ഈമാതൃദിനത്തിൽ എനിക്ക് നന്ദിപൂർവ്വം സ്മരിക്കാൻ പല കാര്യങ്ങളുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് കുഞ്ഞുങ്ങളുണ്ട്, എൻ്റെ സവിശേഷ നന്മക്കായി എന്തെങ്കിലും ഒക്കെ എപ്പോഴും ചെയ്യുന്ന ഒരു ഭർത്താവുണ്ട്. ഇതല്ലാതെ ഇനി അധികമൊന്നും എനിക്ക് ആഗ്രഹിക്കേണ്ടതുപോലുമില്ല.
എങ്കിലും എൻ്റെ വ്യക്തിപരമായ വേദനകളും മറ്റുള്ളവരുടെ പ്രയാസങ്ങളും എന്നെ പഠിപ്പിച്ച ഒരു കാര്യമുണ്ട്; ഒരു അമ്മ എന്ന യാഥാർത്ഥ്യത്തെ നാമനേകരും വർഷം തോറും ആഘോഷിക്കുമ്പോഴും മാതൃദിനത്തെ വേദനയോടെ മാത്രം സമീപിക്കുന്ന മറ്റ് അനേകരും ഉണ്ട് എന്നത്.
പ്രയാസങ്ങളിലൂടെ സഞ്ചരിച്ച എൻ്റെ ഒരു പ്രിയ സുഹൃത്ത് ഷെറിലിൻ്റെ ജീവിതം ഉദാഹരണമാണ്. മുതിർന്നപ്പോൾ ഞങ്ങൾ സുഹൃത്തുക്കൾ ആയി മാറി; എൻ്റെ കൗമാര വർഷങ്ങളിൽ അവൾ എൻ്റെ ഒരു മാർഗ്ഗദർശി ആയിരുന്നു. കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിലുള്ള അവളുടെ പ്രയാസം ആ കാലത്ത് എന്നോട് തുറന്ന് പങ്കു വെച്ചിരുന്നു. ഞങ്ങൾ ഒരുമിച്ച് കരഞ്ഞിട്ടു പോലുമുണ്ട്. വലിയ വേദനയുടെയിടയിലും അവിശ്വസനീയമായ വിധമുള്ള അവരുടെ ദൈവാശ്രയവും വിശ്വാസവും എന്നെ സ്വാധീനിച്ചു.
ഈ പ്രയാസം ദൈവദത്തമായ മറ്റൊരു അവസരം കണ്ടെത്താൻ ഷെറിലിന് സഹായകരമായി. അവൾക്ക് സ്വന്തം കുഞ്ഞുങ്ങൾ ഉണ്ടായില്ലെങ്കിലും അവൾ തൻ്റെ ശ്രദ്ധ മറ്റൊരു കാര്യത്തിൽ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. അങ്ങനെ എന്റെയും മറ്റ് ചില പെൺകുട്ടികളുടെയും മാർഗദർശനത്തിനായി തൻ്റെ സമയവും ഊർജ്ജവും ചെലവഴിച്ചു. അവൾ അത് വളരെ രസകരമായും ഞങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന വിധത്തിലും ചെയ്തു. കുഞ്ഞുങ്ങളുള്ള ഒരു സ്ത്രീക്ക് ഇത്രയും സമയവും ഊർജ്ജവും അതിനായി കണ്ടെത്താൻ കഴിയുമായിരുന്നില്ല.
വർഷങ്ങൾ കഴിഞ്ഞപ്പോൾ, വന്ധ്യത്വം എന്നത് എൻ്റെയും ജീവിത കഥയാകുമോ എന്ന് കുറച്ചുകാലം ഞാനും ഭയപ്പെട്ടു. എന്നാൽ എനിക്കും ഭർത്താവ് ആൻഡ്രുവിനും അങ്ങനെയൊരു ജീവിതകഥയായിരുന്നില്ല ദൈവം ഉദ്ദേശിച്ചിരുന്നത്. എങ്കിലും ഉത്കണ്ഠയുടെയും കവിഞ്ഞുവന്ന ദുഃഖത്തിൻ്റെയും ആ നാളുകളിൽ ഷെറിലിൻ്റെ വിശ്വാസത്തിൻ്റെയും ആശ്രയത്തിൻ്റെയും മാതൃക ഞങ്ങൾക്കും വിശ്വസ്തനായ രക്ഷകനോട് ചേർന്നു നിൽക്കുവാൻ മാർഗദർശനമായി.
മാർഗദർശിയാകാനുള്ള ആഹ്വാനം
ചെറുപ്പക്കാരികളുടെ ജീവിതത്തിൽ – അവർ സ്വന്തം മക്കളാണെങ്കിലും അല്ലെങ്കിലും – നല്ല നിക്ഷേപങ്ങൾ നടത്തുവാൻ ദൈവം ഓരോ സ്ത്രീയോടും ആഹ്വാനം ചെയ്യുന്നുണ്ട്. ബൈബിളനുസരിച്ച്, മാതൃത്വം എന്നത് കേവലം ജീവശാസ്ത്രപരമായി മക്കളുണ്ടാകുന്നതല്ല. മറിച്ച്, ആവർത്തനം 6:4-9, തിത്തൊസ് 2:3-5 എന്നീ വേദഭാഗങ്ങൾ പ്രകാരം ഓരോ സ്ത്രീയും അവരുടെ ഉത്തരവാദിത്വത്തിലുള്ളവരെ സ്നേഹിക്കുകയും അജപാലനം ചെയ്യേണ്ടതുമാണ്. ഭൗതികമായി അമ്മയായിരിക്കുക എന്നതിലുപരി ആത്മീയമായി മാതൃത്വ ശുശ്രൂഷ ചെയ്യുക എന്ന് ഈ വേദഭാഗങ്ങൾ ആഹ്വാനം ചെയ്യുന്നു.
നിങ്ങളുടെ ജീവിതവഴിയിൽ ഒരു കുട്ടിയെ ദൈവം അനുവദിച്ചിട്ടുണ്ടെങ്കിൽ അതിനെ ദൈവവഴികളിൽ പരിശീലിപ്പിക്കുക എന്നത് നിങ്ങളുടെ വ്യക്തിപരമായ ദൗത്യമായി സ്വീകരിക്കണം. ഓരോ ജീവിത സാഹചര്യവും, പഠിപ്പിക്കാനും ദൈവവചനം അവരിൽ സന്നിവേശിപ്പിക്കുവാനും ഉള്ള അവസരമായി മാറ്റണം.” നീ അവയെ നിൻ്റെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കുകയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കുകയും വേണം.”( ആവർത്തനം 6:7)
ഇതു കൂടാതെ നാം സ്ത്രീകൾക്ക് മറ്റൊരു ആഹ്വാനവും ഉണ്ട്. തിത്തൊസ് 2:3-5 പറയുന്നു: ” വൃദ്ധമാരും അങ്ങനെ തന്നെ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന് അടിമപ്പെടാത്തവരുമായിരിക്കണം എന്നും ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന് യൗവ്വനക്കാരികളെ ഭർതൃ പ്രിയമാരും പുത്രപ്രിയമാരും സുബോധവും പാതിവ്രത്യമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്ക് കീഴ്പെടുന്നവരും ആയിരിക്കുവാൻ ശീലിപ്പിക്കേണ്ടതിന് നന്മ ഉപദേശിക്കുന്നവരായിരിക്കണം എന്നും പ്രബോധിപ്പിക്കുക.”
തിത്തൊസിൻ്റെ ലേഖനത്തിലെ ഈ ഭാഗം മാതൃകയും മാർഗദർശിയും ആയിരിക്കുവാൻ നമ്മെ ആഹ്വാനം ചെയ്യുന്നു. നാം നമുക്ക് ചുറ്റുമുള്ള സകല സ്ത്രീകൾക്കും – പ്രായമായവർക്കും ചെറുപ്പക്കാർക്കും – മാതൃകയായിരിക്കണം. അവർ ദൈവവചനത്തെ ദുഷിക്കാതിരിക്കേണ്ടതിന് അവരെ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. നമുക്കെല്ലാം വളരെ ഉന്നതമായ ഒരു ദൗത്യമാണുള്ളത് – എല്ലാ സ്ത്രീകളെയും, ക്രിസ്തുവിനെ ആഴമായി അറിഞ്ഞ് അവൻ്റെ വചനത്തെ ആദരിക്കുന്നവരാക്കി മാറ്റുക എന്ന ദൗത്യം! എത്ര ആവേശകരമായ ഒരു വിളിയാണിത്!
മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ച് വളർത്താൻ കഴിവില്ല എന്ന നിലയിൽ മടിച്ച് മാറി നില്ക്കുന്ന ധാരാളം പേരെ എനിക്കറിയാം. എന്നാൽ നിങ്ങൾ ഒരു ക്രിസ്തുവിശ്വാസിയാണെങ്കിൽ, അത് മാത്രം മതി ഒരു ആത്മീയ മാർഗദർശിയാകാനുള്ള നിങ്ങളുടെ യോഗ്യതയായിട്ട്. നിങ്ങൾ പ്രോത്സാഹിപ്പിക്കുവാനും സഹയാത്ര ചെയ്യുവാനും ആവശ്യമായ ഒരാളെ കാണിച്ചു തരാനായി ദൈവത്തോട് അപേക്ഷിക്കുക. ആ ദൗത്യം നന്നായി ചെയ്യാൻ അവിടുന്ന് നിങ്ങളെ സജ്ജയാക്കും.
ആശ്വസിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള ആഹ്വാനം
നമുക്കെല്ലാം ആനന്ദത്തിൻ്റെയും വേദനകളുടെയും വ്യത്യസ്തമായ കഥകളാണുള്ളത്. ചിലർക്ക് അമ്മയെ നഷ്ടപ്പെട്ടിട്ടുണ്ടാകാം; അതുകൊണ്ട് പോയി സന്ദർശിക്കാൻ ആരുമില്ലായിരിക്കും. ചിലർക്ക് അമ്മമാരുമായുള്ള ബന്ധം വർഷങ്ങളായി തകർന്നു കിടക്കുകയാകാം. പല സ്ത്രീകൾക്കും കുഞ്ഞുങ്ങളില്ലായിരിക്കാം, വന്ധ്യതയാകാം അവരെ കാത്തിരിക്കുന്നത് എന്ന് ഭയപ്പെടുന്നുണ്ടാകാം.
ചിലർക്ക് ഗർഭഛിദ്രത്തിന് വിധേയരാകേണ്ടി വന്നിട്ടുണ്ടാകാം. ദൈവത്തിൻ്റെ പാപക്ഷമയിൽ ഈ കാര്യവും ഉൾപ്പെടും. മനോഹരമായ സമാധാനവും യഥാസ്ഥാനവും പ്രാപിക്കാനാകും. എന്നാൽ ഇതിൻ്റെ മുറിവുകളും വേദനയും നീണ്ടു നില്ക്കാൻ സാധ്യതയുണ്ട്. ഭർത്താവ് വേർപിരിഞ്ഞു പോയ പല അമ്മമാരും ഈ മാതൃദിനത്തിൽ അവരെ പരിഗണിക്കാൻ ആരുമില്ല എന്ന വ്യഥയിലായിരിക്കും. ചിലർക്കെങ്കിലും മക്കൾ മരിച്ചു പോയിട്ടുണ്ടാകാം, ഗർഭം അലസിപ്പോയിട്ടുണ്ടാകാം. അതുകൊണ്ട് മാതൃദിനം ഒരു വേദനയുടെ ദിനമാകാം. എൻ്റെ സഹോദരിക്ക് 16 ആഴ്ച ഗർഭമുള്ളപ്പോൾ, ഇസബെല്ല എന്ന് വിളിക്കാനിരുന്ന, പെൺകുഞ്ഞിനെ ഇങ്ങനെ നഷ്ടപ്പെട്ടു. അതുകൊണ്ട് ഈ മാതൃദിനത്തിൽ പല കാര്യങ്ങളും ഞങ്ങൾക്ക് ആഘോഷിക്കാനായിട്ട് ഉണ്ടെങ്കിലും ഈ വേറിട്ട മുറിവ് ഈ വർഷം ഞങ്ങൾക്ക് വേദനയായിട്ടുണ്ട്.
ഇങ്ങനെ പല കഥകളും ദൈവം നമുക്കൊക്കെ അനുവദിച്ചിട്ടുണ്ട്. നമ്മുടെ ജീവിതകഥകൾ എന്തായിരുന്നാലും,ഷെറിൽ എനിക്ക് ചെയ്തതുപോലെ ചെയ്യാനാകണം. വേദന നിറഞ്ഞതോ ആനന്ദം നിറഞ്ഞതോ ആകട്ടെ, നമ്മുടെ ജീവിതാനുഭവങ്ങൾ നമ്മുടെ ജീവിത വഴികളിൽ ദൈവം വെച്ചിട്ടുള്ള ആളുകളിൽ സ്നേഹവും ആശ്വാസവും പ്രോത്സാഹനവും പകരാൻ നമുക്ക് പ്രചോദനമാകണം.
ഈ മാതൃദിനത്തിൽ, അമ്മയെന്ന നിലയിലോ മാർഗദർശിയെന്ന നിലയിലോ നമ്മെ സ്നേഹിക്കുകയോ കരുതുകയോ ചെയ്തവരെ മാത്രമല്ല, വേദനിക്കുന്ന ചിലരെയും പരിഗണിക്കാൻ കഴിയട്ടെ. നമുക്കവരെ പ്രത്യേകമായി ചേർത്തു പിടിക്കാം, ആശ്വാസത്തിനായി പ്രാർത്ഥിക്കാം, അവരുടെ വേദനാനുഭവങ്ങളെ പങ്കിടാം. നമുക്ക് നമ്മുടെ ജീവിതങ്ങളെ അതിൻ്റെ എല്ലാ അനുഭവങ്ങളോടും കൂടെ കർത്താവിന് യാഗമായി തുടർന്നും സമർപ്പിക്കാം – അവയിലൂടെ അനുദിനം അനേകരെ അവനിലേക്ക് അടുപ്പിക്കുവാൻ അവിടുന്ന് അനുവദിക്കട്ടെ.