വായനാഭാഗം: ഇയ്യോബ് 38:1-18
അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ: അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാര്? (വാ . 1-2)
ജ്ഞാനിയായ ഒരാൾ ഒരിക്കൽ പറഞ്ഞു: “സംഘർഷം എന്നത് ഒരിക്കലും പുറമെ കാണുന്ന കാര്യങ്ങൾ മാത്രമല്ല – അതിന്റെ ആഴത്തിൽ ആയിരിക്കും അധികം കാര്യങ്ങൾ.” ഇയ്യോബിന്റെ കാര്യത്തിൽ ഈ പ്രസ്താവന വളരെ ശരിയാണ്. മഹാദുരന്തങ്ങളുടെ വ്യാപ്തിക്കനുസരിച്ച് അദ്ദേഹത്തിന്റെ ഹൃദയം തകർന്നു പോയി. ഒരു ദിവസം കൊണ്ട് തന്നെ തന്റെ കന്നുകാലികളും നിലങ്ങളും ദാസരും മക്കളും എല്ലാം നഷ്ടപ്പെട്ടു.
താറുമാറായ ഈ സ്ഥിതിയിലാണ് ദൈവത്തെ ശപിച്ചിട്ട് മരിക്കാൻ തന്റെ ഭാര്യ ആവശ്യപ്പെട്ടത്. ഇയ്യോബ് ഈ ആലോചനയെ ജ്ഞാനത്തോടെ എതിർത്തു, എങ്കിലും തന്റെ ഭാഗം ദൈവത്തോട് വാദിക്കാൻ അവൻ താല്പര്യപ്പെട്ടു (ഇയ്യോബ് 13:3, 15). എന്നാൽ അവസാനം ദൈവം പ്രതികരിച്ചത് ദൈവത്തിന്റെ കുറെ ചോദ്യങ്ങളുമായിട്ടാണ് (38:1-2). താൻ ആവശ്യപ്പെട്ട ഉത്തരങ്ങൾ കിട്ടിയില്ലെങ്കിലും ദൈവത്തിന്റെ സർവ്വാധികാരത്തെ ഇയ്യോബ് മനസ്സിലാക്കി (വാ. 4). തനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണെങ്കിലും ദൈവത്തിന്റെ വഴികൾ ആത്യന്തികമായി നീതിയും ന്യായവും ആണെന്ന് ഇയ്യോബ് താഴ്മയോടെ സമ്മതിച്ചു (42:1-3).
ഈ പ്രതികരണം ഇയ്യോബിന്റെ സ്വഭാവത്തിന്റെ തെളിവാണ്. ദൈവത്തെ ബഹുമാനിക്കുന്നതിന്റെ പ്രോജ്വലമായ സാക്ഷ്യമാണിത്. ഇയ്യോബിന്റെ ജീവിത കാലത്ത് തിരിച്ചറിഞ്ഞില്ലെങ്കിലും തന്റെ വിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും ഒരു ഘോര സംഘട്ടനം തന്നെയായിരുന്നു തന്റെ ജീവിതം. തന്റെ ദൈവത്തെയും വിശ്വാസത്തെയും പരിത്യജിക്കാനുള്ള സാത്താന്റെ പ്രേരണയുടെ വഴികൾ മാത്രമായിരുന്നു അനുഭവിച്ച ദുരന്തങ്ങൾ (1:12).
ഇയ്യോബിന്റെ ചരിത്രം നമുക്ക് മുമ്പിൽ ഉള്ളപ്പോഴും നമ്മുടെ ജീവിതാനുഭവങ്ങളിൽ ഈ പാഠം നാം പ്രാവർത്തികമാക്കാറില്ല. ജീവിതത്തിൽ അന്യായമായ സഹനത്തിന്റെ സാഹചര്യങ്ങൾ വരുമ്പോൾ ദൈവത്തിന്റെ നീതിയെ തള്ളിപ്പറയാനുള്ള പ്രവണത നമുക്കുണ്ടാകുന്നു. “ദൈവത്തെ ശപിച്ച് മരിക്കാൻ ” തീരുമാനിക്കാതെ പ്രപഞ്ചനാഥനായ ദൈവത്തിന്റെ ഹൃദയം ഗ്രഹിക്കാൻ ശ്രമിക്കാം. അവങ്കലേക്ക് വന്നാൽ നമ്മുടെ കാഴ്ചപ്പാടുകൾ മാറുകയും അവന്റെ ജ്ഞാനത്തിൽ നമുക്ക് ആശ്രയിക്കാൻ കഴിയുകയും ചെയ്യും.
കഥയുടെ പര്യവസാനം എപ്പോഴും അറിയുന്നത് ദൈവം മാത്രമാണ്. അവനിൽ വിശ്രമം തേടുക, ജീവിതത്തിന്റെ ഓരോ അധ്യായവും അവൻ തന്റെ പുകഴ്ചക്കൊത്തവിധം നമ്മുടെ നന്മക്കാക്കി തീർക്കും.
– റെമി ഓയ്ഡിൽ
ചെയ്യാം
റോമർ 9:19-23 വായിച്ച്, ദൈവത്തിന്റെ നീതിയും സർവ്വാധികാരവും സംബന്ധിച്ച് പൗലോസ് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുക.
ചിന്തിക്കാം
പ്രയാസമനുഭവിച്ച സമയത്ത് ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം പ്രാപിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ട സന്ദർഭമുണ്ടോ? ദൈവത്തിന്റെ ജ്ഞാനത്തോടെയും സ്നേഹത്തോടെയും ഉള്ള പദ്ധതികളോട് ഇനിയങ്ങോട്ട് ചേർന്നു നില്ക്കുമോ?