വായനാഭാഗം: ഇയ്യോബ് 13:14-28

തിരുമുഖം മറച്ചുകൊള്ളുന്നത് എന്തിന്? (ാ. 24)

ഒരു കഫേയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ, വ്യത്യസ്ത മേശകൾക്കരികിൽ രണ്ട് സ്ത്രീകളെ ഞാൻ കണ്ടു. അതിൽ സുന്ദരിയായ ഒരു ചെറുപ്പക്കാരി ഗ്ലാസ്സിൽ നിറച്ച ഒരു പ്രത്യേക ജ്യൂസ് കുടിക്കുകയാണ്. അവളുടെ കാൽച്ചുവട്ടിൽ നിരവധി ഷോപ്പിങ്ങ് ബാഗുകൾ അനുസരണമുള്ള ഓമനമൃഗങ്ങൾ പോലെ ഇരിക്കുന്നു. ഏതാണ്ട് അതേ പ്രായം തോന്നിക്കുന്ന മറ്റേ സ്ത്രീ ഒരു ഊന്നുവടി പിടിച്ചാണ് മേശക്കരികിൽ എത്തിയത്. അവളുടെ കാലുകളിൽ പ്ലാസ്റ്റിക്കിന്റെ വലയങ്ങൾ പിടിപ്പിച്ചിട്ടുണ്ട്. കഫേയിലെ ജീവനക്കാരൻ സഹായിച്ചിട്ടാണ് അവൾ കസേരയിൽ ഇരുന്നത്. രണ്ട് പേരെയും നോക്കിയപ്പോൾ, എന്തുകൊണ്ടാണ് ദൈവം ഒരാൾക്ക് കൂടുതൽ സഹനം നല്കിയത് എന്ന ചോദ്യമാണ് എന്നിലുണ്ടായത്.

ഇയ്യോബിന് മക്കളും ധനവും ആരോഗ്യവും എല്ലാം നഷ്ടപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അതിന്റെ കാരണം വിശദീകരിക്കാൻ പരിശ്രമിച്ചു. ഇയ്യോബിന്റെ പാപത്തിന്റെ ശിക്ഷയായിട്ടാണ് അവരതിനെ കണ്ടത്. എന്നാൽ ദൈവം പറഞ്ഞത്, അവനെപ്പോലെ നല്ലവനായി ഭൂമിയിൽ ആരുമില്ല (ഇയ്യോബ് 1:8) എന്നാണ്.

പാപമാകണമെന്നില്ല എല്ലാ കഷ്ടതകളുടെയും നേരിട്ടുള്ള കാരണം. എങ്കിലും പ്രയാസത്തിലായിരിക്കുമ്പോൾ നാമെല്ലാം ഉത്തരങ്ങൾ തേടും.  “ഇത് എന്തുകൊണ്ട്?”, “ഞാൻ കഷ്ടം സഹിക്കണം എന്നാണോ ദൈവം ഉദ്ദേശിക്കുന്നത്” എന്നൊക്കെ ചോദിക്കും; എന്നാൽ ദൈവത്തെ അന്വേക്ഷിക്കുകയില്ല. ഇയ്യോബും ഈ അബദ്ധം ചെയ്തു,” എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര?… തിരുമുഖം മറച്ചു കൊള്ളുന്നതും എന്നെ ശത്രുവായി വിചാരിക്കുന്നതും എന്ത് ?” (13:23, 24) എന്ന് ചോദിച്ചപ്പോൾ.

ഇയ്യോബിന്റെ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായില്ല. ആ അദൃശ്യനായ ദുഷ്ടനാണ് ഈ സഹനത്തിന്റെ പിന്നിൽ (എഫെ. 6:12) എന്നൊന്നും ദൈവം ഇവിടെ വിശദീകരിക്കാൻ പോയില്ല. പക്ഷെ ഇയ്യോബിന്റെ അസംതൃപ്തി മാറി. ദൈവം തന്നെത്താൻ വെളിപ്പെടുത്തിയപ്പോൾ. ദൈവത്തിന്റെ സൃഷ്ടിയിലെ വൈഭവവും പരിപാലനത്തിന്റെ അത്ഭുതവും കണ്ടപ്പോൾ ഇയ്യോബ് പ്രസ്താവിച്ചു: “ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു” (42:5). നഷ്ടപ്പെട്ട സമ്പത്തെല്ലാം ഇരട്ടിയായി നല്കിയും മക്കളെ നല്കിയും 140 വർഷം കൂടി ആയുസ്സ് നല്കിയും ദൈവം ഇയ്യോബിനെ അനുഗ്രഹിച്ചു (42:10-17).

എന്തുകൊണ്ടാണ് ദൈവം ഈ കഷ്ടത അനുവദിക്കുന്നത് എന്ന് മനസ്സിലായില്ലെങ്കിലും നമുക്ക് അവനെത്തന്നെ നോക്കിയിരിക്കാം, “തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേക്ഷിക്കുന്നവനും യഹോവ നല്ലവൻ” (വിലാ. 3:25) എന്ന് അറിഞ്ഞു കൊണ്ട്.

– ജെനിഫർ ഷുൾട്ട്

ചെയ്യാം

കൊലൊ. 3:1-4 വായിച്ചിട്ട്, ഈ ഭൂമിയിൽ കഷ്ടത നേരിടുന്ന വിശ്വാസികളെ കാത്തിരിക്കുന്ന ഭാവി എന്താണെന്ന് കാണുക.

ചിന്തിക്കാം

കഷ്ടതയിൽ കൂടി കടക്കുമ്പോൾ നമ്മുടെ കൂടെയുള്ള ദൈവസ്നേഹം ആശ്വസിപ്പിക്കുന്നില്ലേ? വിലാപങ്ങൾ 3:33 ദൈവത്തിന്റെ നന്മയെ എങ്ങനെ വെളിപ്പെടുത്തുന്നു?