ഞാൻ എല്ലായ്പോഴും അരക്ഷിതാവസ്ഥകളുമായി പോരാടിയിട്ടുണ്ട്. തെറ്റുകൾ എന്തു വില കൊടുത്തും തടയണം അല്ലെങ്കിൽ അതിനു കഴിയുമെന്ന് എന്നെ പഠിപ്പിച്ച ഒരു അന്തരീക്ഷത്തിലാണ് കുട്ടിയായിരിക്കുമ്പോൾ ഞാൻ വളർന്നത്. അത് സംഭവിക്കുകയാണെങ്കിൽ, അത് എൻ്റെ തെറ്റായിരിക്കണം. അതിനാൽ തികഞ്ഞവനായിരിക്കേണ്ടതിൻ്റെയും എൻ്റെ ഏറ്റവും മികച്ച പതിപ്പ് എല്ലാവർക്കും മുമ്പിൽ അവതരിപ്പിക്കേണ്ടതിൻ്റെയും ആവശ്യകത എനിക്ക് എല്ലായ്പോഴും തോന്നിയിട്ടുണ്ട്.
“നിങ്ങളെക്കുറിച്ച് കൂടുതൽ എന്നോട് പറയുക” തുടങ്ങിയ ചോദ്യങ്ങൾക്ക് പോലും ഉത്തരം നൽകാൻ പ്രയാസപ്പെടുന്ന തരത്തിൽ ഈ മാനസികാവസ്ഥ എന്നെ ബാധിച്ചു. എന്നോട് ഇത് ചോദിക്കുമ്പോഴെല്ലാം, ഞാൻ പതിവ് ശൈലിയെ ആശ്രയിക്കുമായിരുന്നു – പേര്, പ്രായം, ഞാൻ എവിടെ നിന്ന് വരുന്നു, എൻ്റെ തൊഴിൽ. എന്നാൽ എൻ്റെ ശക്തികളെക്കുറിച്ച് ചോദിക്കുമ്പോൾ, കുറച്ച് സമയം ചിന്തിച്ച ശേഷം ഞാൻ രണ്ടോ മൂന്നോ കാര്യങ്ങൾ പറയും – വിശദാംശ കേന്ദ്രീകൃതം, സംഘടിതം, സ്വതന്ത്രം. ബലഹീനതകളോ? ഒരു പക്ഷേ, നിമിഷ നേരം കൊണ്ട് 10-ലേറെ കാര്യങ്ങൾ പറയാൻ എനിക്കു കഴിയും – അക്ഷമ, വാശി, പരിപൂർണതാവാദം, ആ പട്ടിക നീളുന്നു.
വർഷങ്ങളോളം ഞാൻ എൻ്റെ ദൗർബല്യങ്ങൾ വെറുത്തു. പരിപൂർണതാവാദം പലപ്പോഴും അമിത ചിന്തകളിലേക്ക് നയിച്ചു. അതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ പൂർത്തിയാക്കാൻ പലപ്പോഴും എനിക്ക് കൂടുതൽ സമയമെടുത്തു. എൻ്റെ അക്ഷമയും പിടിവാശിയും എന്നെ വാദപ്രതിവാദത്തിൽ ഏർപ്പെടുത്തുന്നു, പ്രത്യേകിച്ചും എന്നോട് ഏറ്റവും അടുപ്പമുള്ളവരുമായി.
“ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കുന്നു” എന്ന് സങ്കീർത്തനം 139:14-ൽ പറയുന്നുണ്ടെങ്കിലും, അതിൻ്റെ യഥാർത്ഥ അർഥം ഞാൻ ഒരിക്കലും പൂർണമായി ഗ്രഹിച്ചിട്ടില്ലെന്ന് ഞാൻ മനസ്സിലാക്കി. ആ വചനം കണ്ടപ്പോൾ എൻ്റെ ചിന്ത ഇതായിരുന്നു: “ശരിക്കും, ദൈവമേ? എന്നെ ഭയങ്കരവും അതിശയവുമായി സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് എനിക്കിത്രയധികം ബലഹീനതകൾ ഉണ്ടാകുന്നത്?”
മഹാമാരിയുടെ സമയത്ത്, ഞാൻ ജോലിയിൽ നിന്ന് ഒരു ഇടവേള എടുത്ത് ബിരുദാനന്തര ബിരുദ പഠനം തുടരുന്നതിന് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ തീരുമാനിച്ചു. സ്കൂൾ എൻ്റെ ജൻമനാടിനോട് താരതമ്യേന അടുത്തായതിനാൽ, ഞാൻ എൻ്റെ കുടുംബത്തോടൊപ്പം താമസിക്കാൻ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
എന്നാൽ കഴിഞ്ഞ എട്ടു വർഷമായി ഞാൻ വീട്ടിൽ നിന്ന് അകന്നു കഴിയുകയായിരുന്നു, ആ സമയത്ത് എൻ്റെ പുതിയ നഗരത്തിലെ എൻ്റെ പുതിയ കമ്മ്യൂണിറ്റിയിൽ ഞാൻ ആശ്വാസം കണ്ടെത്തിയിരുന്നു – ജീവിതത്തിൽ ആദ്യമായിട്ടാണ് സ്വന്തമാക്കപ്പെട്ടെന്ന തോന്നൽ എനിക്കുണ്ടായത്. അതിനാൽ ഇപ്പോൾ പരിചിതമായിരിക്കേണ്ട എൻ്റെ വീട് എനിക്ക് അപരിചിതമായിത്തീർന്നിരിക്കുന്നു.
ഇത്രയും കാലം ജോലി ചെയ്ത പ്രായപൂർത്തിയായ വ്യക്തി ഒരു വിദ്യാർഥിയായി വീട്ടിലേക്ക് തിരിച്ചു പോകുന്നത് വീണ്ടും എല്ലാം ഒന്നിലേക്ക് മടങ്ങുന്നതിന് തുല്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മറ്റുള്ളവരോടൊപ്പം എങ്ങനെ ജീവിക്കണമെന്ന് ഞാൻ വീണ്ടും പഠിക്കേണ്ടതായിവന്നു. ബിരുദാനന്തര ബിരുദ വിദ്യാർഥി എന്ന നിലയിൽ ജീവിതം ചലിപ്പിക്കേണ്ടതെങ്ങനെയെന്നും ഞാൻ വീണ്ടും പഠിച്ചു, കാരണം, അത് എൻ്റെ ബിരുദ ദിനങ്ങളിൽ നിന്ന് വളരെ അകലെയായിരുന്നു. കൂടാതെ, ഗവേഷണം നടത്തുന്നതും ഉയർന്ന തലത്തിൽ അക്കാദമിക് ലോകത്ത് ഇടപെടുന്നതും എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമായിരുന്നു.
ഈ മാറ്റങ്ങളെല്ലാം എന്നെ ഒരു നഷ്ടപ്പെട്ട ആടിനെപ്പോലെ തോന്നിപ്പിച്ചു. ഒരു പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്നതിലും സ്വന്തമാക്കപ്പെട്ട തോന്നൽ കണ്ടെത്തുന്നതിലും എനിക്ക് എൻ്റെ താളം കണ്ടെത്താൻ കഴിഞ്ഞില്ല. ഞാൻ അമിതമായി ഭാരപ്പെടുന്നതിനാൽ, ഞാൻ ചെയ്ത ഓരോ ചെറിയ കാര്യങ്ങളിലും അല്ലെങ്കിൽ ആയിരുന്ന ഓരോ സാഹചര്യത്തിലും എൻ്റെ ബലഹീനതകൾ കൂടുതൽ പ്രകടമാകുന്നതായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എൻ്റെ മാതാപിതാക്കളുമായുള്ള ആശയവിനിമയം കൂടുതൽ പ്രയാസകരമായിത്തീർന്നു, പലപ്പോഴും തളർത്തിക്കളയുന്ന തർക്കത്തിൽ അത് കലാശിച്ചു. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള അക്ഷമയും എന്നാൽ അതിന് സാധിക്കാത്തതും എന്നെ വളരെയധികം സമ്മർദത്തിലേക്ക് നയിച്ചു.
ക്രമേണ, ഞാൻ സംസാരിക്കുന്നത് കുറച്ച്, കാര്യങ്ങൾ എന്നിൽ തന്നെ സൂക്ഷിക്കാൻ തുടങ്ങി. അവിടുത്തോടു സംസാരിക്കാൻ പോലും കഴിയാത്ത വിധം ക്ഷീണിതയാണെന്ന് ഞാൻ പലപ്പോഴും ദൈവത്തോട് പറഞ്ഞു. തൽഫലമായി, ദൈവവുമായുള്ള എൻ്റെ ബന്ധം പതുക്കെ നിശ്ചലമായി. ഞാൻ കൊതിച്ചിരുന്ന ജീവിതം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് ഞാൻ എപ്പോഴും ഭൂതകാലത്തിൽ ജീവിക്കുകയായിരുന്നു, സ്വയപരിതാപത്തിൽ മുങ്ങി ദൈവത്തെ സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു കൊണ്ട്.
എല്ലാറ്റിൽ നിന്നും ഓടി പോയി എന്നിലോട്ട് തന്നെ പിൻവാങ്ങുന്നതായിരുന്നു എൻ്റെ സഹജവാസന എങ്കിലും, ദൈവം എന്നെ കൈവിടുമായിരുന്നില്ല.
ഈ മോശം സമയത്തായിരുന്നു എൻ്റെ ഏറ്റവും ആഴമേറിയ ചിന്തകളിലേക്കും ഭയങ്ങളിലേക്കും ബലഹീനതകളിലേക്കും തുനിഞ്ഞിറങ്ങാൻ ദൈവം എന്നെ വെല്ലുവിളിച്ചിട്ടുള്ളത്. എൻ്റെ ബലഹീനതകൾ മറയ്ക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ അവിടുന്ന് എന്നെ നിരന്തരം പ്രതിഷ്ഠിച്ചു. ഉദാഹരണത്തിന്, ഇപ്പോൾ ഞാൻ മാതാപിതാക്കളെ മുഴുവൻ സമയവും കാണുന്നതു കൊണ്ട് അവരുമായി കൂടുതൽ ആശയ വിനിമയം നടത്തേണ്ടതുണ്ട്. എൻ്റെ അമിതമായ പരിപൂർണതയുടെയും ചിന്തകളുടെയും ഫലമായി അടിഞ്ഞുകൂടിയ സമ്മർദം പിന്നീട് കൂടുതൽ ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു. ഞാൻ ചെയ്യുന്നത് ശരിക്കും ആസ്വദിക്കാൻ കഴിയാത്തതും മറ്റുള്ളവരുമായുള്ള എൻ്റെ ബന്ധത്തെ വഷളാക്കി. എനിക്കിതു പോലെ മുന്നോട്ടു പോകാൻ കഴിയില്ലെന്നും, എത്ര കഠിനമാണെങ്കിലും, പരിപൂർണതയ്ക്കുള്ള ആവശ്യം ഉപേക്ഷിച്ച് ദൈവത്തെ കൂടുതൽ വിശ്വസിക്കാൻ ഞാൻ പഠിക്കേണ്ടതുണ്ടെന്ന തിരിച്ചറിവിൽ ഞാൻ താമസിയാതെ എത്തി.
ഒരിക്കൽ ഒരു അഭിമുഖത്തിൽ വന്ന അമേരിക്കൻ നടൻ മോർഗൻ ഫ്രീമാൻ്റെ ഈ വാക്കുകൾ ദൈവത്തെക്കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാട് പുനർവിചിന്തനം ചെയ്യാൻ എന്നെ സഹായിച്ചു:
“ആരെങ്കിലും സഹനശക്തിക്കു വേണ്ടി പ്രാർഥിച്ചാൽ, ദൈവം അവർക്കു അതു നൽകുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതല്ല, അവർക്ക് സഹനശീലരായിരിക്കാൻ അവസരം അവിടുന്ന് നൽകുമോ? അവൻ ധൈര്യത്തിനായി പ്രാർഥിച്ചിരുന്നെങ്കിൽ ദൈവം അവന് ധൈര്യം നൽകുമോ അതോ ധൈര്യമായിരിക്കാൻ അവസരങ്ങൾ നൽകുമോ? കുടുംബം പരസ്പരം കൂടുതൽ അടുക്കാൻ ആരെങ്കിലും പ്രാർഥിച്ചിട്ടുണ്ടെങ്കിൽ, ദൈവം അവർക്ക് ഊഷ്മളമായ വികാരങ്ങൾ നൽകുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതല്ല, അവർക്ക് അന്യോന്യം സ്നേഹിക്കാനുള്ള അവസരങ്ങൾ നൽകുമോ?”
എൻ്റെ പോരാട്ടങ്ങൾ കാരണം, ദൈവത്തിൻ്റെ ശക്തിയില്ലാതെ എനിക്ക് അതിജീവിക്കാൻ കഴിയില്ല എന്ന് ഞാൻ മനസ്സിലാക്കി വാസ്തവമായും ദൈവത്തോട് അടുത്തു നിൽക്കേണ്ടി വന്നു. എന്നെ പൂർണമായി മനസ്സിലാക്കിയതും, എൻ്റെ എല്ലാ വിലാപങ്ങളും കേൾക്കാൻ തയ്യാറുള്ളവനും എന്നെ ഒരിക്കലും ഉപേക്ഷിക്കാത്തവനും അവിടുന്നാണ് എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ ദൈവത്തോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി. അവിടുന്നു എനിക്കു തന്ന ആശ്വാസം വിവരണാതീതമായിരുന്നു. എൻ്റെ ഹൃദയത്തിൽ ഈ സമാധാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കാര്യങ്ങൾ ഞാൻ ആഗ്രഹിച്ചതു പോലെ മാറിയില്ലെങ്കിലും, ഞാൻ അപ്പോഴും അവിടുത്തെ കൈകളിൽ സുരക്ഷിതയായിരിക്കും.
മറ്റു വിശ്വാസികൾക്കു ചുറ്റും (സെൽ ഗ്രൂപ്പിലും ഞായറാഴ്ച്ച ശുശ്രൂഷയിലുമായി) ആയിരിക്കുന്നതും എന്നെ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ കഥകൾ കേൾക്കുമ്പോൾ, ഈ യാത്രയിൽ തനിച്ചല്ലെന്ന് ഞാൻ ഓർമിപ്പിക്കപ്പെടുന്നു. അവർക്ക് അവരുടേതായ പോരാട്ടങ്ങളുണ്ട്, അവരും ആരും കാണാത്ത ഒരു യുദ്ധം പോരാടുന്നു. എന്നാൽ അവർ അത് പങ്കുവയ്ക്കുമ്പോൾ ദൈവം അവരുടെ ജീവിതത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്ക് കാഴ്ച്ച ലഭിക്കുകയും ദൈവം എന്നിലും പ്രവർത്തിക്കുന്നുവെന്ന് എനിക്ക് ഉറപ്പ് ലഭിക്കുകയും ചെയ്യുന്നു.
ഒരു ദിവസം, എൻ്റെ മാതാപിതാക്കളുമായുള്ള തർക്കത്തിനു ശേഷം ദൈവത്തിൻ്റെ വാക്കുകളിൽ ആശ്വാസം കണ്ടെത്താൻ ഞാൻ ആഗ്രഹിച്ചു. അതിനാൽ എനിക്ക് വായിക്കാൻ കഴിയുന്ന ലേഖനങ്ങൾക്കായി യാദൃച്ഛികമായി ഞാൻ ബ്രൗസ് ചെയ്തു. ഈ സമയമാണ് ഡിസ്കവർ യുവർ സെൽഫ് ആൻഡ് അദേർസ് എന്ന നമ്മുടെ പ്രതിദിന ആഹാരം ശുശ്രൂഷകളുടെ കോഴ്സ് ഞാൻ ശ്രദ്ധിച്ചത്.
വ്യത്യസ്തനായിരിക്കുന്നത് മോശമാണെന്ന് കരുതുന്ന മാനസികാവസ്ഥ എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. നാം ആയിരിക്കുന്ന വിധത്തിൽ നാം ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ഒരു ഉദ്ദേശ്യത്തിനു വേണ്ടിയാണ് എന്ന് ഈ കോഴ്സ് എന്നെ ബോധ്യപ്പെടുത്തി. ഒരു ടീമിൽ ഒരേ വ്യക്തിത്വമുള്ളവർ മാത്രം ഉണ്ടായാൽ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ കഴികയില്ല. നമുക്ക് ചെയ്യുവാൻ കഴിയാത്തത് ചെയ്യുവാൻ പരസ്പരം വ്യത്യസ്തമായ വ്യക്തിത്വങ്ങൾ ആവശ്യമാണ്. ഉദാഹരണത്തിന്, സൗഹാർദപൂർവ്വം പെരുമാറുന്ന ഒരാൾ വിൽപനയിലും മാർക്കറ്റിംഗിലും നല്ലവനായിരിക്കാം, അതേസമയം കൂടുതൽ വിശദാംശങ്ങൾ ശ്രദ്ധിക്കുന്ന ഒരാൾ അഡ്മിൻ ജോലിക്ക് മികച്ചതായിരിക്കാം. മറ്റുള്ളവർക്കു സംഭാവന ചെയ്യാൻ കഴിയാത്ത വിധത്തിൽ എനിക്കും, നേരേമറിച്ചും, സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കി.