കോപം സ്‌ഫോടനാത്മകവും ആക്രമണാത്മകവുമാണെന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട്. കോപിക്കുമ്പോൾ ഉള്ളിൽ തീ ജ്വലിക്കുന്നതുപോലെ അനുഭവപ്പെടും. ഉള്ളു ചുട്ടുപഴുക്കുകയും നാം ചൂടാകുകയും ശരീരം വിയർക്കുകയും ചെയ്യും. നമ്മുടെ വയറ് കോച്ചിപ്പിടിക്കുകയും രക്തസമ്മർദ്ദം ഉയരുകയും നമ്മുടെ വേദനയ്ക്ക് ഉത്തരവാദികളായവർക്ക് കഠിനമായ നാശനഷ്ടങ്ങൾ വരുത്താൻ നാം തയ്യാറെടുക്കുകയും ചെയ്യും.
മറ്റു ചിലപ്പോൾ, നാം നമ്മുടെ കോപം ഉള്ളിൽ അടക്കുകയും മനസ്സിന്റെ ആഴത്തിൽ കുഴിച്ചിടുകയും അത് തനിയെ ശമിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. കോപത്തോടുള്ള അത്തരം പ്രതികരണം, നിശബ്ദരാകാനും നമുക്ക് ചുറ്റുമുള്ള ആളുകളിൽ നിന്ന് അകന്നുനില്ക്കാനും നമ്മെ പ്രേരിപ്പിക്കുന്നു.
കോപം ശരിയോ തെറ്റോ എന്ന് നമുക്ക് എങ്ങനെ അറിയാനാകും?
സംഘർഷങ്ങളുടെയും തെറ്റിദ്ധാരണകളുടെയും കലുഷിതമായ ബന്ധങ്ങളുടെയും ലോകത്ത് നാം ജീവിക്കുമ്പോൾ, കോപത്തോടെ പ്രതികരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന നിരവധി കാര്യങ്ങൾ സംഭവിക്കാറുണ്ട്. നമ്മുടെ കോപം ചില സമയങ്ങളിൽ ഉചിതമാണെങ്കിലും, മറ്റ് സമയങ്ങളിൽ വലിയ അപകടത്തിലേക്കു നയിക്കാൻ സാധ്യതയുണ്ടോ? കോപം ശരിയോ തെറ്റോ എന്ന് നമുക്ക് എങ്ങനെ അറിയാനാകും? കോപം ജനിപ്പിക്കുന്ന സംഗതികളോട് നമുക്കെങ്ങനെ കൂടുതൽ ജ്ഞാനത്തോടെ പ്രതികരിക്കാൻ കഴിയും?
കോപപ്രശ്‌നത്തെ പരിഹരിക്കാൻ നിങ്ങളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ലഘുഗ്രന്ഥം. നമ്മുടെ കോപം എങ്ങനെയുള്ളതായാലും, അത് എത്രത്തോളം ന്യായമാണെന്ന് ചിലപ്പോൾ തോന്നിയാലും, അത് നമ്മെയും നമുക്ക് ചുറ്റുമുള്ളവരെയും നശിപ്പിക്കാൻ സാധ്യതയുണ്ട്. കോപത്തെ സംബന്ധിച്ച് നിങ്ങൾക്ക് ഉണ്ടാകാവുന്ന എല്ലാ ചോദ്യങ്ങൾക്കും ഈ ലഘുഗ്രന്ഥം ഉത്തരം നൽകുന്നില്ല. കാരണം കോപം എന്ന വിഷയം അത്രയധികം വിശാലവും വ്യക്തിഗതവുമാണ്. എന്നാൽ ഈ കോപം എന്താണെന്നും അത് എവിടെ നിന്ന് വരുന്നുവെന്നും അതിനെ നേരിടാൻ നമുക്ക് പഠിക്കാനാകുന്ന ചില വഴികളെക്കുറിച്ചും ചിന്തിക്കുന്നതിനുള്ള ഒരു തുടക്കം ഇതു നൽകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
ഉള്ളടക്കം
കോപം തെറ്റാണെന്നാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്, നമ്മുടെ കോപ പ്രതികരണങ്ങൾ കാരണം നമ്മിൽ പലർക്കും വ്യസനവും കുറ്റബോധവും ഉണ്ടാകുന്നു. കോപത്തെക്കുറിച്ചും അത് എത്ര അപകടകരമാണെന്നും ബൈബിൾ വളരെ സത്യസന്ധമായി സംസാരിക്കുന്നു. അതോടൊപ്പം, കോപത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബൈബിൾ നമ്മോട് പറയുന്നു. കോപം എപ്പോഴും തെറ്റോ മോശം കാര്യമോ ആയിരിക്കണമെന്നില്ല. വാസ്തവത്തിൽ, കോപം ചിലപ്പോൾ വളരെ നല്ലതാണ്.
ഉദാഹരണമായി, പൗലൊസ് എഫെസൊസിലെ സഭയ്ക്ക് എഴുതി: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്. പിശാചിന്നു ഇടം കൊടുക്കരുത്’’ (എഫെ. 4:26-27). “ഒരിക്കലും കോപിക്കരുത്’’ എന്ന് പറയുന്നതിനുപകരം, “കോപിക്കുക, എന്നാൽ പാപം ചെയ്യരുത്’’ എന്നാണ് പൗലൊസ് പറയുന്നത്. ഇത് അതിശയകരമായി തോന്നാം. തകർന്നതും വേദനിപ്പിക്കുന്നതുമായ ഒരു ലോകത്തിൽ ജീവിക്കാൻ നമുക്ക് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ടതും അനിവാര്യവുമായ ഒരു വികാരമാണ് കോപം എന്ന് നമ്മുടെ സ്രഷ്ടാവായ ദൈവത്തിന് അറിയാം. അതിനർത്ഥം നല്ലതും സ്വീകാര്യമായതുമായ കോപം ഉണ്ടെന്നാണ് ഈ ബൈബിൾ വാക്യത്തിൽനിന്നു വ്യക്തമാകുന്നത്. എന്നിരുന്നാലും, വെല്ലുവിളി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന രണ്ട് മുന്നറിയിപ്പുകൾ പൗലൊസ് നൽകുന്നു: “പാപം ചെയ്യാതിരിപ്പിൻ.’’
സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്: കോപത്തെക്കുറിച്ച് ബോധ്യമായാലുടനെ അതിനെ കൈകാര്യ ചെയ്യാൻ പൗലൊസ് നമ്മോട് പറയുന്നു (കോപത്തിന്റെ കാരണം നല്ലതാണെന്ന് തോന്നിയാൽ പോലും). നാം അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, കോപം നമ്മെ കയ്പ്പുള്ളവരാക്കും.
പിശാചിന്നു ഇടം കൊടുക്കരുത്: ഏറ്റവും ന്യായമായ കോപത്തെപ്പോലും ദൈവത്തെയും നമുക്ക് ചുറ്റുമുള്ളവരെയും കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ വികലമാക്കുന്ന വിദ്വേഷമാക്കി മാറ്റാൻ പിശാചിനറിയാം. അതുകൊണ്ട് നമ്മുടെ കോപത്തെയും, ക്രിസ്തുവിന്റെ സ്‌നേഹവും ക്ഷമയും ഉള്ള സ്വഭാവത്തിന് എതിരായി നാം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു പ്രവർത്തനത്തെയും പരിശോധിക്കാൻ നാം ശ്രദ്ധിക്കണം.
നമ്മുടെ മിക്ക വികാരങ്ങളെയും പോലെ കോപവും സങ്കീർണ്ണമാണ്. എഫെസ്യർക്കുള്ള പൗലൊസിന്റെ ലേഖനത്തിൽ, കോപത്തെ “മോശമായി’’ ചിത്രീകരിക്കുന്നില്ലെന്ന് തോന്നുമെങ്കിലും, “മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല’’ (യാക്കോബ് 1:20) എന്ന് നമുക്ക് മറ്റൊരിടത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദൈവത്തിന്റെ “നീതി’’ എന്നത് അവന്റെ സമ്പൂർണ്ണവും സ്‌നേഹമസൃണവും നീതിയുക്തവുമായ സ്വഭാവത്തെ സൂചിപ്പിക്കുന്നു. നമുക്ക് സ്വയം നീതി കൈവരിക്കാൻ കഴിയില്ലെങ്കിലും, യേശു നമ്മുടെ നീതിയാണെന്നും (1 കൊരി. 1:30) നമ്മെ ഓരോ ദിവസവും യേശുവിനെപ്പോലെയാക്കാൻ പരിശുദ്ധാത്മാവ് നമ്മിൽ പ്രവർത്തിക്കുന്നുവെന്നുമുള്ള വാഗ്ദത്തം നമുക്ക് നൽകപ്പെട്ടിരിക്കുന്നു (റോമ. 8:9-17; എഫെ. 4:13-15). അതിനാൽ, യേശുക്രിസ്തുവിന്റെ കരുതലും സ്വഭാവവും ഉദ്ദേശ്യവും പ്രകടിപ്പിക്കാത്തപ്പോൾ നമ്മുടെ കോപം “തെറ്റാണ്.’’
നാം സ്വന്തനിലയിൽ കൈകാര്യം ചെയ്യുമ്പോൾ, നമ്മുടെ കോപം പെട്ടെന്ന് നമ്മുടെ സ്വയരക്ഷയ്ക്കുള്ളതോ സ്വയാശ്രയത്തിന്റേതോ ആയ പ്രതികരണമായി മാറും. നാം നമ്മിൽത്തന്നെയും നീതിയെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തിലും വിശ്വസിക്കുമ്പോൾ, നമ്മൾ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ നമുക്ക് കോപം വരാം. ഇത്തരത്തിലുള്ള സ്വയ-കേന്ദ്രീകൃത കോപം മറ്റുള്ളവരുടെ പ്രയോജനത്തിന് വേണ്ടിയുള്ളതല്ല. നമ്മുടെ കോപം നമ്മുടെ സ്വാർത്ഥതയിൽ അടിസ്ഥാനപ്പെട്ടതാണെങ്കിൽ, അത് യേശുവിന്റെ മുൻഗണനകളെയോ കരുതലുകളെയോ പ്രതിഫലിപ്പിക്കയില്ല. മറിച്ച് നമ്മുടെ സ്വന്ത താല്പര്യങ്ങളെയാണ് അതു പ്രതിഫലിപ്പിക്കുന്നത്. ഇത്തരത്തിലുള്ള കോപം നമ്മുടെ ബന്ധങ്ങളിൽ തകർച്ചയും അകല്ചയും മാത്രമേ ഉളവാക്കുകയുള്ളു.
ചിലപ്പോഴൊക്കെ, നമ്മൾ ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നതിനേക്കാൾ മറ്റൊരാളോട് പൊട്ടിത്തെറിക്കുന്നത് എളുപ്പമായതിനാൽ നാം കോപിക്കാറുണ്ട്. മറ്റു ചിലപ്പോൾ കോപം നമ്മുടെ ശരിയായ വികാരത്തെ മറച്ചുവയ്ക്കാൻ സഹായിക്കുന്നു. നമ്മുടെ ബലഹീനതകളും അരക്ഷിതാവസ്ഥയും കണ്ണിൽപ്പെടാതിരിക്കാനും നമ്മെ ശക്തരോ ഉഗ്രന്മാരോ ആയി തോന്നിപ്പിക്കാനും നാം കോപത്തെ ഒരു കവചമായി ഉപയോഗിക്കുന്നു. തീർച്ചയായും, നമ്മോട് മോശമായി പെരുമാറുമ്പോഴോ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കുമ്പോഴോ നമുക്ക് കോപം വരും. ചില സന്ദർഭങ്ങളിൽ കോപം ഉചിതമായ പ്രതികരണമാകുമെങ്കിലും, നീതിയെയും ന്യായത്തെയും കുറിച്ചുള്ള നമ്മുടെ സ്വന്തമായ നിർവചനമാണ് കോപിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷത്തിന് ഇടയാക്കും.
അതിനാൽ, മിക്കവാറും, നമ്മുടെ കോപം നമ്മെക്കുറിച്ചോ, നമ്മുടെ താൽപ്പര്യങ്ങളെക്കുറിച്ചോ, നമ്മുടെ സംരക്ഷണത്തെക്കുറിച്ചോ അല്ലെങ്കിൽ നമ്മുടെ അജണ്ടകളെക്കുറിച്ചോ ആണെങ്കിൽ, അത് “ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.’’ ദൈവത്തിന്റെ നീതി പ്രാഥമികമായും യേശുവിനെ ഈ ലോകത്തിനു വെളിപ്പെടുത്തുക എന്നതാണ്.
ദൈവത്തിന്റെ എല്ലാ സമ്പൂർണ്ണമായ കരുതലിനും സ്‌നേഹത്തിനും കീഴിൽ സ്വയം താഴ്ത്തുന്നതിനുപകരം, കോപത്തോടെ സ്വയം സംരക്ഷിക്കുകയും കരുതുകയും ചെയ്യുന്ന ഒരു മനുഷ്യന്റെ ഉത്തമ ഉദാഹരണമാണ് ബൈബിൾ കഥാപാത്രമായ കയീൻ. ഹാബെലിന്റെ യാഗത്തിൽ ദൈവം പ്രസാദിച്ചപ്പോൾ തന്റെ സഹോദരനായ ഹാബെലിനോട് കയീൻ കോപിച്ച കഥയാണ് ഉല്പത്തി 4 പറയുന്നത്. ദൈവം കയീനോടു പറഞ്ഞു, “നീ കോപിക്കുന്നത് എന്തിന്? നിന്റെ മുഖം വാടുന്നതും എന്ത്? നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം’’ (ഉല്പത്തി 4:6-7).
കയീന്റെ കോപത്തെ സംബന്ധിച്ച് അവൻ ചെയ്യേണ്ട ഒരു തിരഞ്ഞെടുപ്പ് ദൈവം കയീനു കാണിച്ചുകൊടുത്തു: ദൈവത്തോട് ക്ഷമാപണം നടത്തി ദൈവത്തിന്റെ ശരിയായ ഉദ്ദേശ്യങ്ങളോടു ചേർന്നുനിന്നുകൊണ്ട് അവന് “അതിനെ കീഴടക്കാൻ’’ കഴിയും. അല്ലെങ്കിൽ കോപം ആധിപത്യം സ്ഥാപിക്കാൻ അനുവദിച്ചുകൊണ്ട് സമ്പൂർണ്ണ നാശത്തിലെത്തുന്നതുവരെ തന്റെ അഭിമാനത്തിനേറ്റ മുറിവിനെ അവനു താലോലിക്കാം. അവൻ രണ്ടാമത്തെ പാത തിരഞ്ഞെടുത്തു, ഹാബെലിനെ അതിക്രൂരമായി കൊലചെയ്തു (വാ. 8). അങ്ങനെ ദൈവത്തിന്റെ ന്യായവിധി ഏറ്റുവാങ്ങുകയും ചെയ്തു (വാ. 11-12).
സ്വയ-കേന്ദ്രീകൃതമായ ഉദ്ദേശ്യങ്ങളിൽ വേരൂന്നിയ കോപം പ്രവർത്തിക്കയില്ലെന്ന് കയീന്റെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. അത്തരം കോപം സ്‌നേഹത്തിലേക്കല്ല, നാശത്തിലേക്കാണ് നയിക്കുന്നത്.
നമ്മുടെ കോപത്തിനുള്ള പരിഹാരം കോപിക്കാതിരിക്കലല്ല. നിർത്തിക്കളയാൻ കഴിയാതെവണ്ണം കോപം അത്യന്തം സങ്കീർണ്ണമാണ്. കോപിക്കാതിരിക്കാൻ കഠിനമായി ശ്രമിച്ച് വീണ്ടും വീണ്ടും പരാജയപ്പെടുമ്പോൾ അതു നമ്മെ നിരാശയിൽ കൊണ്ടെത്തിക്കും. എഫെസൊസിലെ സഭയോട് പൗലൊസ് പറഞ്ഞതുപോലെ, കോപിക്കാൻ നമ്മെത്തന്നെ അനുവദിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, നമ്മുടെ സഹജാവബോധം പലപ്പോഴും കയീനിനെപ്പോലെ സ്വയം കേന്ദ്രീകൃതമായ കോപത്തിലേക്കു നയിക്കുന്നതിനാൽ, എപ്പോഴാണ് കോപം യഥാർത്ഥത്തിൽ നല്ലതായിരിക്കുന്നത്?
ഇതിനെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു മാർഗ്ഗം ദൈവത്തിന്റെ കോപം എങ്ങനെയുള്ളതാണ് എന്നു മനസ്സിലാക്കുകയാണ്. ദൈവകോപത്തെക്കുറിച്ച് സംസാരിക്കുന്നത് നമ്മിൽ പലർക്കും അസ്വസ്ഥതയുണ്ടാക്കിയേക്കാം. ദൈവത്തെ സ്‌നേഹമായി കാണാനാണ് നാം ഇഷ്ടപ്പെടുന്നത്, അല്ലാതെ കോപിക്കുന്ന സർവ്വശക്തനായ ഒരു വ്യക്തിയായിട്ടല്ല. പക്ഷേ, ദൈവത്തിന്റെ കോപം നമ്മുടെ കോപത്തിൽ നിന്ന് വ്യത്യസ്തമായാലോ? അവന്റെ കോപം യഥാർത്ഥത്തിൽ അവന്റെ സ്‌നേഹത്തിന്റെ പ്രതിഫലനമാണെങ്കിലോ? അത് നമ്മുടെ കാഴ്ചപ്പാടിനെ എങ്ങനെയാണ് മാറ്റിമറിക്കുക?
ദൈവം കോപിക്കാൻ താമസമുള്ളവനാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു
എന്താണ് ദൈവകോപത്തെ വ്യത്യസ്തമാക്കുന്നത്? നമ്മൾ ഇതിനകം കണ്ടതുപോലെ, നമ്മുടെ കോപം പലപ്പോഴും നമ്മുടെ വഴിക്ക് പോകാത്ത കാര്യങ്ങൾക്കെതിരെ ഉടനടിയുള്ള പ്രതികരണമാണ്. നേരെമറിച്ച്, ദൈവം കോപിക്കാൻ താമസമുള്ളവനാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു (പുറപ്പാട് 34:6-7; സങ്കീർത്തനം 103:8; യോനാ 4:2). അവൻ നമ്മെ സ്‌നേഹിക്കുന്നതിനാൽ, അവൻ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചവർക്ക് ദോഷം വരുത്തുന്ന എന്തുകാര്യവും അവനെ കോപിപ്പിക്കുന്നു – അതായത്, ദാരിദ്ര്യം, അനീതി, ഭീഷണി, മുഠാളത്തം തുടങ്ങിയ കാര്യങ്ങൾ. ആളുകൾ കഷ്ടപ്പെടുന്നത് കാണാൻ അവൻ ഇഷ്ടപ്പെടുന്നില്ല. അത് അവനെ കോപിപ്പിക്കുന്നു.
ദൈവത്തെ ഏറ്റവും കൂടുതൽ കോപിപ്പിക്കുന്നത് അവയുടെ കാരണമാണ് – നമ്മുടെ പാപം. യേശുവിന്റെ ആളത്വത്തിൽ ദൈവത്തിന്റെ കോപം എങ്ങനെയാണെന്ന് നാം കാണുന്നു. ഭൂമിയിലായിരുന്നപ്പോൾ യേശു യെഹൂദ മതനേതാക്കളോട് കോപിച്ചു (മത്തായി 23). എന്തുകൊണ്ട്? കാരുണ്യത്തിലും ദയയിലും സത്യത്തിലും ജനങ്ങളെ നയിക്കുന്നതിനുപകരം, അവർ പ്രാഥമികമായി തങ്ങളെത്തന്നെ സേവിക്കുകയായിരുന്നതിനാൽ അവൻ അവരോട് ദേഷ്യപ്പെട്ടു. അവർ ദൈവത്തെ കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുകയായിരുന്നില്ല; പകരം ആളുകളെ തങ്ങളുടെ പിന്നിൽ അണിനിരത്താനും തങ്ങളെത്തന്നെ നല്ലവരായി കാണിക്കാനും അവർ ന്യായപ്രമാണത്തെ സങ്കീർണ്ണമാക്കുകയായിരുന്നു.
ദൈവത്തിന്റെ കോപം കേവലം തന്നെക്കുറിച്ചോ തന്റെ ബഹുമാനത്തെക്കുറിച്ചോ അല്ല. നാമെല്ലാവരും അവനെ അറിയാനും അവനുമായി വ്യക്തിപരമായ ബന്ധം ആസ്വദിക്കാനുമുള്ള അവന്റെ ആഗ്രഹത്തിൽ നിന്നാണ് അത് വരുന്നത്. നമ്മുടെ സ്വാർത്ഥ ആഗ്രഹങ്ങൾ കൂടുതൽ പ്രധാനമാകുമ്പോൾ, അവന്റെ വ്യക്തിപരമായ സ്‌നേഹവും കരുതലും അനുകമ്പയും നമുക്ക് നഷ്ടമാകും. അവസാനം നമ്മൾ നഷ്ടപ്പെട്ടവരും ഒറ്റപ്പെട്ടവരുമാകുന്നു ഇതു ദൈവത്തെ കോപിപ്പിക്കുന്നു; ഇങ്ങനെ ജീവിക്കാൻ വേണ്ടിയല്ല അവൻ നമ്മെ സൃഷ്ടിച്ചത്. അവന്റെ കോപം അവന്റെ സ്‌നേഹത്തിന്റെ വിപരീതമല്ല, മറിച്ച് അതിന്റെ വിപുലീകരണമാണ്. നമ്മുടെ ജീവിതത്തിൽ നമ്മെ അവനിൽ നിന്ന് അകറ്റുന്നതോ നമുക്ക് ചുറ്റുമുള്ള ആളുകളെ വേദനിപ്പിക്കുന്നതോ ആയ കാര്യങ്ങളെ അവന് എങ്ങനെ സഹിക്കാനാകും?
നാം ദൈവത്തെ സ്‌നേഹിക്കുകയും അവൻ സൃഷ്ടിച്ച ആളുകളെ സ്‌നേഹിക്കുകയും ചെയ്യുന്നുവെങ്കിൽ, നമ്മുടെ ചുറ്റുമുള്ളവരോടുള്ള അവന്റെ രക്ഷാകരമായ സ്‌നേഹത്തിനും അവനും ഇടയിൽ വരുന്ന എന്തിനോടുമുള്ള അവന്റെ കോപത്തെ നാമും പ്രതിഫലിപ്പിക്കണം.
ദൈവത്തിന്റെ കോപം എങ്ങനെയിരിക്കും? അവനിൽ നിന്ന് നമ്മെ വേർതിരിക്കുന്ന എല്ലാറ്റിനും എതിരായ ദൈവത്തിന്റെ കോപം, നാം പലപ്പോഴും പ്രകടിപ്പിക്കുന്ന കോപത്തിൽ നിന്നു തികച്ചും വിപരീതമാണ്! തന്റെ കോപം മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കുന്നതിനുപകരം, നമ്മുടെ കോപത്തിന്റെ വേദനയും തെറ്റും അവൻ തന്നിൽത്തന്നെ ഏറ്റുവാങ്ങി. അത്ഭുതകരമായ ആത്മത്യാഗത്തിന്റെ ഒരു പ്രവൃത്തിയിലൂടെ, യേശു നമ്മുടെ സ്ഥാനത്ത് തന്റെ ജീവൻ ത്യജിച്ചു. നമ്മുടെ പരാജയങ്ങളും സ്വാർത്ഥതയും കുറ്റബോധവും നാണക്കേടും ഏറ്റെടുക്കാൻ അവൻ തീരുമാനിച്ചു. നമ്മുടെ പാപത്തിനുള്ള “കൊടുത്തുതീർത്ത’’ വിലയായി യേശുവിന്റെ മരണത്തെ ദൈവം അംഗീകരിച്ചു (യോഹന്നാൻ 19:30). യേശുവിന്റെ പുനരുത്ഥാനം അവനോടൊപ്പമുള്ള ഒരു പുതിയ, ക്ഷമിക്കപ്പെട്ട ജീവിതത്തിലേക്ക് നമുക്കുള്ള ക്ഷണമായി മാറി. ഇതിനുള്ള മികച്ച ഒരു ഉദാഹരണമാണ് സക്കായിയുടെ കഥ (പൂർണ്ണമായ കഥ ലൂക്കൊസ് 19-ൽ കാണാം).
അധിക നികുതി ഈടാക്കി ആളുകളെ ചൂഷണം ചെയ്ത നിന്ദ്യനായ ഒരു ചുങ്കക്കാരനായിരുന്നു സക്കായി, “ഇന്ന് ഞാൻ നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു’’ (വാക്യം 5) എന്ന് പറഞ്ഞുകൊണ്ട് യേശു അവനെ ഒരു ബന്ധത്തിലേക്ക് ക്ഷണിച്ചു. ഒരുമിച്ചു സമയം ചിലവഴിച്ചശേഷം, “ഇന്ന് ഈ വീട്ടിനു രക്ഷ വന്നിരിക്കുന്നു’’ (വാക്യം 9) എന്ന് സ്ഥിരീകരിച്ചുകൊണ്ട്, സക്കായി ഒരു രൂപാന്തരപ്പെട്ട മനുഷ്യനാണെന്ന് യേശു പ്രഖ്യാപിച്ചു.
മതനേതാക്കന്മാർ അവരുടെ തെറ്റിന് യേശുവിൽ നിന്ന് രോഷം ഏറ്റുവാങ്ങിയത് എന്തുകൊണ്ടാണ് (മത്താ. 23), എന്നിട്ടും ആളുകളോട് മോശമായി പെരുമാറുന്നതിൽ തുല്യ കുറ്റവാളിയായിരുന്ന സക്കായി യേശുവിന്റെ സഹവാസം ആസ്വദിച്ചതെന്തുകൊണ്ട്? ലളിതമായി പറഞ്ഞാൽ, മതനേതാക്കൾ മറ്റുള്ളവരോട് മോശമായി പെരുമാറിയതിന് പശ്ചാത്തപിച്ചില്ല, അതേസമയം സക്കായി സന്തോഷത്തോടെ (വാക്യം 6) തന്റെ അത്യാഗ്രഹത്തിൽ നിന്ന് പിന്തിരിഞ്ഞു! ആവശ്യമുള്ളവരോട് യേശുവിന്റെ ഔദാര്യവും കരുണയും കാണിക്കുന്ന, ഒരു പുതിയ ജീവിതത്തിലേക്കുള്ള യേശുവിന്റെ ക്ഷണം അവൻ സ്വീകരിച്ചു (വാ. 8).
അപ്പോൾ നമ്മുടെ സ്വന്തം കോപത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് ഇത് നമ്മെ എന്താണ് പഠിപ്പിക്കുന്നത്? ഈ വികാരങ്ങൾ പ്രകടിപ്പിക്കാൻ എപ്പോഴെങ്കിലും അവസരമുണ്ടോ?
പരിപൂർണ്ണനായ ദൈവം കോപിക്കുന്നതിനാൽ, കോപത്തെക്കുറിച്ച് നമുക്ക് കുറ്റബോധം തോന്നേണ്ടതില്ല. നമ്മുടെ കോപം ദൈവകോപത്തിന് കാരണമാകുന്ന അതേ കരുതലുകളിൽ നിന്നാണോ വരുന്നത് എന്നതാണ് പ്രധാനം. നമ്മുടെ കോപത്തെ പരിശോധിക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്ന ചില വഴികൾ ഇവിടെ കൊടുക്കുന്നു.
നിങ്ങളുടെ കോപത്തെക്കുറിച്ച് ദൈവത്തോട് പറയുക: ആദ്യ കാര്യങ്ങൾ ആദ്യം. നമുക്ക് കോപമുണ്ടായില്ലെന്ന് നടിക്കാനാവില്ല. നാമെല്ലാവരും കോപിക്കുന്നു. ആ കോപത്തെ നിരാശയെന്നോ പ്രകോപനമെന്നോ മുദ്രകുത്തി തള്ളിക്കളയരുത്. അത് കോപമാണെന്ന് സമ്മതിക്കുക. നാം നമ്മോടും ദൈവത്തോടും സത്യസന്ധരായിരിക്കണം. എന്തായാലും യാഥാർത്ഥ്യം അവനറിയാം (എബ്രാ. 4:12-13). അവൻ ആഴമായി നമ്മെക്കുറിച്ചു കരുതലുള്ളവനാണ് (1 പത്രൊസ് 5:7). അവനോട് തുറന്ന് സംസാരിക്കുകയും നമുക്ക് എന്താണ് തോന്നുന്നതെന്ന് അവനോട് പറയുകയും വേണം.
സ്വയ-കേന്ദ്രീകൃത കോപത്തോടെ നാം പ്രതികരിക്കുമ്പോൾ, അക്കാര്യം ദൈവത്തോട് നാം സമ്മതിക്കേണ്ടതുണ്ട്.
നിങ്ങളുടെ കോപം തെറ്റായിരിക്കുമ്പോൾ നിങ്ങൾ മാറാൻ ആഗ്രഹിക്കുന്നുവെന്ന് ദൈവത്തോട് പറയുക: മാനസാന്തരം എന്നാൽ എന്റെ സ്വന്ത വഴിയിൽ സഞ്ചരിക്കുന്നത് അവസാനിപ്പിച്ച് ദൈവത്തെ അനുസരിക്കുകയും പിന്തുടരുകയും ചെയ്യുക എന്നതാണ്. സ്വയ-കേന്ദ്രീകൃത കോപത്തോടെ നാം പ്രതികരിക്കുമ്പോൾ, അക്കാര്യം ദൈവത്തോട് നാം സമ്മതിക്കേണ്ടതുണ്ട്. നാം ഇതിനകം കണ്ടതുപോലെ, നമ്മുടെ കോപത്തിന്റെ പിന്നിലെ പ്രചോദനം പലപ്പോഴും, അവന്റെ കരുതലുകളും മറ്റുള്ളവരുടെ ആവശ്യങ്ങളും പിന്തുടരുന്നതിനുപകരം നമ്മെത്തന്നെ സേവിക്കാനും സംരക്ഷിക്കാനുമുള്ള നമ്മുടെ ദൃഢനിശ്ചയമാണ്. അതുകൊണ്ടാണ് നാം അവനോട് ക്ഷമ ചോദിക്കേണ്ടതും നമ്മെ കോപിപ്പിക്കുന്ന സാഹചര്യങ്ങളിൽ അവന്റെ നേതൃത്വം തേടേണ്ടതും.
നന്ദിപൂർവ്വം പറയട്ടെ, യേശുവിന്റെ മരണവും പുനരുത്ഥാനവും നിമിത്തം, നമ്മുടെ സ്വാർത്ഥ കോപത്തിന് ക്ഷമ ചോദിക്കുമ്പോൾ ദൈവം നമ്മോട് ക്ഷമിക്കുമെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. ദൈവത്തിന്റെ ക്ഷമയുടെ സ്വഭാവം നാം നന്നായി മനസ്സിലാക്കുകയും (നമ്മുടെ കോപത്തിന്റെയും കയ്‌പേറിയ വികാരങ്ങളുടെയും എല്ലാ പൊട്ടിത്തെറികൾക്കും ക്രിസ്തു വില നൽകിയിട്ടുണ്ട്), നമ്മുടെ ഉള്ളിൽ വസിക്കുന്ന അവന്റെ ആത്മാവിനാൽ നമ്മെ മാറ്റാൻ ദൈവത്തെ അനുവദിക്കുകയും ചെയ്യുമ്പോൾ മറ്റുള്ളവരോടും ക്ഷമിക്കാൻ ആഗ്രഹിക്കുന്നത് എളുപ്പവും സ്വാഭാവികവുമാകും.
നിങ്ങളുടെ കോപവിഷയത്തിൽ ദൈവത്തിലാശ്രയിക്കുക: നമ്മുടെ കോപം കൈകാര്യം ചെയ്യുന്നത് ദൈവവുമായുള്ള കേവലം ഒരു “ഒറ്റത്തവണ’’ ഉടമ്പടി അല്ല. നമ്മുടെ കോപം സ്വയ-കേന്ദ്രീകൃതമായതിൽ നിന്ന് ദൈവ-കേന്ദ്രീകൃതമായ ഒന്നിലേക്ക് മാറാൻ സഹായിക്കുന്നതിന് നാം എല്ലാ ദിവസവും ദൈവത്തിൽ ആശ്രയിക്കേണ്ടതുണ്ട്. ഇത് ഒറ്റരാത്രികൊണ്ട് സംഭവിക്കുകയില്ല. അതിന് സമയമെടുക്കും. എന്നാൽ ദൈവം നമ്മെ മനസ്സിലാക്കുകയും ഓരോ ചുവടിലും നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്ദത്തം ചെയ്യുകയും ചെയ്യുന്നു.
ഈ മാറ്റത്തിന്റെ ഭാഗമായി നാം വേദനിപ്പിച്ചവരോട് അല്ലെങ്കിൽ നമ്മുടെ കോപത്താൽ തള്ളിമാറ്റിയവരോട് ക്ഷമി ചോദിക്കുന്നത് ഉൾപ്പെട്ടേക്കാം. ഇത് ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ നമ്മുടെ സ്വയത്തെക്കാൾ ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ ഒരു ഭാഗം കൂടിയാണിത്. നാം ദൈവത്തിന്റെ വകയാണെന്നും അവനിൽ വിശ്രമിക്കുകയാണെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കുമ്പോൾ, മറ്റുള്ളവരിൽ നിന്ന് ഒളിച്ചിരിക്കുകയും നമ്മുടെ കോപത്തെ മറയാക്കുകയും ചെയ്യേണ്ട ആവശ്യമില്ല. പകരം, മറ്റുള്ളവരെ അകറ്റി നിർത്താതെ നമുക്ക് എളിമയുള്ളവരായിരിക്കാനും അവരെ കരുതാനും കഴിയും.
നിങ്ങളുടെ കോപം എങ്ങനെ പ്രകടിപ്പിക്കാമെന്ന കാര്യത്തിൽ ദൈവത്തിൽ ആശ്രയിക്കുക: ബൈബിൾ വായിക്കുന്നതിലൂടെയും അവനുമായി സംസാരിക്കുന്നതിലൂടെയും നാം അവനോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, അവൻ നമ്മെ രൂപാന്തരപ്പെടുത്തുമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു (റോമർ 12:1-2). ഇതിനർത്ഥം, നമ്മുടെ കോപവും നമ്മുടെ സ്വഭാവത്തിന്റെ എല്ലാ ഭാഗങ്ങളും ദൈവത്തിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കാൻ തുടങ്ങും എന്നാണ്. പാപത്തിനും അതിന്റെ ഫലങ്ങൾക്കും എതിരെ കോപിക്കുന്നതിൽ നാം അവനോട് ചേരും.
ക്രിസ്തു നമ്മിൽ ജീവിക്കുകയും നാം അവനെപ്പോലെയാകുകയും ചെയ്യുമ്പോൾ, നമ്മുടെ കോപം നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോ മറ്റുള്ളവരെ താഴ്ത്തുന്നതിനോ കാരണമാകയില്ല, മറിച്ച് നമ്മെയും നമുക്ക് ചുറ്റുമുള്ളവരെയും സ്വാർത്ഥവും വേദനാജനകവുമായ ജീവിത തിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ സഹായിക്കുന്നു. ഈ ലോകത്തിന്റെ വേദനയോടുള്ള നമ്മുടെ കോപം, നാം കണ്ടുമുട്ടുന്നവരോട് യേശുവിനെയും അവൻ വാഗ്ദാനം ചെയ്യുന്ന പുതിയ ജീവിതത്തെയും കുറിച്ച് പറയാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ആത്മഭാരം നമ്മിൽ ഉളവാക്കും.
പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ’’ (സങ്കീർത്തനം 4:4).
നിങ്ങൾക്കാവശ്യമായ സമയമെടുക്കുക: തന്റെ ജീവിതകാലത്ത് വളരെയധികം വേദന സഹിച്ച ദാവീദ് രാജാവ് പറഞ്ഞു, “നടുങ്ങുവിൻ (കോപിപ്പിൻ); പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ’’ (സങ്കീർത്തനം 4:4). നമുക്ക് കോപം തോന്നുന്നുവെങ്കിൽ, ശരിയായ കാരണങ്ങളാലാണോ നാം കോപിക്കുന്നത് എന്നതിനെക്കുറിച്ച് ദൈവത്തോട് സംസാരിക്കാൻ സ്ഥലവും സമയവും ഉണ്ടാക്കേണ്ടതുണ്ട്. നാം വ്യക്തിപരമായി വ്രണപ്പെടുമ്പോൾ ഇത് പ്രത്യേകിച്ചും സത്യമാണ്. നമ്മെ ചീത്ത പറയുന്ന ഒരാളോട് തൽക്ഷണം പൊട്ടിത്തെറിക്കാനുള്ള സഹജവാസന ഒതുക്കിവയ്ക്കുന്നത് നമ്മെ വേദനിപ്പിക്കാനാരംഭിക്കും; എന്നാൽ നാം പിന്നീട് ഖേദിക്കേണ്ടിവരുന്ന എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ്, നാം ആദ്യം ചെയ്യേണ്ട കാര്യം അത് വേഗത്തിൽ ദൈവസന്നിധിയിൽ കൊണ്ടുവരിക എന്നതാണ്.
മറ്റുള്ളവരെ എപ്പോൾ അഭിമുഖീകരിക്കണം, അവരോട് സ്‌നേഹത്തോടെ എന്നാൽ സത്യസന്ധമായി എങ്ങനെ സംസാരിക്കണം, മോശമായ പെരുമാറ്റം നേരിട്ടുവെന്ന് നമുക്ക് തോന്നുന്ന ഒരാളെ എങ്ങനെ പ്രതിരോധിക്കണം എന്നീ കാര്യങ്ങളെക്കുറിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളില്ല. അതുകൊണ്ടാണ് നാം നമ്മുടെ തോന്നലുകളെ മാത്രം ആശ്രയിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത്. നമ്മുടെ വികാരങ്ങൾ എളുപ്പത്തിൽ വഴിതെറ്റിപ്പോകാൻ സാധ്യതയുണ്ട്, അതിനാൽ ഓരോ സാഹചര്യത്തെയും വ്യക്തിയെയും പ്രാർത്ഥനയിൽ ദൈവസന്നിധിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. “എല്ലാ മനുഷ്യരോടും സമാധാനത്തോടെ ജീവിക്കാനും’’ എല്ലാ “പ്രതികാരവും’’ ദൈവത്തിനു വിട്ടുകൊടുക്കാനും ബൈബിൾ നമ്മെ ഉത്സാഹിപ്പിക്കുന്നു (റോമ. 12:18-19). അവന്റെ പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളെയും മനോഭാവങ്ങളെയും മാറ്റാൻ അവനിൽ ആശ്രയിച്ചുകൊണ്ട് നമുക്ക് അത് ചെയ്യാൻ കഴിയും.
നാം കോപിഷ്ഠരായി ദൈവസന്നിധിയിൽ വരുമ്പോൾ പ്രതിഫലനാത്മകമായ ചില ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കുന്നത് സഹായകമായേക്കാം: ഞാൻ ശരിക്കും എന്തിനെക്കുറിച്ചാണ് കോപിക്കുന്നത്? യേശുവിന്റെ കരുതലുകളും സ്‌നേഹവും രക്ഷയും ആളുകളെ കാണിക്കാൻ എന്റെ കോപം സഹായിക്കുന്നുണ്ടോ? ഞാൻ ഇതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കണോ അതോ ഈ വിഷയത്തിൽ ദൈവത്തിലാശ്രയിക്കണോ? എന്റെ കോപം മറ്റുള്ളവരെ വേദനിപ്പിക്കുന്നതാണോ അതോ സഹായിക്കുന്നതാണോ?
നമുക്ക് ചുറ്റുമുള്ളവരുമായി സമാധാനത്തോടെ ജീവിക്കുന്നതിനെക്കുറിച്ചും നമ്മുടെ കോപത്തെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ഇനിയും ഒരുപാട് കാര്യങ്ങൾ പറയാൻ കഴിയും. discoveryseries.org-ൽ നിങ്ങൾക്ക് കൂടുതൽ ആഴത്തിലുള്ള ബൈബിൾ പഠനങ്ങൾ കണ്ടെത്താനാകും. നിങ്ങൾ കോപവുമായി മല്ലിടുകയാണെങ്കിൽ നിങ്ങളുടെ സഭാ നേതാക്കളുമായോ മറ്റ് ക്രിസ്തീയ സുഹൃത്തുക്കളുമായോ സംസാരിക്കുന്നതും പ്രധാനമാണ്. നമ്മുടെ പോരാട്ടങ്ങളെ നാം ഒറ്റയ്ക്ക് അഭിമുഖീകരിക്കാതെ, നമ്മെ യേശുവിനോടു സദൃശ്യനാക്കാൻ എല്ലാ ദിവസവും ദൈവത്തിൽ ആശ്രയിക്കുമ്പോൾ നമ്മോടൊപ്പം പ്രാർത്ഥിക്കാനും പ്രോത്സാഹിപ്പിക്കാനും സഹവിശ്വാസികൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.