ്കീ. 34 ഉം 37 ഉം പോലെ). എവിടെയൊക്കെ ഈ തത്വം നാം കണ്ടെത്തിയാലും ഇസ്രായേൽ ജീവിതത്തെ നോക്കിക്കണ്ടത് ഈ ചട്ടക്കൂട്ടിലാണ് എന്ന് അവിടുന്നെല്ലാം നമുക്ക് മനസ്സിലാകും.

.
.

നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന താർസൂസിലെ ബിഷപ്പ് ദിയദോർ 37-ാം സങ്കീർത്തനത്തെക്കുറിച്ച് പറഞ്ഞത്, ” മനുഷ്യരായ നാമെല്ലാം സമ്പന്നരുടെ, പ്രത്യേകിച്ച് അന്യായമായി സമ്പാദിച്ചവരുടെ, അഭിവൃദ്ധിയിൽ അലോസരം തോന്നുന്നവരാണ്. അവർ തല്ക്കാലം അഭിവൃദ്ധി പ്രാപിച്ചാലും അതിവേഗം അത് അവസാനിക്കും ” എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

73-ാം സങ്കീർത്തനത്തിൻ്റെ പശ്ചാത്തലമായിട്ടുള്ളത് നല്ലവർക്ക് പ്രതിഫലവും മോശമായവർക്ക് ശിക്ഷയും എന്ന വിശ്വാസത്തിന് ഏല്ക്കുന്ന മങ്ങലാണ്. നല്ല മനുഷ്യർ പ്രതിസന്ധികൾ നേരിടുകയും പ്രയാസങ്ങൾ അനുഭവിക്കുകയും ചെയ്യുമ്പോൾ ചീത്ത ആളുകൾ ഗുണമനുഭവിക്കുന്നതായി കാണുന്നത് എന്തു കൊണ്ട്?

ഈ സങ്കീർത്തനം ഒരു താത്വിക പ്രശ്നത്തിൻ്റെ വേറിട്ട വേദശാസ്ത്ര അപഗ്രഥനം ഒന്നുമല്ല. ആസാഫ് തൻ്റെ ദൈവവിശ്വാസത്തിന് ഇളക്കം തട്ടിച്ചേക്കാവുന്ന ഒരു വ്യക്തിപരമായ പ്രതിസന്ധിയുമായി മല്ലടിക്കുകയായിരുന്നു. തൻ്റെ ഉള്ളിൽ ആഴത്തിൽ അലട്ടിക്കൊണ്ടിരുന്ന ചോദ്യങ്ങൾ ഉണർത്തിയ വികാര തീവ്രത വാക്കുകളിൽ കാണാം.

തൻ്റെ പ്രതിസന്ധികളിലൂടെ,ആസാഫിന് നമ്മോടും സംസാരിക്കാൻ കഴിയുന്നു. നമ്മുടെ ജീവിതം അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ പ്രതിഫലനമാകാം. ദൈവത്തിൻ്റെ നന്മയിലും നീതിയെന്ന തത്വത്തിലും വിശ്വസിച്ചിരുന്ന അദ്ദേഹത്തിൻ്റെ അനുഭവം തൻ്റെ ചിന്തകൾക്കനുസൃതമായിരുന്നില്ല.

ഉത്തരങ്ങൾ വേണം. ആസാഫിന് ദൈവവിശ്വാസത്തിൽ നിലനില്ക്കണമെങ്കിൽ ഉത്തരങ്ങൾ കണ്ടെത്തേണ്ടിയിരുന്നു.

റിയർവ്യൂ മിറർ

നമ്മുടെ അനുഭവങ്ങളുടെ കൂടുതൽ അർത്ഥവും യഥാർത്ഥ പ്രസക്തിയും മനസ്സിലാക്കാൻ “റിയർ വ്യൂ” വീക്ഷണത്തിന് കഴിയും.

എനിക്ക് പ്രിയപ്പെട്ട ഒരു ഉദ്ധരണിയിങ്ങനെയാണ്: “ജീവിതം മുന്നോട്ട് ആണ് പോകേണ്ടത് – നിർഭാഗ്യവശാൽ അതിനെ മനസ്സിലാക്കാൻ കഴിയുന്നത് പിന്നിലേക്ക് നോക്കിയാണ്.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജീവിതത്തിലെ സംഭവങ്ങളെ വ്യക്തമായി മനസ്സിലാകുന്നത് കടന്നുപോന്നവയെ കാണിക്കുന്ന കണ്ണാടിയിലൂടെ ( റിയർവ്യൂ മിറർ )അവയെ നോക്കുമ്പോഴാണ്. നമ്മുടെ അനുഭവങ്ങളുടെ കൂടുതൽ അർത്ഥവും യഥാർത്ഥ പ്രസക്തിയും മനസ്സിലാക്കാൻ “റിയർ വ്യൂ” വീക്ഷണത്തിന് കഴിയും. സംഭവസമയത്ത് മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ വീണ്ടുവിചാരവും പരിശോധനയും വിലയിരുത്തലും വഴി വ്യക്തമാകും. കടന്നു പോന്ന അനുഭവങ്ങളിലേക്ക് പിൻതിരിഞ്ഞു നോക്കിയപ്പോഴാണ് ആസാഫിനും സാഹചര്യങ്ങളെ മനസ്സിലാക്കാനായത്. ക്രമേണ, താൻ ദൈവത്തിൻ്റെ നന്മയേയും നീതിനിർവഹണത്തെയും സംശയിച്ച് പോയ സമയത്തെ ആശങ്കകളിലും വേദനകളിലും നിരാശകളിലും തിരിച്ചെത്തി. മുൻകാല അനുഭവങ്ങളുടെ ഈ വിലയിരുത്തലിലൂടെ കാര്യങ്ങൾ കൂടുതൽ വ്യക്തവും സുഗ്രാഹ്യവുമായി.

ആസാഫിൻ്റെ സംഘർഷം ” നിർമ്മല ഹൃദയമുള്ളവർ” അനുഗ്രഹിക്കപ്പെടുന്നതായി കാണുന്നില്ല എന്നതായിരുന്നു. തൻ്റെ വിശ്വാസസംബന്ധമായ ആന്തരികസംഘർഷങ്ങളുടെയിടയിലും നടത്തിയ വിശ്വാസത്തിൻ്റെ പ്രഖ്യാപനമായി ഈ വാക്യത്തെ കാണുന്നവരുണ്ട്. തൻ്റെ ഉള്ളിലെ ബോധ്യങ്ങളോട് പോരാടുന്നവയായിരുന്നു ജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ.
മറ്റു ചിലർ, ഒന്നാം വാക്യത്തിൽ തുടങ്ങി ആസാഫ് പിന്നോട്ടു പോകുന്നതായി നിരീക്ഷിക്കുന്നു. വിശ്വാസത്തോടെ ആരംഭിച്ചിട്ട് നിരാശയിലേക്കും ഏതാണ്ട് ദൈവത്തെ ഉപേക്ഷിക്കുന്നതിലേക്കും നിപതിക്കുന്നു.

സങ്കീ. 73 ൻ്റെ ആരംഭം നോക്കുക: ” ദൈവം യിസ്രായേലിന്, നിർമ്മല ഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു; നിശ്ചയം” (വാ. 1).

റിയർവ്യൂ മിററിലൂടെ നോക്കിയ ആസാഫ് തൻ്റെ അനുഭവം വിവരിക്കുന്നു – തൻ്റെ വികാരങ്ങളെയും പ്രതികരണങ്ങളെയും കൂടുതൽ വ്യക്തമായി കാണുവാൻ ഈ പിന്നോട്ടുള്ള നോട്ടം അനുകൂലമായിത്തീർന്നു.

ആസാഫിൻ്റെ ഹൃദയം ഒരു യുദ്ധക്കളമായിരുന്നു. ദൈവത്തിൻ്റെ വിശ്വാസ്യതയുടെ മേൽ ഒരു യുദ്ധം തന്നെ നടക്കുകയായിരുന്നു തൻ്റെ ഹൃദയത്തിൽ. തൻ്റെ അനുഭവങ്ങളെ ഓർത്ത് പറഞ്ഞപ്പോൾ താൻ എത്ര നിരാശിതനായിരുന്നു എന്നും വെളിപ്പെടുത്തുന്നു: ” എന്നാൽ എൻ്റെ കാലുകൾ ഏകദേശം ഇടറി; എൻ്റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി” (വാ. 2).

ഇപ്പോൾ തന്റെ പരാതികളെ ശരിയായി കാണാൻ അദ്ദേഹത്തിന് കഴിയുന്നു – അവയെല്ലാം ദൈവത്തെ ഉപേക്ഷിപ്പിക്കാനുള്ള അപകടകരമായ പ്രലോഭനങ്ങളായിരുന്നു.

സഹനത്തിൻ്റെ തീച്ചൂളയിൽ, അവിവേകമായി തോന്നുന്ന പരാതികളെയും കുറ്റം പറയാൻ പറ്റുന്നില്ല. എന്നാൽ ഇപ്പോൾ അവയെ ശരിയായി കാണാൻ അദ്ദേഹത്തിന് കഴിയുന്നു – അവയെല്ലാം ദൈവത്തെ ഉപേക്ഷിപ്പിക്കാനുള്ള അപകടകരമായ പ്രലോഭനങ്ങളായിരുന്നു. തൻ്റെ മനസ്സിനെ ആക്രമിച്ച ചിന്തകളെ അദ്ദേഹം സത്യസന്ധമായി ഓർത്ത് പറയുന്നു: “ദുഷ്ടന്മാരുടെ സൗഖ്യം കണ്ടിട്ടു എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി” (വാ.3).

നമുക്ക് തോന്നാറുള്ളതും എന്നാൽ പൊതുവെ സമ്മതിക്കാത്തതുമായ വികാരങ്ങളെ ആസാഫ് ഏറ്റ് പറയുന്നു. അദ്ദേഹത്തിൻ്റെ തുറന്നടിക്കുന്ന വാക്കുകൾ നമുക്ക് പരിചയമുള്ള ചിന്തകൾ തന്നെയാണ്. അദ്ദേഹത്തിൻ്റെ സ്വയം വെളിപ്പെടുത്തലുകൾ നമ്മെയും ദൈവത്തോടും നമ്മോടു തന്നെയും സത്യസന്ധരാക്കാൻ പ്രേരിപ്പിക്കുന്നു. നമ്മളും അഭിവൃദ്ധി പ്രാപിച്ചവരോട്, പ്രത്യേകിച്ച് തിന്മയുടെ മാർഗങ്ങളിലൂടെ അത് നേടിയതായി കാണുന്നവരോട്, അസൂയ ഉള്ളവരാണ്.

തിന്മയുടെ മാർഗത്തിലൂടെ മേൽക്കൈ നേടിയവരെ വിവരിക്കുമ്പോൾ ആസാഫ് എഴുതി:

“അവർക്കു വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു.
അവർ മർത്യരേപ്പോലെ കഷ്ടത്തിൽ ആകുന്നില്ല;
മറ്റു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നുമില്ല.
ആകയാൽ ഢംഭം അവർക്കു മാലയായിരിക്കുന്നു;
ബലാൽക്കാരം വസ്ത്രം പോലെ അവരെ ചുറ്റിയിരിക്കുന്നു.
അവരുടെ കണ്ണുകൾ പുഷ്ടികൊണ്ട് ഉന്തിനിൽക്കുന്നു.
അവരുടെ ഹൃദയത്തിലെ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു.
അവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉ
ന്നത ഭാവത്തോടെ സംസാരിക്കുന്നു.
അവർ വായ് ആകാശത്തോളം ഉയർത്തുന്നു;
അവരുടെ നാവ് ഭൂമിയിൽ സഞ്ചരിക്കുന്നു.
ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന് അറിവുണ്ടോ? എന്ന് അവർ പറയുന്നു” (വാ. 4-9, 11).

ഓരോ വാചകത്തിലും നിരാശയോടെ ആസാഫ് തനിക്ക് ചുറ്റുമുള്ളവരുടെ ജീവിത ചിത്രമായ ആഢംബരത്തെ വിവരിക്കുന്നു.

അവർക്ക് വേദന ഒട്ടുമില്ല (വാ. 4). അവർ സംതൃപ്തരായി മരിക്കുന്നു, ജീവിതത്തിൻ്റെ ഓരോ ചുവടും ആസ്വദിച്ചു കൊണ്ട്. അനേകരും ജീവിച്ചിരിക്കാൻ വേണ്ടി പാടുപെടുമ്പോൾ ” അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു” എന്നത് അവരുടെ സമൃദ്ധിയെ കാണിക്കുന്നതാണ്. അനുദിനം സകലവിധ സുഖഭോഗങ്ങളിലും അവർ ഏർപ്പെടുന്നു, ജീവിതത്തിൻ്റെ ഏറ്റവും നല്ല കാര്യങ്ങൾ ആസ്വദിച്ചും വിശ്രമിച്ചും ജീവിക്കാനുള്ള മാർഗങ്ങളും അവസരങ്ങളും അവർക്കുണ്ട്.

ദൈവത്തെ നിരസിക്കുന്ന ആളുകൾ കഷ്ടത അനുഭവിക്കുമെന്ന് വിശ്വസിക്കാൻ ആസാഫിന്റെ വിശ്വാസം അവനെ പഠിപ്പിച്ചു. പക്ഷേ അവൻ ജീവിതം നിരീക്ഷിച്ചതുപോലെ. . .

അവർ മറ്റ് മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നില്ല (വാ. 5). പ്രയാസങ്ങളും സംഘർഷങ്ങളും അധ്വാനവും ഒന്നും ഇല്ല. രോഗവ്യാധികൾ ഒന്നും അവരെ ബാധിക്കുന്നില്ല. അവരുടെ ആകെയുള്ള ഉത്ക്കണ്ഠ സമ്പത്ത്, സുരക്ഷ എന്നീ കാര്യങ്ങളിലാണ്. എത്രയൊക്കെ തിന്മ ചെയ്തിട്ടും അത് അവരുടെ സമൃദ്ധിയെ ബാധിക്കുന്നതായി കാണുന്നില്ല.

അവരുടെ ഢംഭവും ബലാൽക്കാരവും അവർക്ക് പ്രയോജനകരമാകുന്നതായി കാണുന്നു (വാ. 6). ദൈവത്തെ ഉപേക്ഷിക്കുന്ന മനുഷ്യർ കഷ്ടം അനുഭവിക്കേണ്ടിവരും എന്നതാണ് ആസാഫിൻ്റെ വിശ്വാസം പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ ചുറ്റുപാടും കാണുന്നത് അഹങ്കരിക്കുകയും അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്നവർ മാനവും ലാഭവും നേടുന്നതായിട്ടാണ്. ദൈവഭക്തരായി ജീവിക്കുന്നവർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് കരുതുന്നതും അവർ ആഗ്രഹിക്കുന്നതുമായ സകലതും ഇവർക്ക് ലഭിക്കുന്നതായി കാണുന്നു.

സങ്കല്പത്തിനതീതമാണ് അവരുടെ സമൃദ്ധി (വാ. 7). അവരുടെ സമ്പത്തിൻ്റെ തെളിവുകളാണ് ആസാഫ് കാണുന്നത്. ” അവരുടെ കണ്ണുകൾ പുഷ്ടികൊണ്ട് ഉന്തി നില്ക്കുന്നു.” ജീവിതത്തിൻ്റെ സകല സുഖഭോഗങ്ങളും അവർക്കുള്ളതായി കാണുന്നു; സുഖം, സുരക്ഷിതത്വം, സൗകര്യം, സകല ആഗ്രഹങ്ങളും സാധിപ്പിക്കുന്ന സാധനങ്ങളും മനുഷ്യരും.

ആസാഫ് നിരാശപ്പെടുത്തുന്ന നിഗമനത്തിലെത്തിച്ചേർന്നു : എത്ര തിന്മകൾ ചെയ്തിട്ടും സ്വയ താല്പര്യത്തിനായി മാത്രം ജീവിക്കുന്നവർ അഭിവൃദ്ധി പ്രാപിക്കുന്നു.

    അവരുടെ സംസാരം അവഹേളനവും അഹങ്കാരവും ധിക്കാരവും നിറഞ്ഞതാണ് (വാ. 8, 9). അവരുടെ അവഹേളനം സ്വഭാവത്തെ വിലമതിക്കുന്നവരുടെ നേരെയാണ്. എന്നാൽ ഈ ആഢംബര ജീവികൾ ആസാഫിനെ ഏറ്റവും അസ്വസ്ഥനാക്കിയത് അവരുടെ ദൈവത്തോടുള്ള മനോഭാവം മൂലമാണ്. അവർ ചെയ്തതിലെല്ലാം ദൈവത്തെ അവഹേളിക്കുകയായിരുന്നു.

അവരുടെ സമൃദ്ധി ഇങ്ങനെ പരിഹസിക്കാൻ അവരെ ധൈര്യപ്പെടുത്തി: ” ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന് അറിവുണ്ടോ?” (വാ. 11). അലൻ റോസ് എന്ന ബൈബിൾ വ്യാഖ്യാതാവ് ഇങ്ങനെ കുറിച്ചു : “അവർ നാളെയെക്കുറിച്ച് യാതൊരു ചിന്തയോ ഉത്ക്കണ്ഠയോ ഇല്ലാത്തവരായിരുന്നു. അവർക്ക് ജീവിതം ഇപ്പോൾ മാത്രമാണ്: ഇപ്പോൾ എന്നതാണവരുടെ നിത്യത.” ജീവിതത്തിൻ്റെ സാധാരണ വേദനകൾ അവർക്കില്ലായിരുന്നു (വാ. 4-6), അതുകൊണ്ട് ദൈവത്തിൻ്റെ പ്രതികരണത്തിനും അതീതരാണ് തങ്ങൾ എന്നവർ ഊഹിച്ചു.

ദൈവഭക്തരല്ലാത്ത, സ്വയാശ്രിതരായ ഇവരുടെ സമൃദ്ധിയും സന്തോഷവും കണ്ട ആസാഫ് നിരാശപ്പെടുത്തുന്ന നിഗമനത്തിലെത്തിച്ചേർന്നു : എത്ര തിന്മകൾ ചെയ്തിട്ടും സ്വയ താല്പര്യത്തിനായി മാത്രം ജീവിക്കുന്നവർ അഭിവൃദ്ധി പ്രാപിക്കുന്നു.

ആസാഫ് നിരാശപ്പെട്ടുപോയതിൽ അതിശയിക്കാനില്ല! ചീത്ത മനുഷ്യർ പുഷ്ടിപ്രാപിക്കുന്നു, ജീവിതത്തിലെ പ്രതിസന്ധികൾ ഒന്നും അവരെ ഏശുന്നതായി കാണുന്നുമില്ല. അവർ ദൈവത്തെ അപഹസിച്ചിട്ടും ഒന്നും സംഭവിക്കാതെ പോകുന്നു.

അതിക്രമവും അന്യായവും ആണ് 3 -ാം വാക്യത്തിലെ ഏറ്റുപറച്ചിലിന് ആസാഫിനെ പ്രേരിപ്പിച്ചത്: “ദുഷ്ടന്മാരുടെ സൗഖ്യം കണ്ടിട്ട് എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി.” സമാനമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ നാമും വിലപിച്ച് പോകും, ” ഇത് ഒട്ടും ശരിയല്ല” എന്ന്.

എന്നാൽ അത് ആരംഭം മാത്രമായിരുന്നു. തൻ്റെ നിരാശയെ പ്രകടിപ്പിക്കുന്നത് സ്വഭാവികവും സഹായകരവും ആയിരുന്നെങ്കിലും, അത് ചെയ്തതു വഴി അദ്ദേഹം ഇരുണ്ടതും പ്രയാസകരവുമായ ഒരു വഴിയിലേക്ക് പതിക്കുകയായിരുന്നു.

banner image

ഷ്ടപ്പെട്ടതിന് തക്ക പ്രതിഫലം കിട്ടിയോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടോ? ആസാഫ് തൻ്റെ സങ്കീർത്തനത്തിൽ (73) ഇങ്ങനെയൊരു ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. ജീവിതം മൂല്യമുള്ളതാണോ? ദൈവത്തിനു വേണ്ടി ജീവിക്കാൻ ശ്രമിച്ചതിന് വല്ല പ്രയോജനവും ഉണ്ടോ? വാക്യം 13 ൽ വേദന നിറഞ്ഞ ഈ ചോദ്യമാണുള്ളത്: ” എന്നാൽ ഞാൻ എൻ്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എൻ്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമത്രേ.”

ആസാഫിൻ്റെ നിരാശ വ്യക്തമാണ്. അദ്ദേഹത്തിൻ്റെ വേദന സഭാപ്രസംഗിയിലെ ശലോമോൻ്റെ നിരാശ ഉൾക്കൊള്ളുന്നത് തന്നെ. “സകലതും മായയത്രേ” എന്ന് വിലപിക്കുമ്പോൾ ശലോമോൻ ജീവിതത്തിൻ്റെ മൂല്യത്തെക്കുറിച്ചാണ് ചിന്തിച്ചത് (1:2). ആസാഫ് പണിപ്പെട്ടത് വ്യക്തി സമഗ്രതയും വിശ്വസ്തതയും സംബന്ധിച്ചാണ്. എന്നാൽ ഇപ്പോൾ, തൻ്റെ പ്രയത്നമെല്ലാം നിഷ്ഫലമായോ എന്നദ്ദേഹം ഭയപ്പെടുന്നു. 13-ാം വാക്യത്തിൽ നിറഞ്ഞ് നില്ക്കുന്നത് നിരാശനിറഞ്ഞ കോപത്തിൻ്റെ ആധിക്യമാണ്. ദൈവം കാര്യങ്ങളെ നിയന്ത്രിക്കുന്നില്ലേ എന്ന് സംശയം ഉണ്ടാകുമ്പോൾ നാം നിരാശപ്പെട്ട് പോകാൻ സാധ്യതയുണ്ട്.

സഭാപ്രസംഗിയിൽ ശലോമോൻ രാജാവ് വിവരിക്കുന്നത് അർത്ഥം കണ്ടെത്താനുള്ള തൻ്റെ പരിശ്രമങ്ങളുടെ നിരർത്ഥകതയാണ്. ” സൂര്യൻ്റെ കീഴിൽ ” എന്ന( പുസ്തകത്തിൽ 25 ലധികം തവണ ഉപയോഗിക്കുന്ന) പ്രയോഗം ജീവിതത്തെക്കുറിച്ചുള്ള ഒരു ഭൗമിക വീക്ഷണത്തെയാണ് കാണിക്കുന്നത്. നിരാശക്കപ്പുറം ശലോമോൻ ആത്യന്തികമായി ഉപസംഹരിക്കുന്നത് ” ദൈവത്തെ ഭയപ്പെട്ട് അവൻ്റെ കല്പനകളെ പ്രമാണിക്കുക” (12:13) എന്ന ആഹ്വാനത്തോടെയാണ്.

സ്വഭാവസമഗ്രതയും ധാർമ്മികതയും ഒക്കെ നിഷ് പ്രയോജനമാണെന്ന് ചിന്തിച്ചു പോകും വിധം ആസാഫ് നിരാശപ്പെട്ടുപോയി. തൻ്റെ ശക്തമായ ആത്മീയാവബോധം മൂലം അദ്ദേഹം “ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സു തോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു” (വാ. 14).

ആസാഫിൻ്റെ ഭയം

ദ ഫോർ ഫെദേഴ്സ് എന്ന പുസ്തകം 1800 കളുടെ അവസാനം ബ്രിട്ടീഷ് സൈന്യത്തിൽ സേവനം ചെയ്ത ഹാരി ഫേവർഷാം എന്ന ചെറുപ്പക്കാരൻ്റെ കഥ പറയുന്നു. മനുഷ്യവാസമുള്ള സകല ഭൂഖണ്ഡങ്ങളെയും ബ്രിട്ടീഷ് സാമ്രാജ്യം കീഴടക്കിയിരുന്ന ആ കാലത്ത്, ആ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുക എന്നതിനേക്കാൾ കുടുംബത്തിന് മാനം കൊണ്ടുവരുന്ന ഒരു കാര്യവും ചെയ്യാൻ ഒരു മനുഷ്യന് ഇല്ലായിരുന്നു. ഹാരിയും ഈ ദൗത്യം ഏറ്റെടുക്കുകയും തൻ്റെ റെജിമെൻ്റിൽ നല്ല ബഹുമാനം നേടിയെടുക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോഴാണ് സുഡാനിലെ ഒരു കലാപം അടിച്ചമർത്താനുള്ള ദൗത്യം ഹാരിയുടെ യൂണിറ്റിന് ലഭിക്കുന്നത്. ഹാരിക്ക് വലിയ ഭയം തോന്നി. ഏറ്റുമുട്ടലിനെക്കുറിച്ചും യുദ്ധത്തിൻ്റെ ഭീകരതയെക്കുറിച്ചും ചിന്തിച്ച് ഹാരി ഭയം കൊണ്ട് തളർന്നു പോയി.

അവൻ ദൗത്യത്തിൽ നിന്ന് രാജിവെച്ചു. ഇതിൻ്റെ പ്രത്യാഘാതം വലുതായിരുന്നു. അവൻ്റെ സഹപ്രവർത്തകരായ മൂന്ന് ഓഫീസർമാർ ഓരോരുത്തരും അവന് ഓരോ വെള്ള തൂവൽ അയച്ചു കൊടുത്തു – അത് ഭീരുത്വത്തിൻ്റെ പ്രതീകമായിരുന്നു. അവൻ ഒരു ഹീറോ ആകണമെന്ന് കൊതിച്ചിരുന്ന അവൻ്റെ കാമുകി അവനെ പുച്ഛിക്കുകയും അവളും ഒരു വെള്ള തൂവൽ അയച്ചു കൊടുക്കുകയും ചെയ്തു. മിലിറ്ററിയിൽ തന്നെ ആയിരുന്ന അവൻ്റെ പിതാവ് അവനോടുള്ള ബന്ധം വേർപ്പെടുത്തി, ഇങ്ങനെയൊരു ഹാരിയെ തനിക്കറിയില്ല എന്ന് പ്രഖ്യാപിച്ചു. ഭയം മൂലം എടുത്ത ഒരു തീരുമാനത്തിന് ഹാരിയുടെ ജീവിതത്തിലെ എല്ലാ ബന്ധങ്ങളിന്മേലും ശക്തവും നശീകരണാത്മകവുമായ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞു.

എ. ഇ. ഡബ്ളിയു മേസൻ എന്നയാൾ 1902 ൽ രചിച്ച നോവലിൽ, ഫേവർഷാം ക്രമേണ തൻ്റെ സുഹൃത്തുക്കളുടെ സഹായത്തോടെ തൻ്റെ ധൈര്യവും ദൗത്യവും ജീവിതവും വീണ്ടെടുത്തു. കാമുകിയുടെ വിശ്വാസവും വീണ്ടെടുത്തു.

ആസാഫ് ദാവീദിൻ്റെ പ്രധാന സംഗീതക്കാരനും ആത്മീയനും ഗാനരചയിതാവും ഒരു പ്രവാചകനും ആയിരുന്നു (1 ദിന. 16:5; 25:2; 2 ദിന. 29:30). ഇത് ഒരു വലിയ പദവിയും സ്വാധീനവും ആയിരുന്നു. അദ്ദേഹം ഇസ്രായേലിൽ ഒരു ആത്മീയ നേതാവായിരുന്നതിനാൽ ഉത്തരവാദിത്തതിൻ്റെ ഭാരവുമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം ദൈവത്തിൻ്റെ നന്മയെ സംശയിച്ചു പോയി.

തൻ്റെ നിരൂപണങ്ങളെക്കുറിച്ച് ആസാഫിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഞാൻ ഇങ്ങനെ സംസാരിക്കുവാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിൻ്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു” (വാ. 15). ദൈവം ജീവിതത്തിൽ ഇടപെടുന്ന രീതികളോട് ഉച്ചത്തിൽ പ്രതിഷേധിക്കണമെന്ന് അദ്ദേഹത്തിന് തോന്നി, (“ഇങ്ങനെ” എന്ന് പറഞ്ഞത് 13, 14 വാക്യങ്ങളെപ്പറ്റിയാണ്), എന്നാൽ അയാൾ അവിടെ വെച്ച് അത് നിർത്തി. അവിശ്വാസത്തിൻ്റെയും നിരാശയുടെയും ഒരു ഗർത്തത്തിൻ്റെ അറ്റത്തു വെച്ച് അദ്ദേഹം നിയന്ത്രിച്ച് പുറകോട്ട് വലിഞ്ഞു. എന്താണ് അദ്ദേഹത്തെ പിന്നിലേക്ക് വലിച്ചത്?

ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ആസാഫിൻ്റെ ബോധ്യം

തന്റെ അസൂയയും കോപവും സംശയവും ഒക്കെ മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടാക്കാവുന്ന സ്വാധീനം മനസ്സിലാക്കിയതിനാൽ സംഘർഷങ്ങളുടെ ഇടയിലും ആസാഫ് തന്റെ പ്രതികരണം നിയന്ത്രിച്ചു.

ആസാഫിന് അനീതിക്കും ന്യായരാഹിത്യത്തിനും എതിരെയുള്ള തൻ്റെ കോപവും നിരാശയും തുറന്നുവിടണമെന്നുണ്ടായിരുന്നു – ഇതൊക്കെ അനുവദിക്കുന്ന ദൈവത്തോട് പ്രതിഷേധിക്കണമെന്നുണ്ടായിരുന്നു. എന്നാൽ തൻ്റെ ഹൃദയത്തിലുള്ള വികാരമെല്ലാം അദ്ദേഹം നിയന്ത്രിച്ചു. കാരണം തന്നെ മാതൃകയായി നോക്കുന്ന ദൈവജനത്തിന് അതുണ്ടാക്കാവുന്ന മോഹഭംഗവും പരിക്കും അദ്ദേഹം തിരിച്ചറിഞ്ഞു. ഇതാണ് ” ഞാൻ നിൻ്റെ മക്കളുടെ തലമുറയോട് ദ്രോഹം ചെയ്യുമായിരുന്നു” (വാ.15) എന്ന് പറഞ്ഞതു വഴി ഉദ്ദേശിച്ചത്. തൻ്റെ ചോദ്യങ്ങളും പ്രതികരണങ്ങളും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

ആസാഫിൻ്റെ ജീവിതയാത്രയിലെ ഒരു സന്നിഗ്ദഘട്ടമായിരുന്നു ഇത്. ഇവിടെ ജ്ഞാനവും വിശ്വാസവും തൻ്റെ വേദനാപൂർണ്ണമായ ചോദ്യങ്ങളുടെ ഓരം ചേർന്ന് നല്ല കാഴ്ചപ്പാട് രൂപപ്പെടുത്തി. തൻ്റെ അസൂയയും കോപവും സംശയവും ഒക്കെ മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടാക്കാവുന്ന സ്വാധീനം മനസ്സിലാക്കിയതിനാൽ സംഘർഷങ്ങളുടെ ഇടയിലും ആസാഫ് തൻ്റെ പ്രതികരണം നിയന്ത്രിച്ചു.

ആസാഫിൻ്റെ നിശബ്ദമായ സഹനം

സംശയങ്ങളെ വിശ്വാസത്തോട് അനുരഞ്ജനപ്പെടുത്താൻ ആസാഫിന് കഴിഞ്ഞില്ലെങ്കിലും തൻ്റെ ഹൃദയത്തിലുള്ളതെല്ലാം പ്രഖ്യാപിച്ച് മറ്റുള്ളവരെ അപകടത്തിലാക്കാൻ അദ്ദേഹത്തിന് മനസ്സില്ലായിരുന്നു. അതുകൊണ്ട് അയാൾ മറ്റൊരു വഴി തെരഞ്ഞെടുത്തു: “ഞാൻ ഇതു ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി” (വാ.16).

നിശബ്ദമായി സഹിക്കാൻ ആസാഫ് നിശ്ചയിച്ചു. ജീവിതത്തിലെ ന്യായരഹിതമായ കാര്യങ്ങളെല്ലാം തൻ്റെ ബലഹീനമായ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ നോക്കിക്കണ്ടതു കൊണ്ടാകാം തനിക്ക് സംഘർഷങ്ങളും ചോദ്യങ്ങളും ഉണ്ടായത് എന്ന് അദ്ദേഹം ചിന്തിച്ചു. എൻ്റെ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ? എൻ്റെ സഹനത്തിന് ആശ്വാസമുണ്ടാകുമോ? ലോകത്തിൽ നീതി നടപ്പിലാകുമോ? നീതി എന്നെങ്കിലും അർത്ഥമുള്ളതാകുമോ?

നമുക്ക് ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളുണ്ട്. ദൈവത്തിൻ്റെ സന്നിധിയിൽ അണയും വരെ പരിഹാരം കണ്ടെത്താൻ കഴിയാത്ത പ്രശ്നങ്ങളുണ്ടാകും. ആസാഫിൻ്റെ സഹനം തുടർന്നു, “ഒടുവിൽ ഞാൻ ദൈവത്തിൻ്റെ വിശുദ്ധമന്ദിരത്തിൽ ചെന്നു; അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു” (വാ. 17).

വിശുദ്ധമന്ദിരം

ആത്മീയ സംരക്ഷണത്തിനും വിശ്രമത്തിനും പുതുക്കത്തിനുമായി വേർതിരിക്കപ്പെട്ട ഒരു സ്ഥലമാണ് വിശുദ്ധമന്ദിരം. നമുക്കെല്ലാം അങ്ങനെയൊരു ഇടം വേണം – ഇന്നത്തെ സംഘർഷങ്ങളും നാളത്തെ വെല്ലുവിളികളും അഭിമുഖീകരിക്കുമ്പോൾ നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും സാന്ത്വനപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു വിശ്രാമസ്ഥലം.

വിശുദ്ധമന്ദിരം എന്ന വാക്ക് പഴയനിയമത്തിൽ ഉടനീളം കാണാം. ഇത് ജറൂസലം ദേവാലയം പണിയുന്നതിന് മുമ്പ് ഇസ്രായേൽക്കാർ ആരാധനക്കായി കൂടി വന്നിരുന്ന സമാഗമന കൂടാരം ആണ് (പുറപ്പാട് 25:8; 36:1, 6). ദേവാലയത്തിനും ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട് (1 രാജാ. 6).

പഴയനിയമത്തിൽ വിശുദ്ധമന്ദിരം എന്ന വാക്ക് ഒരു സ്ഥലത്തേക്കാളുപരി ഒരു ആശയമാണ് – ദൈവസന്നിധി എന്ന ആശയം (യെശ.8:14 കാണുക). സങ്കീ. 23 ൽ ദാവീദ് കൊതിച്ച, ഇടയനായ കർത്താവ് തൻ്റെ ആത്മാവിനെ യഥാസ്ഥാനപ്പെടുത്തുന്ന “സ്വസ്ഥതയുള്ള വെള്ളം” ഇതാണ് (വാ. 2). ക്രിസ്തുവും ജനക്കൂട്ടത്തിൽ നിന്നും പ്രവൃത്തികളിൽ നിന്നും ശിഷ്യന്മാരിൽ നിന്നും മാറി പിതാവിനോടുകൂടെ തനിയെ സമയം ചെലവഴിക്കാൻ വേണ്ടി മലയിലേക്ക് പോയതും അങ്ങോട്ട് തന്നെയാണ്. തനിക്ക് ഉത്തരവും ആശ്വാസവും ലഭിക്കുന്ന ഇടം വിശുദ്ധമന്ദിരമാണെന്ന് ആസാഫ് കണ്ടെത്തി.

ദൈവത്തിൻ്റെ സന്നിധിയിൽ സകലവും വ്യത്യാസപ്പെട്ടു.

ആസാഫ് ദൈവത്തിൻ്റെ വിശുദ്ധമന്ദിരത്തിലേക്ക് ചെന്ന് പുതിയ കാഴ്ചപ്പാടും ബോധ്യവും പ്രാപിച്ചു. അതുവരെയും ആസാഫ് ചുറ്റുപാടുകളുകളുടെ അനീതികളാൽ ബാധിക്കപ്പെട്ടവനായിരുന്നു. എന്നാൽ ദൈവത്തിൻ്റെ സന്നിധിയിൽ സകലവും വ്യത്യാസപ്പെട്ടു. തൻ്റെ ശ്രദ്ധ തൻ്റെ സാഹചര്യങ്ങളിലും ചിന്തകളിലും നിന്നും മാറ്റി ദൈവത്തിൽ കേന്ദ്രീകരിച്ചപ്പോൾ എല്ലാം കൂടുതൽ വ്യക്തമായി. ജീവിതത്തിൻ്റെ അനീതികളെയെല്ലാം ആസാഫ് വ്യത്യസ്തമായ വീക്ഷണകോണിലൂടെ കണ്ടു – നീതി നടപ്പിലാകുന്ന ഒരു ദിവസമുണ്ടെന്ന്.

റ്റിൻഡെയ്ൽ പഴയനിയമത്തിൻ്റെ വ്യാഖ്യാനഗ്രന്ഥത്തിൽ ഡെറെക് കിഡ്നർ പറയുന്നത്, കാര്യങ്ങൾ ശരിയായത് ആസാഫ് ദൈവത്തെ “തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം തരേണ്ടവനായിട്ടല്ലാതെ ആരാധിക്കേണ്ടവനായിട്ട്” സമീപിച്ചപ്പോഴാണ് എന്നാണ്. ബൈബിൾ വ്യാഖ്യാതാവായ റോയ് ക്ലെമൻ്റ് കൂട്ടിച്ചേർക്കുന്നു: “ആരാധന ദൈവത്തെ നമ്മുടെ കാഴ്ചപ്പാടുകളുടെ കേന്ദ്രമാക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ടതാണ്, കാരണം, ദൈവം നമ്മുടെ വീക്ഷണങ്ങളുടെ കേന്ദ്രം ആകുമ്പോൾ മാത്രമാണ് കാര്യങ്ങളെ യഥാർത്ഥത്തിൽ ആയിരിക്കുന്നതുപോലെ നമുക്ക് കാണാൻ കഴിയുന്നത്.”

banner image

ഒടുവിൽ ഞാൻ ദൈവത്തിൻ്റെ വിശുദ്ധമന്ദിരത്തിൽ ചെന്നു
അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.
നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു;
നീ അവരെ നാശത്തിൽ തള്ളിയിടുന്നു.
എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി!
അവർ മെരുൾച്ചകളാൽ അശേഷം മുടിഞ്ഞു പോയിരിക്കുന്നു.
ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കർത്താവേ,
നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും.

ല പ്രധാനപ്പെട്ട പാഠങ്ങളിൽ ആദ്യത്തേതിൽ, ആസാഫിൻ്റെ ശ്രദ്ധ തനിക്ക് അസൂയ തോന്നിയ ആളുകളിലേക്ക് തിരിയുകയാണ്. അവരുടെ അഭിവൃദ്ധി കണ്ട് വല്ലാതെ അസൂയ തോന്നി, ദൈവത്തെ ഉപേക്ഷിച്ച് അവരോട് സഖ്യം ചേരുന്ന തലം വരെയെത്തി (വാ. 2-3). അദ്ദേഹത്തിൻ്റെ വീക്ഷണം അപ്പോൾ തിരശ്ചീന തലത്തിലായിരുന്നു. എന്നാൽ വിശുദ്ധമന്ദിരത്തിൽ ആസാഫിൻ്റെ വീക്ഷണം ലംബതലത്തിലേക്ക് തിരിഞ്ഞു. ദൈവത്തെ അവഗണിച്ച് അഭിവൃദ്ധി പ്രാപിച്ചതിനാൽ തനിക്ക് അസൂയ തോന്നിയ ആളുകൾക്ക് ഇനി സംഭവിക്കാനിരിക്കുന്നത് എന്താണെന്ന് ദൈവം കാണുന്നതും മനസ്സിലാക്കുന്നതും അങ്ങനെ തന്നെ അംഗീകരിക്കാൻ ആസാഫിന് കഴിഞ്ഞു.

എന്നാൽ വിശുദ്ധമന്ദിരത്തിൽ ആസാഫിൻ്റെ വീക്ഷണം ലംബതലത്തിലേക്ക് തിരിഞ്ഞു. ദൈവം കാണുന്നതും മനസ്സിലാക്കുന്നതും അങ്ങനെ തന്നെ അംഗീകരിക്കാൻ ആസാഫിന് കഴിഞ്ഞു.

സുരക്ഷിതത്വം ഇല്ലായ്മ (വാ. 18). ലോകത്തിൻ്റെ വീക്ഷണകോണിലും അവരുടെ നോട്ടത്തിലും തങ്ങൾ പ്രശ്നങ്ങൾക്ക് അതീതരാണെന്ന് ഈ ആളുകൾക്ക് തോന്നി. എന്നാൽ ദൈവത്തിൻ്റെ വീക്ഷണത്തിൽ അവർ “വഴുവഴുപ്പിൽ” നില്ക്കുകയും നാശത്തിലേക്ക് നീങ്ങുകയുമാണ്. ന്യായവിധിദിവസത്തിൽ നില്ക്കാൻ പോകുന്ന അവരെ കണ്ടപ്പോൾ ആസാഫിന് അവരോടുള്ള അസൂയ അവസാനിച്ചു.

മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല (വാ. 19). ഈ ദുഷ്ടരും എന്നാൽ അഭിവൃദ്ധിയുള്ളവരുമായ ആളുകൾ ന്യായവിധിയിലേക്ക് നടന്നടുക്കുകയായിരുന്നെങ്കിലും അവരത് കാണുന്നുണ്ടായിരുന്നില്ല. നോഹയുടെ കാലത്തെ ആളുകളും അനേകവർഷങ്ങൾ ദൈവം നല്കിയ മുന്നറിയിപ്പുകൾ അവഗണിച്ച് ദൈവത്തെ നിരസിച്ചു. അവസാനം ന്യായവിധി വന്നപ്പോൾ എന്തെങ്കിലും ചെയ്യാൻ കഴിയാത്ത വിധം വൈകിപ്പോയിരുന്നു.

പ്രത്യാശയുടെ അഭാവം (വാ. 20). ദൈവം അവർക്കെതിരേ നീങ്ങുമ്പോൾ അപ്പീൽ ഇല്ലാത്ത ന്യായവിധി ഉണ്ടാകും. ദൈവത്തിൻ്റെ സമയത്തിലും ജ്ഞാനത്തിലും ആസാഫ് വിശ്വസിച്ച പ്രതികാരം സംഭവിക്കും. എന്നാലതിൻ്റെ സ്ഥലവും സമയവും തീരുമാനിക്കുന്നത് ദൈവമാണ്.

ദൈവിക ന്യായവിധി വരുന്നില്ലല്ലോ എന്ന് താൻ വിചാരിച്ച ആളുകളുടെ നേരെ നിന്നും തൻ്റെ ചിന്ത തന്നിലേക്ക് തന്നെ തിരിഞ്ഞു.

മറ്റ് ഇസ്രായേൽക്കാരോടൊപ്പം ആസാഫും ന്യായമായത് സംഭവിക്കും എന്ന് മനസ്സിലാക്കിയിരുന്നു. എന്നാൽ ആശയക്കുഴപ്പം ഉണ്ടായത് ഒരു പ്രത്യേക സമയത്ത്, ദൈവത്തിൻ്റെ നീതിയെ, ദീർഘക്ഷമയും കരുണയും ചേർത്ത് പൊരുത്തപ്പെടുത്തി മനസ്സിലാക്കാൻ കഴിയാത്തതു കൊണ്ടാണ്. വിശുദ്ധമന്ദിരത്തിൽ എത്തിയപ്പോൾ മാത്രമാണ് തന്നിൽ ആശ്രയം വെച്ചിരിക്കുന്നവർക്ക് ദൈവം വെച്ചിരിക്കുന്ന വാഗ്ദത്തങ്ങളുടെ പൂർത്തീകരണത്തിനായി ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട് എന്ന് ആസാഫിന് വ്യക്തമായത്. എന്നാൽ അതിൻ്റെ സമയം ദൈവം തന്നെ നിശ്ചയിക്കുന്നതാണ്. കണക്ക് കൊടുക്കലിനുള്ള ക്ലോക്കും കലണ്ടറും ദൈവമാണ് ക്രമീകരിക്കുന്നത്.

ആസാഫിൻ്റെ പുതിയ വീക്ഷണം തൻ്റെ മനോഭാവത്തെ വ്യത്യാസപ്പെടുത്തി. എന്നാൽ ന്യായവിധി എന്ന കാര്യം ആഘോഷ കാരണമായിരുന്നില്ല. അത് ഉണരാനുള്ള ഒരു ആഹ്വാനമായിരുന്നു. കോപം തണുത്ത് താൻ നിർണ്ണായകമായ ഒരു വഴിത്തിരുവിലെത്തി. ദൈവിക ന്യായവിധി വരുന്നില്ലല്ലോ എന്ന് താൻ വിചാരിച്ച ആളുകളുടെ നേരെ നിന്നും തൻ്റെ ചിന്ത തന്നിലേക്ക് തന്നെ തിരിഞ്ഞു.

ജ്ഞാനത്തിൻ്റെ ആരംഭം

ഇങ്ങനെ എൻ്റെ ഹൃദയം വ്യസനിക്കുകയും എൻ്റെ അന്തരംഗത്തിൽ
കുത്തുകൊള്ളുകയും ചെയ്തപ്പോൾ ഞാൻ പൊട്ടനും ഒന്നും
അറിയാത്തവനും ആയിരുന്നു; നിൻ്റെ മുമ്പിൽ മൃഗം പോലെ ആയിരുന്നു ( വാ. 21, 22).

ആരാധന സ്ഥലത്ത് വെച്ച് ആസാഫ് കണ്ടെത്തിയത്, തൻ്റെ യഥാർത്ഥ പരാതി ആ എതിരാളികളെ സംബന്ധിച്ചോ ദൈവത്തെ സംബന്ധിച്ചോ അല്ലായിരുന്നു എന്നാണ്. ജീവിതത്തിലെ ന്യായരാഹിത്യത്തിലായിരുന്നു തൻ്റെ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്, അല്ലാതെ ഒരു നാൾ എല്ലാം ശരിയാക്കുന്നവനിൽ ആയിരുന്നില്ല.

ജീവിതത്തിലെ ന്യായരാഹിത്യത്തിലായിരുന്നു തൻ്റെ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്, അല്ലാതെ ഒരു നാൾ എല്ലാം ശരിയാകുന്നവനിൽ ആയിരുന്നില്ല.

വിശ്വാസം നേരിടുന്ന സംഘർഷത്തെ തൻ്റെ ജീവിതത്തെ ബാധിക്കാൻ അനുവദിക്കുക വഴി ആസാഫ് വിശ്വാസം പ്രദാനം ചെയ്യുന്ന ആശ്വാസവും സമാധാനവും നിരാകരിക്കുകയായിരുന്നു. 21, 22 വാക്യങ്ങളിൽ സങ്കീർത്തകൻ്റെ ആത്മീയയഥാസ്ഥാനത്വം യാഥാർത്ഥ്യമായി. ആ പുരോഗതി ഒന്ന് ശ്രദ്ധിക്കുക: താൻ തന്നോട് തന്നെ ചെയ്തത് എന്താണെന്നതിൽ അദ്ദേഹം അസ്വസ്ഥനായി (വാ. 2). തൻ്റെ സഹവിശ്വാസികളോട് താൻ ചെയ്തതെന്താണെന്ന് തിരിച്ചറിഞ്ഞ് താൻ നിശബ്ദനായി (വാ. 15). അവസാനം, തൻ്റെ മനോഭാവവും പ്രവൃത്തികളും സമ്പൂർണ്ണ നീതിമാനായ ദൈവത്തിനെതിരെ ആയിരുന്നു എന്ന് ആസാഫ് വ്യക്തമായി തിരിച്ചറിഞ്ഞു (വാ. 21, 22).

തൻ്റെ കോപം ഒട്ടും ന്യായീകരിക്കാൻ കഴിയുന്നതല്ല എന്നും അത് ധാർമികരോഷം ഒന്നും ആയിരുന്നില്ല എന്നും ആസാഫ് തിരിച്ചറിഞ്ഞു. “എൻ്റെ ഹൃദയം വ്യസനിക്കുകയും” എന്ന് പറഞ്ഞപ്പോൾ അത് ദൈവത്തിനെതിരെയുള്ള ഹൃദയത്തിലുള്ള കൈപ്പിനെക്കുറിച്ചായിരുന്നു.

അന്തരംഗത്തിൽ കുത്തുകൊണ്ടത്” താൻ സ്വയം ഏല്പിച്ച മുറിവിൽ നിന്നുള്ള വേദനയായിരുന്നു. പലപ്പോഴും നാം നമ്മോടു ചെയ്യുന്നതാണ് മറ്റുള്ളവർ നമ്മോട് ചെയ്യുന്നതിനെക്കാൾ മോശമായത്. ദൈവത്തിൻ്റെ നന്മയെയും സ്വഭാവത്തെയും വിശ്വസ്തതയെയും ചോദ്യം ചെയ്യുന്നതുവഴിയാണ് നാം ഇങ്ങനെ സ്വയം ദോഷം ചെയ്യുന്നത്.

“ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു.” ഇയ്യോബിനെപ്പോലെ ആസാഫിൻ്റെയും വീക്ഷണം മാറി. ദൈവത്തിൻ്റെ കാഴ്ചപ്പാടുകളുമായി താരതമ്യം ചെയ്തപ്പോൾ തൻ്റെ ജ്ഞാനം മങ്ങിപ്പോയതായി കണ്ടു. ഇയ്യോബിൻ്റെ വാക്കുകൾ തൻ്റെയും വാക്കുകളായി:

“അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാര്? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയത് ഞാൻ തിരിച്ചറിയാതെ പറഞ്ഞു പോയി. കേൾക്കണമേ; ഞാൻ സംസാരിക്കും; ഞാൻ നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കണമേ. ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളൂ; ഇപ്പോഴോ, എൻ്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു” (ഇയ്യോബ് 42:3-6).

ദൈവത്തിൻ്റെ ജ്ഞാനത്തെ ചോദ്യം ചെയ്യുവാനും വിമർശിക്കുവാനും ദൈവം ചെയ്യുന്നതിനെ വിധിക്കുവാനും നാം പരിശ്രമിക്കുന്നത് യാതൊരുവിധത്തിലും സജ്ജരല്ലാതെ ഒരു ഉദ്യമത്തിൽ ഏർപ്പെടുന്നതുപോലെയാണ്. ദൈവത്തിൻ്റെ ജ്ഞാനം സമ്പൂർണ്ണവും നിത്യവുമാണ്, അവിടുന്ന് യാതൊരു അബദ്ധവും ചെയ്യുകയില്ല. ദൈവം പറയുന്നു: “എൻ്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എൻ്റെ വഴികളുമല്ല” (യെശ. 55:8).

ദൈവം ഒരു സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനെ ചോദ്യം ചെയ്യാൻ പ്രേരണയുണ്ടാകുമ്പോൾ നാം സ്വയം ഓർമ്മിപ്പിക്കുന്നത് നല്ലതാണ്; ഭാവിയെക്കുറിച്ച് സമ്പൂർണ്ണമായ അറിവുള്ളത് ദൈവത്തിന് മാത്രമായതിനാൽ ഈ വർത്തമാനകാലത്തെ അവിടുത്തെ പ്രവർത്തനങ്ങളെ നമുക്ക് തീർച്ചയായും ആശ്രയിക്കാം എന്ന്.

“നിൻ്റെ മുമ്പിൽ മൃഗം പോലെയായിരുന്നു.” ആസാഫ് മൃഗം എന്ന വാക്ക് ആലങ്കാരികമായി ഉപയോഗിച്ചതാണ്. എന്നാൽ ഇത് ബാബിലോണിലെ മഹാരാജാവായിരുന്ന നെബുഖദ് നേസറിനെക്കുറിച്ച് പ്രവാചകനായ ദാനിയേൽ എഴുതിയതിനോട് സാമ്യമുള്ളതാണ്.

ഭാവിയെക്കുറിച്ച് സമ്പൂർണ്ണമായ അറിവുള്ളത് ദൈവത്തിന് മാത്രമായതിനാൽ ഈ വർത്തമാനകാലത്തെ അവിടുത്തെ പ്രവർത്തനങ്ങളെ നമുക്ക് തീർച്ചയായും ആശ്രയിക്കാം എന്ന് നാം സ്വയം ഓർമ്മിപ്പിക്കുന്നത് നല്ലതാണ്.

നെബുഖദ് നേസർ തൻ്റെ ജ്ഞാനത്തിലും പ്രതാപത്തിലും അർമ്മാദിച്ചപ്പോൾ ദൈവം രാജാവിന് ഒരു കാട്ടുമൃഗത്തിൻ്റെ മനസ്സും പെരുമാറ്റവും നല്കി. പുറത്താക്കപ്പെട്ട അദ്ദേഹം ഏഴുവർഷം പുല്ലുതിന്നു. പിന്നീട് ദൈവം കൃപചെയ്ത് രാജാവിനെ സുബോധത്തിലേക്ക് തിരികെ കൊണ്ടുവന്നപ്പോൾ നെബുഖദ് നേസർ ഈ മഹത്തായ പ്രഖ്യാപനം നടത്തി:

“ആ കാലം കഴിഞ്ഞ് നെബുഖദ്നേസർ എന്ന ഞാൻ സ്വർഗത്തിലേക്കു കണ്ണുയർത്തി, എൻ്റെ ബുദ്ധിയും എനിക്ക് മടങ്ങി വന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ച് ബഹുമാനിക്കുകയും ചെയ്തു; അവൻ്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവൻ്റെ രാജത്വം തലമുറ തലമുറയായുള്ളതും അല്ലോ. അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടം പോലെ പ്രവർത്തിക്കുന്നു; അവൻ്റെ കൈ തടുക്കുവാനോ നീ എന്തു ചെയ്യുന്നു എന്ന് അവനോടു ചോദിക്കുവാനോ ആർക്കും കഴിയുകയില്ല” ( ദാനിയേൽ 4: 34, 35).

ദൈവത്തിൻ്റെ വഴികളെല്ലാം നമുക്ക് മനസ്സിലാകില്ല. ബാബിലോൺ രാജാവിനെപ്പോലെ, ദൈവത്തിൽ അനീതി ആരോപിച്ച് വിധി പ്രസ്താവിക്കാൻ താൻ അയോഗ്യനാണെന്ന് ആസാഫും പഠിച്ചു.

“യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആര്? വിശുദ്ധിയിൽ മഹിമയുള്ളവനെ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആര്?” (പുറപ്പാട് 15:11).

ദൈവത്തിൻ്റെ സമ്പൂർണ്ണ പര്യാപ്തത

എന്നിട്ടും ഞാൻ എപ്പോഴും നിൻ്റെ അടുക്കൽ ഇരിക്കുന്നു;
നീ എന്നെ വലം കൈക്കു പിടിച്ചിരിക്കുന്നു.
നിൻ്റെ ആലോചനയാൽ നീ എന്നെ നടത്തും;
പിന്നെത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും (വാ. 23, 24).

വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച ആസാഫ് ദൈവത്തെക്കുറിച്ചുള്ള ഉന്നതവീക്ഷണത്തിൽ യഥാസ്ഥാനപ്പെട്ടു. കൃതജ്ഞ്ഞതയും പരസ്പര വിശ്വാസവും ഹൃദയത്തിൽ നിറഞ്ഞു. ദൈവം നമ്മുടെ കൂടെ നിരന്തരം ഉണ്ട് എന്ന് ജ്വലിച്ച ആവശേത്തോടെ അദ്ദേഹം പ്രഖ്യാപിച്ചു. തൻ്റെ ഇരുണ്ട നാളുകളിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ, താൻ ഒരിക്കലും ഒറ്റക്കായിരുന്നില്ല എന്ന് ആസാഫ് മനസ്സിലാക്കി. ദൈവം ഒരിക്കലും കൈവിടില്ല, ഉപേക്ഷിക്കില്ല എന്ന തിരിച്ചറിവിൽ, പുതിയ ബലവുമായിട്ടാണ് ആസാഫ് വിശുദ്ധമന്ദിരത്തിൽ നിന്ന് പുറത്തേക്ക് പോയത്.

“ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്” (മത്തായി 28:20) എന്ന് അരുളിച്ചെയ്തപ്പോൾ ക്രിസ്തുവും തൻ്റെ ശിഷ്യന്മാർക്ക് ഇതേ ഉറപ്പാണ് നല്കിയത്.

ജീവിത ചക്രം തിരിഞ്ഞു കഴിയുമ്പോൾ തന്നോടുകൂടെയുള്ള നിത്യവാസം എന്ന വാഗ്ദത്തം ദൈവം നടപ്പിലാക്കുമെന്നും ആസാഫിന് ബോധ്യമുണ്ടായിരുന്നു.

ആസാഫിനും ദൈവത്തിൻ്റെ സാന്നിധ്യത്തിൽ ആശ്രയിച്ച്, ദൈവം തന്നെ ശക്തിപ്പെടുത്തും എന്ന ബോധ്യത്തിൽ വിശ്രമിക്കാൻ കഴിഞ്ഞു – ജീവിതം സന്നിഗ്ദമാകുമ്പോൾ സമാശ്വാസം നല്കുന്ന സത്യമാണിത്. “ഞങ്ങളിൽ നിന്നു തന്നെ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിക്കുവാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിൻ്റെ ദാനമത്രേ” (2 കൊരി. 3:5) എന്ന് എഴുതിയപ്പോൾ അപ്പൊസ്തലനായ പൗലോസ് പ്രകടിപ്പിച്ച വിശ്വാസവും ഇതു തന്നെയാണ്.

ദൈവത്തിൻ്റെ സാന്നിധ്യവും ശക്തിയും മാത്രമല്ല ആസാഫിന് ധൈര്യം നല്കിയത്, ജീവിതത്തിലുടനീളം വഴി നടത്തുവാൻ ദൈവത്തിൻ്റെ ആത്മാവും ദൈവവചനവും ഉണ്ടെന്നതുമായിരുന്നു. ” നിൻ്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും (സങ്കീ. 73:24). ഒരു പക്ഷേ, ആസാഫിൻ്റെ ഏറ്റവും മനോഹരമായ കണ്ടെത്തൽ ദൈവത്തിൻ്റെ സാന്നിധ്യവും ശക്തിയും ജ്ഞാനവും ഒരിക്കലും അവസാനിക്കാത്തതാണ് എന്നതായിരിക്കും. ജീവിത ചക്രം തിരിഞ്ഞു കഴിയുമ്പോൾ തന്നോടുകൂടെയുള്ള നിത്യവാസം എന്ന വാഗ്ദത്തം ദൈവം നടപ്പിലാക്കുമെന്നും ആസാഫിന് ബോധ്യമുണ്ടായിരുന്നു.

ഈ ദൈവം നമ്മെ മറന്നുവെന്നും ഉപേക്ഷിക്കുമെന്നും എങ്ങനെ പറയാനാകും? ഒരിക്കലും കഴിയില്ല ! ഈ ദൈവം നമ്മെ ഒരു കാലത്തും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല (ആവർത്തനം 31:6, 8; എബ്രായർ 13:5).

സങ്കീർത്തനം 73 ൻ്റെ അവസാന ഭാഗത്ത്, തൻ്റെ സംഘർഷത്തിൽ നിന്നും താൻ പഠിച്ച കാര്യങ്ങൾ ആസാഫ് വിവരിക്കുകയാണ്.

1ജീവിതത്തിൽ മറ്റ് എന്തിനെക്കാളും
പ്രധാനപ്പെട്ടത് ദൈവമാണ്.

സ്വർഗത്തിൽ എനിക്ക് ആരുള്ളു?
ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല (വാ. 25).

ആസാഫിന് ആത്യന്തികമായി അവശേഷിച്ചത് ദൈവം മാത്രമായിരുന്നു, അത് മാത്രം മതിയായിരുന്നു താനും. ദൈവത്തിൻ്റെ കരുതലിൽ വിശ്രമിച്ചു കൊണ്ട് അതിനേക്കാൾ മെച്ചമായത് ഒന്നുമില്ല എന്ന് ആശ്വസിക്കാൻ കഴിഞ്ഞു.

2നമുക്കാവശ്യമായ ബലം
ദൈവം മാത്രമാണ്.

എൻ്റെ മാംസവും ഹൃദയവും ക്ഷയിച്ചു പോകുന്നു;
ദൈവം എന്നേക്കും എൻ്റെ ഹൃദയത്തിൻ്റെ പാറയും ഓഹരിയും ആകുന്നു (വാ. 26).

സ്വന്തശക്തിയിൽ ശരണപ്പെടാൻ പ്രേരണയുണ്ടായ നിമിഷങ്ങളിൽ, തനിക്കാവശ്യമായ നിരന്തര ശക്തി ദൈവത്തിൽ മാത്രമേ കണ്ടെത്താൻ കഴിയൂ എന്ന് ആസാഫ് മനസ്സിലാക്കി.

ബുദ്ധിമുട്ടുകളിൽ ആയിരിക്കുന്ന അവസ്ഥ അപ്പൊസ്തലനായ പൗലോസ് ശരിക്ക് മനസ്സിലാക്കിയിരുന്നു. അതൊടൊപ്പം, അതിജീവിക്കാനുള്ള ബലം നല്കുന്നത് ദൈവമാണെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. ജയിലിൽ നിന്ന് അദ്ദേഹം എഴുതി: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു”( ഫിലി. 4:13).

3ദൈവം കരുണയുള്ളവനായിരിക്കുന്നതുപോലെ
തന്നെ നീതിയുള്ളവനുമാണ്.

ഇതാ, നിന്നോട് അകന്നിരിക്കുന്നവർ നശിച്ചുപോകും;
നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും (വാ. 27).

ദൈവമില്ലാവത്തരുടെ അഭിവൃദ്ധിയിൽ ആസാഫിന് അസൂയ തോന്നിയിരുന്നു (വാ.3). ജീവിതത്തിൽ കാണപ്പെടുന്ന തിന്മകൾ അദ്ദേഹത്തെ പ്രയാസപ്പെടുത്തിയിരുന്നു (വാ.4 – 12). ഇതുവരെ ദൈവത്തിനു വേണ്ടി ജീവിച്ചത് വ്യർത്ഥമായിപ്പോയി എന്നു ചിന്തിക്കുന്ന ഘട്ടം വരെയെത്തി (വാ.13).

എന്നാൽ അവസാനം, ഈ കാര്യങ്ങളെല്ലാം ദൈവത്തിന് വിട്ടുകൊടുക്കേണ്ടതാണെന്ന് ആസാഫ് അംഗീകരിച്ചു. “സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവർത്തിക്കാതിരിക്കുമോ?” (ഉല്പത്തി 18:25) എന്ന് അബ്രാഹാം പറഞ്ഞതു പോലെ. അതെ, ദൈവം തന്റെ ജ്ഞാനത്തിലും സമയത്തിലും, ജീവിതത്തിലെ സകല തിന്മകളോടും, കരുണയോടെയും എന്നാൽ നീതിയോടെയും പ്രവർത്തിക്കും എന്ന ബോധ്യത്തിൽ ആസാഫ് വിശ്രാമം കണ്ടെത്തി.

4തന്നോട് അടുത്തിരിക്കുന്നവർക്ക്
ദൈവം സമീപസ്ഥനായിരിക്കും.

എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്;
നിൻ്റെ സകല പ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന് ഞാൻ
യഹോവയായ കർത്താവിനെ എൻ്റെ സങ്കേതമാക്കിയിരിക്കുന്നു (വാ. 28).

ലോകത്തെ ന്യായം വിധിക്കുക എന്നതും എല്ലായിടത്തും നീതി നടപ്പിലാക്കുക എന്നതും ആസാഫിൻ്റെ ഉത്തരവാദിത്വമല്ലായിരുന്നു. “ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും” (യാക്കോബ് 4:8) എന്നതാണ് തൻ്റെ ഉത്തരവാദിത്വം എന്ന് യാക്കോബിനെപ്പോലെ ആസാഫും പഠിച്ചു.

ഇതിൻ്റെയർത്ഥം ദൈവവിശ്വാസികൾ കഷ്ടതയെയും അനീതികളെയും ഗൗനിക്കേണ്ടതില്ല എന്നല്ല. മറ്റുള്ളവരുടെ ആവശ്യങ്ങളെ നമ്മുടേതിനേക്കാൾ പരിഗണിക്കണം എന്ന് ബൈബിൾ ഉടനീളം ആഹ്വാനം ചെയ്യുന്നുണ്ട്. മിഖാ 6:8 പറയുന്നു: ” ന്യായം പ്രവർത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും നിൻ്റെ ദൈവത്തിൻ്റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും….” . യാക്കോബ് 1:27 നമ്മെ ഓർമ്മിപ്പിക്കുന്നത് ” … ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ, അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാത്തവണ്ണം തന്നെത്താൻ കാത്തു കൊള്ളുന്നതും ആകുന്നു.”

എന്തിനു വേണ്ടിയെന്ന് നമുക്ക് അറിയാൻ കഴിയാത്ത നമ്മുടെ സഹനത്തിൽ പോലും, തൻ്റെ അനന്തനന്മയാലും ജ്ഞാനത്താലും സകലവും നിയന്ത്രിക്കുന്നവനാണ് ദൈവം എന്നതാണ് ആസാഫ് എത്തിച്ചേർന്ന ആത്യന്തികമായ നിഗമനം. വീണുപോയ ഈ ലോകത്തിൽ ജീവിതം ദുഷ്കരം ആണെങ്കിലും ദൈവം എപ്പോഴും നീതിമാനായിരിക്കും. വിശ്വാസത്താൽ ആസാഫ് ആഴമേറിയ ഈ വ്യക്തിപരമായ ബോധ്യത്തിൽ എത്തിച്ചേർന്നു. തൻ്റെ കഥയുടെ തുടക്കത്തിലെ വാക്യം ഇതിൻ്റെ ഏറ്റുപറച്ചിലാണ്: ” ദൈവം യിസ്രായേലിന്, നിർമ്മല ഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു നിശ്ചയം” (വാ. 1).

banner image